ഭൗതികലോകത്തിനു ഇസ്ലാമിക അദ്ധ്യാപനങ്ങളുടെ വർണനയും അതിനോടു സ്വീകരിക്കേണ്ട സമീപനവും മുൻ അദ്ധ്യായത്തിൽ വിവരിച്ചുവല്ലോ. വസ്തുത ഇതെല്ലാമായിട്ടു കൂടി മനുഷ്യർ ഭൗതിക വിഭവങ്ങളിൽ പ്രതീക്ഷനട്ട് അതിനു പിന്നാലെയാണ്. ഇവിടെയാണ് ഒരു തിരുമൊഴിയുടെ പ്രസക്തി ഏറെ തെളിയുന്നത്. അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
أَنَّ النَّبِيَّ ﷺ غَرَزَ عُودًا بَيْنَ يَدَيْهِ ، وَآخَرَ إِلَى جَنْبِهِ ، وَآخَرَ أَبْعَدَ ، فَقَالَ : أَتَدْرُونَ مَا هَذَا ؟ قَالُوا : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : هَذَا الإِنْسَانُ ، وَهَذَا الأَجَلُ أَرَاهُ قَالَ وَهَذَا الأَمَلُ ، فَيَتَعَاطَى الأَمَلَ فَلَحِقَهُ الأَجَلُ دُونَ الأَمَلِ
“തിരുനബി ﷺ തന്റെ മുമ്പിൽ ഒരു കൊള്ളി നാട്ടി. അതിന്റെ പാർശ്വത്തിൽ മറെറാന്നും വിദൂരമായി മറെറാന്നും നാട്ടി. ശേഷം പറഞ്ഞു: ഇത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് നന്നായി അറിയുന്നവർ. തിരുമേനി ﷺ ഇതു മനുഷ്യനാണ്. ഇത് അവധിയാണ് (മരണമാണ്). ഞാനതിനെ കാണുന്നു. ഇത് പ്രതീക്ഷയാണ്. മനുഷ്യൻ പ്രതീക്ഷയിൽ മുഴുകിക്കഴിയും. എന്നാൽ പ്രതീക്ഷ പുലരും മുമ്പ് അവനിലേക്കു മരണം വന്നുചേരും.” (ശറഹുസ്സുന്നഃ, അൽബഗവി)
ഫുദ്വയ്ൽ ഇബ്നു ഇയാദ്വ് ഒരു വ്യക്തിയോട് ചോദിച്ചു: താങ്കൾക്ക് എത്ര വർഷം പിന്നിട്ടു.
അയാൾ പറഞ്ഞു: അറുപത് വർഷം.
ഫുദ്വയ്ൽ പറഞ്ഞു: അറുപത് വർഷമായി താങ്കൾ അല്ലാഹുവിലേക്കുള്ള പ്രയാണത്തിലാണ്. നിങ്ങൾ എത്താറായി.
അയാൾ പറഞ്ഞു: ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഉൗൻ.
ഫുദ്വയ്ൽ പറഞ്ഞു: വല്ലവനും താൻ അല്ലാഹുവിന്റെ ദാസനാണെന്നതും താൻ അല്ലാഹുവിലേക്കു മടങ്ങുന്നവനാണെന്നതും അറിഞ്ഞുവെങ്കിൽ അവൻ നിർത്തപ്പെടുന്നവനാണെന്നും ചോദ്യം ചെയ്യപ്പെടുന്നവനാണെന്നും മനസിലാക്കട്ടെ. അതോടൊപ്പം ചോദ്യത്തിന് അവൻ ഉത്തരവും തയ്യാറാക്കട്ടെ.
അയാൾ ചോദിച്ചു: എന്താണ് ഒരു പോംവഴി?
ഫുദ്വയ്ൽ പറഞ്ഞു: വളരെ എളുപ്പമാണ്.
അയാൾ ചോദിച്ചു: എന്താണത്?
ഫുദ്വയ്ൽ പറഞ്ഞു: ശേഷിക്കുന്ന കാലം സുകൃതം ചെയ്യുക; കഴിഞ്ഞുപോയതിൽ പാപമോചനം ലഭിക്കും. ശേഷിക്കുന്ന കാലം പാപം ചെയ്താൽ കഴിഞ്ഞു പോയതിലും വരാനിരിക്കുന്നതിലും താങ്കൾ പിടികൂടപ്പെടും.
യാതൊരാളും ഈ ഭൗതികലോകത്ത് വഞ്ചിക്കപ്പെടരുത്. കർമ്മ നിരതരായ വിശ്വാസികൾ പോലും മരണാനന്തരവേദിയെ ഭയന്നും കാരുണ്യവാനായ നാഥനിൽ പ്രതീക്ഷ നട്ടും കഴിയുകയാണ് വേണ്ടത്. ഉഥ്മാൻഇബ്നുമള്വ്ഉൗനി رَضِيَ اللَّهُ عَنْهُ ന്റെ മരണവേളയിൽ മദീനഃയിൽ നടന്ന ഒരു സംഭവം നമ്മോട് ഈ പാഠമാണ് ഓതു ന്നത്. അൻസ്വാരി വനിതകളിൽപ്പെട്ട ഉമ്മുൽഅലാഅ് رَضِيَ اللَّهُ عَنْها ഖാരിജത്ത് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
أَنَّهُ اقْتُسِمَ الْمُهَاجِرُونَ قُرْعَةً فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ. فَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ. فَلَمَّا تُوُفِّيَ وَغُسِّلَ وَكُفِّنَ فِي أَثْوَابِهِ دَخَلَ رَسُولُ اللَّهِ ﷺ
فَقُلْتُ: رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ فَشَهَادَتِي عَلَيْكَ لَقَدْأَكْرَمَكَ اللَّهُ
فَقَالَا لنَّبِيُّ: ﷺ وَمَا يُدْرِيكِ أَنَّا للَّهَ قَدْ أَكْرَمَهُ.
فَقُلْتُ:بِأَبِي أَنْتَ يَا رَسُولَاللَّهِ فَمَنْ يُكْرِمُهُ اللَّهُ.
فَقَالَ:أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ ،وَاللَّهِ إِنِّي لَأَرْجُو لَهُ الْخَيْرَ ، وَاللَّهِ مَاأَدْرِي وَأَنَارَسُولُاللَّهِ مَايُفْعَلُ بِي
قَالَتْ:فَوَاللَّهِ لَ اأُزَكِّي أَحَدً ابَعْدَهُ أَبَدًا.
“മുഹാജിറുകൾ നറുക്കിലൂടെ വിഭജിക്കപ്പെട്ടപ്പോൾ ഞങ്ങൾക്കു ലഭിച്ചത് ഉഥ്മാൻ ഇബ്നുമള്വ്ഉൗനെ رَضِيَ اللَّهُ عَنْهُ യായിരുന്നു. അപ്പോൾ അദ്ദേഹത്തെ ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ പാർപ്പിച്ചു. പിന്നീട് അദ്ദേഹം തന്റെ മരണത്തിന് കാരണമായ രോഗത്തിനടിപ്പെട്ടു. അദ്ദേഹം മരണപ്പെട്ട പ്പോൾ കുളിപ്പിക്കുകയും തന്റെ വസ്ത്രത്തിൽ കഫൻ ചെയ്യപ്പെടുകയും ചെയ്തു. അല്ലാഹുവിന്റെ റസൂൽ ﷺ (അവിടേക്ക്)പ്രവേശിച്ചു.
ഞാൻ പറഞ്ഞു: അബുസ്സാഇബ് അങ്ങേക്ക് അല്ലാഹുവിന്റെ കാരുണ്യകടാക്ഷങ്ങൾ ഉണ്ടാകുമെന്നതിന് ഞാൻ സാക്ഷിയാകുന്നു; അല്ലാഹു താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു.
അപ്പോൾ നബി ﷺ ചോദിച്ചു: അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്നത് നിങ്ങളെ അറിയിക്കുന്നത് എന്താണ്?
ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, പിന്നെ ആരെയാണ് അല്ലാഹു അനുഗ്രഹിക്കുക?
തിരുമേനി ﷺ പറഞ്ഞു: ഇദ്ദേഹത്തിനു മരണം വന്നെത്തി. അല്ലാഹുവാണേ സത്യം! ഞാൻ ഇദ്ദേഹത്തിന് നന്മ ആഗ്രഹിക്കുന്നു. അല്ലാഹുവാണേ സത്യം! ഞാൻ അല്ലാഹുവിന്റെ റസൂലായിട്ടു കൂടി എന്നെക്കൊണ്ട് എന്താണ് ചെയ്യുവാൻ പോകുന്നത് എന്ന് എനിക്കറിയില്ല.
ഉമ്മുൽഅലാഅ് رَضِيَ اللَّهُ عَنْها പറഞ്ഞു: അല്ലാഹുവാണേ അതിനുശേഷം ഞാൻ ആരേയും ഒരിക്കലും പ്രശംസിച്ചിട്ടില്ല.” (ബുഖാരി)
മറെറാരു നിവേദനത്തിൽ: അല്ലാഹുവാണേ സത്യം! ഞാൻ അല്ലാഹുവിന്റെ റസൂലായിട്ടുകൂടി എന്നെക്കൊണ്ട് എന്താണ് ചെയ്യുവാൻ പോകുന്നതെന്ന് എനിക്കറിയില്ല. എന്നതിനു പകരം അല്ലാഹുവാണേ, ഞാൻ അല്ലാഹുവിന്റെ റസൂലായിട്ടുകൂടി അദ്ദേഹത്തെക്കൊണ്ട് എന്താണ് ചെയ്യുവാൻ പോകുന്നതെന്ന് എനിക്കറിയില്ല. എന്നാണുള്ളത്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല