ഇമാം അബൂജഅ്ഫർ അത്ത്വഹാവി പറയുന്നു: “സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടവയാണ്. അവ രണ്ടും ഒരിക്കലും നശിക്കുകയോ അവസാനിക്കുകയോ ഇല്ല. നിശ്ചയം അല്ലാഹു പ്രപഞ്ച സൃഷ്ടിപ്പിന് മുമ്പുതന്നെ അവരണ്ടിനേയും അവ രണ്ടിനു മുള്ള ആളുകളേയും പടച്ചിരിക്കുന്നു. അവരിൽനിന്ന് ആരെ അവൻ സ്വർഗ്ഗത്തിന് ഉദ്ദേശിക്കുന്നുവോ അത് അവന്റെ ഔദാര്യമാ ണ്. അവരിൽനിന്ന് ആരെ അവൻ നരകത്തിന് ഉദ്ദേശിക്കുന്നുവോ അത് അവനിൽനിന്നുള്ള നീതിയുമാണ്…”
ഇമാം ഇബ്നു അബിൽ ഇസ്സിൽ ഹനഫി പറയുന്നു: “സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവ രണ്ടും ഇന്ന് ഉണ്മയുടെ ലോകത്ത് ഉള്ളതാണ്. ഈ വിഷയത്തിൽ അഹ്ലുസ്സുന്ന ത്തിവൽജമാഅഃയുടെ ഏകാഭിപ്രായം ഉണ്ട്. അവർ ഈ വിശ്വാ സത്തിലാണ് ഇന്നും. മുഅ്തസിലിയത്തും ക്വദ്രിയ്യത്തുമാണ് ഈ വിശ്വാസത്തെ നിഷേധിച്ചത്. അവർ പറഞ്ഞു: “അല്ലാഹു അന്ത്യ നാളിലാണ് അവയെ സൃഷ്ടിക്കുക…”
സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നതറിയിക്കുന്ന ധാരാളം തെളിവുകൾ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വന്നത് തുടർന്ന് ഇമാം ഇബ്നു അബിൽ ഇസ്സുൽ ഹനഫി, തന്റെ ശറഹുൽ അക്വീദത്തിത്ത്വഹാവിയ്യഃ എന്ന വിശ്രുത ഗ്രന്ഥ ത്തിൽ നൽകിയിട്ടുണ്ട്. അവയിൽ ചിലത് താഴെ നൽകുന്നു. സ്വർഗ്ഗത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു:
أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
…അത് മുത്തക്വീങ്ങൾക്ക് ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. വി. ക്വു. (ആലുഇംറാൻ: 133)
അബ്ദുല്ലാഹ് ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ
“നിങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ ഇരിപ്പിടം അവനുമുന്നിൽ പ്രദർശിപ്പിക്കപ്പെടും. അവൻ സ്വർഗ്ഗവാസികളിൽ പെട്ടവനാണെങ്കിൽ സ്വർഗ്ഗവാസികളിലെ (അവന്റെ ഇരിപ്പിടം കാണിക്കപ്പെടും.) അവൻ നരകവാസികളിൽ പെട്ടവനാണെങ്കിൽ നരകവാസികളിലെ (അവന്റെ ഇരിപ്പിടം കാണിക്കപ്പെടും.) (അവനോട്) പറയപ്പെടും: അന്ത്യനാളിൽ അല്ലാഹു നിന്നെ ഉയർത്തെഴുന്നേൽപ്പിക്കുന്നതായ നിന്റെ ഇരിപ്പിടം ഇതാകുന്നു”. (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنِّي رَأَيْتُ الْجَنَّةَ أَوْ أُرِيتُ الْجَنَّةَ فَتَنَاوَلْتُ مِنْهَا عُنْقُودًا وَلَوْ أَخَذْتُهُ لَأَكَلْتُمْ مِنْهُ مَا بَقِيَتِ الدُّنْيَا
“ഞാൻ സ്വർഗ്ഗം കണ്ടു. അല്ലെങ്കിൽ സ്വർഗ്ഗം എനിക്ക് കാണിക്കപ്പെട്ടു. അതിൽനിന്ന് ഒരു മുന്തിരിക്കുല എടുക്കുവാൻ ഞാൻ തുനിഞ്ഞു. ഞാൻ അത് എടുത്തിരുന്നുവെങ്കിൽ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങൾക്ക് അതിൽനിന്ന് ഭക്ഷിക്കാമായിരുന്നു…” (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قَدْ دَنَتْ مِنِّي الْجَنَّةُ حَتَّى لَوْ اجْتَرَأْتُ عَلَيْهَا لَجِئْتُكُمْ بِقِطَافٍ مِنْ قِطَافِهَا
“നിശ്ചയം, സ്വർഗ്ഗം എന്നോട് അടുത്തു. ഞാൻ അതിനോട് തിടുക്കം കാട്ടിയിരുന്നുവെങ്കിൽ അതിലെ പഴക്കുലകളിൽനിന്നും ഒന്ന് നിങ്ങൾക്ക് കൊണ്ടുവരുമായിരുന്നു. (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَوْ رَأَيْتُمْ مَا رَأَيْتُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا، قَالُوا: وَمَا رَأَيْتَ يَا رَسُولَ اللَّهِ ؟ قَالَ : رَأَيْتُ الْجَنَّةَ وَالنَّارَ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം; ഞാൻ കണ്ടത് നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ കുറച്ച് മാത്രമേ ചിരിക്കുകയുള്ളു. നിങ്ങൾ കൂടുതൽ കരയുമായിരുന്നു. അവർ ചോദിച്ചു: പ്രവാചകരെ, നിങ്ങൾ എന്താണ് കണ്ടത് ? തിരുമേനി ﷺ പറഞ്ഞു: ഞാൻ നരകവും സ്വർഗ്ഗവും കണ്ടു”. (മുസ്ലിം)
സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഉണ്മയുടെ ലോകത്ത് ഉള്ളതാണെന്നും അറിയിക്കുന്ന ധാരാളം ഹദീഥുകൾ വേറേയും സ്വഹീഹായി വന്നിട്ടുണ്ട്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല