സമ്പത്ത്, ശരീരം, മുതലായ ഭൗതികതയുമായി ബന്ധപ്പെട്ട വിഭവങ്ങളിൽ വന്നിറങ്ങുന്ന ദുരിതങ്ങളുടെ പേരിൽ മരണം കൊതിക്കുവാനോ തന്നെ മരിപ്പിക്കുവാൻ ദുആഅ് ചെയ്യുവാനോ മുസ്ലിമിനു പാടുള്ളതല്ല. തൽവിഷയത്തിൽ ഏതാനും ഹദീഥുകൾ താഴെ നൽകുന്നു:
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ فَإِنْ كَانَ لاَ بُدَّ مُتَمَنِّيًا فَلْيَقُلِ اللَّهُمَّ أَحْيِنِى مَا كَانَتِ الْحَيَاةُ خَيْرًا لِى وَتَوَفَّنِى إِذَا كَانَتِ الْوَفَاةُ خَيْرًا لِى
“തനിക്കു വന്നിറങ്ങിയ ദുരിതത്തിന്റെ പേരിൽ നിങ്ങളിലൊരാളും മരണം ആഗ്രഹിക്കുകയേ ചെയ്യരുത്. മരണം ആഗ്രഹിക്കൽ അനിവാര്യ മാണെങ്കിൽ അവർ ഇപ്രകാരം പറയട്ടെ:
اللَّهُمَّ أَحْيِنِى مَاكَانَتِ الْحَيَاةُ خَيْرًا لِى ،وَتَوَفَّنِى إِذَا كَانَتِ الْوَفَاةُ خَيْرًالِى
“അല്ലാഹുവേ, ജീവിതം എനിക്കു നന്മയായത്ര നീ എന്നെ ജീവിപ്പിക്കേ ണമേ. മരണമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേ ണമേ.” (ബുഖാരി, മുസ്‌ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَلاَ يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ إِمَّا مُحْسِنًا فَلَعَلَّهُ أَنْ يَزْدَادَ خَيْرًا ، وَإِمَّا مُسِيئًا فَلَعَلَّهُ أَنْ يَسْتَعْتِبَ.
“നിങ്ങളിൽ ഒരാളും മരണം കൊതിക്കുകയേ ചെയ്യരുത്. ഒന്നുകിൽ അയാൾ സുകൃതവാനായിരിക്കും; അയാൾക്ക് നന്മ വർദ്ധിപ്പിക്കുവാനാ യേക്കും. അല്ലെങ്കിൽ അയാൾ തിന്മയിലകപ്പെട്ടവനായിരിക്കും; എങ്കിൽ തെറ്റിൽ നിന്ന് മടങ്ങുവാനും തൗബഃ ചെയ്യുവാനും അയാൾക്ക് ആയേക്കാം.” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.
لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ وَإِنَّهُ لاَ يَزِيدُ الْمُؤْمِنَ عُمْرُهُ إِلاَّ خَيْرًا
“നിങ്ങളിൽ ആരും മരണം വന്നെത്തുന്നതിനു മുമ്പ് അത് കൊതിക്കു കയോ മരിക്കുവാൻ വേണ്ടി ദുആഅ് ചെയ്യുകയോ ചെയ്യരുത്. കാരണം, നിങ്ങിൽ ഒരാൾ മരണപ്പെടുന്നതോടു കൂടി അയാളുടെ കർമ്മങ്ങൾ നിലച്ചുപോകുന്നു. ഒരു സത്യവിശ്വാസിക്ക് അയാളുടെ ആയുസ്സ് നന്മയെ അല്ലാതെ വർദ്ധിപ്പിക്കുകയില്ല.” (മുസ്‌ലിം)
ഉമ്മുൽഫദ്വലി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
أَنّ رَسُولَ اللَّهِ ﷺ دَخَلَ عَلَيْهِمْ وَعَبَّاسٌ عَمُّ رَسُولِ اللَّهِ ﷺ يَشْتَكِي، فَتَمَنَّى عَبَّاسٌ الْمَوْتَ، فَقَالَ لَهُ رَسُولُ اللَّهِ ﷺ : يَا عَمِّ لاَ تَتَمَنَّ الْمَوْتَ، فَإِنَّكَ إِنْ كُنْتَ مُحْسِنًا، فَإِنْ تُؤَخَّرْ تَزْدَدْ إِحْسَانًا إِلَى إِحْسَانِكَ خَيْرٌ لَكَ، وَإِنْ كُنْتَ مُسِيئًا فَإِنْ تُؤَخَّرْ فَتُسْتَعْتَبْ مِنْ إِسَاءَتِكَ خَيْرٌ لَكَ، فَلا تَتَمَنَّ الْمَوْتَ
“അല്ലാഹുവിന്റെ റസൂൽ ﷺ അവരുടെ അടുക്കൽ പ്രവേശിച്ചു. തിരുദൂതരു ﷺ ടെ പിതൃവ്യൻ അബ്ബാസ് രോഗബാധിതനായിരുന്നു. അതിനാൽ അബ്ബാസ് മരണം കൊതിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോട് പറഞ്ഞു: പിതൃസഹോദരാ, താങ്കൾ മരണം ആഗ്രഹിക്കരുത്. താങ്കൾ സുകൃതവാനാണെങ്കിൽ താങ്കൾ പിന്തിപ്പിക്കപ്പെടുകയും താങ്കളുടെ നന്മയിലേക്ക് താങ്കൾ നന്മ വർദ്ധിപിക്കുകയും ചെയ്യും. അത് താങ്കൾക്ക് ഉത്തമമാണ്. താങ്കൾ തിന്മ ചെയ്തവനാണെങ്കിൽ താങ്കൾ പിന്തിപ്പിക്കപ്പെടുകയും തെറ്റിൽ നിന്ന് മടങ്ങുകയും തൗബഃ ചെയ്യുകയും ചെയ്യും. അത് താങ്കൾക്കു ഉത്തമമാണ്. അതിനാൽ താങ്കൾ മരണത്തെ ആഗ്രഹിക്കരുത്.” (മുസ്തദ്റകുഹാകിം. ഇമാം ഹാകിം സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല