നബി ﷺ പറഞ്ഞു: ‘ഞാൻ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങളും നമസ്‌കരിക്കുക’ (ബുഖാരി). നബി ﷺ യുടെ നമസ്കാരം പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യ നിധി തന്നെയാണ് ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്‌കാരത്തിന്റെ വിവരണം – തക്ബീർ മുതൽ തസ്‌ലീം വരെ – നിങ്ങൾ നോക്കിക്കാണുന്നത് പോലെ) എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അത് ലഭ്യമാക്കി പഠിക്കാനും പ്രാവര്‍ത്തികമാക്കാനും സത്യവിശ്വാസികളോട് ഉപദേശിക്കുന്നു. ഈ ഗ്രന്ഥത്തെ കുറിച്ച് മനസ്സിലാക്കാനും ഇഷ്ടപ്പെടാനും സഹായകരമാണ് പ്രസ്തുത ഗ്രന്ഥത്തിലെ മുഖദ്ദിമയിലെ ഗ്രന്ഥകര്‍ത്താവിന്റെ ഈ കുറിപ്പ്.
സ്‌തുതി മുഴുവൻ അല്ലാഹുവിന്. അവൻ അവന്റെ അടിമകളുടെ മേൽ നമസ്കാരം നിർബന്‌ധമാക്കി. അത് നിലനിർത്തുവാനും ഭംഗിയായി നിർവ്വഹിക്കുവാനും അവൻ അവരോട് കൽപിച്ചു. അതിലെ ഭയക്തിയെ (ഖുശൂഅ്)വിജയവും സന്തോഷവുമായി ബന്‌ധപ്പെടുത്തി. അതിനെ ഈമാനും കുഫ്റും തമ്മിൽ വേർതിരിക്കുന്ന ഒരു ഉപാധിയായും നീചവൃത്തിയിൽ നിന്നും നിഷിദ്ധമായവയിൽ നിന്നും തടഞ്ഞുനിർത്തുന്ന ഒന്നായും പരിഗണിച്ചു.
രക്ഷയും സമാധാനവും നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ മേൽ ഉണ്ടാവട്ടെ! അവിടുത്തെ അല്ലാഹു അഭിസംബോധന ചെയ്‌തത് ഇപ്രകാരമാണ്:
وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ
ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ച് കൊടുക്കുന്നതിനായി നിനക്ക് നാം ഉദ്ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. (ഖു൪ആന്‍:7/3)
ഈ കർത്തവ്യം അവിടുന്ന് ഭംഗിയായി നിർവഹിച്ചു. വാഗ് രൂപേണയും കർമ രൂപേണയും അവിടുന്ന് വിവരിച്ച് തന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമസ്കാരമായിരുന്നു. മാത്രമല്ല, ഒരിക്കൽ അവിടുന്ന് മിമ്പറിൽവെച്ച് നിന്നുകൊണ്ടും റുകൂഅ് ചെയ്‌തുകൊണ്ടും നമസ്കരിച്ച് കാണിക്കുകയും ചെയ്‌തു. ശേഷം അവിടുന്ന് അവരോട് പറഞ്ഞു:
إنما صنعتُ هذا؛ لتأتموا بي، ولِتَعلَّموا صلاتي
ഞാൻ ഇത് ചെയ്‌ത് കാണിച്ചത്, നിങ്ങൾ എന്നെ മാതൃകയാക്കുന്നതിന് വേണ്ടിയും എന്റെ നമസ്കാരം നിങ്ങൾ പഠിക്കുന്നതിന് വേണ്ടിയുമാണ്. (ബുഖാരി,മുസ്ലിം)
അതിൽ നബി ﷺ യെ അനുസരിക്കുന്നത് നമ്മുടെ മേൽ നിർബന്‌ധമാക്കിക്കൊണ്ട് പറഞ്ഞു:
صلوا كما رأيتموني أصلي
ഞാൻ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങളും നമസ്‌കരിക്കുക. (ബുഖാരി)
അവിടുന്ന് നമസ്കരിച്ച അതേ രൂപത്തിൽ നമസ്‌കരിച്ചവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന കരാർ അല്ലാഹുവിങ്കൽ ഉള്ളതായി അവിടുന്ന് സന്തോഷവാർത്ത അറിയിച്ചു. എന്നിട്ട് പറഞ്ഞു:
خمس صلوات افترضهن الله عزَّ وجلَّ، من أحسن وضوءهن، وصلاهن لوقتهن، وأتم ركوعهن وسجودهن وخشوعهن؛ كان له على الله عهد أن يغفر له، ومن لم يفعل؛ فليس له على الله عهدٌ، إن شاء؛ غفر له، وإن شاء؛ عذبه
അഞ്ച് നമസ്കാരങ്ങൾ അല്ലാഹു നിർബന്‌ധമാക്കി; ആരെങ്കിലും അതിനുവേണ്ടി നന്നായി വുളൂ ചെയ്യുകയും, കൃത്യസമയങ്ങളിൽ അവ നമസ്കരിക്കുകയും, അതിലെ റുകൂഉം സുജൂദും ഭയഭക്‌തിയും പൂർണമാക്കുകയും ചെയ്താൽ അവന് പൊറുത്ത് കൊടുക്കുമെന്ന് അല്ലാഹു കരാർ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്‌തിട്ടില്ലെങ്കിൽ, അവന് അല്ലാഹുവിങ്കൽ അങ്ങനെയൊരു കരാറില്ല. അവനുദ്ദേശിച്ചാൽ അവന് പൊറുത്ത് കൊടുക്കും; അവനുദ്ദേശിച്ചാൽ, ശിക്ഷിക്കുകയും ചെയ്യും. (അബൂദാവൂദ്)
അവിടുത്തെ കുടുംബത്തിനും, സൂക്ഷ്‌മശാലികളും പുണ്യവാന്മാരും അവിടുത്തെ ആരാധനകളും നമസ്കാരങ്ങളും വാക്കുകളും പ്രവൃത്തികളും നമുക്കെത്തിച്ച് തന്ന് അതിനെ – അതിനെമാത്രം – ഒരു മദ്ഹബും മാതൃകയുമാക്കിത്തന്ന അവിടുത്തെ അനുചരന്മാർക്കും നീ ഗുണം ചെയ്യേണമേ! അവരുടെ ചവിട്ടടികളെ പിന്തുടർന്നവർക്കും അന്ത്യനാൾവരെ അവരുടെ പാതയിലൂടെ സഞ്ചരിച്ചവർക്കും നീ ഗുണം ചെയ്യേണമേ!
ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ്, ഹാഫിസ് മുൻദിരി رَحِمـهُ الله യുടെ الترغيب والترهيب എന്ന ഗ്രന്‌ഥത്തിലെ നമസ്കാരത്തിന്റെ അദ്ധ്യായം ഞാൻ വായിക്കുകയും അത് നമ്മുടെ ചില സലഫി സഹോദരന്മാർക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്‌തപ്പോൾ ഇസ്ലാമിൽ നമസ്കാരത്തിനുള്ള സ്‌ഥാനവും പദവിയും നമുക്ക് വ്യക്തമായി. കൂടാതെ, നമസ്കാരം നിലനിർത്തുന്നവർക്കും അത് ഭംഗിയായി നിർവഹിക്കുന്നവർക്കുമുള്ള പ്രതിഫലവും ശ്രേഷ്‌ഠതയും മാന്യതയും നമുക്ക് വ്യക്തമായി. നബി ﷺ യുടെ നമസ്കാരവുമായി ഉള്ള അടുപ്പവും അകൽച്ചയുമനുസരിച്ച് ഇതെല്ലാം വ്യത്യാസപ്പെടുക തന്നെ ചെയ്യും. അതിലേക്ക് സൂചന നൽകുന്നതാണ് നബി ﷺ യുടെ ഈ വാക്കുകൾ:
إن العبدَ ليصلي الصلاةَ؛ ما يُكْتَبُ له منها إلا عُشْرُها، تُسْعُها، ثُمْنُها، سُبْعُها، سُدْسُها، خُمْسها، رُبْعُها، ثُلْثُها، نِصْفُها
ഒരു അടിമ ഒരു നമസ്കാരം നിർവ്വഹിച്ചാൽ, അതിന്റെ പത്തിലൊന്ന്, ഒമ്പതിലൊന്ന്, എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്, പകുതി എന്നിങ്ങനെയല്ലാതെ അതിൽനിന്നും അവന് വേണ്ടി എഴുതപ്പെടുന്നില്ല. (رواه ابن المبارك في ” الزهد ” (١٠/٢١/١- ٢) ، وأبو داود، والنسائي)
അതിനാൽ, നബി ﷺ യുടെ നമസ്കാരത്തിന്റെ രൂപം വിശദമായി മനസ്സിലാക്കിയാലല്ലാതെ അത് നിർവഹിക്കേണ്ട രൂപത്തിൽ നിർവഹിക്കാൻ നമുക്ക് സാധിക്കുകയില്ല – അതിൻ്റെ സമീപത്തുപോലും എത്താൻ സാധിക്കുകയില്ല – എന്ന കാര്യം എൻറെ സഹോദരന്മാരെ ഞാൻ ഉണർത്തി. അതുപോലെത്തന്നെ നമസ്‌കാരത്തിന്റെ നിർബന്‌ധ കാര്യങ്ങളും സ്വഭാവങ്ങളും അതിൻെറ ബാഹ്യരൂപങ്ങളും പ്രാർത്ഥനകളും ദിക്റുകളും എല്ലാം വിശദമായി മനസ്സിലാക്കേണ്ടതിൽ പെട്ടതാണ്. ശേഷം ഈ അറിവ് മുഴുവൻ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ നാം പരിശ്രമിക്കണം. എങ്കിൽ നമ്മുടെ നമസ്കാരം മ്ലേഛവൃത്തിയിൽ നിന്നും നിഷിദ്ധമായവയിൽ നിന്നും നമ്മെ തടുക്കുമെന്നും നബി ﷺ യിൽ നിന്നും ഉദ്ധരിക്കപ്പെട്ട രീതിയിലുള്ള അതിൻറെ പ്രതിഫലവും അനുഗ്രഹവും നമുക്ക് വേണ്ടി എഴുതപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
ഏതെങ്കിലും ഒരു മദ്ഹബിൽ തന്നെ അടിയുറച്ച് നിൽക്കുന്നതിനാൽ ജനങ്ങളിൽ ധാരാളം പേർക്ക് – ധാരാളം പണ്ഡിതന്മാർക്ക് പോലും – നബി ﷺ യുടെ നമസ്‌കാരത്തിന്റെ ശരിയായ വിവരണം മനസ്സിലാക്കാൻ സാധിക്കുന്നില്ല. മദ്ഹബുകളുടെ കൂട്ടത്തിലുള്ള ഓരോ മദ്ഹബിലും മറ്റ് മദ്ഹബുകളിൽ കാണാത്ത ഒരു നബിചര്യ കാണാൻ സാധിക്കുമെന്നുള്ള കാര്യം പരിപാവനമായ സുന്നത്തിനെ സേവിക്കുന്നതിൽ മുഴുകിയിരിക്കുന്നവർക്കും കർമ്മശാസ്ത്ര പണ്ഡിതന്മാർക്കും അറിയാവുന്നതാണ്. കൂടാതെ, നബി ﷺ യിലേക്ക് വിശ്വാസയോഗ്യമായി ചേർത്തുപറയാൻ സാധിക്കാത്ത കർമങ്ങളും വാക്കുകളും ആ മദ്ഹബുകളിലുണ്ട്. പിൽക്കാലക്കാരായ പണ്‌ഡിതന്മാരുടെ ഗ്രന്‌ഥങ്ങളിലാണ് ഇവ ധാരാളമായി കാണുന്നത്. അവരിൽ പലരും ഇവ നബി ﷺ യിലേക്ക് നിരുപാധികം ചേർത്തിപ്പറയുന്നതായിട്ടും നാം കാണുന്നു! അതുകൊണ്ടാണ് ഹദീഥ് പണ്ഡിതന്മാർ (അല്ലാഹു അവർക്ക് നന്മ പ്രദാനം ചെയ്യുമാറാകട്ടെ) അവയിലുള്ള പ്രശസ്‌ത ഗ്രന്‌ഥങ്ങൾക്ക് ‘തഖ്‌രീജി’ൻറെ ഗ്രന്‌ഥങ്ങൾ രചിച്ചത്. അതിൽ ഉദ്ധരിക്കപ്പെട്ട ഓരോ ഹദീഥിൻറെയും ‘സ്വഹീഹും’, ‘ളഈഫും’, ‘മൗളൂഉം’ വ്യക്തമാക്കിയിട്ടുണ്ടാകും. തഖ്‌രീജ് ഗ്രന്‌ഥങ്ങളുടെ ഉദാഹരണങ്ങൾ ഇവയാണ്: ശൈഖ് അബ്‌ദുൽ ഖാദിറുബ്‌നു മുഹമ്മദുൽ ഖുറശ് അൽഹനഫിയുടെ ” العناية بمعرفة أحاديث الهداية “، و” الطرق والوسائل في تخريج أحاديث خلاصة الدلائل ” ഹാഫിസ് സൈലഈയുടെ نصب الراية لأحاديث الهداية, അതിൻറെ സംക്ഷിപ്‌തരൂപമായ ഹാഫിസ് ഇബ്നു ഹജറുൽ അസ്ഖലാനിയുടെ الدراية; അദ്ദേഹത്തിൻറെ തന്നെ التلخيص الحبير في تخريج أحاديث الرافعي الكبير; ഇനിയും ധാരാളമുണ്ട്. ദൈർഘ്യം ഭയന്ന് അവയൊന്നും ഉദ്ധരിക്കുന്നില്ല.
ഗ്രന്ഥരചനക്കുള്ള കാരണങ്ങൾ
ഈ വിഷയം സമഗ്രമായി കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥം എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ, തക്‌ബീർ മുതൽ തസ്ലീം വരെയുള്ള നബി ﷺ യുടെ നമസ്കാരത്തിന്റെ രൂപം മുഴുവൻ ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഒരു പുസ്‌തകം ആരാധനാ കർമങ്ങളിൽ നബി ﷺയുടെ മാർഗം പിൻപറ്റണമെന്നാഗ്രഹിക്കുന്ന എന്റെ മുസ്ലിം സഹോദരന്മാർക്ക് വേണ്ടി തയ്യാറാക്കൽ എന്റെ ബാധ്യതയായി ഞാൻ മനസ്സിലാക്കി. മാത്രമല്ല, നബി ﷺയെ യഥാർത്ഥ രൂപത്തിൽ സ്നേഹിക്കുന്നവർക്ക് “ഞാൻ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങളും നമസ്ക്‌കരിക്കുക” എന്ന അവിടുത്തെ കൽപന പൂർത്തീകരിക്കാൻ എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.
അങ്ങനെ ഭാരമേറിയ ഈ ഉദ്യമത്തിന് ഞാൻ തയാറായി. ഇതിലേക്ക് അനുയോജ്യമായ ഹദീഥുകൾ ലഭിക്കുന്നതിനായി ഞാൻ വിവിധ ഹദീഥ് ഗ്രന്‌ഥങ്ങൾ പരതി. അതിന്റെ ഫലമാണ് നിങ്ങളുടെ കൈകളിലിരിക്കുന്ന ഈ പുസ്‌തകം. വിശുദ്ധ ഹദീഥിലെ നിയമങ്ങളും നിദാന ശാസ്ത്രങ്ങളും വിധിക്കുന്ന ഉറച്ച പരമ്പരയോട് കൂടിയുള്ള ഹദീഥുകളല്ലാത്തതൊന്നും ഉദ്ധരിക്കുകയില്ലെന്ന വ്യവസ്‌ഥ ഞാൻ സ്വയം നിശ്ചയിച്ചു. അറിയപ്പെടാത്തവരോ, ദുർബലരോ ആയ റിപ്പോർട്ടർമാരുടെയെല്ലാം ഹദീഥുകൾ ഞാൻ ഒഴിവാക്കി. അത് (നമസ്കാരത്തിന്റെ) ബാഹ്യരൂപം മാത്രം കൈകാര്യം ചെയ്യുന്നതായാലും, പ്രാർത്ഥനകളായാലും, അതിന്റെ ശ്രേഷ്‌ഠത വിവരിക്കുന്നതായാലും, അതല്ലാത്തവയായാലും ശരി. എന്തുകൊണ്ടെന്നാൽ ദുർബലമായ ഹദീഥുകളുടെയൊന്നും ആവശ്യമില്ലാത്തവിധം, സ്ഥിരപ്പെട്ടവ തന്നെ പര്യാപ്‌തമാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കാരണം ദുർബലമായ ഹദീഥുകൾ ‘ളന്ന്’ (ഊഹം, സംശയം) അല്ലാതെ പ്രദാനം ചെയ്യുന്നില്ല എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അതും, തെറ്റായ ഊഹമാണ്. അല്ലാഹു പറഞ്ഞതുപോലെ:
وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا
തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (ഖു൪ആന്‍:53/28)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: إياكم والظنَّ! فإن الظنَّ أكذبُ الحديث
നബി ﷺ പറഞ്ഞു: നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! കാരണം, ഊഹം വർത്തമാനങ്ങളിൽ ഏറ്റവും കളവായ ഒന്നാണ്. (ബുഖാരി, മുസ്ലിം)
അതിനാൽ, ദുർബലമായവ അടിസ്ഥാനമാക്കിക്കൊണ്ട് നമുക്ക് അല്ലാഹുവിനെ ആരാധിക്കാൻ പാടുള്ളതല്ല. മാത്രമല്ല, നബി ﷺ നമ്മോട് അത് വിലക്കിയിട്ടുമുണ്ട്. ദുർബലമായവ ഉദ്ധരിക്കുന്നത് അവിടുന്ന് വിലക്കിയിട്ടുള്ളതിനാൽ, അതനുസരിച്ച് പ്രവർത്തിക്കുന്നതും വിലക്കപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ.
ഈ പുസ്തകം ഞാൻ രണ്ട് ഭാഗങ്ങളായിട്ടാണ് ക്രോഡീകരിച്ചത്: പ്രധാന ഭാഗവും അനുബന്‌ധവും. ഹദീഥുകളുടെ ‘മത്നും’ (മൂല വാക്യം) അതിൽ നിന്ന് തന്നെയെടുക്കുന്ന അനുയോജ്യമായ വാക്യാംശങ്ങളും, ആദ്യാവസാനം സുഗമമാക്കി വായിക്കുന്നതിന് വേണ്ടി ഉചിതമായ വാക്കുകൾകൊണ്ട് കോർത്തിണക്കിയവ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് പ്രധാന ഭാഗം. ഹദീഥിന്റെ ഉള്ളടക്കവും പദങ്ങളും സുന്നത്തിന്റെ ഗ്രന്‌ഥങ്ങളിൽ കാണുന്ന അതേ രൂപത്തിൽ തന്നെ ഉൾക്കൊള്ളിക്കുവാൻ ഞാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ ഹദീഥ് തന്നെ വ്യത്യസ്‌ത രൂപത്തിൽ ഉള്ളതാണെങ്കിൽ വായന സുഗമമാക്കുന്നതിന് ഉപകരിക്കുന്ന രൂപമാണ് ഞാൻ തെരഞ്ഞെടുത്തത്. എന്നാൽ ബാക്കിയുള്ള രൂപങ്ങൾ (മറ്റൊരു ഉദ്ധരണിയിൽ…)”, അല്ലെങ്കിൽ “(മറ്റൊരു റിപ്പോർട്ടിൽ….)” എന്നിങ്ങനെ കൊടുത്തുകൊണ്ട് ഒരുമിച്ച് ചേർത്തിട്ടുണ്ട്. അപൂർവം ചില സന്ദർഭങ്ങളിലല്ലാതെ, നിവേദനം ചെയ്‌ത സ്വഹാബിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. അതുപോലെ, വായനയും പരിശോധനയും സുഗമമാക്കുന്നതിന് ഹദീഥ് ശേഖരിച്ച ഇമാമുകളുടെ പേരുകളും വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, അനുബന്‌ധ ഭാഗമാകട്ടെ, അത് പ്രധാന ഭാഗത്തിന്റെ വിശദീകരണമാണ്. പ്രധാന ഭാഗത്ത് ഉദ്ധരിച്ച ഹദീഥുകളുടെ ‘തഖ്രീജ്’ ഞാൻ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം, അതിലെ പദങ്ങളെകുറിച്ചും നിവേദനം ചെയ്യപ്പെട്ട വ്യത്യസ്‌ത മാർഗങ്ങളെ കുറിച്ചും അതിന്റെ പരമ്പരയെകുറിച്ചും റിപ്പോർട്ടർമാരെ കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ പരാമർശങ്ങളും. ഹദീഥ് നിദാന ശാസ്ത്ര നിയമമനുസരിച്ച് ഹദീഥ് സ്വഹീഹാണോ, ളഈഫാണോ എന്നുള്ളതിനെ കുറിച്ചുമുള്ള വിശദമായ പഠനവും ഞാൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പലപ്പോഴും ചില മാർഗത്തിലൂടെയുള്ള ഉദ്ധരണികളിൽ മറ്റു ചിലതിൽ കാണാത്ത വാക്കുകൾ കൂടുതലായി കാണാം. അത്തരം സന്ദർഭങ്ങളിൽ, സുഗമമായ വായനക്ക് ഭംഗം വരാത്ത രീതിയിൽ, അധികരിച്ച് വന്ന ആ വാക്കുകൾ സാധ്യമാകുന്നിടത്തോളം-ചതുര (ബ്രാക്കറ്റുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അധികമുള്ള ആ ഭാഗം ആര് ഉദ്ധരിച്ചതാണെന്ന് പലപ്പോഴും വ്യക്‌തമാക്കിയിട്ടില്ല. ഒരേ സ്വഹാബിയിൽനിന്നും വന്ന ഹദീഥുകൾക്ക് മാത്രമെ ഇങ്ങനെ ചെയ്‌തിട്ടുള്ളൂ. അങ്ങനെയല്ലാത്തവയിൽ, ഹദീഥുകൾ സ്വതന്ത്രമായി ഉദ്ധരിച്ചിട്ടുണ്ട്. “പ്രാരംഭ പ്രാർത്ഥന” എന്ന അധ്യായത്തിലും മറ്റും കാണാവുന്നത് പോലെ. മറ്റ് പുസ്‌തകങ്ങളിലൊന്നും കാണാൻ കഴിയാത്ത അമൂല്യമായ ഒരു സംഗതിയാണിത്. അല്ലാഹുവിനാകുന്നു സർവ്വസ്‌തുതിയും! അവന്റെ അനുഗ്രഹം കൊണ്ടാണ് സൽകർമങ്ങൾ പൂർത്തീകരിക്കപ്പെടുന്നത്.
ശേഷം, നാം വിവരിച്ച ഹദീഥുകളെകുറിച്ച് പണ്‌ഡിതന്മാരുടെ അഭിപ്രായങ്ങളും, അതോടൊപ്പം ഓരോ അഭിപ്രായത്തിനും അനുകൂലവും പ്രതികൂലവുമായുള്ള തെളിവുകളും. അവയുടെ ചർച്ചയും അനുബന്‌ധ ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. ശേഷം അതിൽനിന്ന് ശരിയായ അഭിപ്രായം തെരഞ്ഞെടുത്ത് പ്രധാന ഭാഗത്ത് കൊടുത്തു. സുന്നത്തിൽ വ്യക്തതമായി പ്രതിപാദിച്ചിട്ടില്ലാത്ത ‘ഇജ്‌തിഹാദ്’ (ഗവേഷണം) ആവശ്യമുള്ള ചില വിഷയങ്ങളും അനുബന്‌ധ ഭാഗത്ത് ഉൾക്കൊള്ളിച്ചു. എന്നാൽ, അത് നമ്മുടെ ഈ പുസ്‌തകത്തിലെ വിഷയവുമായി ബന്‌ധപ്പെട്ടതല്ല.
പല കാരണങ്ങൾകൊണ്ടും പ്രധാന ഭാഗവും അനുബന്‌ധ ഭാഗവും ഒന്നിച്ച് ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാൻ സാധ്യമല്ലാത്തതിനാൽ – ഇൻശാ അല്ലാഹ് – പ്രധാന ഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. അതിന് صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺയുടെ നമസ്‌കാരത്തിന്റെ വിവരണം – തക്ബീർ മുതൽ തസ്‌ലീം വരെ – നിങ്ങൾ നോക്കി ക്കാണുന്നത് പോലെ) എന്ന് നാമകരണം ചെയ്തു.
