നരകത്തിന് കാവൽക്കാരായി മലക്കുകൾ ഉണ്ട്. അവർ ഭീമാകാരികളാണ്. അവർ കഠിന പ്രകൃതിക്കാരുമാണ്. അവരെ സൃഷ്ടിച്ച നാഥനെ അവർ ധിക്കരിക്കില്ല, തങ്ങൾ കല്പ്പിക്കപെട്ടത് അവർ പ്രാവർത്തികമാക്കുകയും ചെയ്യും.
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തു രക്ഷിക്കുക. അതിന്റെ മേൽ നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പ്പിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേടുകാണിക്കുകയില്ല. അവരോട് കല്പ്പിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യും. വി. ക്വു. (66:6)
നരകത്തിനുള്ള പാറാവുകാരായ മലക്കുകൾ പത്തൊമ്പത് പേരാകുന്നു. അല്ലാഹു പറഞ്ഞു:
سَأُصْلِيهِ سَقَرَ ﴿٢٦﴾ وَمَا أَدْرَاكَ مَا سَقَرُ ﴿٢٧﴾ لَا تُبْقِي وَلَا تَذَرُ ﴿٢٨﴾ لَوَّاحَةٌ لِّلْبَشَرِ ﴿٢٩﴾ عَلَيْهَا تِسْعَةَ عَشَرَ ﴿٣٠﴾
വഴിയെ ഞാൻ അവനെ സഖറിൽ(നരകത്തിൽ) ഇട്ട് എരിക്കുന്നതാണ്. ‘സക്വർ’ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. അതിന്റെ മേൽ നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. വി. ക്വു. (74: 26-30)
നരകത്തിന്റെ മേൽനോട്ടത്തിന് പത്തൊമ്പത് മലക്കുകളാണ്. പക്ഷെ, ഇവരിൽ ഒരു മലക്കിനുതന്നെ മുഴുവൻ മനുഷ്യരേയും നേരിടുവാനുള്ള ശക്തിയുണ്ട്. ഈ വിഷയ ത്തിലും അവിശ്വാസികൾ പരീക്ഷിക്കപ്പെട്ടു. ഈ ന്യൂനപക്ഷം മലക്കുകളെ തോൽപ്പിക്കുവാനും രക്ഷപ്പെടുവാനും തങ്ങൾക്കാവുമെന്ന് അവർ ജൽപ്പിച്ചു. അല്ലാഹു പറഞ്ഞു:
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا
നരകത്തിന്റെ മേൽനോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികൾക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു… വി. ക്വു. (74: 31)
നരകത്തിന് കാവൽക്കാരായി മലക്കുകളേയാണ് ‘ഖസനത്തു ജഹന്നം’ എന്ന് അല്ലാഹു പേരുവിളിച്ചത്. അല്ലാഹു പറഞ്ഞു:
وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ ﴿٤٩﴾
നരകത്തിലുള്ളവർ നരകത്തിന്റെ കാവൽക്കാരോട് പറ യും: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർത്ഥി ക്കുക. ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചുതരട്ടെ. വി. ക്വു. (40: 49)
അബ്ദുൽ ജബ്ബാർ അബ്ദുല്ല