നരകം, ആഴത്തിൽ അഗാധവും കണ്ണെത്താത്ത ദൂരത്തിൽ വിശാലവുമാണ്. അന്ത്യനാളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങൾ ഈ ഭീകര യാഥാർത്ഥ്യം നമ്മെ പഠിപ്പിക്കുന്നു.
ഒന്ന്: നരകത്തീയിൽ പ്രവേശിക്കുന്ന പാപികളെ അല്ലാഹു ഭീകര സൃഷ്ടികളാക്കുന്നതാണ്.
ഭീമാകാരികളായ പാപികളുടെ എണ്ണം വളരെ കൂടിയിട്ടും നരകം അവരെയെല്ലാം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ വലുപ്പവും വിശാലതയുമാണ് അറിയിക്കുന്നത്.
അല്ലാഹു പറഞ്ഞു:
يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ ﴿٣٠﴾
“നീ നിറഞ്ഞു കഴിഞ്ഞോ” എന്ന് നാം നരകത്തോട് പറയുകയും, “കൂടുതൽ എന്തെങ്കിലുമുണ്ടോ” എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്. വി.ക്വു (50:30)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَقَالَ لِلنَّارِ إِنَّمَا أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ مِنْ عِبَادِي وَلِكُلِّ وَاحِدَةٍ مِنْهُمَا مِلْؤُهَا فَأَمَّا النَّارُ فَلَا تَمْتَلِئُ حَتَّى يَضَعَ رِجْلَهُ فَتَقُولُ قَطْ قَطْ فَهُنَالِكَ تَمْتَلِئُ وَيُزْوَى بَعْضُهَا إِلَى بَعْضٍ وَلَا يَظْلِمُ اللَّهُ عَزَّ وَجَلَّ مِنْ خَلْقِهِ أَحَدًا
“അല്ലാഹു നരകത്തോട് പറഞ്ഞു: നിശ്ചയം, നീ എന്റെ ശിക്ഷ മാത്രമാണ്. നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുന്നതാണ്. സ്വർഗ്ഗനരകങ്ങളിൽ ഓരോന്നിലും അവ നിറയുന്നത്ര ആളുകളുണ്ട്. എന്നാൽ അല്ലാഹു തന്റെ തിരുകാലുകൾ വെക്കുന്നതുവരെ, നരകം നിറയുകയില്ല. നരകം പറയും: മതി. മതി. അപ്പോൾ അത് നിറയും. നരകത്തിന്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. അല്ലാഹു തന്റെ സൃഷ്ടികളിൽ ഒരാളേയും അക്രമിക്കുകയില്ല”. (മുസ്ലിം)
രണ്ട്: നരകത്തിന് മുകളിൽനിന്ന് എറിയപ്പെടുന്ന കല്ല് അടിത്തട്ടിലെത്തുന്നത്.
നരകത്തിന് മുകളിൽനിന്ന് നരകത്തിലേക്ക് എറിയപ്പെടുന്ന ഒരു കല്ല് അടിത്തട്ടിലെത്തുവാൻ ദീർഘ കാലഘട്ടങ്ങൾ വേണമെന്നത് നരകത്തിന്റെ ആഴത്തെ കൂടിയാണ് അറിയിക്കുന്നത്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كُنَّا مَعَ رَسُولِ اللَّهِ ﷺ إِذْ سَمِعَ وَجْبَةً فَقَالَ النَّبِيُّ ﷺ تَدْرُونَ مَا هَذَا قَالَ: قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ قَالَ هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا فَهُوَ يَهْوِي فِي النَّارِ الْآنَ حَتَّى انْتَهَى إِلَى قَعْرِهَا
“ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം ഇരിക്കുകയായിരുന്നു, പ്രവാചകൻ ഒരു വീഴ്ചയുടെ ശബ്ദം കേട്ടു. പ്രവാചകൻ ﷺ പറഞ്ഞു: ഇത് എന്തെന്ന് നിങ്ങൾക്ക് അറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ തിരുദൂതർക്കുമാണ് കൂടുതൽ അറിയുന്നത്. അദ്ദേഹം പറഞ്ഞു: ഇതൊരു കല്ലാണ്, നരകത്തിൽ എഴുപത് വർഷങ്ങളായി അത് എറിയപെട്ടിട്ട്. അത് ഇതുവരേയും നരകത്തിന്റെ ആഴത്തിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു”. (മുസ്ലിം)
മൂന്ന്: അന്ത്യനാളിൽ നരകത്തെ കൊണ്ടുവരുന്ന മലക്കുകളുടെ എണ്ണപ്പെരുപ്പം
കരുത്തരായ മലക്കുകളിൽ വലിയ ഒരു സംഘമാണ് അന്ത്യനാളിൽ നരകത്തെ കൊണ്ടുവരിക. ഇത് നരകത്തിന്റെ വലുപ്പത്തെയാണ് അറിയിക്കുന്നത്. നരകത്തെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ
അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താൽ… വി. ക്വു. (89: 23)
ഈ കൊണ്ടുവരലിനെ വിവരിച്ചും മലക്കുകളുടെ എണ്ണത്തെ അറിയിച്ചും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا
“അന്ന് നരകം കൊണ്ടുവരപ്പെടും; അതിന് എഴുപതിനായിരം കടിഞ്ഞാണുകൾ ഉണ്ടായിരിക്കും. ഒരോ കടിഞ്ഞാണിനും എഴുപതിനായിരം വീതം മലക്കുകളും ഉണ്ടായിരിക്കും”. (മുസ്ലിം)
നാല്: നരകത്തിൽ സൂര്യനും ചന്ദ്രനും വന്നാലുള്ള അവയുടെ വലുപ്പം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ الشَّمْسَ وَالْقَمَرَ ثُورَانِ مُكَوَّرَانِ فِي النَّارِ يَوْمَ الْقِيَامَةِ
“അന്ത്യനാളിൽ സൂര്യനും ചന്ദ്രനും നരകത്തിൽ ചുറ്റിപ്പൊതി യപ്പെട്ട രണ്ട് കാളകളുടെ വലിപ്പത്തിൽ മാത്രമായിരിക്കും”
വലിപ്പമേറെയുള്ള സൂര്യനും അതുപോലെ ചന്ദ്രനും നരകത്തിൽ വന്നാൽ അവക്ക് കേവലം രണ്ട് കാളകളുടെ വലുപ്പമേതോന്നിക്കുകയുള്ളുവെങ്കിൽ നരകത്തിന്റെ വലുപ്പം എത്രമാത്രമായിരിക്കും!
അബ്ദുൽ ജബ്ബാർ അബ്ദുല്ല