ഒന്ന്
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :5/38)
അന്യന്‍റെ ധനം ഗൂഢമായി എടുത്തുകൊണ്ടു പോകുന്നതിനാണ് മോഷണം (سرقة) എന്ന് പൊതുവെ പറയപ്പെടുന്നത്. പക്ഷേ, അതത് വസ്തുക്കള്‍ക്ക് അനുയോജ്യമായ സൂക്ഷിപ്പു സ്ഥാനങ്ങളില്‍ നിന്ന് ഗൂഢമായി എടുക്കുമ്പോഴേ അത് നിയമപ്രകാരം മോഷണത്തില്‍ പെടുകയുള്ളൂ. (അമാനി തഫ്സീര്‍)
രണ്ട്
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ ﴿٢٤﴾ فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ ﴿٢٥﴾
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ (ഫിര്‍ഔൻ) പറഞ്ഞു. അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി. (ഖു൪ആന്‍ :79/24-25)
നൈല്‍ നദിയില്‍ വെച്ച് അവന്‍ (ഫിര്‍ഔൻ) വെള്ളത്തില്‍ മുക്കികൊല്ലപ്പെട്ടു. ഇതു ഇഹത്തില്‍ വെച്ചു ലഭിച്ച ശിക്ഷയാണ്. തുടര്‍ന്നു പരലോകത്തു നരകത്തില്‍ അഗ്നി ശിക്ഷയും! (അമാനി തഫ്സീര്‍)
മൂന്ന്
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴿٦٥﴾ فَجَعَلْنَٰهَا نَكَٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ ﴿٦٦﴾
നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി. (ഖു൪ആന്‍:2/65-66)
ഇസ്‌റാഈല്യരില്‍ കഴിഞ്ഞുപോയ ഒരു അനുസരണക്കേടും അതിനാല്‍ ലഭിച്ചശിക്ഷയും ചൂണ്ടിക്കാട്ടുകയാണ്. മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍ അന്ന് ജോലികളില്‍ നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ആചരണത്തിന് സബത്ത്- അഥവാ ശബ്ബത്ത് (سَبَت) എന്ന് പറയുന്നു.
മത ശാസനകളില്‍ നിന്നു ഒഴിഞ്ഞു മാറുവാനുള്ള കൗശലങ്ങള്‍ കണ്ടുപിടിക്കല്‍ യഹൂദികളുടെ ഒരു പതിവാകുന്നു. അതുകൊണ്ട് അല്ലാഹു അവരില്‍ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യങ്ങള്‍ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിനു മീതെ തലപൊക്കിക്കൊണ്ടിരിക്കും. മറ്റു ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോള്‍ അവര്‍ക്കു സഹിക്കുവാന്‍ കഴിയാതായി. അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. അല്‍പം അകലെ ചില കുളങ്ങള്‍ സ്ഥാപിക്കുക. സമുദ്രത്തില്‍ നിന്നു അതിലേക്കു വെള്ളച്ചാലുകളും നിര്‍മ്മിക്കുക. മത്സ്യങ്ങള്‍ ചാലുകളിലൂടെ കുതിച്ചു വന്നു കുളത്തില്‍ തങ്ങിക്കണ്ടാല്‍ ഉടനെ കുളത്തിന്റെ മുഖം അടച്ചു കെട്ടുകയും, പിറ്റേന്നു മത്സ്യങ്ങളെ പിടിക്കുകയും ചെയ്യുക. ഇതുവഴി, ശനിയാഴ്ച മത്സ്യം പിടിക്കുന്ന ജോലിക്കുപോയി എന്ന ആരോപണത്തില്‍നിന്നു അവര്‍ ഒഴിവാകുകയും, മത്സ്യം ശേഖരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുന്നു. ഇതു കാപട്യവും, അക്രമവും, നിയമത്തിന്റെ യുക്തിതത്വത്തെ മറികടക്കലുമാണ്.
മതനിയമത്തെ മറികടക്കുവാനുള്ള അവരുടെ ആ ഉപായം നിയമത്തെ ധിക്കരിക്കലും വഞ്ചനയുമാണ്. ഇതിനെപ്പറ്റി അവരിലുണ്ടായിരുന്ന നല്ല മനുഷ്യന്‍മാര്‍ അവരെ ഉപദേശിച്ചു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. മാത്രമല്ല, ഉപദേശകൻമാര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്തു. അല്ലാഹു അവരെ കഠിനമായ ശിക്ഷ – ചരിത്രത്തില്‍ ഇണയില്ലാത്ത ഒരു ശിക്ഷ – നൽകി ശിക്ഷിച്ചു. അഥവാ അവരെ കുരങ്ങുകളാക്കി മാറ്റി. അല്ലാഹു പറയുന്നു:
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابِۭ بَـِٔيسِۭ بِمَا كَانُوا۟ يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴿١٦٦﴾
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. (ഖു൪ആന്‍:7/165-166)
نَكَال (മാതൃകാ ശിക്ഷ) എന്ന ഈ വാക്കു മൂന്ന് സ്ഥലത്താണു അല്ലാഹു ക്വുര്‍ആനില്‍ ഉപയോഗിച്ചു കാണുന്നത്. ഒന്ന് 5/41ല്‍ മോഷ്ടാവിന്റെ കൈമുറിക്കലിനെ കുറിച്ചും, മറ്റൊന്ന് 79/25 ല്‍ ഫിര്‍ഔനെയും കൂട്ടരെയും മുക്കി നശിപ്പിച്ചതിനെക്കുറിച്ചും, മൂന്നാമത്തേത് ഇതേ സംഭവത്തെക്കുറിച്ചു 2/66 ലുമാകുന്നു. അതതു ശിക്ഷയുടെ ഗൗരവത്തെയും പുതുമയെയുമാണത് കാണിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടും, പൗരാണിക സമുദായങ്ങളിലും, ഈ സമുദായത്തിലുമുള്ള നടപടി ക്രമങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ള വ്യത്യാസ രഹസ്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടുമായിരിക്കണം സംഭവങ്ങളെ വിലയിരുത്തുന്നത്. അല്ലാത്തപക്ഷം, അല്ലാഹുവിന്റെയും, റസൂലിന്റെയും പ്രസ്താവനകളില്‍ ചിലതൊക്കെ സഹിക്കാത്തവയായി തോന്നിയേക്കുക സ്വഭാവികമായിരിക്കും. (അമാനി തഫ്സീര്‍)