ശൈഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്ഠ സംക്ഷിപ്ത ചരിത്രം

THADHKIRAH

ശൈഖ് അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് അത്തമീമി എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. അബൂഹുസെയ്ൻ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. ഹിജ്റ 1115ൽ (കൃസ്താബ്ദം1703 ൽ) ‘നജ്ദി’ലെ റിയാദിനടുത്തുള്ള ‘ഉയയ്നയി’ൽ അദ്ദേഹം ഭൂജാതനായി.
തന്റെ പിതാവ് അബ്ദുൽവഹ്ഹാബ് ഇബ്നു സുലയ്മാനോടൊപ്പം വിജ്ഞാനം നിറഞ്ഞുനിന്ന വീട്ടിലാണ് അദ്ദേഹം തന്റെബാല്യംചിലവഴിച്ചത്. പിതാവിനുമുന്നിൽ തഫ്സീറിലേയും ഹദീഥിലേയും ഹമ്പലീഫിക്വ്ഹിലേയും പ്രാഥമികപാഠങ്ങൾ ഓതിപ്പഠിച്ച അദ്ദേഹം തന്റെ പത്താം വയസ്സിൽ ക്വുർആൻ മനഃപാഠമാക്കി. പ്രാഥമികപഠനം നജ്ദിൽ പൂർത്തിയാക്കിയ ശൈഖ്, ഹിജാസിൽ (മക്കയിലും മദീനയിലും) താമസിച്ചുകൊണ്ട് തന്റെ പഠനം തുടർന്നു. ഇറാക്ക്വിലെ ബസ്വറ, ബാഗ്ദാദ്, മൗസ്വിൽ എന്നി സ്ഥലങ്ങളിൽ മാറിമാറി വിജ്ഞാനം അഭ്യസി ച്ചിട്ടുണ്ടണ്ട്.
തൗഹീദ് മനസ്സിലാക്കുന്നതിലും സാക്ഷാൽക്കരിക്കുന്നതിലും തൗഹീദിന് പൊരുത്തപ്പെടാത്ത കാര്യങ്ങൾ ഗ്രഹിക്കുന്നതിലും വലിയ കഴിവ് നൽകപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. സഊദ് കുടുംബത്തിന്റെ തലസ്ഥാനമായിരുന്ന ദർഇയ്യ (ദേര)യെ ഹിജ്റ 1139 മുതൽ 1179 വരെ ഭരിച്ചിരുന്ന സഊദ് കുടുംബത്തിലെ അമീർ മുഹമ്മദ് ഇബ്നു സഊദ്  യും അദ്ദേഹത്തിന്റെ പുത്രൻ അമീർ അബ്ദുൽഅസീസ് ഇബ്നു മുഹമ്മദും ശൈഖിന്റെ പ്രബോധന പ്രവർത്തനത്തെ നന്നായി ശക്തിപ്പെടുത്തി. അതിനാൽതന്നെ തന്റെ നാടിനേയും ജനതയേയും ഗ്രസിച്ച വിശ്വാസവൈകല്യങ്ങൾ അറിഞ്ഞു മനസ്സിലാക്കിയ അദ്ദേഹം ഉണർന്നുപ്രവർത്തിച്ചു. ശിർക്കിനെതിരിൽ അക്ഷീണ അവിശ്രമ പരിശ്രമം നടത്തിയ അദ്ദേഹം അറേബ്യയുടെ ചരിത്രം തിരുത്തി തൗഹീദിന്റെ ചരിത്രമാക്കി. അറേബ്യക്കപ്പുറം ഇന്ത്യ, ഇറാക്വ്, ഈജിപ്ത്, സിറിയ, പശ്ചിമാഫ്രിക്കൻ നാടുകൾ തുടങ്ങി ദ്വിഗന്ദങ്ങളിലേക്കെന്നപോലെ അദ്ദേഹത്തിന്റെ ദഅ്വത്ത് വ്യാപിച്ചു. ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസ് ശൈഖിന്റെ പ്രബോധനമേഖല ചുരുക്കി വിവരിച്ചത് ഇപ്രകാരമാണ്: “നിശ്ചയം, ഇമാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്, അല്ലാഹുവിന്റെ ദീനിനെ ലോകർക്ക് വെളിപ്പെടുത്തികാണിക്കുവാനും, തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനും ജനങ്ങൾ എത്തിപ്പെട്ട ബിദ്അത്തുകളേയും ഖുറാഫാത്തുകളേയും എതിർക്കുവാനുമാണ് പ്രബോധകനായി എഴുന്നേറ്റുനിന്നത്. അദ്ദേഹം സത്യം ജനങ്ങളെ അംഗീകരിപ്പിക്കുകയും ബാത്വിലിൽനിന്ന് അവരെ അകറ്റുകയും ചെയ്തു. അപ്രകാരം അദ്ദേഹം നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു”.
കറകളഞ്ഞ തൗഹീദ് പ്രബോധനം നടത്തുക, വിശുദ്ധ ക്വുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക, അഹ്ലു സുന്നത്തിന്റെ ആദർശത്തിൽ നിന്നും കാലചംക്രമണത്തിൽ തേഞ്ഞുമാഞ്ഞുപോയ ആശയാദർശങ്ങളെ പുനരുജ്ജീവിപ്പിക്കുക,… തുടങ്ങിയ മഹത്തായകാര്യങ്ങൾ ദഅ്വത്ത് നടത്തിയ ശൈഖിന്റെ പ്രബോധന പ്രവർത്തനത്തെ “വഹ്ഹാബിയ്യത്ത്’ (വഹ്ഹാബിസം) എന്നാണ് ശത്രുക്കൾ തെറ്റായി വിളിച്ചത്. വഹ്ഹാബിയ്യത് (വഹ്ഹാബിസം) എന്നത് ശത്രുക്കളുടെ തെറ്റായ നാമകരണമാണ്. ശൈഖ് പ്രസ്തുത പേരിൽ പുതിയ ഒരു പാർട്ടിയുണ്ടാക്കി അതിലേക്ക് ആളുകളെ സംഘടിപ്പിക്കുകയായിരുന്നില്ല. അല്ലാഹു  വിശുദ്ധക്വുർആനിൽ വിവരിച്ച സച്ഛരിതരായ പൂർവ്വികരുടെ വഴിയിൽചലിച്ച മഹാന്മാരിൽ ഒരാളായിരുന്നു ശൈഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് എന്ന യാഥാർത്ഥ്യമാണ് അദ്ദേഹത്തിന്റെ ചരിത്രം നമ്മെ അറിയിക്കുന്നത്.
വിനയത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം. സത്യം തുറന്നുപറയുന്ന വിഷയത്തിൽ അദ്ദേഹം ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയന്നിരുന്നുമില്ല. അദ്ദേഹത്തിന്റെ സദസ്സുകൾ മുഴുവനും വിജ്ഞാനത്തിന്റേതായിരുന്നു. ധാരാളം പണ്ഡിതന്മാരേയും ക്വാദിമാരേയും നേതാക്കളേയും അദ്ദേഹം വാർത്തെടുത്തു. അനുഗ്രഹീതമായ ഒരു തൂലികയുടെ ഉടമയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങളും ലഘുരചനകളും അദ്ദേഹം അനന്തരമാക്കിയിട്ടുണ്ട്. റിയാദിലെ ജാമിഅതുൽ ഇമാം യൂനിവേഴ്സിറ്റി ശൈഖിന്റെ ഗ്രന്ഥങ്ങളും രചനകളും ഒമ്പതുവാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിജ്റവർഷം 1206 ൽ റിയാദിലെ ‘ദർഇയ്യ’യിൽ അദ്ദേഹം മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ‘ദർഇയ്യ’യിൽ തന്നെ അദ്ദേഹം മറമാടപ്പെട്ടു. അല്ലാഹു  അദ്ദേഹത്തിന് മഗ്ഫിറതും മർഹമതും പ്രദാനം ചെയ്യുമാറാകട്ടെ…..

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾‏

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു”   (വി. ക്വു. 59: 10)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts