اللَّهُ أَكْـــــــــبَرُ
സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും കർമ്മങ്ങളിലും മഹനീയനും വലിയവനുമാണ് അല്ലാഹു. അഥവാ അല്ലാഹു അക്ബറാകുന്നു. തക്ബീർ ചൊല്ലുവാനുള്ള കൽപനകൾ വിശുദ്ധക്വുർആനിലും തിരുമൊഴികളിലുമുണ്ട്.
നാലു ശ്രേഷ്ഠവചനങ്ങളിൽ ഒന്ന് തക്ബീറാണ്. നമസ്കാരം, പെരുന്നാൾ, നോമ്പ്, ഹജ്ജ് എന്നീ ആരാധനകളുമായി ബന്ധപ്പെട്ട് തക്ബീർ നിയമമാക്കപ്പെട്ടത് അതിന്റെ പ്രാധാന്യവും മഹത്വവുമാണ് അറിയിക്കുന്നത്.
നമസ്കാരത്തിൽ, ബാങ്കു വിളിയിലും ഇക്വാമത്ത് വിളിയിലും ഇതര ദിക്റുകളേക്കാൾ തക്ബീറുകൾ ആവർത്തിക്കപ്പെടുന്നു.
നമസ്കാരത്തിൽ ഒരു റക്അത്തിൽ അഞ്ച് തക്ബീറുകളാണ്. നമസ്കാരത്തിൽ നിൽകുമ്പോൾ, റുകൂഇലേക്ക് പോകുമ്പോൾ, സുജൂദിലേക്ക് പോകുമ്പോൾ, സുജൂദിൽനിന്ന് ഉയർന്നിരിക്കുമ്പോൾ, വീണ്ടും സുജൂദ് ചെയ്യുമ്പോൾ എന്നിവയാണവ. നാല് റക്അത്തുള്ള നമസ്കാരങ്ങളിൽ ഇരുപത്തി രണ്ട് തക്ബീറുകൾ. രണ്ടു റക്അത്തുള്ള നമസ്കാരങ്ങളിൽ പതിനൊന്ന് തക്ബീറുകൾ. അങ്ങനെ അഞ്ചു നിർബന്ധനമസ്കാരങ്ങളിൽ തൊണ്ണൂറ്റി നാല് തക്ബീറുകൾ. അവ ഓരോന്നിനും ശേഷം മുപ്പത്തി മൂന്ന് വീതം തക്ബീറുകൾ. അപ്പോൾ റവാത്തിബ് സുന്നത്തുകളിലും ദ്വുഹാ, വിത്ർ, തഹിയ്യത്ത് പോലുള്ള ഇതര ഐച്ഛിക നമസ്കാരങ്ങളിലും തക്ബീറുകളുടെ എണ്ണം എത്രയാണ്. ബാങ്ക് വിളിക്കും ഇക്വാമത്തിനും ഉത്തരമേകുമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ (മുപ്പത്തി നാലു തവണ), പെരുന്നാൾ സുദിനങ്ങളിൽ, ദുൽഹജ്ജ് പത്തു നാളുകളിൽ തുടങ്ങി തക്ബീറുകൾ ധാരാളമാണ്. തക്ബീറിന്റെ മഹത്വവും പ്രാധാന്യവുമാണ് ഇത് അറിയിക്കുന്നത്. رَضِيَ اللَّهُ عَنْهُ
പെരുന്നാൾ സുദിനങ്ങളിൽ സ്വഹാബികൾ നിർവ്വഹിച്ചിരുന്ന തക്ബീറിന് ഒന്നിലധികം രീതികളുണ്ട്. ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിർവ്വഹിച്ചിരുന്ന തക്ബീർ ഇബ്നു അബീശെയ്ബഃ ഇപ്രകാരം നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللهُ أَكْبَرُ اللهُ أَكْبَرُ لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ اللهُ أَكْبَرُ وَلِلَّهِ الْحَمْدُ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ നിർവ്വഹിച്ചിരുന്ന തക്ബീർ ബയ് ഹക്വീ താഴെ വരും പ്രകാരം നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ ، اللَّهُ أَكْبَرُ وَأَجَلُّ , اللَّهُ أَكْبَرُ عَلَى مَا هَدَانَا.
സൽമാനുൽഖയ്ർ رَضِيَ اللَّهُ عَنْهُ നിർവ്വഹിച്ചിരുന്ന തക്ബീർ ബയ് ഹക്വീ ഇപ്രകാരം നിവേദനം.
كَبِّرُوا اللَّهَ: أَكْبَرُ اللَّهُ أَكْبَرُ، اللَّهُ أَكْبَرُ كَبِيرًا
സ്വഹാബത്തിനോടൊന്നിച്ച് നമസ്കരിച്ചപ്പോൾ താഴെ വരുന്ന ദിക്ർ ഒരു വ്യക്തി ചൊല്ലി. അതു കേട്ടപ്പോൾ “അതിൽ ഞാൻ ആശ്ചര്യപെട്ടു പോയി. അതിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടു” എന്ന് നബി ﷺ പറയുകയും ചെയ്തു. ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ ഇതു പറഞ്ഞതിൽ പിന്നെ ഞാൻ അവ ഉപേക്ഷിച്ചിട്ടേയില്ല. സംഭവം സ്വഹീഹു മുസ്ലിമിൽ.
اللهُ أَكْبَرُ كَبِيرًا وَالحَمْدُ لِلهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلا
“അല്ലാഹു അക്ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അൽഹംദുലില്ലാഹികഥീറൻ എന്നു ഞാൻ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹ് ചൊല്ലി ഞാൻ നിർവ്വഹിക്കുന്നു.”
ഉമർ رَضِيَ اللَّهُ عَنْهُ ഒരിക്കൽ, തിരുനബി ﷺ യോട് അവിടുന്ന് ഭാര്യമാ രെ വിവാഹ മോചനം നടത്തിയോ എന്ന് ചോദിച്ചപ്പോൾ തിരുമേനി ﷺ ഇല്ല എന്ന് പ്രതികരിച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ “അല്ലാഹുഅ ക്ബർ” എന്ന് പറഞ്ഞതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
اللهُ أَكْـبَرُ
യാത്ര കയറ്റത്തിലാകുമ്പോൾ തക്ബീർ ചൊല്ലുവാൻ തിരുമേനി ﷺ കൽപ്പിച്ചതായി ഇമാം തിർമുദിയുടെ റിപ്പോർട്ടിലുണ്ട്.
اللَّهُ أَكْبَرُ
ഖന്തക്വ് യുദ്ധനാളുകളിൽ അവിശ്വാസികൾ തോൽപിക്കപ്പെട്ടതിൽ പിന്നെ തിരുദൂതർ ﷺ ഇപ്രകാരം പറയുമായിരുന്നുവെന്ന് ഇമാം ബുഖാരി നിവേദനം:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَعَزَّ جُنْدَهُ وَنَصَرَ عَبْدَهُ وَغَلَبَ الْأَحْزَابَ وَحْدَهُ فَلَا شَيْءَ بَعْدَهُ
“യഥാർത്ഥ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ തന്റെ സൈന്യത്തെ സഹായിച്ചു. തന്റെ ദാസനെ സഹായിച്ചു. (ശത്രു)കൂട്ടങ്ങളെ അവനൊറ്റക്ക് അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. അവനു ശേഷം യാതൊന്നുമില്ല.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല