അവിശ്വാസികൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി താൻ ഭൂമി മുഴുവൻ ഉടമപ്പെടുത്തിയിരുന്നുവെങ്കിൽ അതെല്ലാം പ്രായശ്ചിത്തമായി നൽകുവാൻ ആർത്തി കാണിക്കുമെന്ന് അല്ലാഹു പറയുന്നു:
لَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ…
അക്രമം പ്രവർത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവൻ കൈവശമുണ്ടായിരുന്നാൽ പോലും അതയാൾ പ്രായശ്ചിത്തമായി നൽകുമായിരുന്നു… (സൂറത്തുയൂനുസ്: 54)
ഭൂമിയും അതിനിരട്ടിയും താൻ ഉടമപ്പെടുത്തിരുന്നുവെങ്കിൽ എല്ലാം നൽകി രക്ഷാമാർഗ്ഗം കണ്ടെത്തുവാൻ അവിശ്വാസി ശ്രമം നടത്തുമെന്നും ക്വുർആനിൽ വന്നിട്ടുണ്ട്.
لِلَّذِينَ اسْتَجَابُوا لِرَبِّهِمُ الْحُسْنَىٰ ۚ وَالَّذِينَ لَمْ يَسْتَجِيبُوا لَهُ لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ ۚ أُولَٰئِكَ لَهُمْ سُوءُ الْحِسَابِ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمِهَادُ ﴿١٨﴾
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ചവർക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവർക്ക് ഉണ്ടായിരുന്നാൽ പോലും (തങ്ങളുടെ രക്ഷയ്ക്കുവേണ്ടി) അതൊക്കെയും അവർ പ്രായശ്ചിത്തമായി നൽകുമായിരുന്നു. അവർക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം! (സൂറത്തുർറഅ്ദ്: 18)
ഭൂഗോളം നിറയെ സ്വർണ്ണം പ്രായശ്ചിത്തമായി നൽകി തടി സലാമത്താക്കുവാൻ അവിശ്വാസി ആഗ്രഹം പ്രകടിപ്പിക്കുമെന്ന് തിരുമൊഴികളിൽ വന്നിട്ടുണ്ട്. അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يُجَاءُ بِالْكَافِرِ يَوْمَ الْقِيَامَةِ فَيُقَالُ لَهُ: أَرَأَيْتَ لَوْ كَانَ لَكَ مِلْءُ الأَرْضِ ذَهَبًا أَكُنْتَ تَفْتَدِى بِهِ. فَيَقُولُ: نَعَمْ . فَيُقَالُ لَهُ: قَدْ كُنْتَ سُئِلْتَ مَا هُوَ أَيْسَرُ مِنْ ذَلِكَ
“അന്ത്യനാളിൽ അവിശ്വാസിയെ കൊണ്ടുവരപ്പെടും. അപ്പോൾ അവനോട് പറയപ്പെടും: “ഭൂമി നിറയെ സ്വർണ്ണം നിനക്കുണ്ടെങ്കിൽ നീ അത് പ്രായശ്ചിത്തമായി നൽകുമോ; നിന്റെ അഭിപ്രായമെന്താണ്? അവൻ പറയും: അതെ. അപ്പോൾ അവനോട് പറയപ്പെടും: “അതിനേക്കാളെല്ലാം ഏറ്റവും എളുപ്പകരമായതാണ് ഞാൻ നിന്നോട് ചോദിച്ചിരുന്നത്.” (ബുഖാരി)
എന്നാൽ, ഭൂഗോളം നിറയെ സ്വർണ്ണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അവിശ്വാസികളായി മരിച്ചവരിൽനിന്ന് സ്വീകരിക്കപ്പെടുകയില്ലെന്ന് അല്ലാഹു പറയുന്നു:
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١﴾
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരിൽപെട്ട ഒരാൾ ഭൂമി നിറയെ സ്വർണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവർക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (സൂറത്തുആലിഇംറാൻ: 91)
അതികഠിനമായ ശിക്ഷയോട് മുഖാമുഖം നിൽക്കുമ്പോൾ തനിക്ക് വിലപ്പെട്ടതും കനിപ്പെട്ടതുമായിരുന്നതെല്ലാം നൽകുവാൻ അവിശ്വാസി തയ്യാറാകുവാൻ മാത്രം പ്രശ്നം സങ്കീർണ്ണമായിരിക്കും. അല്ലാഹു പറയുന്നു:
يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ ﴿١١﴾ وَصَاحِبَتِهِ وَأَخِيهِ ﴿١٢﴾ وَفَصِيلَتِهِ الَّتِي تُؤْوِيهِ ﴿١٣﴾ وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴿١٤﴾ كَلَّا ۖ إِنَّهَا لَظَىٰ ﴿١٥﴾ نَزَّاعَةً لِّلشَّوَىٰ ﴿١٦﴾ تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ ﴿١٧﴾ وَجَمَعَ فَأَوْعَىٰ ﴿١٨﴾
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! പർവ്വതങ്ങൾ കടഞ്ഞരോമം പോലെയും. ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവർക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായശ്ചിത്തമായി നൽകികൊണ്ട് ആ ദിവസത്തെ ശിക്ഷയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കുറ്റവാളി ആഗ്രഹിക്കും. തന്റെ ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നൽകിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവൻ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന് സംശയം വേണ്ട, തീർച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ചുകളയുന്ന നരകാഗ്നി. പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും. ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും. (സൂറത്തുൽമആരിജ്: 11-18)
അബ്ദുൽ ജബ്ബാർ അബ്ദുല്ല