ആശ്ചര്യകരമായ വല്ലതും കാണുമ്പോൾ
سُبْحَانَ اللهِ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ആശ്ചര്യകരമായ ഒരു വിഷയം നബി ﷺ കേട്ടപ്പോൾ തിരുമേനി ﷺ തസ്ബീഹ് ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“ആരാണ് അറകളിലുള്ള സ്ത്രീകളെ (തന്റെ ഭാര്യമാരെയാണ് തിരുനബി ﷺ ഉദ്ദേശിക്കുന്നത്) നമസ്കരിക്കുവാൻ വിളിച്ചുണർത്തുക. ഭൗതികലോകത്തെ എത്ര വസ്ത്രധാരിണികളാണ് അന്ത്യനാളിൽ നഗ്നരായിട്ടുള്ളത്” എന്നു പറഞ്ഞ് ലോകാവസാനത്തിലെ ഫിത്നഃകളെ അനുസ്മരിക്കവെ തിരുനബി ﷺ,
سُبْحَانَ اللهِ
എന്നു പറഞ്ഞാണ് തന്റെ ആശ്ചര്യ വർത്തമാനം തുടങ്ങിയത്. ഇമാം ബുഖാരി നിവേദനം ചെയ്തു.
اللهُ أَكْـبَرُ
ഉമർ رَضِيَ اللَّهُ عَنْهُ ഒരിക്കൽ, തിരുനബി ﷺ യോട് അവിടുന്ന് ഭാര്യമാരെ വിവാഹ മോചനം നടത്തിയോ എന്ന് ചോദിച്ചപ്പോൾ തിരു മേനി ﷺ ഇല്ല എന്ന് പ്രതികരിച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ “അല്ലാഹു അക്ബർ” എന്ന് പറഞ്ഞതായി ഇമാം ബുഖാരിയും മുസ്ലിമും റി പ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
لَا إِلَهَ إِلَّا اللهُ
തിരുനബി ﷺ ഒരു ക്വബ്റിനരികിലൂടെ നടന്നപ്പോൾ ആരുടേതാണ് ഈ ക്വബ്റെന്ന് അന്വേഷിക്കുകയും അത് ഹബശക്കാരനായ ഒരു വ്യക്തിയുടെ ക്വബ്റാണ് എന്ന് കേട്ടപ്പോൾ “ലാ ഇലാഹ ഇല്ലല്ലാഹ് ഭൂമിയിൽനിന്നും ആകാശത്തിൽനിന്നും താൻ സൃഷ്ടിക്കപെട്ട മണ്ണിലേക്ക് അയാൾ നയിക്കപെട്ടിരിക്കുന്നു” എന്ന് പ്രതികരിക്കുകയും ചെയ്തു. സംഭവം ഇമാം ഹാകിം നിവേദനം ചെയ്തു. അൽബാനി ഹസനെന്ന് വിശേഷിപിച്ചു.
مَا شَاءَ اللَّهُ لا قُوَّةَ إِلاَّ بِاللَّهِ
ശരീരത്തിലോ സമ്പത്തിലോ മറ്റോ ആശ്ചര്യപ്പെടുത്തുന്ന വല്ലതും കണ്ടാൽ, സൂറത്തുൽകഹ്ഫിൽ തോട്ടക്കാരന്റെ സംഭവം വിവരിച്ച 39 ാം വചനത്തിന്റെ വെളിച്ചത്തിൽ ഉപരി സൂചിത വചനം ചൊല്ലുവാൻ പൂർവ്വ സൂരികൾ പറഞ്ഞത് ഇമാം ഇബ് നുകഥീർ തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തനിക്കു ഇഷ്ടകരമായ ഒരു വിഷയം കണ്ടാൽ നബി ﷺ താഴെ വരും വിധം ഹംദ് ചൊല്ലുമായിരുന്നതായി ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് ഇമാം ഹാകിം നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ
“തന്റെ അനുഗ്രഹത്താലാകുന്നു സൽകാര്യങ്ങൾ പരിപൂർണമാകുന്നത്; അങ്ങനെയുള്ള അല്ലാഹുവിന്നുമാത്രമാകുന്നു സ്തുതികൾ മുഴുവനും”
ബർകത്തിനു തേടുന്നതിന്റെ മഹത്വം
ഒരാളുടെ ശരീരത്തിലോ സമ്പത്തിലോ തന്നെ ആശ്ചര്യപ്പെടുത്തുന്ന വല്ലതും കണ്ടാൽ ബർകത്തിനു വേണ്ടി തേടുവാൻ നബി ﷺ കൽപിക്കുകയും കണ്ണേറ് സത്യമാണെന്ന് ഉണർത്തുകയും ചെയ്തത് സഹ്ൽ ഇബ്നുഹുനയ്ഫി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അഹ്മദ് നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
സന്തോഷകരമായത് വന്നണഞ്ഞാൽ
• ശുക്റിന്റെ സുജൂദ് ചെയ്യുക
സന്തോഷകരമായ വല്ല കാര്യവും തിരുനബി ﷺ ക്ക് വന്നണ ഞ്ഞാൽ അല്ലാഹുവിന് ശുക്ർ അർപ്പിക്കുവാൻ നബി ﷺ സുജൂദിലേക്ക് വീഴാറുണ്ടെന്ന് അബൂബകറഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം തിർമുദി റിപ്പോർട്ട് ചെയ്ത്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
കോഴി കൂവുമ്പോൾ
• അല്ലാഹുവോട് അവന്റെ ഔദാര്യം തേടുക
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നിങ്ങൾ കോഴിയുടെ കൂവൽ കേട്ടാൽ അല്ലാഹുവോട് നിങ്ങൾ അവന്റെ ഔദാര്യം തേടുക; കാരണം, തീർച്ചയായും അത് മലകിനെ കണ്ടിരിക്കുന്നു.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല