മുഹമ്മദി ﷺ ന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ തന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിൽ ഒത്തതായി ഞാൻ വായിച്ചെടുത്തു. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. “വിവേകം അദ്ദേഹത്തിൽ മികച്ച് നിൽക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതൽ വിവേകമുള്ളവനാക്കും” ഇവയായിരുന്നു അവ രണ്ടും.
ഈ രണ്ട് ലക്ഷണങ്ങൾ കൂടി തിരുദൂതരിൽ സമ്മേളിച്ചിട്ടുണ്ടോ എന്ന് അറിയുവാനുള്ള തത്രപ്പാടിലായിരുന്നു പിന്നീട് സെയ്ദ് ബ്നു സഅ്നഃ. ഒരു ദിനം അദ്ദേഹം പ്രവാചകനോടൊത്ത് നിൽക്കവേ, ഒരാൾ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്ലിംകൾ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം പ്രവാചകനോട് പറഞ്ഞു. അവരെ സഹായിക്കുവാനുള്ള സമ്പത്ത് പ്രവാചകന്റെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലിയ്യി رَضِيَ اللَّهُ عَنْهُ നെ നോക്കി. അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല. ആ സമയം സെയ്ദ് ബ്നു സഅ്നഃ പ്രവാചകനോട് അടുത്തുചെന്ന് പറഞ്ഞു: ഇതാ എൺപത് സ്വർണ്ണ നാണയങ്ങൾ. നിർണ്ണിത തിയ്യതിയായാൽ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാൽ മതി. പ്രവാചകൻ ﷺ അത് സ്വീകരി ക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏൽപ്പിക്കുകയും ചെയ്തു. പ്രവാചകൻ ﷺ അയാളോട് പറഞ്ഞു: ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.
സെയ്ദ് ബ്നു സഅ്നഃ പറയുന്നു:
വ്യവസ്ഥ പ്രകാരം ബാധ്യത തീർക്കുവാൻ രണ്ട് മൂന്ന് നാളുകൾ ശേഷിക്കുന്നുണ്ട്. പ്രവാചകൻ ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് കബ്റിസ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരിൽ അബൂബകറും ഉമറും ഉഥ്മാനും رَضِيَ اللَّهُ عَنْهم മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്. ജനാസ നമസ്കരിച്ച പ്രവാചകൻ ﷺ ചാരിയിരിക്കുവാൻ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോൾ ഞാൻ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസ്ത്രവും കൂട്ടി അദ്ദേഹത്തെ കടന്നു പിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു: മുഹമ്മദ്, എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ. നിങ്ങൾ, അബ്ദുൽ മുത്ത്വലിബിന്റെ മക്കൾ ബാധ്യത തീർക്കുന്നതിൽ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലിൽ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം.
ഞാൻ ഉമറി رَضِيَ اللَّهُ عَنْهُ നെ നോക്കി. കോപാകുലനായ ഉമറി رَضِيَ اللَّهُ عَنْهُ ന്റെ ഇരുകണ്ണുകളും ഗോളങ്ങൾക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു. എന്നെ നോക്കി ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാൻ ചില കാര്യങ്ങൾ ഭയക്കുന്നില്ലായിരുന്നുവെങ്കിൽ എന്റെ ഈ വാള് കൊണ്ട് നിന്റെ തല ഞാൻ കൊയ്യുമായിരുന്നു.
എന്നാൽ, തിരുദൂതരാകട്ടെ തീർത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദേഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമറി رَضِيَ اللَّهُ عَنْهُ നെ വിളിച്ചു. ഉമർ, ഞാനും സെയ്ദ് ബ്നു സെയ്നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലക്ക് ബാധ്യത തീർക്കുവാൻ എന്നോടും നല്ല രീതിയിൽ അത് സ്വീകരിക്കുവാൻ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. ഉമർ, നിങ്ങൾ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീർക്കുക. നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതൽ നൽകുകയും ചെയ്യുക.
സെയ്ദ് ബ്നു സെയ്നഃ തുടരുന്നു: ഉമർ എന്നെ കൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പ ഴം കൂടുതൽ നൽകുകയും ചെയ്തു.
ഞാൻ ചേദിച്ചു: ഏറെ നൽകിയത് എന്തിനാണ്?
ഉമർ: ഞാൻ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതൽ നൽകുവാൻ തിരുദൂതർ പറഞ്ഞതാണ്.
ഞാൻ പറഞ്ഞു: ഉമർ, താങ്കൾക്ക് ഞാൻ ആരെന്ന് അറിയുമോ?
ഉമർ: ഇല്ല, ആരാണ് താങ്കൾ?
ഞാൻ പറഞ്ഞു: സെയ്ദ് ബ്നു സെയ്നയാണ്.
ഉമർ: വേദപണ്ഡിതൻ?
ഞാൻ പറഞ്ഞു: അതെ, വേദപണ്ഡിതൻ.
ഉമർ: തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?
ഞാൻ പറഞ്ഞു: ഉമർ, തിരുദൂതരുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയപ്പോൾതന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിൽ ഒത്തതായി ഞാൻ മനസ്സിലാക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. “വിവേകം അദ്ദേഹത്തിൽ മികച്ച് നിൽക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതൽ വിവേകമുള്ളവനാക്കും’ ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവരണ്ടും തീർച്ചയായും ഞാൻ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഉമർ, താങ്കളെ ഞാൻ സാക്ഷിയാക്കുന്നു; തീർച്ചയായും ഞാൻ അല്ലാഹുവെ ആരാധ്യനായും ഇസ്ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെട്ടിരിക്കുന്നു.
ഉമർ, താങ്കളെ ഞാൻ സാക്ഷിയാക്കുന്നു. ഞാൻ വലിയ സമ്പന്നനാണ്; എന്റെ സമ്പത്തിന്റെ പകുതി ഞാൻ മുസ്ലിംകൾക്ക് ദാനമായി നൽകുന്നു.
ഉമർ: മുസ്ലിംകളിൽ ചിലർക്ക് നൽകുക. കാരണം, താങ്കളുടെ സമ്പത്ത് അവർക്കെല്ലാവർക്കും തികയില്ല.
ഞാൻ പറഞ്ഞു: എങ്കിൽ അവരിൽ ചിലർക്ക്.
അങ്ങിനെ ഉമറും സെയ്ദും തിരുദൂതരിലേക്ക് മടങ്ങി. സെയ്ദ് തിരുദൂതരുടെ മുമ്പിൽ ഇപ്രകാരം പ്രഖ്യാപിച്ചു:
“അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു” (യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരും ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്റെ തിരു ദാസനും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.)
“(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ. പറയുക: മനുഷ്യരേ, തീർച്ച യായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ.) അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ നിങ്ങൾ നേർമാർഗം പ്രാപിക്കാം”
അബ്ദുൽ ജബ്ബാർ അബ്ദുല്ല