അനുസരണം, ധൈര്യം, ക്ഷമ, തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) ആദിയായവയില്‍ തങ്ങളുടെ പോരായ്മ മനസ്സിലാക്കുവാനും, അത് നികത്തുവാനും ധാരാളം പാഠങ്ങള്‍ അനുഭവത്തിലൂടെ സത്യവിശ്വാസികള്‍ക്ക് ലഭിച്ച ഒരു മഹാസംഭവമായിരുന്നു ഉഹ്ദ് യുദ്ധം. (അമാനി തഫ്സീര്‍ :3/122)
ഹിജ്റ രണ്ടാം വര്‍ഷം നടന്ന് ബദ്ര്‍ യുദ്ധത്തിലെ പരാജയത്തിന് പകരം വീട്ടാൻ പുറപ്പെട്ട മക്കയിലെ ഖുറൈശികളും മുസ്ലിംകളും തമ്മിൽ ഹിജ്‌റഃ മൂന്നാം കൊല്ലം നടന്ന ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണ് ഉഹുദ് യുദ്ധം. മക്കയിൽ നിന്ന് ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുഹമ്മദ് നബി ﷺ യുടെ ജീവിതത്തിലെ രണ്ടാമത്തെ യുദ്ധമായിരുന്നു ഉഹ്ദ്.
ഉഹ്ദ് യുദ്ധം ഉണ്ടാകാനുണ്ടായ സാഹചര്യവും യുദ്ധവും ചുരുക്കത്തിൽ
ഹിജ്‌റഃ രണ്ടാം കൊല്ലത്തില്‍ നടന്ന സുപ്രസിദ്ധമായ ബദ്ര്‍ യുദ്ധത്തില്‍ ക്വുറൈശികളുടെ സൈന്യം, എണ്ണം കൊണ്ടും ആയുധ സജ്ജീകരണങ്ങള്‍കൊണ്ടും മുസ്‌ലിംകളെക്കാള്‍ എത്രയോ വമ്പിച്ചതായിരുന്നു. എന്നിട്ട് അവര്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അവരുടെ പ്രധാന നേതാക്കള്‍ പലരും കൊല്ലപ്പെടുകയും പലരും ബന്ധനസ്ഥരാകുകയും ചെയ്തു. ഇതിന് പകരം വീട്ടുവാനായി മൂവ്വായിരത്തോളം വരുന്ന ഒരു വമ്പിച്ച സേന അബൂസുഫ്‌യാന്‍റെ നേതൃത്വത്തില്‍ മദീനായുടെ അടുത്തൊരിടത്ത് വന്നിറങ്ങി. ഹിജ്‌റഃ മൂന്നാം കൊല്ലം ശവ്വാല്‍ മാസം ആദ്യത്തിലായിരുന്നു അത്. വിവരമറിഞ്ഞപ്പോള്‍, മദീനായുടെ ഉള്ളില്‍വെച്ച് തന്നെ അവരുമായി നേരിടുകയാണോ വേണ്ടത്? അതല്ല, വെളിയില്‍വെച്ച് നേരിടുകയാണോ വേണ്ടത് എന്ന നബി ﷺ സ്വഹാബികളുമായി ആലോചന നടത്തി. നബി ﷺ യുടെയും പരിചയസമ്പന്നരായ സ്വഹാബികളുടെയും അഭിപ്രായം അവര്‍ മദീനായില്‍ കടന്നുവന്നാല്‍ അവിടെവച്ച് യുദ്ധം ചെയ്യുന്നതാണ് നല്ലതെന്നും, പുറത്ത് ചെന്ന് യുദ്ധം ചെയ്യേണ്ടതില്ലെന്നുമായിരുന്നു. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യും അതിനോട് യോജിച്ചു. അത് മുസ്‌ലിംകളോടുള്ള ഗുണകാംക്ഷ കൊണ്ടായിരുന്നില്ല. മറിച്ച് താന്‍ കൊല്ലപ്പെടുമോ എന്ന പേടി കാരണത്താലായിരുന്നു.
എന്നാല്‍, ചെറുപ്പക്കാരുടെ – വിശേഷിച്ചും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഖേദക്കാരായിരുന്നവരുടെ – അഭിപ്രായം മറിച്ചായിരുന്നു. നബി ﷺ യുടെ പിതൃവ്യന്‍ ഹംസ رَضِيَ اللهُ عَنْهُ വും ഇക്കൂട്ടത്തിലായിരുന്നു. എണ്ണത്തിലും മെയ്ക്കരുത്തിലും കവിഞ്ഞുനിന്നിരുന്ന ഇവരുടെ ശക്തിയായ ആവശ്യം നിമിത്തം ഒടുവില്‍ ഇവരുടെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ശവ്വാല്‍ പത്തിന് വെള്ളിയാഴ്ചത്തെ പ്രസംഗത്തില്‍, ക്ഷമ, ധൈര്യം ആദിയായവയെക്കുറിച്ചു നബി ﷺ പല ഉപദേശങ്ങളും നല്‍കി. അങ്കി മുതലായവ അണിഞ്ഞുകൊണ്ട് ശനിയാഴ്ച നേരത്തെ നബി ﷺ ഒരുങ്ങി വീട്ടില്‍നിന്ന് പുറപ്പെട്ടു. ഇതു കണ്ടപ്പോള്‍, വെളിയില്‍ ചെന്ന് ശത്രുവെ നേരിടണമെന്ന് ശഠിച്ചിരുന്നവരില്‍ ചിലര്‍ക്ക് തങ്ങള്‍ നബി ﷺ യുടെ ഇഷ്ടത്തിന് വഴങ്ങാത്തതില്‍ ഖേദം തോന്നുകയും നബി ﷺ യുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളണമെന്ന് അപേക്ഷിക്കുകയും ഉണ്ടായി. ആയുധം ധരിച്ച് പുറപ്പെട്ട ഒരു പ്രവാചകനും അല്ലാഹു അവന്‍റെ തീരുമാനം നടപ്പാ ക്കുന്നതുവരെ മടങ്ങുവാന്‍ പാടില്ല എന്നായിരുന്നു നബി ﷺ യുടെ മറുപടി.
അങ്ങനെ, 1000 സ്വഹാബികളുമായി നബി ﷺ പുറപ്പെട്ടു. ശൗത്വ് എന്ന സ്ഥലത്തെത്തിയപ്പോള്‍, അബ്ദുല്ലാഹിബ്‌നു ഉബയ്യും 300 പേരോളം വരുന്ന അനുയായികളും പിന്നോക്കം മടങ്ങുകയുണ്ടായി. നമ്മുടെ വാക്ക് കേള്‍ക്കാതെ ചെറുപ്പക്കാരുടെ അഭിപ്രായം സ്വീകരിച്ചാണ് നബി ﷺ പുറപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണവര്‍ മടങ്ങിയത്. ബാക്കി 700 പേരും നബി ﷺ യും മുമ്പോട്ട് നീങ്ങി. ഇത്രയും ആളുകളുടെ മടക്കം പലരുടെയും മനസ്സില്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. മദീനായില്‍ നിന്ന് ഏതാണ്ട് നാല് നാഴിക ദൂരെ ഉഹ്ദിലെത്തിയപ്പോള്‍, പിന്‍ഭാഗത്ത് ഉഹ്ദ് മലയും, മുന്‍ഭാഗത്ത് ശത്രു സൈന്യവുമായിക്കൊണ്ട് അതിന്‍റെ താഴ്‌വരയില്‍ നബി ﷺ യും സഹാബികളും ഇറങ്ങി. പിന്‍ഭാഗത്തുനിന്ന് മലയിലൂടെ ശത്രുക്കള്‍ വന്ന് ഓര്‍ക്കാപ്പുറത്ത് ആക്രമിക്കുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു മര്‍മസ്ഥാനത്ത് അബ്ദുല്ലാഹിബ്‌നു ജുബൈര്‍ رَضِيَ اللهُ عَنْهُ വിന്‍റെ നേതൃത്വത്തില്‍ 50 അമ്പൈത്തുകാരെ നബി ﷺ നിറുത്തുകയും ചെയ്തു. ആ വഴിക്ക് ശത്രുക്കളെ വരുവാന്‍ അനുവദിക്കരുതെന്നും, എന്തുതന്നെ സംഭവിച്ചാലും സമ്മതം കിട്ടാതെ സ്ഥലം വിടരുതെന്നും അവരോട് നബി ﷺ പ്രത്യേകം കല്‍പിക്കുകയും ചെയ്തിരുന്നു. സൈന്യവിഭാഗങ്ങള്‍ക്ക് സ്ഥലനിര്‍ണയം ചെയ്തശേഷം യുദ്ധം ആരംഭിച്ചു.
ആരംഭത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയവും ശത്രുക്കള്‍ക്ക് പരാജയവും കണ്ട് തുടങ്ങി. ശത്രുക്കള്‍ യുദ്ധക്കളം വിട്ടോടുവാന്‍ തുടങ്ങി. അവര്‍ ഉപേക്ഷിച്ച് പോകുന്ന സാധനങ്ങള്‍ ശേഖരിക്കുവാന്‍ ചിലര്‍ ആ തക്കം ഉപയോഗപ്പെടുത്തകയും ചെയ്തു. ശത്രുക്കള്‍ പിന്‍തിരിഞ്ഞോടുന്നതും, മുസ്‌ലിംകള്‍ ‘ഗനീമത്ത്’ വസ്തുക്കള്‍ ശേഖരിക്കുന്നതും മലയിലുള്ള അമ്പൈത്തുകാര്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. യുദ്ധം അവസാനിച്ചുവെന്നും, തങ്ങള്‍ക്കും ഗനീമത്ത് ശേഖരണത്തില്‍ പങ്കുകൊള്ളാമെന്നും കരുതി അവര്‍ സ്ഥലംവിട്ടു. നബി ﷺ യുടെ കല്‍പന അവര്‍ വിസ്മരിച്ച് കളഞ്ഞു. അവരുടെ തലവന്‍ ഇബ്‌നു ജുബൈര്‍ رَضِيَ اللهُ عَنْهُ വും അല്‍പം ചിലരും മാത്രം സ്ഥലം വിടാതെ ഉറച്ചുനിന്നു. പക്ഷേ, ശത്രുപക്ഷത്തിലെ നേതാവായിരുന്ന ഖാലിദു്‌നുല്‍വലീദ് ഈ തക്കം മനസ്സിലാക്കി അത് ഉപയോഗപ്പെടുത്തി. ഒരു കുതിര സൈന്യവ്യൂഹവുമായി അദ്ദേഹം മലയുടെ പിന്നില്‍കൂടി ആ മാര്‍ഗേണ വന്ന് മുസ്‌ലിംകളെ പിന്നില്‍നിന്ന് പുതിയ ഒരു ആക്രമണം നടത്തി. അതോടുകൂടി, യുദ്ധക്കളം വിട്ടോടിയിരുന്ന ശത്രുക്കള്‍ വീണ്ടും തിരിച്ചുവന്ന് മുമ്പിലൂടെയും മുസ്‌ലിംകളെ ആക്രമിക്കുകയായി. നടുവില്‍ പെട്ടുപോയ മുസ്‌ലിംകളില്‍ ഇത് വമ്പിച്ച അമ്പരപ്പും പരിഭ്രമവും ഉളവാക്കി. പലരും അണിവിട്ട് ചിന്നിച്ചിതറി. കുറച്ചാളുകള്‍ മാത്രമേ യുദ്ധക്കളത്തില്‍ പതറാതെ ഉറച്ചുനിന്ന് പോരാടിയുള്ളൂ.
മുസ്‌ലിംകള്‍ക്ക് അങ്കലാപ്പ് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാരണവും ഉണ്ടായി. നബി ﷺ വധിക്കപ്പെട്ടു എന്നൊരു കിംവദന്തി പരന്നതായിരുന്നു അത്. ഇത് കേട്ടാല്‍ പിന്നെ, ആ അവസരത്തില്‍ സ്വഹാബികളുടെ സ്ഥിതി എന്തായിരിക്കുമെന്നും ഏറെക്കുറെ ഊഹിക്കാമല്ലോ. നബി ﷺ യാകട്ടെ, സ്ഥലം തെറ്റുകയോ കാലിടറുകയോ മനസ്സ് പതറുകയോ ചെയ്യാതെ സധീരം നിലകൊള്ളുന്നുണ്ടായിരുന്നു. നബി ﷺ യുടെ ചുറ്റുപുറവും ഒരു കോട്ടയെന്നോണം പത്ത് പന്ത്രണ്ട് ധീരസ്വഹാബികള്‍ ശത്രുക്കളുടെ ആയുധങ്ങളും അമ്പുകളും എതിരേറ്റ് സ്വീകരിച്ചുകൊണ്ട് ചെറുത്തുനിന്നിരുന്നു. അവരുടെ ധീരപരാക്രമങ്ങള്‍ ഇണയറ്റതായിരുന്നു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ച് നബി ﷺ ക്കു വേണ്ടി തങ്ങളുടെ ശരീരങ്ങളെ പരിചകളാക്കി അവരില്‍ ചിലര്‍ക്ക് അറുപതും എഴുപതും മുറിവുകളും ഏറ്റിട്ടുണ്ടായിരുന്നു. നബി ﷺ ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും അവിടത്തെ പല്ല് മുറിയുകയുമുണ്ടായി. കുറെ കഴിഞ്ഞപ്പോഴാണ് നബി ﷺ ജീവിച്ചിരിപ്പുണ്ടെന്നറിയുവാന്‍ സ്വഹാബികള്‍ക്ക് കഴിഞ്ഞത്. അതോടുകൂടി അവര്‍ക്കുണ്ടാകുന്ന ആശ്വാസം പറയേണ്ടതില്ലല്ലോ. നബി ﷺ മലയില്‍ ഒരിടത്ത് കയറി ‘ഇങ്ങോട്ട് വരിന്‍! ഇങ്ങോട്ട് വരിന്‍!’ എന്ന് വിളിച്ചുകൊണ്ടിരുന്നു. പുതിയൊരു ആവേശത്തോടും ധൈര്യത്തോടും കൂടി സ്വഹാബികള്‍ ചുറ്റും ഓടിക്കൂടി ശത്രുക്കളെ തുരത്തുവാന്‍ തുടങ്ങി. പക്ഷേ, തങ്ങള്‍ക്ക് ആദ്യം കിട്ടിയ വിജയത്തില്‍ ഭേരിയടിച്ചുകൊണ്ട് വേഗം സ്ഥലം വിടുകയാണവര്‍ ചെയ്തത്. ഇത് മുസ്‌ലിംകള്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത വമ്പിച്ച ഒരനുഗ്രഹമായിരുന്നു.
ബദ്ര്‍ യുദ്ധത്തിൽ മുസ്ലിംകൾക്ക് വിജയമെന്നും ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്ക് പരാജയമെന്നും ചിലര്‍ പറയാറുണ്ട്. എന്നാൽ ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്ക് അമ്പേ പരാജയമെന്ന് പറയാവതല്ല. മദീനയെ ആക്രമിച്ച് തകര്‍ക്കാൻ വന്ന ഖുറൈശികൾക്ക് അതിന് കഴിയാതെ തിരിച്ചുപോകേണ്ടി വന്നു.. യുദ്ധത്തിന്റെ തുടക്കത്തിൽ മുസ്‌ലിംകള്‍ക്ക് വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് അവരുടെ ഭാഗത്ത് നിന്നും സംഭവിച്ച ചില പാകപ്പിഴയിൽ ചില നഷ്ടങ്ങൾ സംഭവിച്ചു. എന്നിരുന്നാലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശത്രുക്കൾ അവരുടെ ലക്ഷ്യം നിറവേറ്റാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു.
ഉഹ്ദിൽ മുസ്ലിംകളിൽ 70 പേര്‍ ശഹീദുകളായി. അൻസാറുകളിൽ നിന്ന് 64 ആളുകളും മുഹാജിറുകളിൽ നിന്ന് ആറ് ആളുകളും ആയിരുന്നു അത്. ഹംസതു ബ്നു അബ്ദിൽ മുത്തലിബ് رضي الله عنه മിസ്അബ് ബ്നു ഉമൈർ رضي الله عنه തുടങ്ങിയവർ അതിൽ പ്രധാനികളായിരുന്നു. ഉഹ്ദ് യുദ്ധത്തിൽ ശുഹദാക്കൾ മരിച്ചുവീണ സ്ഥലത്തു തന്നെ പിന്നെ അവരെ മറമാടി. ശത്രു പക്ഷത്തു നിന്നും 23 പേരാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തിൽ തുടക്ത്തിൽ മുസ്‌ലിംകള്‍ക്ക് വിജയം
ആദ്യ ഘട്ടത്തില്‍ തന്നെ മുശ്‌രിക്കുകളുടെ മുഴുവൻ പതാകവാഹകരും കൊല്ലപ്പെടുകയുണ്ടായി. മുസ്ലിംകൾ മുശ്രിക്കുകളെ തുരത്തിയോടിച്ചു. മുസ്‌ലിംകള്‍ക്ക് വ്യക്തമായ സഹായം തന്നെ അല്ലാഹു ഇറക്കിക്കൊടുത്തു. അവരോടുള്ള തന്റെ കരാര്‍ അല്ലാഹു പാലിച്ചു. യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ പരിപൂര്‍ണമായ ആധിപത്യം നേടി. ആ രംഗം അല്ലാഹു വിശദീകരിക്കുന്നത് കാണുക:
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട് ……………….. (ഖു൪ആന്‍:3/152)
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَخَذَ سَيْفًا يَوْمَ أُحُدٍ فَقَالَ ” مَنْ يَأْخُذُ مِنِّي هَذَا ” . فَبَسَطُوا أَيْدِيَهُمْ كُلُّ إِنْسَانٍ مِنْهُمْ يَقُولُ أَنَا أَنَا . قَالَ ” فَمَنْ يَأْخُذُهُ بِحَقِّهِ ” . قَالَ فَأَحْجَمَ الْقَوْمُ فَقَالَ سِمَاكُ بْنُ خَرَشَةَ أَبُو دُجَانَةَ أَنَا آخُذُهُ بِحَقِّهِ . قَالَ فَأَخَذَهُ فَفَلَقَ بِهِ هَامَ الْمُشْرِكِينَ .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഉഹ്ദിന്റെ ദിവസം അല്ലാഹുവിന്റെ റസൂല്‍ ﷺ വാളെടുത്തു. എന്നിട്ട് ചോദിച്ചു: ‘എന്നില്‍നിന്ന് ആര് ഇത് സ്വീകരിക്കും?’ അപ്പോള്‍ അവര്‍ എല്ലാവരും അവരുടെ കൈകള്‍ നീട്ടി. അവരില്‍ എല്ലാവരും പറഞ്ഞു: ‘ഞാന്‍, ഞാന്‍.’ നബി ﷺ ചോദിച്ചു: ‘ആര് ഇതിന്റെ ബാധ്യത സ്വീകരിക്കും?’ അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. അപ്പോള്‍ സിമാകുബ്‌നു ഖറശ (അബൂ ദുജാന) പറഞ്ഞു: ‘ഞാന്‍ അതിന്റെ ബാധ്യത സ്വീകരിക്കുന്നതാണ്.’ അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അങ്ങനെ അദ്ദേഹം അത് സ്വീകരിക്കുകയും എന്നിട്ട് അതുകൊണ്ട് അദ്ദേഹം മുശ്‌രിക്കുകളെ ശക്തിയായി പിളര്‍ത്തുകയും ചെയ്തു’. (മുസ്‌ലിം:2470)
വിചാരിക്കാത്ത മുന്നേറ്റമായിരുന്നു ഓരോ സ്വഹാബിയും കാണിച്ചത്. ഹംസ رَضِيَ اللَّهُ عَنْهُ ശക്തമായി ശത്രുക്കളുമായി പോരാടി. നേര്‍ക്കുനേരെ അദ്ദേഹത്തെ നേരിടാന്‍ ശത്രുപാളയത്തില്‍ ഒരാളും ഉണ്ടായിരുന്നില്ല. സമര രംഗത്ത് മുസ്‌ലിംകളുടെ ആവേശം കണ്ട ശത്രുക്കള്‍ പേടിച്ച് രംഗം വിട്ടോടി. മുസ്‌ലിംകളുടെ ധൈര്യവും സ്ഥൈര്യവും ആവേശവും ശത്രുക്കളെ പരിഭ്രാന്തിയിലാക്കി. തോറ്റോടുകയല്ലാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിയ അവര്‍ രക്ഷപ്പെടാനുള്ള മാര്‍ഗം നോക്കി. യുദ്ധത്തിന് കൊണ്ടുവന്ന മുഴുവന്‍ സാമഗ്രികളും അവിടെ ഇട്ടേച്ച് അവര്‍ ഓടി. ഉഹ്ദ് യുദ്ധത്തിന്റെ ആദ്യം ഘട്ടം ഇപ്രകാരമായിരുന്നു.
മുസ്‌ലിംകള്‍ക്ക് വിജയത്തെക്കുറിച്ചുള്ള വാഗ്ദാനം അല്ലാഹു നല്‍കിയിരുന്നു. അത് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുകയും ചെയ്തു. ആദ്യസമയത്ത് വല്ലാത്ത ഐക്യത്തിലും അനുസരണബോധത്തിലും അവര്‍ നിലയുറപ്പിച്ചു പോരാടി. ആ സമയത്ത് അല്ലാഹു ചെയ്ത വാഗ്ദത്തം അവന്‍ നിറവേറ്റി.
എന്നാൽ അതിന് ശേഷം മുസ്ലിംകളിൽ ചിലര്‍ക്ക് സംഭവിച്ച ദൗര്‍ബല്യങ്ങളും താല്‍പ്പര്യങ്ങളും വീഴ്ചകളും തിരിഞ്ഞോടിപ്പോയ ശത്രുക്കൾ വീണ്ടും തിരിച്ചു വന്ന് ആക്രമിക്കുന്നതിന് സാഹചര്യമൊരുക്കി. അതിൽ മുസ്ലിംകൾക്ക് കനത്ത നാശനഷ്ടമുണ്ടായി. നബി ﷺ ക്ക് പരിക്ക് പറ്റി. എങ്കിലും ശത്രുക്കൾക്ക് മുസ്ലിംകളെ കീഴടക്കാനായില്ല. ശത്രുക്കള്‍ക്ക് വേണമെങ്കില്‍ മുസ്‌ലിംകളെ നശിപ്പിക്കുവാന്‍ കഴിയത്തക്ക സാഹചര്യമുണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താതെ അവര്‍ വേഗം വിജയഭേരി മുഴുക്കി സ്ഥലം വിടുകയാണ് ചെയ്തത്. ഇത് അല്ലാഹു മുസ്‌ലിംകള്‍ക്ക് ചെയ്തുകൊടുത്ത വലിയൊരു അനുഗ്രഹമത്രെ.
ഉഹ്ദ് യുദ്ധം : ചില പാഠങ്ങൾ
ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട് ധാരാളം പാഠങ്ങൾ നമുക്ക് മനസ്സിലാക്കാനുണ്ട്. ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട പാഠങ്ങൾ സൂചിപ്പിക്കുന്നു.
ആള്‍ബലം കുറവായിട്ട് പോലും ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചുവെങ്കില്‍ അതിലേറെ ആള്‍ബലവും ആയുധ ബലവുമെല്ലാം ഉണ്ടായിട്ടും ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ചില പരാജയങ്ങൾ സംഭവിച്ചു. പല കാരണങ്ങളും അതിന് ഉണ്ടായിരുന്നു.
മുസ്‌ലിംകളുടെ വിജയം ശത്രുക്കളെ അലോസരപ്പെടുത്തും
ബദ്‌റിലെ മുസ്‌ലിംകളുടെ വിജയം ശത്രുക്കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. മക്കയിലും മദീനയിലും അതിന്റെ അലയൊലികള്‍ ഉണ്ടായി. ശത്രുക്കള്‍ക്ക് വലിയ അപമാനവും നാണക്കേടും ബദ്ര്‍ യുദ്ധം സമ്മാനിച്ചു. വിശ്വാസികള്‍ക്ക് ഈമാനികമായ കൂടുതല്‍ ശക്തിയും ലഭിച്ചു. മദീനയില്‍ മേല്‍ക്കോയ്മ നടിച്ച് നടന്നിരുന്ന യഹൂദികള്‍ക്ക് മുസ്‌ലിംകളുടെ വിജയം വലിയ അസ്വസ്ഥതയുണ്ടാക്കി. യഹൂദികളുടെ വമ്പും വീര്യവുമെല്ലാം ക്ഷയിച്ചു. ബദ്ര്‍ യുദ്ധത്തിന് ശേഷം ഇസ്‌ലാമിന് വലിയ വളര്‍ച്ചയുണ്ടായി. മക്കയില്‍നിന്നും മദീനയില്‍നിന്നുമായി ഇസ്‌ലാമിലേക്ക് വരുന്നവരുടെ എണ്ണം കൂടിവരാന്‍ തുടങ്ങി. ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കണ്ടപ്പോള്‍ പലര്‍ക്കും വിഭ്രാന്തിയുണ്ടായി. നമ്മളായിട്ട് ഇനി എങ്ങനെ മാറിനില്‍ക്കും, എങ്ങനെ ഇനി ഇസ്‌ലാമില്‍ ചേരാതിരിക്കും എന്ന് വിചാരിച്ചും ചിലര്‍ ഇസ്‌ലാമിലേക്ക് കയറിക്കൂടി. ഇന്ന് ഇസ്ലാമിനും മുസ്ലിംകൾക്കും ഏതെങ്കിലും രംഗത്ത് വിജയമോ നേട്ടമോ ഉണ്ടായാൽ അത് ശത്രുക്കളെ അലോസരപ്പെടുത്തും.
കൂടിയാലോചന
ഏത് കാര്യത്തിലും കൂടിയാലോചന നടത്തൽ നല്ല സ്വഭാവമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വിശുദ്ധ ഖുര്‍ആനിൽ ഉഹ്ദിന്റെ സംഭവം വിവരിക്കുന്ന ഭാഗത്ത്, മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറഞ്ഞു:
وَشَاوِرْهُمْ فِى ٱلْأَمْرِ
കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/159)
ക്വുറൈശികള്‍ മദീനയെ ആക്രമിക്കാൻ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചപ്പോൾ നബി ﷺ തന്റെ സ്വഹാബികളിൽ പ്രമുഖരെ ഒരുമിച്ചുകൂട്ടുകയും അവരുമായി കൂടിയാലോചന നടത്തുകയും ചെയ്തു.
ഒരു നേതാവ് എങ്ങനെയായിരിക്കണം
ശത്രുക്കള്‍ മദീനയില്‍ പ്രവേശിച്ച് നമുക്കെതിരില്‍ ആക്രമണം തുടങ്ങുമ്പോഴാണോ, അതോ മദീനയില്‍ എത്തുന്നതിന് മുമ്പായി മദീനയുടെ പുറത്തുവെച്ചാണോ അവരെ എതിരിടേണ്ടത് എന്നതിലായിരുന്നു നബി ﷺ സ്വഹാബിമാരോട് കൂടിയാലോചന നടത്തിയിരുന്നത്. ഇപ്പോള്‍ നമ്മള്‍ സുശക്തമായ, നിര്‍ഭയത്വമുള്ള ഒരു നാട്ടിലാണ് ഉള്ളത്. അതിനാല്‍ നമുക്ക് അവര്‍ മദീനയില്‍ പ്രവേശിച്ച് നമ്മെ കടന്നാക്രമിക്കുന്ന സമയത്ത് അവരോട് എതിരിടാം എന്നതായിരുന്നു നബി ﷺ യുടെ അഭിപ്രായം. അത് നബി ﷺ സ്വഹാബിമാരെ അറിയിച്ചു.
സ്വഹാബികളോട് കൂടിയാലോചന നടത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു: ‘മദീനയില്‍ തന്നെ നിങ്ങള്‍ നിലകൊള്ളുവാനും നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും വീടിനകത്താക്കാനുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെ ആകാം. ക്വുറൈശികള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെങ്കിൽ അതവര്‍ക്ക് വളരെ മോശമായ നിലയുറപ്പിക്കലാണ്. ഇനി അവര്‍ നമ്മിലേക്ക് ഇങ്ങോട്ട് പ്രവേശിക്കുകയാണെങ്കിൽ എല്ലാ ഇടുങ്ങിയ വഴികളില്‍ വെച്ചും നാം അവരെ കൊലപ്പെടുത്തും. മദീനയുടെ വഴികളെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവര്‍ നമ്മളാണ്. എല്ലാ ഉയര്‍ന്ന സ്ഥലങ്ങളിലും കയറി നിന്ന് അവരെ അമ്പെയ്തു കൊള്ളുക.’
നബിﷺ പറഞ്ഞ ഈ അഭിപ്രായം തന്നെയായിരുന്നു മുഹാജിറുകളിലെയും അന്‍സ്വാറുകളിലെയും പ്രധാനികളായ ആളുകളുടെ അഭിപ്രായം. എന്നാല്‍ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ നമുക്ക് അങ്ങോട്ട് ചെല്ലാമെന്ന് സ്വഹാബികളിലെ ഭൂരിപക്ഷമാളുകളും അഭിപ്രായമായി പറഞ്ഞു; പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്വഹാബികള്‍. ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്തവരായിരുന്നു ഈ അഭിപ്രായം പറഞ്ഞവരില്‍ അധികമാളുകളും. ഇവര്‍ നബി ﷺ യോട് ഇപ്രകാരം പറഞ്ഞു:
يا رسولَ اللهِ، واللهِ ما دُخِلَ علينا فيها في الجاهِليَّةِ، فكيف يُدخَلُ علينا فيها في الإسلامِ؟
‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ജാഹിലിയ്യത്തിലായിരിക്കെ അവര്‍ ഞങ്ങളിലേക്ക് കടന്നുവന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ഇസ്‌ലാമിലായിരിക്കെ മദീനക്കുള്ളിലേക്ക് അവരെ കടന്നു വരാന്‍ അനുവദിക്കുക?’ (നമുക്ക് അങ്ങോട്ട് യുദ്ധത്തിനു ചെല്ലാം എന്നര്‍ഥം).
അപ്പോള്‍ നബിﷺ പറഞ്ഞു: ‘ഇതാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ അങ്ങനെയാകട്ടെ.’ ഇതും പറഞ്ഞ് നബിﷺതന്റെ പടയങ്കി ധരിച്ചു. അധികമാളുകളും മദീനക്ക് പുറത്തു ചെന്നു തന്നെ യുദ്ധം ചെയ്യണമെന്ന അഭിപ്രായക്കാരായതു കൊണ്ട് നബിﷺ തന്റെ അഭിപ്രായത്തില്‍ നിന്നും പിന്മാറുകയുണ്ടായി. എന്നിട്ട് അവരുടെ അഭിപ്രായം സ്വീകരിച്ചു. നബിﷺ തന്റെ അഭിപ്രായം അവരുടെ മേൽ അടിച്ചേൽപ്പിച്ചില്ല. നബി ﷺ യുടെ അഭിപ്രായത്തിന് എതിരാണ് അനുയായികള്‍ പറയുന്നതെന്ന വിഷമമൊന്നും നേതാവായ നബി ﷺ യെ പിടികൂടിയില്ല.
ഉഹ്ദ് യുദ്ധത്തിൽ സ്വഹാബികളില്‍ പല പാകപ്പിഴവുകളും അനുസരണക്കേടും വന്നുപോയി. അതുനിമിത്തം പല അത്യാഹിതങ്ങളും അനുഭവപ്പെടുകയും ചെയ്തു. എന്നിട്ടുപോലും നബി ﷺ അവരോട് പരുഷമായോ, കഠിനമായോ പെരുമാറുകയുണ്ടായില്ല. വളരെ മയത്തിലും സൗമ്യത്തിലുമാണ് പെരുമാറിയത്. അവരുടെ നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപസ്വരത്തിലും അവിടുന്ന് പെരുമാറിയിരുന്നില്ല. നബി ﷺ യുടെ ഈ ഉല്‍കൃഷ്ട സ്വഭാവത്തെപ്പറ്റി അല്ലാഹു പ്രശംസിച്ച് പറഞ്ഞു:
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ഖു൪ആന്‍:6/159)
ഒരു പ്രവാചകൻ പടയങ്കി അണിഞ്ഞാല്‍ യുദ്ധം അവസാനിക്കുന്നതുവരെ അത് അഴിച്ചുവെക്കില്ല
അധികമാളുകളും മദീനക്ക് പുറത്തു ചെന്നു തന്നെ യുദ്ധം ചെയ്യണമെന്ന അഭിപ്രായക്കാരായതു കൊണ്ട് നബിﷺ അവരുടെ അഭിപ്രായം സ്വീകരിച്ചു. അങ്കി മുതലായവ അണിഞ്ഞുകൊണ്ട് ശനിയാഴ്ച നബി ﷺ ഒരുങ്ങി വീട്ടില്‍നിന്ന് പുറപ്പെട്ടപ്പോൾ ചിലര്‍ക്ക് തങ്ങള്‍ നബി ﷺ യുടെ ഇഷ്ടത്തിന് വഴങ്ങാത്തതില്‍ ഖേദം തോന്നി. സ്വഹാബിമാര്‍ക്കിടയില്‍ ചില സംസാരങ്ങളുണ്ടായി. എന്തിന് നാം നബി ﷺ യുടെ അഭിപ്രായത്തിന് എതിര് പറഞ്ഞു? അത് അരുതായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ ഇവിടം വിട്ട് പോകാന്‍ ആഗ്രഹിച്ചതല്ലല്ലോ. ഇവിടെ വെച്ചുതന്നെ അവരെ പ്രതിരോധിക്കാനായിരുന്നല്ലോ നബി ﷺ ഉദ്ദേശിച്ചത്. നബി ﷺ യുടെ ആ ആഗ്രഹത്തിന് നാം എതിര് നില്‍ക്കേണ്ടിയിരുന്നില്ല എന്ന് സ്വഹാബിമാര്‍ക്കിടയില്‍ സംസാരമുണ്ടായി. അവര്‍ നബി ﷺ യോട് സംസാരിക്കാനായി ഹംസ رَضِيَ اللَّهُ عَنْهُ യെ ഏല്‍പിച്ചു. എന്നിട്ട് അവര്‍ അദ്ദേഹത്തോട് പറഞ്ഞു: ”ഓ, ഹംസ! താങ്കള്‍ നബി ﷺ യോട് പറയൂ: ‘(നബിയേ) അങ്ങയുടെ തീരുമാനം പിന്‍പറ്റാനാണ് ഞങ്ങളുടെ തീരുമാനം.’ അങ്ങനെ ഹംസ رَضِيَ اللَّهُ عَنْهُ നബി ﷺ യോട് (അത്) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, തീര്‍ച്ചയായും ജനങ്ങള്‍ക്ക് കുറ്റബോധം ഉണ്ടായിരിക്കുന്നു. അവര്‍ പറയുന്നു; ഞങ്ങളുടെ തീരുമാനം അങ്ങയുടെ തീരുമാനത്തെ പിന്തുടരുകയാണ് (എന്നതാണ്).’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഒരു പ്രവാചകന് പടയങ്കി അണിഞ്ഞാല്‍ അത് (യുദ്ധം) അവസാനിക്കുന്നതുവരെ അഴിച്ചുവെക്കല്‍ ചേര്‍ന്നതല്ല… (തഫ്‌സീറുത്ത്വബ്‌രി)
കപട വിശ്വാസികൾ ഈ ഉമ്മത്തിന് തലവേദന
നബി ﷺ തന്റെ ആയിരം സ്വഹാബികളേയും കൊണ്ട് ശത്രുക്കളെ നേരിടാൻ പുറപ്പെട്ടു. ഉഹ്ദിന്റെ ഭാഗത്ത് അവര്‍ എത്തി. ശൈഖൈന്‍ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. അവിടെ അവര്‍ തമ്പടിച്ചു. പാതിരാ സമയത്തു തന്നെ നബി ﷺ അവിടെ നിന്നും നീങ്ങി. മദീനയുടെയും ഉഹ്ദിന്റെയും ഇടയില്‍ ശൗത്വ് എന്ന് പേരുള്ള സ്ഥലത്തെത്തി. സ്വുബ്ഹി നമസ്‌കാരത്തിന് സമയമായപ്പോള്‍ നബി ﷺ സ്വഹാബികളെയും കൊണ്ട് സ്വുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു.
സൈന്യം ശൗത്വ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കപട വിശ്വാസികളുടെ നേതാവായ ഈ അബ്ദുലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍ അവന്റെ ആളുകളോട് നമുക്ക് പിന്തിരിയാം എന്ന് ആഹ്വാനം നല്‍കി. അങ്ങനെ ഈ മുനാഫിക്വുകള്‍ വഴിയില്‍വെച്ച് പിന്തിരിഞ്ഞു. പക്വതയും പ്രായവും ഉള്ള ഞങ്ങളുടെ അഭിപ്രായം സ്വീകരിക്കാതെ മുഹമ്മദ് ചെറുപ്പക്കാരുടെ അഭിപ്രായമാണ് സ്വീകരിച്ചത് എന്നതായിരുന്നു ഇയാള്‍ പിന്തിരിയാനുള്ളതിന്റെ കാരണമായി പറഞ്ഞത്. അയാളുടെ അഭിപ്രായം മദീനയുടെ പുറത്ത് പോകാതെ അകത്തുവെച്ച് തന്നെ അവരോട് പോരാടാം എന്നതായിരുന്നു. അവന് നേരത്തെ തന്നെ നബി ﷺ യെ അവന്റെ തീരുമാനം അറിയിക്കാമായിരുന്നു. പക്ഷേ, അവന്‍ അത് ചെയ്തില്ല. ഉള്ളില്‍ വിശ്വാസമില്ലാത്ത കപടനാണല്ലോ അയാള്‍. അപ്പോള്‍ അയാളുടെ ലക്ഷ്യം വിഫലമാകും. നിര്‍ണായക സമയത്ത് മുന്നൂറ് പേരെയും കൂട്ടി പിന്തിരിഞ്ഞാല്‍ തീര്‍ച്ചയായും അത് മുസ്‌ലിം സൈന്യത്തിന് വലിയ ആഘാതമാകും എന്ന് അയാള്‍ പ്രതീക്ഷിച്ചു.
മുന്നൂറോളം കപടവിശ്വാസികളും അബ്ദുല്ലയുടെ കൂടെ നിന്നു. അവര്‍ അയാളുടെ കൂടെ മടങ്ങിപ്പോയി. അങ്ങനെ നബിയും 700 സ്വഹാബിമാരും ബാക്കിയായി. അവരെ മടക്കി വിളിച്ചുകൊണ്ട് വരുവാനുള്ള ഒരു ശ്രമം ചില സ്വഹാബികള്‍ നടത്തുകയുണ്ടായി. ഒന്നുകില്‍ നിങ്ങള്‍ വന്ന് നബിﷺ യൊന്നിച്ച് യുദ്ധം ചെയ്യുക, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യുക. രണ്ടിലൊന്ന് ചെയ്യണം എന്ന് അവര്‍ പറഞ്ഞുനോക്കി. യുദ്ധത്തില്‍ സംബന്ധിക്കുന്നില്ലാത്തപക്ഷം, മുസ്‌ലിംകളുടെ ഭാഗത്ത് ആളെ കാട്ടുകയെങ്കിലും ചെയ്താല്‍ അത് ശത്രുക്കളില്‍ ധൈര്യക്ഷയം വരുത്തുവാന്‍ ഉതകുമല്ലോ. ഒരു പക്ഷേ, ശത്രുക്കള്‍ മദീനായുടെ ഉള്ളില്‍ പ്രവേശിച്ച് നാട്ടുകാരെയും അബലകളെയും അക്രമിച്ചു കൂടായ്കയുമില്ല. അങ്ങനെ സംഭവിച്ചാല്‍ ഈ കപട വിശ്വാസികളുടെ തന്നെ കുടുംബങ്ങള്‍ക്കും നാശത്തില്‍ നിന്ന് ഒഴിവ് കിട്ടുകയില്ല. അതുകൊണ്ട് സജീവമായിട്ടല്ലെങ്കില്‍, പ്രത്യക്ഷത്തിലെങ്കിലും നിങ്ങള്‍ മുസ്‌ലിംകളുടെ കൂടെ നില്‍ക്കണം എന്നൊക്കെ അവര്‍ ഉപദേശിച്ചു. കപടവിശ്വാസികള്‍ ഇതിന് നല്‍കിയ മറുപടി ഇതായിരുന്നു: ‘ഒരു യുദ്ധം ഉണ്ടാകുമെന്ന് നമുക്ക് തോന്നുന്നില്ല. അഥവാ ഉണ്ടാകുന്ന പക്ഷം, ഞങ്ങള്‍ നിങ്ങളെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല. അപ്പോള്‍ നിങ്ങളൊന്നിച്ച് ഞങ്ങളും ചേര്‍ന്നുകൊള്ളാം. ഇത് കേവലം ഒരു തട്ടിപ്പും പരിഹാസവും മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ മുനാഫിക്വുകളെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചത്:
وَمَآ أَصَٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ ﴿١٦٦﴾ وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ ﴿١٦٧﴾
രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/166-167)
അബ്ദുലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍ 300 ആളുകളെയും കൊണ്ട് പിരിഞ്ഞു പോയപ്പോള്‍ ചില സ്വഹാബിമാര്‍ പറഞ്ഞു: ‘നമുക്ക് അവരോട് യുദ്ധം ചെയ്യാം’. മറ്റു ചിലര്‍ പറഞ്ഞു: ‘വേണ്ട, അവരോട് യുദ്ധം ചെയ്യേണ്ടതില്ല.’ അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:
فَمَا لَكُمْ فِى ٱلْمُنَٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا
എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:4/88)
عَنْ زَيْدِ بْنِ ثَابِتٍ رضى الله عنه قَالَ: لَمَّا خَرَجَ النَّبِيُّ صلى الله عليه وسلم إِلَى أُحُدٍ رَجَعَ نَاسٌ مِنْ أَصْحَابِهِ فَقَالَتْ فِرْقَةٌ نَقْتُلُهُمْ. وَقَالَتْ فِرْقَةٌ لاَ نَقْتُلُهُمْ. فَنَزَلَتْ {فَمَا لَكُمْ فِي الْمُنَافِقِينِ فِئَتَيْنِ} وَقَالَ النَّبِيُّ صلى الله عليه وسلم : إِنَّهَا تَنْفِي الرِّجَالَ كَمَا تَنْفِي النَّارُ خَبَثَ الْحَدِيدِ.
സൈദ് ബ്നു സാബിത് رضى الله عنه പറയുന്നു: നബി ﷺ ഉഹ്ദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു. നമുക്ക് അവരോട് യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട് യുദ്ധം ചെയ്യരുത്. അപ്പോള്‍ {എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? എന്ന സൂറത്ത് നിസാഇലെ 88-ാം സൂക്തം} അവതരിപ്പിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്‍റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി:1884)
മുസ്ലിം ഉമ്മത്തിന് നേരിടേണ്ടുന്ന മറ്റേതൊരു പ്രത്യക്ഷ ശത്രുവിനേക്കാളും അപകടകാരിയായ വിഭാഗമാണ് മുനാഫിഖുകള്‍. മറ്റുള്ളവരെക്കാള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ ദ്രോഹം വരുത്താന്‍ ഇവര്‍ക്കാകും. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു:
إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ
തീര്‍ച്ചയായും കപടവിശ്വാസികള്‍ (ഇസ്‌ലാം കപടമായി അനുഷ്ഠിച്ച്) അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. …….(ഖു൪ആന്‍:4/142)
يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:2/9)
إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا
തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:4/145)
പരീക്ഷണങ്ങൾ വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കാൻ
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല….. (ഖു൪ആന്‍:3/179)
യഥാര്‍ത്ഥവിശ്വാസികളും കപട വിശ്വാസികളും വേര്‍തിരിഞ്ഞു വെളിക്കുവരണം, സത്യത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധതയുള്ള സത്യസാക്ഷികള്‍ നിങ്ങളില്‍ ഉരുത്തിരിയണം, നിങ്ങളിലുള്ള ദൗര്‍ബല്യവും പോരായ്മയും നീക്കി നിങ്ങളെ ശുദ്ധീകരിച്ചെടുക്കണം, അങ്ങനെ ക്രമേണ അവിശ്വാസികളുടെ ശക്തിയും പ്രതാപവുമെല്ലാം തുടച്ച് നീക്കിക്കളയണം. ഇങ്ങനെ പലതുമാണ് ഈ പരീക്ഷണംകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് സാരം.
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ ﴿١٤٠﴾ وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَٰفِرِينَ ﴿١٤١﴾ أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ ﴿١٤٢﴾
നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്. അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ? (ഖുര്‍ആൻ:3/140-142)
ദീനിനുവേണ്ടി സമരം ചെയ്യുന്നവരെയും ശത്രുക്കളെ നേരിടുന്നതില്‍ സഹനവും ക്ഷമയും കൈക്കൊള്ളുന്നവരെയും അനുഭവത്തില്‍ വേര്‍തിരിച്ചറിയുവാന്‍ അവസരം ഉണ്ടാക്കുന്നതിന് മുമ്പ് – സത്യവിശ്വാസം സ്വീകരിച്ചുവെന്നതു കൊണ്ടുമാത്രം – സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് ആരും വിചാരക്കേണ്ട. മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞതുപോലുള്ള പല പരീക്ഷണങ്ങള്‍ക്കും നിങ്ങളും വിധേയരാകേണ്ടതുണ്ട്. പരീക്ഷണങ്ങളില്‍ സ്ഥൈര്യവും, സഹനവും അവലംബിക്കുന്നവര്‍ക്കേ ഇഹത്തില്‍ വിജയവും, പരത്തില്‍ സ്വര്‍ഗവും ലഭിക്കുകയുള്ളൂ. ശത്രുക്കളുമായി അടരാടി ഇസ്‌ലാമിനുവേണ്ടി വീരമൃത്യു അടയുവാന്‍ വളരെ കൊതിച്ചിരുന്നുവല്ലോ നിങ്ങള്‍. ഇപ്പോള്‍ നിങ്ങളത് അനുഭവത്തില്‍ കണ്ടുകഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് സധീരം അതിനെ നേരിടുവാന്‍ തയ്യാറാകുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് സാരം.
وَمَآ أَصَٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ ﴿١٦٦﴾ وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ ﴿١٦٧﴾
രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/166-167)
അനുസരണക്കേടിന്റെ ഫലം പരാജയം
عَنِ الْبَرَاءِ بْنِ عَازِبٍ قَالَ: جَعَلَ النَّبِيُّ صلى الله عليه وسلم عَلَى الرَّجَّالَةِ يَوْمَ أُحُدٍ ـ وَكَانُوا خَمْسِينَ رَجُلاً ـ عَبْدَ اللَّهِ بْنَ جُبَيْرٍ فَقَالَ : إِنْ رَأَيْتُمُونَا تَخْطَفُنَا الطَّيْرُ، فَلاَ تَبْرَحُوا مَكَانَكُمْ هَذَا حَتَّى أُرْسِلَ إِلَيْكُمْ، وَإِنْ رَأَيْتُمُونَا هَزَمْنَا الْقَوْمَ وَأَوْطَأْنَاهُمْ فَلاَ تَبْرَحُوا حَتَّى أُرْسِلَ إِلَيْكُمْ
ബറാഅ് ബ്നു ആസിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഉഹ്ദ് (യുദ്ധ) ദിനത്തിൽ അമ്പത് വയസ്സുള്ള കാലാൾപ്പടയുടെ (അമ്പെയ്ത്ത്) കമാൻഡറായി അബ്ദുല്ല ബിൻ ജുബൈറിനെ നബി ﷺ നിയമിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: നിങ്ങള്‍ക്ക് ഞാന്‍ സന്ദേശം നല്‍കുന്നതുവരെ, ഞങ്ങളെ പക്ഷികള്‍ റാഞ്ചുന്നതാണ് നിങ്ങള്‍ കാണുന്നതെങ്കിലും നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്തെ വിട്ടുപിരിയരുത്. ഈ സംഘം ഞങ്ങളെ തകര്‍ക്കുന്നതും കീഴ്‌പെടുത്തുന്നതും നിങ്ങള്‍ കാണുകയാണെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് സന്ദേശം നല്‍കുന്നതുവരെ നിങ്ങള്‍ (സ്ഥലം) വിടുകയും ചെയ്യരുത്. (ബുഖാരി:3039)
അങ്ങനെ യുദ്ധം കൊടുമ്പിരികൊണ്ടു. മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ യുദ്ധക്കളത്തില്‍നിന്ന് തുരത്തി ഓടിക്കുകയും കൊലപ്പെടുത്തുകയും ബന്ദികളാക്കുകയും യുദ്ധസ്വത്ത് സമാഹരിച്ച് കൊണ്ടിരിക്കുകയും ചെയ്തപ്പോൾ മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ നബി ﷺ യുടെ കൽപ്പന ധിക്കരിച്ച് അവിടെ നിന്നും ഇറങ്ങിവന്നു. മറ്റുള്ള ആളുകളോടൊപ്പം യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുവാന്‍ വേണ്ടിയായിരുന്നു അവര്‍ ഇറങ്ങിവന്നത്. ഈ സന്ദര്‍ഭത്തില്‍ അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
أَنَسِيتُمْ مَا قَالَ لَكُمْ رَسُولُ اللَّهِ صلى الله عليه وسلم
അല്ലാഹുവിന്റെ റസൂൽ ﷺ നിങ്ങളോട് പറഞ്ഞത് നിങ്ങൾ മറന്നോ? (ബുഖാരി:3039)
പക്ഷേ, മറ്റുള്ളവര്‍ അത് ചെവിക്കൊണ്ടില്ല. മുശ്‌രിക്കുകള്‍ പരാജയപ്പെട്ടതാണല്ലോ. ഇനി ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് എന്തിന് എന്നാണ് അവര്‍ ചിന്തിച്ചത്. ‘ജനങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും ഇറങ്ങിച്ചെല്ലുകയും അവരോടൊപ്പം യുദ്ധസ്വത്ത് സമാഹരിക്കുകയും ചെയ്യും’ എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇറങ്ങിപ്പോന്നു.
അമ്പെയ്ത്തുകാര്‍ മലമുകളില്‍ നിന്ന് ഇറങ്ങി വന്നതോടു കൂടി ശത്രുക്കള്‍ കടന്നുവരാനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. നബി ﷺ യുടെ നിര്‍ദേശത്തെ മാനിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജുബൈര്‍ رَضِيَ اللَّهُ عَنْهُ അവിടെത്തന്നെ നിന്നു. പത്തോളം വരുന്ന സ്വഹാബികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. നബി ﷺ യോട് കാണിച്ച ഈ അനുസരണക്കേടിന്റെ ഭാഗമായിക്കൊണ്ട് അല്ലാഹു ക്വുര്‍ആനിലെ ഈ വചനം ഇറക്കുകയുണ്ടായി:
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. (ഖു൪ആന്‍:3/152)
മുശ്‌രിക്കുകളുടെ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദ്ബ്‌നുല്‍ വലീദ് മലമുകളില്‍ നിന്നും അമ്പെയ്ത്തുകാര്‍ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അതിവേഗത്തില്‍ ആ വഴി കുതിച്ച് ഉഹ്ദിലേക്ക് കടന്നു ചെന്നു. മുസ്‌ലിം സൈന്യത്തിന്റെ നേരെ പിന്‍ഭാഗത്താണ് അദ്ദേഹം എത്തിയത്. ഉഹ്ദിലേക്ക് കടന്നു വന്നു എന്ന് മാത്രമല്ല മുസ്‌ലിംകളുടെ പിന്നിലൂടെയും മുന്നിലൂടെയും ഖാലിദിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട വലയം ചെയ്യുകയുണ്ടായി. ഇംറ ബിന്ദു അല്‍ഖമതുല്‍ഹാരിസിയ്യ എന്ന മുശിക്കത്തായ വനിത യുദ്ധക്കളത്തിലേക്ക് ഓടിവരികയും മുമ്പ് മുശ്‌രിക്കുകള്‍ വലിച്ചെറിഞ്ഞ കൊടിയെടുത്ത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതോടെ മുശ്‌രിക്കുകള്‍ കൊടിക്ക് ചുറ്റും ഒരുമിച്ചു കൂടി. ഖാലിദിന്റെ സൈന്യം മുസ്‌ലിംകളെ നാലുഭാഗത്തു നിന്നും വലയം ചെയ്തതോടുകൂടി മുസ്‌ലിം സൈന്യം ഛിന്നഭിന്നമായി. അവരുടെ അണികള്‍കള്‍ക്ക് താളംതെറ്റി. വ്യവസ്ഥകള്‍ താറുമാറായി. അമ്പെയ്ത്തുകാരായ സ്വഹാബിമാര്‍ നബിയുടെ കല്‍പനക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ഒരു കെട്ടിടം പോലെ ഉറച്ചുനിന്ന് യുദ്ധം ചെയ്തിരുന്ന മുസ്‌ലിം സൈന്യം ചിതറുകയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്തു. വ്യവസ്ഥകള്‍ താറുമാറായിക്കൊണ്ടുള്ള പരസ്പരം ഏറ്റുമുട്ടലില്‍ ആര് ആരെയാണ് വെട്ടുന്നത് എന്നു പോലും അറിയുമായിരുന്നില്ല. ഒട്ടനവധി മുസ്‌ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുകയുണ്ടായി. നിയന്ത്രണവും വ്യവസ്ഥയും നഷ്ടപ്പെട്ട യുദ്ധഭൂമിയില്‍ മുസ്‌ലിംകള്‍ അറിയാതെ ഹുദൈഫയുടെ പിതാവായ യമാനിനെ കൊലപ്പെടുത്തി.
അതിനിടയിൽ നബിﷺ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചു. ഇത് കേട്ടതോടു കൂടി മുസ്‌ലിംകളുടെ അവസ്ഥ വളരെ പ്രയാസമുള്ളതായി മാറി. മുസ്‌ലിം സൈന്യം ആകെ പരിഭ്രാന്തരായി. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് അവര്‍ക്കുണ്ടായത്. ഇതോടെ ചിലര്‍ യുദ്ധക്കളം വിട്ട് പിന്തിരിഞ്ഞോടി. തെറ്റില്‍ ഉറച്ചു നില്‍ക്കുവാനോ തിന്മ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടിയോ അല്ല അവര്‍ യുദ്ധക്കളം വിട്ടോടിയത്. മറിച്ച് അവിടെ അവര്‍ കണ്ട സാഹചര്യവും നാശത്തിന്റെതായ രംഗങ്ങളും സ്വാഭാവികമായും മനുഷ്യനില്‍ ഉണ്ടാവുന്ന ചിന്തകളിലൂടെ ഉടലെടുത്ത ദുര്‍ബലതയായിരുന്നു അവര്‍ തിരിഞ്ഞോടാനുള്ള കാരണം. നബി ﷺ യുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ അപ്പുറമായിരുന്നു. എന്നാല്‍ ഇങ്ങനെ തിരിഞ്ഞോടിയവര്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിരുന്നുള്ളൂ. അല്ലാഹു പറയുന്നു:
إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَٰبَكُمْ غَمَّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَٰبَكُمْ ۗ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ
ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.. (ഖു൪ആന്‍:3/153)
എന്നാല്‍ അല്ലാഹു തന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു:
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:3/155)
മറ്റ് ചിലര്‍ പരിഭ്രാന്തിയില്‍ അകപ്പെട്ടു. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുക എന്ന തീരുമാനത്തിലായിരുന്നു അവര്‍. ഭൂരിപക്ഷം സ്വഹാബിമാരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു. എന്നാല്‍ നബി ﷺ ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ നബിയിലേക്ക് മടങ്ങുകയും ചെയ്തു.
മറ്റ് ചിലര്‍ നബി ﷺ യുടെ കൂടെ ഉറച്ചു നിന്നിരുന്നു. അടിയുറച്ച പാറപോലെ നബി യുദ്ധക്കളത്തില്‍ ധൈര്യമായി നിന്നിരുന്നു. തന്റെ സ്ഥാനം വിട്ട് നബി ﷺ നീങ്ങിയിട്ടില്ല. ശത്രുക്കള്‍ക്ക് അഭിമുഖമായിത്തന്നെ നബി നിന്നു. മുസ്‌ലിംകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതായി കണ്ടപ്പോള്‍ നബി ﷺ വിളിച്ചു പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളേ, എന്റെ അടുക്കലേക്ക് വരൂ. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.” ഈ ശബ്ദം കേട്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്ക് നബിയെ മനസ്സിലായി അവര്‍ നബിക്ക് നേരെ ചാടി വീണു. നബി ﷺ യുടെ കൂടെ വളരെ വിരളം ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുഹാജിറുകളില്‍ നിന്ന് 7 പേരും അന്‍സ്വാറുകളില്‍ നിന്ന് ഏഴു പേരും. ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമാണ് മുഹാജിറുകളുടെ കൂട്ടത്തില്‍ നിന്ന് ഉണ്ടായിരുന്നത്.
അനസുബ്‌നു മാലിക് (റ)പറയുന്നു: ‘നബി ﷺ അന്‍സ്വാരികള്‍ക്കൊപ്പം ഒറ്റപ്പെട്ടു പോയി. ക്വുറൈശികളിലെ രണ്ട് ആളുകളും ഉണ്ടായിരുന്നു. അവര്‍ നബിയെ ആക്ഷേപിച്ചുകൊണ്ടും ചീത്ത പറഞ്ഞുകൊണ്ടും സംസാരിക്കാന്‍ തുടങ്ങി.” നബി ﷺ ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയുക? അവര്‍ക്ക് സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരായിരിക്കും.” ഇതു കേട്ടപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ മുന്നോട്ടുവന്നു. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്തു. വീണ്ടും അവര്‍ നബിയെ മോശപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നബി ﷺ വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയാനുള്ളത്? അവനു സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും.” അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ രംഗത്തുവരികയും കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുകയും ചെയ്തു. അങ്ങിനെ 7 പേരും ശഹീദാകുന്നതു വരെ ഈ അവസ്ഥ തുടര്‍ന്നു.
7 അന്‍സ്വാറുകള്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്‌രിക്കുകള്‍ നബിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. നബി ﷺ യെ കൊല്ലലായിരുന്നു അവരുടെ ലക്ഷ്യം. ഉതുബതുബ്‌നു അബീവക്വാസ് നബിയെ കല്ലെടുത്തെറിഞ്ഞു. നബിയുടെ കീഴ്ചുണ്ടിന് മുറിവേറ്റു. താഴ്ഭാഗത്തുള്ള വലത്തെ പല്ല് പൊട്ടുകയും ചെയ്തു. നബിയുടെ പടത്തൊപ്പി പൊട്ടി. അബ്ദുല്ലാഹിബിനു ശിഹാബ് എന്ന വ്യക്തി മുന്നോട്ട് ചെന്ന് നബിയുടെ നെറ്റിയില്‍ മുറിവേല്‍പിച്ചു. ഇബ്‌നു ഖംഅ നബി ﷺ യുടെ മുകളിലേക്ക് വാള്‍ ഉയര്‍ത്തുകയും നബിയുടെ ചുമലില്‍ അതിശക്തമായ നിലക്ക് അടിക്കുകയും ചെയ്തു. ഒരു മാസത്തിലധികം ഇതിന്റെ പ്രയാസം നബി ﷺ അനുഭവിച്ചിട്ടുണ്ട്. ശേഷം നബിയുടെ കവിളത്താണ് അയാള്‍ അടിച്ചത്. ഇതു പിടിച്ചോ, ഞാന്‍ ഇബ്‌നു ഖംഅയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്. പടത്തൊപ്പിയുടെ ആണി നബിയുടെ കവിളില്‍ തറച്ചു. നബി ﷺ പറഞ്ഞു: ”അല്ലാഹു നിന്നെ നിന്ദിക്കട്ടെ.” ഈ മുശ്‌രിക്കുകളെ നബി ﷺ തന്നില്‍ നിന്നും തള്ളിമാറ്റിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അബു ആമിര്‍ കുഴിച്ച കുഴിയില്‍ നബി ﷺ വീഴുകയുണ്ടായി. നബിയുടെ കാല്‍മുട്ടില്‍ മുറിവേറ്റു. അലി(റ)യാണ് നബി ﷺ യെ വാരിക്കുഴിയില്‍ നിന്നും പിടിച്ചുയര്‍ത്തിയത്.
അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കുന്നിടത്താണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക എന്ന വലിയ ഒരു സന്ദേശം ലോകമുസ്‌ലിംകള്‍ക്ക് ഉഹ്ദ് യുദ്ധം നല്‍കുന്നുണ്ട്. ആര്‍ക്കെല്ലാം ഈ രംഗത്ത് അപാകതകള്‍ സംഭവിക്കുന്നുവോ അവര്‍ക്കെല്ലാം പരാജയവും നുണയേണ്ടിവരും. ചുരുക്കത്തിൽ അല്ലാഹു ബദ്റിൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ യുടെ ശക്തിയും ഉഹ്ദിൽ ‘മുഹമ്മദുൻ റസൂലുല്ലാഹ്’ യുടെ ശക്തിയും പ്രകടിപ്പിച്ചു കൊടുത്തു. മുഹമ്മദ് നബിﷺ യോട് കാണിച്ച അനുസരണക്കേട് ആയിരുന്നല്ലോ പരാജയത്തിന്റെ കാരണം.
ദുൻയാവിനോടുള്ള അമിത താല്പര്യം പാടില്ല
ഉഹ്ദു യുദ്ധ രംഗത്ത് ചില൪ അല്ലാഹുവിന്റെ റസൂല്‍ ﷺയുടെ കല്‍പ്പന ലംഘിച്ചപ്പോഴാണല്ലോ പരാജയം സംഭവിച്ചത്. നബിﷺയുടെ കല്‍പ്പന ലംഘിക്കുന്നതിനുള്ള കാരണം എന്തായിരുന്നു? ശത്രുക്കള്‍ ഇട്ടേച്ചുപോയ ആയുധങ്ങളും സ്വത്തുക്കളും ശേഖരിക്കുന്നതില്‍ മുസ്ലിംകള്‍ വ്യാപൃതരായപ്പോള്‍ മലമുകളില്‍ നബി ﷺ നി൪ത്തിയിരുന്നവരും അതില്‍ പങ്കു ചേ൪ന്നു. അവരെ ദുന്‍യാവ് പിടികൂടി. അനുസരണക്കേടിന് കാരണം ദുന്‍യാവ്. ഇന്ന് ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുന്നതിന് കാരണവും ദുന്‍യാവ് തന്നെ.
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْءَاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ (യുദ്ധത്തില്‍) കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.(ഖു൪ആന്‍:3/152)
ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുവാന്‍ ഈ ഉമ്മത്തിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്നതും ദുന്‍യാവാണ്. ദുനിയാവിനോടുള്ള ഇഷ്ടം വ൪ദ്ധിക്കുന്നതിനനുസരിച്ച് മരണത്തോടുള്ള വെറുപ്പും വ൪ദ്ധിപ്പിക്കുന്നതാണ്. ഫാസിസം ഈ സമുദായത്തിന്റെ മേല്‍ കടന്നുകയറുന്നതിന്റെ കാരണവും ഇതാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا ” . فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ ” بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ ” . فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ ” حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ ” .
സൌബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “(സത്യനിഷേധികളായ) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു, ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” നബിﷺ പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹന്‍’ ഇടുകയും ചെയ്യും.”ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘വഹന്‍’?” നബിﷺ പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂദാവൂദ്: 4297 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ ആശ്വാസ വചനങ്ങൾ
സത്യവിശ്വാസികളില്‍നിന്ന് ഒരു വീഴ്ച വന്നതിന്റെ പേരില്‍ പിന്നെയും അവരെ ആക്ഷേപിച്ച് ആയത്തുകള്‍ ഇറക്കുന്നതിന് പകരം അവരെ ആശ്വസിപ്പിക്കുന്ന വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്. ഉഹ്ദ് യുദ്ധ ശേഷം വളരെ നിരാശപൂണ്ട സ്വഹാബിമാരെ അല്ലാഹു കൂടുതല്‍ ആശ്വസിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് ചെയ്തത്. പരിഭ്രമിച്ചു നില്‍ക്കുന്ന വിശ്വാസികളെ അല്ലാഹു വീണ്ടും സഹായിച്ചു.
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍:3/154)
സത്യവിശ്വാസികള്‍ ഉഹ്ദ് യുദ്ധത്തിലെ വീഴ്ചകള്‍ മനസ്സിലാക്കുകയും അതിലെ പരാജയകാരണം തങ്ങളുടെ തന്നെ ചെയ്തികളാണെന്ന് തിരിച്ചറിയകയും ചെയ്തു. അങ്ങനെ വ്യസനത്തോടെ നില്‍ക്കുകയാണ് സ്വഹാബിമാര്‍. യുദ്ധരംഗത്ത് ഉറച്ചുനിന്ന സ്വഹാബിമാര്‍ക്ക് ആ സമയത്ത് അല്ലാഹു ഒരു നിദ്രാമയക്കം നല്‍കി. അത് ഒരു അത്ഭുതമായിരുന്നു. യുദ്ധഭൂമിയില്‍ വെച്ച് അവര്‍ സുഖമായി മയങ്ങുന്നു. അല്ലാഹു ആ സമയത്ത് അവര്‍ക്ക് നല്‍കിയ ഒരു സഹായം തന്നെയായിരുന്നു അത്. അത് അനുഭവിച്ച അബൂത്വൽഹ رَضِيَ اللَّهُ عَنْهُ പറയുന്നത് കാണുക:
عَنْ أَبِي طَلْحَةَ ـ رضى الله عنهما ـ قَالَ كُنْتُ فِيمَنْ تَغَشَّاهُ النُّعَاسُ يَوْمَ أُحُدٍ، حَتَّى سَقَطَ سَيْفِي مِنْ يَدِي مِرَارًا، يَسْقُطُ وَآخُذُهُ، وَيَسْقُطُ فَآخُذُهُ.
അബൂത്വൽഹ رَضِيَ اللَّهُ عَنْهُ പറയുന്നു: ഉഹ്ദ് ദിവസം മയക്കം പിടിപെട്ടവരില്‍ ഞാനും ഉണ്ടായിരുന്നു. (അങ്ങനെ) എന്റെ വാള്‍ വീഴുന്നത് വരെ (ഞാന്‍ ഉറങ്ങി). പലതവണ അത് വീഴുന്നു, ഞാന്‍ എടുക്കുന്നു; അത് വീഴുന്നു, അപ്പോള്‍ ഞാന്‍ അത് എടുക്കുന്നു. (ബുഖാരി:4068)
ആ ഉറക്കം അവര്‍ക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ കാരണമായി. യുദ്ധരംഗത്ത് ഉറച്ചുനിന്നവര്‍ക്ക് മാത്രമാണ് ഈ മയക്കം പിടിപെട്ടത്.
എല്ലാം അല്ലാഹുവിന്റെ നിശ്ചയം
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كُسِرَتْ رَبَاعِيَتُهُ يَوْمَ أُحُدٍ وَشُجَّ فِي رَأْسِهِ فَجَعَلَ يَسْلُتُ الدَّمَ عَنْهُ وَيَقُولُ ” كَيْفَ يُفْلِحُ قَوْمٌ شَجُّوا نَبِيَّهُمْ وَكَسَرُوا رَبَاعِيَتَهُ وَهُوَ يَدْعُوهُمْ إِلَى اللَّهِ ” . فَأَنْزَلَ اللَّهُ عَزَّ وَجَلَّ { لَيْسَ لَكَ مِنَ الأَمْرِ شَىْءٌ}
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഉഹുദ് യുദ്ധദിനത്തിൽ നബി ﷺ യുടെ മുൻ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലയിൽ മുറിവ് പറ്റി . അപ്പോൾ അവിടുന്ന് പറഞ്ഞു: സ്വന്തം പ്രവാചകനെ മുറിവേൽപിച്ച ഒരു ജനത എങ്ങിനെ വിജയിക്കും? അപ്പോഴാണ് ഈ സൂക്തമിറങ്ങിയത് {(നബിയേ,) കാര്യത്തിന്റെ തീരുമാനത്തിൽ നിനക്ക് യാതൊരു പങ്കുമില്ല.(3/128)}(മുസ്ലിം: 1791)
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَٰلِمُونَ
(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു. (ഖുര്‍ആൻ:3/128)
അല്ലാഹുവിന്റെ വിധിയെ പഴിക്കരുത്
യുദ്ധം കഴിഞ്ഞിട്ടും ചെറിയ കാപട്യത്തിന്റെ രോഗം പിടിപെട്ട ചിലര്‍ പിന്നെയും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നമുക്ക് മദീനയില്‍തന്നെ നിന്നാല്‍ മതിയായിരുന്നു. പുറത്തേക്ക് പോരേണ്ടിയിരുന്നില്ല. ഈ മലയോരങ്ങളില്‍ ആയതിനാലല്ലേ ശത്രുക്കള്‍ക്ക് ഈ വിധത്തില്‍ നമ്മെ പരാജയപ്പെടുത്താന്‍ സാധിച്ചത് എന്നിങ്ങനെ അവര്‍ വിശ്വാസികളെ വേദനിപ്പിക്കും വിധം സംസാരിച്ചു. എന്നാല്‍ ഏതൊരു കാര്യവും തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും, അവന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും അറിയിച്ച് അവരുടെ സംസാരത്തിന് മറുപടിയും നല്‍കി.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿١٥٦﴾ وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ ﴿١٥٧﴾ وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ ﴿١٥٨﴾
സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക് തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്. (ഖു൪ആന്‍:3/156-158)
ഏറ്റവും നല്ല പര്യവസാനം വിശ്വാസികൾക്കാണ്
സത്യവിശ്വാസികൾക്ക് ചിലപ്പോൾ വിജയവും മറ്റു ചിലപ്പോൾ പരാജയവും ഉണ്ടാവുക എന്നുള്ളത് അല്ലാഹുവിന്റെ ഒരു നടപടിക്രമമാണെന്നും, എന്നാൽ ഏറ്റവും നല്ല പര്യവസാനം സത്യവിശ്വാസികൾക്കാണെന്നുമുള്ള ഒരു പാഠവും ഉഹ്ദ് യുദ്ധത്തിലൂടെ അല്ലാഹു നൽകുന്നുണ്ട്. എപ്പോഴും സത്യവിശ്വാസികൾക്ക് തന്നെ വിജയം ലഭിച്ചാൽ ആരാണ് സത്യസന്ധർ ആരാണ് അല്ലാത്തവർ എന്ന് വേർതിരിക്കാൻ കഴിയില്ല. എന്നാൽ എപ്പോഴും സത്യവിശ്വാസികൾക്ക് തന്നെ പരാജയം സംഭവിച്ചാൽ പ്രവാചകത്വത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയും ഇല്ല. ബദ്റിൽ വിജയം ലഭിച്ചപ്പോൾ ഒരുപാട് കപട വിശ്വാസികൾ നബിയോടൊപ്പം ഇസ്ലാം പ്രകടമാക്കിക്കൊണ്ട് മാത്രം ചേർന്നിട്ടുണ്ട്. എന്നാൽ പരാജയം സംഭവിക്കുമ്പോൾ ആരെല്ലാമാണ് കപടന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കും. കാരണം പരാജയം മുന്നിൽ കാണുമ്പോൾ അവിടെ നിന്ന് സ്വന്തം ശരീരം സംരക്ഷിക്കുവാനുള്ള പണിയാണ് അവർ ചെയ്യുക. അതല്ലാതെ പ്രവാചകന്റെ സംരക്ഷണമോ ഇസ്ലാമിന്റെ വിജയമോ അവർക്ക് ലക്ഷ്യമല്ല.
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല….. (ഖു൪ആന്‍:3/179)
ജയ-പരാജയങ്ങൾ പ്രവാചകത്വത്തിന്റെ തെളിവ്
അബൂ സുഫ്യാനും കുറച്ച് ഖുറൈശികളും കൂടി ഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒരു ദ്വിഭാഷി മുഖാന്തിരം രാജാവ് അവരോട് സംസാരിച്ചു. മുഹമ്മദ് നബിയെ കുറിച്ച് അദ്ദേഹം ധാരാളം കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒരും രംഗം കാണുക:
وَسَأَلْتُكَ هَلْ قَاتَلْتُمُوهُ فَزَعَمْتَ أَنَّكُمْ قَدْ قَاتَلْتُمُوهُ فَتَكُونُ الْحَرْبُ بَيْنَكُمْ وَبَيْنَهُ سِجَالاً يَنَالُ مِنْكُمْ وَتَنَالُونَ مِنْهُ . وَكَذَلِكَ الرُّسُلُ تُبْتَلَى
നിങ്ങൾ അദ്ദേഹവുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു, നിങ്ങൾ അദ്ദേഹവുമായി യുദ്ധം ചെയ്തുവെന്ന് നിങ്ങൾ അംഗീകരിച്ചു, നിങ്ങൾക്കും അദ്ദേഹത്തിനും ഇടയിലുള്ള യുദ്ധത്തിൽ വിജയം മാറിമാറി വരാറുണ്ടെന്നും, ചിലപ്പോൾ അദ്ദേഹം നിങ്ങളുടെ കൈയ്യിൽ നിന്ന് പരാജയം അനുഭവിച്ചെന്നും ചിലപ്പോൾ അദ്ദേഹത്തിൽ നിന്ന് നിങ്ങൾക്ക് പരാജയം അനുഭവിച്ചെന്നും നിങ്ങൾ പറയുന്നു. അപ്രകാരമാണ് റസൂലുകൾ പരീക്ഷിക്കപ്പെടുന്നത്. പിന്നീട് അന്തിമ വിജയം അവര്‍ക്കായിരിക്കും. (മുസ്ലിം:1773)
സന്തോഷത്തിലും സന്താപത്തിലും ക്ഷമയോടെ
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:22/11)
മതത്തില്‍ അടിയുറപ്പും, വിശ്വാസത്തില്‍ സ്ഥിരതയുമില്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോള്‍ തങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിത സ്ഥിതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവര്‍ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറവക്കില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യവുമാണ് അവര്‍ക്കു കൈവരുന്നതെങ്കില്‍, അവര്‍ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവര്‍ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ, ധനപരമോ ആയ വല്ല ദോഷവും ബാധിച്ചു വെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുര്‍നടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങള്‍ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 22/11 ന്റെ വിശദീകരണം)
സന്തോഷത്തിലും സന്താപത്തിലും ക്ഷമയോടെയും അല്ലാഹുവിന് നന്ദി കാണിച്ചു കൊണ്ടും നില കൊള്ളണം എന്ന പാഠമാണ് പരാജയത്തിലൂടെ അല്ലാഹു വിശ്വാസികൾക്ക് നൽകിയ മറ്റൊന്ന്. എല്ലാ സന്ദർഭങ്ങളിലും സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുകയും അവർ വിജയിക്കുകയും ചെയ്താൽ അവരുടെ മനസ്സുകൾ അതിക്രമം പ്രവർത്തിക്കും. ചിലപ്പോൾ അത് അഹങ്കാരത്തിന് കാരണമായിത്തീരുകയും ചെയ്യും. അതു കൊണ്ടു തന്നെ അല്ലാഹു അവരെ സന്തോഷം കൊണ്ടും സന്താപം കൊണ്ടും വളർത്തിയെടുക്കുകയാണ്. എളുപ്പം നൽകിയും പ്രയാസം നൽകിയും അവരെ പടി പടിയായി വളർത്തുകയാണ്. അപ്പോഴാണ് അവർ അല്ലാഹുവിലേക്ക് കൂടുതൽ കീഴടങ്ങുകയും നന്ദിയുള്ളവരായി ജീവിക്കുകയും ചെയ്യുക. ഇതും ഉഹ്ദിലെ പരാജയത്തോടെ അള്ളാഹു പഠിപ്പിക്കുന്ന ഒരു പാഠമാകുന്നു.സന്തോഷവും സന്താപവും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്തു കൊണ്ട് രണ്ടിന്റെയും പ്രതിഫലം അവർക്ക് ലഭിക്കുവാൻ വേണ്ടിയാണ് അല്ലാഹു ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
സ്വഹാബിമാരുടെ ത്യാഗം
യുദ്ധാനന്തരം, ശത്രുക്കൾ വീണ്ടും തിരിച്ചുവന്നു മദീനയെ ആക്രമിച്ച് നാശം വരുത്തിയേക്കുമോ എന്ന് കരുതി നബി ﷺ ക്ക് പിറ്റേ ദിവസം തന്നെ ശത്രുക്കളെ പിന്‍തുടരുവാന്‍ ജനങ്ങളെ ക്ഷണിച്ചു. ഒരു സംഘം സ്വഹാബികള്‍ ക്ഷണനം സ്വീകരിച്ചു തയ്യാറായി. തലേദിവസം യുദ്ധത്തില്‍ ബാധിച്ച ആപത്തുകളും പരുക്കുകളും വിലവെക്കാതെയാണല്ലോ അവര്‍ നബി ﷺ യുടെ ക്ഷണം സ്വീകരിച്ചത്. ഈ സംഘത്തില്‍ പങ്കെടുത്തുപോയ സ്വഹാബികളെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. (ഖുര്‍ആൻ:3/172)
അവരുടെ മഹത്തായ അത്തരം ത്യാഗസന്നദ്ധത എല്ലാ കാലത്തുമുള്ള സത്യവിശ്വാസികള്‍ക്കും ഒരു ഉത്തമ മാതൃകയായിത്തീരേണ്ടതിന് വേണ്ടിയാണ് അവരുടെ ഈ സ്മരണ ക്വുര്‍ആനില്‍ അല്ലാഹു നിലനിറുത്തിയിരിക്കുന്നത്.
ഉന്നതങ്ങളായ സ്ഥാനങ്ങളും പ്രതിഫലവും
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ ﴿١٤٠﴾ وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَٰفِرِينَ ﴿١٤١﴾ أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ ﴿١٤٢﴾
നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്. അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ? (ഖുര്‍ആൻ:3/140-142)
തന്റെ വിശ്വാസികളായ അടിമകൾക്ക് വേണ്ടി ഉന്നതങ്ങളായ സ്ഥാനങ്ങളും പ്രതിഫലവുമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അത്തരം ഉന്നതമായ സ്ഥാനങ്ങൾ നേടാൻ ഉതകുന്ന പ്രവർത്തനങ്ങളിലേക്ക് അല്ലാഹു അവരെ എത്തിക്കുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ സംഭവിച്ചത് അതായിരുന്നു. ശഹീദ് എന്ന സ്ഥാനം അതി മഹത്തരമാണല്ലോ. ആ സ്ഥാനത്തേക്ക് ചില ആളുകൾ എത്തണം എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതു കൊണ്ടും ആയിരിക്കാം യുദ്ധത്തിന്റെ അവസാന സന്ദർഭത്തിൽ അല്ലാഹു അവരിൽ നിന്നും സഹായം ഉയർത്തിക്കളഞ്ഞത്.
മാത്രവുമല്ല അല്ലാഹു തന്റെ ശത്രുക്കളെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അതിന് ആവശ്യമായ കാരണങ്ങളെയും അവൻ ഉണ്ടാക്കുന്നു. അത് ചിലപ്പോൾ മുസ്ലിംകളുടെ മരണം ആകാം. അവർ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും ആകാം. ബദർ യുദ്ധത്തിൽ ശഹീദായ ആളുകൾക്ക് അല്ലാഹു നൽകിയിട്ടുള്ള ആദരവിനെക്കുറിച്ച് നബിﷺ സ്വഹാബികളെ അറിയിച്ചപ്പോൾ ആ സ്ഥാനം നേടുവാനുള്ള ആഗ്രഹം അവരിലുമുണ്ടായി. അപ്പോൾ അതിനുള്ള അവസരം അല്ലാഹു ഉഹ്ദിൽ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ നബിﷺ യോട് അവരിൽ ചിലർ കാണിച്ച അനുസരണക്കേടിന്റെ ഫലമായി അല്ലാഹു അവരിൽ നിന്ന് സഹായത്തെ ഉയർത്തിക്കളയുകയും ചെയ്തു.
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ
നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു. (ഖുര്‍ആൻ:3/143)
നബിﷺ യും മരിക്കും
അതോടൊപ്പം തന്നെ നബിﷺ യുടെ മരണം എന്ന മഹാ ദുരന്തം അവരുടെ മുമ്പിൽ വരാനിരിക്കുന്നുണ്ടായിരുന്നു. മാനസികമായി അതിനെ കൂടി നേരിടാനുള്ള ഒരു കരുത്ത് ഇവർക്ക് ബാധിച്ച പ്രയാസങ്ങളിലൂടെ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു അല്ലാഹു. അതു കൊണ്ടു തന്നെ നബിﷺ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും മതത്തിൽ അവർ ക്ഷമയോടെ ഉറച്ചു നിൽക്കണം എന്നുള്ള പാഠം അല്ലാഹു അവർക്ക് നൽകുകയായിരുന്നു.
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.(ഖുര്‍ആൻ:3/144)
അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവർ
قَالَ أَنَسٌ عَمِّيَ الَّذِي سُمِّيتُ بِهِ لَمْ يَشْهَدْ مَعَ رَسُولِ اللَّهِ صلى الله عليه وسلم بَدْرًا – قَالَ – فَشَقَّ عَلَيْهِ قَالَ أَوَّلُ مَشْهَدٍ شَهِدَهُ رَسُولُ اللَّهِ صلى الله عليه وسلم غُيِّبْتُ عَنْهُ وَإِنْ أَرَانِيَ اللَّهُ مَشْهَدًا فِيمَا بَعْدُ مَعَ رَسُولِ اللَّهِ صلى الله عليه وسلم لَيَرَانِيَ اللَّهُ مَا أَصْنَعُ – قَالَ – فَهَابَ أَنْ يَقُولَ غَيْرَهَا – قَالَ – فَشَهِدَ مَعَ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ أُحُدٍ – قَالَ – فَاسْتَقْبَلَ سَعْدُ بْنُ مُعَاذٍ فَقَالَ لَهُ أَنَسٌ يَا أَبَا عَمْرٍو أَيْنَ فَقَالَ وَاهًا لِرِيحِ الْجَنَّةِ أَجِدُهُ دُونَ أُحُدٍ – قَالَ – فَقَاتَلَهُمْ حَتَّى قُتِلَ – قَالَ – فَوُجِدَ فِي جَسَدِهِ بِضْعٌ وَثَمَانُونَ مِنْ بَيْنِ ضَرْبَةٍ وَطَعْنَةٍ وَرَمْيَةٍ – قَالَ – فَقَالَتْ أُخْتُهُ عَمَّتِيَ الرُّبَيِّعُ بِنْتُ النَّضْرِ فَمَا عَرَفْتُ أَخِي إِلاَّ بِبَنَانِهِ . وَنَزَلَتْ هَذِهِ الآيَةُ { رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلاً} قَالَ فَكَانُوا يُرَوْنَ أَنَّهَا نَزَلَتْ فِيهِ وَفِي أَصْحَابِهِ .
അനസ് رضي الله عنه പറയുന്നു: എന്റെ പിതൃവ്യൻ അനസുബ്നുന്നള്ർ رضي الله عنه ബദർ യുദ്ധത്തിൽ ഹാജരായിരുന്നില്ല. ഒരവസരത്തിൽ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ…, ബഹുദൈവാരാധകരുമായി അങ്ങ് ആദ്യമായി ചെയ്ത യുദ്ധത്തിൽ ഞാൻ ഹാജറില്ലായിരുന്നു. ഇനി മുശ്രിക്കുകളോട് സമരം ചെയ്യാൻ അല്ലാഹു എന്നെ തുണക്കുകയാണെങ്കിൽ എന്താണ് ചെയ്യുകയെന്ന് അല്ലാഹുവിന് കാണാം.
ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്ക് പരാജയം നേരിട്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ, ഈ അസ്ഹാബിമാരുടെ ദുഷ്ചെയ്തിയുടെ പേരിൽ ഞാൻ നിന്നോട് ക്ഷമാപണം ചെയ്യുന്നു. ഈ ബഹുദൈവാരാധകരുടെ സമരത്തിന്റെ കാര്യത്തിലാകട്ടെ ഞാൻ നിർദോഷിയുമാണ്. എന്നിട്ടദ്ദേഹം പോർക്കളത്തിലേക്ക് കുതിച്ചു. (അപ്പോൾ ഭീതി പൂണ്ട് പിൻമടങ്ങുന്ന) സഅ്ദുബ്നു മുആദിനെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. ഉടനെത്തന്നെ അദ്ദേഹം പറഞ്ഞു: സഅദുബ്നു മുആദ്, എന്റെ ലക്ഷ്യം സ്വർഗ്ഗമാണ്. കഅ്ബത്തിന്റെ റബ്ബ് തന്നെയാണ്. ഉഹദ് താഴ്വരയിൽ സ്വർഗ്ഗത്തിന്റെ വാസന ഞാൻ ശ്വസിക്കുന്നുണ്ട്.
സഅ്ദ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ… അദ്ദേഹത്തിന്റെ ധീരത ഒരിക്കലും എന്നാൽ സാധ്യമല്ല. എൺപതിൽപരം വെട്ടോ കുന്തം കൊണ്ടുള്ള കുത്തോ അമ്പുകൊണ്ടുള്ള പരിക്കോ ആദേഹത്തിൽ ഞങ്ങൾക്ക് കാണാമായിരുന്നു. മാത്രമല്ല, ആദ്ദേഹത്തിന്റെ മൃതദേഹം ചിത്രവധം ചെയ്ത് വികൃതമാക്കിയത് ഞങ്ങൾ കാണാനിടയായി. ഒരുവിരൽ കൊടി വഴി അദ്ദേഹത്തിന്റെ സഹോദരിയാണ് ദേഹം തിരിച്ചറിഞ്ഞത്. അനസ് رضي الله عنه പറയുന്നു: {സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്…}എന്ന സൂക്തം അദ്ദേഹത്തെക്കുറിച്ചും തത്തുല്യരായ സത്യവിശ്വാസികളെ കുറിച്ചുമാണ് അവതരിച്ചതെന്ന് ഞങ്ങൾക്ക് അഭിപ്രായമുണ്ട്. (മുസ്ലിം:1903)
ഔന്നത്യം സത്യവിശ്വാസികൾക്ക്തന്നെ
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖുര്‍ആൻ:3/139)
ഉഹ്ദില്‍ സംഭവിച്ചതുപോലെ താല്‍ക്കാലികമായ വല്ല പരാജയമോ വിഷമങ്ങളോ അനുഭവപ്പെട്ടതിന്‍റെ പേരില്‍, ധൈര്യം നശിച്ചു ദുര്‍ബ്ബലരായിത്തീരുകയോ, അതിനെപ്പറ്റി വ്യസനിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്. നിങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായിത്തീരുന്ന കാലത്തോളം ഇഹത്തിലും പരത്തിലും ഉന്നത സ്ഥാനം നിങ്ങള്‍ക്കുതന്നെയായിരിക്കും. നിങ്ങളുടെ വിശ്വാസത്തില്‍ ദൗര്‍ബ്ബല്യം വന്നുപോകുന്നതാണ് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേത്.
സ്വര്‍ഗത്തിന് വേണ്ടി ധൃതി കാണിക്കുക
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم يَوْمَ أُحُدٍ أَرَأَيْتَ إِنْ قُتِلْتُ فَأَيْنَ أَنَا قَالَ “ فِي الْجَنَّةِ ” فَأَلْقَى تَمَرَاتٍ فِي يَدِهِ، ثُمَّ قَاتَلَ حَتَّى قُتِلَ.
ജാബിര്‍ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഉഹുദ് യുദ്ധദിനത്തിൽ ഒരാൾ നബി ﷺ യോട് ചോദിച്ചു: ഞാൻ വധിക്കപ്പെട്ടാൽ ഞാനെവിടെയായിരിക്കുമെന്നാണ് അങ്ങയുടെ അഭിപ്രായം? അവിടുന്ന് പറഞ്ഞു: ‘സ്വർഗ്ഗത്തിൽ’. അപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന ഈത്തപ്പഴം അയാൾ വലിച്ചെറിഞ്ഞു. പിന്നെ വധിക്കപ്പെടുന്നതുവരെ അദ്ധേഹം യുദ്ധം ചെയ്തു… (ബുഖാരി: 4046)
ഏത് ശത്രുവും മിത്രമായേക്കാം
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَٰلِمُونَ
(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു. (ഖുര്‍ആൻ:3/128)
ഇന്നിന്നവര്‍ സന്‍മാര്‍ഗികളാണെന്നും, ദുര്‍മാര്‍ഗികളാണെന്നുമുള്ള തീരുമാനമെടുക്കുവാനോ, വിധി കല്‍പിക്കുവാനോ നബി ﷺ ക്ക് അധികാരമില്ല. അക്കാര്യം അല്ലാഹുവിന്‍റെ അധികാരാവകാശത്തില്‍ പെട്ടതാണ്. ഒരു പക്ഷേ, അവിശ്വാസിയും ദുര്‍മാര്‍ഗിയുമാണെന്ന് കരുതപ്പെട്ടവന്‍ പിന്നീട് ഖേദിച്ച് മടങ്ങി നന്നാവുകയും അവന്‍റെ മടക്കം അല്ലാഹു സ്വീകരിക്കുകയും ചെയ്‌തെന്നുവരാം. അല്ലെങ്കില്‍ അവര്‍ അക്രമികളായ സ്ഥിതിക്ക് അല്ലാഹു അവരെ ശിക്ഷിക്കുകതന്നെ ചെയ്‌തെന്നും വരാം. ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മവും അന്തിമവുമായ തീരുമാനം അല്ലാഹുവിങ്കലാണുള്ളത്.
ഉഹ്ദ് യുദ്ധത്തിന് ശത്രു സൈന്യത്തിന് നേതൃത്വം നൽകിയ അബൂസുഫ്‌യാന്‍, ഖാലിദുബ്‌നുല്‍ വലീദ്, ഇക്‌രിമതുബ്‌നു അബീജഹ്ല്‍ എന്നിവര്‍ പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
നബി ﷺ യുടെ പിതൃവ്യന്‍ ഹംസ رَضِيَ اللهُ عَنْهُ മുശ്‌രിക്കുകളില്‍ ഒരാളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കവെയാണ് ഒളിച്ചിരുന്ന വഹ്ശി തന്റെ ചാട്ടുളികൊണ്ട് ഹംസ رَضِيَ اللهُ عَنْهُ യെ എറിയുന്നതും അദ്ദേഹം ശഹീദാകുന്നതും. പിന്നീട് വഹ്ശി ഇസ്‌ലാം സ്വീകരിക്കുന്ന അത്ഭുതകരമായ ചരിത്രമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. വഹ്ശി പിന്നീട് ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം തത്തുല്ല്യമായ ഒരു പ്രതികാരം ചെയ്ത് അതിന് പ്രായശ്ചിത്തം നൽകുമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഏറ്റവുംനല്ല മനുഷ്യനെ കൊന്നതിന് ഏറ്റവും ദുഷ്ടനായ ഒരാളെ കല്ലാൻ അവസരം ആഗ്രഹിച്ച ആളായിരുന്നു വഹ്ശി رَضِيَ اللهُ عَنْهُ. യമാമ യുദ്ധത്തിൽ കള്ളപ്രവാചകനായ മുസയ്‌ലിമയെ അദ്ദേഹം കൊലപ്പെടുത്തി. വഹ്ശി رَضِيَ اللهُ عَنْهُ വിന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു മുസൈലിമതുല്‍ കദ്ദാബിനെ കൊന്ന ആ സന്ദര്‍ഭം.
ഗൈബ് അല്ലാഹുവിന് മാത്രം
അല്ലാഹുവല്ലാത്തവര്‍ക്ക് ഇഷ്ടാനുസരണം മറഞ്ഞകാര്യം അറിയാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉഹ്ദിന്റെ ചരിത്രം മുഴുവനും ഖണ്ഡനമാണ്. ഉഹ്ദിലേക്ക് പുറപ്പെടുന്ന ആയിരം പേരില്‍ മുന്നൂറ് കപടന്മാരുടെ വഞ്ചനാത്മക സമീപനത്തെ നേരത്തെതന്നെ ആ മഹാന്മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ! ഹംസ(റ)യെ ചതിയില്‍ കൊലപ്പെടുത്താന്‍ തയ്യാറായ വഹ്ശിയെ അദ്ദേഹമോ നബി ﷺ യോ അറിഞ്ഞില്ല. മറഞ്ഞകാര്യം അറിയാന്‍ കഴിയുമായിരുന്നെങ്കില്‍ നബി ﷺ ചതിക്കുഴിയില്‍ വീഴുമായിരുന്നോ? ശത്രുക്കളുടെ കള്ളവാര്‍ത്തയില്‍ സ്വഹാബിമാര്‍ കുടുങ്ങുമായിരുന്നോ? അമ്പെയ്ത്തുകാര്‍ മലമുകളില്‍നിന്ന് ഇറങ്ങുമായിരുന്നോ? ആദ്യഘട്ടത്തില്‍ യുദ്ധഭൂമിയില്‍നിന്ന് ഓടി രക്ഷപ്പെട്ട ശത്രുക്കളുടെ പ്രത്യാക്രമണത്തിന് അവര്‍ ഇരയാകുമായിരുന്നോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ (അല്ലാഹു അല്ലാത്തവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ലെന്നതിന് തെളിവായി) ഈ ചരിത്ര സംഭവത്തില്‍നിന്ന് നമുക്ക് ചോദിക്കാന്‍ സാധിക്കും.
ആദര്‍ശ രംഗത്തെ വിമര്‍ശനങ്ങൾക്ക് വിട്ടുവീഴ്ചയില്ല
പരാജിതരായ മുസ്‌ലിംകള്‍ ഒരുവശത്ത് നിരാശരായി നില്‍ക്കുമ്പോള്‍ ശത്രുക്കളുടെ പടനായകന്‍ അബൂസുഫ്‌യാന്‍ വിജയഭേരി മുഴക്കി ഉഹ്ദില്‍നിന്നും മടങ്ങുന്നു. അബൂസുഫ്‌യാന്റെ വിജയാഘോഷം വൈകാരികമായിരുന്നു എന്നത് നമുക്ക് അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്നുതന്നെ മനസ്സിലാക്കാം. ആ സമയത്ത് അദ്ദേഹം ചില വെല്ലുവിളികള്‍ ഉയര്‍ത്തി:
فَقَالَ أَبُو سُفْيَانَ أَفِي الْقَوْمِ مُحَمَّدٌ ثَلاَثَ مَرَّاتٍ، فَنَهَاهُمُ النَّبِيُّ صلى الله عليه وسلم أَنْ يُجِيبُوهُ ثُمَّ قَالَ أَفِي الْقَوْمِ ابْنُ أَبِي قُحَافَةَ ثَلاَثَ مَرَّاتٍ، ثُمَّ قَالَ أَفِي الْقَوْمِ ابْنُ الْخَطَّابِ ثَلاَثَ مَرَّاتٍ، ثُمَّ رَجَعَ إِلَى أَصْحَابِهِ فَقَالَ أَمَّا هَؤُلاَءِ فَقَدْ قُتِلُوا. فَمَا مَلَكَ عُمَرُ نَفْسَهُ فَقَالَ كَذَبْتَ وَاللَّهِ يَا عَدُوَّ اللَّهِ، إِنَّ الَّذِينَ عَدَدْتَ لأَحْيَاءٌ كُلُّهُمْ، وَقَدْ بَقِيَ لَكَ مَا يَسُوؤُكَ. قَالَ يَوْمٌ بِيَوْمِ بَدْرٍ، وَالْحَرْبُ سِجَالٌ، إِنَّكُمْ سَتَجِدُونَ فِي الْقَوْمِ مُثْلَةً لَمْ آمُرْ بِهَا وَلَمْ تَسُؤْنِي، ثُمَّ أَخَذَ يَرْتَجِزُ أُعْلُ هُبَلْ، أُعْلُ هُبَلْ. قَالَ النَّبِيُّ صلى الله عليه وسلم ” أَلاَ تُجِيبُوا لَهُ ”. قَالُوا يَا رَسُولَ اللَّهِ، مَا نَقُولُ قَالَ ” قُولُوا اللَّهُ أَعْلَى وَأَجَلُّ ”. قَالَ إِنَّ لَنَا الْعُزَّى وَلاَ عُزَّى لَكُمْ. فَقَالَ النَّبِيُّ صلى الله عليه وسلم ” أَلاَ تُجِيبُوا لَهُ ”. قَالَ قَالُوا يَا رَسُولَ اللَّهِ، مَا نَقُولُ قَالَ ” قُولُوا اللَّهُ مَوْلاَنَا وَلاَ مَوْلَى لَكُمْ ”.
‘ഈ കൂട്ടത്തില്‍ മുഹമ്മദ് ഉണ്ടോ?’ മൂന്ന് തവണ (ഇത് ആവര്‍ത്തിച്ചു). അതിന് മറുപടി നല്‍കുന്നതിനെ തൊട്ട് നബി ﷺ അവരെ വിലക്കി. പിന്നീട് അദ്ദേഹം ചോദിച്ചു: ‘ഇബ്‌നു അബീ ക്വുഹാഫയുണ്ടോ ഈ കൂട്ടത്തില്‍?’ മൂന്ന് തവണ (ഇതും ആവര്‍ത്തിച്ചു). പിന്നീട് അദ്ദേഹം ചോദിച്ചു: ‘ഇബ്‌നുല്‍ ഖത്ത്വാബുണ്ടോ ഈ കൂട്ടത്തില്‍?’ മൂന്ന് തവണ (ഇതും ആവര്‍ത്തിച്ചു). പിന്നീട് അദ്ദേഹം തന്റെ ആളുകളിലേക്ക് മടങ്ങി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ല, ഇക്കൂട്ടരെല്ലാം വധിക്കപ്പെട്ടിരിക്കുന്നു.’ ആ സമയം ഉമറി(റ)ന് തന്നെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ ശത്രുവേ, നീ കളവാണ് പറഞ്ഞത്. തീര്‍ച്ചയായും നീ എണ്ണിയവരെല്ലാവരും ജീവിച്ചിരിക്കുന്നവരാണ്. തീര്‍ച്ചയായും നിനക്ക് പ്രയാസം ഉണ്ടാക്കുന്ന അവരെല്ലാവരും നിനക്കായി അവശേഷിപ്പുണ്ട്.’ അബൂസുഫ്‌യാന്‍ (വെല്ലുവിളി സ്വരത്തില്‍) പറഞ്ഞു: ‘ബദ്ര്‍ ദിനത്തിന് പകരമാണ് ഈ ദിവസം. (ഇപ്പോള്‍) യുദ്ധം സമാസമമായിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ (നിങ്ങളുടെ) ആളുകളെ വികൃതമാക്കിയത് കാണുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അതിന് അവരോട് കല്‍പിച്ചതല്ല; എനിക്ക് അത് വിഷമമുണ്ടാക്കുന്നുമില്ല.’ പിന്നീട് (അബൂസുഫ്‌യാന്‍) മുദ്രാവാക്യം മുഴക്കി: ‘ഹുബല്‍ ഏറ്റവും ഉന്നതനായിരിക്കുന്നു, ഹുബല്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.’ നബി ﷺ ചോദിച്ചു: ‘ഇതിന് നിങ്ങള്‍ മറുപടി നല്‍കുന്നില്ലേ?’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ എന്താണ് പറയേണ്ടത്?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ പറയുവിന്‍: ‘അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹാനും.’ അബൂ സുഫ്‌യാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഞങ്ങള്‍ക്ക് ‘ഉസ്സ’യുണ്ട്. നിങ്ങള്‍ക്ക് ‘ഉസ്സ’യില്ല.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇതിന് നിങ്ങള്‍ മറുപടി നല്‍കുന്നില്ലേ?’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ എന്താണ് പറയേണ്ടത്?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ പറയുവിന്‍: ‘ഞങ്ങളുടെ രക്ഷാധികാരി അല്ലാഹുവാണ്. നിങ്ങള്‍ക്ക് (ആ) രക്ഷാധികാരി ഇല്ലല്ലോ” (ബുഖാരി:3039)
ആദര്‍ശ സ്‌നേഹികള്‍ എതിരാളികള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിന് മറുപടി നല്‍കാന്‍ കൂട്ടാക്കരുത്. എന്നാല്‍ ആദര്‍ശ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും മുതിരരുത്. ആദര്‍ശരാഹിത്യം അനുഭവിക്കുന്നവരാണ് വ്യക്തിഹത്യയിലൂടെ ഗ്രൗണ്ട് സപ്പോര്‍ട്ടിന് തുനിയുക. അക്കൂട്ടര്‍ക്ക് ആദര്‍ശം പറഞ്ഞ് ജയിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ പരിഹസിച്ചും അവഹേളിച്ചും സംസാരിക്കും. അത് അവഗണിച്ച് ആദര്‍ശത്തെ സംരക്ഷിക്കുക എന്നതാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.
സ്ത്രീകളുടെ പങ്ക്
ഉഹ്ദ് യുദ്ധത്തില്‍ സ്വഹാബി വനിതകളും അവരാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ لَمَّا كَانَ يَوْمُ أُحُدٍ انْهَزَمَ النَّاسُ عَنِ النَّبِيِّ صلى الله عليه وسلم قَالَ وَلَقَدْ رَأَيْتُ عَائِشَةَ بِنْتَ أَبِي بَكْرٍ وَأُمَّ سُلَيْمٍ وَإِنَّهُمَا لَمُشَمِّرَتَانِ أَرَى خَدَمَ سُوقِهِمَا، تَنْقُزَانِ الْقِرَبَ ـ وَقَالَ غَيْرُهُ تَنْقُلاَنِ الْقِرَبَ ـ عَلَى مُتُونِهِمَا، ثُمَّ تُفْرِغَانِهِ فِي أَفْوَاهِ الْقَوْمِ، ثُمَّ تَرْجِعَانِ فَتَمْلآنِهَا، ثُمَّ تَجِيئَانِ فَتُفْرِغَانِهَا فِي أَفْوَاهِ الْقَوْمِ.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഉഹ്ദ് യുദ്ധദിവസത്തില്‍ ജനങ്ങള്‍ നബി ﷺ യില്‍ നിന്ന് തോറ്റോടുവാന്‍ തുടങ്ങി. അബൂബക്കറിന്‍റെ പുത്രി ആയിശ رَضِيَ اللهُ عَنْها യും ഉമ്മു സുലൈം رَضِيَ اللهُ عَنْها യും തോല്‍പാത്രങ്ങളില്‍ വെളളം കൊണ്ടു വരികയുണ്ടായി. വസ്ത്രം അവര്‍ കയറ്റിയതിനാല്‍ അവരുടെ കാല്‍പാദങ്ങള്‍ ഞാന്‍ ദര്‍ശിക്കുകയുണ്ടായി. ശേഷം യോദ്ധാക്കളുടെ വായില്‍ അവര്‍ അത് ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിവന്ന് വെളളം നിറക്കും. (ബുഖാരി: 2880)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَغْزُو بِأُمِّ سُلَيْمٍ وَنِسْوَةٍ مِنَ الأَنْصَارِ مَعَهُ إِذَا غَزَا فَيَسْقِينَ الْمَاءَ وَيُدَاوِينَ الْجَرْحَى .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ യുദ്ധത്തിന് പോകുമ്പോൾ ഉമ്മു സുലൈം رَضِيَ اللهُ عَنْها യേയും മറ്റ് ചില അൻസാരി സ്ത്രീകളെയും അനുഗമിക്കാൻ അനുവദിക്കുമായിരുന്നു.അവർ (യോദ്ധാക്കൾക്ക്) വെള്ളം നൽകുകയും മുറിവേറ്റവരെ ചികിത്സിക്കുകയും ചെയ്യുമായിരുന്നു (മുസ്‌ലിം: 1810).