ഹിറോക്ലിയസ് സത്യം അന്വേഷിക്കുന്നു

THADHKIRAH

പ്രവാചകന്‍ മുഹമ്മദ് ﷺ , അബൂസുഫ്യാനോടും ക്വുറൈശികളിലെ ബഹുദൈവ വിശ്വാസികളോടും യുദ്ധമില്ലാകരാ റിലായിരുന്ന കാലം, മക്കയില്‍നിന്ന് സിറിയയിലേക്ക് കച്ചവടത്തിന് പോയ ഒരു സംഘത്തില്‍ അബൂസുഫ്യാന്‍ ഉണ്ടായിരുന്നു.

ഹിറോക്ലിയസ് രാജാവ് അബൂസുഫ്യാനെ ക്ഷണിക്കുവാന്‍ ആളെവിട്ടു. ഈലിയാ പട്ടണത്തില്‍ അവര്‍ അദ്ദേഹവുമാ യി സന്ധിച്ചു.

ഹിറോക്ലിയസിന് ചുറ്റും റോമന്‍ അധിപന്മാര്‍ സ്ഥലം പിടിച്ചു. ഹിറോക്ലിയസ് തന്‍റെ സദസ്സിലേക്ക് അവരെയെല്ലാം ക്ഷണിച്ചിരുത്തി. അവര്‍ക്കൊപ്പം അറബി ഭാഷ പരിഭാഷപ്പെടുത്തുന്നവരേയും ക്ഷണിച്ചു.

അദ്ദേഹം ചോദിച്ചു: പ്രവാചകനാണെന്ന് വാദിക്കുന്ന വ്യക്തിയോട് അടുത്ത കുടുംബ ബന്ധമുള്ളവര്‍ നിങ്ങളില്‍ ആരാണ്?

അബൂസുഫ്യാന്‍ പറഞ്ഞു: ഞാനാണ് അദ്ദേഹത്തി ന്‍റെ അടുത്തബന്ധു. ഹിറോക്ലിയസ് രാജാവ് തന്‍റെ പരിചാരകരോട് പറഞ്ഞു: ആയാളെ എന്നിലേക്ക് അടുപ്പിച്ച് നിര്‍ത്തുക. കൂടെയുള്ളവരെ അയാളുടെ പിന്നിലും നിര്‍ത്തുക.

ശേഷം രാജാവ് പരിഭാഷകനോട് പറഞ്ഞു: പിന്നില്‍ നില്‍ക്കുന്നവരോട് പറയുക, ഞാന്‍ ഇയാളോട് ആ പ്രവാചക നെക്കുറിച്ച് ചോദിക്കും. കള്ളമാണ് പറയുന്നതെങ്കില്‍; അയാള്‍ കള്ളമാണ് പറയുന്നതെന്ന് അവര്‍ പറയണം.

അബൂസുഫ്യാന്‍ പറഞ്ഞു: അല്ലാഹുവാണേ, അവര്‍ എന്നെ കള്ളനാക്കുമല്ലോ എന്ന് ഞാന്‍ ലജ്ജിച്ചില്ലായിരുന്നു വെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കളവ് പറഞ്ഞേനെ.

രാജാവ് ചോദ്യം തുടങ്ങി. ആദ്യമായി ചോദിച്ചു: ആ പ്രവാചകന്‍റെ കുടുംബം എങ്ങനെയുള്ളതാണ്?
ഞാന്‍ പറഞ്ഞു: അദ്ദേഹത്തിന്‍റെ കുടുംബം മാന്യതയുള്ള കുടുംബമാണ്.
രാജാവ്: അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നിങ്ങളില്‍ മുമ്പ് വല്ലവരും പറഞ്ഞിട്ടുണ്ടോ?
ഞാന്‍ പറഞ്ഞു: ഇല്ല.
രാജാവ്: അദ്ദേഹത്തിന്‍റെ പ്രപിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?
അബൂസുഫ്യാന്‍: ഇല്ല.
രാജാവ്: ജനങ്ങളില്‍ പ്രമാണിമാരാണോ അതല്ല ദുര്‍ബലരാണോ അദ്ദേഹത്തെ പിന്‍പ്പറ്റുന്നത്?

അബൂസുഫ്യാന്‍: ജനങ്ങളില്‍ ദുര്‍ബലരാണ് അദ്ദേഹത്തെ പിന്‍പ്പറ്റുന്നത്.
രാജാവ്: അവരുടെ എണ്ണം കൂടുകയാണോ അതല്ല കുറയുകയാണോ?
അബൂസുഫ്യാന്‍: അവരുടെ എണ്ണം കൂടുകയാണ്.
രാജാവ്: ഇസ്ലാം ആശ്ലേഷിച്ചശേഷം വല്ലവരും അതിനെ വെറുത്ത് മതപരിത്യാഗികളാകുന്നുണ്ടോ?
അബൂസുഫ്യാന്‍: ഇല്ല.

രാജാവ്: അദ്ദേഹം ഈ കാര്യങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ കളവ് പറയുന്നവനായി നിങ്ങള്‍ സംശ യിക്കുകയെങ്കിലും ചെയ്തിരുന്നോ?
അബൂസുഫ്യാന്‍: ഇല്ല.

രാജാവ് : അദ്ദേഹം ചതിപ്രയോഗം നടത്താറുണ്ടോ?
അബൂസുഫ്യാന്‍: ഇല്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അയാളുമായി ഒരു ഉടമ്പടിയിലാണ്. അതില്‍ അയാള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. (അബൂസുഫ്യാന്‍ പറഞ്ഞു:) മുഹമ്മദിനെതിരില്‍ ഈയൊരു വാചകമല്ലാതെ ഒന്നും പറയുവാന്‍ എനിക്കായില്ല.

രാജാവ്: നിങ്ങള്‍ അദ്ദേഹത്തോട് യുദ്ധത്തിലേര്‍പ്പെ ട്ടിട്ടുണ്ടോ?
അബൂസുഫ്യാന്‍: അതെ.
രാജാവ്: അദ്ദേഹത്തോടുള്ള നിങ്ങളുടെ യുദ്ധം എങ്ങിനെയായിരുന്നു?
അബൂസുഫ്യാന്‍: യുദ്ധം ഞങ്ങള്‍ക്കിടയില്‍ ഊഴമൊത്താണ്. അദ്ദേഹം ഞങ്ങളേയും ഞങ്ങള്‍ അദ്ദേഹത്തേയും പരാജയപ്പെടുത്താറുണ്ട്.

രാജാവ്: അദ്ദേഹം എന്താണ് നിങ്ങളോട് കല്‍പ്പിക്കു ന്നത്?
അബൂസുഫ്യാന്‍: ‘നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം. അവനില്‍ ഒന്നിനേയും പങ്കുചേര്‍ക്കരുത്. നിങ്ങളുടെ പൂര്‍വ്വികര്‍ പറയുന്ന തെറ്റുകള്‍ നിങ്ങള്‍ കയ്യൊഴിക്കുക. കൂടാതെ, നമസ്കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ലരീതിയി ലാക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിക്കുന്നു.

ശേഷം രാജാവ് പരിഭാഷകനിലൂടെ തന്‍റെ മൊഴികള്‍ അബൂസുഫ്യാനേയും കൂട്ടുകാരേയും ഇപ്രകാരം കേള്‍പ്പിച്ചു:

‘അബൂസുഫ്യാന്‍, താങ്കളോട് ഞാന്‍ അദ്ദേഹത്തിന്‍റെ കുടും ബത്തെ കുറിച്ച് ചോദിച്ചു: മാന്യമായ കുടുംബമാണ് അദ്ദേഹത്തിന്‍റേതെന്ന് താങ്കള്‍ പ്രതികരിച്ചു. അതെ, ഈശ്വരപ്രേഷിതരായ ദൂതന്മാര്‍ മാന്യമായ തറവാടുകളില്‍ നിന്നാണ് നിയോഗിക്കപ്പെടുക.

താങ്കളോട് ഈ വര്‍ത്തമാനങ്ങള്‍ മുമ്പ് വല്ലവരും പറഞ്ഞിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍, താങ്കള്‍ ഇല്ല എന്ന് പ്രതികരിച്ചു. അതെ, വല്ലവരും അദ്ദേഹത്തിന് മുമ്പ് ഇപ്രകാരം പറഞ്ഞിരുന്നുവെങ്കില്‍ തന്‍റെ മുമ്പ് പറഞ്ഞവരെ അനുകരിച്ച് പറയുകയാണദ്ദേഹം എന്ന് പറയാമായിരുന്നു.

താങ്കളോട്, അദ്ദേഹത്തിന്‍റെ പിതാക്കളില്‍ വല്ലവരും രാജാക്കന്മാരായിരുന്നുവോ എന്ന് ചോദിച്ചു. ഇല്ലെന്ന് താങ്കള്‍ പ്രതികരിച്ചു. അതെ, പിതാക്കളില്‍ വല്ലവരും രാജാക്കന്മാരായിരുന്നുവെങ്കില്‍ തന്‍റെ പിതാമഹന്‍റെ രാജപദവി താല്‍പ്പര്യപ്പെടുകയാണദ്ദേഹം എന്ന് പറയാമായിരുന്നു.

അദ്ദേഹത്തെ കളവ് പറയുന്നവനായി നിങ്ങള്‍ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലെന്ന് പറഞ്ഞു. ജനങ്ങളെ കുറിച്ച് വ്യാജം പറയാത്തവന്‍ അല്ലാഹുവെ കുറിച്ച് കളവ് പറയുകയില്ലെന്ന് ഞാന്‍ തീര്‍ ച്ചയായും മനസ്സിലാക്കുന്നു.

ജനങ്ങളില്‍ പ്രമാണിമാരാണോ അതല്ല ദുര്‍ബലരാ ണോ അദ്ദേഹത്തെ പിന്‍പ്പറ്റുന്നതെന്ന് ഞാന്‍ ചോദിച്ചു.
ദുര്‍ ബലരാണെന്ന് താങ്കള്‍ പ്രതികരിച്ചു. അതെ, ജനങ്ങളില്‍ ദുര്‍ബലരാണ് നബിപുങ്കവന്മാരുടെ അനുയായികള്‍.

അവരുടെ എണ്ണം കൂടുകയാണോ അതല്ല കുറയുകയാണോ എന്ന് ഞാന്‍ താങ്കളോട് ചോദിച്ചു. കൂടുകയാണെന്ന് താങ്കള്‍ പറഞ്ഞു. വിശ്വാസത്തിന്‍റെ കാര്യം അപ്രകരമാണ്. അത് പൂര്‍ത്തിയാകുന്നതുവരെ അനുയായികള്‍ വര്‍ ദ്ധിച്ചുകൊണ്ടിരിക്കും.

ഇസ്ലാം അശ്ലേഷിച്ചവര്‍ മതപരിത്യാഗികളാകുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലായെന്ന് താങ്കള്‍ പറഞ്ഞു. അതെ, ഈമാനിന്‍റെ മാധുര്യം ഹൃദയത്തില്‍ കലര്‍ന്നാല്‍ അപ്രകാരമാണ്.

അദ്ദേഹം ചതിപ്രയോഗം നടത്താറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. താങ്കള്‍ ഇല്ലെന്ന് പ്രതികരിച്ചു. അപ്രകരമാണ് ദൂത ന്മാര്‍ അവര്‍ ചതിക്കുകയില്ല.

അദ്ദേഹം നിങ്ങളോട് എന്ത് കല്‍പിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒന്നിനേയും പങ്കുചേര്‍ക്കരുതെന്നും അദ്ദേഹം കല്‍ പിക്കുന്നു, വിഗ്രഹാരാധന അദ്ദേഹം വിരോധിക്കുന്നു, കൂടാതെ, നമസ്കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ലരീതിയിലാക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിക്കുന്നു, എന്നെല്ലാം താങ്കള്‍ പറഞ്ഞു.

അബൂസുഫ്യാന്‍, താങ്കള്‍ മൊഴിയുന്നത് സത്യമാണെങ്കില്‍ എന്‍റെ പാദങ്ങള്‍ വെച്ച ഈ സ്ഥലം അദ്ദേഹം തീര്‍ച്ചയായും ഉടമപ്പെടുത്തും.

ആഗതനാകാന്‍ പോകുന്ന ഒരു പ്രവാചകനെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. പക്ഷെ, അദ്ദേഹം നിങ്ങളില്‍ നിന്നാണെന്ന് ഞാന്‍ നിനച്ചില്ല. അദ്ദേഹത്തിലേക്ക് എത്തിപ്പെടുവാന്‍ എനിക്കായിരുന്നുവെങ്കില്‍ ഏത് ദുര്‍ഘടം താണ്ടിയും ഞാന്‍ അദ്ദേഹവുമായി സന്ധിക്കുമായിരുന്നു. അദ്ദേഹത്തിനരികിലായിരുന്നു ഞാനെങ്കില്‍ ആ തൃപ്പാദങ്ങള്‍ ഞാന്‍ കഴുകുമായിരുന്നു.

ശേഷം ഹിറോക്ലിയസ്, മുഹമ്മദ് നബി ﷺ  ദിഹ്യ്യതുല്‍ കല്‍ബിയിലൂടെ അയച്ച കത്ത് നല്‍കുവാന്‍ ആവശ്യപ്പെടുക യും അദ്ദേഹം അത് തുറന്ന് വായിക്കുകയും ചെയ്തു:

‘പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അല്ലാഹുവിന്‍റെ ദാസനും ദൂതനുമായ മുഹമ്മദ് റോമാ സാമ്രാജ്യത്തിന്‍റെ മഹാരാജാവായ ഹിറോക്ലിയസിന് എഴ്തുന്നത്:

സന്മാര്‍ഗ്ഗം പിന്‍പറ്റിയവര്‍ക്ക് സമാധാനമുണ്ടാകട്ടേ…. ഞാന്‍ താങ്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാം സ്വീകരിച്ചാല്‍ താങ്കള്‍ രക്ഷപ്പെടും. ഇസ്ലാമിനോട് വിമുഖനായാല്‍ കര്‍ഷകരുടെ (അനുയായികളുടെ) കൂടി പാപഭാരം താങ്കള്‍ പേറേണ്ടി വരും.

‘വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനുപുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്).

എ ന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ മുസ്ലിംകളാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.’

അബൂസുഫ്യാന്‍ പറയുന്നു: ഹിറോക്ലിയസ് സംസാരം നിര്‍ത്തുകയും കത്ത് വായന അവസാനിപ്പിക്കുകയും ചെ യ്തപ്പോള്‍ രംഗം ബഹളമയമായി. ഞങ്ങള്‍ പുറത്താക്കപ്പെട്ടു. ഞാന്‍ കൂട്ടുകാരോട് പറഞ്ഞു: ‘റോമന്‍ ചക്രവര്‍ത്തി ഭയക്കുമാറ് മുഹമ്മദിന്‍റെ മഹത്വം ഉയര്‍ന്നിരിക്കുന്നു.’

ഒരിക്കല്‍ ഹിറോക്ലിയസ്, നിയോഗിതനായ പ്രവാചകന്‍ പരിച്ഛേദന ഏറ്റ വ്യക്തിയാണോ എന്ന് അന്വേഷിക്കുവാന്‍ ആളെ നിയോഗിച്ചു. പ്രവാചകന്‍ പരിച്ഛേദന എറ്റ വ്യക്തിയാണെന്നും പരിച്ഛേദന ഏല്‍ക്കുന്നവരാണ് അറബികള്‍ എന്നും അവര്‍ അദ്ദേഹത്തിന് മൊഴി നല്‍കി. അപ്പോള്‍ ഹിറോക്ലിയസ് പറഞ്ഞു: ‘അദ്ദേഹം ഈ സമൂഹത്തിന്‍റെ അധിപനാകുന്നു; അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നു.’

തുടര്‍ന്ന് ഹിറോക്ലിയസ് റൂമിയ്യഃ ദേശത്തെ തന്‍റെ ഒരു സുഹൃത്തിന് ഇപ്രകാരം എഴുതി: ‘പ്രവാചകന്‍ മുഹമ്മദിന്‍റെ പുറപ്പാടുണ്ടായിരിക്കുന്നു. അദ്ദേഹം പ്രവാചകന്‍ തന്നെയാണ്, തീര്‍ച്ച.’ സുഹൃത്തും ഹിറോക്ലിയസിനെപേലെ ജ്ഞാനിയായിരുന്നു. അദ്ദേഹം ഹിറോക്ലിയസിന് മറുപടി എഴുതി:

താങ്കളോട് ഞാനും യോജിക്കുന്നു. ‘പ്രവാചകന്‍ മുഹമ്മദിന്‍റെ പുറപ്പാടുണ്ടായിരിക്കുന്നു. അദ്ദേഹം പ്രവാചകന്‍ തന്നെയാണ്, തീര്‍ച്ച.’

ഹിംസ്വ് ദേശത്തെ തന്‍റെ കൊട്ടാരത്തിലേക്ക് ഹിറോക്ലിയസ്, റോമിലെ പ്രമുഖന്മാരെ ക്ഷണിച്ചുവരുത്തി. കൊട്ടാര കവാടങ്ങള്‍ അടച്ചുപൂട്ടി ഹിറോക്ലിയസ് അവരെ നോക്കി പറഞ്ഞു: റോമക്കാരെ, വിജയവും വിവേകവും ഈ സാമാജ്ര്യത്തിന്‍റെ നിലനില്‍പും നിങ്ങള്‍ ആഗ്രഹിക്കുന്നുന്നുവോ? നിങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍ സമാഗതനായ ഈ ദൈവ ദൂതന് നിങ്ങള്‍ അനുസരണ പ്രതിജ്ഞ ചെയ്യുക!…..

(ഹറോക്ലിയസ് സത്യം അന്വേഷിക്കുകയും അത് കണ്ടെത്തുകയും അറിയുകയും ചെയ്തു. എന്നാല്‍, ഭൗതികമായ ചില പ്രേരണകളാലും ഭയപ്പാടുകളാലും അയാള്‍ മുസ്ലിമായില്ല എന്നതാണ് ചരിത്രം നമ്മോടോതുന്ന ദുഃഖസത്യം.)

Leave a Reply

Your email address will not be published.

Similar Posts