മുഖം വികൃതമാക്കപ്പെട്ട ദുരവസ്ഥയാണ് ഇന്ന് ഇസ്ലാ മിനുള്ളത്. ഇസ്ലാമിന്റെ പ്രവാചകനും ഇന്ന് ഏറെ തെറ്റി ദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, കാലാതിവർത്തിത്വമാണല്ലോ മതത്തിന്റേയും പ്രവാചകന്റേ ﷺ യും പ്രത്യേകത. “അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും” (വിശുദ്ധ ക്വുർആൻ)
മതപരിവേഷം അവകാശപ്പെടുന്ന ചിലരാണ് ഇന്ന് സത്യ മതത്തിന്റെ മുഖത്ത് ഏറെ പൊടിപുരട്ടുന്നതെന്നത് ഖേദകരമാണ്. ചിലർ വളരെ ക്രൂരവും ഭീകരവുമായി മതത്തോടും നബിതിരുമേനി ﷺ യോടും പെരുമാറിയതിന്റെ നാണക്കേടിലാണ് മാന്യതയുള്ളവരെല്ലാം.
പൗരോഹിത്യം ക്രൈസ്തവ ജൂത സമൂഹങ്ങളെ അടക്കിവാണപ്പോഴും അതിന് പിടികൊടുക്കാത്ത വിശുദ്ധന്മാർ ധാരാളമുണ്ടായിരുന്നു. “അവരെല്ലാം ഒരു പോലെയല്ല. നേർമാർഗത്തിൽ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളിൽ സുജൂദിൽ (അഥവാ നമസ്കാരത്തിൽ) ഏർപെട്ടുകൊണ്ട് അവർ അല്ലാഹുവിന്റെ വചനങ്ങൾ പാരായണം ചെയ്യുന്നു. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കൽപിക്കുകയും. ദുരാചാരത്തിൽ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളിൽ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവർ സജ്ജനങ്ങളിൽ പെട്ടവരാകുന്നു. അവർ ഏതൊരു നല്ലകാര്യം ചെയ്താലും അതിന്റെ പ്രതിഫലം അവർക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവാനാകുന്നു” (വിശുദ്ധ ക്വുർആൻ)
ഈ ചെറു കൃതി ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു; “സത്യാന്വേഷികളുടെ കഥകൾ’ എന്ന പേരിൽ. എല്ലാം നബിതിരുമേനി ﷺ ജീവിച്ച നാളുകളിലെ വേദത്തിന്റെ അനുയായികൾ പറഞ്ഞതും അറിയിച്ചതും. മേലായ നാഥൻ ഇതിലൂടെ സത്യാന്വേഷികൾക്ക് മാർഗ്ഗം കാണിക്കട്ടേ എന്ന പ്രാർത്ഥനാമയമായ മനസ്സോടെ….
ഈ കൊച്ചുകൃതി പരിശോധിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയത് ബഹു: മുഹമ്മദ് സ്വാദിക്വ് അൽമദനിയും ഷറഫുദ്ദീൻ പൂന്തുറ അവർകളുമാണ്. പേജുകളിൽ അക്ഷരങ്ങൾ നിരത്തുവാൻ സഹായിച്ചത് മുഹമ്മദ് റയ്യാൻ(കൊല്ലം) ആണ്. എല്ലാവരോടുമുള്ള കടപ്പാടകളും കൃതജ്ഞതയും രേഖ പ്പെടുത്തുന്നു. അല്ലാഹുവേ, നീ ഞങ്ങളോട് കനിയേണമേ…
അബ്ദുൽ ജബ്ബാർ അബ്ദുല്ല