ശി൪ക്ക് (അല്ലാഹുവില്‍ പങ്ക് ചേ൪ക്കല്‍) ഏറ്റവും വലിയ തിന്മയാണ്. ലോകത്ത് ആദ്യമായി ശി൪ക്ക് സംഭവിച്ചപ്പോഴാണ് അല്ലാഹു ആദ്യമായി ഒരു റസൂലിനെ അയക്കുന്നത്. ഈ ലോകത്തേക്ക് കടന്നുവന്ന മുഴുവന്‍ പ്രവാചകന്‍മാരും ശി൪ക്കിനെതിരെ പോരാടിയവരാണ്. ഇന്നും ഇസ്ലാമിക പണ്ഢിതന്മാരും പ്രബോധകന്മാരും ശി൪ക്കിനെകുറിച്ച് ജനങ്ങള്‍ക്ക് താക്കീത് നല്‍കികൊണ്ടിരിക്കുന്നു.
ശി൪ക്കിനെതിരെ സംസാരിക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് എതി൪പ്പ് വരിക സ്വാഭാവികമാണ്. എന്നാല്‍ തൗഹീദിനേക്കാള്‍ പ്രാധാന്യം ഐക്യത്തിനാണെന്നും അതുകൊണ്ട് സമൂഹത്തില്‍ ഭിന്നിപ്പ് വരുമെങ്കില്‍ ശി൪ക്കിനെതിരെ സംസാരിക്കേണ്ടതില്ലെന്നും ബനൂ ഇസ്റാഈല്യ൪ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയ സമയത്ത് അവരില്‍ ഭിന്നത വരുമെന്ന് കരുതി അതില്‍ നിന്നും അവരെ തടയാതെ ഹാറൂന്‍ നബി(അ) മൃദുല സമീപനം സ്വീകരിച്ചുവെന്നും ജമാഅത്തെ ഇസ്ലാമിയുടെ സഹോദരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്.
”ഐക്യത്തിന് വേണ്ടി ഏതതിരുവരെയും പോയതാണ് ഇസ്‌ലാമിന്റെ പാരമ്പര്യമെന്ന വസ്തുത അവര്‍ (തൗഹീദ് പ്രാധാന്യത്തോടെ പറയുന്നവര്‍) വിസ്മരിക്കുന്നു. മൂസാ(അ) തോറ എന്ന ദിവ്യബോധനഗ്രന്ഥം സ്വീകരിക്കാന്‍ പര്‍വത മുകളിലേക്ക് പോയത് സഹോദരനും പ്രവാചകനുമായ ഹാറൂനിനെ പകരം നിര്‍ത്തിയായിരുന്നു. മൂസായുടെ അഭാവത്തില്‍ ഹാറൂനിനെ ധിക്കരിച്ചുകൊണ്ട് അനുയായികളിലൊരാള്‍ ഒരു പശുക്കുട്ടിയെ നിര്‍മ്മിക്കുകയും ഇസ്‌റാഈലീ മക്കള്‍ ഏകനായ ദൈവത്തിന് പകരം പശുവാരാധകരായി മാറുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയും ചെയ്ത കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഏകദൈവ വിശ്വാസത്തിന്റെ പ്രവാചകനായ മൂസാ(അ) തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അദ്ദേഹം ക്ഷുഭിതനായി ഹാറൂനിന്റെ താടിരോമങ്ങള്‍ പിടിച്ചു വലിച്ചു. ഇതിന്റെ നേരെ പ്രവാചകനായ ഹാറൂനിന്റെ പ്രതികരണം വളരെ ശാന്തമായിരുന്നു. അദ്ദേഹം പറഞ്ഞു: പശുവാരാധകര്‍ക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കുകവഴി ഞാന്‍ ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് പറയാന്‍ അവസരം സൃഷ്ടിക്കുക എന്നത് ഒഴിവാക്കുക എന്നതായിരുന്നു അവരുടെ നേരെ മൃദുല സമീപനം സ്വീകരിക്കുക വഴി എന്റെ ലക്ഷ്യം. ഒരു പ്രവാചകന്‍ കൊടിയ ശിര്‍ക്കിന്റെ കാര്യത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചാപരമായ ഈ സമീപനത്തിന്റെ പേരില്‍ അദ്ദേഹത്തെ ദൈവം പ്രവാചകത്വ പദവിയില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. അദ്ദേഹം തുടര്‍ന്നും പ്രവാചകനായിരുന്നു” (മാധ്യമം : 1997 ഫെബ്രുവരി 18, ഒ. അബ്ദുല്ല).
മറ്റൊരു ലേഖനത്തില്‍ ഇപ്രകാരം കാണാം: ”ഭിന്നിപ്പ് ഒഴിവാക്കാന്‍, ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യ തിന്മ ഒഴിവാക്കാനാണ് പശുവാരാധനയില്‍ നിന്ന് ഇസ്‌റാഈല്യരെ തടയാതിരിക്കുക എന്ന തിന്മ അദ്ദേഹം ചെയ്തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ‘ഫിക്വ്ഹുദ്ദൗലതി ഫില്‍ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.”
ബനൂ ഇസ്റാഈല്യ൪ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയ സമയത്ത് അവരില്‍ ഭിന്നത വരുമെന്ന് കരുതി അതില്‍ നിന്നും അവരെ തടയാതെ ഹാറൂന്‍ നബി(അ) മൃദുല സമീപനം സ്വീകരിച്ചുവോയെന്ന് ഇസ്ലാമിക പ്രമാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. നാല്‍പത് ദിവസം ഇബാദത്തുകളിലായി സീനാമലയില്‍ കഴിച്ചു കൂട്ടണമെന്നും, അതിനുശേഷം തൗറാത്ത് നല്‍കാമെന്നും അല്ലാഹു മൂസാ നബിയോട്(അ) നിശ്ചയം ചെയ്‌തു. ബനൂ ഇസ്റാഈല്യരെ ഹാറൂന്‍ നബിയെ(അ) ഏല്‍പ്പിച്ച് മൂസാ നബി(അ) സീനാമലയിലേക്ക് പോയി. ബനൂ ഇസ്റാഈല്യ൪ ആ സമയത്ത് പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി.
وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ ۚ أَلَمْ يَرَوْا۟ أَنَّهُۥ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ ٱتَّخَذُوهُ وَكَانُوا۟ ظَٰلِمِينَ
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:7/148)
മൂസാ നബി(അ) തൌറാത്തുമായി തിരിച്ചു വരുമ്പോള്‍ കാണുന്നത്, ഹാറൂന്‍ നബിയുടെ(അ) സാന്നിദ്ധ്യത്തില്‍ അവ൪ പശുക്കുട്ടിയെ പൂജിക്കുന്നതാണ്. മൂസാ നബി(അ) രോഷാകുലനായി ഹാറൂന്‍ നബിയോട്(അ) അവരില്‍ സംഭവിച്ച ശി൪ക്ക് തടയാത്തതെന്താണെന്ന് ചോദിച്ചു.
قَالَ يَٰهَٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟
أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى
قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى
അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍, എന്നെ നീ പിന്തുടരാതിരിക്കാന്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത് ? നീ എന്റെ കല്‍പ്പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത് ? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്. (ഖു൪ആന്‍:20/92-94)
ബനൂഇസ്റാഈല്യ൪ പശുക്കുട്ടിയെ ആരാധിച്ച സന്ദ൪ഭത്തില്‍ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്ന മൂസാനബിയുടെ ചോദ്യത്തിന് ‘ബനൂ ഇസ്റാഈല്യ൪ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിയില്ലേ’ എന്ന് മൂസാനബി(അ) ചോദിക്കുമെന്ന് ഭയന്നാണ് ഞാനത് ചെയ്യാതിരുന്നതെന്ന ഹാറൂന്‍ നബിയുടെ(അ) മറപടി ഉയര്‍ത്തിക്കാണിച്ച്, ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഭയക്കുന്ന സന്ദര്‍ഭത്തില്‍ ശിര്‍ക്കിനെതിരെ പോലും മൗനം പാലിക്കാമെന്നാണ് ഇവ൪ പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും ഐക്യം തകര്‍ന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ശിര്‍ക്കിനെതിരില്‍ പോലും മൃദുല സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതാണ് ഹാറൂന്‍നബിയുടെ (അ) സംഭവത്തിലൂടെ ഖുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നതെന്നും ഇക്കൂട്ട൪ പ്രചരിപ്പിക്കുന്നുണ്ട്.
യഥാ൪ത്ഥത്തില്‍, ഇതിലൂടെ വിശുദ്ധ ഖു൪ആന്‍ ദു൪വ്യാഖ്യാനം ചെയ്യുകയാണ് ഇക്കൂട്ട൪ ചെയ്യുന്നത്. ബനൂ ഇസ്റാഈല്യ൪ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയതിന്റെ തുടക്കത്തില്‍ തന്നെ ഹാറൂന്‍(അ) ഇടപെട്ടിരുന്നതും അതില്‍ നിന്നും അദ്ദേഹം അവരെ വിലക്കിയിരുന്നതും ഇവ൪ മറച്ചുവെക്കുന്നു. വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു പറയുന്നു:
وَلَقَدْ قَالَ لَهُمْ هَٰرُونُ مِن قَبْلُ يَٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى
قَالُوا۟ لَن نَّبْرَحَ عَلَيْهِ عَٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ
മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (പശുക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും, എന്റെ കല്‍പ്പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്.
(ഖു൪ആന്‍:20/90-91)
നിങ്ങള്‍ വലിയ പരീക്ഷണത്തിലാണെന്നും നിങ്ങളുടെ ആരാധ്യന്‍ അല്ലാഹുവാണെന്നും അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടതെന്നും ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നെ പിന്തുടരുകയും ചെയ്യണമെന്നും അദ്ദേഹം അവരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദത്തിന് അവര്‍ സ്വീകാര്യത നല്‍കിയില്ല. മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനെ പൂജിക്കുമെന്നായിരുന്നു അവര്‍ ഹാറൂന്‍ നബിക്ക്(അ) നല്‍കിയ മറുപടി. അവരെ ഉപദേശിച്ചത് കാരണമുള്ള അവരുടെ എതിര്‍പ്പുമൂലം തന്റെ ജീവന്‍ പോലും അപകടത്തില്‍ പെടുമോ എന്ന് ഹാറൂന്‍ നബി(അ) ഭയപ്പെട്ടിരുന്നു.
وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَٰنَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِى مِنۢ بَعْدِىٓ ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى ٱلْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُۥٓ إِلَيْهِ ۚ قَالَ ٱبْنَ أُمَّ إِنَّ ٱلْقَوْمَ ٱسْتَضْعَفُونِى وَكَادُوا۟ يَقْتُلُونَنِى فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ وَلَا تَجْعَلْنِى مَعَ ٱلْقَو ٱلظَّٰلِمِينَ
കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തു കൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്. (ഖു൪ആന്‍:7/150)
ഹാറൂന്‍നബി(അ) കാര്യം വ്യക്തമാക്കിയപ്പോള്‍ മൂസാനബിക്ക്(അ) അത് ബോധ്യമാകുകയും ചെയ്തു. സഹോദരന്‍ ഹാറൂന്‍ നിരപരാധിയാണെന്നും താന്‍ ദേഷ്യപ്പെട്ടത് വെറുതെയായെന്നും അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അല്ലാഹുവിനോട് പ്ര൪ത്ഥിക്കുകയും ചെയ്തു.
قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ. (ഖു൪ആന്‍:7/151)
സമൂഹത്തില്‍ ഭിന്നിപ്പ് ഭയപ്പെടുന്നുവെങ്കില്‍ ശി൪ക്കിനെതിരെ മൌനം പാലിക്കണമെന്ന് ഖു൪ആന്‍ ഉദ്ദരിച്ച് സംസാരിക്കുന്നവ൪ ‘ബനൂ ഇസ്റാഈല്യ൪ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിയില്ലേ’ എന്ന് മൂസാനബി(അ) ചോദിക്കുമെന്ന് ഭയന്ന് ഹാറൂന്‍ നബി(അ) പറയുന്ന മറുപടി (ഖു൪ആന്‍:20/94) മാത്രമാണ് ഉദ്ദരിക്കുന്നത്. ബനൂ ഇസ്റാഈല്യ൪ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങിയതിന്റെ തുടക്കത്തില്‍ തന്നെ ഹാറൂന്‍(അ) ഇടപെട്ടിരുന്നതും അതില്‍ നിന്നും അദ്ദേഹം അവരെ വിലക്കിയിരുന്നതും (ഖു൪ആന്‍:20/90) ഇവ൪ മറച്ചുവെക്കുന്നു.
സമൂഹത്തില്‍ ഭിന്നിപ്പ് ഭയപ്പെടുന്നുവെങ്കില്‍ ശി൪ക്കിനെതിരെ മൗനം പാലിക്കണമെന്ന് ഖു൪ആന്‍ ഉദ്ദരിച്ച് സംസാരിക്കുന്നവ൪ തങ്ങളുടെ ഖു൪ആന്‍ വിശദീകരണ ഗ്രന്ഥമെങ്കിലും വായിച്ചു നോക്കിയിരുന്നുവെങ്കില്‍ വിശുദ്ധ ഖു൪ആനിനെ ദു൪വ്യാഖ്യാനിക്കുന്ന അവസ്ഥയില്‍ എത്തില്ലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യാഗിക ഖു൪ആന്‍ വിശദീകരണ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
ഹദ്‌റത്ത് ഹാറൂന്റെ ഈ മറുപടിക്ക്, സമുദായത്തിന്റെ ഐക്യമാണ് സമുദായം സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നതിനേക്കാള്‍ പ്രധാനം എന്നോ ശിര്‍ക്ക് അംഗീകരിച്ചുകൊണ്ടായാലും ഐക്യം നിലനിര്‍ത്തുകയാണ് വേണ്ടതെന്നോ സമൂഹത്തിന്റെ അടിത്തറ സത്യമാകട്ടെ അസത്യമാകട്ടെ ഏകോപിച്ചു നില്‍ക്കുക എന്നതാണ് ഭിന്നിപ്പിനേക്കാള്‍ ഉത്കൃഷ്ടം എന്നോ ഒന്നും അര്‍ഥമില്ല. ഈ സൂക്തത്തിന് ആരെങ്കിലും അങ്ങനെയൊരു അര്‍ഥം മനസ്സിലാക്കുകയാണെങ്കില്‍ അയാള്‍ ഖുര്‍ആനില്‍ നിന്ന് സന്മാര്‍ഗത്തിനുപകരം ദുര്‍മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഹദ്‌റത്ത് ഹാറൂന്റെ ഭാഷണത്തിന്റെ താല്‍പര്യം പൂര്‍ണമായി ഗ്രഹിക്കുന്നതിന് ഈ സൂക്തങ്ങളെ സൂറ അല്‍അഅ്‌റാഫിലെ 150-ആം സൂക്തത്തോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അവിടെ അദ്ദേഹം പറയുന്നു:
ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ
“എന്റെ മാതാവിന്റെ മകനേ, ജനം എന്നെ ഒതുക്കിക്കളഞ്ഞു. അവരെന്നെ കൊന്നുകളയുമെന്നേടത്തോളം എത്തിയിരുന്നു. വിരോധികള്‍ എന്റെ നേരെ ചിരിക്കാന്‍ അവസരമുണ്ടാക്കാതിരിക്കുക. ധിക്കാരികളായ ഈ ജനത്തിന്റെ കൂട്ടത്തില്‍ എന്നെ ഗണിക്കാതിരിക്കുകയും ചെയ്യുക”
ഇനി ഈ രണ്ടു സൂക്തങ്ങളും സമന്വയിപ്പിച്ചുനോക്കുക. സംഭവത്തിന്റെ ചിത്രം ഇപ്രകാരം വ്യക്തമാകുന്നു: ഹദ്‌റത്ത് ഹാറൂന്‍ ജനങ്ങളെ ആ ദുര്‍വൃത്തിയില്‍നിന്ന് വിലക്കാന്‍ കഴിവത് ശ്രമിച്ചു. അവരദ്ദേഹത്തിനെതിരില്‍ വമ്പിച്ച കലാപത്തിനൊരുങ്ങി. അദ്ദേഹത്തെ വധിക്കാനൊരുമ്പെട്ടു. ഗത്യന്തരമില്ലാതെ അദ്ദേഹം നിശ്ശബ്ദനായി നിലകൊണ്ടു. മൂസാ തിരിച്ചെത്തുന്നതിനുമുമ്പ് ഒരു ആഭ്യന്തര യുദ്ധമുണ്ടാക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. മൂസാ തിരിച്ചുവന്ന്, താങ്കള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല എന്നും, ഞാന്‍ വരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്നും പറയാന്‍ അവസരമുണ്ടാക്കേണ്ടെന്ന് അദ്ദേഹം കരുതിയിരിക്കണം. സൂറ അല്‍അഅ്‌റാഫിലെ അവസാനവാക്യത്തില്‍നിന്ന്, ആ സമൂഹത്തില്‍ ഈ രണ്ടു സഹോദരന്മാര്‍ക്ക് ശത്രുക്കളായി നല്ലൊരു വിഭാഗമുണ്ടായിരുന്നതായി വ്യക്തമാകുന്നുമുണ്ട്.
(തഹ്ഫീമുല്‍ ഖു൪ആന്‍ : 20/94 ന്റെ വിശദീകരണം – അബുല്‍ അഅ്ലാ മൌദൂദി)