മരണമാകുന്ന മഹാത്ഭുതം

THADHKIRAH

മനുഷ്യജീവിതം അല്ലാഹുവിന്റെ അതിമഹത്തായ ദൃഷ്ടാന്തമെന്നതുപോലെ മരണവും, മഹാത്ഭുതവും മഹത്തായ ദൃഷ്ടാന്തവുമാണ്.

كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ ‎﴿٢٨﴾  (البقرة: ٢٨)

നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കുശേഷം അവൻ നിങ്ങൾക്കു ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. (വി. ക്വു. 2: 28)

ജീവനിടുന്നതും മരിപ്പിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതു മൊക്കെ അല്ലാഹുവിന്റെ അത്ഭുത പ്രവൃത്തികളാണെന്നും അങ്ങിനെയുള്ള അല്ലാഹുവിനെ നിങ്ങൾ എങ്ങിനെ അവിശ്വസിക്കുമെന്നുമാണ് ഈ ആയത്ത് ചോദിക്കുന്നത്.
അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെ പ്രകടനങ്ങളെ വിളിച്ചറിയിക്കുന്ന സംഭവങ്ങളെ എണ്ണിയപ്പോൾ ആദ്യമായി അവൻ എണ്ണിയത് താൻ മരിപ്പിക്കുവാനുദ്ദേശിക്കുന്നവർക്ക് അവൻ മരണം പടക്കുന്നു, താൻ ജീവിപ്പിക്കുവാനുദ്ദേശിക്കുന്നവർക്ക് അവൻ ജീവിതം പടക്കുന്നു എന്നതാണ്. സൂറത്തുൽ മുൽകിലെ തുടക്ക വചനങ്ങൾ നോക്കൂ:

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿١﴾‏ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ‎﴿٢﴾‏  (الملك:١، ٢)

ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവൻ അനുഗ്രഹപൂർണ നായിരിക്കുന്നു.അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങ ളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്നു പരീക്ഷി ക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(വി. ക്വു. 67: 1,2)

ഒരു ഗ്രാമീണൻ, തന്റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഒട്ടകം വീണു ചത്തു. നിലത്തിറങ്ങിയ ഗ്രാമീണൻ ഒട്ടകത്തെ ചുറ്റിപ്പറ്റി നടക്കുവാനും ഏറെ ആലോചിക്കുവാനും തുടങ്ങി. അയാൾ പറഞ്ഞു: നീ നിൽക്കുന്നില്ല. നീ എഴുന്നേൽക്കുന്നില്ല. നിനെക്കെന്തു പറ്റി? നിന്റെ ഈ അവയവങ്ങളെല്ലാം പൂർണമാണല്ലോ. നിന്റെ കൈകാലുകൾ സുരക്ഷിതവും. നിന്റെ കാര്യമെന്താണ്? ഇതുവരെ നിന്നെ വഹിച്ചിരുന്നതും എഴുന്നേൽപ്പിച്ചിരുന്നതും എന്താണ്? ഇപ്പോൾ നിന്നെ തള്ളിയിട്ടതും ചലനമറ്റതാക്കിയതും എന്താണ്? ശേഷം അയാൾ ആ ഒട്ടകത്തിന്റെ വിഷയത്തിൽ ആലോചിച്ചും ആശ്ചര്യം കൂറിയും തിരിഞ്ഞു നടന്നു.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts