നബിﷺയും സ്വഹാബത്തും നിലകൊണ്ട മാർഗത്തിൽനിന്ന് വ്യതിചലിച്ച് പലതരത്തിലുള്ള ആശയങ്ങളും ചിന്താഗതികളും സമൂഹത്തിൽ കൊണ്ടുവരാൻ പിശാച് പരിശ്രമിക്കും. ബിദ്അത്തിന്റെ ആളുകൾ പിശാചിന്റെ ഇത്തരം ചതിക്കുഴിയിലും പിടുത്തത്തിലുമാണ് എന്ന കാര്യം നാം മറക്കരുത്. വ്യത്യസ്തങ്ങളായ കോലങ്ങളിൽ പിശാച് അവരിലേക്ക് പല ദുർബോധനങ്ങളും നൽകി അവരെ പാട്ടിലാക്കുകയും നേരായ പാതയിൽനിന്ന് അവരെയും അവർ മുഖേന മറ്റു പലരെയും വ്യതിചലിപ്പിച്ച് കൊണ്ടുപോകാൻ പിശാച് ബോധപൂർവം ശ്രമിക്കും. ചരിത്രത്തിൽ അതിന് ധാരാളം ഉദാഹരണങ്ങൾ കാണാനാകും.
നബിﷺ പഠിപ്പിക്കുന്നത് അല്ലാഹുവിൽനിന്നുള്ള വഹ്യിന്റെ (ദിവ്യസന്ദേശങ്ങളുടെ) ആശയങ്ങളാണ്.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്യായി (ദിവ്യസന്ദേശമായി) നല്കപ്പെടുന്ന ഒരു ഉല്ബോധനം മാത്രമാകുന്നു. (ഖു൪ആന്:53/3-4)
എന്നാൽ ബിദ്അത്തിന്റെ ആളുകൾ പിൻപറ്റുന്നത് പിശാചിന്റെ ദുർബോധനങ്ങളെയാണ്. പല നൂതന ചിന്തകളും ആശയങ്ങളും പിശാച് അവരിലേക്ക് ഇട്ടുകൊടുക്കുകയും അത് ഭംഗിയാക്കി തോന്നിപ്പിക്കുകയും ചെയ്യും. അങ്ങനെ സമൂഹത്തിൽ ഛിദ്രതയും വിഭാഗീയതകളും സൃഷ്ടിക്കുവാൻ അതിലൂടെ അവന് സാധിക്കും.
പ്രമാണങ്ങളുടെ കൃത്യമായ അധ്യാപനങ്ങൾ പിൻപറ്റുമ്പോൾ ഐക്യവും സാഹോദര്യവും സംജാതമാകുമെങ്കിൽ അത് കൈയൊഴിച്ചുകൊണ്ടുള്ള പ്രയാണം അനൈക്യവും ശത്രുതയുമാണ് സൃഷ്ടിക്കുക.
വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങൾക്ക് കീഴൊതുങ്ങാതെ തങ്ങളുടെതായ യുക്തിചിന്തകളുടെ പിന്നാലെ പോകുന്ന പ്രവണതയാണ് ഏതുകാലത്തെയും ബിദ്അത്തിന്റെ ആളുകളിൽ കാണുന്ന ഒരു പൊതുസ്വഭാവം. അപ്രകാരംതന്നെ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ സ്വഹാബത്തിന്റെയോ സച്ചരിതരായ മറ്റു മുൻഗാമികളുടെയോ മാതൃകകളെ പരിഗണിക്കാതെ സ്വന്തമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും അവതരിപ്പിക്കുന്നു എന്നതും അവരിൽ പൊതുവിൽ കാണുന്ന ഒരു രീതിയാണ്.
വിവിധ കക്ഷികളും കക്ഷിത്വങ്ങളും വരുന്നത് അങ്ങനെയാണ്. അതിനാൽ അത്തരം മാർഗങ്ങൾ ഉപേക്ഷിച്ച് നേരായ പാത പിൻപറ്റുവാൻ ക്വുർആൻ നമ്മെ ഉൽബോധിപ്പിക്കുന്നു:
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്. (ഖു൪ആന്:6/153)
ഇത്തരം വിഭാഗീയതകളും ഭിന്നതകളും കാണപ്പെടുമ്പോൾ അതിൽനിന്നുള്ള രക്ഷാമാർഗമായി നബി ﷺ പഠിപ്പിച്ചത് ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാർഗം പിൻപറ്റുക എന്നതാണ്.
എന്നാൽ കൃത്യമായ ആ പ്രവാചകാധ്യാപനങ്ങളെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തിയ പലരും പിന്നീട് പല വിഭാഗങ്ങളായി വേർതിരിഞ്ഞു എന്നത് ചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്ന ഒരു വസ്തുതയാണ്. വ്യത്യസ്ത പേരുകളിൽ അവർ പിന്നീട് അറിയപ്പെടുകയും ചെയ്തു. അത്തരം കക്ഷികളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
1. ഖവാരിജിയ്യഃ
ഇസ്ലാമിക സമൂഹത്തിൽ ആദ്യമായി രൂപപ്പെട്ട ബിദ്ഈ കക്ഷിയാണ് ഖവാരിജുകൾ. ഹിജ്റ 37ൽ കൂഫയിലെ ‘ഹറൂറാഅ്’ എന്ന പ്രദേശത്ത് ഒരുമിച്ചുകൂടിയ ഒരു വിഭാഗമായതിനാൽ ഹറൂറിയാക്കൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. അന്നത്തെ ഭരണാധികാരിയായിരുന്ന അലിയ്യുബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ വിനെതിരിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവകാരികൾ എന്ന നിലയിലാണ് ‘ഖവാരിജുകൾ’ അഥവാ ‘പൊട്ടിപ്പുറപ്പെടുന്നവർ’ എന്ന പേര് ഇവർക്ക് കിട്ടിയത്.
അബ്ദുല്ലാഹിബിനു ദുൽഖുവൈസ്വിറതുത്തമീമി, അബ്ദുല്ലാഹിബിൻ വഹബ് അർറാസിബീ എന്നിവരാണ് ഇതിന്റെ തുടക്കക്കാരായി അറിയപ്പെടുന്നത്. മതപ്രമാണങ്ങളെ വിട്ടുള്ള അതിവാദങ്ങളും തങ്ങളുടെതല്ലാത്ത ചേരിയിലുള്ളവരെ അവിശ്വാസികൾ എന്ന മുദ്രകുത്തലും (തക്ഫീർ) ഭരണനേതൃത്വത്തിനെതിരിൽ പൊട്ടിപ്പുറപ്പെടുന്ന വിപ്ലവ പ്രവർത്തനങ്ങളും ഒക്കെയാണ് ഇവരുടെ പ്രധാന പ്രത്യേകതകൾ.
2. ക്വദ്രിയ്യഃ
അല്ലാഹുവിന്റെ വിധിയെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന അഥവാ അതിനെ നിഷേധിക്കുന്ന ഒരു വിഭാഗമാണ് ഇക്കൂട്ടർ. ഹിജ്റ 64ന് ശേഷം ഉദയം ചെയ്ത ഈ വിഭാഗത്തിന്റെ ആദ്യകാല നേതാക്കളായി അറിയപ്പെടുന്നത് മഅ്ബദുൽ ജുഹനി, ഗയലാനുദ്ദിമശ്ഖി തുടങ്ങിയവരാണ്.
ഇതിന്റെ മറുവിഭാഗമെന്ന പോലെ രംഗപ്രവേശം ചെയ്ത മറ്റൊരു ബിദ്ഈ കക്ഷിയാണ് ജബ്രിയ്യാക്കൾ. ജബ്ർ എന്നാൽ നിർബന്ധിക്കുക എന്നാണർഥം. വിധിവിശ്വാസത്തിൽ അതിരുകവിഞ്ഞു മനുഷ്യർക്ക് അല്ലാഹു നൽകിയിട്ടുള്ള സ്വാതന്ത്രത്തെ നിഷേധിക്കുകയും മനുഷ്യർ കാറ്റിൽ തൂക്കപ്പെട്ട തുവൽ പോലെ പ്രവർത്തന സ്വാതന്ത്ര്യവും ഇഛാശേഷിയുമില്ലാത്ത നിർബന്ധിതാവസ്ഥയിലാണുള്ളതെന്നും ഇവർ വാദിക്കുന്നു. ഇതാണ് അവരുടെ ആ പേരിന് കാരണം.
3. ജഹ്മിയ്യഃ
അല്ലാഹുവിനെ കുറിച്ച് പരിചയപ്പെടുത്തിക്കൊണ്ട് വിശുദ്ധ ക്വുർആനിലൂടെയും പ്രവാചക അധ്യാപനങ്ങളിലൂടെയും അല്ലാഹുവിന്റെ നിരവധി വിശേഷണങ്ങളും നാമങ്ങളും വന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വിശേഷണങ്ങളെ നിഷേധിക്കുക എന്നതാണ് ഇവരുടെ ഏറ്റവും പ്രധാന ആശയം.
അമവി ഖിലാഫത്തിന്റെ അവസാനത്തിലാണ് ഇവർ ഉദയം ചെയ്തത്. ജഅ്ദ്ബ്നു ദിർഹം, ജഹ്മ് ബ്നു സ്വഫ്വാൻ തുടങ്ങിയവരാണ് ഇവരുടെ ആദ്യകാല നേതാക്കൾ. ജഹ്മിലേക്ക് ചേർത്തിട്ടാണ് ജഹ്മിയ്യ എന്ന പേര് വന്നത്.
4. മുർജിഅഃ
ഈമാൻ എന്നതിൽ കർമങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നും വിശ്വാസകാര്യങ്ങൾ മനസ്സുകൊണ്ട് അറിഞ്ഞ് അംഗീകരിച്ചാൽ മാത്രം മതിയെന്നും ഇവർ വാദിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവ് കൈവരിച്ചതിനുശേഷം ഒരാൾ എത്രതന്നെ പാപിയായാലും ദോഷം ചെയ്തവനായാലും അതൊന്നും അയാൾക്ക് യാതൊരുവിധ ദോഷവും വരുത്തുകയില്ല എന്നതാണ് ഇവർ പഠിപ്പിക്കുന്നത്. ഹിജ്റ 64നും 73നും ഇടയിലാണ് ഇവരുടെ ഉത്ഭവം. ഹസനുബ്നു മുഹമ്മദ് ബിൻ അലി എന്നയാളാണ് സ്ഥാപക നേതാവ്.
5. റാഫിദിയ്യഃ
ഇവരാണ് ശീഇകൾ എന്ന പേരിൽ അറിയപ്പെടുന്നത്. വ്യക്തികളോടുള്ള സ്നേഹ ബഹുമാനങ്ങളുടെ പേരിൽ അതിരുകവിയലാണ് ഇവരുടെ ഒരുപ്രത്യേകത. അലി رَضِيَ اللَّهُ عَنْهُ അടക്കമുള്ള നബികുടുംബത്തിലെ പലരെയും ഇവർ ദൈവതുല്യരായി കാണുന്നു. അവരുടെ ക്വബ്റിടങ്ങൾ കെട്ടിയുയർത്തുകയും അവരോട് പ്രാർഥിക്കുകയും അവിടെ ആഘോഷങ്ങളും ആരാധനകളുമെല്ലാം നടത്തുകയും ചെയ്യുന്നു. ഹിജ്റ 37ൽ കൂഫയിൽനിന്നാണ് ഇവരുടെ തുടക്കം. അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതനാണ് ഇതിന്റെ ശിൽപി. ഇസ്ലാം സ്വീകരിച്ചു എന്ന വ്യാജേന കടന്നുവന്ന് ഇസ്ലാമിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ തന്റെ പിഴച്ച വാദങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്തത്.
6. മുഅ്തസിലഃ
ഹിജ്റ 105ൽ ഇറാഖിലെ ബസ്റയിൽ ആയിരുന്നു ഇവരുടെ ആവിർഭാവം. വാസിലുബ്നു അത്വാഅ് എന്നയാളാണ് ഇതിന്റെ തുടക്കക്കാരൻ. പ്രമാണങ്ങളെ വിട്ടുകൊണ്ടുള്ള യുക്തിവാദത്തിന്റെ ആശയങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്. സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടു വന്ന പല സംഗതികളെയും ഇത്തരം യുക്തിവാദങ്ങളിലൂടെ ഇവർ നിഷേധിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തിൽ മേൽപ്പറഞ്ഞ പേരുകളിൽ ഇവർ നിലനിൽക്കുന്നില്ലെങ്കിലും അവരുടെ ആശയങ്ങൾ പലരിലേക്കും പ്രചരിച്ച് ഇന്നും അത് വിവിധ കോലങ്ങളിൽ നിലനിൽക്കുന്നു എന്നത് സൂക്ഷ്മ പരിശോധന നടത്തുന്ന ആർക്കും ബോധ്യമാകുന്ന സംഗതിയാണ്. അതിനാൽ അത്തരം ചതിക്കുഴികളിൽ പെടാതിരിക്കാൻ കൃത്യമായ പ്രവാചക അധ്യാപനങ്ങൾ പഠിക്കുവാനും പിൻപറ്റുവാനും നാം ശ്രമിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ!
ശമീർ മദീനി