മാസപ്പിറവി കാണുമ്പോൾ
ഉദയ ചന്ദ്രനെ കാണുമ്പോൾ തിരുനബി ﷺ പ്രാർത്ഥിച്ച തായി ഇമാം അഹ്മദ് ഇപ്രകാരം റിപ്പോർട്ട് ചെയ്തു. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ أَهِلَّهُ عَلَيْنَا بِالْيُمْنِ وَالإِيمَانِ وَالسَّلاَمَةِ وَالإِسْلاَمِ رَبِّى وَرَبُّكَ اللَّهُ
“അല്ലാഹുവേ ചന്ദ്രനെ നീ ഞങ്ങളുടെ മേൽ അനുഗ്രഹം കൊണ്ടും ഈമാൻകൊണ്ടും സുരക്ഷകൊണ്ടും ഇസ്ലാംകൊണ്ടും ഉദിപ്പിക്കേണമേ. എന്റേയും നിന്റേയും രക്ഷിതാവ് അല്ലാഹുവാകുന്നു.”
അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ
അങ്ങാടിയിൽ പ്രവേശിച്ച് താഴെവരുന്ന ദിക്ർ ചൊല്ലുന്ന വിശ്വാസിക്ക് പത്തു ലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടുമെന്നും അയാളുടെ പത്തു ലക്ഷം തിന്മകൾ മായിക്കപ്പെടുമെന്നും. അയാൾക്ക് പത്തു ലക്ഷം പദവികൾ ഉയർത്തപ്പെടുമെന്നും സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടുമെന്നും ഹദീഥിലുണ്ട്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; മരിക്കുകയില്ല. അവന്റെ കയ്യിലാകുന്നു മുഴുനന്മകളും. എല്ലാ കാര്യത്തിനും അവനാകുന്നു കഴിവുറ്റവൻ.”
യുദ്ധം ചെയ്താൽ
അല്ലാഹു ഖന്തക്വ് യുദ്ധ നാളുകളിൽ അവിശ്വാസികളെ തോൽപിച്ചതിൽ പിന്നെ തിരുദൂതർ ﷺ ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം ബുഖാരി നിവേദനം:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَعَزَّ جُنْدَهُ وَنَصَرَ عَبْدَهُ وَغَلَبَ الْأَحْزَابَ وَحْدَهُ فَلَا شَيْءَ بَعْدَهُ
“യഥാർത്ഥ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ തന്റെ സൈന്യത്തെ സഹായിച്ചു. തന്റെ ദാസനെ സഹായിച്ചു. (ശത്രു) കൂട്ടങ്ങളെ അവനൊറ്റക്ക് അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. അവനു ശേഷം യാതൊന്നുമില്ല.”
ഉപജീവനം അനുഗ്രഹീതമാകുവാൻ
തിരുനബി ﷺ ചൊല്ലിയിരുന്ന ദുഅയായി അബൂഹുറയ്റഃയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം തിർമുദി നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اغْفِرْ لِي ذَنْبِي وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي
“അല്ലാഹുവേ, നീ എന്റെ പാപം പൊറുക്കേണമേ, എന്റെ ഉപജീവനം വിശാലമാക്കേണമേ, എനിക്ക് ഉപജീവനമായി ഏകിയതിൽ നീ ബർകത്ത് ചൊരിയേണമേ.”
വിളവ് എടുത്താൽ
ഫലം കൊയ്ത് തിരുനബി ﷺ യുടെ അടുക്കലേക്ക് ആളുകൾ അതു കൊണ്ടുവന്നാൽ അവിടുന്ന് താഴെ വരും വിധം ദുആ ചെയ്യുമായിരുന്നു എന്ന് തുർമുദിയും മറ്റും നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ بَارِكْ لَنَا فِي ثِمَارِنَا، وَبَارِكْ لَنَا فِي مَدِينَتِنَا وَبَارِكْ لَنَا فِي صَاعِنَا وَمُدِّنَا
“അല്ലാഹുവേ, ഞങ്ങളുടെ ഫലങ്ങളിൽ നീ ബർകത്ത് ചൊരിയേണമേ. ഞങ്ങളുടെ മദീനഃയിൽ നീ ബർകത്ത് ചൊരിയേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും (അളവു പാത്രങ്ങൾ) നീ ബർകത്ത് ചൊരിയേണമേ.”
اللهُمَّ بَارِكْ لَنَا فِي مَدِينَتِنَا، وَفِي ثِمَارِنَا، وَفِي مُدِّنَا، وَفِي صَاعِنَا بَرَكَةً مَعَ بَرَكَةٍ
“അല്ലാഹുവേ, ഞങ്ങളുടെ മദീനഃയിലും ഫലങ്ങളിലും മുദ്ദിലും സ്വാഇലും നീ വീണ്ടും വീണ്ടും ബർകത്ത് ചൊരിയേണമേ.”
ശകുനം മടക്കിയാൽ
ഒരു ആവശ്യനിർവ്വഹണത്തിൽ നിന്ന് ശകുനദർശനം ആരെയെങ്കിലും തിരിച്ചു കളഞ്ഞാൽ അവൻ ശിർക്ക് ചെയ്തവനായെന്നും അതിനുള്ള പ്രായശ്ചിത്തം താഴെ വരുന്ന ദുആ ചൊല്ലലാണെന്നും തിരുമൊഴിയുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ لَا خَيْرَ إِلَّا خَيْرُكَ، وَلَا طَيْرَ إِلَّا طَيْرُكَ، وَلَا إِلَهَ غَيْرُكَ
“അല്ലാഹുവേ, നന്മ നീ വിധിച്ച നന്മ മാത്രം. എനിക്കുള്ള ഭാഗധേയം നിന്നിൽ നിന്നുള്ള ഭാഗധേയം മാത്രം. നീയല്ലാതെ ആരാധനക്കർഹനില്ല”
അബ്ദുൽ ജബ്ബാർ അബ്ദുല്ല