ശിയാക്കള്‍ : ഒരു സമഗ്ര പഠനം

THADHKIRAH

ആരാണ് ശിയാക്കള്‍?

വിവിധ പേരുകളുള്ള ഒരു കക്ഷിയാണ് ശിയാക്കള്‍. ആ പേരുകളും അങ്ങനെ പേരുവരാനുള്ള കാരണങ്ങളും കാണുക:

റാഫിദ്വഃ

അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه എന്നിവരുടെ ഖിലാഫത്തിനെ (നബി ﷺ യുടെ വിയോഗാനന്തരുമള്ള മുസ്‌ലിം നേതൃത്വത്തെ) തിരസ്‌കരിക്കുകയും സ്വഹാബികളെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ റാഫിദ്വികള്‍ (തിരസ്‌കരിക്കുന്നവര്‍) എന്ന് വിളിക്കപ്പെടുന്നു.

ശീഅത്ത്

ഇമാമത്തിനു (തിരുവിയോഗാനന്തരുമള്ള നേതൃത്വത്തെ) അര്‍ഹത അലി رضي الله عنه വിന് മാത്രമാണെന്നും ശേഷം ഇമാമത്ത് അദ്ദേഹത്തിന്റെ സന്താനങ്ങളല്ലാത്ത മറ്റൊരാള്‍ക്കുമില്ലെന്നും വാദിച്ചുകൊണ്ട് അലി رضي الله عنه വിനോട് കക്ഷിത്വം പുലര്‍ത്തുന്നതിനാല്‍(ശീഅത്തുഅലി) അഥവാ ശിയാക്കള്‍ (ശീഇകള്‍) എന്ന് അവര്‍ എന്ന് വിളിക്കപ്പെടുന്നു.

ഇഥ്‌നാ അശരിയ്യഃ

പന്ത്രണ്ട് ഇമാമുമാരുടെ ഇമാമത്തിലും പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദുല്‍ അസ്‌കരി ഇറാക്വിലെ സാമുര്‍റായില്‍ ഒരു ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നതിലും വിശ്വസിക്കുന്നതിനാല്‍ അവര്‍ ഇഥ്‌നാഅശരികളെന്ന് വിളിക്കപ്പെടുന്നു.

ഇമാമിയ്യഃ

തങ്ങളുടെ മുഖ്യ അജണ്ടയും ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭവും ഇമാമത്താണെന്ന് വാദിച്ചതിനാല്‍ ഇമാമിയ്യഃ എന്ന് വളിക്കപ്പെടുന്നു.

ജഅ്ഫരിയ്യഃ

തങ്ങളുടെ ആറാമത്തെ ഇമാമായ ജഅ്ഫര്‍സ്വാദിക്വിലേക്ക് ചേര്‍ത്തുകൊണ്ട് ജഅ്ഫരിയ്യഃ എന്നവര്‍ വിളിക്കപ്പെടുന്നു.

ക്വത്വീഅഃ

ഇമാം ജഅ്ഫര്‍ സ്വാദിക്വിന്റെ മകന്‍ മൂസല്‍കാള്വിം മരണപ്പെട്ടിരിക്കുന്നു എന്നത് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നതിനാല്‍ ക്വത്വീഅത് എന്ന് അവര്‍ വിളിക്കപ്പെടുന്നു. മൂസല്‍കാള്വിമിന്റെ മരണശേഷം ഇമാമത്ത് മകന്‍ അലിയ്യുരിദ്വാക്ക് ആണെന്ന് ഈ വിഭാഗം വാദിക്കുന്നു. മൂസല്‍കാള്വിമിന്റ മരണവിവരം സ്ഥിരീകരിക്കാത്തവരെ മംത്വൂറഃ എന്നും അദ്ദേഹം അദൃശ്യനായതാണ്, പിന്നീട് പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നവരെ വാക്വിഫഃ എന്നും വിളിക്കപ്പെടുന്നു.

ശിയാ ഇമാമുമാര്‍

അലിയ്യ്, ഹസന്‍, ഹുസയ്ന്‍, ഹുസയ്‌നിന്റെ സന്താനപരമ്പരയിലെ ഒമ്പതു പേര്‍, പന്ത്രണ്ടാമത്തെ ഇമാം എന്നിവരുടെ പേരു വിവരങ്ങള്‍ ചുവടെ നല്‍കുന്നു. തിരുനബിലയുടെ വിയോഗാനന്തരം ഈ പന്ത്രണ്ട് പേരാണ് ഖിലാഫത്തിന്ന് അര്‍ഹരെന്നും പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദുല്‍അസ്‌കരി ഇറാക്വിലുള്ള സാമുര്‍റയിലെ ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു. യഥാര്‍ഥത്തില്‍ പന്ത്രണ്ടാമതായി എണ്ണപ്പെടുന്ന മുഹമ്മദുല്‍ അസ്‌കരി എന്ന ഒരാള്‍ ജീവിച്ചിരുന്നതിനു തന്നെ യാതൊരു രേഖയുമില്ല. പ്രസ്തുത വ്യക്തിയെ കുറിച്ചുള്ള ശിയാ വിവരണങ്ങളും വസ്തുതകളും വഴിയെ വരുന്നുണ്ട്..

പേര് – വിളിപ്പേര് – സ്ഥാനപ്പേര്

1 അലിയ്യിബ്‌നു അബീ ത്വാലിബ് – അബുല്‍ഹസന്‍ – അല്‍മുര്‍തള്വാ
2 ഹസനുബ്‌നുഅലിയ്യ് – അബൂമുഹമ്മദ് – മുജ്തബാ/സകിയ്യ്
3 ഹുസയ്‌നുബ്‌നു അലിയ്യ് – അബൂഅബ്ദില്ല – അശ്ശഹീദ്
4 അലിയ്യിബ്‌നുല്‍ ഹുസയ്‌നുബ്‌നുഅലിയ്യ് – അബൂമുഹമ്മദ് – സെയ്‌നുല്‍ ആബിദീന്‍/സജ്ജാദ്
5 മുഹമ്മദ്ബ്‌നു അലിയ്യ്ബ്‌നുഹുസയ്ന്‍ – അബൂജഅ്ഫര്‍ – അല്‍ബാക്വിര്‍
6 ജഅ്ഫറുബ്‌നു മുഹമ്മദ്ബ്‌നുഅലിയ്യ് – അബൂഅബ്ദില്ല – അസ്സ്വാദിക്വ്
7 മൂസബ്‌നുജഅ്ഫറ്ബ്‌നു മുഹമ്മദ് – അബൂഇബ്‌റാഹീം – അല്‍കാള്വിം
8 അലിയ്യിബ്‌നു മൂസബ്‌നു ജഅ്ഫര്‍ – അബുല്‍ഹസന്‍ – അര്‍രിദ്വാ
9 മുഹമ്മദ്ബ്‌നുഅലിയ്യ്ബ്‌നുമൂസാ – അബൂജഅ്ഫര്‍ – അത്തക്വിയ്യ്/അല്‍ജവ്വാദ്
10 അലിയ്യിബ്‌നു മുഹമ്മദ്ബ്‌നുഅലിയ്യ് – അബുല്‍ഹസന്‍ – അന്നക്വിയ്യ്/അല്‍ഹാദി
11 അല്‍ഹസന്‍ ബ്‌നുഅലിയ്യ്ബ്‌നു മുഹമ്മദ് – അബൂമുഹമ്മദ് – അസ്സകിയ്യ്/അല്‍അസ്‌കരി
12 മുഹമ്മദ് ബ്‌നുഹസന്‍ അല്‍അസ്‌കരി – അബുല്‍ക്വാസിം – അല്‍മഹ്ദി/ഹുജ്ജതുല്‍ക്വാഇമുല്‍

ഈ ഇമാമുമാരിലുള്ള ശിയാക്കളുടെ പല വിശ്വാസങ്ങളും തീര്‍ത്തും തീവ്രവും ഏറെ വികലവും അനിസ്‌ലാമികവുമാണ്. പ്രസ്തുത വൈകല്യങ്ങള്‍ ഒരു അധ്യായമായി പിന്നീട് വിവരിക്കുന്നുണ്ട്.

ശിയാക്കള്‍: അലി رضي الله عنه വിന്റെ ഖിലാഫത്തില്‍

ശിയാഇസത്തിന്റെ തുടക്കനാളുകളില്‍ അഥവാ അലി رضي الله عنه വിന്റെ ഭരണനാളുകളില്‍ ശിയാക്കള്‍ മൂന്ന് തരക്കാരായിരുന്നു.

ഒന്ന്: അല്‍മുഫദ്ദ്വിലഃ. അബൂബക്‌ര്‍  رضي الله عنه നെക്കാളും ഉമര്‍ رضي الله عنه വിനെക്കാളും അലി رضي الله عنه വിന് പ്രാമുഖ്യവും ശ്രേഷ്ഠതയും കല്‍പിക്കുന്നവര്‍. അലി رضي الله عنه ഇവരെ എതിര്‍ത്തിരുന്നു. അല്ലാഹുവിന്റെ റസൂലി ﷺ നുശേഷം ഈ സമുദായത്തില്‍ ഏറ്റവും ശ്രേഷ്ഠര്‍ അബൂബക്ര്‍ رضي الله عنه വും ഉമര്‍ رضي الله عنه വും  ആണെന്ന് അദ്ദേഹം പ്രഖ്യാപിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം നോക്കൂ:

”ആരും എന്നെ അബൂബക്ര്‍ رضي الله عنه വിനെക്കാളും ഉമര്‍ رضي الله عنه വിനെക്കാളും ശ്രേഷ്ഠപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നവരുടെ മേല്‍ ഞാന്‍ അപവാദം പറയുന്നവരുടെമേല്‍ നടപ്പാക്കുന്ന ശിക്ഷ (എണ്‍പത് അടി) നടപ്പാക്കുകതന്നെ ചെയ്യും. (ഫദ്വാഇലുസ്സ്വഹാബഃ, ഇമാം അഹ്മദ്. ശൈഖ് അല്‍ബാനി ഈ അഥറിന്റെ പരമ്പര ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്.)

രണ്ട്: അസ്സബ്ബാബഃ. അബൂബക്ര്‍ رضي الله عنه വിനെക്കാളും ഉമര്‍ رضي الله عنه വിനെക്കാളും അലി رضي الله عنه വിന് പ്രാമുഖ്യം കല്‍പിക്കുന്നതില്‍ അതിരുവിടുകയും അബൂബക്ര്‍ رضي الله عنه വിനെയും ഉമര്‍ رضي الله عنه വിനെയും ചീത്തവിളിക്കുകയും ചെയ്യുന്നവര്‍.

കേവലം ശ്രേഷ്ഠപ്പെടുത്തി സംസാരിക്കുന്നതില്‍ ചീത്തവിളിയോ മോശപ്പെടുത്തലോ ഇല്ലെന്നിരിക്കെ അബൂബക്‌റിനെക്കാള്‍ തന്നെ ശ്രേഷ്ഠപ്പെടുത്തുന്ന ആളുകളില്‍ അപവാദപ്രചാരണം നടത്തുന്നവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്ന അലി رضي الله عنه വിന്റെ പ്രഖ്യാപനം നാം വായിച്ചുവല്ലോ. അപ്പോള്‍ അബൂബക്ര്‍ رضي الله عنه വിനെയും ഉമര്‍ رضي الله عنه വിനെയും ചീത്തവിളിക്കുന്നതിനും ഇകഴ്ത്തി സംസാരിക്കുന്നതിനും ശപിക്കുന്നതിനുമൊക്കെയുള്ള അലി رضي الله عنه വിന്റെ ശിക്ഷ ഇതിനെക്കാള്‍ കഠിനമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൂന്ന്: അല്‍ഗുലാത്: അലി رضي الله عنه വിനെ ഇലാഹാക്കുന്നവര്‍. അഥവാ അലി رضي الله عنه ഇലാഹാണെന്ന് വിശ്വസിക്കുകയോ അല്ലെങ്കില്‍ ഇലാഹ് അലിയ്യില്‍ അവതരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നവര്‍. അവരത്രെ കപടന്മാര്‍. ഉപരിപ്ലവമായി ഇസ്‌ലാം കൊണ്ടുനടക്കുകയും കുഫ്ര്‍ ഉള്ളില്‍ പേറി നടക്കുകയും ചെയ്യുന്നതിനാലാണ് അവര്‍ക്ക് ഈ നാമകരണം.

ഇമാമത്ത്

ശിയാക്കളുടെ ഏറ്റവും പ്രധാനമായ സാങ്കേതിക ശബ്ദങ്ങളിലൊന്നാണ് ഇമാമത്ത്. മുന്‍ ഇമാം (ഭരണാധികാരി) തന്നെ തുടര്‍ന്നുവരേണ്ട ഇമാമിനെ വ്യക്തമായി നിര്‍ണയിക്കല്‍ നിര്‍ബന്ധമാണെന്നതാണ് അതിന്റെ തേട്ടം. തന്നെ തുടര്‍ന്നുവരേണ്ട ഇമാമിന്റെ വിശേഷണങ്ങള്‍ മാത്രം നബി ﷺ നല്‍കിയാല്‍ മതിയാകില്ല. ആളുകള്‍ അഭിപ്രായ വ്യത്യാസത്തിലാകുംവിധം നബി ﷺ അവരെ അവഗണിച്ച് വിട്ടേച്ചുപോകലും അനുവദനീയമല്ല. ആളുകള്‍ക്ക് ആശ്രയമാകും വിധം ഒരാളെ നിര്‍ണയിക്കല്‍ നബി ﷺ യുടെ മേല്‍ നിര്‍ബന്ധമാണ്. ഇത്തരം ആശയങ്ങളാണ് ഇമാമത്തെന്ന ശബ്ദത്തിലൂടെ അവര്‍ ഉന്നയിക്കുന്നത്.

തന്റെ മരണത്തിനുമുമ്പ് അലി رضي الله عنه വിനെ നബി ﷺ തന്റെ കാലശേഷമുള്ള ഖലീഫയായി തീരുമാനിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ തിരുവിയോഗ ശേഷം ഖലീഫമാരായ അബൂബക്കര്‍ رضي الله عنه വും, ഉമര്‍ رضي الله عنه വും, ഉസ്മാന്‍ رضي الله عنه വും ഭരണം നടത്തിയത് നബി ﷺ യുടെ തീരുമാനത്തെയും നിര്‍ണയത്തെയും മറികടന്നും ഖിലാഫത്ത് കവര്‍ന്നെടുത്തുമാണെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു.

മരണത്തിനുമുമ്പു തന്നെ തിരുനബി ﷺ അലി رضي الله عنه വിനെ തന്റെ കാലശേഷമുള്ള ഖലീഫയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന ശിയാ വാദം തീര്‍ത്തും ശരിയല്ല. അവര്‍ പ്രസ്തുത വാദത്തിനു കൂട്ടുപിടിക്കുന്ന നിവേദനങ്ങള്‍ വ്യാജനിര്‍മിതങ്ങളോ ദുര്‍ബലമോ ആണ്. എന്നാല്‍ ശേഷം വരേണ്ട ഖലീഫ അബൂബക്‌റാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ ധാരാളം ഹദീഥുകളില്‍ കാണുവാന്‍ സാധിക്കും. ചിലത് ഇവിടെ നല്‍കാം:

ജുബെയ്ര്‍ ഇബ്‌നു മുത്വ്ഇം رضي الله عنه പറയുന്നു: ”ഒരു മഹതി നബി ﷺ യുടെ അടുക്കല്‍ വന്നു. അപ്പോള്‍ അവരോട് തന്റെ അടുക്കലേക്കു മടങ്ങി വരുവാന്‍ അവിടുന്ന് കല്‍പിച്ചു. അവര്‍ പറഞ്ഞു: ‘ഞാന്‍ വരികയും താങ്കളെ കാണുകയും ചെയ്തില്ല എങ്കില്‍?’ തിരുമേനി ﷺ യുടെ മരണത്തെക്കുറിച്ച് അവര്‍ പറ യുന്നതു പോലുണ്ട്. അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ എന്നെ കണ്ടില്ലായെങ്കില്‍ അബൂബക്‌റിന്റെ അടുക്കല്‍ ചെല്ലുക.”’

ഇമാം ശാഫിഈ പറഞ്ഞു: ‘തിരുദൂതരുടെ വിയോഗശേഷം അബൂബക്‌റാണ് ഖലീഫ എന്നതിന് ഈ ഹദീഥില്‍ തെളിവുണ്ട്.’

മറ്റൊരു സംഭവം ഇപ്രകാരമുണ്ട്:

അനസ് رضي الله عنه പറയുന്നു: ”ബനുല്‍മുസ്വ്ത്വലക്വ് ഗോത്രം തിരുദൂതരുടെ അടുക്കലേക്ക് എന്നെ അയച്ചു. അവര്‍ പറഞ്ഞു: ‘തിരുദൂതരുടെ കാലശേഷം ഞങ്ങള്‍ ആര്‍ക്കാണ് സ്വദക്വഃ നല്‍കേണ്ടതെന്ന് നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ ദൂതരോട് ചോദിക്കണം.’ അനസ് رضي الله عنه പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ അടുക്കലെത്തി അത് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘അബൂബക്‌റിന് നല്‍കണം.’ ഞാന്‍ അവരുടെ അടുക്കല്‍ ചെന്ന് അവരോട് വിവരം പറഞ്ഞു.”’

ഇതുപോലെ അബൂബക്ര്‍ رضي الله عنه വിന്റെ ഖിലാഫത്തിലേക്ക് വ്യക്തമായ സൂചന നല്‍കുന്ന ഹദീഥുകള്‍ വേറേയും കാണുവാന്‍ സാധിക്കും.

അബൂബക്ര്‍ رضي الله عنه തെരഞ്ഞെടുക്കപ്പെട്ടതിന്റെ പേരില്‍ ഇസ്‌ലാമിന്റെ ഖലീഫഃയോട് അടങ്ങാത്ത പക കൊണ്ടുനടക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ അലിയ്യ് رضي الله عنه ആകട്ടെ അബൂബക്‌ര്‍ رضي الله عنه നോട് അമര്‍ഷമോ ഈര്‍ഷ്യതയോ കൊണ്ടുനടക്കുന്നവനായിരുന്നില്ല. തിരുവിയോഗശേഷം ഖലീഫയെ തെരഞ്ഞെടുത്ത വിഷയത്തില്‍ അലി رضي الله عنه വിനും മറ്റും അല്‍പം അമര്‍ഷമുണ്ടായിരുന്നു. അതിന്റെ കാരണവും വസ്തുതയും സുബെയ്ര്‍ ഇബ്‌നുഅവ്വാം رضي الله عنه വും അലി رضي الله عنه വും വിശദീകരിച്ചത് ഇപ്രകാരമാണ്.

അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ് رضي الله عنه പറയുന്നു: ”കൂടിയാലോചനയില്‍ ഞങ്ങളെ പരിഗണിച്ചില്ലെന്നതില്‍ മാത്രമാണ് ഞങ്ങള്‍ക്ക് അമര്‍ഷമുണ്ടായത്. തിരുവിയോഗത്തിനു ശേഷം അബൂബക്‌റാണ് ഖിലാഫത്തിന് ഏറ്റവും യോഗ്യന്‍ എന്നാണ് ഞങ്ങള്‍ അഭിപ്രായപ്പെടുന്നത്; കാരണം അദ്ദേഹമാണ് സ്വാഹിബുല്‍ഗാര്‍ (ഥൗര്‍ ഗുഹയിലെ നബിസ)യുടെ സഹചാരി). അദ്ദേഹത്തിന്റെ സ്ഥാനവും പ്രായവും മാനിക്കുന്നവരാണ് ഞങ്ങള്‍. അല്ലാഹുവിന്റെ ദൂതര്‍ ﷺ ജീവിച്ചിരിക്കെ ജനങ്ങള്‍ക്ക് നമസ്‌കാരത്തിനു നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തോടാണ് അവിടുന്ന് കല്‍പിച്ചത്.” (മുസ്തദറകു ഹാകിം, മഗാസീ മൂസ ഇബ്‌നു ഉക്വ്ബഃ. ഇബ്‌നുകഥീറും ഹാകിമും സ്വഹീഹെന്ന് വിശേഷിപ്പിച്ചത്.)

ഇവിടെ സുബെയ്ര്‍ رضي الله عنه വിനും അലി رضي الله عنه വിനും അമര്‍ഷമുണ്ടായത് ഖലീഫയെ തെരഞ്ഞെടുത്തതിലല്ല. പ്രത്യുത ഖലീഫഃയെ തെരഞ്ഞെടുക്കുവാനുള്ള കൂടിയാലോചന നടന്നത് അവരുടെ അസാന്നിധ്യത്തിലായി എന്നതിലാണ്. ഇതേ അമര്‍ഷം മുഹാജിറുകള്‍ക്കും ഉണ്ടായിട്ടുണ്ട്. അത് ന്യായമാണു താനും. എന്തു കൊണ്ടെന്നാല്‍ അവരുടെയെല്ലാം സാന്നിധ്യം അനിവാര്യമായ ഒരു സന്ദര്‍ഭമാണെല്ലോ അത്.

എന്നാല്‍ അബൂബക്കര്‍ رضي الله عنه വും, ഉമര്‍ رضي الله عنه വും അബൂഉബയ്ദ رضي الله عنه വും ഈ വിഷയത്തില്‍ നിരപരാധികളാണ്. കാരണം നബി ﷺ യുടെ വഫാത്തിനെ തുടര്‍ന്ന് ഖലീഫഃയെ തെരഞ്ഞെടുക്കുവാന്‍ അന്‍സ്വാരികള്‍ ബനൂസാഇദഃയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ അബൂബക്‌റും ഉമറും തിരുമേനി ﷺ യുടെ വീട്ടിലായിരുന്നു. അവര്‍ അത് അറിഞ്ഞിരുന്നില്ല. ഒരു വ്യക്തി വന്ന് വിഷയത്തിന്റെ ഗൗരവം ഉണര്‍ത്തിയപ്പോള്‍ അതില്‍ ഇടപടേണ്ടതിന്റെ അനിവാര്യത പരിഗണിച്ചാണ് അവര്‍ മൂവരും ബനൂസാഇദയില്‍ എത്തിയത്. അന്‍സ്വാരികളാവട്ടെ തങ്ങളില്‍നിന്ന് ഒരു ഖലീഫഃയെ തെരഞ്ഞെടുക്കുവാന്‍ സജ്ജരായിരുന്നു. ആ സമയം എല്ലാവര്‍ക്കും സുസമ്മതനായ അബൂബക്കര്‍ رضي الله عنه തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അന്‍സ്വാരികളില്‍ ഒരാളാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ വലിയ കുഴപ്പങ്ങളും പ്രശ്‌നങ്ങളും വിശിഷ്യാ മദീനഃയില്‍ തലപൊക്കുമായിരുന്നു. തീര്‍ത്തും അവിചാരിതമായ ഒരു തെരഞ്ഞെടുപ്പാണ് നടന്നത്. എന്നാല്‍ അവിടെവെച്ച് അബൂബക്കര്‍ رضي الله عنه പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുഗ്രഹമായി ഭവിക്കുകയാണുണ്ടായത്.

അലി رضي الله عنه വിന് തികഞ്ഞ ഗുണകാംക്ഷയും മതിപ്പുമായിരുന്നു അബൂബക്കര്‍ رضي الله عنه വിനോട്. പില്‍കാലത്ത് അലി رضي الله عنه ആളുകളോട് നടത്തിയ ഒരു പ്രസംഗം നോക്കൂ:

”ജനങ്ങളേ, ആളുകളില്‍ ആരാണ് ധീരനെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.’ അവര്‍ പറഞ്ഞു: ‘അമീറുല്‍മുഅ്മിനീന്‍, ഞങ്ങളുടെ ഭാഷ്യത്തില്‍ അത് താങ്കളാണ്.’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആരോടും ദ്വന്ദയുദ്ധം നടത്തിയിട്ടില്ല; ഞാന്‍ അവനോട് പ്രതികാരം ചെയ്യാതെ. എന്നാലും ജനങ്ങളില്‍ ആരാണ് ധീരന്‍ എന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കറിയില്ല; ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘അബൂബക്‌റാണ്. ബദ്ര്‍ യുദ്ധദിനം ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ ന് ഒരു പന്തലുണ്ടാക്കി. ഞങ്ങള്‍ ചോദിച്ചു: ‘മുശ്‌രിക്കുകളില്‍ ഒരാളും അടുക്കാത്ത വിധം ആരാണ് തിരുനബി ﷺ യോടൊപ്പം നിലയുറപ്പിക്കുക?’ അല്ലാഹുവാണേ, ഞങ്ങളില്‍ ഒരാളും അടുത്തുവന്നില്ല. എന്നാല്‍ അബൂബക്ര്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി തിരുദൂതരുടെ തലക്കരികില്‍ നിലയുറപ്പിച്ചു. തിരുമേനി ﷺ യുടെ നേരെ ഒരാളും അടുത്തിട്ടില്ല; അബൂബക്ര്‍ رضي الله عنه അവന്റെമേല്‍ ചാടി വീഴാതെ. അബൂബക്‌റാണ് ആളുകളില്‍ ഏറ്റവും ധീരന്‍…(മുസ്‌നദുല്‍ബസ്സാര്‍, ഫദ്വാഇലുല്‍ ഖുലഫാഅ്, അബൂനുഐം.)

ഇസ്വ്മത്ത്

ശിയാക്കളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സാങ്കേതിക ശബ്ദവും അവരുടെ അടിസ്ഥാനവുമാണ് ഇസ്വ്മത്ത് അല്ലെങ്കില്‍ ഇസ്വ്മത്തുല്‍ ഇമാം. ശിയാ ഇമാമുമാര്‍ എല്ലാവരും തെറ്റുകളില്‍നിന്നും മറവി സംഭവിക്കുന്നതില്‍നിന്നും സുരക്ഷിതരാണെന്നും വലിയ, ചെറിയ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അവര്‍ ‘പാപസുരക്ഷിതര്‍’ ആണെന്നുമുള്ള വിശ്വാസമാണ് ഇസ്വ്മത്ത്.

ശിയാ ശെയ്ഖായ അല്‍മജ്‌ലിസീ പറയുന്നു: ”തെറ്റുകള്‍ ചെറുതാകട്ടെ വലുതാകട്ടെ, അവയില്‍ നിന്നെല്ലാം ഇമാമുമാര്‍ സുരക്ഷിതരാണെന്നതില്‍ ഇമാമിയ്യഃ വിഭാഗം ഏകോപിച്ചിരിക്കുന്നു. മനഃപൂര്‍വമോ മറന്നോ, വ്യാഖ്യാനത്തില്‍വരുന്ന പിഴവിനാലോ, അല്ലാഹു മറപ്പിച്ചതിനാല്‍ പോലുമോ അടിസ്ഥാനപരമായി അവരില്‍നിന്ന് യാതൊരു തെറ്റും സംഭവിക്കുകയില്ല. (ബിഹാറുല്‍ അന്‍വാര്‍ വാ: 25, പേ: 211)

ആരാധനകളുടെ യഥാര്‍ഥ അര്‍ഹനും പരമ പരിശുദ്ധനുമായ അല്ലാഹു മാത്രമാണ് മറവിയും അശ്രദ്ധയും വീഴ്ചയും സംഭവിക്കാത്തവനെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായിരിക്കെ അല്ലാഹുവിന് മാത്രമുള്ളത് ഇമാമുമാര്‍ക്ക് വകവെക്കുന്ന വിഷയത്തിലാണ് അവര്‍ ഏകോപിച്ചിരിക്കുന്നത്. അല്ലാഹുവേ നിന്റെ കാവല്‍!

ആയത്തുല്ലാഹ് ഖുമൈനി പറയുന്നു: ”ഇമാമി(അ)ന്റെ ഭരണവും അധികാരവും സ്ഥിരപ്പെടുന്നത്, അല്ലാഹുവിനടുക്കല്‍ അദ്ദേഹത്തിനുള്ള പദവിയില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞെന്ന് അര്‍ഥമാക്കുന്നില്ല. അദ്ദേഹത്തെ മറ്റു ഭരണാധികാരികളെപ്പോലെ ആക്കുകയും ചെയ്യുന്നില്ല. കാരണം, സ്തുത്യര്‍ഹമായ സ്ഥാനവും ഉന്നതമായ പദവിയും ഈ പ്രപഞ്ചത്തിലെ മുഴുവന്‍ പരമാണുക്കളും കീഴ്‌പെടുംവിധം അധികാരവും ആധിപത്യവുമുള്ള പ്രാപഞ്ചിക ഖിലാഫത്തും ഇമാമിനുണ്ട്. നമ്മുടെ മദ്ഹബില്‍ നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍ പെട്ടതാണ്, നമ്മുടെ ഇമാമുമാര്‍(അ)ക്ക് ദൈവനിയുക്തനായ നബിക്കോ ദൈവസാമീപ്യമുള്ള മലക്കിനോ പ്രാപിക്കുവാനാകാത്ത സ്ഥാനമാ ണുള്ളത്. നമ്മുടെയടുക്കലുള്ള നിവേദനങ്ങളുടെയും ഹദീഥുകളുടെയും തേട്ടമനുസരിച്ച് മഹാനായ റസൂലും ﷺ ഇമാമുമാരും(അ) ഈ പ്രപഞ്ചത്തിനുമുമ്പ് പ്രകാശങ്ങളായിരുന്നു. അങ്ങനെ അല്ലാഹു അവരെ തന്റെ അര്‍ശിനെ വലയം ചെയ്യുന്നവരാക്കി. അല്ലാഹുവിനു മാത്രമറിയാവുന്നത്ര പദവിയും സാമീപ്യവും അവര്‍ക്ക് അവന്‍ നിശ്ചയിച്ചു. മിഅ്‌റാജ് സംഭവത്തിന്റെ നിവേദനങ്ങളില്‍ വന്നതുപോലെ ജിബ്‌രീല്‍ പറഞ്ഞു: ഒരു വിരല്‍ ഞാന്‍ അടുത്താല്‍ ഞാന്‍ കരിഞ്ഞുപോയതു തന്നെ.’ഇമാമുമാര്‍(അ) പറഞ്ഞതായി ഇപ്രകാരം വന്നിട്ടുണ്ട്: അല്ലാഹുവോടൊപ്പം ഞങ്ങള്‍ക്കു ചില അവസ്ഥകളുണ്ട്; ദൈവസാമീപ്യമുള്ള മലക്കുകള്‍ക്കോ ദൈവനിയുക്തരായ നബിമാര്‍ക്കോ ആ അവസ്ഥകള്‍ പ്രാപിക്കുവാനാകില്ല.” (ഇസ്‌ലാമിക ഗവണ്‍മെന്റ്, പേ: 52)

ഗയ്ബത്ത്

മതപരമായ വീക്ഷണത്തിലായാലും ബുദ്ധിപരമായ വീക്ഷണത്തിലായാലും അല്ലാഹുവില്‍ നിന്നുള്ള ഹുജ്ജത്തില്‍ നിന്ന് കാലം ഒരിക്കലും മുക്തമാവില്ലെന്നും പ്രസ്തുത ഹുജ്ജത്ത് ഇമാമായിട്ടാണ് നിലനില്‍ക്കുകയെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു. ശിയാ വിഭാഗങ്ങള്‍ മിക്കതും അദൃശ്യനും ഗോപ്യനുമായ ഒരു ഇമാമില്‍ വിശ്വസിക്കുന്നു. മരണശേഷവും ഇമാം മരിച്ചിട്ടില്ലെന്നും നിത്യവാസിയാണെന്നും ജനദൃഷ്ടികളില്‍നിന്ന് മറഞ്ഞിരിക്കുകയാണെന്നും ഭാവിയില്‍ മഹ്ദിയായി ദൃശ്യലോകത്തേക്ക് ആഗതനാകുമെന്നും അവര്‍ മൊത്തത്തില്‍ വിശ്വസിക്കുന്നു; മടക്കത്തിന് യോഗ്യതയുള്ള ഇമാം ആര് എന്നതില്‍ മാത്രമാണ് ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്.

പതിനൊന്നാമത്തെ ഇമാമായ ഹസനുല്‍ അസ്‌കരി മരണപ്പെട്ടതില്‍ പിന്നെ, ശേഷം ആരാണ് ഇമാം എന്നതില്‍ ശിയാ ലോകത്ത് ഏറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ വിഷയത്തില്‍ മാത്രം അവര്‍ ഇരുപത്തിയഞ്ച് കക്ഷികളായി പിരിഞ്ഞു! അതിലൊരു വിഭാഗമാണ് ഇന്നത്തെ ശിയാലോകം അഥവാ ഇഥ്‌നാഅശരികള്‍ അല്ലെങ്കില്‍ റാഫിദ്വികള്‍. ഹസനുല്‍ അസ്‌കരി മരണപ്പെട്ടിട്ടില്ലെന്നും അദൃശ്യനായി ജവിച്ചിരിപ്പുണ്ടെന്നും അദ്ദേഹമാണ് മഹ്ദിയെന്നും പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന് സന്തതികളില്ലെന്നിരിക്കെ ഭൂമി ഒരു ഇമാമില്‍നിന്ന് മുക്തമാകാവതല്ലെന്നതിനാല്‍ അദ്ദേഹം മരിക്കുവാന്‍ പാടില്ലെന്നും അന്ന് ഒരു വിഭാഗം വാദിച്ചു. ഹസനുല്‍ അസ്‌കരി മരിച്ചെന്നും എന്നാല്‍ അദൃശ്യനായി കഴിയുന്നുവെന്നും ഭാവിയില്‍ രംഗപ്രവേശം ചെയ്യുമെന്നും മറ്റൊരു വിഭാഗവും വാദിച്ചു. ഹസനുല്‍ അസ്‌കരിയുടെ സഹോദരനിലേക്ക് ഇമാമത്ത് മാറിയെന്നും അതല്ല വന്ധ്യനായി മരിച്ചതിനാല്‍ ഹസനുല്‍ അസ്‌കരിയുടെ ഇമാമത്തു തന്നെ അസാധുവാണെന്നും മറ്റു വിഭാഗങ്ങളും വാദിച്ചു. പിന്‍ഗാമിയില്ലാതെ ഹസനുല്‍ അസ്‌കരി മരിച്ചതിനാല്‍ ഇമാമത്ത് നിലച്ചിരിക്കുന്നു എന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നവരും ശിയാകക്ഷികളിലുണ്ടായി.

ഇന്നത്തെ ശിയാലോകം (ഇഥ്‌നാ അശരികള്‍) വിശ്വസിക്കുന്ന ഗയ്ബത്ത് അവരുടെ പൂര്‍വകാലക്കാരുടെതില്‍ നിന്ന് വ്യത്യസ്തവും ഏറെ വിചിത്രവുമാണ്. അവരുടെ ജല്‍പനം ഹസനുല്‍ അസ്‌കരിക്ക് സന്താനമുണ്ടായിരുന്നുവെന്നും അദ്ദേഹം അക്കാലത്തിന്റെ പ്രയാസങ്ങള്‍ കാരണത്താലും അന്നത്തെ ഭരണാധികാരി കുഞ്ഞിനെ ശക്തമായി ആവശ്യപെട്ടതിനാലും അതിനെ ഗോപ്യമാക്കുകയും അതിന്റെ കാര്യം ഒളിപ്പിക്കുകയും ചെയ്തു… എന്നെല്ലാമാണ്!

ഹസനുല്‍ അസ്‌കരിയുടെ ജീവിതനാളുകൡ ഒരു പുത്രന്‍ പ്രത്യക്ഷപ്പെടുകയോ മരണശേഷം പൊതുജനം ആ പുത്രനെ അറിയുകയോ ചെയ്തിട്ടില്ല.’

മുഹമ്മദ് ഇബ്‌നു ഹസനുല്‍ അസ്‌കരി എന്ന് പറയപ്പെടുന്ന പന്ത്രണ്ടാമത്തെ ഇമാം ശിയാ വാദ പ്രകാരം അലിയ്യ് ഇബ്‌നു ഹുസയ്‌നിന്റെ സന്താനപരമ്പരയില്‍പെട്ട വ്യക്തിയാണ്. അലിയ്യ് ഇബ്‌നുഹസനിന്റെ സന്താനപരമ്പരയിലല്ല.

പ്രസ്തുത ഹുജ്ജത്തായി (തെളിവായി) അവരുടെ പന്ത്രണ്ടാമത്തെ ഇമാം ഹിജ്‌റയുടെ 260ല്‍ തന്റെ അഞ്ചാമത്തെ വയസ്സില്‍ സാമുര്‍റാ ദേശത്തെ ഒരു ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ആയിരത്തിലേറെ വര്‍ഷമായി അദ്ദേഹം മരിച്ചിട്ടില്ലെന്നും മടങ്ങിവരുമെന്നും അവര്‍ വിശ്വസിക്കുന്നു.

വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ശിയാജല്‍പനങ്ങള്‍ തികഞ്ഞ മൗഢ്യമാണ്. യാതൊരു തെളിവും വിളിച്ചറിയിക്കാത്ത കാര്യങ്ങളാണ് ശിയാക്കള്‍ അവരുടെ മഹ്ദിയുടെ വിഷയത്തില്‍ എഴുന്നള്ളിച്ചിരിക്കുന്നത്. കെട്ടുകഥകളെ പോലും നാണിപ്പിക്കുന്ന വ്യാജവാദങ്ങളാണ് തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാമിനെ പടയ്ക്കുന്നതില്‍ അവര്‍ക്കു നടത്തേണ്ടിവന്നിട്ടുള്ളത്.

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞതുപോലെ ‘അവരുടെ ജല്‍പനം ഒരു തരം പുലമ്പലും പിശാചില്‍നിന്നുള്ള തരംതാഴ്ത്തലിന്റെ വലിയൊരു ഭാഗവുമാണ്. അവരുടെ ജല്‍പനത്തിന് യാതൊ രുവിധ തെളിവോ പ്രമാണമോ ഇല്ല തന്നെ. (അന്നിഹായഃ ഫില്‍ഫിതനി വല്‍ മലാഹിം, പേജ: 17)

ഇമാം ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: ‘ഈ വിഭാഗം, മനുഷ്യ മക്കള്‍ക്ക് അപമാനവും ബുദ്ധിയുള്ളവര്‍ക്കെല്ലാം പരിഹസിച്ച് ചിരിക്കുവാനുള്ള ഒരു വിഷയവുമത്രെ.”

റജ്അത്ത്

മരണപ്പെട്ട കുറെയാളുകള്‍ അന്ത്യനാളിനുമുമ്പ് ഈ ഭൗതികലോകത്തേക്ക് മടങ്ങിവരുമെന്നതും അവര്‍ മരിച്ചതില്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങുമെന്നതുമാണ് റജ്അത്ത് കൊണ്ട് ശിയാക്കള്‍ ഉദ്ദേശിക്കുന്നത്.

ഇന്നത്തെ ശിയാലോകം (ഇഥ്‌നാ അശരികള്‍) വിശ്വസിക്കുന്ന റജ്അത്തിന്റെ താല്‍പര്യം ഇപ്രകാരം സംഗ്രഹിക്കാം:

സിര്‍ദാബില്‍ അദൃശ്യനായി കഴിഞ്ഞുകൂടുന്ന മുഹമ്മദ് ഇബ്‌നു ഹസനുല്‍ അസ്‌കരി എന്ന പന്ത്രണ്ടാമത്തെ ഇമാം, കാലാവസാനത്തില്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാവുമ്പോള്‍ തന്റെ അദൃശ്യ വാസത്തില്‍നിന്ന് മടങ്ങിവരും. അന്യായവും അനീതിയും നിറഞ്ഞ ഭൂമിയില്‍ അതുപോലെ അദ്ദേഹം നീതിയും ന്യായവും നിറയ്ക്കും. ചരിത്ര നാളുകളില്‍ തങ്ങളുടെ പ്രതിയോഗികളായിരുന്നരോട് പ്രതിക്രിയ ചെയ്യലായിരിക്കും ഇമാമിന്റെ പ്രധാന ധര്‍മം.

അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه ഉള്‍പ്പടെയുള്ള ‘ഭരണാധികാരികള്‍ നബി ﷺ യുടെ വിയോഗത്തിനു ശേഷം ഭരണം തട്ടിയെടുത്തതിനാല്‍ പ്രതിക്രിയക്ക് ഇരകളാകുവാന്‍ അവരും ഉയിര്‍ത്തെ ഴുന്നേല്‍പിക്കപ്പെടുമെന്നും ഭൗതികലോകത്തേക്ക് മടങ്ങുമെന്നും ശിയാക്കള്‍ ജല്‍പിക്കുന്നു. മഹ്ദി മടങ്ങിയാല്‍ നിര്‍വഹിക്കുവാനുള്ള ധര്‍മങ്ങളിലൊന്നാണ് ശിയാവാദ പ്രകാരം ഈ പ്രതിക്രിയ. മഹ്ദിയുടെ വര്‍ത്തമാനം മജ്‌ലിസീ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘ഞാന്‍ യഥ്‌രിബിലേക്ക് വരും. ഞാന്‍ ഹുജ്‌റ പൊളിക്കും. അതിലുള്ള രണ്ടു പേരെ അവരുടെ പച്ച ശരീരങ്ങളോടെ ഞാന്‍ പുറത്തെടുക്കും…’ (ബിഹാറുല്‍ അന്‍വാര്‍. വാ: 53, പേ: 104,105.)

മറ്റു പതിനൊന്നു ഇമാമുമാര്‍ അന്ത്യനാളിനുമുമ്പ് പുനര്‍ജീവിച്ച് ഈ ഭൗതികലോകത്തേക്ക് മട ങ്ങിവരുമെന്നും അവര്‍ വിശ്വസിക്കുന്നു.

‘വാഗ്ദത്ത മഹ്ദിയുടെ ദൗത്യങ്ങള്‍”എന്ന പേരില്‍ ഒരു അധ്യായം വഴിയെ വരുന്നുണ്ട്. മഹ്ദിയുടെ റജ്അത്തുണ്ടായാല്‍ ശിയാലോകം സ്വപ്‌നം കാണുന്ന ക്രൂരതകളും ഹീനതകളും അവിടെ മനസ്സിലാക്കാം. റജ്അത്തെന്ന ഈ ആശയം കേവലം ശിയാ ജല്‍പനമാണ്. സ്ഥിരപ്പെട്ട പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും ഇതിന് ഇല്ല തന്നെ.

ദ്വുഹൂര്‍

മരണാനന്തരം ഇമാമുമാര്‍ തങ്ങളുടെ ക്വബ്‌റുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുമെന്നും പിന്നീട് ക്വബ്‌റിലേക്ക് തന്നെ മടങ്ങുമെന്നുമുള്ള ശിയാ വിശ്വാസമാണ് ദ്വുഹൂര്‍. എന്നാല്‍ റജ്അഃയെ പോലെ പ്രത്യേക സമയമോ കാലമോ ദ്വുഹൂറിനില്ല. ഇമാമുമാര്‍ എപ്പോഴാണോ ഉദ്ദേശിക്കുന്നത് അപ്പോഴാണത്രെഅതിന്റെ സമയം!

ശിയാ ശെയ്ഖായ അല്‍മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി’ല്‍ ഇപ്രകാരമുണ്ട്: ‘ഒരാള്‍ അബൂഅബ്ദില്ലായുടെ അടുക്കല്‍ പ്രവേശിച്ചു. അയാളോട് അബൂ അബ്ദില്ല ചോദിച്ചു: നിനക്ക് (മരിച്ചുപോയ) അബൂജഅ്ഫറിനെ കാണുവാന്‍ ആഗ്രഹമുണ്ടോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ അബൂഅബ്ദില്ല പറഞ്ഞു: ‘എഴുന്നേറ്റ് വീട്ടില്‍ പ്രവേശിക്കുക.’ ഞാന്‍ വീട്ടില്‍ പ്രവേശിച്ചു. അപ്പോഴതാ അബൂജഅ്ഫര്‍. (ബിഹാറുല്‍ അന്‍വാര്‍, വാ: 27, പേ: 303, ബസ്വാഇറുദ്ദറജാത്, പേ: 78.)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”ഒരാള്‍ അബുല്‍ഹസന്റെയടുക്കല്‍ പ്രവേശിച്ചു. അയാളോട് അബുല്‍ഹസന്‍ ചോദിച്ചു: ‘നിനക്ക് (മരിച്ചുപോയ) അബൂഅബ്ദില്ലയെ കാണുവാന്‍ കൊതിയുണ്ടോ?’ അയാള്‍ പറഞ്ഞു: ‘അല്ലാഹുവാണെ എനിക്ക് കൊതിയുണ്ട്.’ അബുല്‍ഹസന്‍ പറഞ്ഞു: ‘എഴുന്നേറ്റു ചെന്ന് ആ വീട്ടില്‍ പ്രവേശിക്കുക.’ ഞാന്‍ ആ വീട്ടില്‍ പ്രവേശിച്ചു. അപ്പോഴതാ അബൂഅബ്ദില്ല ഇരിക്കുന്നു. (ബിഹാറുല്‍അന്‍വാര്‍, വാ: 27, പേ: 304, ബസ്വാഇറുദ്ദറജാത് പേ: 78)

പ്രാമാണികമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങളാണിതെല്ലാം. കെട്ടുകഥകളും വ്യാജ നിവേദനങ്ങളുമാണ് ഇതിനെല്ലാം അവരുടെ തെളിവുകള്‍. ഒരു മറുപടി പോലും അര്‍ഹിക്കാത്ത വിശ്വാസങ്ങളും വാര്‍ത്തകളും.

തക്വിയ്യത്ത്

ശിയാ വിശ്വാസത്തിലെ മറ്റൊരു മൂലശിലയാണ് തക്വിയ്യത്ത്. എതിരാളികളുടെ ഉപദ്രവം ഭയന്ന് വിശ്വാസം മറച്ചുപിടിക്കലും എതിരാളികള്‍ക്കെതിരില്‍ പുറപ്പെടുന്നത് ഒഴിവാക്കലുമാണ് തക്വിയ്യത്ത്. ശിയാക്കള്‍ക്ക് ശത്രുക്കള്‍ അഹ്‌ലുസ്സുന്നഃയാണ്. തക്വിയ്യത്ത്അവരുടെമേല്‍ വാജിബായ ബാധ്യതയാണെന്നതും സിര്‍ദാബില്‍ അദൃശ്യനായി കഴിയുന്ന ഇമാമിന്റെ പുറപ്പാടുണ്ടാകുന്നതുവരെ തക്വ്യ്യത്തിന്റെ വിധി നിലനില്‍ക്കുമെന്നതും അത് ഉപേക്ഷിക്കുന്നവന്റെ മതവിധി നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ മതവിധിയാണെന്നതും ശിയാ ആദര്‍ശമാണ്.

തങ്ങളുടെ ഇമാമായ അലിയ്യ് ഇബ്‌നു മൂസര്‍റിദ്വാ പറഞ്ഞതായി ശിയാഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു: ”തക്വിയ്യത്ത് ഇല്ലാത്തവന് ഈമാനില്ല. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ അത്യാദരണീയന്‍ നിങ്ങളില്‍ തകിയ്യത്തുകൊണ്ട് നന്നായി പ്രവര്‍ത്തിക്കുന്നവനത്രെ… അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘റസൂലുല്ലാന്റെ പൗത്രരേ, ഏത് കാലം വരെ?’ അദ്ദേഹം പറഞ്ഞു: ‘ഒരു നിര്‍ണിത നാളുവരെ. അഥവാ നമ്മുടെ മഹ്ദി പുറപ്പെടുന്നതുവരെ. വല്ലവനും നമ്മുടെ മഹ്ദി പുറപ്പെടുന്നതിനുമുമ്പായി തക്വിയ്യത് ഉപേക്ഷിച്ചാല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.” (അഅ്‌ലാമുല്‍വറാ, ത്വബ്‌റസി. പേ: 408.)

തനി കളവും കാപട്യവുമാണ് ശിയാ തക്വിയ്യത്ത്. കപട വിശ്വാസികളുടെ നിലപാടുകളും ഇടപാടുകളുമാണ് തക്വിയ്യത്ത് എന്ന ആദര്‍ശത്തിലൂടെ ശിയാലോകം കാഴ്ചവെക്കുന്നത്.

ആദര്‍ശത്തില്‍ പരീക്ഷിക്കപ്പെടുകയും കുഫ്‌റിനു നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസിക്ക് കുഫ്‌റിന്റെ പദം ഉച്ചരിക്കുവാന്‍ ഇളവുണ്ട്. അപ്രകാരം തന്നെ അക്രമികളായ അവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതനായ ഒരു വിശ്വാസി; ആദര്‍ശം വെളിപ്പടുത്തുവാനോ സമരത്തിലേര്‍പെടുവാനോ കഴിയാത്ത അവസ്ഥയില്‍ അവരില്‍ നിന്ന് ഈമാന്‍ മറച്ചു പിടിക്കുവാനും അയാള്‍ക്ക് ഇളവുണ്ട്. ഇത്തരം മതപരമായ ഇളവുകള്‍ അറിയിക്കുന്ന പ്രമാണ വചനങ്ങളെ തക്വിയ്യത്തിനു തെളിവാക്കി അവതിരിപ്പിക്കുകയാണ് ശിയാ ഗ്രന്ഥങ്ങള്‍.

മുത്അഃ വിവാഹം

തികച്ചും ഇസ്‌ലാമിക വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരാണ് ശിയാക്കള്‍. ക്വുര്‍ആനിലും പ്രവാചക ചര്യയിലും യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കി പ്രാമാണികമെന്ന് വരുത്തുവാന്‍ ശിയാക്കള്‍ക്ക് യാതൊരു മടിയുമില്ല. ശിയാക്കള്‍ക്കിടയിലെ ഒരു വൃത്തികെട്ട അനാചാരമാണ് മുത്അഃ വിവാഹം. നിര്‍ണിത അവധി വെച്ചുള്ള താല്‍ക്കാലിക വിവാഹമാണത്. ‘ഇന്ന സംഖ്യക്ക് ഒരു നിര്‍ണിത കാലം ഞാന്‍ നിന്നെ സുഖിക്കുവാന്‍ ഉപയോഗിക്കുന്നു’എന്ന് ഒരു പുരുഷന്‍ തനിക്കു വിവാഹം അനുവദനീയമായ ഒരു പെണ്ണിനോട് പറയലോടെ മുത്അഃ വിവാഹമായി.

ഏറ്റവും നല്ല സമ്പ്രദായവും ശ്രേഷ്ഠകര്‍മവുമായിട്ടാണ് ശിയാക്കള്‍ മുത്അഃ ആചരിക്കുന്നത്. മുത്അഃ വിവാഹത്തിന്റെ മഹത്ത്വം സ്ഥാപിക്കുവാന്‍ തിരുനബി ﷺ യുടെ പേരില്‍ വ്യാജ ഹദീഥുകള്‍വരെ അവര്‍ നിര്‍മിച്ചിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ശിയാ നിര്‍മിതങ്ങളായ ഏതാനും വ്യാജ ഹദീഥുകള്‍ കാണുക:

”വല്ലവനും ഒരു മുഅ്മിനായ പെണ്ണിനെക്കൊണ്ട് മുത്അഃ യിലൂടെ സുഖമെടുത്താല്‍ അവന്‍ എഴുപതു തവണ കഅ്ബഃ സിയാറത്ത് ചെയ്തതു പോലെയാണ്.” (ഹുസെയ്ന്‍ മൗസവിയുടെ കശ്ഫുല്‍ അസ്‌റാര്‍, പേ: 35.)

”വല്ലവനും ഒരു തവണ മുത്അഃ നടത്തിയാല്‍ അവന്‍ ജബ്ബാറായ അല്ലാഹുവിന്റെ കോപത്തില്‍നിന്ന് നിര്‍ഭയനായി. വല്ലവനും രണ്ടു തവണ മുത്അഃ നടത്തിയാല്‍ അവന്‍ പുണ്യാളന്മാരോടൊപ്പം മഹ്ശറയില്‍ ഒരുമിച്ചു കൂട്ടപ്പെടും. വല്ലവനും മൂന്നു തവണ മുത്അഃ നടത്തിയാല്‍ അവന്‍ സ്വര്‍ഗം എന്നോടൊപ്പം പങ്കിടും. (മന്‍ ലാ യഹ്ദ്വുറുഹുല്‍ ഫക്വീഹ് വാ: 3, പേ: 366.)

”വല്ലവനും ഒരു തവണ മുത്അഃ നടത്തിയാല്‍ അവന്റെ പദവി ഹുസയ്‌നിന്റെ പദവിയാണ്. വല്ലവനും രണ്ടു തവണ മുത്അഃ നടത്തിയാല്‍ അവന്റെത് ഹസനിന്റെ ദറജഃയാണ്. വല്ലവനും മൂന്നു തവണ മുത്അഃനടത്തിയാല്‍ അവന്റെത് അലി رضي الله عنه വിന്റെ ദറജഃയാണ്. വല്ലവനും നാലു തവണ മുത്അഃ നടത്തിയാല്‍ അവന്റെത് എന്റെ ദറജഃയാണ്.” (സയ്യിദ്ഫത്ഹുല്ലാഹ് അല്‍കാസാനി, തഫ്‌സീര്‍ മന്‍ഹജുസ്സ്വാദിക്വീന്‍ പേ: 356.)

ശിയാമതത്തിന്റെ പാപരത്വം മനസ്സിലാക്കുവാനാണ് അവരാല്‍ നിര്‍മിക്കപെട്ട വ്യാജമായ മൂന്ന് നിവേദനങ്ങള്‍ മുകളില്‍ നല്‍കിയത്. മുത്അഃ വിവാഹത്തെ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. പ്രസ്തുത യാഥാര്‍ഥ്യം ശിയാ ഗ്രന്ഥങ്ങള്‍ വരെ ഉദ്ധരിച്ചിട്ടുമുണ്ട്.

”അല്ലാഹുവിന്റെ റസൂല്‍ ﷺ ഖയ്ബര്‍ യുദ്ധദിനം നാടന്‍ കഴുതയുടെ മാംസവും മുത്അഃ വിവാഹവും ഹറാമാക്കി.”(വസാഇലുശ്ശീഅഃ വാ: 14 പേ: 441, ഇസ്തിബ്‌സ്വാര്‍, വാ:3 പേ: 142.)

മുത്അഃ വിവാഹത്തെകുറിച്ച് അബൂഅബ്ദില്ല ചോദിക്കപ്പെട്ടു: ‘അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കള്‍ താങ്കളുടെ ശരീരം അതുകൊണ്ട് മലീമസമാക്കരുത്.”(ബിഹാറുല്‍അന്‍വാര്‍ വാ: 110, പേ: 318.)

മുസ്വ്ഹഫു ഫാത്വിമഃ

മുസ്വ്ഹഫുഫാത്വിമഃ എന്നപേരില്‍ ഒരു ക്വുര്‍ആന്‍ തങ്ങളുടെ പക്കലുണ്ടെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു. ശിയാക്കളുടെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ അല്‍കാഫിയില്‍ ഇമാം ജ അ്ഫര്‍സ്വാദിക്വിലേക്ക് വ്യാജമായി ചേര്‍ത്ത്—ശീഈ നേതാവ് കുലയ്‌നി പറയുന്നു:

”നിശ്ചയം, ഞങ്ങളുടെ അടുക്കല്‍ മുസ്വ്ഹഫു ഫാത്വിമഃയുണ്ട്. ഞാന്‍ ചോദിച്ചു: എന്താണ് മുസ്വ്ഹഫു ഫാത്വിമഃ? ഇമാം പറഞ്ഞു: അതാണു മുസ്വ്ഹഫ്. അതില്‍ നിങ്ങളുടെ ഈ ക്വുര്‍ആനിന്റെ മൂന്ന് ആവര്‍ത്തിയുണ്ട്. അല്ലാഹുവാണെ സത്യം, നിങ്ങളുടെ ക്വുര്‍ആനില്‍നിന്നുള്ള ഒരു അക്ഷരം പോലും അതിലില്ല.” ( അല്‍കാഫി, കുലയ്‌നി, വാ:1, പേ: 239.)

ശീഇകളുടെ തന്നെ മറ്റു ചില ഗ്രന്ഥങ്ങളില്‍ ഇപ്രകാരമുണ്ട്:

”മുസ്വ്ഹഫു ഫാത്വിമഃയില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള യാതൊന്നുമില്ല. അവര്‍ക്കു നല്‍കപ്പെട്ടത് എന്താണോ അതു മാത്രമാണത്.” (ബിഹാറുല്‍അന്‍വാര്‍. വാ: 48, പേ: 26, ബസ്വാഇറുദ്ദറജാത് പേ: 43.)

വലുപ്പത്തില്‍ മുസ്വ്ഹഫിനെക്കാള്‍ മികവു പുലര്‍ത്തുകയും വിഷയത്തില്‍ വ്യതസ്തത പുലര്‍ത്തുകയും ചെയ്യുന്നതാണ് അവരുടെ മുസ്വ്ഹഫെന്ന വാദവും അവര്‍ക്കുണ്ട്. (ബിഹാറുല്‍അന്‍വാര്‍. വാ: 48, പേ: 26, ബസ്വാഇറുദ്ദറജാത് പേ: 43.)

ശിയാക്കളുടെ ഇത്തരം വ്യാജവാദങ്ങളില്‍നിന്ന് ഫാത്വിമ رضي الله عنها യും അലി رضي الله عنه വും നബികുടുംബവും നിരുത്തരവാദികളാണ്. അല്ലാഹുവിന്റെ വചനമായ വിശുദ്ധ ക്വുര്‍ആന്‍ സത്യസമ്പൂര്‍ണവും നിത്യചൈതന്യവും സര്‍വര്‍ക്കും സര്‍വകാലത്തേക്കുമുള്ള മാര്‍ഗദര്‍ശനവും വഴികാട്ടിയുമാണെന്നിരിക്കെ മറ്റൊരു മുസ്വ്ഹഫില്‍ വിശ്വസിക്കേണ്ട യാതൊരു ആവശ്യവും ആര്‍ക്കുമില്ല; തീര്‍ച്ച.

യഥാര്‍ഥ മുസ്വ്ഹഫിനോട് കെട്ടിലുംമട്ടിലും മികവു പുലര്‍ത്തുന്ന മറ്റൊരു മുസ്വ്ഹഫ് തങ്ങളുടെ പക്കലുണ്ടെന്നാണല്ലോ ശിയാ ജല്‍പനം. താഴെ വരുന്ന വിശുദ്ധ വചനങ്ങളില്‍ വിശുദ്ധ ക്വുര്‍ആനിനുള്ള മഹത്ത്വങ്ങളും വര്‍ണനകളും നോക്കൂ. വചനങ്ങള്‍ ഇതു പോലെ ധാരാളമാണ്.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്‌പഷ്‌ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുര്‍ആന്‍: 26/192-195)

وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

…എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (ഖുര്‍ആന്‍: 18/89)

إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ‎﴿٤١﴾‏ لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ‎﴿٤٢﴾‏

(തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടംപറ്റിയവര്‍ തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖുര്‍ആന്‍: 41/41-42)

അല്‍ബറാഅഃ

അബൂബകര്‍, ഉമര്‍, ഉഥ്മാന്‍, മുആവിയ رضي الله عنهم എന്നിവരില്‍ നിന്ന് ഒഴിയലും അവരെ ശത്രുക്കളായി കാണലും ശപിക്കലുമാണ് അല്‍ബറാഅഃ. അത് ശിയാഇസത്തിന്റെ നിര്‍ബന്ധ ഘടകവുമാണ്. ശീഈ ഇമാമായ മുഹമ്മദ് ബാക്വിര്‍ മജ്‌ലിസീ തന്റെ അല്‍ ഇഅ്തിക്വാദാത്ത് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ”അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍, മുആവിയ എന്നിവരില്‍ നിന്ന് ഒഴിയല്‍ ഇമാമിയ്യാ ദീനിന്റെ അഭിവാജ്യഘടകമാണ്.” (അല്‍ഇഅ്തിക്വാദാത്ത്, പേ: 90.)

മജ്‌ലിസീ തന്റെ’ഹക്ക്വുല്‍ യക്വീന്‍”എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:”’ബറാഅഃയുടെ വിഷയത്തില്‍ ഞങ്ങളുടെ ആദര്‍ശം എന്തന്നാല്‍, അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍, മുആവിയ, എന്നീ നാലു വിഗ്രഹങ്ങളില്‍നിന്നും ആഇശ, ഹഫ്‌സ്വ, ഹിന്ദ്, ഉമ്മുല്‍ഹകം എന്നീ സ്ത്രീകളില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും അനുഭാവികളില്‍നിന്നും ഞങ്ങള്‍ ഒഴിവാകലാകുന്നു. അവരാകുന്നു ഭൂമിക്ക് ഉപരിയില്‍ ഏറ്റവും നീചമായ സൃഷ്ടികള്‍” (ഹക്ക്വുല്‍യക്വീന്‍ പേ: 519.)

സ്വഹാബികളെ ആക്ഷേപിക്കുന്ന പ്രവണത ഏറെ ഹീനവും അത്തരക്കാരുടെ ലക്ഷ്യം തീര്‍ത്തും മോശവുമാണ്. ഇതിലൂടെ ശിയാക്കള്‍ നേടിയതും നേടിക്കൊടുത്തതും പ്രവാചക നിന്ദയാണെന്ന് ഇമാം മാലിക് വ്യക്തമാക്കുന്നു: ‘തിരുനബി ﷺ യെ ആക്ഷേപിക്കുവാന്‍ മാത്രമാണ് സ്വഹാബികളെ ആക്ഷേപിക്കു ന്നവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. അപ്പോള്‍, നബി മോശക്കാരനാണ്; അദ്ദേഹം നന്നായിരുന്നുവെങ്കില്‍ അനുയായികളും നന്നാകുമായിരുന്നു എന്ന് പറയപ്പെടുവാനായി അവര്‍ സ്വഹാബത്തിനെ ആക്ഷേപിക്കുകയുണ്ടായി.’ (അസ്സ്വാരിമുല്‍ മസ്‌ലൂല്‍ 580.)

സ്വഹാബികളെ അദരിക്കലും ബഹുമാനിക്കലുമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ആദര്‍ശം. തിരുദൂതരുടെ ﷺ കല്‍പന നോക്കൂ:

”എന്റെ സ്വഹാബികളെ നിങ്ങള്‍ ആദരിക്കണം. കാരണം അവര്‍ നിങ്ങളില്‍ ഉത്തമരാണ്.” (മുസ്‌നദ് അഹ്മദ്, സുനനുന്നസാഈ, മുസ്തദ്‌റക് ഹാകിം.)

സ്വഹാബികളെ ശകാരിക്കുന്നത് പോലും വിലക്കപ്പെട്ട കാര്യമാണ്. അപ്പോള്‍ അവരെ ശപിക്കുന്നതും അവരോട് ശത്രുത പുലര്‍ത്തുന്നതും ഏത്ര ഗൗരവതരമാണ്.

അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു:”എന്റെ സ്വഹാബികളില്‍ ആരെയും നിങ്ങള്‍ ശകാരിക്കരുത്. കാരണം, നിങ്ങളില്‍ ഒരാള്‍ ഉഹുദ് മലയോളം സ്വര്‍ണം (ദാനമായി) ചെലവഴിച്ചാല്‍ അത് അവരില്‍ ഒരാള്‍ (ദാനമായി ചെലവഴിച്ച) ഒരു മുദ്ദിനോളം അല്ലെങ്കില്‍ അര മുദ്ദിനോളം എത്തുകയില്ല” (ബുഖാരി).

അല്‍ബദാഅ്

ശിയാഇസത്തിന്റെ മറ്റൊരു അടിസ്ഥാനവും അതിരുവിട്ട് അവര്‍ സമര്‍ഥിക്കുന്ന ഒരു വിഷയവുമാണ് അല്ലാഹുവിന് അല്‍ബദാഅ് ഉണ്ട് എന്നത്. അറിവിനെ അജ്ഞത മുന്‍കടക്കലും അറിവ് പുതുതായി ഉണ്ടാകലുമാണ് അല്‍ബദാഅ് എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് അസംഭവ്യമായ, അറിവില്ലായ്മയും അജ്ഞതയും അല്ലാഹുവിന് അനി വാര്യമാക്കലാണ് ഇതിലൂടെ ശിയാക്കള്‍ ലക്ഷ്യമാക്കുന്നത്. എഴുപത് വര്‍ഷം കൊണ്ട് ഭരണവും രാഷ്ട്രവും തങ്ങളുടെ കീഴിലാകുമെന്ന് ശിയാ ശെയ്ഖുമാര്‍ അനുയായികളെ മോഹിപ്പിച്ചിരുന്നു. മോഹം പൂവണിയാത്തതില്‍ ആകുലപ്പെട്ട അനുയായികളെ പിടിച്ചു നിര്‍ത്തുവാനും പ്രതിസന്ധി തരണം ചെയ്യുവാനും നേതാക്കള്‍ പടച്ച ജല്‍പനം മാത്രമാണ് ബദാഅ്. തങ്ങളുടെ വാഗ്ദാനത്തെ മാറ്റിത്തിരുത്തേണ്ട കാര്യങ്ങള്‍ അല്ലാഹുവിന് ബോധ്യപ്പെട്ടു എന്ന് അവര്‍ തട്ടിവിടുകയും ചെയ്തു. ബദാഇന്റെ ആധികാരികതെയെ കുറിച്ച് ശിയാ ശെയ്ഖായ കുലെയ്‌നിയും മറ്റും പറയുന്നു: ”മദ്യം നിഷിദ്ധമാക്കിക്കൊണ്ടും അല്ലാഹുവിന് ബദാഅ് സ്ഥാപിക്കാനുമല്ലാതെ അല്ലാഹു യാതൊരു നബിയെയും ഒരിക്കലും നിയോഗിച്ചിട്ടില്ല.”(അല്‍കാഫി, കുലയ്‌നി, വാ: 1 പേ: 148, ബിഹാറുല്‍ അന്‍വാര്‍. വാ: 4, പേ: 108.)

എന്നാല്‍ അല്ലാഹുവിലേക്ക് ഒരിക്കലും ചേര്‍ക്കപ്പെടുവാന്‍ പാടില്ലാത്ത കടുത്ത അപരാധമാണ് അല്‍ബദാഅ്. ജൂതായിസത്തിന്റെ സൃഷ്ടിയും സംഭാവനയും ജൂതനായ ഇബ്‌നു സബഇന്റെ പ്രചാരണവുമാണത്. അതാകട്ടെ വിശുദ്ധക്വുര്‍ആനിന് കടകവിരുദ്ധമായ ചിന്തയാണ് താനും. അല്ലാഹു പറയുന്നു:

وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍ مُّبِينٍ

(നബിയേ) നീ വല്ല കാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ക്വുര്‍ആനില്‍നിന്ന് വല്ലതും ഓതിക്കേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശ ത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവി(ന്റെ ശ്രദ്ധയി)ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല. (ഖുര്‍ആന്‍: 10/61)

ത്വീനത്ത്

പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കുവാന്‍ ശിയാക്കള്‍ അന്യോന്യം ഉപദേശിക്കുന്ന അവരുടെ വിശ്വാസവും രഹസ്യ വാര്‍ത്തയുമാണ് അക്വീദതുത്ത്വീനഃ.

പ്രസ്തുത ശീഈ വിശ്വാസത്തെ ഇപ്രകാരം സംഗ്രഹിക്കാം: മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ശിയാക്കള്‍ ഒരു മണ്ണില്‍നിന്നും സുന്നികള്‍ മറ്റൊരു മണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. ഈ മണ്ണുകളില്‍ കൂടിക്കലരല്‍ നടന്നിട്ടുണ്ട്. അതിനാല്‍ ശിയാക്കളില്‍ കാണപ്പെടുന്ന തെറ്റുകുറ്റങ്ങള്‍ സുന്നീ മണ്ണിന്റെ കലര്‍പ്പുകാരണത്താലാണ്. സുന്നികളില്‍ കാണപ്പെടുന്ന നന്മയും വിശ്വാസ്യതയും ശിയാമണ്ണിന്റെ കലര്‍പ്പു കാരണത്താലുമാണ്. അന്ത്യനാളായാല്‍ ശിയാക്കളുടെ പാപങ്ങളും തിന്മകളും അഹ്‌ലുസ്സുന്നഃയുടെ മേല്‍ വെക്കപ്പെടും. അഹ്‌ലുസ്സുന്നഃയുടെ നന്മകള്‍ ശിയാക്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യും. (ഉസ്വൂലുമദ്ഹബിശ്ശീഅഃ ഇഥ്‌നാ അശരിയ്യഃ, നാസ്വിര്‍ അലി ക്വഫാരി പേ: 995)

ഈ ത്വീനത്ത് വിശ്വാസത്തെ സ്ഥാപിക്കുന്ന അറുപത് ശിയാ നിര്‍മിത നിവേദനങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളിലുണ്ട്. ശിയാ ഇമാമുമാരായ കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി, മുഹമ്മദ് ബാക്വിര്‍ മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാര്‍, ഇബ്‌നുബാബവയ്ഹിയുടെ ഇലലുശ്ശറാഇഅ,് നിഅ്മതുല്ലാ അല്‍ജസാഇരിയുടെ അല്‍ അന്‍വാറുന്നുഅ്മാനിയ്യഃ എന്നീ ഗ്രന്ഥങ്ങളിലാണ് പ്രസ്തുത റിപ്പോര്‍ട്ടകളുള്ളത്.

മദ്യപാനം, വ്യഭിചാരം, കൊള്ളയടി, കൊലപാതകം, സ്വവര്‍ഗരതി, പലിശ തിന്നല്‍ തുടങ്ങിയ വന്‍പാപങ്ങള്‍ ശിയാക്കള്‍ ചെയ്യുന്നതിനെ കുറിച്ചും നമസ്‌കാരം, നോമ്പ,് സകാത് തുടങ്ങിയ പുണ്യകര്‍മങ്ങള്‍ ശിയാക്കള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ അത് സുന്നീ മണ്ണിന്റെ കലര്‍പ്പു കാരണത്താലാണ് എന്ന് ഇമാമുമാര്‍ മറുപടി നല്‍കിയതും ശിയാക്കളുടെ പാപങ്ങളും അവരില്‍നിന്നു വന്നുപോയ ഉപേക്ഷകളും അന്ത്യനാളില്‍ സുന്നികളുടെമേല്‍ വഹിക്കപ്പെടുമെന്ന് ഇമാമുമാര്‍ ആശ്വസിപ്പിച്ചതും ഔദ്യോഗിക ശിയാഗ്രന്ഥങ്ങളായ മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാര്‍, ഇബ്‌നുബാബവയ്ഹിയുടെ ഇലലുശ്ശറാഇഅ് നിഅ്മത്തുല്ലാ അല്‍ജസാഇരിയുടെ അല്‍അന്‍ വാറുന്നുഅ്മാനിയ്യഃ എന്നിവയില്‍ കാണാം. (ബിഹാറുല്‍ അന്‍വാര്‍ വാ: 5, പേ: 233, ഇലലുശ്ശറാഇഅ്. പേ: 490, 491. അല്‍അന്‍വാറുന്നുഅ്മാനിയ്യ, വാ: 1, പേ:)

ഇസ്‌ലാമികമായ ശുദ്ധ പ്രകൃതിയിലാണ് അല്ലാഹു മനുഷ്യരെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ആദര്‍ശത്തിനും പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ് ഈ ത്വീനത്ത് വിശ്വാസം. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് നോക്കൂ:

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (ഖുര്‍ആന്‍: 30/30)

അല്ലാഹു ആജ്ഞാപിച്ചതനുസരിച്ച് തിരുദൂതര്‍ ﷺ പഠിപ്പിച്ച ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

”തീര്‍ച്ചയായും എന്റെ അടിമകളെ മുഴുവന്‍ ഞാന്‍ ഋജുമാര്‍ഗികളായി(മുസ്‌ലിംകളായി)ട്ടാണ് സൃഷ്ടിച്ചത്. എല്ലാ കുട്ടികളും ഫിത്വ്‌റതി(ഇസ്‌ലാമില്‍)ലാണ് ജനിക്കുന്നത്.”

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:

ഈ (ഇസ്‌ലാമിക)മില്ലത്തിലല്ലാതെ (ഒരാളും ജനിക്കുന്നില്ല).

ശിയാക്കളുടെ പാപങ്ങളും തിന്മകളും സുന്നികള്‍ വഹിക്കുമെന്നതും സുന്നികളുടെ നന്മകളെല്ലാം ശിയാക്കള്‍ക്ക് നല്‍കപ്പെടുമെന്നതും ത്വീനത്ത് വിശ്വാസത്തില്‍ പെട്ടതാണെന്ന് ശിയാഗ്രന്ഥങ്ങളുടെ സന്ദേശമാണെന്ന് ഉണര്‍ത്തിയല്ലോ. എന്നാല്‍ ഇത് ദൈവികനീതിക്ക് നിരക്കാത്തതും സല്‍ബുദ്ധിയോടും സല്‍പ്രകൃതിയോടുമുള്ള സംഘട്ടനവും പ്രമാണങ്ങള്‍ക്ക് നിരക്കാത്ത വിതണ്ഡവാദവുമാണ്.

وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ

ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. (ഖുര്‍ആന്‍: 6/164)

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. (ഖുര്‍ആന്‍: 17/15)

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ‎﴿٣٨﴾‏ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ‎﴿٣٩﴾‏ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ‎﴿٤٠﴾

പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. (അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?). (ഖുര്‍ആന്‍: 53/38-40)

ഗദീര്‍ഖുമ്മ് മഹോത്സവം

ശിയാക്കള്‍ക്ക് ധാരാളം ആഘോഷങ്ങളുണ്ട്. അവയില്‍ പലതും അനുശോചിച്ചും ആര്‍ത്തുവിളിച്ചും വിലപിച്ചും മാറത്തടിച്ചും പല നിഷിദ്ധങ്ങള്‍ അനുഷ്ഠിച്ചുമാണ് നടത്തപ്പെടാറ്. ശിയാക്കളുടെ വിശുദ്ധ സ്ഥലങ്ങളായ കര്‍ബല, നജ്ഫ്, ക്വുമ്മ് തുടങ്ങിയ മശ്ഹദുകളില്‍ എത്തുന്നവര്‍ക്ക് അതു നോക്കിക്കാണാവുന്നതുമാണ്.

ബലിപെരുന്നാളിനെക്കാളും ഫിത്വ്ര്‍പെരുന്നാളിനെക്കാളും ശിയാക്കള്‍ ശ്രേഷ്ഠതയെണ്ണുന്ന പെരുന്നാളാണ് ഗദീര്‍ഖുമ്മ്. ദുല്‍ഹജ്ജ് പതിനെട്ടിനാണ് പ്രസ്തുത ആഘോഷം. ഈ ദിവസം നോമ്പെടുക്കുന്നത് അവര്‍ക്ക് പ്രബലമായ സുന്നത്താണ്. നബി ﷺ ഈ ദിവസത്തിലാണ് അലി رضي الله عنه വിന് ഖിലാഫത്തു കൊണ്ട് വസ്വിയ്യത് ചെയ്തതെന്നും തന്റെ ശേഷം പന്ത്രണ്ടു ഇമാമുമാരെ ക്രമാനുഗതമായി അവരുടെ പേരു സഹിതം അറിയിച്ചുവെന്നും ശിയാക്കള്‍ ജല്‍പിക്കുന്നു.(26)

മക്കയുടെയും മദീനയുടെയും ഇടയില്‍ ജുഹ്ഫക്കടുത്ത ഒരു സ്ഥലമാണ് ഖുമ്മ്. അവിടം ഒരു തടാകം ഉണ്ട്. ഗദീര്‍ എന്നാണ് തടാകത്തിനുള്ള അറബി പദം. ഗദീര്‍ ഖുമ്മ് എന്നാല്‍ ഖുമ്മിലെ തടാകം.

ഹജ്ജത്തുല്‍ വദാഇല്‍നിന്ന് മടങ്ങുമ്പോള്‍ ദുല്‍ഹജ്ജ് പതിനെട്ടിന് ഗദീര്‍ ഖുമ്മില്‍ ഇറങ്ങുകയും തിരുനബി ﷺ പ്രസംഗിക്കുകയും ചെയതിട്ടുണ്ട്. ഗദീര്‍ ഖുമ്മില്‍ വെച്ച് നബി ﷺ നടത്തിയ പ്രസംഗം സെയ്ദ് ഇബ്‌നുഅര്‍ക്വമി(റ)ല്‍ നിന്ന് യസീദ് ഇബ്‌നു ഹയ്യാന്‍(റ) ഉദ്ധരിച്ചത് ഇമാം മുസ്‌ലിം സ്വഹീഹില്‍(2408) ഇ പ്രകാരം നിവേദനം ചെയ്യുന്നു:

”മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഖുമ്മ് എന്ന് വിളിക്കപ്പെടുന്ന ഒരു തടാകത്തിനടുത്ത് ഒരു ദിനം അല്ലാഹുവിന്റെ ദൂതര്‍ ﷺ ഞങ്ങളില്‍ ഒരു പ്രാസംഗികനായി നിന്നു. അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് നബി ﷺ സാരോപദേശം നടത്തുകയും ഉല്‍ബോധനമേകുകയും ചെയ്തു.

തുടര്‍ന്ന് തിരുമേനി ﷺ പറഞ്ഞു: ‘ജനങ്ങളേ, അറിയുക. നിശ്ചയം ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. എന്റെ റബ്ബിന്റെ (മരണ)ദൂതന്‍ വന്നടുക്കാറായി. അപ്പോള്‍ ഞാന്‍ ഉത്തരമേകും (മരണം വരിക്കും). ഞാന്‍ നിങ്ങളില്‍ (ഭാരിച്ച ഉത്തരവാദിത്തമുള്ള) രണ്ടു കാര്യങ്ങള്‍ വിടുന്നു. അതില്‍ ആദ്യത്തേത് അല്ലാഹുവിന്റെ കിതാബ് ആകുന്നു. അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്. നിങ്ങള്‍ അല്ലാഹുവിന്റെ കിതാബിനെ സ്വീകരിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുക.’ അങ്ങനെ നബി ﷺ അല്ലാഹുവിന്റെ കിതാബ് (പഠിക്കുവാനും പഠിപ്പിക്കുവാനും) പ്രേരിപ്പിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു.

ശേഷം നബി ﷺ പറഞ്ഞു: ‘എന്റെ കുടുംബത്തെയും (അഹ്‌ലുല്‍ബയ്ത്). എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനു നിങ്ങള്‍ വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനു നിങ്ങള്‍ വഴിപ്പെടണമെന്ന് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു”'(മുസ്‌ലിം).

ഗദീര്‍ ഖുമ്മില്‍ വെച്ച് വിശുദ്ധ ക്വുര്‍ആനെ അനുധാവനം ചെയ്യുവാനും നബികുടുംബത്തിന്റെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുവാനുമുള്ള വസ്വിയ്യത്താണ് തിരുമേനി ﷺ യില്‍ നിന്നുണ്ടായത്. അതാണ് ശരിയായ നിവേദനത്തില്‍ വന്നതുമാണ്. എന്നാല്‍ അവിടെവെച്ച് അലി رضي الله عنه വിന് ഖിലാഫത്തു കൊണ്ട് വസ്വിയ്യത് ചെയ്‌തെന്നും തന്റെ ശേഷം പന്ത്രണ്ടു ഇമാമുമാരെ ക്രമാനുഗതമായി അവരുടെ പേരു സഹിതം അറിയിച്ചുവെന്നും മറ്റും ശിയാക്കള്‍ ജല്‍പിക്കുന്നത് സ്ഥിരപ്പെട്ട നിവേദനങ്ങള്‍ അടിസ്ഥാനമാക്കിയല്ല.

വിശുദ്ധ ക്വുര്‍ആന്‍ മുറുകെ പിടിക്കുവാനും നബികുടുംബത്തെ ആദരിക്കുവാനും അവരോട് അന്യായം കാണിക്കാതിരിക്കുവാനും ഇതിനു മുമ്പും തിരുമേനി ﷺ യുടെ വസ്വിയ്യത്തുകളുണ്ടായിട്ടുണ്ട്. മാത്രവുമല്ല നബികുടുംബത്തില്‍ അലി رضي الله عنه വും ഇമാമുമാരും മാത്രമല്ല ഉള്ളത്. പ്രവാചക പത്‌നിമാരും അബ്ബാസ്, ജഅ്ഫര്‍, അക്വീല്‍ (رضي الله عنهم) തുടങ്ങിയവരുടെ കുടുംബങ്ങളും നബികുടുംബമാണ്. അവരെയെല്ലാം ആദരിക്കുവാനും അവരോട് അന്യായം കാണിക്കാതിരിക്കുവാനുമാണ് അവിടെ നടന്ന വസ്വിയ്യത്ത്.

ഇമാം ജഅ്ഫര്‍ സ്വാദിക്വ്

അലി رضي الله عنه വിന്റെ പൗത്രന്മാരില്‍ പെട്ട മുഹമ്മദുല്‍ ബാക്വിറിന്റെയും അബൂബകര്‍ അസ്സ്വിദ്ദീക്വ് رضي الله عنه വിന്റെ പൗത്രിമാരില്‍ പെട്ട ഉമ്മുഫര്‍വയുടെയും മകനാണ് ഇമാം ജഅ്ഫര്‍സ്വാദിക്വ്. ഹിജ്‌റാബ്ദം എണ്‍പതിലാണ് അദ്ദേഹം ഭൂജാതനായത്.

തങ്ങളുടെ ആറാമത്തെ ഇമാമായാണ് ശിയാക്കള്‍ ജഅ്ഫര്‍സ്വാദിക്വിനെ എണ്ണുന്നതും അവരോധിക്കുന്നതും. അദ്ദേഹത്തിലേക്കു ചേര്‍ത്തുകൊണ്ടാണ് അവര്‍ ജഅ്ഫരിയ്യഃ എന്നു വിളിക്കപ്പെടുന്നതും. യഥാര്‍ഥത്തില്‍ അലിയ്യ്, ഹസന്‍, ഹുസയ്ന്‍, സെയ്‌നുല്‍ആബിദീന്‍, മുഹമ്മദുല്‍ബാക്വിര്‍ തുടങ്ങിയവര്‍ക്ക് ശിയാ ആശയങ്ങളുമായും ആദര്‍ശങ്ങളുമായും ബന്ധമില്ലെന്നതു പോലെ ഇമാം ജഅ്ഫര്‍ സ്വാദിക്വിനും അതുമായി യാതൊരു ബന്ധവുമില്ല. എല്ലാം വ്യാജമായി അവരിലേക്ക് ശിയാക്കള്‍ ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.

തങ്ങളുടെ കണ്ണിലെ കരടും ശാപവിധേയനുമായി ശിയാക്കള്‍ ഗണിക്കുന്ന അബൂബകര്‍സ്വിദ്ദീക്വ് رضي الله عنه വിന്റെ പൗത്രിയാണ് ജഅ്ഫര്‍ സ്വാദിക്വിന്റെ മാതാവ് എന്ന ചരിത്രം പഠിക്കുന്നവര്‍, തന്റെ പ്രപിതാവായ അബൂബക്ര്‍ رضي الله عنه വിന്റെ വിഷയത്തില്‍ അഭിമാനം കൊള്ളുന്ന ജഅ്ഫര്‍ സ്വാദിക്വിന്റെ ചരിത്രം വായിക്കുന്നവര്‍ വൈരുധ്യാധിഷ്ഠിതമായ ശിയാജല്‍പനമാണ് മനസ്സിലാക്കുക. ഇമാം ദഹബി പറയുന്നു: ‘തന്റെ പ്രപിതാവായ അബൂക്‌ര്‍ رضي الله عنه വിനെ റാഫിദ്വികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ മോശമായി പരാമര്‍ശിക്കുന്നത് ഇമാം ജഅ്ഫര്‍ സ്വാദിക്വ് അറിഞ്ഞാല്‍ അദ്ദേഹം അവരോട് ദേഷ്യപ്പെടുകയും അവരെ ശപിക്കുകയും ചെയ്യുമായിരുന്നു. അതില്‍ സംശയമൊന്നമില്ല.'(27)

സ്വഹാബികളില്‍ ചിലരെ നേരില്‍ കണ്ട, അഹ്‌ലുസ്സുന്നക്ക് അനിഷേധ്യനും സ്വീകാര്യനുമായ നേതാവായിരുന്നു ഇമാം ജഅ്ഫര്‍ സ്വാദിക്വ്. അദ്ദേഹത്തെ കുറിച്ചുള്ള അഹ്‌ലുസ്സുന്നയുടെ വിലയിരുത്തല്‍ നോക്കൂ:(28)

ഇമാം ഇബ്‌നുതയ്മിയ്യഃ പറഞ്ഞു: ”ദീനീനിഷ്ഠയും അറിവുമുള്ളവരില്‍ ശ്രേഷ്ഠരായിരുന്നു ജഅ്ഫര്‍ സ്വാദിക്വ്…. അംറ് ഇബ്‌നു അബില്‍മിക്വ്ദാം പറഞ്ഞു: ജഅ്ഫര്‍സ്വാദിക്വിലേക്കു ഞാന്‍ നോക്കിയാല്‍ അദ്ദേഹം നബിമാരുടെ സന്താനപരമ്പരയില്‍ പെട്ടവനാണെന്ന് എനിക്കു ബോധ്യപ്പെടുമായിരുന്നു.”(29)

അഹ്‌ലുല്‍ബയ്തിന്റെ മഹത്ത്വങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തില്‍ ജഅ്ഫര്‍ സ്വാദിക്വിനെ ഇബ്‌നുതയ്മിയ്യഃ ഇപ്രകാരം വര്‍ണിച്ചു: ”ഈ ഉമ്മത്തിലെ പണ്ഡിതന്മാരുടെ ശയ്ഖായിരുന്നു ജഅ്ഫര്‍ സ്വാദിക്വ്.” (30)

ഇമാം ദഹബി പറഞ്ഞു: ”…ജഅ്ഫര്‍സ്വാദിക്വും പിതാവ് മുഹമ്മദുല്‍ ബാക്വിറും മദീനയിലെ പണ്ഡിതരില്‍ അതിശ്രേഷ്ഠരായിരുന്നു.”(31)

ഇമാം ദഹബി വീണ്ടും പറഞ്ഞു: ”ഇമാം ശാഫിഈയും യഹ്‌യാ ഇബ്‌നു മഈനും അദ്ദേഹത്തെ വിശ്വസ്തനെന്നു വിശേഷിപ്പിച്ചു. അബൂഹനീഫഃ പറഞ്ഞു: ജഅ്ഫര്‍ ഇബ്‌നു മുഹമ്മദിനെക്കാള്‍ വലിയ പണ്ഡിതനെ ഞാന്‍ കണ്ടിട്ടില്ല. അബൂ ഹാതിം പറഞ്ഞു: ജഅ്ഫര്‍ ഇബ്‌നു മുഹമ്മദ് വിശ്വസ്തനാണ്. അദ്ദേഹത്തെ പോലുള്ളവരുടെ(വിശ്വാസ്യതയെ) കുറിച്ചു ചോദിക്കപ്പെടാവതല്ല.”(32)

ശിയാക്കളും തൗഹീദും

തൗഹീദുര്‍റുബൂബിയ്യതും ശിയാക്കളും

സൃഷ്ടിപ്പ്, ഉടമസ്ഥത, നിയന്ത്രണം എന്നീ അല്ലാഹുവിന്റെ പ്രവൃത്തികളില്‍ അവനെ ഏകനാക്കലാണ് തൗഹീദുര്‍റുബൂബിയ്യഃ അഥവാ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം. സ്രഷ്ടാവും പരിപാലകനും അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു ആകുന്നു എന്ന ഒരു ദാസന്റെ വിശ്വാസമാണത്. അതിലൊന്നും അല്ലാഹുവിനു യാതൊരു പങ്കുകാരനും തുല്യനും ഇല്ല തന്നെ.

എന്നാല്‍ ഈ അടിസ്ഥാനങ്ങളില്‍ ശിയാ വിശ്വാസം എന്താണ്? അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തില്‍ തങ്ങളുടെ ഇമാമുകളെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിയാ വിശ്വാസങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാം.

ഒന്ന്: ഇമാം റബ്ബാണെന്ന ശിയാവിശ്വാസം!

വിശുദ്ധ ക്വുര്‍ആനില്‍ സൂറതുല്‍ കഹ്ഫിലെ 110 ാം സൂക്തത്തില്‍ ഇങ്ങനെ കാണാം:

وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

…… തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (18/110)

എന്നാല്‍ ശിയാ ഇമാമും മുഫസ്സിറുമായ അയ്യാശിന്റെ തഫ്‌സീറുല്‍ അയ്യാശിലും മറ്റും ഇതേ ആയത്തിന് ഇപ്രകാരം അര്‍ഥം നല്‍കിയതായി കാണാം: ‘അഥവാ ഖിലാഫത്ത് അലിയ്യിന് സമര്‍പ്പിക്കുക. ഖിലാഫത്ത് ഇല്ലാത്തവനെയും അതിന് അര്‍ഹനല്ലാത്തവനെയും അതില്‍ അലിയ്യിനോട് പങ്കുകാരാക്കാവതല്ല. (തഫ്‌സീറുല്‍ അയ്യാശ് വാ: 2. പേ: 353,തഫ്‌സീറുല്‍ ക്വുമ്മി വാ: 2. പേ: 47)

അല്ലാഹുവിനുള്ള പ്രത്യേകമായ റബ്ബെന്ന നാമത്തെ ഇമാമിനു വകവെക്കുകയും ഇബാദത്ത് ഖിലാഫത്താണെന്ന് ദുര്‍വ്യാഖ്യാനിക്കുകയുമാണ് ഇതിലൂടെ ശിയാമതം ചെയ്യുന്നത്.

രണ്ട്: ഇഹലോകവും പരലോകവും ഇമാമിന്റെ കയ്യിലാണെന്ന വിശ്വാസം

ശിയാക്കളുടെ ഏറ്റവും ആധികാരിക ഗ്രന്ഥമായ ‘അല്‍കാഫി’യില്‍ ‘ഭൂമി മുഴുവന്‍ ഇമാമിന്’ എന്ന ഒരു അധ്യായം തന്നെ കാണാം. (അല്‍കാഫി, കുലയ്‌നി, വാ: 1, പേ: 407.)

ആ അധ്യായത്തിനു താഴെ അബൂ അബ്ദില്ല പറഞ്ഞതായി ഇപ്രകാരം കാണാം: ”താങ്കള്‍ക്കറിയില്ലേ ദുനിയാവും ആഖിറവും ഇമാമിനാണെന്ന്? ഇമാം ഉദ്ദേശിക്കുന്നിടത്ത് അത് വെക്കുന്നു. ഇമാം ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുകയും ചെയ്യുന്നു. അതിന്ന് അല്ലാഹുവില്‍ നിന്ന് ഇമാമിന് അനുവാദമുണ്ട്.” (അല്‍കാഫി, കുലയ്‌നി വാ: 1 പേ: 409.)

റുബൂബിയ്യത്തില്‍ അല്ലാഹുവിന് പങ്ക് ചേര്‍ക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെ ഒട്ടനവധി വചനങ്ങള്‍ക്ക് വിരുദ്ധവുമാണ് പ്രസ്തുത വിശ്വാസം. ഇഹവും പരവും വാനവും ഭൂമിയുമെല്ലാം അല്ലാഹുവിന്നു മാത്രമാണെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ കാണുക:

فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും. (ഖുര്‍ആന്‍:53/25)

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം. (ഖുര്‍ആന്‍:4/18)

മൂന്ന്: പ്രാപഞ്ചിക സംഭവവികാസങ്ങള്‍ ഇമാമിന്റെ ആജ്ഞയനുസരിച്ചാണെന്ന വിശ്വാസം

ശിയാ ഇമാമായ മജ്‌ലിസീ തന്റെ ‘ബിഹാറുല്‍ അന്‍വാര്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ”സമാഅഃ ഇബ്‌നുമഹറാന്‍ പറഞ്ഞതായി നിവേദനം: ഞാന്‍ അബൂഅബ്ദില്ലയുടെ അടുക്കലായിരുന്നു. അപ്പോള്‍ ആകാശത്ത് ഇടിമിന്നലുണ്ടായി. അബൂഅബ്ദില്ല പറഞ്ഞു: ഈ ഇടിയും മിന്നും നിങ്ങളുടെ സ്വാഹിബിന്റെ ആജ്ഞ പ്രകാരമാണ്. ഞാന്‍ ചോദിച്ചു: ആരാണ് നമ്മുടെ സ്വാഹിബ്? അദ്ദേഹം പറഞ്ഞു: അമീറുല്‍മുഅ്മിനീന്‍(അ).”

അമീറുല്‍മുഅ്മിനീന്‍ അലി رضي الله عنه വിന്റെ ആജ്ഞപ്രകാരം എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. മറുപടിയേകുന്ന അബൂഅബ്ദില്ല ഇമാം ജഅ്ഫര്‍സ്വാദിക്വുമാണ്. യഥാര്‍ഥത്തില്‍ അലിയ്യും ജഅ്ഫര്‍സ്വാദിക്വും ഇതില്‍നിന്നെല്ലാം നിരുത്തരവാദികളാണ്. കാരണം തൗഹീദുര്‍റുബൂബിയ്യത്തില്‍ അഥവാ രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വത്തില്‍ അല്ലാഹുവിനു പങ്കുകാരനെ ചേര്‍ക്കലാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. മജ്‌ലിസീയെ പോലുള്ളവര്‍ ഇത്തരം അപരാധങ്ങള്‍ അവരില്‍ ആരോപിച്ചതാണ്. ഇടിയും മിന്നും അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കുന്നതു നോക്കൂ:

هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ

ഭയവും ആശയും ജനിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. (ഖുര്‍ആന്‍:13/12)

നാല്: ഇമാമുമാര്‍ക്ക് ഗയ്ബ് അറിയുമെന്ന വിശ്വാസം

‘അല്‍കാഫി’യില്‍ ‘തങ്ങള്‍ എപ്പോഴാണ് മരിക്കുകയെന്നത് ഇമാമുമാര്‍ അറിയും,’ ‘ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതും ഇമാമുമാര്‍ അറിയും,’ ‘അവര്‍ക്ക് യാതൊന്നും ഗോപ്യമാവുകയില്ല’  എന്നീ തലക്കെട്ടുകളുള്ള അധ്യായങ്ങള്‍ തന്നെ കാണാം. (അല്‍ കാഫി,കുലയ്‌നി, വാ: 1, പേ: 260.)

ഒരു അധ്യായത്തില്‍ ഇപ്രകാരം ഒരു റിപ്പോര്‍ട്ട് വ്യാജമായി അബൂഅബ്ദില്ലയിലേക്ക് ചേര്‍ത്തതു കാണാം. അദ്ദേഹം പറഞ്ഞുവത്രെ: ‘ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും ഞാന്‍ അറിയും. സ്വര്‍ഗത്തിലുള്ളതും നരകത്തിലുള്ളതും ഞാന്‍ അറിയും. ഉണ്ടായ തും ഉണ്ടാകാനിരിക്കുന്നതും ഞാന്‍ അറിയും…’ (അല്‍കാഫി, കുലയ്‌നി വാ: 1, പേ: 261)

ശിയാ ഇമാമായ മജ്‌ലിസീ തന്റെ ‘ബിഹാറുല്‍ അന്‍വാര്‍’ എന്ന ഗ്രന്ഥത്തില്‍ ഒരു നിവേദനം വ്യാജമായി ഇമാം ജഅ്ഫര്‍ സ്വാദിക്വിലേക്ക് ചേര്‍ത്തത് ഇപ്രകാരം കാണാം. അദ്ദേഹം പറഞ്ഞുവത്രെ: ”അല്ലാഹുവാണേ സത്യം, പൂര്‍വികരുടെയും പില്‍കാലക്കാരുടെയും വിജ്ഞാനം ഞങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്.’അപ്പോള്‍ അദ്ദേഹത്തോട് അനുചരന്മാരില്‍ ഒരാള്‍ ചോദിച്ചു: ‘നിങ്ങളുടെ പക്കല്‍ അദൃശ്യജ്ഞാനവുമുണ്ടോ?’ ഇമാം അയാളോട് പറഞ്ഞു: ‘നിനക്കു നാശം. നിശ്ചയം ഞാന്‍ പുരുഷന്മാരുടെ മുതുകിലുള്ളതും സ്ത്രീകളുടെ ഗര്‍ഭങ്ങളിലുള്ളതും അറിയുന്നു.”’

അദൃശ്യജ്ഞാനം അല്ലാഹുവിനു മാത്രമാണെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ക്ക് ഘടക വിരുദ്ധവും തനി ശിര്‍ക്കുമാണ് ശിയാ വിശ്വാസം. അല്ലാഹു പറയുന്നതു നോക്കൂ:

قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

(നബിയേ) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യമറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖുര്‍ആന്‍:27/65)

മുഹമ്മദ് നബി ﷺ യുടെ വിഷയത്തില്‍ വരെ അല്ലാഹു അറിയിക്കുന്നത് നോക്കൂ:

وَلَآ أَعْلَمُ ٱلْغَيْبَ

…. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല …… (ഖുര്‍ആന്‍:11/31)

قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ

(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു …… (ഖുര്‍ആന്‍:7/188)

ശിയാക്കളും തൗഹീദുല്‍ ഉലൂഹിയ്യതും

ആരാധനയില്‍ അല്ലാഹുവിനെ ഏകനാക്കലാകുന്നു തൗഹീദുല്‍ ഉലൂഹിയ്യഃ അഥവാ ആരാധനയിലുള്ള ഏകത്വം. ദുആഅ് (പ്രാര്‍ഥന), ബലി, നേര്‍ച്ച, നമസ്‌കാരം, റജാഅ്(പ്രതീക്ഷ), ഖൗഫ് (ഭയം), സഹായാര്‍ഥന, തവക്കുല്‍ (ഭരമേല്‍പിക്കല്‍) തുടങ്ങിയുള്ള ഇബാദത്തുകള്‍ അല്ലാഹുവിനു മാത്രവും നിഷ്‌കളങ്കവുമാക്കുക. അവയില്‍ അവന് യാതൊരു പങ്കുകാരെയും സ്വീകരിക്കാതിരിക്കുക.

ശിയാക്കള്‍ ഇസ്‌ലാമിന്റെ ഈ അലംഘനീയമായ ആദര്‍ശത്തെ കാത്തുസൂക്ഷിച്ചവരോ പാലിച്ചവരോ അല്ല. തൗഹീദിന്റെ കടക്കല്‍ കത്തിവെക്കുന്ന ധാരാളം രചനകളും കര്‍മ മുറകളും അവര്‍ക്കുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

ഒന്ന്: തങ്ങളുടെ ഇമാമുമാര്‍ സ്രഷ്ടാവിനും സൃഷ്ടികള്‍ക്കുമിടയില്‍ ഇടയാളന്മാരെന്ന വിശ്വാസം

ശിയാ ശെയ്ഖായ മജ്‌ലിസീ തന്റെ ‘ബിഹാറുല്‍ അന്‍വാര്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ”ഇമാമുമാര്‍ റബ്ബിനുള്ള മറകളാകുന്നു. അവര്‍ റബ്ബിനും സൃഷ്ടികള്‍ക്കുമിടയില്‍ മധ്യവര്‍ത്തികളുമാകുന്നു.” (ബിഹാറുല്‍അന്‍വാര്‍ വാ: 97, പേ: 23.)

ഇദ്ദേഹം ഈ ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന് പേര് നല്‍കിയതു തന്നെ ‘ജനങ്ങള്‍ ഇമാമുമാരെക്കൊണ്ടല്ലാതെ ഹിദായത്തിലവാവുകയില്ല, ഇമാമുമാര്‍ സ്രഷ്ടാവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മധ്യവര്‍ത്തികളാകുന്നു, ഇമാമുമാരെ അറിഞ്ഞവര്‍ മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ എന്നീ വിഷയങ്ങളുടെ അധ്യായം’ എന്നതാണ്. (ബിഹാറുല്‍അന്‍വാര്‍ വാ: 97, പേ: 23.)

രണ്ട്: ക്വബ്‌റാളികളോടുള്ള ഇസ്തിഗാഥ

അല്ലാഹുവോട് മാത്രം തേടേണ്ട കാര്യങ്ങള്‍ ഇമാമുമാരോട് തേടുന്നവരാണ് ശിയാക്കള്‍. രോഗ ശാന്തിക്കായി തേടുന്നവര്‍ക്ക് ഇമാമുമാര്‍ ഏറ്റവും നല്ല രോഗശമനിയും മഹാമരുന്നുമാണെന്ന് മജ്‌ലിസീ ബിഹാറുല്‍ അന്‍വാറില്‍ എഴുതിയിട്ടുണ്ട്.(ബിഹാറുല്‍അന്‍വാര്‍ വാ: 94, പേ: 33)

മാത്രവുമല്ല വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് വിളിച്ചുതേടുവാനുള്ള ഇമാമുമാരെ വരെ മജ്‌ലിസി വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാറുല്‍ അന്‍വാറിലെ ഒരു റിപ്പോര്‍ട്ട് നോക്കൂ:

”ഭരണാധികാരികളില്‍നിന്നും പൈശാചിക ശല്യങ്ങളില്‍ നിന്നും രക്ഷകിട്ടുവാന്‍ അലിയ്യ്ബ്‌നു ഹുസയ്‌നെക്കൊണ്ട്, പരലോകത്തിനും അല്ലാഹുവിനു വഴിപ്പെടുന്നതിനുമുള്ള സഹായത്തിന് മുഹമ്മദ് ബ്‌നുഅലിയ്യ്, ജഅ്ഫറുബ്‌നു മുഹമ്മദ് തുടങ്ങിയവരെക്കൊണ്ട്, അല്ലാഹവില്‍നിന്നുള്ള സൗഖ്യം തേടുന്നതിന് മൂസാബ്‌നു ജഅ്ഫറിനെക്കൊണ്ട്, കടലിലെയും കാട്ടിലെയും സുരക്ഷക്കായി അലിയ്യ് ഇബ്‌നു മൂസായെക്കൊണ്ട്, അല്ലാഹുവില്‍നിന്നുള്ള രിസ്‌ക്വ് ഇറങ്ങുവാന്‍ മുഹമ്മദ് ബ്‌നു അലിയ്യിനെക്കൊണ്ട്, നാഫിലത്തുകള്‍ക്കും സഹോദരങ്ങള്‍ക്ക് പുണ്യം ചെയ്യുന്നതിനും അല്ലാഹുവിന് വഴിപ്പെടുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കും അലിയ്യ് ഇബ്‌നു മുഹമ്മദിനെക്കൊണ്ട്, പരലോകത്തിന് ഹസന്‍ ഇബ്‌നു അലിയ്യിനെക്കൊണ്ട് സഹായം തേടുക. വാള്‍ താങ്കളെ അറുക്കുവാനെത്തിയാല്‍ സ്വാഹിബുസ്സ മാനെക്കൊണ്ട് സഹായം തേടുക; കാരണം അദ്ദേഹം നിങ്ങളെ സഹായിക്കും. (ബിഹാറുല്‍അന്‍വാര്‍. വാ: 33, പേ: 94.)

മൂന്ന്: ക്വബ്ര്‍പൂജ, മണ്ണ്പൂജ

ശിയാ ശെയ്ഖായ ജഅ്ഫര്‍ ബിന്‍മുഹമ്മദ് ക്വുലവയ്ഹിയുടെ ‘കാമിലുസ്സിയാറാത്’ എന്ന ഗ്രന്ഥത്തിലെ ചില അധ്യായ ങ്ങളുടെ തര്‍ജുമഃ താഴെ കൊടുക്കുന്നു:

വല്ലവനും ഹുസയ്‌നെ സിയാറതു ചെയ്താല്‍ അവന്‍ അല്ലാഹുവിനെ തന്റെ അര്‍ശില്‍ സന്ദര്‍ശിച്ചവനെ പോലെയാണ് എന്നത് പ്രതിപാദിക്കുന്ന അധ്യായം.

▪️ഹുസയ്‌നെയും ഇമാമുമാരെയും സിയാറതുചെയ്യല്‍ ഒരു നബിയുടെയും നബികുടുംബത്തിന്റെയും ക്വബ്‌റുകള്‍ സന്ദര്‍ശിച്ചതിനുതുല്യമാണെന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നെ സിയാറതു ചെയ്യല്‍ പാപങ്ങളെ മായ്ക്കും’എന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഉംറക്ക് തുല്യമാകും’എന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഹജ്ജിന് തുല്യമാകും’എന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഉംറക്കും ഹജ്ജിനും തുല്യമാകും’എന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നെ സിയാറതു ചെയ്യല്‍ കൊണ്ട് ഞരുക്കം നീങ്ങുകയും ആവശ്യം വീടുകയും ചെയ്യുംഎന്ന വിഷയം പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണു കൊണ്ട് സുന്നത്തായ കാര്യങ്ങള്‍, ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണ് രോഗശമനിയാണ് എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നിന്റെ കബ്‌റിന്റെ മണ്ണ് രോഗശമനിയും നിര്‍ഭയത്വവുമാണ്’എന്നത് പ്രതിപാദിക്കുന്ന അധ്യായം.
▪️ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണ് തിന്നാല്‍ പ്രാര്‍ഥിക്കേണ്ടത് എന്തെന്ന്’പ്രതിപാദിക്കുന്ന അധ്യായം
▪️ഹുസയ്‌നെ സിയാറതു ചെയ്യുന്നവന്‍ ജനങ്ങള്‍ക്കുമുമ്പേ സ്വര്‍ഗത്തില്‍ പ്രവേശിക്കും’എന്നത് പ്രതിപാദിക്കുന്ന അധ്യായം.

മുഹമ്മദ് ബിന്‍ ഹസന്‍ എന്ന ശിയാ നേതാവിന്റെ ‘നൂറുല്‍ ഐന്‍ ഫില്‍മശ്‌യി’ എന്ന ഗ്രന്ഥത്തില്‍ ‘അല്ലാഹു എല്ലാ വെള്ളിയാഴ്ച രാവിലും ഹുസയ്‌നെ സിയാറത്ത് ചെയ്യും,’ ‘നബിമാര്‍ ഹുസയ്‌നെ സിയാറത്തു ചെയ്യുവാന്‍ അല്ലാഹുവോട് അനുവാദം തേടും,”മലക്കുകള്‍ ഹുസയ്‌നെ സിയാറതു ചെയ്യുവാന്‍ അല്ലാഹുവോട് അനുവാദം തേടും”തുടങ്ങിയുള്ള ധാരാളം അധ്യായങ്ങള്‍ നല്‍കി അതിന് ചുവടെ വാറോലകള്‍ നിരത്തിയത് കാണാം.

ഖുമൈനി എഴുതുന്നു: ”ശിഫയെടുക്കുവാന്‍ മണ്ണില്‍ നിന്ന് പ്രത്യേകമാക്കേണ്ടത് ഞങ്ങളുടെ സയ്യിദായ ഹുസയ്‌നിന്റെ ക്വബ്‌റിന്‍ മണ്ണാകുന്നു. മറ്റു മണ്ണുകളോടൊപ്പം അത് തിന്നല്‍ അനുവദനീയമല്ല. ഇടത്തരം വലുപ്പമുള്ള കടലമണിയെക്കാള്‍ കൂടുതല്‍ തിന്നാവതുമല്ല. ഇതര ക്വബ്‌റുകളുടെ മണ്ണുകള്‍ ഹുസയ് നിന്റെ ക്വബ്‌റിന്റെ മണ്ണിനോട് ചേരാവതല്ല; നബിയുടെയും ഇമാമുമാരുടെയും കബ്‌റുകളുടെ മണ്ണുവരെ.” ( തഹ്‌രീറുല്‍ വസീലഃ, വാ: 1, പേ: 164.)

‘വഹ്‌യ് ലഭിക്കുന്ന’ ഇമാമുമാര്‍!

ജിബ്‌രീലിനെക്കാള്‍ ഉല്‍കൃഷ്ഠനായ മലക്കുണ്ടെന്നും ശിയാഇമാമുമാര്‍ക്ക് വഹ്‌യുണ്ടെന്നും ശിയാഗ്രന്ഥങ്ങളിലുണ്ട്. ഹുജ്ജതുല്‍ ഇസ്‌ലാം എന്ന് ശിയാക്കള്‍ സ്ഥാനം കല്‍പിക്കുന്ന കുലയ്‌നിയുടെ ഗുരു മുഹമ്മദുസ്സ്വഫ്ഫാറിന്റെ ഗ്രന്ഥമായ ‘ബസ്വാഇറുദ്ദറജാതില്‍കുബ്‌റാ”എന്ന ഗ്രന്ഥത്തില്‍ അല്ലാഹു ത്വാഇഫിലും മറ്റും വെച്ച് അലി رضي الله عنه വിനോട് രഹസ്യസംഭാഷണം നടത്തിയെന്നും അവര്‍ക്കിടയില്‍ ജിബ്‌രീല്‍ ഇറങ്ങിയെന്നും അറിയിക്കുന്ന ഒരു അധ്യായം തന്നെ കാണാം. ആ അധ്യായത്തിനു താഴെ ശിയാ ഇമാമുമാര്‍ക്ക് വഹ്‌യുണ്ടെന്നും ജിബ്‌രീലിനെക്കാള്‍ ഉല്‍കൃഷ്ഠനായ മലക്കുണ്ടെന്നും പറയുന്ന പല ശിയാ നിവേദനങ്ങളും സ്വഫ്ഫാര്‍ നല്‍കിയിട്ടുണ്ട്.

ശിയാ ശയ്ഖായ ഹുര്‍റുല്‍ആമിലി തന്റെ ഗ്രന്ഥമായ ‘അല്‍ഫുസ്വൂലുല്‍ മുഹിമ്മ’യില്‍ എഴുതുന്നു: ”നിശ്ചയം മലക്കുകള്‍ ക്വദ്‌റിന്റെ രാവില്‍(ലൈലതുല്‍ക്വദ്‌റില്‍) ഭൂമിയിലേക്ക് ഇറങ്ങുകയും ഇമാമുമാരോട് ആ വര്‍ഷത്തെ വിധി നിര്‍ണയം മുഴുവന്‍ പറയുകയും ചെയ്യും. നിശ്ചയം, നബിമാരുടെ മുഴുവന്‍ അ റിവുകളും ഇമാമുമാര്‍ അറിയുന്നു.” (അല്‍ഫുസ്വൂലുല്‍മുഹിമ്മ, പേ: 145.)

ഇമാമുമാരിലുള്ള ശീഈ തീവ്രത

ഏതാനും ഉദാഹരണങ്ങള്‍:

ഇമാമുമാരുടെ വിഷയത്തില്‍ ശിയാക്കളുടെ തീവ്രതക്ക് ഉദാഹരണമാണ് കുലയ്‌നിയുടെ അല്‍കാഫീ എന്ന ഗ്രന്ഥത്തിലെ ചില അധ്യായങ്ങള്‍. അവയില്‍ ചിലത് ഇപ്രകാരമാണ്:

(ശയ്ഖ് അബ്ദുല്‍മുഹ്‌സിന്‍ അല്‍ബദ്‌റിന്റെ ഫദ്‌ലുഅഹ്‌ലില്‍ബയ്ത് വ ഉലുവ്വി മന്‍സിലതിഹിം ഇന്‍ദ അഹ്‌ലിസ്സുന്നഃ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ നിന്നാണ് ഈ ഭാഗം എടുത്തിട്ടുള്ളത്).

1. ഇമാമുമാര്‍ അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ പ്രതിനിധികളും അവനിലേക്ക് എത്തിപ്പെടുവാനുള്ള കവാടങ്ങളുമാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം. (1:193).

2. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ അടയാളങ്ങളാകുന്നു ഇമാമുമാര്‍ എന്നത് പ്രതിപാദിക്കുന്ന അധ്യായം. (1:206). ഈ അധ്യായത്തില്‍ ശിയാക്കളുടെ മൂന്നു ഹദീഥുകള്‍, ‘(പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു’ (ക്വുര്‍ആന്‍ 16:16) എന്ന സൂക്തത്തിന്റെ വ്യാഖ്യാനം എന്നോണമുണ്ട്. ക്വുര്‍ആന്‍ സൂക്തത്തിലെ ‘അന്നജ്മ്’ എന്നത് അല്ലാഹുവിന്റെ തിരുദൂതരും അലാമാത്ത് എന്നത് ഇമാമുമാരുമാണ് എന്നതാണ് പ്രസ്തുത വ്യാഖ്യാനം!

3. ഇമാമുമാര്‍ അല്ലാഹുവിന്റെ പ്രകാശമാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം. ഈ അധ്യായവും അവരുടെ ചില ഹദീഥുകള്‍ ഉള്‍കൊള്ളുന്നു. ഒരു ഹദീഥിന്റെ സനദ് ജഅ്ഫര്‍ സ്വാദിക്വിലേക്ക് ചെന്നത്തുന്നു. അത്, ”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്കു വെക്കുവാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി അല്ലാഹു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ” എന്ന വചനത്തിന്റെ വ്യാഖ്യാനമാകുന്നു. ജഅ്ഫര്‍സ്വാദിക്വ് പറഞ്ഞതായി അതില്‍ വിവരിക്കുന്നത് പ്രകാശം, വിളക്ക്, സ്ഫടികം, ജ്വലിക്കുന്ന നക്ഷത്രം തുടങ്ങി ഈ വചനത്തില്‍ വന്ന വിശേഷണ പദങ്ങള്‍ കൊണ്ടുദ്ദേശം ഫാത്വിമ, ഹസന്‍, ഹുസൈന്‍ (رضي الله عنهم) തുടങ്ങിയവരാണ് എന്നെല്ലാമാണ്!

‘അവര്‍ (ശിയാ ഇമാമുാര്‍) ജൂതരോ ക്രിസ്ത്യാനികളോ അല്ല. വിജ്ഞാനം അവരില്‍ നിന്ന് ബഹിര്‍സ്ഫുരിക്കുന്നു. ഒരു ഇമാമിനു ശേഷം മറ്റൊരു ഇമാമെന്ന നിലയ്ക്ക് അവരില്‍നിന്നാകുന്നു ഇമാമുമാര്‍. ഇമാമുമാരിലേക്ക് താനുദ്ദശിക്കുന്ന വര്‍ക്ക് അല്ലാഹു വഴി കാണിക്കുന്നു’ എന്നും വിവരിക്കുന്നത് കാണാം.

4. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ ആയത്തുകളാകുന്നു ഇമാമുമാര്‍ എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:207).

”വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഫലംചെയ്യാനാണ്?” ഈ വചനത്തിന്റെ തഫ്‌സീറില്‍ ആയത്തുകള്‍ (ദൃഷ്ടാന്തങ്ങള്‍) എന്നാല്‍ ഇമാമുമാര്‍ എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

”അവര്‍ (ഫിര്‍ഔന്‍ കുടുംബം) നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു” ഈ വചനത്തിന്റെ തഫ്‌സീറിലും ആയത്തുകള്‍ (ദൃഷ്ടാന്തങ്ങള്‍) എന്നാല്‍ മുഴുവന്‍ ഇമാമുമാരും എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

അവരുടെ വിവരണത്തിന്റെ അര്‍ഥ പ്രകാരം ഫിര്‍ഔന്‍ കുടുംബം ശിക്ഷിക്കപ്പെടുവാനുള്ള കാരണം ഇമാമുമാരെ കളവാക്കിയതാണ്!

5. അല്ലാഹു പടപ്പുകളോടു ചോദിക്കുവാന്‍ കല്‍പിച്ച അഹ്‌ലുദ്ദിക്ര്‍ ഇമാമുമാരാകുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:210).

6. ക്വുര്‍ആന്‍ ഇമാമിലേക്കു വഴികാണിക്കുന്നു എന്നതു പ്രതി പാദിക്കുന്ന അധ്യായം.(1: 216). ഈ അധ്യായത്തില്‍, ‘തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും ചെയ്യുന്നു’ എന്ന വചനത്തിന്റെ തഫ്‌സീറില്‍ ക്വുര്‍ആന്‍ ഇമാമിലേക്കു വഴികാണിക്കുന്നു എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

‘നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും (അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക)’ എന്ന വചനത്തിന്റെ തഫ്‌സീറില്‍ അല്ലാഹു ഇമാമുമാരുമായി നിങ്ങള്‍ക്കു ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

7. അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞ അനുഗ്രഹം ഇമാമുമാരാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:217). അതില്‍, ‘അല്ലാഹുവിന്റെ അനുഗ്രഹത്തിന് (നന്ദി കാണിക്കേണ്ടതിനു) പകരം നന്ദികേടുകാണിച്ച ഒരു വിഭാഗത്തെ നീ കണ്ടില്ലേ?’ എന്ന ആയത്തിന്റെ തഫ്‌സീറായി അലി رضي الله عنه പറഞ്ഞതായി ശിയാജല്‍പനം ഇപ്രകാരമാണ്: ‘ഞങ്ങളാകുന്നു അടിയാറുകള്‍ക്ക് അല്ലാഹു അരുളിയ അനുഗ്രഹങ്ങള്‍. അന്ത്യനാളില്‍ വിജയിക്കുന്നവന്‍ വിജയിക്കുന്നതു ഞങ്ങളെ കൊണ്ടാണ്.’ഈ അധ്യായത്തില്‍ സൂറത്തുര്‍റഹ്മാനിലെ, ‘അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?’ എന്ന ആയത്തിന്റെ തഫ്‌സീറായി ഇപ്രകാരമുണ്ട്: ‘അപ്പോള്‍ നബിയെയാണോ അതല്ല ഇമാമിനെയാണോ നിങ്ങള്‍ ഇരുവിഭാഗവും നിഷേധിക്കുന്നത്?’

8. നബി ﷺ ക്കും ഇമാമുമാര്‍ക്കും അമലുകള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:219).

9. അല്ലാഹുവില്‍നിന്നു അവതീര്‍ണമായ മുഴുവന്‍ കിതാബുകളും ഇമാമുമാരുടെ പക്കലുണ്ട്. അവ വ്യത്യസ്ത ഭാഷകളിലായിട്ടും അവര്‍ അത് അറിഞ്ഞുമനസ്സിലാക്കുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:227).

10. ക്വുര്‍ആന്‍ മുഴുവനും ഇമാമുമാരല്ലാതെ സമാഹരിച്ചിട്ടില്ലെന്നതും അതിലെ മുഴുവന്‍ വിജ്ഞാനങ്ങളും അവര്‍ അറിയുന്നുവെന്നതും പ്രതിപാദിക്കുന്ന അധ്യായം. (1:228).

11. മലക്കുകളിലേക്കും നബിമാരിലേക്കും മുര്‍സലുകളിലേക്കും പുറപ്പെട്ട മുഴുവന്‍ വിജ്ഞാനങ്ങളും ഇമാമുമാര്‍ അറിയുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:228).

12. ഇമാമുമാര്‍ തങ്ങള്‍ മരിക്കുന്നത് എപ്പോള്‍ എന്നത് അറിയുമെന്നതും തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ തങ്ങള്‍ മരിക്കുകയില്ലെന്നതും പ്രതിപാദിക്കുന്ന അധ്യായം.(1:255).

13. ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതും ഇമാമുമാര്‍ അറിയുമെന്നതും അവര്‍ക്ക് ഒന്നും ഗോപ്യമാകില്ല എന്നതും പ്രതിപാദിക്കുന്ന അധ്യായം.(1:260).

14. അല്ലാഹു നബി ﷺ യെ ഒരു അറിവും പഠിപ്പിച്ചിട്ടില്ല; പ്രസ്തുത അറിവ് അമീറുല്‍മുഅ്മിനീന്‍ അലി رضي الله عنه വിന് പഠിപ്പിക്കുവാന്‍ നബി ﷺ യോടു കല്‍പിക്കാതെ, അറിവില്‍ അലി رضي الله عنه നബി ﷺ യുടെ പങ്കാളിയാകുന്നുവെന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:225).

15. ഇമാമുമാരില്‍നിന്നു വന്നതല്ലാത്ത യാതൊരു സത്യവും ജനങ്ങളുടെ പക്കലില്ല. ഇമാമുമാരില്‍നിന്ന് വന്നിട്ടില്ലാത്തതെല്ലാം ബാത്വിലാകുന്നുവെന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:399).

ഉപരിസൂചിത അധ്യായങ്ങളെല്ലാം ‘ശിയാക്കളുടെ ഹദീഥുകളെ’ ഉള്‍കൊള്ളുന്നു. ഹിജ്‌റ വര്‍ഷം 1381 ല്‍ തെഹ്‌റാനിലെ അസ്സ്വദൂക്വ് ലൈബ്രറി പ്രസിദ്ധീകരിച്ച പ്രതിയില്‍ അവ ഉദ്ധരിച്ചിട്ടുണ്ട്.

ശിയാ ഗ്രന്ഥങ്ങളില്‍ ഏറ്റവും മഹത്തായതാണത്; അത് അപ്രകാരമല്ലെങ്കിലും. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അതിനെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുമുള്ള വലിയ പ്രശംസയുണ്ട്. അയാളുടെ മരണം 329ല്‍ ആയിരുന്നു.

ഇമാമുമാരെക്കുറിച്ച് പൂര്‍വികരായ ശിയാക്കളുടെ തീവ്രതയുടെ ഏതാനും മാതൃകകളാണിത്. എന്നാല്‍ ഇമാമുമാരിലുള്ള അവരിലെ പില്‍കാലക്കാരുടെ തീവ്രത ഖുമൈനിയുടെ അല്‍ഹുകൂമതുല്‍ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക ഗവണ്‍മെന്റ്) (തെഹ്‌റാനിലെ അല്‍മക്തബത്തുല്‍ ഇസ്‌ലാമിയ്യഃ അല്‍കുബ്‌റാ പ്രസിദ്ധീകരിച്ചത്.) എന്ന ഗ്രന്ഥത്തിലെ (പേ: 52) വരികളില്‍ ശരിക്കും വ്യക്തമാണ്:

”ഇമാമി(അ)ന്റെ ഭരണവും അധികാരവും സ്ഥിരപ്പെടുന്നത്, അല്ലാഹുവിനടുക്കല്‍ അദ്ദേഹത്തിനുള്ള പദവിയില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞെന്ന് അര്‍ഥമാക്കുന്നില്ല. അദ്ദേഹത്തെ മറ്റു ഭരണാധികാരികളെപ്പോലെ ആക്കുകയും ചെയ്യുന്നില്ല. കാരണം, സ്തുത്യര്‍ഹമായ സ്ഥാനവും ഉന്നതമായ പദവിയും ഈ പ്രപഞ്ച ത്തിലെ മുഴുവന്‍ പരമാണുക്കളും കീഴ്‌പ്പെടും വിധം അധികാരവും ആധിപത്യവുമുള്ള പ്രാപഞ്ചിക ഖിലാഫത്തും ഇമാമിനുണ്ട്. നമ്മുടെ മദ്ഹബില്‍ നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍ പെട്ടതാണ്, നമ്മുടെ ഇമാമുമാര്‍(അ)ക്ക് ദൈവനിയുക്തനായ നബിക്കോ ദൈവസാമീപ്യമുള്ള മലക്കിനോ പ്രാപിക്കുവാനാകാത്ത സ്ഥാനമാണുള്ളത്. നമ്മുടെ അടുക്കലുള്ള നിവേദനങ്ങളുടെയും ഹദീഥുകളുടെയും തേട്ടമനുസരിച്ച് മഹാനായ റസൂലും ﷺ ഇമാമുമാരും ഈ പ്രപഞ്ചത്തിനുമുമ്പ് പ്ര കാശങ്ങളായിരുന്നു. അങ്ങനെ അല്ലാഹു അവരെ തന്റെ അര്‍ശിനെ വലയം ചെയ്യുന്നവരാക്കി. അല്ലാഹുവിനു മാത്രമറിയാവുന്നത്ര പദവിയും സാമീപ്യവും അവര്‍ക്ക് അവന്‍ നിശ്ചയിച്ചു. മിഅ്‌റാജ് സംഭവത്തിന്റെ നിവേദനങ്ങളില്‍ വന്നതുപോലെ ജിബ്‌രീല്‍ പറഞ്ഞു: ഒരു വിരല്‍ ഞാന്‍ അടുത്താല്‍ ഞാന്‍ കരിഞ്ഞുപോയതു തന്നെ.’ ഇമാമുമാര്‍(അ) പറഞ്ഞതായി ഇപ്രകാരം വന്നിട്ടുണ്ട്: അല്ലാഹുവോടൊപ്പം ഞങ്ങള്‍ക്കു ചില അവസ്ഥകളുണ്ട്; ദൈവസാമീപ്യമുള്ള മലക്കുകള്‍ക്കോ ദൈവ നിയുക്തരായ നബിമാര്‍ക്കോ ആ അവസ്ഥകള്‍ പ്രാപിക്കുവാനാകില്ല.” (ഇസ്‌ലാമിക ഗവണ്‍മെന്റ് പേ: 52) (ശെയ്ഖ് അബ്ദുല്‍മുഹ്‌സിന്‍ അല്‍ബദ്‌റിന്റെ ഫദ്‌ലുഅഹ്‌ലില്‍ബയ്ത് വ ഉലുവ്വി മന്‍സിലതിഹിം ഇന്‍ദ അഹ്‌ലിസ്സുന്നഃ എന്ന ഗ്രന്ഥത്തിലെ വരികളുടെ വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു.)

വാഗ്ദത്ത മഹ്ദിയുടെ ദൗത്യം സ്വഹാബത്തിനെ ക്രൂശിക്കല്‍!

ഹുജ്‌റത്തുന്നബി അഥവാ നബി ﷺ യുടെ വീട് പൊളിക്കലും അബൂബകര്‍ رضي الله عنه, ഉമര്‍ رضي الله عنه എന്നിവരെ ക്വബ്‌റുകളില്‍നിന്ന് പുറത്തെടുക്കലും അവരെ ക്രൂശിക്കലും തീയില്‍ കരിക്കലും ശിയാക്കളുടെ മഹ്ദി ആഗതനായാല്‍ അയാളുടെ ദൗത്യമായിരിക്കുമെന്നറിയിക്കുന്ന വ്യാജമായ ശിയാ നിവേദനങ്ങളുണ്ട്.

”ഞാന്‍ യഥ്‌രിബിലേക്ക് വരും. അങ്ങനെ ഹുജ്‌റഃ (നബി ﷺ യുടെ വീട്) പൊളിക്കും. അതിലുള്ള രണ്ടു പേരേയും ജീവനോടെ പുറത്തെടുക്കും. ബക്വീഇന്റെ ഭാഗത്തേക്ക് അവര്‍ രണ്ടുപേരെയും കൊണ്ടുപോകുവാന്‍ ഞാന്‍ കല്‍പിക്കും. രണ്ട് മരത്തടികള്‍ കൊണ്ടുവരുവാന്‍ ഞാന്‍ കല്‍പിക്കുകയും അവര്‍ രണ്ടുപേരും അതില്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. അവരുടെ കീഴ്ഭാഗത്തു നിന്ന് അവര്‍ കത്തിക്കപ്പെടും. അതോടെ ജനങ്ങള്‍ അവര്‍ രണ്ടു പേരാലും ആദ്യത്തേതിനെക്കാള്‍ കടുത്ത പരീക്ഷണത്തിനു വിധേയരാകും. അതോടെ പരീക്ഷണത്തിന്റെ വിളിയാളന്‍ വിളിക്കും: ആകാശമേ എറിയുക. ഭൂമിയേ സ്വീകരിക്കുക. അതോടെ ഭൂമുഖത്ത് വിശ്വാസികള്‍ മാത്രമായിരിക്കും ശേഷിക്കുക.” (ബിഹാറുല്‍അന്‍വാര്‍, മജ്‌ലിസീ 53: 39 കിതാബുര്‍റജ്അഃ, ശെയ്ഖ് ഇഹ്‌സാഈ: 186.)

തിരുദൂതരുടെ ജീവിതനാളില്‍ ശിക്ഷാര്‍ഹമായ ഒരു തെറ്റ് ഉമ്മുല്‍മുഅ്മിനീന്‍ ആഇശ رضي الله عنها പറഞ്ഞതിനാല്‍ അതിനുള്ള ശിക്ഷ മഹ്ദിയുടെ ആഗമന നാളില്‍ ആഇശ رضي الله عنها യെ കബ്‌റില്‍നിന്ന് പുറത്തെടുത്ത് മഹ്ദി നടപ്പിലാക്കുമെന്നാണ് വ്യാജമായ ശിയാജല്‍പനം. ഈ വിഷയത്തില്‍ അബൂജഅ്ഫര്‍ പറഞ്ഞതായി ശിയാ ഇമാം മജ്‌ലിസിയുടെ ഒരു കള്ള റിപ്പോര്‍ട്ട് ഇപ്രകാരമുണ്ട്: എന്നാല്‍ നമ്മുടെ ക്വാഇം (മഹ്ദി) വന്നാല്‍ ഹുമയ്‌റാഅ് (*) അദ്ദേഹത്തിലേക്ക് മടക്കപ്പെടും. അങ്ങനെ മഹ്ദി അവര്‍ക്ക് ശിക്ഷയായുള്ള അടിനല്‍കും. ഞാന്‍ (റാവി) ചോദിച്ചു: എന്തിനാണ് അവരില്‍ ശിക്ഷയായി അടി നടപ്പാക്കുന്നത്? അദ്ദേഹം പറഞ്ഞു: ഉമ്മു ഇബ്‌റാഹീമിനെ കുറിച്ച് ആഇശ رضي الله عنها അപവാദം പറഞ്ഞതിനാല്‍. ഞാന്‍ ചോദിച്ചു: മഹ്ദിയുടെ ആഗമന നാളുവരേക്കും എങ്ങനെയാണ് അല്ലാഹു പ്രസ്തുത ശിക്ഷ പിന്തിപ്പിക്കുക? അദ്ദേ ഹം പറഞ്ഞു: അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത് കാരുണ്യമായിക്കൊണ്ടാണ്. മഹ്ദി നിയോഗിക്കപ്പെടുന്നത് പ്രതികാരമെടുക്കുന്നവനായാണ്. (ബിഹാറുല്‍അന്‍വാര്‍, മജ്‌ലിസീഗ വാ: 52: 314, 315, ഇലലുശ്ശറാഇഅ്ഗ പേ: 579, 580.)

(*) ആഇശ رضي الله عنها യുടെ വിളിപ്പേരായിരുന്നു ഹുമയ്‌റാഅ്. നബി ﷺ അവരെ അപ്രകാരം വിളിച്ചിരുന്നു. തികഞ്ഞ സൗന്ദര്യവും വെളുത്ത നിറവും കാരണത്താലായിരുന്നു അവര്‍ക്ക് ഈ പേര് വിളിക്കപ്പെട്ടത്.

ശിയാക്കളും ക്വുര്‍ആനും

ഇന്ന് മുസ്‌ലിംകളുടെ പക്കലുള്ള മുസ്വ്ഹഫ് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു അവതരിപ്പിച്ചതു പോലെയല്ലെന്നും സ്വഹാബികളുടെ കയ്യാല്‍ അതില്‍ മാറ്റത്തിരുത്തലും മുറിച്ചുമാറ്റലും നടന്നിട്ടുണ്ടെന്നുമുള്ള വികലവും വിചിത്രവുമായ വിശ്വാസം ശിയാക്കള്‍ വെച്ചുപുലര്‍ത്തുന്നു. നബികുടുംബത്തിന്റെ മഹത്ത്വം പറഞ്ഞ ആയത്തുകളും സ്വഹാബികളുടെ കുറവുകളെണ്ണിയ ആയത്തുകളും മറ്റനേകം ആയത്തുകളുമടക്കം ക്വുര്‍ആനിന്റെ മൂന്നില്‍ രണ്ട് ഭാഗം നഷ്ടപ്പെടുകയും ഏകദേശം മൂന്നിലൊന്നേ ശേഷിക്കുന്നുള്ളൂ എന്നുമാണ് ശിയാജല്‍പനം. എക്കാലത്തും ഭൂരിപക്ഷം ശിയാപണ്ഡിതരും ഈ ജല്‍പനക്കാരാണ്.

‘അല്‍കാഫി’യില്‍ ഇമാം ജഅ്ഫര്‍ സ്വാദിക്വിലേക്ക് വ്യാജമായി ചേര്‍ത്തുകൊണ്ട് കുലയ്‌നി പറയുന്നു:’നിശ്ചയം ഞങ്ങളുടെ അടുക്കല്‍ മുസ്വ്ഹഫു ഫാത്വിമയുണ്ട്.’ ഞാന്‍ ചോദിച്ചു:’എന്താണ് മുസ്വ്ഹഫു ഫാത്വിമ?’ ഇമാം പറഞ്ഞു:’അതാണ് മുസ്വ്ഹഫ്. അതില്‍ നിങ്ങളുടെ ഈ ക്വുര്‍ആനിന്റെ മൂന്ന് ആവര്‍ത്തി യുണ്ട്. അല്ലാഹുവാണെ സത്യം, നിങ്ങളുടെ ക്വുര്‍ആനില്‍നിന്നുള്ള ഒരു അക്ഷരം പോലും അതിലില്ല.’ (അല്‍കാഫി, കുലയ്‌നി.)

നഷ്ടപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്ത് വിശുദ്ധ ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഒരാളെയും ഏല്‍പിച്ചിട്ടില്ല. അത്തരമൊരു സാധ്യത തന്നെ വിശുദ്ധ ഗ്രന്ഥത്തിന്റെ വിഷയത്തിലില്ല. എന്നു മാത്രമല്ല, അല്ലാഹു സ്വയമേവ സംരക്ഷണം ഏറ്റെടുത്ത ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ഈ പരമ യാഥാര്‍ഥ്യത്തെയും ഒട്ടനവധി വചനങ്ങളെയും കളവാക്കും വിധമാണ് ശിയാ ജല്‍പനങ്ങള്‍. വിശുദ്ധ ഗ്രന്ഥത്തിന്റെ സംരക്ഷണം അല്ലാഹു ഏറ്റിരിക്കുന്നു എന്നറിയിക്കുന്ന വചനങ്ങള്‍ കാണുക:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)

إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ ‎﴿١٧﴾‏ فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ ‎﴿١٨﴾‏ ثُمَّ إِنَّ عَلَيْنَا بَيَانَهُۥ ‎﴿١٩﴾‏

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍ : 75/17-19)

അപ്രകാരം തന്നെ യാതൊരു വിധ അനര്‍ഥങ്ങളും ഒരു നിലയ്ക്കും വിശുദ്ധ ഗ്രന്ഥത്തിലേക്ക് കടന്നു വരികയില്ലെന്നതും അതിന്റെ പ്രത്യേകതയാണ്.

إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ‎﴿٤١﴾‏ لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ‎﴿٤٢﴾

തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:41/41-42)

ശിയാ ദുര്‍വ്യാഖ്യാനങ്ങള്‍

ഏതാനും ഉദാഹരണങ്ങള്‍

ഒന്ന്: സൂറത്തുന്നഹ്‌ലിലെ 51 ാം വചനം:

നിങ്ങള്‍ രണ്ട് ആരാധ്യന്മാരെ സ്വീകരിക്കരുത്; ഏക ആരാധ്യന്‍ മാത്രമാണുള്ളത്’എന്ന ആശയാര്‍ഥമുള്ള വിശുദ്ധ വചനമാണിത്.

وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ ۖ فَإِيَّٰىَ فَٱرْهَبُونِ

അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.

എന്നാല്‍ ശിയാതഫ്‌സീറുകളില്‍ അതിനുള്ള വിവരണം ഇപ്രകാരമാണ്:’ഈ ആയത്തിന്റെ ഉദ്ദേശ്യം നിങ്ങള്‍ രണ്ട് ഇമാമുമാരെ സ്വീകരിക്കരുത്. നിശ്ചയം ഏക ഇമാം മാത്രമാണ് ഉള്ളത്.’ (ശിയാതഫ്‌സീറുകളായ തഫ്‌സീറുല്‍അയ്യാശി. വാ:2:261, അല്‍ബുര്‍ഹാന്‍ ഫീ തഫ്‌സീ രില്‍ ക്വുര്‍ആന്‍ 2:371, തഫ്‌സീറു നൂരിഥക്വുലയ്‌നി. 3:60.)

ആരാധ്യന്‍ എന്ന് അര്‍ഥമുള്ള ഇലാഹ് എന്ന പദത്തിന് ഒരിക്കലും അനുയോജ്യമാകാത്ത ഇമാം എന്ന അര്‍ഥമാണ് ശിയാ ഇമാമുമാര്‍ നല്‍കിയിരിക്കുന്നത്.

രണ്ട്: സൂറത്തുസ്സുമറിലെ 65 ാം വചനം:

وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും

ആയത്തിന്റെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറിലും അവരുടെ ഹദീഥ് ഗ്രന്ഥത്തിലും അലിയ്യിന്റെ വിലായത്തില്‍ (ഭരണ നേതൃത്വത്തില്‍) പങ്കുചര്‍ക്കുന്നതിനെ കുറിച്ചാണ് ഈ ആയത്ത് എന്നാണുള്ളത്.

ശിയാമുഹദ്ദിഥായ കുലയ്‌നി ഉസ്വൂലുല്‍കാഫിയില്‍ ഈ ആയത്തിന്റെ തഫ്‌സീറായി നല്‍കുന്നു: ‘(അലിയ്യിന്റെ) വിലായത്തില്‍(ഭരണനേതൃത്വത്തില്‍) മറ്റുള്ളവരെ പങ്കുചേര്‍ത്താല്‍ (നിന്റെ കര്‍മം നിഷ്ഫലമായിപ്പോകും.’ (കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി 1:427. )

ശിയാ മുഫസ്സിറായ ക്വുമ്മി തന്റെ തഫ്‌സീറില്‍ ഈ ആയത്തിന് വിവരണമായി നല്‍കുന്നു: ‘താങ്കളുടെ കാലശേഷം (നബി ﷺ യുടെ) അലിയ്യിന്റെ വിലായത്തിനോടൊപ്പം മറ്റൊരാളുടെ വിലായത്തുകൊണ്ട് താങ്കള്‍ കല്‍പിച്ചാല്‍ താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകും.’ (തഫ്‌സീറുല്‍ക്വുമ്മി. 2:251.)

മൂന്ന്: സൂറത്തുല്‍അഅ്‌റാഫിലെ 180 ാം വചനം:

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് മാത്രമാകുന്നു അത്യുത്തമ നാമങ്ങള്‍. അതിനാല്‍ ആ പേരുകളില്‍ നിങ്ങള്‍ അവനെ വിളിച്ചുകൊള്ളുക.

ഈ ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണിത്. എന്നാല്‍ ഇതേ ആയത്തിന് ശിയാ ഗ്രന്ഥങ്ങളും തഫ്‌സീറുകളും നല്‍കുന്ന അര്‍ഥം ഏറെ അപകടകരമാണ്.

അബൂഅബ്ദില്ല ഈ വചനത്തിന്റെ വിഷയത്തില്‍ പറഞ്ഞു: ‘അല്ലാഹുവാണെ, ഞങ്ങള്‍ (ഇമാമുകള്‍) അസ്മാഉല്‍ ഹുസ്‌നയാകുന്നു. ഞങ്ങളാകുന്ന അസ്മാഉല്‍ ഹുസ്‌നയെ അറിയല്‍ കൊണ്ടല്ലാതെ അല്ലാഹു അടിയാറുകളില്‍നിന്ന് അമലുകള്‍ സ്വീകരിക്കുകയില്ല.’ (കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി 1:143, 144. തഫ്‌സീറുല്‍അയ്യാശി. 2:42, അല്‍ബുര്‍ഹാന്‍ ഫിതഫ്‌സീരില്‍ക്വുര്‍ആന്‍ 2:52, തഫ്‌സീറുസ്സ്വാഫി 2:254, 255. അന്നൂരി അത്ത്വബറസിയുടെ മുസ്തദ്‌റകുല്‍ വസാഇല്‍ 1:371.)

അല്ലാഹുവിന്റെ നാമങ്ങളെ നിഷേധിക്കുന്നതോടൊപ്പം അസ്മാഉല്‍ ഹുസ്‌ന തങ്ങളുടെ ഇമാമുമാരാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

നാല്: സൂറത്തു യാസീനിലെ 12 ാം വചനം, സൂറത്തുതൗബഃയിലെ 12 ാം വചനം:

وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ ‎

എല്ലാ കാര്യങ്ങളും ഒരു വ്യക്തമായ രേഖയില്‍ അല്ലാഹു നിജപ്പെടുത്തിവെച്ചിരിക്കുന്നു. (36/12)

ആയത്തിന്റെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറുകളില്‍ ഈ ആയത്തിന്റെ തഫ്‌സീര്‍ ‘എല്ലാ കാര്യങ്ങളും അലിയ്യില്‍ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു’ എന്നാണ്. പ്രസ്തുത ഗ്രന്ഥങ്ങളിള്‍ അഞ്ചിലേറെ ശിയാനിവേദനങ്ങ ളും ഈ വിവരണത്തിനുണ്ട്.

وَإِن نَّكَثُوٓا۟ أَيْمَٰنَهُم مِّنۢ بَعْدِ عَهْدِهِمْ وَطَعَنُوا۟ فِى دِينِكُمْ فَقَٰتِلُوٓا۟ أَئِمَّةَ ٱلْكُفْرِ ۙ

ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. (9/13)

കരാര്‍ ലംഘിക്കുന്ന കുഫ്‌റിന്റെ നേതാക്കളോട് യുദ്ധം ചെയ്യുക’എന്നാണ് ഇതില്‍ പറയുന്നത്.

ഇഹലോകത്ത് വെച്ചു തന്നെ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്തയറിയിക്കപ്പെട്ട സ്വഹാബികളാണ് ത്വല്‍ഹത് ഇബനു ഉബയ്ദില്ല رضي الله عنه വും സുബയ്‌റുബ്‌നുല്‍ അവ്വാം رضي الله عنه വും. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഉള്‍പ്പെട്ടവര്‍. എന്നാല്‍ ശിയാക്കളുടെ തഫ്‌സീറുകളില്‍ ഈ ആയത്തിന്റെ തഫ്‌സീറില്‍ കുഫ്‌റിന്റെ നേതാക്കളെന്നാല്‍ അത് ത്വല്‍ഹതും സുബയ്‌റും ആണ് എന്നാണ് പറയുന്നത്. പ്രസ്തുത ഗ്രന്ഥങ്ങളിള്‍ എട്ടിലേറെ വ്യാജമായ ശിയാ നിവേദനങ്ങള്‍ ഈ വിവരണത്തിന് നല്‍കപ്പെട്ടിട്ടുണ്ട്.

അഞ്ച്: സൂറത്തുര്‍റഹ്മാനിലെ 19-22 ആയത്തുകള്‍:

അബൂബകര്‍, ഉമര്‍, ഉഥ്മാന്‍ (رضي الله عنهم) എന്നിവരെക്കാള്‍ ഖിലാഫതിന് അര്‍ഹന്‍ അലി رضي الله عنه വാണ് എന്ന് സ്ഥാപിക്കുവാന്‍ ശിയാക്കളുടെ അല്ലാമയായ ഇബ്‌നുല്‍ മുത്വഹ്ഹര്‍ നിരത്തിയ തെളിവുകളിലൊന്ന് താഴെ വരുന്ന സൂറത്തുര്‍റഹ്മാനിലെ 19-22 ആയത്തുകളാണ്. ആയത്തുകളും അവയുടെ യഥാര്‍ഥത്തിലുള്ള ആശയാര്‍ഥവും നല്‍കിയ ശേഷം ശിയാ ദുര്‍വ്യാഖ്യാനം തുടര്‍ന്ന് നല്‍കാം.

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ‎﴿١٩﴾‏ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ‎﴿٢٠﴾‏ فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ‎﴿٢١﴾‏ يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ ‎﴿٢٢﴾

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? അവരണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തുവരുന്നു. (55/19-22)

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. ഇവിടെ രണ്ടു കടലുകള്‍ അലി رضي الله عنه വും ഫാത്വിമ رضي الله عنها യുമാണ്, അവ രണ്ടിനും ഇടയിലെ ബര്‍സഖ് (തടസ്സം) നബി ﷺ യാണ്. അവ രണ്ടില്‍ നിന്നും പുറപ്പെടുന്ന മുത്തും പവിഴവും ഹസനും ഹുസൈനുമാണ് എന്നാണ് ആയത്തിന്റെ ശിയാ വ്യാഖ്യാനം.

ഇബ്‌നുമുത്വഹ്ഹര്‍ ഈ ആയത്തുകളെ ഇപ്രകാരം ദുര്‍വ്യാഖ്യാനിച്ചപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞു: ‘ഇതും ഇതുപോലുള്ളതുമായ വ്യാഖ്യാനം ബുദ്ധിയില്ലാത്തവര്‍ മാത്രമാണ് പറയുക. ക്വുര്‍ആന്‍ വ്യാഖ്യാനത്തെക്കാള്‍ ഇതിന് സാദൃശ്യത പിച്ചും പേയും പറയുന്നതിനോടാണ്. ഇതാണ് നിരീശ്വര നിര്‍മതവാദികളുടെയും ബാത്വിനിയാക്കളായ ക്വറാമി ത്വകളുടെയും തഫ്‌സീറിന്റെ അതേ വകുപ്പില്‍പെട്ട തഫ്‌സീര്‍. എന്നുമാത്രമല്ല ഇത് അതില്‍ പലതിനെക്കാളും മോശമാകുന്നു. (മിന്‍ഹാജുസ്സുന്നഃ 4:66.)

ആറ്:സൂറത്തുഫുര്‍ക്വാനിലെ 55 ാം ആയത്ത്:

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا

അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്റെ രക്ഷിതാവിനെതിരെ (ദുശ്ശക്തികള്‍ക്ക്) പിന്തുണ നല്‍കുന്നവനായിരിക്കുന്നു. (25/55)

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാ തഫ്‌സീറില്‍ ശിയാ മുഫസ്സിറായ ഇബ്‌റാഹീമുല്‍ക്വുമ്മി ആയത്തില്‍ വന്ന കാഫിര്‍ ഉമര്‍ رضي الله عنه ആണെന്നും ഉമര്‍ رضي الله عنه അമീറുല്‍ മുഅ്മിനീനെതിരില്‍ സഹായിയായിരുന്നുവെന്നുമാണ്. (തഫ്‌സീറുല്‍ക്വുമ്മി. 2:115.)

തന്റെ തഫ്‌സീറില്‍ ഉമര്‍ رضي الله عنه വിനെ കാഫിറായി ചിത്രീകരിക്കുന്നതോടൊപ്പം അലി رضي الله عنهവിനെ റബ്ബായി അവതരിപ്പിക്കുക കൂടി ചെയ്യുന്നു ഇബ്‌റാഹീമുല്‍ ക്വുമ്മി!

ഏഴ്: സൂറത്തുസ്സുമറിലെ 69 ാം ആയത്ത്:

وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا

ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭ’കൊണ്ട് പ്രകാശിക്കുകയും ചെയ്യും …… (39/69)

ഇതാണ് ശരിയായ അര്‍ഥം. എന്നാല്‍ ശിയാതഫ്‌സീറില്‍ ആയത്തിന്റെ അര്‍ഥം റബ്ബുല്‍ അര്‍ദ്വ് (ഭൂമിയുടെ റബ്ബ്) എന്നാല്‍ ഇമാമുല്‍ അര്‍ദ്വ് അഥവാ ഭൂമിയുടെ ഇമാമ് എന്നാണ്. (തഫ്‌സീറുല്‍ക്വുമ്മി. 2:253, അല്‍ബുര്‍ഹാന്‍ 4:87, തഫസീറുസ്സ്വാഫി 4:331.)

എട്ട്: സൂറത്തുല്‍ബക്വറയിലെ 2 ാം ആയത്ത്:

ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. (2/2)

ആയത്തിന്റെ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ശിയാ തഫ്‌സീറുകളില്‍ ആയത്തിലെ കിതാബ് എന്നതിന് അര്‍ഥം അലിയ്യ് എന്നാകുന്നു. അഥവാ അലിയ്യില്‍ യാതൊരു സംശയവുമില്ല എന്ന്. (തഫ്‌സീറുല്‍ക്വുമ്മി. 1:30, തഫ്‌സീറുല്‍അയ്യാശി. 1:26, അല്‍ബുര്‍ഹാന്‍ 1:53, തഫ്‌സീറുസ്സ്വാഫി 1:91,92.)

ഒമ്പത്: സൂറത്തുല്‍അഅ്‌റാഫിലെ 31 ാം ആയത്ത്:

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. (7/31)

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ആയത്തിലെ മസ്ജിദ് എന്നതിന് ശിയാതഫ്‌സീറുകളില്‍ അര്‍ഥം ഇമാം എന്നാണ്.

പത്ത്: സൂറത്തുല്‍ ഗാഫിറിലെ 7 ാം ആയത്ത്:

തെറ്റുകളില്‍നിന്ന് വിരമിച്ചും അതില്‍ ഖേദിച്ചും അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങലാണ് തൗബ. എന്നാല്‍ ശിയാ തഫ്‌സീറുകള്‍ വിശുദ്ധ ക്വുര്‍ആനിലെ സൂറത്തുല്‍ ഗാഫിറിലെ ഏഴാം ആയത്തിന് തഫ്‌സീര്‍ നല്‍കിയപ്പോള്‍ അബൂബകര്‍ رضي الله عنه വിന്റെയും ഉമര്‍ رضي الله عنهവിന്റെയും ഉഥ്മാൻ رضي الله عنه വിന്റെയും അമവികളുടെയും വിലായത്തില്‍ (ഭരണത്തില്‍) നിന്ന് അലിയ്യിന്റെ ഭരണത്തിലേക്ക് മടങ്ങലാണ് തൗബ.

فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ

ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. (40/7)

ആയത്തിന്റെ യഥാര്‍ഥ ആശയാര്‍ത്ഥമാണ് മുകളില്‍ നല്‍കിയത്. എന്നാല്‍ ഇവിടെ ശിയാതഫ്‌സീറുകള്‍ പറയുന്നത്, ‘മൂന്ന് ത്വാഗൂത്തുകളുടെയും (അബൂബകര്‍, ഉമര്‍, ഉഥ്മാന്‍ رضي الله عنهم) അമവികളുടെയും വിലായത്തില്‍നിന്ന് മടങ്ങുകയും അലിയ്യിന്റെ വിലായത്ത് പിന്‍പറ്റുകയും ചെയ്തവര്‍ക്ക് നീ പൊറുക്കേണമേ’ എന്നാണ്. (തഫ്‌സീറുല്‍ക്വുമ്മി. 2:255, അല്‍ബുര്‍ഹാന്‍ 4:92, 933, തഫ്‌സീറുസ്സ്വാഫി 4:335)

കഅ്ബയോ കര്‍ബലയോ?

മുസ്‌ലിം സമുദായത്തെ കഅ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനും അവരുടെ ആദര്‍ശം ചോര്‍ത്തുവാനും ഐക്യം ശിഥിലമാക്കുവാനും ഹജ്ജിലും ഉംറയിലും അവര്‍ക്ക് വിരക്തിയുണ്ടാക്കുവാനും ശിയാ നേതാക്കള്‍ പണിയെടുക്കുകയും ശത്രുവിന് ഒത്താശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി ശിയാഗ്രന്ഥങ്ങളില്‍നിന്നുള്ള അനേകം നിവേദനങ്ങള്‍ ഈ യാഥാര്‍ഥ്യം നമ്മോടോതുന്നു. ഇത് വ്യക്തമാക്കുന്ന രണ്ട് വിഷയങ്ങളും ശിയാ ഗ്രന്ഥങ്ങളിലെ നിവേദനങ്ങളും ഇവിടെ നല്‍കുന്നു.

അറഫാദിനത്തിലും പെരുന്നാളിനും കര്‍ബലാ സിയാറത്ത്

അറഫാദിനത്തിലും പെരുന്നാളിനും കര്‍ബലയില്‍ ഹുസൈന്‍ رضي الله عنه വിന്റെ ക്വബ്ര്‍ സിയാറത്ത് ചെയ്യന്നതിനുള്ള മഹത്ത്വമറിയിക്കുന്ന ഒരു ശിയാനിവേദനം ഇപ്രകാരമുണ്ട്. പ്രസ്തുത നിവേദനമുള്ള ശിയാക്കളുടെ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവ അടിക്കുറിപ്പായി നല്‍കാം.

”വല്ലവനും പെരുന്നാളല്ലാത്ത ദിനം ഹുസയ്‌നിന്റെ കബ്‌റിനെ അതിന്റെ അര്‍ഹതയറിഞ്ഞ് സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന് പുണ്യകരവും സ്വീകാര്യവുമായ ഇരുപത് ഹജ്ജും ഇരുപത് ഉംറയും രേഖപ്പെടുത്തും… വല്ലവനും പെരുന്നാള്‍ സുദിനം ഹുസയ്‌നിന്റെ ക്വബ്‌റിനരികിലെത്തിയാല്‍ അല്ലാഹു അവന് നൂറ് ഹജ്ജും നൂറ് ഉംറഃയും രേഖപ്പെടുത്തും. വല്ലവനും അറഫാദിനം ഹുസയ്‌നിന്റെ കബ്‌റിനെ അതിന്റെ അര്‍ഹതയറിഞ്ഞ് സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന് പുണ്യകരവും സ്വീകാര്യവുമായ ആയിരം ഹജ്ജും ആയിരം ഉംറയും രേഖപ്പെടുത്തും; നിയോഗിച്ചയക്കപ്പെട്ട നബിയോടൊപ്പമോ നീതിമാനായ ഇമാമിനോടൊപ്പമോ നിര്‍വഹിച്ച ആയിരം യുദ്ധവും രേഖപ്പെടുത്തും.” (കുലയ്‌നിയുടെ ഫുറൂഉല്‍ കാഫി. 1:324, ഇബ്‌നുബാബവയ്ഹിയുടെ മന്‍ലായഹഌറുഹുല്‍ ഫക്വീഹ് 1:182, അത്ത്വൂസിയുടെ അഹ്ദീബ് 2:16, ഇബ്‌നുകൂലവയ്ഹിയുടെ കാമിലുസ്സിയാറാത്ത് പേ:169, ഇബ്‌നുബാബവയ്ഹിയുടെ ഥവാബുല്‍ അഅ്മാല്‍ പേ:50, അല്‍ഹുര്‍റുല്‍ ആമിലീയുടെ വസാഇലുശ്ശീഅഃ 10:359 എന്നിവയാണ് പ്രസ്തുത ശിയാഗ്രന്ഥങ്ങള്‍.)

കഅ്ബയെക്കാള്‍ മഹത്ത്വം കര്‍ബലക്ക്!

കഅ്ബ മുസ്‌ലിംകളുടെ ക്വിബ്‌ലയാണ്. ലോകര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ആരാധനാഭവനം. അല്ലാഹു അതിനെ ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും സുരക്ഷിത കേന്ദ്രവുമായി നിശ്ചയിച്ചിരിക്കുന്നു. അതാകട്ടെ അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. ഇതെല്ലാം കഅ്ബയെ കുറിച്ചുള്ള ഇസ്‌ലാമികമായ ഏതാനും കാഴ്ചപ്പാടുകളാണ്. എന്നാല്‍ ശിയാക്കളുടെ ആധികാരിക നിവേദനങ്ങള്‍ കഅ്ബയെക്കാള്‍ പദവിയും പവിത്രതയും പുണ്യവും കര്‍ബലക്ക് നല്‍കിയത് കാണാം. അലിയ്യ് ഇബ്‌നു ഹസനിലേക്ക് –വ്യാജമായി ചേര്‍ത്ത് ശിയാ ശെയ്ഖ് മജ്‌ലിസീ പറയുന്നു:

അല്ലാഹു കഅ്ബയുള്ള ഭൂമിയെ (മക്കയെ) സൃഷ്ടിക്കുകയും അതിനെ പവിത്രമായി (ഹറമായി) സ്വീകരിക്കുകയും അനുഗ്രഹീതമാക്കുകയും വിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതിന് ഇരുപത്തിനാലായിരം വര്‍ഷം മുമ്പ് അല്ലാഹു കര്‍ബലയെ അനുഗൃഹീതവും നിര്‍ഭയത്വവുമുള്ള ഹറമായി സ്വീകരിച്ചിരിക്കുന്നു. സൃഷ്ടികളെ അല്ലാഹു പടക്കുന്നതിന് മുമ്പുതന്നെ കര്‍ബല വിശുദ്ധവും അനുഗൃഹീതവുമായിരുന്നു. അല്ലാഹു കര്‍ബലയെ, സ്വര്‍ഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥലവും അവന്റെ ഔലിയാക്കള്‍ക്ക് പാര്‍ക്കുവാനുള്ള ഏറ്റവും ഉത്തമമായ ഭവനവും വാസസ്ഥലവും ആക്കുന്നതുവരെയും അത് അപ്രകാരം ആയിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ( ബിഹാറുല്‍ അന്‍ വാര്‍ 101:107)

അബ്ദുല്‍ ജബ്ബാര്‍ മദീനി

Leave a Reply

Your email address will not be published.

Similar Posts