അല്ലാഹുവിന്റെ വജ്ഹ് മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനമാക്കുവാനും അതുമൂലം സത്യവിശ്വാസികളായ എന്റെ സഹോദരന്മാർക്ക് പ്രയോജനപ്പെടുവാനും ഞാൻ അല്ലാഹുവോട് ചോദിക്കുന്നു. അവൻതന്നെയാണ് (എല്ലാം)കേൾക്കുന്നവനും ഉത്തരം ചെയ്യുന്നവനും.
പുസ്തകക്രമീകരണം
നബി ﷺ യുടെ നമസ്‌കാരത്തെക്കുറിച്ച് മാർഗദർശനം നൽകുക എന്നത് മാത്രമാണ് ഈ ഗ്രന്‌ഥത്തിന്റെ വിഷയം. അതു കൊണ്ടുതന്നെ മുമ്പ് വിവരിച്ച കാരണത്താൽ, ഞാൻ ഏതെങ്കിലും ഒരു പ്രത്യേക മദ്ഹബിൽ ഒട്ടിച്ചേർന്ന് നിൽക്കുന്നത് സംഭവിച്ചു കൂടാൻ പാടില്ലാത്തതാണ്. നബി ﷺയിൽനിന്നും വന്ന സ്‌ഥിരപ്പെട്ട ഹദീഥുകൾ മാത്രമെ ഞാൻ ഉദ്ധരിക്കുകയുള്ളൂ. ഇത് തന്നെയാണ് പൗരാണികരും ആധുനികരുമായ ഹദീഥ് പണ്ഡിതന്മാർ സ്വീകരിച്ച മദ്ഹബ്. ഇപ്രകാരം പറഞ്ഞത് വളരെ നന്നാ യിരിക്കുന്നു:
“ഹദീഥിന്റെ ആളുകൾ – അവർ തന്നെയാണ് പ്രവാചകന്റെയും ആളുകൾ; എല്ലാ ഉച്ഛാസങ്ങളിലും അവർ അവിടുത്തോടൊപ്പമാണ്; അവർ അവിടുത്തോടൊപ്പം സഹവസിച്ചിട്ടില്ലെങ്കിലും”.
അതിനാൽ, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, ഓരോ വിഷയത്തിനും അനുയോജ്യമായ കാര്യങ്ങൾ വിവിധ ഹദീഥ് ഗ്രന്ഥങ്ങളിൽ നിന്നും വിവിധ മദ്ഹബുകളുടെ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും ഈ പുസ്‌തകത്തിൽ ഒരുമിച്ച് ചേർക്കുന്നതാണ്. അതുകാരണം, ഇതിലുള്ള പല യാഥാർത്ഥ്യങ്ങളും മറ്റേതെങ്കിലും ഗ്രന്ഥഥത്തിലോ, മദ്ഹബിലോ പൂർണമായി കാണാൻ സാധിക്കുകയില്ല. അതിനാൽ, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, അതനുസരിച്ച് പ്രവർത്തിക്കുന്നവൻ, അല്ലാഹു സന്മാർഗത്തിലാക്കിയവരുടെ കൂട്ടത്തിലായിരിക്കും.
فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. (ഖു൪ആന്‍:2/213)
ശേഷം, ഈ രീതി ഞാൻ സ്വയം സ്വീകരിച്ചപ്പോൾ, അതായത്, സ്‌ഥിരപ്പെട്ട സുന്നത്തിനെ മുറുകെ പിടിക്കുകയും അത് ഈ പുസ്തകത്തിലും മറ്റുള്ളവയിലും പ്രാവർത്തികമാക്കുകയും ചെയ്‌തപ്പോൾ, ജനങ്ങളിലുള്ള എല്ലാ കക്ഷികളെയും മദ്ഹബുകാരെയും ഒരു പോലെ തൃപ്‌തിപ്പെടുത്താൻ സാധിക്കുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. മാത്രമല്ല, അവരിൽ ചിലർ എന്നെ പരിഹസിക്കുമെന്നും ആക്ഷേപിക്കുമെന്നും എനിക്കറിയാമായിരുന്നു. എന്നാൽ ഇതൊന്നും എനിക്ക് പ്രശ്‌നമല്ലായിരുന്നു. കാരണം, ജനങ്ങളെ മുഴുവൻ ഒരു പോലെ തൃപ്‌തിപ്പെടുത്തുക എന്ന ആശയം അപ്രാപ്യമാണെന്ന് എനിക്ക് നന്നായി അറിയാം. നബി ﷺ പറഞ്ഞതുപോലെ:
من أرضى الناس بسخط الله؛ وكَلَه الله إلى الناس
അല്ലാഹുവിനെ വെറുപ്പിച്ചുകൊണ്ട് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നവനെ അല്ലാഹു ജനങ്ങളിലേക്ക് ചുമതലയേൽപിച്ച് കൊടുക്കും. (തിര്‍മിദി)
ഈ വരികളുടെ ഉപജ്‌ഞാതാവിന് അല്ലാഹു പ്രതിഫലം നൽകട്ടെ:
“ആക്ഷേപത്തിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് സാധിച്ചിട്ടില്ല തന്നെ, ഞാനൊരു ദുർഘടമായ മലമുകളിലെ ഗുഹയിലായിട്ടുപോലും; ജനങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷപ്പെടാൻ സാധിക്കുന്നവൻ ആരുണ്ട്, അവനൊരു പരുന്തിന്റെ ചിറകിനടിയിൽ ഒളിച്ചാൽ പോലും.”
സത്യവിശ്വാസികളോട് അല്ലാഹു കൽപിച്ചതും ദൂതന്മാരുടെ നേതാവായ നമ്മുടെ നബി മുഹമ്മദ് ﷺ വിശദീകരിച്ചതുമായ ഏറ്റവും ചൊവ്വായ മാർഗമാണ് അത് എന്ന എന്റെ വിശ്വാസം തന്നെ എനിക്ക് പര്യാപ്തമാണ്. അത് തന്നെയാണ് സ്വഹാബികളും താബിഉകളും, അവർക്ക് ശേഷമുള്ളവരുമുൾക്കൊള്ളുന്ന സച്ചരിതരായ മുൻഗാമികളും (സലഫുസ്സ്വാലിഹ്) സ്വീകരിച്ച മാർഗം. ഇന്ന് ഭൂരിപക്ഷം മുസ്ലിംകളും മദ്ഹബുകളിലേക്ക് ചേർത്തിപ്പറയുന്ന നാല് ഇമാമുകളും ഇവരിൽ ഉൾപ്പെടുന്നു. നബിചര്യയിൽ ഉറച്ചുനിൽക്കുന്നതിന്റെയും അതിലേക്ക് മടങ്ങേണ്ടതിന്റെയും അനിവാര്യതയിൽ ഇവരെല്ലാം യോജിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായ എല്ലാ വാക്കുകളെയും അവർ തള്ളിക്കളഞ്ഞിട്ടുമുണ്ട്. അത് പറഞ്ഞവൻ എത്ര മഹാനായാലും ശരി; കാരണം നബിﷺയുടെ പദവി ഏറ്റവും മഹത്വമേറിയതാണ്, അവിടുത്തെ മാർഗം ഋജുവായതുമാണ്. അതുകാരണം, ഞാൻ അവരുടെ മാർഗം സ്വീകരിക്കുകയും അവരുടെ കാൽപാടുകൾ പിന്തുടരുകയും ഹദീഥിനെ അടിസ്‌ഥാനപ്പെടുത്തിക്കൊണ്ടുള്ള എല്ലാ കൽപനകളെയും പിൻപറ്റുകയും ചെയ്യും. അവ അവരുടെതന്നെ അഭിപ്രായങ്ങൾക്കെതിരായാലും ശരി. നേരായ ഈ പാതയിൽ ഉറച്ച് നിൽക്കുന്നതും അന്‌ധമായ തഖ്‌ലീദിൽ നിന്നും തിരിഞ്ഞുകളയുന്നതിലും അവരുടെ ഈ കൽപനകൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അല്ലാഹു അവർക്ക് മഹത്തായ നന്മ പ്രദാനം ചെയ്യുമാറാകട്ടെ.
വിവര്‍ത്തനം : മുഹമ്മദ് സിയാദ്