ഭൂമിയില്‍ ജന്തുജാലങ്ങളുടെ നിലനില്‍പ്പിന്ന് അനിവാര്യമായ ഘടകമാണ് ജീവവായു. ശ്വസിക്കാതെ ഒരു നിമിഷം പോലും നമുക്ക് ജീവിക്കാനാവില്ല. മനുഷ്യരെപോലെ ദശലക്ഷക്കണക്കിനു ജീവജാലങ്ങള്‍ നൂറ്റാണ്ടുകളായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഈ ജീവവായു എവിടെ നിന്ന് വരുന്നു? എന്തുകൊണ്ട് അത് തീര്‍ന്നുപോകുന്നില്ല? എങ്ങനെയാണത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്? ഈ രഹസ്യങ്ങളുടെ ഉള്ളറയിലേക്കുള്ള അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഇതൊക്കെ ആസൂത്രിതമായി സംവിധാനിച്ചുവെച്ച അതിബുദ്ധിമാനായ ഒരു സ്രഷ്ടാവുണ്ട് എന്ന നിഗമനത്തിലേക്കാണ്.
ഓരോ സെക്കന്റിലും നാം ശ്വസിക്കുന്ന വായുവിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഓരോ മനുഷ്യനും ജനനം മുതല്‍ മരണംവരെ ഓക്‌സിജന്‍ ശ്വസിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ന് ഭൂലോകത്ത് ഏകദേശം 800 കോടി മനുഷ്യരുണ്ട്. മനുഷ്യര്‍ മാത്രമല്ല, മനുഷ്യരെ പോലെ ഇതേ ഓക്‌സിജന്റെ അവകാശികളായ ലക്ഷക്കണക്കിനു ജീവിവര്‍ഗങ്ങള്‍ വേറെയുമുണ്ട്. മനുഷ്യരെ കൂടാതെ ഭൂമിയില്‍ വേറെയും രണ്ടു ദശലക്ഷത്തോളം ജീവിവര്‍ഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഭൂരിപക്ഷവും നമ്മെ പോലെ ഓക്‌സിജനെന്ന ജീവവായുവിനെ ആശ്രയിച്ച് ജീവിക്കുന്നവയാണ്. ജീവിവര്‍ഗങ്ങളുടെ ഈ ശ്വസനപ്രക്രിയ ഭൂമിയിലെ ആദ്യത്തെ ജീവന്റെ തുടിപ്പു മുതല്‍ സഹസ്രാബ്ദങ്ങളായി അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഈ ഓക്‌സിജന്‍ തീര്‍ന്നു പോകുന്നില്ല? എവിടെനിന്നാണ് ഇത്രയും ഓക്‌സിജന്‍ രൂപംകൊള്ളുന്നത്? ഓക്‌സിജന്‍ ഒരിക്കലും തീര്‍ന്നു പോകാത്ത രീതിയിലുള്ള ഒരു സംവിധാനം എങ്ങനെ ഭൂമിയില്‍ ക്രമീകരിക്കപ്പെട്ടു? ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് ‘പരസ്പര ബന്ധിതവും പരസ്പര പൂരകങ്ങളുമായ’ ഒരു കൂട്ടം വ്യവസ്ഥകളുടെ ലോകത്തിലേക്കാണ്.
ഓക്‌സിജന്‍ ഉല്‍പാദനത്തിനായി പ്രകൃതിയിലുള്ള സംവിധാനങ്ങള്‍
(1) സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള ബന്ധം
ജന്തുവര്‍ഗത്തിന്റെ നിലനില്‍പിന് ഓക്‌സിജന്‍ ആവശ്യമായതുപോലെ സസ്യങ്ങളുടെ നിലനില്‍പിന് ആധാരമായ ഘടകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറന്തള്ളുമ്പോള്‍ ജന്തുലോകം ഈ ഓക്‌സിജന്‍ ഉപയോഗിക്കുകയും പകരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന വാതകം പുറത്തുവിടുകയും ചെയ്യുന്നു. അഥവാ ജന്തുലോകവും സസ്യലോകവും പരസ്പരമുള്ള ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും കൈമാറ്റം വഴി രണ്ടുകൂട്ടര്‍ക്കും ആവശ്യമായ ജീവവായു ലഭ്യമാകുന്നു. ഇതില്‍ ഒരു വര്‍ഗം ഇല്ലെങ്കില്‍ മറ്റേ വര്‍ഗത്തിനും നിലനില്‍പില്ല. സസ്യങ്ങളില്ലെങ്കില്‍ നാം ശ്വസിക്കുന്ന ഓക്‌സിജനും ഇല്ല എന്നര്‍ഥം.
(2) സസ്യങ്ങളും സൂര്യനും തമ്മിലുള്ള ബന്ധം
സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വെള്ളവും മണ്ണിലെ ധാതുലവണങ്ങളും ഉപയോഗപ്പെടുത്തി സൗരോര്‍ജത്തിന്റെ സഹായത്തോടെയാണ് അവയുടെ നിലനില്‍പിന്നാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നത്. ഈ പ്രക്രിയയെ ‘പ്രകാശ സംശ്ലേഷണം’ എന്നു പറയുന്നു. സൗരോര്‍ജം ഇല്ലായിരുന്നെങ്കില്‍ പ്രകാശസംശ്ലേഷണം എന്ന പ്രതിഭാസം സാധ്യമാകുമായിരുന്നില്ല. പ്രകാശ സംശ്ലേഷണം നടന്നില്ലെങ്കില്‍ സസ്യങ്ങളില്‍നിന്ന് ജന്തുജാലങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന ഭക്ഷണങ്ങളൊന്നും കിട്ടില്ല. ഈ പ്രക്രിയ വഴി ഭൂമിക്കടിയിലുള്ള ജലാംശം ഇലകളിലൂടെ സൂര്യന്‍ വലിച്ചെടുക്കുകയും അവ ആകാശത്തേക്ക് ഉയരുകയും മേഘങ്ങളില്‍ അടിഞ്ഞുകൂടി മഴയായി പെയ്യുകയും ചെയ്യുന്നു. അഥവാ സൂര്യന്‍ സസ്യങ്ങളുടെ നിലനില്‍പിനു സഹായിക്കുമ്പോള്‍ സസ്യങ്ങള്‍ സൂര്യന്‍ വഴി നടക്കുന്ന ജലചംക്രമണ സംവിധാനത്തെ സഹായിക്കുന്നു. ഇങ്ങനെ സൂര്യനും സസ്യങ്ങള്‍ക്കുമിടയില്‍ ഒരു ‘പാരസ്പര്യ സംവിധാനം’ നിലനില്‍ക്കുന്നു.
(3) ജലവും സസ്യങ്ങളും തമ്മിലുള്ള ബന്ധം
സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണ പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണു ജലം എന്ന് സൂചിപ്പിച്ചല്ലോ. ജല തന്മാത്രയുടെ രാസഘടന H2O എന്നാണ്. (രണ്ട് ഹൈഡ്രജന്‍ കണങ്ങളും ഒരു ഓക്‌സിജന്‍ കണവും). സസ്യങ്ങളില്‍വെച്ച് നടക്കുന്ന പ്രകാശ സംശ്ലേഷണ പ്രക്രിയയുടെ ഫലമായി സസ്യങ്ങള്‍ ജലതന്മാത്രകളിലെ ഓക്‌സിജനെ വേര്‍തിരിച്ചെടുക്കുകയും നാം ശ്വസിക്കുന്ന ഓക്‌സിജന്റെ രൂപത്തില്‍ അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്നു. അഥവാ നാം ശ്വസിക്കുന്ന ഓക്‌സിജനില്‍ ജലം എന്ന അത്ഭുതദ്രാവകത്തിനും പങ്കുണ്ട് എന്നര്‍ഥം.
(4) ഷഡ്പദങ്ങളും സസ്യങ്ങളും തമ്മിലുള്ള ബന്ധം
തേനീച്ചകള്‍, പൂമ്പാറ്റകള്‍, വണ്ടുകള്‍ എന്നിവ അവയ്ക്ക് ആവശ്യമായ തേന്‍ ശേഖരിക്കുന്നത് പൂക്കളില്‍ നിന്നാണു. ഒരു പൂവില്‍നിന്ന് തേന്‍ ശേഖരിക്കുന്നതിനിടെ ഈ ഷഡ്പദങ്ങളുടെ കാലുകളിലും ചിറകുകളിലും പറ്റിപ്പിടിക്കുന്ന പൂമ്പൊടികള്‍ പിന്നീട് അതേ സ്പീഷിസില്‍ പെട്ട മറ്റൊരു ചെടിയുടെ പുഷ്പത്തില്‍ നിക്ഷേപിക്കുന്നതിന്റെ ഫലമായി പ്രത്യുല്‍പാദനം നടക്കുകയും അതേ സ്പീഷിസിലുള്ള പുതിയ ഒരു ചെടി ഉണ്ടാവുകയും ചെയ്യും. അതുവഴി ആ സസ്യവര്‍ഗത്തിന്റെ പരമ്പര നിലനില്‍ക്കുകയും ചെയ്യുന്നു. ഇതും പ്രകൃതിയില്‍ കാണുന്ന ഒരു ‘പരസ്പര സഹകരണ’മാണ്. സസ്യങ്ങള്‍ ഷഡ്പദങ്ങള്‍ക്ക് അവയുടെ നിലനില്‍പിന്നാധാരമായ തേന്‍ നല്‍കുമ്പോള്‍ ഷഡ്പദങ്ങള്‍ തിരിച്ച് സസ്യ വര്‍ഗങ്ങളുടെ നിലനില്‍പിന്നാധാരമായ പ്രത്യുല്‍പാദനത്തിന്റെ ഭാഗമായ പരാഗണത്തിനു സസ്യങ്ങളെ സഹായിക്കുന്നു. ആയതുകൊണ്ട് തന്നെ പൂക്കളുള്ള സസ്യങ്ങളില്ലെങ്കില്‍ മേല്‍പറഞ്ഞ ഷഡ്പദങ്ങള്‍ക്ക് നിലനില്‍പില്ല. നേരെ തിരിച്ച് ഈ ഷഡ്പദങ്ങള്‍ ഇല്ലാതായാല്‍ അവമൂലം സംഭവിക്കുന്ന പരാഗണം നിലച്ചുപോകുന്നതിനാല്‍ സസ്യങ്ങള്‍ക്കും നിലനില്‍പില്ല. സസ്യങ്ങള്‍ക്ക് നിലനില്‍പില്ലെങ്കില്‍ പിന്നെ അവയില്‍നിന്നുള്ള ഓക്‌സിജനെയും ഭക്ഷ്യവിളകളെയും ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും നിലനില്‍പില്ലെന്നത് വ്യക്തമാണല്ലോ. ‘തേനീച്ചകളില്ലെങ്കില്‍ ഭൂമിയില്‍ 4 വര്‍ഷത്തിലധികം ഒരു ജീവിവര്‍ഗവും ജീവിക്കില്ല’ എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടാറുണ്ട്. ഇങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. എന്നാല്‍ ആ പറയപ്പെട്ട വാക്കുകള്‍ സത്യമാണ്. കാരണം തേനീച്ചകളില്ലെങ്കില്‍ പരാഗണമില്ല, പരാഗണമില്ലെങ്കില്‍ സസ്യവര്‍ഗം നിലനില്‍ക്കില്ല, സസ്യങ്ങളില്ലെങ്കില്‍ പിന്നെ നാമടക്കമുള്ള ജന്തുജാലങ്ങളും ഈ ഭൂമിയില്‍ അവശേഷിക്കില്ല. നോക്കൂ, നിസ്സാരമായ ഈ പ്രാണി വര്‍ഗങ്ങള്‍ക്ക് ഈ ഭൂമിയില്‍ നിര്‍വഹിക്കാനുള്ള കടമ എത്ര വലുതാണെന്ന്!
ഭൂമിയില്‍ ലഭ്യമായ ഓക്‌സിജന്റെ 70%ത്തോളം ഓക്‌സിജന്‍ പുറത്തുവിടുന്നത് കടല്‍ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്റ്റണുകളാണെന്നാണു ശാസ്ത്രനിഗമനം. സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന സസ്യവര്‍ഗമാണു ഫൈറ്റോപ്ലാങ്ക്റ്റണുകള്‍. ഇവ പ്രകാശസംശ്ലേഷണം വഴി ധാരാളം ഓക്‌സിജന്‍ പുറത്തുവിടുന്നു. ഈ കടല്‍ സസ്യങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന ചെറു മല്‍സ്യങ്ങള്‍ ധാരാളമുണ്ട്. ഈ ചെറു മല്‍സ്യങ്ങളെ ഭക്ഷിച്ചാണു സ്രാവ്, തിമിംഗലം പോലുള്ള വലിയ മല്‍സ്യങ്ങള്‍ ജീവിക്കുന്നത്. ഈ വലിയ മല്‍സ്യങ്ങള്‍ ഇല്ലെന്നു സങ്കല്‍പിക്കുക. അപ്പോള്‍ ചെറിയ മല്‍സ്യങ്ങള്‍ പെരുകുകയും അത് ഓക്‌സിജന്റെ ഫാക്ടറിയായ ഫൈറ്റോപ്ലാങ്ക്റ്റണുകള്‍ മുഴുവനായി തിന്നുനശിപ്പിക്കുന്നതിലേക്കും അത് ഓക്‌സിജന്റെ ലഭ്യതക്കുറവിലേക്കും ജന്തുക്കളുടെ വംശനാശത്തിലേക്കും നയിക്കും അഥവാ നിങ്ങള്‍ ഈ വരി വായിക്കുന്ന നിമിഷാര്‍ധത്തില്‍ ശ്വസിച്ച ഓക്‌സിജന്‍ കണികക്ക് പിന്നില്‍ കടലിലെ സസ്യങ്ങളോടും; സ്രാവിനോടും തിമിംഗലത്തോടുപോലും കടപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
നോക്കൂ, എത്ര മനോഹരവും പരസ്പര ബന്ധിതവും പരസ്പര പൂരകവുമായാണ് ഈ വ്യവസ്ഥകളെല്ലാം സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന്! ഈ ഭൂമിക്കകത്തുള്ള ജീവജാലങ്ങള്‍ക്കാവശ്യമായ ജീവവായു ഉണ്ടാകുന്നതിനു പിന്നില്‍, അത് തീര്‍ന്നുപോകാതിരിക്കുന്നതിനു പിന്നില്‍, എന്തുമാത്രം ആസൂത്രണത്തോട് കൂടിയ ക്രമീകരണങ്ങളാണു സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന്!
അന്തരീക്ഷത്തിലെ പാളികളും ഓക്‌സിജന്‍ ലഭ്യതയും
ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷ മണ്ഡലത്തിനു പ്രധാനമായും അഞ്ച് തട്ടുകളാണുള്ളത്.
(1) ട്രോപോസ്ഫിയര്‍ (ഭൗമോപരിതലത്തില്‍നിന്ന് 12 കി.മി വരെ ഉയരത്തില്‍).
(2) സ്ട്രാറ്റോസ്ഫിയര്‍ (12 മുതല്‍ 50 കി.മിവരെ ഉയരത്തില്‍).
(3) മിസോസ്ഫിയര്‍ (50 മുതല്‍ 80 കി.മി വരെ ഉയരത്തില്‍).
(4) തെര്‍മോസ്ഫിയര്‍ (80 മുതല്‍ 700 കി.മി വരെ ഉയരത്തില്‍).
(5) എക്‌സോസ്ഫിയര്‍ (700 മുതല്‍ 10,000 കി.മി വരെ ഉയരത്തില്‍. ഇത് ബഹിരാകാശത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗമാണ്).
ഇതില്‍ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ട്രോപോസ്ഫിയര്‍ മേഖല (012 കി.മി) മാത്രമാണു ജീവനു അനുയോജ്യമായിട്ടുള്ളത്. ജീവന്‍ നിലനില്‍ക്കാനാവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭ്യമായിട്ടുള്ളത് ഈ തട്ടില്‍ മാത്രമാണ്. ഇവിടെ പ്രധാനമായും ഉള്ള വാതകങ്ങള്‍ താഴെ പറയുന്നവയാണ്:
ഓക്‌സിജന്‍ (21%), നൈട്രജന്‍ (78%). ഇത് കൂടാതെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നിയോണ്‍, ആര്‍ഗണ്‍, മീതൈന്‍, ഹീലിയം തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യവും ചെറിയ അളവില്‍ ഉണ്ട്. ഇതില്‍ 21% എന്ന ഓക്‌സിജന്റെ അളവുപോലും കൃത്യമായ സംവിധാനമാണ് എന്നാണു ശാസ്ത്രനിരീക്ഷകരുടെ അഭിപ്രായം. കാരണം, ഓക്‌സിജന്‍ എന്നത് കത്താന്‍ സഹായിക്കുന്ന വാതകമാണ്. ഇതിന്റെ അളവ് 21%ത്തിനു മുകളിലായിരുന്നെങ്കില്‍ ഭൂമിയില്‍ അഗ്‌നിബാധ പെരുകുമായിരുന്നു. എന്നാല്‍ ഓക്‌സിജന്റെ അളവ് ഈ ശതമാനത്തെക്കാള്‍ കുറഞ്ഞുപോവുകയാണെങ്കില്‍ ജന്തുജാലങ്ങള്‍ക്കാവശ്യമായ ഓക്‌സിജന്റെ ലഭ്യതക്കുറവുണ്ടാവുകയും ചെയ്യും. ജീവവായുവായ ഓക്‌സിജന്റെ 85%വും ഭൂമിയോട് ചേര്‍ന്നുള്ള ജീവന്‍ നിലനില്‍ക്കുന്ന ആദ്യ 5 കി.മീറ്ററിനുള്ളിലാണ് എന്നതാണ് അത്ഭുതകരമായ മറ്റൊരു കാര്യം. ഈ ഓക്‌സിജനെങ്ങാനും ഭൂമിയോട് ചേര്‍ന്നുനില്‍ക്കാതെ മുകളിലെ അന്തരീക്ഷത്തിലേക്ക് പൊങ്ങി പാറിപ്പറക്കുകയായിരുന്നെങ്കില്‍ ഇവിടെയുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനു നന്നേ പാടുപെട്ടേനെ! എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല. ജീവന്‍ നിലനില്‍ക്കുന്ന, ജീവവായുവിന് ഏറ്റവും ആവശ്യക്കാരുള്ള ഭൗമോപരിതലത്തില്‍ മാത്രം ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഇത് ഒരു അത്ഭുതമല്ലേ?
ജീവന്റെ അടിസ്ഥാനങ്ങളായ ജീവവായുവും വെള്ളവും തീര്‍ന്നുപോകാതെ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം അറിയപ്പെട്ടിടത്തോളം ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. മറ്റു ഗ്രഹങ്ങളില്‍ ഇനി ചെറിയ അളവില്‍ കണ്ടെത്തിയാല്‍ തന്നെ അവ പുനരുല്‍പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ അവിടെയൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.
അന്തരീക്ഷത്തില്‍ മുകളിലേക്കുയരുന്തോറും വായു നേര്‍ത്തതാവുകയും ഓക്‌സിജന്‍ ലഭ്യത കുറയുകയും ശ്വസനത്തിനു ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുമെന്ന് സൂചിപ്പിച്ചല്ലോ. സത്യനിഷേധിയെ പറ്റി പരാമര്‍ശിക്കവെ അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞ ഒരു ഉപമ ശ്രദ്ധേയമാണ്:
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. (ഖുർആൻ:6/125)
ഓസോണ്‍പാളി എന്ന കാവല്‍ക്കാരന്‍
അന്തരീക്ഷത്തിന്റെ രണ്ടാമത്തെ തട്ടായ സ്ട്രാറ്റോസ്ഫിയറിലാണ് ‘ഓസോണ്‍ പാളി’ സ്ഥിതി ചെയ്യുന്നത്. ഓസോണിനെ കുറിച്ച് ഇവിടെ പ്രത്യേകിച്ച് പരാമര്‍ശിക്കാന്‍ കാരണം അതിന് ഓക്‌സിജനുമായി ബന്ധം ഉള്ളത് കൊണ്ടാണ്. ഓസോണ്‍ തന്മാത്ര നിര്‍മിക്കപ്പെട്ടിട്ടുള്ളത് 3 ഓക്‌സിജന്‍ കണികകള്‍ ചേര്‍ന്നാണ്. നാം ശ്വസിക്കുന്ന ഓക്‌സിജന്‍ തന്മാത്ര 2 ഓക്‌സിജന്‍ കണികകള്‍ ചേര്‍ന്നുണ്ടായതാണ്. ഓസോണ്‍ പാളിയുടെ പ്രധാന ജോലി സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളെ മുകളില്‍ തടഞ്ഞു നിര്‍ത്തുക എന്നതാണ്. ഈ രശ്മികളെങ്ങാനും ഭൂമിയില്‍ പതിച്ചിരുന്നെങ്കില്‍ ഇവിടെ ജീവന്‍ നിലനില്‍ക്കുമായിരുന്നില്ല.
وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു. (ഖുർആൻ:21/32)
കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടുക്കാന്‍ ആവശ്യമായ ഓസോണ്‍ ഓക്‌സിജനില്‍ നിന്ന് രൂപം കൊള്ളാന്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തന്നെ സാന്നിധ്യം ആവശ്യമാണ് എന്നതാണ്. അഥവാ ശത്രുവിന്റെ ആക്രമണം തടുക്കാനുള്ള പരിച നിര്‍മിക്കാന്‍ ശത്രു തന്നെ സഹായിക്കുന്ന ഒരു സംവിധാനം നിലനില്‍ക്കുന്നു എന്നര്‍ഥം!
വ്യവസ്ഥകള്‍ ഉണ്ടായതല്ല, സൃഷ്ടിക്കപ്പെട്ടതാണ്!
ഓക്‌സിജന്‍ രൂപീകരണത്തില്‍ പങ്കാളികളായ പരസ്പരബന്ധിതങ്ങളായ വിവിധ സംവിധാനങ്ങളെ കുറിച്ച് മുകളില്‍ സൂചിപ്പിച്ചുവല്ലോ. ചില ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്:
(1) മനുഷ്യരടക്കമുള്ള ജന്തുജാലങ്ങള്‍ക്ക് ജീവവായുവായി ഓക്‌സിജനാണ് വേണ്ടതെന്നത് എങ്ങനെ തീരുമാനിക്കപ്പെട്ടു? ഇത് നമ്മുടെ ശരീരകോശങ്ങള്‍ തീരുമാനിച്ചതാണോ? നമ്മുടെ അവയവങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനിച്ചതാണോ. ഒരിക്കലുമല്ല. കാരണം അവക്ക് സ്വതന്ത്രമായ ചിന്താശേഷിയില്ല. അപ്പോള്‍ ഇത് ആരുടെ തീരുമാനമാണ്?
(2) ജന്തുജാലങ്ങളുടെ നിലനില്‍പ്പിന് ഓക്‌സിജന്‍ അത്യാവശ്യമാണെന്നറിഞ്ഞ് അവക്കാവശ്യമായ അത്ര അളവില്‍ ഓക്‌സിജന്‍ ഭൂമിയില്‍ ഉല്‍പാദിപ്പിക്കണമെന്നത് ആരുടെ തീരുമാനമാണ്? ജന്തുലോകത്തിന് ആവശ്യമായ ഓക്‌സിജന്‍ നമുക്കങ്ങ് ഉല്‍പാദിപ്പിച്ച് കൊടുക്കാം എന്ന് സസ്യങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനിച്ചതാണോ? അല്ല, ഒരിക്കലുമല്ല. കാരണം അവക്ക്‌സ്വതന്ത്രമായ ചിന്താശേഷിയില്ല തന്നെ. എങ്കില്‍ പിന്നെ ഇത് ആരുടെ തീരുമാനമാണ്?!
(3) ഓക്‌സിജന്‍ ജലത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കണമെന്നും അതിനു സൂര്യപ്രകാശത്തെ ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നും അതില്‍ നിന്നുള്ള ഓക്‌സിജന്‍ അന്തരീക്ഷത്തിലേക്ക് വിടണമെന്നും ചെടികള്‍ക്ക് നിര്‍ദേശം കിട്ടിയതെവിടെ നിന്നാണ്? അതിനുള്ള സംവിധാനം എങ്ങനെ രൂപപ്പെട്ടു? ചെടികള്‍ സ്വയം ചിന്തിച്ച് തീരുമാനിച്ചതാണോ? അതിനുള്ള സംവിധാനങ്ങള്‍ അവ സ്വയം ഉണ്ടാക്കിയെടുത്തതാണോ? അല്ലല്ലോ, കാരണം അവക്കൊന്നും സ്വതന്ത്രമായ ചിന്താശേഷിയില്ല തന്നെ. എങ്കില്‍ പിന്നെ ഇത് ആരുടെ തീരുമാനമാണ്?
(4) ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഇവിടേക്ക് പ്രവേശിക്കരുതെന്നും അതിനു ഓസോണ്‍ എന്ന സംരക്ഷണ കവചം ഭൂമിക്ക് മുകളില്‍ ആവശ്യമാണെന്നും ആരുടെ തീരുമാനമാണ്? ചിന്താശേഷിയില്ലാത്ത ഭൂമി തീരുമാനിച്ചതാണോ? അതല്ല കുറച്ച് ഓക്‌സിജന്‍ കണങ്ങളെല്ലാം കൂടി നമുക്ക് ഓസോണ്‍ ആയി മാറി ഭൂമിയെ സംരക്ഷിക്കാം എന്ന് തീരുമാനിച്ചതാണോ? അല്ല, കാരണം അവക്കൊന്നും സ്വതന്ത്രമായ ചിന്താശേഷിയില്ല. എങ്കില്‍ പിന്നെ ഇത് ആരുടെ തീരുമാനമാണ്?
(5) ഈ ഓക്‌സിജന്‍ രൂപീകരണ സംവിധാനങ്ങളെല്ലാം ഒരുമിച്ച് പരസ്പരം ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ അവയെല്ലാം ഒരുമിച്ചായിരിക്കണം നിലവില്‍ വന്നത് എന്നത് വ്യക്തം. അല്ലാത്ത പക്ഷം ഒരു സംവിധാനമില്ലാതെ മറ്റൊന്ന് നിലനില്‍ക്കുമായിരുന്നില്ലല്ലോ. ഒരേസമയം ഉണ്ടാകണമെന്നതും അവ തമ്മില്‍ പരസ്പരധാരണയില്‍ പ്രവര്‍ത്തിക്കുന്നതും ആരുടെ തീരുമാനമാണ്? ആ സംവിധാനങ്ങളെല്ലാം കൂടി സ്വയം ഒരേസമയം രൂപം കൊള്ളുകയും ശേഷം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചതുമാണോ? ആയിരിക്കാന്‍ വഴിയില്ല. കാരണം ആ സംവിധാനങ്ങള്‍ക്കൊന്നും സ്വതന്ത്രമായ ചിന്താശേഷില്ല. പിന്നെ ആരാണ് ഈ സംവിധാനങ്ങളെയെല്ലാം ഇത്ര സമര്‍ഥമായി, സുന്ദരമായി താളപ്പിഴവുകളില്ലാതെ കൂട്ടിഘടിപ്പിച്ചത്?!
ഈ സംവിധാനങ്ങളെ കുറിച്ചും അവ തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും താളത്തെ കുറിച്ചും ചിന്തിക്കുന്ന ഏതൊരുവനും മനസ്സിലാകുന്ന കാര്യമാണ് അവയെല്ലാം ബോധപൂര്‍വവും ആസൂത്രിതമായും സംവിധാനിക്കപ്പെട്ടതാണെന്ന്. അഥവാ അതിനു പിന്നില്‍ അതിബുദ്ധിമാനായ ഒരു സംവിധായകന്‍ ഉണ്ടെന്നത്.
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا ﴿١﴾ ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا ﴿٢﴾
തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍.) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:25/1-2)
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى ﴿١﴾ ٱلَّذِى خَلَقَ فَسَوَّىٰ ﴿٢﴾ وَٱلَّذِى قَدَّرَ فَهَدَىٰ ﴿٣﴾
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ) വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും. (ഖുർആൻ:87/1-3)
ആ നിര്‍മാതാവിനെ മാത്രം ആരാധിക്കുന്നവരും അതുവഴി അവനോടുള്ള നന്ദി കാണിക്കുന്നവരാവുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെയും ഭൂമിയുടെയും മുഴുവന്‍ പ്രപഞ്ചത്തിന്റെയും രക്ഷിതാവായ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
ഓക്‌സിജന്‍ സംവിധാനങ്ങള്‍: ഭൗതിക-നിരീശ്വര സിദ്ധാന്തങ്ങളുടെ അടിവേരറുക്കുന്നത്
ഈ സംവിധാനങ്ങള്‍ ഒരുമിച്ചായിരിക്കണം ഉണ്ടായത് എന്നതും അവ തമ്മില്‍ പരസ്പരം ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതും ഇതില്‍ ഏതെങ്കിലും ഒരു സംവിധാനം ഇല്ലെങ്കില്‍ മറ്റേതിനും നിലനില്‍പില്ല എന്നതും ‘ഭൗതിക നിരീശ്വര’ സിദ്ധാന്തങ്ങളുടെ അടിവേരറുക്കുന്നതാണ്. കാരണം ഇവരുടെ വീക്ഷണപ്രകാരം ഓരോ സംവിധാനങ്ങളും താനെ അന്ധമായി ഉണ്ടായതാണ്. ഓരോന്നും അന്ധമായി തനിയെ ഉണ്ടായതാണെങ്കില്‍ ഈ സംവിധാനങ്ങള്‍ എങ്ങനെ പരസ്പരം അതിസമര്‍ഥമായി കൂട്ടിഘടിപ്പിക്കപ്പെട്ടു?
ഇവയില്‍ ഏതെങ്കിലും ഒരു സംവിധാനമില്ലെങ്കില്‍ മറ്റു സംവിധാനങ്ങളുടെ പ്രവര്‍ത്തനം അസാധ്യം അല്ലെങ്കില്‍ അപൂര്‍ണം ആണല്ലോ. അപ്പോള്‍, വ്യത്യസ്തമായ ഈ സംവിധാനങ്ങളെ തമ്മില്‍ സുന്ദരമായി കൂട്ടിഘടിപ്പിച്ചതാര്? അതും അന്ധമായി സംഭവിച്ചുവെന്നാണോ ഇവര്‍ വിശ്വസിക്കുന്നത്? എങ്കില്‍ ഇവരേക്കാള്‍ അന്ധത ബാധിച്ചവര്‍ മറ്റാരാണുള്ളത്. ഇത്തരക്കാര്‍ക്കുള്ളത് കണ്ണിനുള്ള അന്ധതയല്ല, മറിച്ച് ഹൃദയത്തെ ബാധിക്കുന്ന അന്ധതയാണെന്ന് അല്ലാഹു പറഞ്ഞതെത്ര ശരി:
فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
…….. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (ഖു൪ആന്‍ : 22/46)
ഡോ.സബീല്‍ പട്ടാമ്പി