കടം വാങ്ങിക്കൂട്ടി,ഭാരം മുതുകിൽ പേറി അന്ത്യയാത്രയാകുന്നത് ഭയക്കുക. കാരണം കടബാധ്യതയുള്ളവന്റെ പരലോകയാത്ര ഏറെ ദുഷ്കരമാണ്. കടത്തിനു വാങ്ങുവാൻ നിർബന്ധിതനായാൽ തന്നെ അത്യാവശ്യത്തിനു മാത്രം കടം കൊള്ളുക. അതു വീട്ടുവാൻ ഏറെ പരിശ്രമിക്കുക. ഈ അദ്ധ്യായത്തിൽ കടവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ നൽകുന്നു:
സ്വർഗീയ അനുഗ്രഹങ്ങൾ തടയപ്പെടും
കടബാധ്യതയുള്ളവനായി മരണപ്പെടുന്ന വ്യക്തി ക്വബ്റിൽ ബന്ധിതനാണ്. സഅ്ദ് ഇബ്നുൽ അത്വ്വലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ أَخَاهُ مَاتَ وَتَرَكَ ثَلاَثَمِائَةِ دِرْهَمٍ وَتَرَكَ عِيَالاً فَأَرَدْتُ أَنْ أُنْفِقَهَا عَلَى عِيَالِهِ فَقَالَ النَّبِىُّ ﷺ إِنَّ أَخَاكَ مُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ (فَذَهَبْتُ، فَقَضَيْتُ عَنْهُ، ثُمَّ جِئْتُ) فَقَالَ يَا رَسُولَ اللَّهِ قَدْ أَدَّيْتُ عَنْهُ إِلاَّ دِينَارَيْنِ ادَّعَتْهُمَا امْرَأَةٌ وَلَيْسَ لَهَا بَيِّنَةٌ. قَالَ ﷺ فَأَعْطِهَا فَإِنَّهَا مُحِقَّةٌ
“അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടു. മുന്നൂറ് ദിർഹമുകളാണ് അദ്ദേഹം (അനന്തര സ്വത്തായി) ഉപേക്ഷിച്ചത്. സന്താനങ്ങളേയും അയാൾ വിട്ടേച്ചിട്ടുണ്ട്. ഞാൻ ആ ദിർഹമുകൾ അദ്ദേഹത്തിന്റെ സന്താനങ്ങൾക്ക് ചെലവഴിക്കുവാൻ ഉദ്ദ്യേശിച്ചു. അപ്പോൾ തിരുനബി ﷺ പറഞ്ഞു: താങ്കളുടെ സഹോദരൻ കടം കാരണത്താൽ ബന്ധിതനാണ്. താങ്കൾ അദ്ദേഹത്തിന്റെ കടംവീട്ടുക. ഞാൻ പോയി അദ്ദേഹത്തിന്റെ കടം വീട്ടി. ശേഷം തിരിച്ചു വന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടി. ഒരു മഹതി വാദിച്ച രണ്ടു ദീനാറുകൾ ഒഴികെ. അവർക്കാകട്ടെ, തെളിവൊന്നുമില്ല. നബി ﷺ പറഞ്ഞു: അവർക്ക് അത് വീട്ടി നൽകുക. കാരണം, അവർ സത്യസന്ധയാണ്.” (സനനുഇബ്നിമാജഃ, മുസ്നദുഅഹ്മദ്. അൽബാനിയും അർനാഊത്വും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
ശഹീദിനു പോലും കടം ഭാരമാണ്
ഏറെ അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും സന്തോഷ വാർത്തയായി അറിയിക്കപ്പെട്ട പുണ്യാളനാണ് ശഹീദ്. ശഹീദിന്റെ ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാളോടു പൊറുക്കപ്പെടുകയും ക്വബ്ർശിക്ഷ യിൽ നിന്ന് അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ശഹീദിന്റെ മഹത്വമായി അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..يُغْفَرُ لَهُ فِي أَوَّلِ دُفْعَةٍ مِنْ دَمِهِ…..
“…തന്റെ രക്തത്തിൽ ആദ്യ ചിന്തലിൽ തന്നെ അവനു പൊറുത്തു കൊടുക്കപ്പെടും…” (മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
എന്നാൽ ക്വബ്റടക്കപ്പെടുന്ന ശഹീദ് കടക്കാരനാണെങ്കിൽ അയാൾക്ക് ഈ അനുഗ്രഹവും ആനുകൂല്യവും തടയപ്പെടും. അബ്ദുല്ലാഹി ബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…..يُغْفَرُ للِشَّهِيدِ كُلَّ ذَنْبٍ إِلاَّ الدَّينَ…..
“…ശഹീദിനു എല്ലാ പാപങ്ങളും പൊറുക്കപ്പെടും; കട (ബാധ്യത) ഒഴിച്ച്…” (മുസ്‌ലിം)
ശഹീദിനുവരെ ബർസഖീലോകത്ത് കടം ഒരു ബാധ്യതയായി തന്റെ പിരടിയിൽ തൂങ്ങുമെന്നർത്ഥം.
മരിച്ചവരുടെ കടം വീട്ടുവാൻ ധൃതി കാണിക്കുക
സമുറഃ ഇബ്നുജുൻദുബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
كُنَّا مَعَ النَّبِيِّ ﷺ فِي جَنَازَةٍ فَقَالَ أَهَاهُنَا مِنْ بَنِي فُلَانٍ أَحَدٌ قَالَهَا ثَلَاثًا فَقَامَ رَجُلٌ فَقَالَ لَهُ النَّبِيُّ ﷺ مَا مَنَعَكَ فِي الْمَرَّتَيْنِ الْأُولَيَيْنِ أَنْ تَكُونَ أَجَبْتَنِي أَمَا إِنِّي لَمْ أُنَوِّهْ بِكَ إِلَّا لِخَيْرٍ إِنَّ فُلَانًا لِرَجُلٍ مِنْهُمْ مَاتَ إِنَّهُ مَأْسُورٌ بِدَيْنِهِ قَالَ قَالَ لَقَدْ رَأَيْتُ أَهْلَهُ وَمَنْ يَتَحَزَّنُ لَهُ قَضَوْا عَنْه حَتَّى مَا جَاءَ أَحَدٌ يَطْلُبُهُ بِشَيْءٍ
“ഞങ്ങൾ നബി ﷺ യോടൊപ്പം ഒരു ജനാസഃ സംസ്കരണത്തിലായിരുന്നു. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: ഇവിടെ ഇന്ന കുടുംബത്തിലെ ഒരാളെങ്കിലുമുണ്ടോ? തിരുമേനി ﷺ ഇതു മൂന്നു പ്രാവശ്യം ചോദിച്ചു. അപ്പോൾ ഒരാൾ എഴുന്നേറ്റു. നബി ﷺ അയാളോടു പറഞ്ഞു: ആദ്യത്തെ രണ്ടുതവണ എനിക്കു ഉത്തരം ചെയ്യുന്നതിനു താങ്കൾക്കു തടസ്സമായത് എന്താണ്? ഞാൻ ഒരു നന്മക്കു മാത്രമാണ് താങ്കളെ ഉറക്കെ വിളിച്ചത്. അയാളുടെ കുടുംബത്തിൽ നിന്നു മരിച്ച ഒരു വ്യക്തി തന്റെ കടം കാരണത്താൽ ബന്ധിതനാണ്. (റാവി) പറയുന്നു: അയാളുടെ കുടുംബക്കാരും അയാൾക്കു വേണ്ടി ദുഃഖിക്കുന്നവരും അയാളുടെ കടം വീട്ടുന്നതായി ഞാൻ കണ്ടു; യാതൊരാളും അയാളോടു യാതൊന്നും ചോദിച്ചു വരാത്തവിധം.” (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
കടം വീടുവാൻ ദുആഅ് ചെയ്യുക
തന്റെ കടത്തിന്റെ കാര്യത്തിൽ ആവലാതിപ്പെടുന്ന, മോചന പത്രം എഴുതപ്പെട്ട ഒരു അടിമയോട് അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ പഠിപ്പിച്ച ഏതാനും വചനങ്ങൾ താങ്കൾക്കു ഞാൻ പഠിപ്പിച്ചു തരട്ടയോ? താങ്കൾക്ക് സ്വയ്റ് പർവ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടി ത്തരും. താങ്കൾ പ്രാർത്ഥിക്കുക:
اللَّهُمَّ اكْفِني بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِّي بِفَضْلِكَ عمن سِوَاكَ
അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതി വരുത്തേണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരിൽ നിന്ന് എനിക്ക് നീ ധന്യത നൽകേണമേ. (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല