അദ്ദാസ് സത്യം കണ്ടപ്പോൾ !!!

THADHKIRAH

നബി തിരുമേനി ‎ﷺ യുടെ സംരക്ഷകനായിരുന്ന പിതൃവ്യൻ അബൂത്വാലിബിന്റേയും പ്രിയ പത്നി ഖദീജ رَضِيَ اللَّهُ عَنْها  യുടേയും മരണം ഒരേ വർഷം അടുത്തടുത്ത നാളുകളിലായിരുന്നു. തിരുമേനിയുടെ ദുഃഖ വർഷം. കാരണം, വേർപിരിഞ്ഞ രണ്ട് പേരും തനിക്ക് താങ്ങും തണലുമായിരുന്നു. അതോടെ ബഹുദൈവ വിശ്വാസികൾ ഉപദ്രവങ്ങൾക്ക് കാഠിന്യം കൂട്ടി. താൻ ജനിച്ച് കളിച്ച് വളർന്ന തന്റെ നാട്ടിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ താങ്ങാവുന്നതിലും അധികമായപ്പോൾ തിരുമേനി മക്കയിൽനിന്ന് പാലായനം ചെയ്യുവാൻ തീരുമാനിച്ചു. ത്വാഇഫിലേക്കാണ് അദ്ദേഹം കണ്ണുനട്ടത്. ആ നാട്ടുകാരിൽ നല്ല പ്രതീക്ഷകളോടെ അദ്ദേഹം കാൽനടയായി യാത്ര തിരിച്ചു.
ത്വാഇഫിലെത്തിയ തിരുമേനി, അവരിലെ ഉത്തരവാദപ്പെട്ടവരോട് തന്റെ ദൗത്യ നിർവ്വഹണത്തിന് തന്നെ സഹായിക്കണമെന്നും തനിക്ക് അഭയം നൽകണമെന്നും കേണപേക്ഷിച്ചിട്ടും അവർ കനിഞ്ഞില്ല. പത്ത് നാളുകൾ അവരുടെ പടിമുറ്റങ്ങളിൽ അഭയാർത്ഥിയായി യാചിച്ചതിന് അവർ നൽകിയ കൈ മടക്ക് പരിഹാസങ്ങളും കുത്തുവാക്കുകളും മാത്രമായിരുന്നു. “മുഹമ്മദ്, നീ ഞങ്ങളുടെ നാട് വിട്ട് പൊയ്കൊള്ളുക” ചിലരൊക്കെ ഇപ്രകാരം ഗർജ്ജിച്ചു. അവസാന സേവന(?)മെന്നോണം അവർ, അവിവേകികളേയും അടിമകളേയും അദ്ദേഹത്തിനെതിരിൽ പ്രലോഭിപ്പിച്ച് ഇളക്കിവിട്ടു. ആക്ഷേപങ്ങൾ, കല്ലേറുകൾ, കളിയാക്കിക്കൂവൽ, തുടങ്ങിയ മുറകൾ അവർ പുറത്തെടുത്തതോടെ അദ്ദേഹം പ്രണനും കൊണ്ടോടി. അവർ കൂക്കി വിളിച്ച് പിറകേയും. ഓടുവാൻ ഉയർത്തുന്ന ഓരോ കാലും നോക്കി വഴിവക്കിൽ കല്ലുകളുമായി കാത്തു നിന്നവർ തിരുമേനിയെ എറിഞ്ഞു. ഇരു കാലുകളിലും മുറിവുകൾ വീണു. രക്തം വാർന്നൊലിച്ചു.
വാരകൾക്കപ്പുറം ഒരു മതിലിനുള്ളിലെ തോട്ടത്തിൽ തിരുമേനി തൽകാലം രക്ഷപ്രാപിച്ചു. ത്വാഇഫുകാർ ഏറും കൂവും മതിയാക്കി മടങ്ങി. മക്കയിൽ തന്റെ ബദ്ധവൈരികളായ ഉത്ബയുടേയും ശെയ്ബയുടേയുമായിരുന്നു ആ തോട്ടം. അവർ സ്ഥലത്തുണ്ടായിരുന്നു. തിരുമേനിയുടെ നിണമണിഞ്ഞ കാലുകളും വിറക്കുന്ന ശരീരവും പ്രാർത്ഥനാമയമായ ചുണ്ടുകളും അവരെപ്പോലും അലിവുള്ളവരാക്കി. തങ്ങളുടെ ഭൃത്യൻ അദ്ദാസിനോട് ഒരു താലത്തിൽ കുറേ മുന്തിരിയെടുത്ത് തിരുമേനിക്ക് കൊടുക്കുവാനും അത് കഴിക്കുവാൻ ആവശ്യപ്പെടുവാനും അവർ കൽപ്പിച്ചു.
മുന്തിരിയെടുക്കുവാൻ പാത്രത്തിൽ കൈ വെച്ച തിരുമേനി “ബിസ്മില്ലാഹ്” ചൊല്ലി അതിൽനിന്ന് ഭക്ഷിച്ചു.
അദ്ദാസ് തിരുമേനിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ശേഷം പറഞ്ഞു: അല്ലാഹുവാണെ, ഈ വാക്ക് ഈ നാട്ടുകാർ പറയാറില്ലല്ലോ.
തിരുമേനി: അദ്ദാസ്, താങ്കൾ ഏത് നാട്ടുകാരനാണ്? ഏത് മതവിശ്വാസിയാണ്?
അദ്ദാസ്: ഞാൻ നീനവാ ദേശത്തുകാരനാണ്. ക്രിസ്ത്യാനിയും.
തിരുമേനി: പുണ്യപുരുഷൻ യൂനുസ് ഇബ്നു മത്തായുടെ നാട്ടിൽ നിന്നാണോ?
അദ്ദാസ്: യൂനുസ് ഇബ്നു മത്തായെ കുറിച്ച് താങ്കൾക്ക് എന്തറിയാം?
തിരമേനി: യൂനുസ് ഇബ്നു മത്താ എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനാണ്. ഞാനും പ്രവാചകനാണ്.
അതോടെ അദ്ദാസ് തിരുമേനിയെ ആലിംഗനം ചെയ്തു. ശിരസ്സിലും കൈകാലുകളിലും തുരുതുരാ ചുംബിച്ചു. അദ്ദാസ് പറഞ്ഞു: “താങ്കൾ അല്ലാഹുവിന്റെ തിരുദാസനും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.”
രംഗം വീക്ഷിക്കുകയായിരുന്ന ഉത്ബയും ശെയ്ബയും അടക്കം പറഞ്ഞു: നമ്മുടെ ഭൃത്യനേയും മുഹമ്മദ് കേടാക്കി.
അദ്ദാസ് തിരിച്ചുവന്നപ്പോൾ അവർ രണ്ടുപേരും പറഞ്ഞു: അദ്ദാസ്, നിനക്ക് നാശം. അയാളുടെ ശിരസ്സിലും കൈ കാലുകളിലും ചുംബിക്കുവാൻമാത്രം നിനെക്കെന്ത് പറ്റി?
അദ്ദാസ്: യജമാനരേ, ഈ ഭൂമിയുടെ പരപ്പിൽ ആ മനുഷ്യനോളം ശ്രേഷ്ഠമായ യാതൊന്നുമില്ല. ഒരു പ്രവാചകനല്ലാതെ മറ്റാർക്കും അറിയാത്ത കാര്യങ്ങളാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ഉത്ബയും ശെയ്ബയും: അദ്ദാസ്, നിനക്ക് നാശം. നിന്റെ മതത്തിൽനിന്ന് അയാൾ നിന്നെ തെറ്റിക്കാതിരിക്കട്ടെ. നിന്റെ മതം അയാളുടെ മതത്തേക്കാൾ ഉത്തമമാണ്.
ഉപരി സൂചിത സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമുണ്ടായ ബദർ യുദ്ധത്തിൽ തങ്ങളുടെ പക്ഷത്തുനിന്ന് യുദ്ധം ചെയ്യുവാൻ ഉത്ബയും ശെയ്ബയും അദ്ദാസിനോട് ആവശ്യപ്പെട്ടത് ചരിത്രത്തിൽ കാണാം.
അദ്ദാസ് അവരോട് പറഞ്ഞു: മുമ്പ് നിങ്ങളുടെ തോട്ടത്തിൽ ഞാൻ കണ്ട ആ വ്യക്തിയോടാണോ യുദ്ധം ചെയ്യുന്നത്? അല്ലാഹുവാണേ, പർവ്വതങ്ങൾ പോലും അദ്ദേഹത്തോട് എതിരിട്ട് നിൽക്കുകയില്ല.
ഉത്ബയും ശെയ്ബയും പ്രതികരിച്ചു: അദ്ദാസ്, നിനക്ക് നാശം. മുഹമ്മദിന്റെ സംസാരം തീർത്ത മാസ്മരിക വലയ ത്തിൽ നീയും അകപ്പെട്ടിരിക്കുന്നു.

“നാം (മുമ്പ്) വേദഗ്രന്ഥം നൽകിയിട്ടുള്ളതാർക്കാണോ അവർ നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ക്വുർആനിൽ) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തിൽ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാൻ ആരാധിക്കണമെന്നും, അവനോട് ഞാൻ പങ്കുചേർക്കരുത് എന്നും മാത്രമാണ് ഞാൻ കൽ പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts