അനായാസം നിര്‍വ്വഹിക്കാവുന്ന കര്‍മ്മമാണ് പ്രാർത്ഥന. രാവിലും പകലിലും, കരയിലും കടലിലും വായുവിലും, നാട്ടിലും യാത്രയിലും, ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും ജനത്തിരക്കിലും വിജനതയിലും, ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും കര്‍മ്മനിരതനായാലും കര്‍മ്മരഹിതനായാലും ഒരുപോലെ നിര്‍വ്വഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണത്. പ്രാർഥിക്കുവാനുള്ള കല്‍പനയും പ്രാർത്ഥനയുടെ മര്യാദകളും അടങ്ങിയ ഖുർആൻ വചനങ്ങള്‍ ധാരാളമാണ്.
ٱدۡعُواْ رَبَّكُمۡ تَضَرُّعًا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധിവിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (അൽ അഅ്‌റാഫ്: 55)
وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ
കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. (അൽ അഅ്‌റാഫ് : 29)
وَٱدۡعُوهُ خَوۡفًا وَطَمَعًاۚ
ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. (അൽ അഅ്‌റാഫ് : 56) ദുആയുടെ മഹത്വങ്ങളും ഫലങ്ങളും അറിയിക്കുന്ന പ്രമാണങ്ങളും ഏറെയാണ്. അല്ലാഹുവില്‍ നിന്നുള്ള പരിഗണനയും സഹായവും കാരുണ്യവും നേടുവാനും അവന്‍റെ ശിക്ഷ ചെറുക്കപ്പെടുവാനും ഏറ്റവും നല്ല മാര്‍ഗമാണ് ദുആ.
قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّى لَوۡلَا دُعَآؤُكُمۡۖ
(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? (അൽ ഫുർഖാൻ : 77) ഇഹപര സൗഭാഗ്യങ്ങളും സഹായങ്ങളും കരഗതമാകുവാന്‍ ദുആയോളം മറ്റൊരു വഴിയില്ല. ദുആയിലൂടെ, ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു. ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മോഹങ്ങള്‍ പൂവണിയുന്നു. ലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. അഭ്യര്‍ത്ഥനകള്‍ മാനിക്കപ്പെടുന്നു. കാരണം, പ്രര്‍ത്ഥിച്ചാല്‍ ഉത്തരമേകുമെന്നതും ചോദിച്ചാല്‍ നല്‍കുമെന്നതും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനമാണ്. അവന്‍റെ വാഗ്ദാനം സത്യം മാത്രമാണ്. അത് പുലരുക തന്നെ ചെയ്യും; നിസ്സംശയം. അല്ലാഹു പറയുന്നു:
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِى لَعَلَّهُمۡ يَرۡشُدُونَ
നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (അൽ ബഖറഃ : 186) ദുആ നിമിത്തം പരീക്ഷണങ്ങള്‍ വഴിമാറുന്നു. വിഷമതകളും വ്യസനങ്ങളും ദൂരം നില്‍ക്കുന്നു. മനഃപ്രയാസങ്ങളും മനോരോഗങ്ങളും അകറ്റപ്പെടുന്നു. ദുരിതങ്ങളും ദുരന്തങ്ങളും ചെറുക്കപ്പെടുന്നു. സകരിയ്യാനബി (عليه السلام) യുടെ മൊഴി നോക്കൂ:
وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا
എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (മർയം : 4) ഇബ്രാഹിം നബി (عليه السلام) പറഞ്ഞതായി അല്ലാഹു പറയുന്നു:
وَأَدۡعُواْ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا
എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. (മർയം : 48) അല്ലാഹുവെ ആദരിക്കുവാനും ബഹുമാനിക്കുവാനും ദുആയോളം മഹനീയമായ മറ്റൊരു കര്‍മ്മവുമില്ലെന്ന് തിരുമൊഴിയുണ്ട്.
وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ مِنَ الدُّعَاءِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം : അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു : ‘അല്ലാഹുവെ ആദരിക്കാന്‍ ദുആയോളം മറ്റൊരു കാര്യവുമില്ല.’ (ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.) അല്ലാഹുവോട് ദുആയിരക്കുകയും ചോദിക്കുകയും ചെയ്തില്ലയെങ്കില്‍ അവന്‍റെ കോപം ഇറങ്ങുമെന്ന മുന്നറിയിപ്പും തിരുമൊഴിയായുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ لَمْ يَسْأَلِ اللَّهَ غَضِبَ اللَّهُ عَلَيْهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം : നബി ﷺ പറഞ്ഞു : ‘വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കില്‍ അല്ലാഹു അവനോടു കോപിക്കും’ (ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.) ദുആ വിധിയെ തടുക്കുമെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ….
റസൂൽ ﷺ പറഞ്ഞു : “… … ദുആ മാത്രമാകുന്നു വിധിയെ തടുക്കുന്നത്….” (ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.) പ്രാര്‍ത്ഥിക്കുന്നത് പാഴാകില്ല. തന്നോട് തേടുന്നവര്‍ക്ക് ഉത്തരമേകുമെന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്നുണര്‍ത്തിയല്ലോ. എന്നാല്‍ അവനില്‍ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും. താഴെ വരും വിധം ഒരു തിരുമൊഴിയുണ്ട്.
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ يُعَجِّلَ لَهُ دَعْوَتَهُ وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ وَإِمَّا أَنْ يَصْرِفَ عنهُ من السُّوءِ مثلَها ” قَالُوا: إِذنْ نُكثرُ قَالَ: «الله أَكثر
അബൂ സഈദ് അൽ ഖുദ്രി رَضِيَ اللَّهُ عَنْهُ നിന്നും നിവേദനം, നബി ﷺ പറഞ്ഞു: “കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല, മൂന്നാല്‍ ഒരു കാര്യം അല്ലാഹു അയാള്‍ക്ക് നല്‍കാതെ. ഒന്നുകില്‍ അയാള്‍ തേടിയത് പെട്ടെന്നു നല്‍കും. അല്ലെങ്കില്‍ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കില്‍ ആ ദുആക്ക് തുല്യമായ തിന്മ അല്ലാഹു അയാളില്‍ നിന്ന് തടുക്കും. ‘ഇതു കേട്ടപ്പോള്‍ അബൂസഈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എങ്കില്‍ നമുക്ക് ദുആ വര്‍ദ്ധിപ്പിക്കാം. തിരുനബി ﷺ പ്രതികരിച്ചു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍. (ഈ ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.) അല്ലാഹുവിന്‍റെ പ്രത്യേക കാവലുണ്ടായിരുന്ന നബിപുങ്കവന്മാര്‍ വരെ പ്രാര്‍ത്ഥനാനിരതരായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചരിതങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ഉണര്‍ത്തുന്നു. ദുആയുടെ മഹത്വം അറിയിക്കുന്നതോടൊപ്പം അതിന്‍റെ പ്രാധാന്യവും ആവശ്യകതയുമാണ് ഇതു വിളിച്ചറിയിക്കുന്നത്. പ്രാര്‍ത്ഥന ഏറ്റവും പ്രയോജനകരമായ മരുന്നില്‍പെട്ടതാണ്. വിപത്തിന്‍റെ ശത്രുവാണത്. അത് ദുരിതത്തെ പ്രതിരോധിക്കുകയും പരിചരിക്കുകയും ചെയ്യും. ഇറങ്ങുന്നതിനെ അത് തടസ്സപ്പെടുത്തുകയും അത് ഇറങ്ങുകയാണെങ്കില്‍ അതിനെ ഉയര്‍ത്തുകയോ അതിനെ ലഘൂകരിക്കുകയോ ചെയ്യും. സത്യവിശ്വാസിയുടെ ആയുധമാണത്.
അർത്ഥസമ്പൂർണമായ രണ്ട് വരി കവിതകൾ
واللهُ يَغْضَبُ إِن تَرَكْتَ سُؤَالَهُ وَبُنَيُّ آدمَ حِينَ يُسْأَلَ يَغضَبُهُ
അല്ലഹു കോപിക്കും; നീ അവനോട് ചോദിക്കുന്നത് ഒഴിവാക്കിയാല്‍; ആദം സന്തതി കോപിക്കും; അവന്‍ ചോദിക്കപ്പെടുമ്പോള്‍
www.thadhkirah.com