ക്വബ്റിലെ രക്ഷക്കുവേണ്ടി നബി ﷺ സദാസമയവും ദുആ ചെയ്യാറുണ്ടായിരുന്നു. നമസ്കാരത്തിലും പ്രഭാത പ്രദോഷങ്ങളിലും ദുആക്ക് ജവാബുള്ള ഇതര സമയങ്ങളിലുമൊക്കെ തിരുമേനി ﷺ ക്വബ്റി ലെ ശിക്ഷയിൽനിന്നും പരീക്ഷങ്ങളിൽ നിന്നും രക്ഷക്കുവേണ്ടി പ്രാർത്ഥിക്കാറുള്ളതായി ധാരാളം ഹദീഥുകളിൽ കാണാം.
നബി ﷺ പ്രർത്ഥിക്കാറുണ്ടായിരുന്നതായി അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും അബൂസലമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും മറ്റും നിവേദനം:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.
“അല്ലാഹുവേ ക്വബ്ർശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽ നിന്നും മസീഹു ദ്ദജ്ജാലിന്റെ പരീക്ഷണ കെടുതികളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.
(ബുഖാരി)
നബി ﷺ പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നു തവണ ആവർത്തിച്ചു ചൊല്ലിയതായി അബൂബർ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَاب الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ
“അല്ലാഹുവേ അവിശ്വാസത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല” (അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْهَرَمِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
“അല്ലാഹുവേ, അശക്തതയിൽ നിന്നും അലസതയിൽ നിന്നും ഭീരു ത്വത്തിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങ ളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു. (ബുഖാരി)
നബി ﷺ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലിയിരുന്നതായി ഇബ്നു മസ്ഊദിൽ رَضِيَ اللَّهُ عَنْهُ നിന്നുള്ള ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്.
പ്രഭാതമായാൽ:
أَصْبَحْنَا وَأَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ لَـهُ الـمُلكُ وَلَهُ الحَمدُ وَهُوَ عَلَىكُلِّ شَيْئٍ قَدِيرٍ
رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعدَهُ
رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبرِ
رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ.
“ഈ പ്രഭാതത്തിൽ മുഴുവൻ ആധിപത്യവും അല്ലാഹുവിനു മാത്രമായിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വ സ്തുതികളും അല്ലാഹുവിനു മാത്രമാകുന്നു.യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല.അവൻ ഏകനാകുന്നു.അവന് യാതൊ രു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവു ള്ളവനുമാണ്.
എന്റെ രക്ഷിതാവേ, ഇൗ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാൻ തേടുന്നു. ഈ ദിനത്തിലെ തിന്മയിൽ നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
എന്റെ രക്ഷിതാവേ, അലസതയിൽ നിന്നും അഹങ്കാരത്തിന്റെ കെടുതികളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
എന്റെ രക്ഷിതാവേ, നരകശിക്ഷയിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു.” (മുസ്‌ലിം)
പ്രദോഷമായാൽ:
أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ وَالْحَمْدُ لِلَّهِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَعَلَى كُلِّ شَىْءٍ قَدِيرٌ
رَبِّ أَسْأَلُكَ خَيْرَ مَا فِى هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِى هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا
رَبِّ أَعُوذُبِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ
رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِى النَّارِ وَعَذَابٍ فِى الْقَبْرِ
“ഈ പ്രദോഷത്തിൽ മുഴുവൻ ആധിപത്യവും അല്ലാഹുവിനു മാത്രമായിരിക്കെ ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ള വനുമാണ്.
എന്റെ രക്ഷിതാവേ, ഈ രാത്രിയിലെ നന്മയും ശേഷമുള്ള രാത്രികളിലെ നന്മയും ഞാൻ തേടുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും ശേഷമുള്ള രാത്രികളിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
എന്റെ രക്ഷിതാവേ, അലസതയിൽ നിന്നും അഹങ്കാരത്തിന്റെ കെടുതികളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
എന്റെ രക്ഷിതാവേ, നരകശിക്ഷയിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.” (മുസ്‌ലിം)
അല്ലാഹുവിന്റെ തിരുദൂതർ ﷺ തന്റെ അരുമസ്വഹാബത്തിനോട് ക്വബ്റിലെ ശിക്ഷയിൽ നിന്നും പരീക്ഷണത്തിൽ നിന്നും രക്ഷക്ക് വേണ്ടി തേടുവാൻ കൽപിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
സെയ്ദ് ഇബ്നു ഥാബിതി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള വിശാലമായ ഒരു ഹദീഥിൽ തിരുമേനി ﷺ കൽപിച്ചതായി ഇപ്രകാരം കാണാം:
تَعَوَّذُوا بِاللَّهِ مِنْ عَذَابِ الْقَبْرِ
“നിങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുക.” അവർ പറഞ്ഞു:
نَعُوذُ بِاللَّهِ مِنْ عَذَابِ الْقَبْرِ
“ഞങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുന്നു.” (മുസ്‌ലിം)
ഉമ്മുഖാലിദ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്ന തായി ഞാൻ കേട്ടു:
اسْتَجِيرُوا بِاللَّهِ مِنْ عَذَابِ الْقَبْرِ، فَإِنَّ عَذَابَ الْقَبْرِ حَقٌّ
“നിങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് അഭയം തേടുക. കാരണം, ക്വബ്ർ ശിക്ഷ സത്യമാകുന്നു.”
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
اسْتَعِيذُوا بِاللَّهِ مِنْ عَذَابِ جَهَنَّمَ اسْتَعِيذُوا بِاللَّهِ مِنْ عَذَابِ الْقَبْرِ اسْتَعِيذُوا بِاللَّهِ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ وَاسْتَعِيذُوا بِاللَّهِ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ.
“നരകശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവോട് അഭയം തേടുക. ക്വബ്ർ ശിക്ഷയിൽനിന്ന് നിങ്ങൾ അല്ലാഹുവോട് അഭയം തേടുക. മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്നും അല്ലാഹുവോട് നിങ്ങൾ അഭയം തേടുക ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണത്തിൽ നിന്ന് അല്ലാഹുവോട് നിങ്ങൾ അഭയം തേടുക.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല