അല്ലാഹുവിൽ നിന്ന് കൂടുതൽ ലഭിക്കുന്നതിനു ദുആ ചെയ്യുവാൻ തിരുനബി ﷺ കൽപിക്കപ്പെട്ട ഏകവിഷയം വിജ്ഞാനമാണ്. പ്രസ്തുത ദുആ ഇപ്രകാരമാണ്:
رَّبِّ زِدْنِي عِلْمًا ﴿١١٤﴾ (طه: ١١٤)
എനിക്കു നീ ജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ (വി. ക്വു. 20 :114)
താഴെ വരുന്ന ദുആ തിരുനബി ﷺ നിർവ്വഹിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ഹാകിം നിവേദനം ചെയ്തു. ഇമാം ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَارْزُقْنِي عِلْماً تَنْفَعُنِي بِهِ
“അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചതു കൊണ്ട് നീ എനിക്കു ഉപകരമേകേണമേ. എനിക്ക് ഉപകാരമാകുന്നത് നീ എന്നെ പഠിപ്പിക്കേണമേ. നീ ഉപകാരമേകുന്ന അറിവിനെ എനിക്കു പ്രദാനം ചെയ്യേണമേ.’
താഴെവരുന്ന ദുആ തിരുനബി ﷺ നിർവ്വഹിക്കാറുള്ളതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ഇബ്നുമാജഃ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا
“അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചതു കൊണ്ട് നീ എനിക്കു ഉപകരമേകേണമേ. എനിക്ക് ഉപകാരമാകുന്നത് നീ എന്നെ പഠിപ്പിക്കേണമേ. അറിവിനെ എനിക്കു നീ വർദ്ധിപ്പിക്കേണമേ.”
സ്വുബ്ഹി നമസ്കാരത്തിൽനിന്ന് സലാം വീട്ടിയാൽ താഴെവരുന്ന ദുആ നബി ﷺ ചെയ്തിരുന്നതായി ഉമ്മുസലമയി رَضِيَ اللَّهُ عَنْها ൽനിന്ന് ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ،وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً
“അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീ വനവും സ്വീകരിക്കപ്പെടുന്ന കർമങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു.”
താഴെവരുന്ന ദുആ തിരുനബി ﷺ നിർവ്വഹിക്കാറുള്ളതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ഇബ്നുമാജഃ നിവേദനം. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَأَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ
“അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനം ഞാൻ നിന്നോട് തേടുന്നു. ഉപകരിക്കാത്ത വിജ്ഞാനത്തെ തൊട്ട് ഞാൻ നിന്നോട് രക്ഷതേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ﷺ നിർവ്വഹിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ഇബ്നുമാജഃ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ، وَعَمَلٍ لاَ يُرْفَعُ، وَقَلَبٍ لاَ يَخْشَعُ، وَقَولٍ لاَ يُسْمَعُ
“അല്ലാഹുവേ, ഉപകരിക്കാത്ത വിജ്ഞാനത്തെ തൊട്ടും ഉയർത്തപ്പെടാത്ത അമലിനെ തൊട്ടും ഭക്തിയില്ലാത്ത ഹൃദയത്തെ തൊട്ടും കേൾക്കപ്പെടാത്ത വാക്കിനെ തൊട്ടും ഞാൻ നിന്നോട് രക്ഷ തേടുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല