ഇമാം ഇബ്നു അബിൽഇസ്സുൽഹനഫിജ പറയുന്നു: “സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവ രണ്ടും ഇന്ന് ഉണ്മയുടെ ലോകത്ത് ഉള്ളതാണ്. ഈ വിഷയത്തിൽ അഹ്ലുസുന്നത്തിവൽജമാഅഃയുടെ ഏകാഭിപ്രായം ഉണ്ട്. അവർ ഈ വിശ്വാസത്തിലാണ് ഇന്നും. മുഅ്തസിലിയത്തും ക്വദ്രിയ്യത്തുമാണ് ഈ വിശ്വാസത്തെ നിഷേധിച്ചത്. അവർ പറഞ്ഞു: “അന്ത്യനാളിലാണ് അല്ലാഹു അവയെ സൃഷ്ടിക്കുക…”
എന്നാൽ ഇന്ന് നരകം എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിൽ പണ്ഡിതർ വ്യത്യസ്ത അഭിപ്രായക്കാരാകുന്നു. വ്യക്തമായ തെളിവ് ഈ വിഷയത്തിൽ ഇല്ലാത്തതിനാൽ നരകം സൃഷ്ടിക്കപ്പെട്ടതായി ഉണ്ട്; എന്നാൽ അത് എവിടെ എന്നതിൽ ഒരു അഭിപ്രായം പറയാതെ മൗനംദീക്ഷിക്കുക എന്നതാണ് പ്രബലമായ അഭിപ്രായം. ശൈഖ് ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി പറഞ്ഞു: “സ്വർഗ്ഗവും നരകവും ഇന്ന് എവിടെയാണെന്ന് നിർണ്ണയിക്കുന്ന ഒരു തെളിവും വ്യക്തമായി വന്നിട്ടില്ല. അവ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലാകുന്നു. കാരണം നമുക്ക് അല്ലാഹുവിന്റെ മുഴു സൃഷ്ടികളെക്കുറിച്ചോ അവന്റെ സർവ്വ ലോകത്തെക്കുറിച്ചോ വ്യക്തമായ അറിവില്ല…”
എന്നാൽ സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ധാരാളം തെളിവു കൾ ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു:
أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
…അത് മുത്തക്വീങ്ങൾക്ക് ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു. വി. ക്വു. (3: 133) നരകത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു:
أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾
…അത് കാഫിരീങ്ങൾക്ക് ഒരുക്കപ്പെട്ടിരിക്കുന്നു. വി.ക്വു.(3:131)
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ
“നിങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ ഇരിപ്പിടം അവനുമുന്നിൽ പ്രദർശിപ്പിക്കപ്പെടും. അവൻ സ്വർഗ്ഗവാസികളിൽ പെട്ടവനാണെങ്കിൽ സ്വർഗ്ഗവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. അവൻ നരകവാസികളിൽ പെട്ടവനാണെങ്കിൽ നരകവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. (അവനോട്) പറയപ്പെടും: ഇതാണ് നിന്റെ ഇരിപ്പിടം; അന്ത്യനാളിൽ അല്ലാഹു നിന്നെ ഉയർത്തെഴുന്നേൽപ്പിക്കുന്നതുവരെ (നീ ഇതിൽ ഇരിക്കുവാൻ എത്തുകയില്ല)” (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنِّي رَأَيْتُ الْجَنَّةَ أَوْ أُرِيتُ الْجَنَّةَ فَتَنَاوَلْتُ مِنْهَا عُنْقُودًا وَلَوْ أَخَذْتُهُ لَأَكَلْتُمْ مِنْهُ مَا بَقِيَتْ الدُّنْيَا وَرَأَيْتُ النَّارَ فَلَمْ أَرَ كَالْيَوْمِ مَنْظَرًا قَطُّ وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ
“ഞാൻ സ്വർഗ്ഗം കണ്ടു. അല്ലങ്കിൽ സ്വർഗ്ഗം എനിക്ക് കാണിക്കപ്പെട്ടു. അതിൽനിന്ന് ഒരു മുന്തിരിക്കുല എടുക്കുവാൻ ഞാൻ തുനിഞ്ഞു. ഞാൻ അത് എടുത്തിരിന്നുവെങ്കിൽ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങൾക്ക് അതിൽനിന്ന് ഭക്ഷിക്കാമായിരുന്നു. ഞാൻ നരകം കണ്ടു. ഇന്ന് ഞാൻ കണ്ടതുപോലെ ഭയാനകമായ ഒരു രംഗം ഞാൻ കണ്ടിട്ടേയില്ല. സ്ത്രീകളെയാണ് നരകവാസികളിൽ അധികവും ഞാൻ കണ്ടത്”. (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قَدْ دَنَتْ مِنِّي الْجَنَّةُ حَتَّى لَوْ اجْتَرَأْتُ عَلَيْهَا لَجِئْتُكُمْ بِقِطَافٍ مِنْ قِطَافِهَا وَدَنَتْ مِنِّي النَّارُ حَتَّى قُلْتُ أَيْ رَبِّ وَأَنَا مَعَهُمْ
“സ്വർഗ്ഗം എന്നോട് അടുത്തു. ഞാൻ അതിനോട് തിടുക്കം കാട്ടിയിരുന്നുവെങ്കിൽ അതിലെ പഴക്കുലകളിൽനിന്നും ഒന്ന് നിങ്ങൾക്ക് കൊണ്ടുവരുമായിരുന്നു. നരകം എന്നോട് അടുത്തു. ഞാൻ ചോദിച്ചുപോയി. രക്ഷിതാവേ, ഞാനും അവരോ ടൊപ്പമാണോ? …” (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ النَّارَ أُدْنِيَتْ مِنِّي حَتَّى نَفَخْتُ حَرَّهَا عَنْ وَجْهِي…
“നിശ്ചയം, നരകം എന്നോട് അടുത്തു; നരകച്ചൂട് ഞാൻ എന്റെ മുഖത്തുനിന്ന് ഊതി മാറ്റുവോളം…”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَوْ رَأَيْتُمْ مَا رَأَيْتُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا، قَالُوا: وَمَا رَأَيْتَ يَا رَسُولَ اللَّهِ ؟ قَالَ : رَأَيْتُ الْجَنَّةَ وَالنَّارَ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം; ഞാൻ കണ്ടത് നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ കുറച്ച് മാത്രമേ ചിരിക്കുകയുള്ളു. നിങ്ങൾ കൂടുതൽ കരയുമായിരുന്നു. അവർ പറഞ്ഞു: പ്രവാചകരെ നിങ്ങൾ എന്താണ് കണ്ടത് ? അദ്ദേഹം പറഞ്ഞു: ഞാൻ നരകവും സ്വർഗ്ഗവും കണ്ടു”. (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُയിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لماَّ خَلَقَ اللَّهُ الْجَنَّةَ وَالنَّارَ، أَرْسَلَ جِبْرِيلَ عَلَيْهِ السَّلَام إِلَى الْجَنَّةِ. فَقَالَ: انْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا، فَنَظَرَ إِلَيْهَا فَرَجَعَ . فَقَالَ: وَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا. فَأَمَرَ بِهَا، فَحُفَّتْ بِالْمَكَارِهِ. فَقَالَ: اذْهَبْ إِلَيْهَا فَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ قَدْ حُفَّتْ بِالْمَكَارِهِ. فَقَالَ: وَعِزَّتِكَ لَقَدْ خَشِيتُ أَنْ لاَ يَدْخُلَهَا أَحَدٌ. قَالَ: اذْهَبْ فَانْظُرْ إِلَى النَّارِ وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا. فَرَجَعَ فَقَالَ: وَعِزَّتِكَ لَا يَدْخُلُهَا أَحَدٌ فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ، فَقَالَ: ارْجِعْ فَانْظُرْ إِلَيْهَا، فَنَظَرَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالشَّهَوَاتِ. فَرَجَعَ وَقَالَ: وَعِزَّتِكَ، لَقَدْ خَشِيتُ أَنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا.
“അല്ലാഹു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചപ്പോൾ ജിബ്രീലി (അ) നെ സ്വർഗ്ഗത്തിലേക്ക് പറഞ്ഞയച്ചു. അല്ലാഹു പറഞ്ഞു: ജിബ്രീൽ താങ്കൾ പോകുക. സ്വർഗ്ഗത്തിലേക്കും സ്വർഗ്ഗവാസികൾക്ക് ഞാൻ ഒരുക്കിവെച്ചതിലേക്കും നോക്കുക. അനന്തരം ജിബ്രീൽ പോയി സ്വർഗ്ഗത്തിലേക്കും സ്വർഗ്ഗവാസികൾക്ക് അല്ലാഹു ഒരുക്കിവെച്ചതിലേക്കും നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം. സ്വർഗ്ഗത്തെക്കുറിച്ച് ആര് കേൾക്കുകയാണെങ്കിലും അതിലേക്ക് പ്രവേശിക്കാതിരിക്കുകയില്ല. അപ്പോൾ (സ്വർഗ്ഗം’മകാരിഹു’കൾകൊണ്ട് പൊതി യുവാൻ) അല്ലാഹു കൽപ്പിച്ചു. അപ്രകാരം സ്വർഗ്ഗം മകാരിഹുകൾ (പ്രയാസങ്ങൾ) കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു പറഞ്ഞു: താങ്കൾ മടങ്ങി സ്വർഗ്ഗത്തിലേക്കും അതിന്റെ ആളുകൾ ക്ക് ഞാൻ ഒരുക്കിയതിലേക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം. ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് ഞാൻ ഭയപ്പെട്ടു. തീർച്ച. പിന്നീട് ജിബ്രീലിനെ നരകത്തിലേക്ക് പറഞ്ഞയച്ചു. അല്ലാഹു പറഞ്ഞു: ജിബ്രീൽ താങ്കൾ പോകുക, നരകത്തിലേക്കും നരകവാസികൾക്ക് ഞാൻ ഒരു ക്കിവെച്ചതിലേക്കും നോക്കുക, അനന്തരം ജിബ്രീൽ പോയി. നരകത്തിലേക്കും നരകവാസികൾക്ക് ഒരുക്കിവെച്ചതിലേക്കും നോക്കി. അപ്പോൾ നരകത്തീനാളങ്ങൾ ചിലത് ചിലതിനെ വിഴുങ്ങുന്നു. ജിബ്രീൽ മടങ്ങിവന്നുപറഞ്ഞു: അല്ലാഹുവേ, നിന്റെ പ്രതാപമാണെ സത്യം. നരകത്തെക്കുറിച്ച് കേട്ട ആരും അതിൽ പ്രവേശിക്കുകയില്ല. അപ്പോൾ നരകം (ശഹവാത്തുകൾ(ദേഹേച്ഛകൾ) കൊണ്ട് പൊതിയപ്പെടുവാൻ) കൽപ്പിക്കപ്പെട്ടു. നരകം അപ്രകാരം ദേഹേച്ഛകൾ കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു പറഞ്ഞു: താങ്കൾ മടങ്ങി നരകത്തിലേക്കും അതിന്റെ ആളുകൾക്ക് ഒരുക്കിയതിലേക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. നിശ്ചയം, നരകത്തിൽ പ്രവേശിക്കാതെ ആരും അതിൽനിന്ന് രക്ഷപ്പെടുകയില്ലെന്ന് ഞാൻ ഭയപ്പെട്ടു…” (മുസ്ലിം)
സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അവ ഉണ്മയുടെ ലോകത്ത് ഉള്ളവയാണെന്നും അറിയിക്കുന്ന ധാരാളം തെളിവുകൾ സ്വഹീഹായി വന്നിട്ടുണ്ട്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല