ഒന്ന്: ശഹീദ്
ഉബാദത് ഇബ്നുസ്സ്വാമിതി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ: يُغْفَرُ لَهُ في أَوَّلِ دُفْعَةٍ ويرَى مَقْعَدَهُ مِنَ الْجَنَّةِ، ويُجَارُ مِنْ عَذَابِ القَبْرِ…..
“രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറു കാര്യങ്ങളുണ്ട്: ആദ്യ രക്തം ചിന്തുമ്പോൾ തന്നെ അയാളോട് പൊറുക്കപ്പെടും. സ്വർഗത്തിൽ തന്റെ ഇരിപ്പിടം അയാൾ കാണും. ക്വബ്ർ ശിക്ഷയിൽ നിന്ന് അയാൾ സംരക്ഷിക്കപ്പെടും…” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
രണ്ട്: മുറാബിത്വായി മരിക്കുന്നവൻ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അതിർത്തി സംരക്ഷകനായി മരണപ്പെ ടുന്ന വ്യക്തിയുടെ വിഷയത്തിൽ അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
……ويَأْمَنُ مِنْ فِتْنَة الْقَبْرِ
“… ക്വബ്റിലെ പരീക്ഷണത്തിൽ നിന്ന് അയാൾക്ക് നിർഭയത്വവും ലഭിക്കും” (സുനനുത്തിർമുദി. ഇമാം തിർമുദി ഹസനുൻസ്വഹീഹെന്ന് പറഞ്ഞു)
സൽമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
……وَأَمِنَ الْفَتَّانَ
“…ക്വബ്റിലെ) പരീക്ഷണത്തിൽ നിന്ന് അയാൾക്ക് നിർഭയത്വം ലഭിക്കുകയും ചെയ്യും.” (മുസ്‌ലിം)
മൂന്ന്: വെള്ളിയാഴ്ച മരണപ്പെടുന്ന മുസ്ലിം
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ
“വെള്ളിയാഴ്ച ദിനം അല്ലെങ്കിൽ വെള്ളിയാഴ്ചരാവിൽ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല; അല്ലാഹു അദ്ദേഹത്തെ ക്വബ്റിന്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷിക്കാതെ.” (മുസ്നദുഅഹ്മദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
നാല്: ഉദര രോഗത്താൽ മരണപ്പെടുന്ന മുസ്ലിം
അബ്ദുല്ലാഹ് ഇബ്നു യസാറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
مَنْ يَقْتُلْهُ بَطْنُهُ فَلَنْ يُعَذَّبَ فِى قَبْرِهِ.
“…ആരെയെങ്കിലും തന്റെ വയർ കൊന്നാൽ അവന്റെ ക്വബ്റിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല” (മുസ്നദുഅഹ്മദ്, സുനനുത്തിർമുദി, സുനനുന്നസാഇ അൽബാനിയും അർനാഉൗത്വും സ്വഹീഹെന്ന് വിശേഷിപ്പിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല