മയ്യിത്ത് ക്വബ്റിൽ വെക്കപ്പെടുമ്പോൾ ക്വബ്റിന് ഇടുക്കമുണ്ടാകും. മയ്യിത്ത് ചെറിയവരുടേതാണെങ്കിലും വലിയവരുടേതാണെങ്കി ലും സന്മാർഗികളുടേതാണെങ്കിലും ദുർമാർഗികളുടേതാണെങ്കിലും ക്വബ്റിന്റെ ഇടുക്കത്തിൽ നിന്ന് രക്ഷപ്പെടില്ല.
ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ لِلْقَبْرِ لَضَغْطَةً لَوْ نَجَا مِنْهَا أَحَدٌ نَجَا مِنْهَا سَعْدُ بْنُ مُعَاذٍ
“നിശ്ചയം, ക്വബ്റിന് ഇടുക്കമുണ്ട്. ഒരാളെങ്കിലും ക്വബ്റിന്റെ ഇടുക്ക ത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും സഅ്ദ് ഇബ്നു മുആദ് രക്ഷപ്പെടുമായിരുന്നു.” (ശറഹുമുശ്കിലുൽആഥാർ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
സഅ്ദ് ഇബ്നുമുആദ് رَضِيَ اللَّهُ عَنْهُ , അൻസ്വാരികളുടെ നേതാവും തിരുമേനി ﷺ യുടെ അരുമസ്വഹാബിയുമായിരുന്നു. മഹത്വഗുണങ്ങൾ ധാരാളമുള്ള അദ്ദേഹം മരണപ്പെട്ടപ്പോൾ അല്ലാഹുവിന്റെ മഹിത സിംഹാസനം (അർശ്) ഇളകി ത്തരിക്കുകയും വാനത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും അദ്ദേഹത്തിന്റെ ജനാസഃയെ വഹിക്കുന്നതിലും അനുഗമിക്കുന്നതിലും എഴുപതിനായിരം മലക്കുകൾ സാക്ഷികളാവു കയുമുണ്ടായി.
ഈ വിഷയത്തിൽ ചില തിരുമൊഴികൾ ഇപ്രകാരമുണ്ട്:
اهْتَزَّ عَرْشُ الرَّحْمَنِ لِمَوْتِ سَعْدِ بْنِ مُعَاذٍ
“കാരുണ്യവാനായ അല്ലാഹുവിന്റെ സിംഹാസനം സഅ്ദ് ഇബ്നു മുആദിന്റെ മരണത്തിൽ ഇളകിത്തരിച്ചു” (ബുഖാരി)
نَزَلَ لـِمَوْتِسَعْدِ بْنِ مُعَاذٍ سَبْعُونَ ألْفَ مَلَكٍ مَا وَطَئُوا الأَرْضَ قَبْلَهَا
“സഅ്ദ് ഇബ്നു മുആദിന്റെ മരണത്താൽ എഴുപതിനായിരം മലക്കുകൾ ഭൂമിയിലിറങ്ങി. അവർ അതിനുമുമ്പ് ഭൂമിയിൽ ചവിട്ടിയിട്ടില്ല.” (മുസ്നദുൽബസ്സാർ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
إِنَّمَا كَانَتْ تَحْمِلُهُ الْمَلَائِكَةُ مَعَهُمْ. يعني: جَنَازَة سَعْدِ بْنِ مُعَاذٍ
“അദ്ദേഹത്തെ അഥവാ സഅ്ദ് ഇബ്നു മുആദിന്റെ ജനാസഃയെ മലക്കുകൾ അവരോടൊപ്പം ചുമക്കുകയായിരുന്നു.” (സ്വഹീഹു ഇബ്നിഹിബ്ബാൻ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
هَذَا الرَّجُلُ الصَّالِحُ الَّذِي فُتِحَتْ لَهُ أَبْوَابُ السَّمَاءِ
“ആകാശ കവാടങ്ങൾ തുറക്കപ്പെട്ട ആളാകുന്നു ഇൗ സ്വാലിഹായ വ്യക്തി. (അഥവാ സഅ്ദ് ഇബ്നു മുആദ്).” (സ്വഹീഹു ഇബ്നിഹിബ്ബാൻ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സഅ്ദ് ഇബ്നു മുആദി رَضِيَ اللَّهُ عَنْهُ ന്റെ മഹത്വങ്ങളിൽ തിരുവചനങ്ങൾ ഏറെയാണ്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഏതാനും തിരുമൊഴികൾ ഇവിടെ നൽകിയത് നല്ല പര്യവസാനവും സുന്ദരമായ പരലോക യാത്രയും നേടിയ ഇൗ മഹാപുരുഷൻ പോലും ക്വബ്റിന്റെ ഇടുക്കത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെന്ന് അറിയിക്കുവാനാണ്. ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
سبحان الله لَوْ انْفَلَتَ أَحَدٌ مِنْ ضَغْطَةِ اْلقَبْرِ لانْفَلَتَ مِنْهَا سَعْدٌ
“അല്ലാഹു പരമപരിശുദ്ധൻ തന്നെ! വല്ലവരും ക്വബ്റിന്റെ ഇടുക്കത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നുവെങ്കിൽ സഅ്ദ് അതിൽ നിന്ന് രക്ഷപ്പെടുമായിരുന്നു.” (മുസ്നദുൽബസ്സാർ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
هَذَا الَّذِي تَحَرَّكَ لَهُ الْعَرْشُ وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ وَشَهِدَهُ سَبْعُونَ أَلْفًا مِنْ الْمَلَائِكَةِ لَقَدْ ضُمَّ ضَمَّةً ثُمَّ فُرِّجَ عَنْهُ
“അർശ് ഇളകിത്തരിക്കുകയും ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകൾ സാക്ഷികളാവുകയും ചെയ്ത ഇൗ വ്യക്തിക്ക്, നിശ്ചയം ക്വബ്ർ ഇടുക്കപ്പെടുകയും ശേഷം വിശാലത നൽകപ്പെടുകയും ചെയ്തു.” (സുനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ولَقَدْ ضُمَّ ضَمَّةً ثُمَّرُوخِيَ عَنْهُ
“നിശ്ചയം, ക്വബ്ർ ഒന്ന് ഇടുങ്ങി. ശേഷം അദ്ദേഹത്തിന് അയവ് ലഭിക്കപ്പെടുകയുണ്ടായി.” (മുഅ്ജമുത്ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ജനാസഃ വെക്കപ്പെടുന്ന വേളയിൽ ക്വബ്ർ ഇടുങ്ങുമെന്ന വിഷയത്തിൽ ഹദീഥുകൾ വേറെയും സ്ഥിരപ്പെട്ടിരിക്കുന്നു.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു. “നബി ﷺ ഒരു ആൺകുട്ടിയുടെ അല്ലെ ങ്കിൽ ഒരു പെൺകുട്ടിയുടെ ജനാസഃ നമസ്കരിച്ചു. അപ്പോൾ തിരുനബി ﷺ പറഞ്ഞു:
لَوْ نَجَا أَحَدٌ مِنْ ضَمَّةِ الْقَبْرِ لَنَجَا هَذَا الصَّبِيُّ
“ക്വബ്റിന്റെ ഇടുക്കത്തിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടിരുന്നുവെങ്കിൽ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു.” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല