അടിയാറുകളുടെ കർമ്മങ്ങൾ തൂക്കി അർഹിക്കുന്ന പ്രതിഫലം അവർക്കേകുന്നതിനുവേണ്ടി അല്ലാഹു തന്റെ നീതിയുടെ തുലാസ് സ്ഥാപിക്കുന്നതാണ്. പുണ്യങ്ങളാൽ നന്മയുടെ തട്ട് ഭാരം തൂങ്ങിയവൻ വിജയിച്ചു. ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവരാണ് നഷ്ടകാരികൾ. അല്ലാഹു പറഞ്ഞു:
الْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ ‎﴿٨﴾‏ وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنفُسَهُم بِمَا كَانُوا بِآيَاتِنَا يَظْلِمُونَ ‎﴿٩﴾‏
അന്നത്തെ ദിവസം (കർമ്മങ്ങൾ) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവരാണ് വിജയികൾ. ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവർ. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവർ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.   (സൂറത്തുൽഅഅ്റാഫ് : 8,9)
فَمَن ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ ‎﴿١٠٢﴾‏ وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ ‎﴿١٠٣﴾‏ تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ ‎﴿١٠٤﴾‏
അപ്പോൾ ആരുടെ (സൽകർമ്മങ്ങളുടെ) തൂക്കങ്ങൾ ഘനമുള്ളതായോ അവർ തന്നെയാണ് വിജയികൾ. ആരുടെ (സൽകർമ്മങ്ങളുടെ) തൂക്കങ്ങൾ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവർ, നരകത്തിൽ നിത്യവാസികൾ. നരകാഗ്നി അവരുടെ മുഖങ്ങൾ കരിച്ചുകളയും. അവരതിൽ പല്ലിളിച്ചവരായിരിക്കും.  (സൂ റത്തുൽമുഅ്മിനൂൻ: 102,103,104)
فَأَمَّا مَن ثَقُلَتْ مَوَازِينُهُ ‎﴿٦﴾‏ فَهُوَ فِي عِيشَةٍ رَّاضِيَةٍ ‎﴿٧﴾‏ وَأَمَّا مَنْ خَفَّتْ مَوَازِينُهُ ‎﴿٨﴾‏ فَأُمُّهُ هَاوِيَةٌ ‎﴿٩﴾
അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ  അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും.  (സൂറത്തുൽക്വാരിഅഃ : 6-9)
പ്രസ്തുത തുലാസിന്റെ വണ്ണവും വലിപ്പവും മേലായ നാഥനു മാത്രമേ അറിയൂ. സൽമാനുൽഫാരിസിയി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يوضع الميزان يوم القيامة فلو وزن فيه السماوات والأرض لوسعت ، فتقول الملائكة: يا رب لمن يزن هذا؟ فيقول الله تعالى: لمن شئت من خلقي، فتقول الملائكة: سبحانك ما عبدناك حق عبادتك …
“അന്ത്യനാളിൽ മീസാൻ വെക്കപ്പെടും. അതിൽ വാനങ്ങളും ഭൂമിയും തൂക്കിയാൽ (അവ തൂക്കുവാൻ) അത് വിശാലമായിരിക്കും. മലക്കുകൾ പറയും: രക്ഷിതാവേ, ഇത് ആരെയാണ് തൂക്കുക? അപ്പോൾ അല്ലാഹു പറയും: എന്റെ സൃഷ്ടികളിൽ ഞാൻ ഉദ്ദേശിക്കുന്നവരെ. മലക്കുകൾ പറയും: അല്ലാഹുവേ, നീ പരമപരിശു ദ്ധൻ. നീ അർഹിക്കും വിധമുള്ള ആരധന ഞങ്ങൾ നിന്നെ ആരാധിച്ചില്ല.” 
പ്രസ്തുത മീസാൻ, അണുഅളവ് കൂടുകയോ കുറയുകയോ ചെയ്യാതെ സൂക്ഷ്മമായ തൂക്കം നിർവ്വഹിക്കുന്നതാണ്.
 അല്ലാഹു പറഞ്ഞു:
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ‎﴿٤٧﴾
ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണ്ണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കർമ്മം) ഒരു കടുക് മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാൻ നാം തന്നെ മതി. (സൂറത്തുൽഅമ്പിയാഅ്: 47)
മീസാനിന് രണ്ട് തട്ടുകളുണ്ട് എന്നത് ഹദീഥുകൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ ലിസാൻ(നാവ്) ഉണ്ട് എന്നത് അഹ്ലുസുന്നഃയുടെ ചില പണ്ഡിതർ ഉണർത്തിയിട്ടുണ്ടെങ്കിലും അവലംബ യോഗ്യമായ തെളിവ് അതിന് പറയപ്പെട്ടിട്ടില്ല.  ഈ വിഷയത്തിൽ ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും ഉദ്ധരിക്കുന്ന അഥർ ദുർബലമാണ്.
കർമ്മങ്ങളേയും കർമ്മരേഖകളേയും കർമ്മങ്ങളനുഷ്ഠിച്ച വരേയും മീസാനിൽ തൂക്കപ്പെടുമെന്നതിന് തെളിവുകൾ വന്നിരി ക്കുന്നു. 

കർമ്മങ്ങൾ തൂക്കപ്പെടും

അന്ത്യനാളിൽ കർമ്മങ്ങൾ തൂക്കപ്പെടുമെന്നറിയിക്കുന്ന തെളിവുകൾ ധാരാളമാണ്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي اْلمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللهِ وبحمدهِ سبحانَ الله العظيم

“രണ്ട് കലിമത്തുകൾ; നാവിന് ഭാരമില്ലാത്തവയാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ്:

سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ اْلعَظِيمِ

എന്നിവയാണവ”  (ബുഖാരി, മുസ്ലിം)
അബൂമാലികി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الطُّهُورُ شَطْرُ الإِيمَانِ. وَالْحَمْدُ لله تَمْلأُ الْمِيزَانَ وَسُبْحَانَ الله وَالْحَمْدُ لله تَمْلآنِ (أَوْ تَمْلأُ) مَا بَيْنَ السَّمَاوَاتِ وَالأَرْضِ…

“ശുദ്ധി ഈമാനിന്റെ പകുതിയാണ്, അൽഹംദുലില്ലാഹ് (എന്ന ദിക്റ്) മീസാനിനെ നിറക്കും. സുബ്ഹാനല്ലാഹ് വൽഹംദുലില്ലാ (എന്നീ ദിക്റുകൾ) അല്ലെങ്കിൽ സുബ്ഹാനല്ലാഹ് വൽഹംദുലില്ലാ (എന്ന ദിക്ർ) ആകാശങ്ങൾക്കും ഭൂമിക്കുമിടയിൽ (പുണ്യം) നിറ ക്കും”  (മുസ്ലിം)
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

مَا شيْءٌ أَثْقَلُ في مِيزَانِ المُؤْمِنِ يَوْمَ القِيَامةِ مِنْ خُلُقٍ حَسَنٍ فَإِنَّ الله تعالى ليُبْغِضُ الفاحِشَ البَذِيءَ

“സൽസ്വഭാവത്തേക്കാൾ അന്ത്യനാളിൽ ഒരു മുഅ്മിനിന്റെ തുലാസിൽ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ടവനെയും, തെമ്മാടിയേയും വെറുക്കുന്നു”
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു.

أَتَى النَّبِيَّ ‎ﷺ  أَعْرَابِيٌّ عَلَيْهِ جُبَّةٌ مِنْ طَيَالِسَةٍ مَكْفُوفَةٌ بِدِيبَاجٍ أَوْ مَزْرُورَةٌ بِدِيبَاجٍ. فَقَالَ: إِنَّ صَاحِبَكُمْ هَذَا يُرِيدُ أَنْ يَرْفَعَ كُلَّ رَاعٍ ابْنِ رَاعٍ ، وَيَضَعَ كُلَّ فَارِسٍ ابْنِ فَارِسٍ. فَقَامَ النَّبِيُّ ‎ﷺ  مُغْضَبًا فَأَخَذَ بِمَجَامِعِ جُبَّتِهِ فَاجْتَذَبَهُ. وَقَالَ: لَا أَرَى عَلَيْكَ ثِيَابَ مَنْ لَا يَعْقِلُ. ثُمَّ رَجَعَ رَسُولُ اللَّهِ ‎ﷺ  فَجَلَسَ. فَقَالَ: إِنَّ نُوحًا عَلَيْهِ السَّلَام لَمَّا حَضَرَتْهُ الْوَفَاةُ دَعَا ابْنَيْهِ. فَقَالَ: إِنِّي قَاصِرٌ عَلَيْكُمَا الْوَصِيَّةَ ، آمُرُكُمَا بِاثْنَتَيْنِ وَأَنْهَاكُمَا عَنْ اثْنَتَيْنِ أَنْهَاكُمَا عَنْ الشِّرْكِ وَالْكِبْرِ، وَآمُرُكُمَا بِلَا إِلَهَ إِلَّا اللَّهُ فَإِنَّ السَّمَوَاتِ وَالْأَرْضَ وَمَا فِيهِمَا لَوْ وُضِعَتْ فِي كِفَّةِ الْمِيزَانِ وَوُضِعَتْ لَا إِلَهَ إِلَّا اللَّهُ فِي الْكِفَّةِ الْأُخْرَى كَانَتْ أَرْجَحَ وَلَوْ أَنَّ السَّمَوَاتِ وَالْأَرْضَ كَانَتَا حَلْقَةً فَوُضِعَتْ لَا إِلَهَ إِلَّا اللَّهُ عَلَيْهَا لَفَصَمَتْهَا أَوْ لَقَصَمَتْهَا وَآمُرُكُمَا بِسُبْحَانَ اللَّهِ وَبِحَمْدِهِ فَإِنَّهَا صَلَاةُ كُلِّ شَيْءٍ وَبِهَا يُرْزَقُ كُلُّ شَيْءٍ.

നബി ‎ﷺ  യുടെ അടുക്കൽ ഒരു ഗ്രാമീണൻ വന്നു, അദ്ദേഹം കടും നിറമുള്ള ഒരു ജുബ്ബ ധരിച്ചിരുന്നു. അതിന്റെ കഫ്ഫുകളും ബട്ടണുകളും പട്ടുകൊണ്ടുള്ളതായിരുന്നു. അയാൾ പറഞ്ഞു: ‘നിങ്ങളുടെ ഈ കൂട്ടുകാരൻ ഇടയ പുത്രന്മാരെയെല്ലാം ഉയർത്തുവാനും അശ്വഭടന്മാരെയെല്ലാം താഴ്ത്തുവാനും ഉദ്ദേശിക്കുന്നു.’ അപ്പോൾ തിരുമേനി ‎ﷺ  ദേഷ്യപ്പെട്ടവനായി എഴുന്നേറ്റ് അയാളുടെ ജുബ്ബയുടെ മാറിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു: “ഗ്രാഹ്യശേഷിയില്ലാത്തവർ ധരിക്കുന്ന വസ്ത്രം ഞാൻ നിന്റെമേൽ കാണുന്നില്ല (എന്നാൽ വർത്തമാനം ബുദ്ധിയില്ലാത്തവരുടേതാണ്.)” പിന്നീട് തിരുദൂതർ ‎ﷺ  തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി അവിടെ ഇരുന്നു. ശേഷം പറഞ്ഞു “നിശ്ചയം, നൂഹ് (അ) തന്റെ മരണം ആസന്നമായപ്പോൾ തന്റെ ഇരുമക്കളേയും വിളിച്ചുകൊണ്ട് പറഞ്ഞു: “വസ്വിയ്യത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങൾക്ക് കുറവ് വരുത്തിയവനാണ്. രണ്ടുകാര്യങ്ങൾ ഞാൻ നിങ്ങളോട് കൽപ്പിക്കുകയും രണ്ടു കാര്യങ്ങൾ നിങ്ങളോട് വിരോധിക്കുകയും ചെയ്യുന്നു, അല്ലാഹുവിൽ പങ്കുചേർക്കലും അഹങ്കാരവുമാണ് ഞാൻ നിങ്ങളോട് വിരോധിക്കുന്ന കാര്യങ്ങൾ, നിങ്ങളോട് കൽപ്പിക്കുന്ന കാര്യങ്ങൾ, ഒന്ന്: ലാ ഇലാഹ ഇല്ലല്ലാഹ് ആണ്. തീർച്ചയായും ആകാശഭൂമികളും അതിനിടയിലുള്ളതും തുലാസിന്റെ ഒരു തട്ടിലും ലാഇലാഹ ഇല്ലല്ലാഹ് മറ്റൊരു തട്ടിലും വെക്കപ്പെട്ടാൽ അത് (ലാ ഇലാഹ ഇല്ലല്ലാഹ്) കനം തൂങ്ങും, തീർച്ചയായും ആകാശഭൂമികൾ അവരണ്ടും ഒരു വലയമാണെങ്കിൽ ലാ ഇലാഹ ഇല്ലല്ലാഹ് അതിന്മേൽ വെക്കപ്പെട്ടാൽ അത് അതിനെ മുറിച്ച്കളയും അല്ലെങ്കിൽ തകർത്തുകളയും. നിങ്ങളോട് കൽപ്പിക്കുന്ന മറ്റൊരുകാര്യം “സുബ്ഹാ നല്ലാഹി വബിഹംദിഹി’ (എന്ന ദിക്റ്) ആണ്. തീർച്ചയായും അത് എല്ലാ വസ്തുക്കളുടേയും ദുഅയാണ്, അതുകൊണ്ട് എല്ലാ വസ്തുക്കൾക്കും ഉപജീവനം നൽകപ്പെടും”

 

കർമ്മരേഖകൾ തൂക്കപ്പെടും

കർമ്മങ്ങൾ രേഖപ്പെടുത്തിയ ഏടുകൾ തൂക്കപ്പെടുമെന്നറിയിക്കുന്ന തിരുമൊഴികളും സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്.
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُصَاحُ بِرَجُلٍ مِنْ أُمَّتِى يَوْمَ الْقِيَامَةِ عَلَى رُءُوسِ الْخَلاَئِقِ فَيُنْشَرُ لَهُ تِسْعَةٌ وَتِسْعُونَ سِجِلاًّ كُلُّ سِجِلٍّ مَدَّ الْبَصَرِ ثُمَّ يَقُولُ اللَّهُ عَزَّ وَجَلَّ هَلْ تُنْكِرُ مِنْ هَذَا شَيْئًا فَيَقُولُ لاَ يَا رَبِّ فَيَقُولُ أَظَلَمَتْكَ كَتَبَتِى الْحَافِظُونَ ثُمَّ يَقُولُ أَلَكَ عُذْرٌ أَلَكَ حَسَنَةٌ فَيُهَابُ الرَّجُلُ فَيَقُولُ لاَ. فَيَقُولُ بَلَى إِنَّ لَكَ عِنْدَنَا حَسَنَاتٍ وَإِنَّهُ لاَ ظُلْمَ عَلَيْكَ الْيَوْمَ فَتُخْرَجُ لَهُ بِطَاقَةٌ فِيهَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ قَالَ فَيَقُولُ يَا رَبِّ مَا هَذِهِ الْبِطَاقَةُ مَعَ هَذِهِ السِّجِلاَّتِ فَيَقُولُ إِنَّكَ لاَ تُظْلَمُ. فَتُوضَعُ السِّجِلاَّتُ فِى كِفَّةٍ وَالْبِطَاقَةُ فِى كِفَّةٍ فَطَاشَتِ السِّجِلاَّتُ وَثَقُلَتِ الْبِطَاقَةُ 

“ക്വിയാമത്ത് നാളിൽ എന്റെ ഉമ്മത്തിൽപ്പെട്ട ഒരു മനുഷ്യൻ ജനസമക്ഷം ഉച്ചത്തിൽ വിളിക്കപ്പെടും. എന്നിട്ട് അയാൾക്കുവേണ്ടി (തിന്മകളുടെ) തൊണ്ണൂറ്റൊമ്പത് ഏടുകൾ നിവർത്തപ്പെടും. ഓരോ ഏടും ദൃഷ്ടി എത്തുന്നതുവരെ നീളമുള്ളത് ആയിരിക്കും. ശേഷം അല്ലാഹു ചോദിക്കും: “ഇതിൽ നിന്ന് വല്ലതും നീ നിഷേധിക്കുന്നുവോ’? അപ്പോൾ അയാൾ പറയും: എന്റെ രക്ഷിതാവേ ഇല്ല. അപ്പോൾ (അല്ലാഹു) ചോദിക്കും: എന്റെ സൂക്ഷിപ്പുകാരായ എഴുത്തുകാർ (മലക്കുകൾ) നിന്നോട് അന്യായം ചെയ്തുവോ? (അല്ലാഹു) ചോദിക്കും: നിനക്ക് (ഈ തെറ്റുകൾക്ക്) വല്ല ഒഴിവു കഴിവ് പറയാനുണ്ടോ? നിനക്ക് (നീ ചെയ്ത) വല്ല നന്മയും ഉണ്ടാ? അപ്പോൾ ആ മനുഷ്യൻ ഭയക്കും. അയാൾ പറയും: ഇല്ല. അപ്പോൾ (അല്ലാഹു) പറയും: ഉണ്ട്, നിനക്ക് എന്റെ അടുക്കൽ ചില നന്മകൾ ഉണ്ട്. തീർച്ചയായും ഇന്ന് നിന്റെമേൽ ഒരു അക്രമവുമി ല്ല. പിന്നീട് അവനുവേണ്ടി ഒരു പത്രിക പുറത്തെടുക്കപ്പെടും. അതിൽ ‘അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു’ എന്ന് ഉണ്ടായിരിക്കും. അപ്പോൾ അവൻ ചോദിക്കും: എന്റെ നാഥാ, (തിന്മയുടെ) ഈ ഏടുകളുടെ കൂടെ ഈ പത്രിക എന്ത് ഉപകരിക്കുവാനാണ്? അപ്പോൾ പറയപ്പെടും: തീർച്ചയായും നീ അക്രമിക്കപ്പെടുകയില്ല, (തുലാസിന്റെ) ഒരു തട്ടിൽ (തിന്മയുടെ) എടുകളും മറുതട്ടിൽ പത്രികയും വെക്കപ്പെടും. അതോടെ ഏടുകൾ കനം തൂങ്ങാതെ പാറിപ്പോകും. പത്രിക കനം തൂങ്ങുകയും ചെയ്യും.”

വ്യക്തികൾ തൂക്കപ്പെടും

അന്ത്യനാളിൽ മീസാനിൽ ദാസന്മാർ തൂക്കപ്പെടുമെന്നും തങ്ങളുടെ ആദർശനിഷ്ഠയുടെ തോതനുസരിച്ച് അവർക്ക് തൂക്കമുണ്ടാകുമെന്നും അറിയിക്കുന്ന തെളിവുകൾ സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِنَّهُ لَيَأْتِى الرَّجُلُ الْعَظِيمُ السَّمِينُ يَوْمَ الْقِيَامَةِ لاَ يَزِنُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ وَقَالَ اقْرَءُوا (فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا)

“അന്ത്യനാളിൽ തടിച്ചുകൊഴുത്ത മഹാമനുഷ്യൻ വരുന്നതാണ്. അയാൾ അല്ലാഹുവിങ്കൽ ഒരു കൊതുകിന്റെ ചിറകിനോളം ഭാരം തൂങ്ങുകയില്ല. നബി ‎ﷺ പറഞ്ഞു: നിങ്ങൾ പാരായണം ചെയ്യുക:

فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ‎﴿١٠٥﴾‏ 

അതിനാൽ നാം അവർക്ക് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ യാതൊരു തൂക്കവും നിലനിർത്തുകയില്ല. (ബുഖാരി)
ഇബ്നുമസ്ഊദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

أَنَّهُ كَانَ يَجْتَنِي سِوَاكًا مِنَ الأَرَاكِ، وَكَانَ دَقِيقَ السَّاقَيْنِ، فَجَعَلَتِ الرِّيحُ تَكْفَؤُهُ فَضَحِكَ الْقَوْمُ مِنْهُ فَقَالَ رَسُولُ اللهِ ‎ﷺ : مِمَّ تَضْحَكُونَ؟ قَالُوا: يَا نَبِيَّ اللهِ، مِنْ دِقَّةِ سَاقَيْهِ فَقَالَ: وَالَّذِي نَفْسِي بِيَدِهِ لَهُمَا أَثْقَلُ فِي الْمِيزَانِ مِنْ أُحُدٍ.

“അദ്ദേഹം അറാക് മരത്തിൽനിന്ന് ഒരു മിസ്വാക് ശേഖരിക്കുകയിയിരുന്നു. അദ്ദേഹം മെലിഞ്ഞൊട്ടിയ കണങ്കാലുകളുള്ള വ്യക്തിയായിരുന്നതിനാൽ കാറ്റ് അദ്ദേഹത്തെ തള്ളിയിടുവാൻ തുടങ്ങി. അതിനാൽ ആളുകൾ ചിരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ ചോദിച്ചു: “എന്തിനാണ് നിങ്ങൾ ചിരിക്കുന്നത്?”അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തിന്റെ മെലിഞ്ഞ കണങ്കാലുകൾ കണ്ട്. തിരുമേനി ‎ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ സത്യം, നിശ്ചയം ആ രണ്ട് കാലുകൾ മീസാനിൽ ഉഹ്ദ് പർവ്വതത്തേക്കാൾ ഭാരമേറിയതാണ്.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts