ഹിറോക്ലിയസ് സത്യം അന്വേഷിക്കുന്നു…

THADHKIRAH

പ്രവാചകൻ മുഹമ്മദ് ‎ﷺ, അബൂസുഫ്യാനോടും ക്വുറൈശികളിലെ ബഹുദൈവവിശ്വാസികളോടും യുദ്ധമില്ലാ കരാറിലായിരുന്ന കാലം, മക്കയിൽനിന്ന് സിറിയയിലേക്ക് കച്ചവടത്തിന് പോയ ഒരു സംഘത്തിൽ അബൂസുഫ്യാൻ ഉണ്ടായിരുന്നു. ഹിറോക്ലിയസ് രാജാവ് അബൂസുഫ്യാനെ ക്ഷണിക്കുവാൻ ആളെവിട്ടു. ഈലിയാ പട്ടണത്തിൽ അവർ അദ്ദേഹവുമായി സന്ധിച്ചു. ഹിറോക്ലിയസിന് ചുറ്റും റോമൻ അധിപന്മാർ സ്ഥലം പിടിച്ചു. ഹിറോക്ലിയസ് തന്റെ സദസ്സിലേക്ക് അവരെയെല്ലാം ക്ഷണിച്ചിരുത്തി. അവർക്കൊപ്പം അറബി ഭാഷ പരിഭാഷപ്പെടുത്തുന്നവരേയും ക്ഷണിച്ചു. 
അദ്ദേഹം ചോദിച്ചു: പ്രവാചകനാണെന്ന് വാദിക്കുന്ന വ്യക്തിയോട് അടുത്ത കുടുംബബന്ധമുള്ളവർ നിങ്ങളിൽ ആരാണ്? 
അബൂസുഫ്യാൻ പറഞ്ഞു: ഞാനാണ് അദ്ദേഹത്തിന്റെ അടുത്തബന്ധു. 
ഹിറോക്ലിയസ് രാജാവ് തന്റെ പരിചാരകരോട് പറഞ്ഞു: ആയാളെ എന്നിലേക്ക് അടുപ്പിച്ച് നിർത്തുക. കൂടെയുള്ളവരെ അയാളുടെ പിന്നിലും നിർത്തുക. 
ശേഷം രാജാവ് പരിഭാഷകനോട് പറഞ്ഞു: പിന്നിൽ നിൽക്കുന്നവരോട് പറയുക, ഞാൻ ഇയാളോട് ആ പ്രവാചകനെക്കുറിച്ച് ചോദിക്കും. കള്ളമാണ് പറയുന്നതെങ്കിൽ; അയാൾ കള്ളമാണ് പറയുന്നതെന്ന് അവർ പറയണം. 
അബൂസുഫ്യാൻ പറഞ്ഞു: അല്ലാഹുവാണേ, അവർ എന്നെ കള്ളനാക്കുമല്ലോ എന്ന് ഞാൻ ലജ്ജിച്ചില്ലായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ കളവ് പറഞ്ഞേനെ. 
രാജാവ് ചോദ്യം തുടങ്ങി. ആദ്യമായി ചോദിച്ചു: ആ പ്രവാചകന്റെ കുടുംബം എങ്ങനെയുള്ളതാണ്? 
ഞാൻ പറഞ്ഞു: അദ്ദേഹത്തിന്റെ കുടുംബം മാന്യതയുള്ള കുടുംബമാണ്. 
രാജാവ്: അദ്ദേഹം പറയുന്ന കാര്യങ്ങൾ നിങ്ങളിൽ മുമ്പ് വല്ലവരും പറഞ്ഞിട്ടുണ്ടോ? 
ഞാൻ പറഞ്ഞു: ഇല്ല. 
രാജാവ്: അദ്ദേഹത്തിന്റെ പ്രപിതാക്കളിൽ ആരെങ്കിലും രാജാക്കന്മാരായിരുന്നോ? 
അബൂസുഫ്യാൻ: ഇല്ല. 
രാജാവ്: ജനങ്ങളിൽ പ്രമാണിമാരാണോ അതല്ല ദുർബലരാണോ അദ്ദേഹത്തെ പിൻപ്പറ്റുന്നത്? 
അബൂസുഫ്യാൻ: ജനങ്ങളിൽ ദുർബലരാണ് അദ്ദേഹത്തെ പിൻപ്പറ്റുന്നത്. 
രാജാവ്: അവരുടെ എണ്ണം കൂടുകയാണോ അതല്ല കുറയുകയാണോ? 
അബൂസുഫ്യാൻ: അവരുടെ എണ്ണം കൂടുകയാണ്. 
രാജാവ്: ഇസ്ലാം ആശ്ലേഷിച്ചശേഷം വല്ലവരും അതിനെ വെറുത്ത് മതപരിത്യാഗികളാകുന്നുണ്ടോ? 
അബൂസുഫ്യാൻ: ഇല്ല. 
രാജാവ്: അദ്ദേഹം ഈ കാര്യങ്ങൾ സംസാരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ കളവ് പറയുന്നവനായി നിങ്ങൾ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ? 
അബൂസുഫ്യാൻ: ഇല്ല. 
രാജാവ് : അദ്ദേഹം ചതിപ്രയോഗം നടത്താറുണ്ടോ? 
അബൂസുഫ്യാൻ: ഇല്ല. എന്നാൽ ഇപ്പോൾ ഞങ്ങൾ അയാളുമായി ഒരു ഉടമ്പടിയിലാണ്. അതിൽ അയാൾ എന്ത് ചെയ്യുമെന്ന് അറിയില്ല. (അബൂസുഫ്യാൻ പറഞ്ഞു:) മുഹമ്മദി ‎ﷺ നെതിരിൽ ഈയൊരു വാചകമല്ലാതെ ഒന്നും പറയുവാൻ എനിക്കായില്ല. 
രാജാവ്: നിങ്ങൾ അദ്ദേഹത്തോട് യുദ്ധത്തിലേർപ്പെട്ടിട്ടുണ്ടോ? 
അബൂസുഫ്യാൻ: അതെ. 
രാജാവ്: അദ്ദേഹത്തോടുള്ള നിങ്ങളുടെ യുദ്ധം എങ്ങിനെയായിരുന്നു? 
അബൂസുഫ്യാൻ: യുദ്ധം ഞങ്ങൾക്കിടയിൽ ഊഴമൊത്താണ്. അദ്ദേഹം ഞങ്ങളേയും ഞങ്ങൾ അദ്ദേഹത്തേയും പരാജയപ്പെടുത്താറുണ്ട്. 
രാജാവ്: അദ്ദേഹം എന്താണ് നിങ്ങളോട് കൽപ്പിക്കുന്നത്? 
അബൂസുഫ്യാൻ: “നിങ്ങൾ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം. അവനിൽ ഒന്നിനേയും പങ്കുചേർക്കരുത്. നിങ്ങളുടെ പൂർവ്വികർ പറയുന്ന തെറ്റുകൾ നിങ്ങൾ കയ്യൊഴിക്കുക. കൂടാതെ, നമസ്കരിക്കുവാനും ദാനം നൽ കുവാനും പരിശുദ്ധിപ്രാപിക്കുവാനും ബന്ധങ്ങൾ നല്ലരീതിയിലാക്കുവാനും അദ്ദേഹം ഞങ്ങളോട് കൽപ്പിക്കുന്നു.
ശേഷം രാജാവ് പരിഭാഷകനിലൂടെ തന്റെ മൊഴികൾ അബൂസുഫ്യാനേയും കൂട്ടുകാരേയും ഇപ്രകാരം കേൾപ്പിച്ചു: 
“അബൂസുഫ്യാൻ, താങ്കളോട് ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു: മാന്യമായ കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന് താങ്കൾ പ്രതികരിച്ചു. അതെ, ഈശ്വര പ്രേഷിതരായ ദൂതന്മാർ മാന്യമായ തറവാടുകളിൽ നിന്നാണ് നിയോഗിക്കപ്പെടുക. 
താങ്കളോട് ഈ വർത്തമാനങ്ങൾ മുമ്പ് വല്ലവരും പറഞ്ഞിരുന്നുവോ എന്ന് ചോദിച്ചപ്പോൾ, താങ്കൾ ഇല്ല എന്ന് പ്രതികരിച്ചു. അതെ, വല്ലവരും അദ്ദേഹത്തിന് മുമ്പ് ഇപ്രകാരം പറഞ്ഞിരുന്നുവെങ്കിൽ തന്റെ മുമ്പ് പറഞ്ഞവരെ അനുകരിച്ച് പറയുകയാണദ്ദേഹം എന്ന് പറയാമായിരുന്നു. 
താങ്കളോട്, അദ്ദേഹത്തിന്റെ പിതാക്കളിൽ വല്ലവരും രാജാക്കന്മാരായിരുന്നുവോ എന്ന് ചോദിച്ചു. ഇല്ലെന്ന് താങ്കൾ പ്രതികരിച്ചു. അതെ, പിതാക്കളിൽ വല്ലവരും രാജാക്കന്മാരായിരുന്നുവെങ്കിൽ തന്റെ പിതാമഹന്റെ രാജപദവി താൽപ്പര്യപ്പെടു കയാണദ്ദേഹം എന്ന് പറയാമായിരുന്നു. 
അദ്ദേഹത്തെ കളവ് പറയുന്നവനായി നിങ്ങൾ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ താങ്കൾ ഇല്ലെന്ന് പറഞ്ഞു. ജനങ്ങളെ കുറിച്ച് വ്യാജം പറയാത്തവൻ അല്ലാഹുവെ കുറിച്ച് കളവ് പറയുകയില്ലെന്ന് ഞാൻ തീർ ച്ചയായും മനസ്സിലാക്കുന്നു. 
ജനങ്ങളിൽ പ്രമാണിമാരാണോ അതല്ല ദുർബലരാണോ അദ്ദേഹത്തെ പിൻപ്പറ്റുന്നതെന്ന് ഞാൻ ചോദിച്ചു. ദുർ ബലരാണെന്ന് താങ്കൾ പ്രതികരിച്ചു. അതെ, ജനങ്ങളിൽ ദുർബലരാണ് നബിപുങ്കവന്മാരുടെ അനുയായികൾ. 
അവരുടെ എണ്ണം കൂടുകയാണോ അതല്ല കുറയുകയാണോ എന്ന് ഞാൻ താങ്കളോട് ചോദിച്ചു. കൂടുകയാണെന്ന് താങ്കൾ പറഞ്ഞു.  വിശ്വാസത്തിന്റെ കാര്യം അപ്രകരമാണ്. അത് പൂർത്തിയാകുന്നതുവരെ അനുയായികൾ വർദ്ധിച്ചുകൊണ്ടിരിക്കും. 
ഇസ്ലാം അശ്ലേഷിച്ചവർ മതപരിത്യാഗികളാകുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ലായെന്ന് താങ്കൾ പറഞ്ഞു. അതെ, ഈമാനിന്റെ മാധുര്യം ഹൃദയത്തിൽ കലർന്നാൽ അപ്രകാരമാണ്. 
അദ്ദേഹം ചതിപ്രയോഗം നടത്താറുണ്ടോ എന്ന് ഞാൻ ചോദിച്ചു. താങ്കൾ ഇല്ലെന്ന് പ്രതികരിച്ചു. അപ്രകരമാണ് ദൂതന്മാർ അവർ ചതിക്കുകയില്ല. 
അദ്ദേഹം നിങ്ങളോട് എന്ത് കൽപിക്കുന്നു എന്ന് ഞാൻ ചോദിച്ചു: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അവനിൽ ഒന്നിനേയും പങ്കുചേർക്കരുതെന്നും അദ്ദേഹം കൽപിക്കുന്നു, വിഗ്രഹാരാധന അദ്ദേഹം വിരോധിക്കുന്നു, കൂടാതെ, നമസ്കരിക്കുവാനും ദാനം നൽകുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങൾ നല്ലരീതിയിലാക്കുവാനും അദ്ദേഹം ഞങ്ങളോട് കൽപ്പിക്കുന്നു, എന്നെല്ലാം താങ്കൾ പറഞ്ഞു. 
അബൂസുഫ്യാൻ, താങ്കൾ മൊഴിയുന്നത് സത്യമാണെങ്കിൽ എന്റെ പാദങ്ങൾ വെച്ച ഈ സ്ഥലം അദ്ദേഹം തീർച്ചയായും ഉടമപ്പെടുത്തും. ആഗതനാകാൻ പോകുന്ന ഒരു പ്രവാചകനെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. പക്ഷെ, അദ്ദേഹം നിങ്ങളിൽ നിന്നാണെന്ന് ഞാൻ നിനച്ചില്ല. അദ്ദേഹത്തിലേക്ക് എത്തിപ്പെടുവാൻ എനിക്കായിരുന്നുവെങ്കിൽ ഏത് ദുർഘടം താണ്ടിയും ഞാൻ അദ്ദേഹവുമായി സന്ധിക്കുമായി രുന്നു. അദ്ദേഹത്തിനരികിലായിരുന്നു ഞാനെങ്കിൽ ആ തൃപ്പാദങ്ങൾ ഞാൻ കഴുകുമായിരുന്നു.
ശേഷം ഹിറോക്ലിയസ്, മുഹമ്മദ് നബി ‎ﷺ ദിഹ്യ്യതുൽ കൽബിയിലൂടെ അയച്ച കത്ത് നൽകുവാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് തുറന്ന് വായിക്കുകയും ചെയ്തു: “പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ, അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് റോമാ സാമ്രാജ്യത്തിന്റെ മഹാരാജാവായ ഹിറോക്ലിയസിന് എഴുതുന്നത്: സന്മാർഗ്ഗം പിൻപറ്റിയവർക്ക് സമാധാനമുണ്ടാകട്ടേ… ഞാൻ താങ്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാം സ്വീകരിച്ചാൽ താങ്കൾ രക്ഷപ്പെടും. ഇസ്ലാമിനോട് വിമുഖനായാൽ കർഷകരുടെ (അനുയായികളുടെ) കൂടി പാപഭാരം താങ്കൾ പേറേണ്ടി വരും. “വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കു മിടയിൽ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കു കയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനുപുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ മുസ്ലിംകളാണ് എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക” 
അബൂസുഫ്യാൻ പറയുന്നു: ഹിറോക്ലിയസ് സംസാരം നിർത്തുകയും കത്ത് വായന അവസാനിപ്പിക്കുകയും ചെയ്തപ്പോൾ രംഗം ബഹളമയമായി.  ഞങ്ങൾ പുറത്താക്കപ്പെട്ടു. ഞാൻ കൂട്ടുകാരോട് പറഞ്ഞു: “റോമൻ ചക്രവർത്തി ഭയക്കുമാറ് മുഹമ്മദിന്റെ മഹത്വം ഉയർന്നിരിക്കുന്നു”
ഒരിക്കൽ ഹിറോക്ലിയസ്, നിയോഗിതനായ പ്രവാചകൻ പരിച്ഛേദന ഏറ്റ വ്യക്തിയാണോ എന്ന് അന്വേഷിക്കുവാൻ ആളെ നിയോഗിച്ചു. പ്രവാചകൻ പരിച്ഛേദന എറ്റ വ്യക്തിയാണെന്നും പരിച്ഛേദന ഏൽക്കുന്നവരാണ് അറബികൾ എന്നും അവർ അദ്ദേഹത്തിന് മൊഴിനൽകി. അപ്പോൾ ഹിറോക്ലിയസ് പറഞ്ഞു: “അദ്ദേഹം ഈ സമൂഹത്തിന്റെ അധിപനാകുന്നു; അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നു”
തുടർന്ന് ഹിറോക്ലിയസ് റൂമിയ്യഃ ദേശത്തെ തന്റെ ഒരു സുഹൃത്തിന് ഇപ്രകാരം എഴുതി: “പ്രവാചകൻ മുഹമ്മദിന്റെ പുറപ്പാടുണ്ടായിരിക്കുന്നു. അദ്ദേഹം പ്രവാചകൻ തന്നെയാണ്, തീർച്ച” സുഹൃത്തും ഹിറോക്ലിയസിനെപേലെ ജ്ഞാനിയായിരുന്നു. അദ്ദേഹം ഹിറോക്ലിയസിന് മറുപടി എഴുതി: താങ്കളോട് ഞാനും യോജിക്കുന്നു. “പ്രവാചകൻ മുഹമ്മദിന്റെ പുറപ്പാടുണ്ടായിരിക്കുന്നു. അദ്ദേഹം പ്രവാചകൻ തന്നെയാണ്, തീർച്ച”
ഹിംസ്വ് ദേശത്തെ തന്റെ കൊട്ടാരത്തിലേക്ക് ഹിറോക്ലിയസ്, റോമിലെ പ്രമുഖന്മാരെ ക്ഷണിച്ചുവരുത്തി. കൊട്ടാര കവാടങ്ങൾ അടച്ചുപൂട്ടി ഹിറോക്ലിയസ് അവരെ നോക്കി പറഞ്ഞു: റോമക്കാരെ, വിജയവും വിവേകവും ഈ സമ്രാജ്യത്തിന്റെ നിലനിൽപും നിങ്ങൾ ആഗ്രഹിക്കുന്നുന്നുവോ? നിങ്ങൾ അതാണ് ആഗ്രഹിക്കുന്നതെങ്കിൽ സമാഗതനായ ഈ ദൈവദൂതന് നിങ്ങൾ അനുസരണ പ്രതിജ്ഞ ചെയ്യുക!..
 
ഹറോക്ലിയസ് സത്യം അന്വേഷിക്കുകയും അത് കണ്ടെത്തുകയും അറിയുകയും ചെയ്തു. എന്നാൽ, ഭൗതികമായ ചില പ്രേരണകളാലും ഭയപ്പാടുകളാലും അയാൾ മുസ്ലിമായില്ല എന്നതാണ് ചരിത്രം നമ്മോ ടോതുന്ന ദുഃഖസത്യം.

“നാം വേദം നൽകിയിട്ടുള്ളവർക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്ന താണ്. തീർച്ചയായും അവരിൽ ഒരു വിഭാഗം അറിഞ്ഞു കൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. (നബിയേ, ഈ സന്ദേശം) നിന്റെ നാഥന്റെ പക്കൽനിന്നുള്ള സത്യമാകുന്നു. അതിനാൽ നീ സംശയാലുക്കളുടെ കൂട്ടത്തിൽ പെട്ടുപോകരുത്”  (വിശുദ്ധ ക്വുർആൻ 2:146, 147)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts