നന്മകളെ ആമുലാഗ്രം ഉൾകൊണ്ട, അനുഗ്രഹങ്ങൾ സമ്പൂർണവും സമഗ്രവുമായി സമന്വയിച്ച ദുആ വചനങ്ങൾ ഉണ്ട്. അതിനാൽ തന്നെ ജവാമിഉദ്ദുആ, ജവാമിഉൽകലിം, കവാമിൽ, ജവാമിഅ് എന്നീ പേരുകൾ പ്രസ്തുത ദുആക്ക് സ്ഥിരപ്പെട്ടിട്ടുണ്ട്. അവകൊണ്ട് തിരുനബി ﷺ ദുആ ചെയ്യുകയും ദുആ ചെയ്യുന്നത് ഇഷ്ടപ്പെടുകയും ദുആ ചെയ്യുവാൻ കൽപിക്കുകയും ചെയ്തിട്ടുണ്ട്. ആഇശാ رَضِيَ اللَّهُ عَنْها യെ നബി ﷺ പഠിപ്പിക്കുകയും ദുആ ചെയ്യുവാൻ കൽപിക്കുകയും ചെയ്ത ദുആ വചനം ചുവടെ നൽകുന്നു. ഇമാം അഹ്മദും മറ്റും നിവേദനം ചെയ്തു. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
“അല്ലാഹുവേ, വേഗത്തിലെത്തുന്നതും വൈകിയെത്തുന്നതുമായ, ഞാൻ അറിഞ്ഞതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ, വേഗത്തിലെത്തുന്നതും വൈകിയെത്തുന്നതുമായ, ഞാൻ അറിഞ്ഞതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ ) നിന്നോട് തേടിയ നന്മകൾ നിന്നോട് ഞാൻ തേടുന്നു. നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ ) നിന്നിൽ അഭയം തേടിയ തിന്മകളിൽനിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, സ്വർഗവും സ്വർഗ ത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ഞാൻ നിന്നോട് തേടുന്നു. നരകത്തിൽനിന്നും നരകത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്കു നന്മയാക്കുവാൻ ഞാൻ നിന്നോട് തേടുന്നു.”
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
وَأَسْأَلُكَ مَا قَضَيْتَ لِي مِنْ أَمْرٍ أَنْ تَجْعَلَ عَاقِبَتَهُ رَشَدًا
“നീ എനിക്കു വിധിച്ച ഏതൊരുകാര്യത്തിന്റേയും പര്യവസാനം എനിക്കു നന്മയാക്കുവാൻ ഞാൻ നിന്നോട് തേടുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല