സല്‍മാനുല്‍ ഫാരിസിപറഞ്ഞ കഥ
അസ്വ്ബഹാന്‍ ദേശത്തെ ജയ് ഗ്രാമക്കാരനായിരുന്നു ഞാന്‍. ഒരു പേര്‍ഷ്യന്‍ വംശജന്. എന്റെ പിതാവ് ഗ്രാമത്ത ലവനായിരുന്നു. എന്റെ പിതാവിന് ആരെക്കാളുമുപരി ഏറെ ഇഷ്ടം എന്നോടായിരുന്നു. ഒരിക്കലും അണഞ്ഞു പോകാതെ ജനങ്ങള്‍ സൂക്ഷിച്ചിരുന്നതായ അഗ്നിക്കരികില്‍, വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തവിധം അദ്ദേഹം എന്നെ തടഞ്ഞുവെച്ചു; പെണ്മക്കളെ വീടുവിട്ടിറങ്ങാന്‍ അനുവദിക്കാത്തതുപോലെ. അഗ്നിയെ ആരാധിച്ചുകൊണ്ട് ഞാന്‍ കാലം കഴിച്ചു. മജൂസി മതാചാരമനുസരിച്ച് ഒരു നിമിഷം പോലും അണയാതെ കത്തേണ്ട തനാളത്തിനരികില് ഒരു യോഗിയായി ഞാന്‍ ജീവിതം തുടര്‍ന്നു.
എന്റെ പിതാവിന് വലിയ ഒരു തോട്ടമുണ്ടായിരുന്നു. അതില്‍ നിത്യസന്ദര്‍ശകനായിരുന്ന പിതാവ്. ഒരു ദിനം അദ്ദേ ഹത്തിന്റെ ഒരു കെട്ടിട ജോലിയില്‍ വ്യാപൃതനായതിനാല്‍ സന്ദര്‍ശനം മുടങ്ങി. പിതാവ് എന്നോട് പറഞ്ഞു: ഞാന്‍ പണിത്തിരക്കിലായതിനാല്‍ എനിക്ക് തോട്ടത്തിലേക്ക് പോകുവാനാവില്ല. നീ പോയി കാര്യങ്ങള്‍ തിരക്കിവരിക.
അവിടെ വേണ്ടകാര്യ ങ്ങള് നിര്‍വ്വഹിക്കുകയും ചെയ്യുക. ഞാന്‍ തോട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു. ക്രൈസ്തവരുടെ ഒരു ചര്‍ച്ചിന് മുന്നിലൂടെയാണ് ഞാന്‍ നടന്നത്. പ്രാര്‍ത്ഥനാ നിമഗ്നരായിരുന്ന ക്രൈസ്തവരുടെ ശബ്ദം ഞാന്‍ കേട്ടു. പിതാവ് എന്നെ വീട്ടില്‍ കെട്ടിയിടുവാന്‍ മാത്രം ജനങ്ങള്‍ക്കിടയിലെ വിഷയങ്ങള്‍ എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. അവരുടെ പ്രാര്‍ത്ഥനാമയമായ ശബ്ദം കേട്ട ഞാന്‍ അവരുടെ ചെയ്തികള്‍ നോക്കികാണുവാന്‍ അകത്തുകയറി. അവരെ കണ്ടതോടെ അവരുടെ പ്രാര് ത്ഥന എന്നെ കൗതുകപ്പെടുത്തുകയും അവരില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: പ്രപഞ്ചനാഥനാണേ, ഇത് ഞങ്ങളുടെ മജൂസി മതത്തേക്കാള്‍ നല്ലതാണ്. സൂര്യാസ്തമയം വരെ ഞാന്‍ അവരോടൊപ്പം കഴിച്ചു കൂട്ടി. പിതാവിന്റെ തോട്ടത്തിലേക്ക് പോകുന്ന ഉദ്ധ്യമം ഞാന്‍ വേണ്ടന്നുവെച്ചു. പോയതുമില്ല.
ഞാന്‍ ക്രൈസ്തവരോട് ചോദിച്ചു: ഈ മതത്തിന്റെ കേന്ദ്രം എവിടെയാണ്?
അവര്‍ പറഞ്ഞു: ശാമില്‍(സിറിയ) ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും പിതാവ് എ ന്നെ തിരക്കി ആളെ വിട്ടിരുന്നു. ഞാന്‍ വൈകിയതിനാല്‍ പിതാവ് തന്റെ എല്ലാ ജോലികളും വേണ്ടന്ന് വെച്ചിരുന്നു.
വീട്ടിലെത്തിയപ്പോള്‍ പിതാവ്: മകനേ നീ എവിടെയായിരുന്നു? ഞാന്‍ നിന്നോട് ഏല്‍പ്പിച്ചതെല്ലാം എന്തായി?
ഞാന്‍ പറഞ്ഞു: പിതാവേ, പ്രാര്‍ത്ഥനാ നിരതരായി ചര്‍ച്ചില്‍ ധ്യാനിച്ചിരുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നപ്പോള്‍ അവരുടെ മതകര്‍മ്മങ്ങള്‍ എന്നെ ആശ്ചര്യചിത്തനാക്കി. സൂര്യാസ്തമയം വരെ ഞാന്‍ അവരോടൊപ്പം കഴിച്ചുകൂട്ടി.
പിതാവ്: മകനേ, ആ മതത്തില്‍ നന്മയൊന്നുമില്ല. ന മ്മുടെ പിതാക്കളുടെ മതമായ മജൂസി മതമാണ് ഉത്തമമായത്.
ഞാന്‍: അല്ല, ഒരിക്കലും. പ്രപഞ്ചനാഥനാണേ, നന്മുടെ മജൂസി മതത്തേക്കാള്‍ ഉത്തമമായത് അതുതന്നെയാണ്.
പിതാവ് എന്റെ കാര്യത്തില്‍ ഉത്കണ്ഡാകുലനായി. എന്റെ കാലുകളില്‍ വിലങ്ങ് തീര്‍ത്ത് വീട്ടില്‍ ബന്ധിയാക്കി.
ഞാന്‍ ക്രൈസ്തവരിലേക്ക് ഒരു ദൂതനെ നിയോഗിച്ചു. സിറിയയില്‍ നിന്ന് വല്ല കച്ചവടസംഘവും വന്നെത്തിയാല്‍ എന്നെ വിവരം ധരിപ്പിക്കണമെന്ന് ഞാന്‍ അവരോട് ആവശ്യ പ്പെട്ടു. അവര്‍ അപ്രകാരം ചെയ്തു. ഒരു കച്ചവടസംഘം തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് യാത്ര തിരിക്കുമ്പോള്‍ അവര്‍ എനിക്ക് വിവരം തന്നു. കാലില്‍നിന്ന് ഇരുമ്പ് വിലങ്ങുകള്‍ എടുത്തെറിഞ്ഞ് ഞാന്‍ യാത്ര പുറപ്പെട്ടു.
സിറിയയിലെത്തിയ ഞാന്‍ ആരാഞ്ഞു: ഇവിടെ ക്രൈ സ്തവരില്‍ ഏറെ മതനിഷ്ടയുള്ള ആള് ആരാണ്?
അവര്‍ പറഞ്ഞു: ചര്‍ച്ചിലെ പുരോഹിതന്.
ഞാന്‍ അയാളെ തേടിയെത്തി. ഞാന്‍ പറഞ്ഞു: ഞാന്‍ ക്രിസ്തുമതത്തില്‍ ആഗ്രഹം മൂത്തവനാണ്. അങ്ങയോടൊപ്പം കഴിയുന്നതും ചര്‍ച്ചില്‍ അങ്ങയെ പരിചരിക്കുന്നതും അങ്ങയില്‍നിന്ന് പഠിക്കുന്നതും അങ്ങയോടൊപ്പം പ്രാര്‍ത്ഥിക്കന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. അയാള്‍ പറഞ്ഞു: കയറി വന്നുകൊള്ളുക. ഞാന്‍ അവിടെ കയറിപ്പറ്റി.
പക്ഷെ, അയാള്‍ ചീത്ത മനുഷ്യനായിരുന്നു. ജനങ്ങളോട് ദാനധര്‍മ്മത്തിന് കല്‍പ്പിക്കുകയും അവരില്‍ ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിരുന്ന അയാള്‍ കുമിഞ്ഞുകൂടുന്ന സംഭാവനകള്‍ തനിക്ക് സ്വന്തമാക്കുകയും സാധുക്കള്‍ക്ക് തടയുകയും ചെയ്തുപോന്നു. അ ങ്ങിനെ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഏഴ് കുംഭങ്ങള്‍ അയാള്‍ ശേഖരിച്ചു. അയാളുടെ സ്വാര്‍ത്ഥ പ്രവൃത്തികളില്‍ ഞാന്‍ അയാളോട് ഏറെ ഈര്‍ഷ്യത വെച്ചുപുലര്‍ത്തി. ദൈവ വിളി മരണമായി അയാളില്‍ വന്നു. ക്രൈസ്തവര്‍ അയാളുടെ സംസ്കാര ചടങ്ങിനെത്തി.
ഞാന്‍ അവരോട് പറഞ്ഞു: ഇയാള്‍ ചീത്ത മനുഷ്യനായിരുന്നു.
അവര്‍ ചോദിച്ചു: അത് താങ്കള്‍ക്ക് എങ്ങനെ അറിയാം?
ഞാന്‍ പറഞ്ഞു: അയാള്‍ വീര്‍പ്പിച്ചു വലുതാക്കിയ ധന സംഭരണി ഞാന്‍ കാണിച്ചു തരാം.
അവര്‍ പറഞ്ഞു: കാണിച്ചു തരൂ.
സംഭരണികളുള്ള സ്ഥലം ഞാന്‍ കാണിച്ചുകൊടുത്തു. അവര്‍ അത് പുറത്തെടുത്തപ്പോള്‍ ഏഴ് കുംഭങ്ങള്‍ നിറയെ സ്വര്‍ണ്ണവും വെള്ളിയുമായിരുന്നു. ഇവ കണ്ടമാത്രയില്‍ അവര്‍ പ്രഖ്യാപിച്ചു: പ്രപഞ്ച കര്‍ത്താവാണേ, നാം ഇയാളെ സംസ്കരിക്കില്ല, ഒരിക്കലും. അവര്‍ ആ ശവത്തെ കുരിശിലേറ്റി. ശേഷം അതിനുനേരെ കല്ലെറിഞ്ഞു.
അയാളുടെ സ്ഥാനത്ത് മറ്റൊരു വ്യക്തിയെ അവര്‍ അവരോധിച്ചു. നമസ്കാര സ്തോത്രങ്ങളിലും ഭൗതിക വിര ക്തിയിലും മരണാനന്തര ക്ഷേമ തല്‍പ്പരതയിലും ധ്യാന ജീവി തത്തിലും അദ്ദേഹത്തേക്കേള് ശ്രേഷ്ഠനായ മറ്റൊരാളേയും ഞാന്‍ കണ്ടില്ല. അതിനാല്‍ മുമ്പ് മറ്റാരേയും സ്നേഹിച്ചിട്ടില്ലാത്തത്ര ഞാന്‍ അദ്ദേഹത്തെ അളവറ്റ് സ്നേഹിച്ചു. അദ്ദേഹത്തോടൊന്നിച്ച് ഞാന്‍ കുറച്ച് കാലം കഴിച്ചുകൂട്ടി.
അദ്ദേഹം മരണാസന്നനായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ ഇത്രയും നാള് അങ്ങയോടൊന്നിച്ച് കഴിച്ചുകൂട്ടി. മറ്റാരോടുമില്ലാത്ത വിധം ഞാന്‍ താങ്കളെ സ്നേഹിച്ചു. ഇപ്പോഴിതാ താങ്കളെത്തേടി ദിവ്യകല്പ്പനയാകുന്ന മൃത്യു വന്നിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര് ദ്ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, ഞാനുള്ള ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. ജനങ്ങള്‍ ധാര്‍മ്മികമായി തകര്‍ന്നിരിക്കുന്നു. അവര്‍ മതത്തെ മാറ്റിമറിച്ചു. ആദര്‍ശ ജീവിതം ഏറെകുറെ കയ്യൊഴിച്ചു, മൗസ്വില്‍ ദേശത്തുള്ള ഒരാളൊഴികെ. അദ്ദേഹം എന്റെ ആദര്‍ശ സുഹൃത്താണ്. അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് പരലോകം പൂകിയപ്പോള്‍ ഞാന്‍ മൗസ്വില്‍ ദേശത്തെ പുരോഹിതന്റെ അടുക്കല്‍ചെന്ന് എന്റെ വിവരം പറഞ്ഞു: ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന് തന്റെ മരണവേളയില്‍ താങ്കളോട് ചേരുവാന്‍ നിര്ദ്ദേ ശിച്ചതനുസരിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. താങ്കള്‍ അദ്ദേഹത്തിന്റെ ആദര്‍ശബന്ധുവാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയയിലെ പുരോഹിതനെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായ മനു ഷ്യനായിരുന്നു. എന്നാല്‍, ഏറെ കഴിഞ്ഞില്ല; അദ്ദേഹവും മര ണാസന്നനായി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ഗുരുശ്രേ ഷ്ഠരേ, സിറിയയിലെ പുരോഹിതന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഇപ്പോഴിതാ ദിവ്യകല്പ്പനയാകുന്ന മരണം താങ്കളുടെ കണ്മുന്നില് വന്നിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, നമ്മുടെ ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. നസ്വീബീന്‍ ദേശത്തുള്ള ഒരു പുരോഹിതന് മാത്രമാണ് ശേഷിക്കുന്നത്. അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് മണ്മറഞ്ഞപ്പോള് ഞാന്‍ നസ്വീബീനിലെ പുരോഹിതന്റെ അടുക്കല്‍ ചെന്ന് എന്റെ വിവ രം പറഞ്ഞു. മൗസിലിലെ പുരോഹിതന് കല്‍പ്പിച്ച കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയയിലേയും മൗസ്വിലിലേയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ഗുരുവര്യരേ, മൗസ്വിലിലെ പുരോഹിതന് കല്‍പ്പിച്ചതനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഞാന്‍ ആരെ ആത്മീയഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, നീ എത്തിച്ചേരുവാന്‍, നമ്മുടെ ആദര്‍ശമുള്ള ആരും അവശേ ഷിക്കുന്നതായി നാം അറിയില്ല അമ്മൂരിയ്യഃ ദേശത്തുള്ള ഒരു പുരോഹിതനൊഴികെ. നിനക്കിഷ്ടമാണെങ്കില്‍ അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് മണ്മറഞ്ഞപ്പോള് ഞാന്‍ അമ്മൂരിയ്യഃയിലെ പുരോഹിതന്റെ അടുക്കല്‍ ചെന്നു. ഞാന്‍ എന്റെ വിവരങ്ങള്‍ പറഞ്ഞു. നസ്വീബീനിലെ പുരോഹിതന്റെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
സിറിയയിലേയും മൗസ്വിലിലേയും നസ്വീബീനിലേയും പുരോഹിതന്മാരെപ്പോലുള്ള ഒരു സന്മാര്ഗ്ഗിയായിരുന്നു അദ്ദേഹവും. ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. അവിടെവെച്ച് ഞാന്‍ സമ്പാദിക്കുവാന്‍ തുടങ്ങി. അങ്ങിനെ ആടു കളും മാടുകളും എനിക്ക് സമ്പാദ്യമായി ഉണ്ടായി.
അങ്ങിനെയിരിക്കെ മരണം അദ്ദേഹത്തേയും തേടിയിറങ്ങി. മരണശയ്യയിലായ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ഗുരുശ്രേഷ്ഠരേ, സിറിയ, മൗസ്വില്‍, നസ്വീബീന്‍, എന്നിവിടങ്ങളിലെ പുരോഹിതന്മാരുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച ഞാന്‍ അവസാനമായാണ് അങ്ങയുടെ അടുക്കലെത്തിയത്. ഇനി ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പ്പിക്കുന്നത്?
മകനേ, നീ എത്തിച്ചേരുവാന്‍ കല്പ്പിക്കാവുന്ന ആരും ഈ പ്രഭാതത്തില്‍ ആദര്ശശുദ്ധരായി ഉള്ളത് ഞാന്‍ അറിയില്ല. എന്നാല്‍, ഇബ്റാഹീം? പ്രവാചകന്റെ ഋജുമാര്ഗ്ഗവുമായി, ഒരു പ്രവാചകന്റെ നിയോഗത്തിന് നാളുകളടുത്തിരിക്കുന്നു. അറബികളുടെ നാട്ടില്‍നിന്ന് അദ്ദേഹം പ്രവാചകനായി പുറപ്പെടും. കറുത്ത കല്ലുകള്‍ പാകപ്പെട്ട രണ്ട് കുന്നുകള്ക്കി ടയില്‍ ഈത്തപ്പനകള്‍ വിളയുന്ന നാട്ടിലേക്ക് അദ്ദേഹം പാലായനം ചെയ്ത് അഭയാര്‍ത്ഥിയായി എത്തും. അദ്ദേഹത്തെ തിരിച്ചറിയുവാന്‍ വ്യക്തമായ ചില അടയാളങ്ങളുണ്ടായിരിക്കും.
അദ്ദേഹം പാരിതോഷികം ഭക്ഷിക്കും, സ്വദക്വഃ മുതല്‍ ഭക്ഷിക്കില്ല, അദ്ദേഹത്തിന്റെ ഇരുചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും.
ആ നാട്ടിലേക്ക് എത്തിച്ചേരുവാന്‍ കഴിയുമെങ്കില്‍ അതിനുള്ള ശ്രമംനടത്തുക. അതോടെ അദ്ദേഹവും മരിച്ച് മണ്മറഞ്ഞു.
അമ്മൂരിയ്യഃ ദേശത്ത് ഞാന്‍ താമസിച്ചുകൊണ്ടിരിക്കെ, അറബികളിലെ കെല്‍ബ് ഗേത്രത്തില്‍ ഒരു വിഭാഗം കച്ചവട ക്കാരായി അവിടെയെത്തി. ഞാന്‍ അവരോട് പറഞ്ഞു: അറബികളുടെ നാട്ടിലേക്ക് നിങ്ങള്‍ എന്നെ കൂടെകൂട്ടുക. പകരമായി എന്റെ ആടുകളേയും മാടുകളേയും ഞാന്‍ നിങ്ങള്‍ക്കു തരാം. അവര്‍ സമ്മതിച്ചു.
ഞാന്‍ ആടുമാടുകളെ നല്കി. അവര്‍ എന്നേയും കൊണ്ട് യാത്രയായി. വാദീ അല്‍ക്വുറാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ എന്നോട് ക്രൂരത കാണിച്ചു; അഥവാ അവര്‍ എന്നെ ഒരു ജൂതന് അടിമയായി വിറ്റു. അയാളുടെ അടിമയായി ഞാന്‍ അയാളോടൊത്ത് കൂടി. അവിടെ ഞാന്‍ ഈത്തപ്പനകള്‍ കണ്ടു. വരാനിരിക്കുന്ന പ്രവാചകന്റെ ആഗമന ഭൂമി ഇതായിരിക്കട്ടെ എന്ന് ഞാന്‍ കൊതിച്ചു. പക്ഷെ, അവിടം അതായിരുന്നില്ല. അടിമയായി ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍, മദീനയിലെ ജൂത ഗോത്രമായ ബനു ഖുറയ്ളക്കാരില്പ്പെട്ട യജമാനന്റെ പിതൃവ്യ പുത്രന് വന്നു. അയാള്‍ എന്നെ വിലക്ക് വാങ്ങി മദീനയിലേക്ക് കൊണ്ടുപോയി. അല്ലാഹുവാണേ, മദീന കണ്ടമാത്രയില്‍ അമ്മൂരിയ്യായിലെ പുരോഹിതന് വര്‍ണ്ണിച്ചതെല്ലാം മനസ്സില്‍ തെളിഞ്ഞു. മദീനയെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവിടെ താമസവുമാക്കി.
അല്ലാഹു പ്രവാചകനെ നിയോഗിക്കുകയും അദ്ദേഹം മക്കയില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അടിമവേലയുടെ തിരക്കില്‍ ഞാന്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും കേട്ടതേയില്ല.
പിന്നീട് പ്രവാചകന് ﷺ മദീനയിലേക്ക് പാലായനം ചെയ്തു. അല്ലാഹുവാണേ, ഞാന്‍ ഈത്തപ്പന തലപ്പിലിരുന്ന് ചില ജോലികള്‍ ചെയ്യുകയായിരുന്നു. യജമാനന് താഴെയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിതൃവ്യപുത്രന്‍ വന്നു കൊണ്ട് പറഞ്ഞു: മദീനക്കാര്‍ക്ക് നാശം. കാരണം, അവര്‍ മക്ക യില്‍നിന്നും ഇന്ന് ആഗതനായ ഒരു വ്യക്തിയുടെ ചുറ്റും കൂ ടിയിരിക്കുന്നു. ആഗതന് പ്രവാചകനാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു. അത് കേട്ടതോടെ എനിക്ക് വിറയല്‍ തുടങ്ങി. താഴെയിരിക്കുന്ന യജമാനന്റെ തലമുകളില്‍ വീണേക്കുമോ എന്നുപോലും ഞാന്‍ ഭയന്നു. ഞാന്‍ ഈത്തപ്പനയില്‍ നിന്ന് താഴെയിറങ്ങി.
യജമാനന്റെ ബന്ധുവോട് ചോദിച്ചു: താങ്കള്‍ എന്താണ് പറയുന്നത്? താങ്കള്‍ എന്താണ് പറയുന്നത്?
അതോടെ എന്റെ യജമാനന് അരിശം മൂത്തു. തന്റെ കൈചുരുട്ടി അയാള്‍ എന്നെ അതിശക്തമായി പ്രഹരിച്ചു കൊണ്ട് പറഞ്ഞു: ഇതില്‍ നിനെക്കെന്ത് കാര്യം. നീ നിന്റെ പണി ചെയ്യ്.
ഞാന്‍ പറഞ്ഞു: ഒന്നുമില്ല. കാര്യം തിരക്കിയെന്നു മാത്രം.
ഞാന്‍ ശേഖരിച്ച അല്പം ഭക്ഷണം എന്റെ കയ്യിലുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഞാന്‍ അതെടുത്ത് തിരു ദൂതരുടെ അടുത്തേക്ക് പോയി. അദ്ദേഹം മദീനക്കടുത്ത ക്വുബാ എന്ന സ്ഥലത്തായിരുന്നു. അദ്ദേഹത്തിനരികിലേക്ക് പ്രവേശിച്ച് ഞാന്‍ പറഞ്ഞു: താങ്കള്‍ ഒരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. താങ്കളുടെ കൂടെ അപരിചിതരും അത്യാവശ്യക്കാരുമായ അനുചരന്മാരുമുണ്ട്. എന്റെ അടുക്കല്‍ അല്പം ഭക്ഷണമുണ്ട് അത് സ്വദകഃ ചെയ്യുവാനുള്ളതാണ്. ആരെക്കാളും ഇതിന് അര്‍ഹര്‍ നിങ്ങളാണെന്നതിനാല്‍ ഞാന്‍ ഇത് അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
പ്രവാചകന് ﷺ അനുചരന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ ഭക്ഷിക്കുക. അദ്ദേഹം ഭക്ഷിക്കാതെ കൈ വലിച്ചു.
ഞാന്‍ മനസ്സില്‍ പറഞ്ഞു: ഇത് (വേദ പണ്ഡിതന് മൊഴിഞ്ഞ) ഒരു അടയാളമാണ്.
ഞാന്‍ മടങ്ങി. മറ്റൊരിക്കല്‍ അല്പം ഭക്ഷണം ശേഖരിച്ചു. അപ്പോഴേക്കും പ്രവാചകന് ﷺ ക്വുബായില്‍നിന്ന് മദീന യിലേക്ക് താമസം മാറ്റിയിരുന്നു. ഞാന്‍ അവിടേക്ക് ചെന്ന് കൊണ്ട് പറഞ്ഞു: ‘ഞാന്‍ താങ്കള്‍ക്ക് സ്വദക്വഃ തന്നു. പക്ഷെ താങ്കള്‍ അത് ഭക്ഷിച്ചില്ല. ഇത് പാരിദോഷികമാണ്. ഇത് നല്കി താങ്കളെ ഞാന്‍ ആദരിക്കുന്നു. തിരുദൂതര്‍ ﷺ അതില്‍നി ന്ന് ഭക്ഷിച്ചു. അദ്ദേഹത്തോടൊപ്പം അനുചരന്മാരും ഭക്ഷിച്ചു.
ഞാന്‍ മനസ്സില്‍ പറഞ്ഞു: ഇത് (വേദ പണ്ഡിതന് മൊഴിഞ്ഞ) രണ്ടാമത്തെ അടയാളമാണ്.
മറ്റൊരിക്കല്‍ ഞാന്‍ പ്രവാചകന്റെ ﷺ അടുക്കല്‍ ചെന്നു. അദ്ദേഹം ബക്വീഅ് ക്വബ്റിസ്ഥാനില്‍ ഒരു അനുചരനെ മറമാടുന്ന ചടങ്ങിലായിരുന്നു. രണ്ട് പുതകള്‍ ധരിച്ച് അദ്ദേഹം അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേ ഹത്തിന് ചുറ്റും വട്ടമിട്ട് നടന്നു. വേദപണ്ഡിതന് വര്‍ണിച്ച പ്രവാചകത്വമുദ്ര അദ്ദേഹത്തിന്റെ മുതുകിലുണ്ടോ എന്ന് പരതുകയായിരുന്നു ഞാന്‍. അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്ന് പരതുന്നത് കണ്ടപ്പോള്‍ എന്തോ ഉറപ്പുവരുത്തുകയാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ പുത മുതുകില്‍ നിന്ന് നീക്കിയിട്ടു. ഞാന്‍ മുദ്ര കണ്ടു. എനിക്ക് അദ്ദേഹത്തെ മനസ്സിലായി. ഞാന്‍ അദ്ദേഹത്തിലേക്ക് കുനിഞ്ഞ് വീണു. അദ്ദേഹത്തെ ചുംബിച്ചു. എനിക്ക് കരച്ചിലടക്കാനായില്ല.
റസൂല്‍ ﷺ പറഞ്ഞു: അല്പം മാറിനില്കൂ. ഞാന്‍ മാറി നിന്ന് എന്റെ കഥ പറഞ്ഞു. അനുചരന്മാര് അത് കേള്‍ക്കണ മെന്നതില്‍ റസൂല്‍ ﷺ ഏറെ താല്പര്യം കാണിക്കുകയുണ്ടായി.
ഇസ്ലാമിന്റെ പുത്രനായി സല്മാന് رضي الله عنه ഏറെ നാളുകള്‍ ജീവിച്ചു. സത്യാന്വേഷണ തൃഷ്ണയായിരുന്നു അദ്ദേഹത്തില്‍ മികച്ചുനിന്ന സ്വഭാവമെന്ന് പരാമൃഷ്ട കഥ നമ്മോടോതുന്നു.
വിശ്വാസ ദൃഢതയും വിജ്ഞാനവും കൈമുതലാക്കി ജീവിച്ച സല്മാന് തികഞ്ഞ വിനയവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു. സല്മാന് رضي الله عنه രോഗബാധിതനായി മരണ ശയ്യയിലാണെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ സഅ്ദും رضي الله عنه ഇബ്നു മസ്ഊദും رضي الله عنه അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ സല്മാന് رضي الله عنه കണ്ണീരൊഴിക്കി. അവര്‍ ചോദിച്ചു: സല്മാന് رضي الله عنه താങ്കള്‍ എന്തിനാണ് കരയുന്നത്? അദ്ദേഹം പറഞ്ഞു: ‘ഭൗതിക ജീവിതത്തില്‍ നിങ്ങളുടെ സമ്പാദ്യം ഒരു പഥികന്റെ പാഥേയം കണക്കിന് മതി’യെന്ന തിരുനബി ﷺ യുടെ നമ്മോടുള്ള ഒസ്യത്ത് നാം പാലിച്ചുവോ എന്ന ആലോചനയാണ് എന്നെ കരയിപ്പിക്കുന്നത്. ഉഥ്മാന്റെ رضي الله عنه ഖിലാഫത്തില്‍ മദാഇന്‍ ദേശത്ത് വെച്ചായിരുന്നു ഈ സംഭവം. മരണശേഷം അദ്ദേഹം അവശേഷിപ്പിച്ച സമ്പാദ്യം എണ്ണിതിട്ടപ്പെടുത്തി.
ഇരുപത്തിമൂന്ന് ദിര്‍ഹം മാത്രമായിരുന്നു അത്.
പ്രപഞ്ച നാഥനായ അല്ലാഹു, തന്റെ പ്രീതി അദ്ദേഹത്തില്‍ സദാ കടാക്ഷിക്കുമാറാകട്ടേ..