ഖിലാഫത്ത് ഏറ്റെടുത്ത ശേഷം അബൂബകർ رَضِيَ اللَّهُ عَنْهُ ജനങ്ങളോടു നിർവ്വഹിച്ച പ്രസംഗത്തിൽ കരഞ്ഞുകൊണ്ട് നബി ﷺ നിർവ്വഹിച്ചിരുന്ന ദുആ അദ്ദേഹം ഇപ്രകാരം ഉണർത്തി. ഇമാം അഹ്മദ് നിവേദനം. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَسْأَلُ اللَّهَ الْعَفْوَ وَالْعَافِيَةَ
“അല്ലാഹുവോട് ഞാൻ അഫ്വും ആഫിയതും (സൗഖ്യം) തേടുന്നു.”
താഴെ വരുന്ന ദുആയോളം ശ്രേഷ്ഠമായ ഒരു ദുആയും ആരും നിവ്വഹിച്ചിട്ടില്ലെന്ന് തിരുമേനി ﷺ പറഞ്ഞതായി അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ഇബ്നുമാജഃ നിവേദനം. അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالْآخِرَةِ
“അല്ലാഹുവേ, ഇഹലോകത്തും പരലോകത്തുമുള്ള മുആഫാത് (സൗഖ്യം) ഞാൻ നിന്നോട് തേടുന്നു.”
താഴെ വരുന്ന ദുആഅ് തിരുനബി ﷺ നിർവ്വഹിച്ചിരുന്നതായി ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നുള്ള ഹദീഥിലുണ്ട്. അൽബാനി ഹസ നെന്ന് വിശേഷിപ്പിച്ചു.
اللهُمَّ عَافِنِي فِي جَسَدِي وَعَافِنِي فِي بَصَرِي وَاجْعَلْهُ الْوَارِثَ مِنِّى، لاَ إِلهَ إِلاَّ اللهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ وَالْحَمْدُ لِلهِ رَبِّ الْعَالمِينَ
“അല്ലാഹുവേ, എന്റെ ശരീരത്തിൽ നീ എനിക്കു സൗഖ്യമേകേണമേ. എന്റെ ദൃഷ്ടിയിൽ നീ എനിക്കു സൗഖ്യമേകേണമേ. അതിനെ (എന്റെ ദൃഷ്ടിയെ) ഞാൻ മരിക്കുവോളം സുരക്ഷിതമായി ശേഷിപ്പിക്കേണമേ. പെട്ടെന്നു ശിക്ഷിക്കാതെ തൗബക്കു സാവകാശം നൽകുന്ന അൽഹലീമും അത്യുദാരനുമായ അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധനക്കു അർഹനായി മറ്റാരുമില്ല. മഹിത സിംഹാസനത്തി ന്റെ രക്ഷിതാവായ അല്ലാഹു പരിശുദ്ധനാകുന്നു. മുഴുവൻ സ്തുതികളും ലോകരുടെ രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.”
താഴെ വരുന്ന ദുആ വചനം തിരുനബി ﷺ ചൊല്ലുന്നത് കേട്ടതിനാൽ ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ ഇതു ചൊല്ലുവാൻ കൽപിക്കുമായി രുന്നു എന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.
اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ
“അല്ലാഹുവേ, നീ എന്റെ ശരീരത്തെ പടച്ചു. നീ അതിനെ പൂർണ്ണമായി ഏറ്റെടുക്കുന്നു. അതിന്റെ മരണവും അതിന്റെ ജീവിതവും നിന്റെ (കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാൽ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാൽ അതിനോട് പൊറുക്കേണമേ. അല്ലാഹുവേ നിന്നോട് ഞാൻ സൗഖ്യം തേടുന്നു.”
ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും തിരുനബി ﷺ താഴെ വരുന്ന ദുആ മൂന്ന് തവണ ആവർത്തിച്ച് ചൊല്ലിയിരുന്നത് അബൂബകറഃ رَضِيَ اللَّهُ عَنْهُ കേൾക്കുകയും തിരുമേനി ﷺ യുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്തത് ഇമാം അഹ്മദ് നിവേദനം ചെയ്തു. ഇബ്നുഹജർ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ
“അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.”
തിരുദൂതർ ﷺ പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും താഴെ വരുന്ന പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തു. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي
“അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാൻ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നി ന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എ ന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയംതേടുന്നു”
അബ്ദുൽ ജബ്ബാർ അബ്ദുല്ല