നാം ഇഖ്‌ലാസ് ഉള്ളവരാണോ?

THADHKIRAH

നാം ഇഖ്‌ലാസ്  ഉള്ളവരാണോ?

-ശൈഖ് അബൂ മാലിക് അബ്ദുല്‍ ഹമീദ് അല്‍ ജുഹനി

(വിവ: മുഹമ്മദ് സിയാദ് കണ്ണൂർ)

അല്ലാഹു പറഞ്ഞു:

﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا﴾

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (സൂറ. ഫുർക്വാൻ : 23)

എന്തെന്നാല്‍, അല്ലാഹുവിന്‍റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ടല്ല അവര്‍ ഈ കര്‍മ്മങ്ങള്‍ ചെയ്തത്. അല്ലാഹുവിന്‍റെ വജ്ഹ് പ്രതീക്ഷിക്കാതെ ചെയ്യുന്ന മുഴുവന്‍ കര്‍മ്മങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്.

അപ്പോള്‍, അന്തിമമായി കര്‍മങ്ങള്‍ ചിതറിയ ധൂളിപോലെ ആയിത്തീരുമെങ്കില്‍ ഈ അദ്ധ്വാനത്തിന്‍റെയും ക്ഷീണത്തിന്‍റെയും പ്രയോജനമെന്താണ്?

അതിനാല്‍, ഓ കര്‍മ്മങ്ങള്‍ ചെയ്യുന്നവനേ! (ഓര്‍ക്കുക) ഇഖ്‌ലാസ് ! ഇഖ്‌ലാസ്! ഇഖ്‌ലാസുള്ളവന്‍റെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:

1.കര്‍മ്മങ്ങള്‍ പാഴാകാതിരിക്കുന്നതിനും അതിന്‍റെ പ്രതിഫലം കുറഞ്ഞു പോകാതിരിക്കുന്നതിനും വേണ്ടി കര്‍മ്മങ്ങള്‍ കൃത്യതയോടെയും നിഷ്ഠയോടെയുമാണെന്ന് അവന്‍ ഉറപ്പു വരുത്തും. അങ്ങനെ നബിചര്യക്കനുസൃതമായി സല്‍കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ട് അവന്‍ അല്ലാഹുവിലേക്ക് അടുക്കും.

2. അതൃപ്തിയോടും അവജ്ഞയോടും കൂടി അവന്‍ സ്വന്തത്തിലേക്ക് നിരന്തരം നോക്കിക്കൊണ്ടിരിക്കും. ഇതു കാരണം അവന് സ്വന്തത്തെ കുറിച്ച് വിസ്മയമുണ്ടാകുകയോ, സ്വന്തം കര്‍മ്മങ്ങളില്‍ വഞ്ചിതനാകുകയോ ഇല്ല. അല്ലാഹു അവനില്‍ നിന്നും അവന്‍റെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയില്ല എന്ന ഭയത്തോടു കൂടിയാണ് അവന്‍ കര്‍മ്മങ്ങള്‍ ചെയ്യുക.

3. സ്വന്തം കര്‍മ്മങ്ങളെ കുറിച്ച് അവന്‍ മറ്റുള്ളവരോട് പൊങ്ങച്ചം പറയുകയില്ല. അതല്ലെങ്കില്‍, അല്ലാഹുവോട് ചെയ്യുന്ന ഒരു ദാക്ഷിണ്യമായി അവന്‍ അതിനെ കാണുകയുമില്ല.

﴿بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِنْ كُنْتُمْ صَادِقِينَ﴾

പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (സൂറ. അൽ ഹുജുറാത്: 17)

4. ജനങ്ങളുടെ മുന്നില്‍ അവന്‍റെ കര്‍മ്മങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ അവന്‍ ഇഷ്ടപ്പെടുകയില്ല. താന്‍ ചെയ്ത കാര്യങ്ങള്‍ പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവ മറച്ചുവെക്കുന്നതാണ് അവന് ഇഷ്ടം.

ആരാധനാനിഷ്ഠയുള്ള സലഫുകളില്‍ പെട്ട ഒരാളായ അംറുബ്നുല്‍ ക്വൈസ് കരയാനുദ്ദേശിച്ചാല്‍ മതിലിന്‍റെ ഭാഗത്തേക്ക് തന്‍റെ മുഖത്തെ തിരിക്കുമായിരുന്നു. എന്നിട്ട് തന്‍റെ ആളുകളോട് പറയും: “ഇത് എനിക്ക് ബാധിച്ച ഒരു ജലദോഷം മാത്രമാണ്”.(الحلية: 9/119)

5. പ്രശംസയുടെയും മുഖസ്തുതിയുടെയും വിഷയത്തില്‍ വിരക്തി കാണിക്കുന്നവനാണ് (സാഹിദ്) അവന്‍. അവന്‍ അതിനെ ഇഷ്ടപ്പെടുകയോ അത് പ്രതീക്ഷിക്കുകയോ ചെയ്യുകയില്ല. സുഹ്ദ് (വിരക്തി) എന്നത് വെറും ഐഹിക വിഭവങ്ങളോടുള്ള വിരക്തി മാത്രമല്ല. പ്രത്യുത, ഏറ്റവും ശക്തമായ സുഹ്ദ് ജനങ്ങളുടെ പ്രശംസയോടും അവരുടെ സ്തുതിവചനങ്ങളോടുമുള്ള വിരക്തിയാണ്.

ജനങ്ങളുടെ പ്രശംസയും മുഖസ്തുതിയും പ്രതീക്ഷിക്കുന്ന എത്രയെത്ര സാഹിദുകളാണ് ഈ ദുനിയാവില്‍?! അല്ലാമുല്‍ ഗുയൂബ് (അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍) അല്ലാതെ മറ്റാരും അവരുടെ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിയുകയില്ല.

6. അവന്‍ പ്രശസ്തിയെ ഇഷ്ടപ്പെടുകയില്ല; പ്രശസ്തിക്ക് വേണ്ടി പരിശ്രമിക്കുകയുമില്ല. പ്രത്യുത, തന്‍റെ ഇഖ്‌ലാസിനെ അത് ദുഷിപ്പിക്കുമെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ അതില്‍ നിന്നും അവന്‍ നിരന്തരം ഓടിയകലും. ഇഖ്‌ലാസുള്ള എത്രയെത്ര സജീവ പ്രവര്‍ത്തകരെയാണ് പ്രശസ്തി ദുഷിപ്പിച്ചത്?! അങ്ങനെ, ജനങ്ങളുടെ പ്രീതിക്ക് പിന്നാലെ പോയി അല്ലാഹുവിന്‍റെ കോപം അവര്‍ ഏറ്റു വാങ്ങി.

അയ്യൂബ് അസ്സഖ്‌തിയാനി(റ) പറഞ്ഞു: അല്ലാഹുവാണെ! തന്‍റെ പദവിയെ കുറിച്ച് (ജനങ്ങള്‍) അറിയാതിരിക്കുന്നത് ഒരടിമയെ സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ അവന്‍ തന്‍റെ റബ്ബിനോട് സത്യസന്ധത പുലര്‍ത്തിയിട്ടില്ല.(الحلية: 3/6)

7. അവന്‍ ഇസ്‌ലാഹിനെ ഇഷ്ടപ്പെടുന്നു; നന്മ വ്യാപിക്കുന്നതിനെയും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് സഹസൃഷ്ടികള്‍ നിലകൊള്ളുന്നതിനെയും അവന്‍ ഇഷ്ടപ്പെടുന്നു: അത് അവനിലൂടെയായാലും അല്ലെങ്കിലും ശരി. എന്തെന്നാല്‍, അവന്‍ അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ, സ്വന്തത്തെ മഹത്വപ്പെടുത്തുന്നതിനോ, ജനങ്ങള്‍ക്കിടയില്‍ വല്ല പദവിയും പ്രതീക്ഷിച്ചു കൊണ്ടോ അല്ല.

ഇമാം ശാഫിഈ(റ) പറഞ്ഞു:  എനിക്കറിയാവുന്ന മുഴുവന്‍ ജ്ഞാനവും ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അതിന്‍റെ പേരില്‍ അവര്‍ എന്നെ പ്രശംസിക്കരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. (الحلية: 5/103)

8. തന്‍റെ പരിശ്രമങ്ങളും കീര്‍ത്തിയും അതിജയിക്കുന്നതിനായി  ദഅ’വത്തിന്‍റെയും ഇസ്ലാഹിന്‍റെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതരരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വില കുറച്ചു കാണുകയില്ല. അവന്‍ സത്യസന്ധനും ഇഖ്‌ലാസുള്ള  ഒരുവനുമാണെങ്കില്‍, ഇതരരുടെ ആ പരിശ്രമങ്ങള്‍ക്ക് ബര്‍കത്തിനായി തേടുകയും, അതിന്‍റെ ആളുകളെ പുകഴ്ത്തുകയും, അതില്‍ സന്തോഷിക്കുകയും ചെയ്യും. എന്നാല്‍, ലോകമാന്യന്‍ തന്‍റേതല്ലാത്ത ഒരു പ്രവൃത്തിയേയും പുകഴ്ത്താന്‍ തയ്യാറാവുകയില്ല.

ഇബ്‌നുൽ ജൗസി(റ) പറഞ്ഞു: താന്‍ തേടിപ്പോകുന്ന കാര്യം തനിക്ക് ലഭിക്കുകയില്ലെന്ന് ലോകമാന്യന്‍ മനസ്സിലാക്കണം. ഹൃദയങ്ങള്‍ അവനു നേരെ തിരിയണമെന്നാണ് അവന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇഖ്‌ലാസ് ഇല്ലാതാകുന്നതോടെ, ഹൃദയങ്ങളുടെ സ്നേഹം നിഷേധിക്കപ്പെടും; ഒരാളും അവനിലേക്ക് തിരിയുകയുമില്ല. ഇഖ്‌ലാസുള്ളവൻ  സ്നേഹിക്കപ്പെടും. കാണിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങള്‍ താന്‍ ധിക്കരിക്കുന്നവന്‍റെ (അല്ലാഹുവിന്‍റെ) കരങ്ങളിലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവന്‍ അത് ചെയ്യില്ലായിരുന്നു. (صيد الخاطر; പേ: 387)

9. വിമര്‍ശനങ്ങളില്‍ അവന്‍ തളരുകയില്ല. പ്രത്യുത, അത് അവന്‍ പരിശോധിക്കും. വിമര്‍ശനം വസ്തുതാപരമാണെങ്കില്‍, അവന്‍ പരസ്യമായി അതില്‍ നിന്നും ഖേദിച്ചു മടങ്ങുകയും വിമര്‍ശകന് നന്ദി പറയുകയും ചെയ്യും. വിമര്‍ശനം വസ്തുതാപരമല്ല; എങ്കിലും വിമര്‍ശകന്‍ ഗുണകാംക്ഷയുള്ളവനാണെങ്കില്‍, വിമര്‍ശിച്ചവന് പ്രയോജനമുണ്ടാകുന്ന വിധത്തില്‍, അവന്‍ തന്‍റെ നിലപാട് വിശദീകരിക്കുകയും തെളിവുകള്‍ വ്യക്തമാക്കിക്കൊടുക്കുകയും വളരെ നല്ല നിലയില്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും.

ഇനി വിമര്‍ശകന്‍ തര്‍ക്കിക്കുന്നവനും പിടിവാശിക്കാരനുമാണെങ്കില്‍, അവനില്‍ നിന്നും തിരിഞ്ഞു കളയുകയും അവനുമായി ഇടപഴകാതിരിക്കുകയും ചെയ്യും. ക്വുര്‍ആനില്‍ നിന്നാണ് ഈ ഒരു പെരുമാറ്റി രീതി അവന്‍ സ്വീകരിച്ചത്:

﴿وَأَعْرِضْ عَنِ الْجَاهِلِينَ﴾

നീ അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക (അഅ്റാഫ്: 199)

10. നന്നായി തയ്യാറെടുക്കുന്നതിനു മുമ്പായി മുന്‍നിരയിലേക്ക് വരാന്‍ അവന്‍ ധൃതി കാണിക്കുകയില്ല. ദുനിയാവിന്‍റെ ആളുകള്‍ക്കിടയില്‍ സ്ഥാനം ലഭിക്കുന്നതിനായി ഏതെങ്കിലും ഒരു പ്രത്യേക വിജ്ഞാനശാഖയില്‍ മാത്രം മുഴുകി അതിനേക്കാള്‍ ആവശ്യമായ മറ്റൊന്നിനെ അവന്‍ മാറ്റി നിര്‍ത്തുകയുമില്ല. ഖേദകരമെന്നു പറയട്ടെ, അതാണ് ഇന്ന് ചില യുവാക്കള്‍ക്കിടയില്‍ കണ്ടു വരുന്നത്.

ഹദീഥുകള്‍ക്ക് വളരെയധികം തഖ്‌രീജ് നല്‍കിക്കൊണ്ട് അവര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. എന്നാല്‍, അവരില്‍ പെട്ട ഒരാളോട് ശുദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു മസ്അലഃ ചോദിച്ചാല്‍ അതിന്‍റെ ഉത്തരം അവര്‍ക്ക് അറിഞ്ഞു കൊള്ളണമെന്നില്ല!

മറ്റൊരു കൂട്ടര്‍, വ്യക്തികളെ ആക്ഷേപിക്കുന്നതില്‍ മുഴുകിയവരാണ്. അതിലൂടെ തങ്ങള്‍ വിമര്‍ശകരും “ജര്‍ഹ് വത്തഅ്ദീല്‍” ന്‍റെ ആളുകളുമാണെന്ന് വാദിച്ചു കൊണ്ട് ജനങ്ങളുടെ ശ്രദ്ധ അവരിലേക്ക് തിരിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവരില്‍ ചിലര്‍ ക്വുര്‍ആന്‍ പോലും നേരാംവണ്ണം ഓതാന്‍ സാധിക്കാത്തവരായിരിക്കും!

ഇത്തരക്കാരുടെ അവസ്ഥ എത്ര ഖേദകരം!

11. ജനങ്ങള്‍ തന്നെ കുറിച്ച് മോശമായി സംസാരിക്കുകയോ അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്തു എന്നതിന്റെ പേരിൽ തന്‍റെ കര്‍മ്മങ്ങള്‍ അവന്‍ നിര്‍ത്തി വെക്കുകയില്ല. കാരണം, അവര്‍ക്ക് വേണ്ടിയല്ല, അല്ലാഹുവിന് വേണ്ടിയാണ് അവന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അതു കൊണ്ട് തന്നെ ആര് വെറുത്താലും അല്ലാഹുവിന്‍റെ ആജ്ഞയിലും തൃപ്തിയിലുമായി അവന്‍ തന്‍റെ കര്‍മ്മങ്ങളില്‍ നിലയുറപ്പിക്കും.

അതു പോലെ തന്നെ, തന്നില്‍ നിന്നും പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നതും കൂടുന്നതും ഒരു നിലക്കും അവനെ ബാധിക്കുകയില്ല. എന്തെന്നാല്‍, അവന്‍ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണ് ക്ഷണിക്കുന്നത്; അതല്ലാതെ, സ്വന്തത്തിലേക്കല്ല ക്ഷണിക്കുന്നത്.

ഫുദൈല്‍ ഇബ്‌നു ഇയാദിന്‍റെ മകനായ അലി പിതാവിനോട് പറഞ്ഞു: എന്‍റെ പിതാവേ, മുഹമ്മദ് നബി(സ)യുടെ സ്വഹാബികളുടെ സംസാരം എത്ര മധുരതരമാണ്! ഫുദൈല്‍ ഇബ്‌നു ഇയാദ് പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, അതു മധുരതരമാകാനുള്ള കാരണം നിനക്കറിയുമോ? അലി പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: കാരണം, അവര്‍ അതു മുഖേന അല്ലാഹുവിനെയാണ് ലക്ഷ്യം വെച്ചത്. (الحلية: 10/23)

(സൗദി അറേബ്യയിലെ യാമ്പുവില്‍ ഉമറുബ്‌നുൽ ഖത്വാബ് മസ്‌ജിദിൽ ഖത്വീബായിരുന്നു ലേഖകന്‍. ലേഖനത്തിന്‍റെ അറബിയിലുള്ള മൂലം താഴെ കൊടുത്ത ലിങ്കിൽ നിന്നായിരുന്നു എടുത്തിരുന്നത്. ഇന്ന് ആ സൈറ്റ് ലഭ്യമല്ല. http://abumalik.net/play.php?catsmktba=1584)

Leave a Reply

Your email address will not be published.

Similar Posts