പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പ് പിതാവ് മരണപ്പെട്ട കുട്ടിയാണ് യതീം അഥവാ അനാഥന്‍. ഇരുപതിലധികം സ്ഥലങ്ങളിലാണ് വിശുദ്ധ ഖുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അനാഥകളെ കുറിച്ചുള്ള നബിവചനങ്ങളും നിരവധിയുണ്ട്. അത് പരിശോധിച്ചാല്‍ അനാഥകളുടെ വിഷയം മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നാണ് മനസ്സിലാകുന്നത്.
ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.
രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.
മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.
പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണ് അനാഥകള്‍. പക്ഷേ, അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച റബ്ബ്, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്.
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖുർആൻ: 2/215)
അനാഥകള്‍ക്ക് നന്മയും അഭിവൃദ്ധിയും ഉണ്ടാകുന്ന ഏത് കാര്യവും ചെയ്യുന്നത് പുണ്യകരമാണ്. അനാഥകൾക്ക് ഇഹത്തിലും അവരെ സഹായിക്കുന്നവര്‍ക്ക് പരത്തിലും അതുമൂലം വലിയ പ്രയോജനം സിദ്ധിക്കുവാനുണ്ട്.
وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (ഖുർആൻ: 2/220)
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്. (ഖുർആൻ: 93/9)
{فَأَمَّا الْيَتِيمَ فَلا تَقْهَرْ} أَيْ: لَا تُسِئْ مُعَامَلَةَ الْيَتِيمِ، وَلَا يَضِقْ صَدْرُكُ عَلَيْهِ، وَلَا تَنْهَرْهُ، بَلْ أَكْرِمْهُ، وَأَعْطِهِ مَا تَيَسَّرَ، وَاصْنَعْ بِهِ كَمَا تُحِبُّ أَنْ يُصْنَعَ بِوَلَدِكَ مِنْ بَعْدِكَ.
{എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്} അനാഥയോട് നീ മോശമായി പെരുമാറരുത്. അവന്റെ കാര്യത്തില്‍ നിന്റെ മനസ്സ് കുടുസ്സാകരുത്. അവനെ നീ വിരട്ടരുത്. അവനെ ആദരിക്കുകയും സാധ്യമായതെല്ലാം അവന് നീ നല്‍കുകയും നിന്റെ മരണശേഷം നിന്റെ മക്കളോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത്, അവ്വിധം നീ അനാഥയോട് പെരുമാറുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)
ഇസ്ലാമിലെ പരമപ്രധാനമായ വിഷയമാണ് തൌഹീദ്. വിശുദ്ധ ഖു൪ആനില്‍ തൌഹീദിനോടൊപ്പം അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം എന്ന കാര്യം പറഞ്ഞിട്ടുള്ളതായി കീണാം.
وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
അല്ലാഹുവിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. (ഖുർആൻ: 2/83)
അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍, നിശ്ചിത അവകാശമൊന്നും ലഭിക്കാത്തവരായ അനാഥകള്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും കൊടുക്കണമെന്നുവരെ ഇസ്ലാം പറഞ്ഞിട്ടുണ്ട്.
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.(ഖുർആൻ: 4/8)
അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾
മതത്തെ വ്യാജമാക്കുന്നവന്‍ (മതനിഷേധി) ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. (ഖുർആൻ: 107/1-2)
എല്ലാ അനാഥരും ദരിദ്രരാകണമെന്നില്ല. സാമ്പത്തികമായി ഉന്നതാവസ്ഥയിലുള്ളവരുമുണ്ടാകാം. എന്നാല്‍ പിതാവ് മരിച്ചതോട് കൂടി സമ്പത്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാതെ വരുന്നു. ഇവിടെയെല്ലാം ഇസ്ലാം കൃത്യമായ മാ൪ഗനി൪ദ്ദേശം നല്‍കുന്നുണ്ട്.
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം)(ഖുർആൻ: 6/152)
അനാഥയുടെ സ്വത്ത് അനാഥയുടേത് തന്നെയാണ്. അനാഥ പ്രായപൂര്‍ത്തിയാകുവന്നതുവരെ അവരുടെ സ്വത്ത് സംരക്ഷിക്കപ്പെടണം. അതുകൊണ്ടുതന്നെ അനാഥകളുടെ സ്വത്ത് കൈകാര്യം നടത്തുന്നവര്‍ സത്യസന്ധരായാല്‍ മാത്രം പോരാ, വേണ്ടതുപോലെ കൈകാര്യം നടത്തുവാനുള്ള പ്രാപ്തിയും കഴിവും ഉള്ളവര്‍കൂടി ആയിരിക്കണം. ധനമോഹം തീരെയില്ലാത്ത ശുദ്ധഹൃദയനും, ത്യാഗിവര്യനുമായിരുന്ന സ്വഹാബിയായ അബൂദര്‍റ് رضى الله عنه വിനോട് നബി ﷺ പറഞ്ഞു:
يَا أَبَا ذَرٍّ إِنِّي أَرَاكَ ضَعِيفًا وَإِنِّي أُحِبُّ لَكَ مَا أُحِبُّ لِنَفْسِي لاَ تَأَمَّرَنَّ عَلَى اثْنَيْنِ وَلاَ تَوَلَّيَنَّ مَالَ يَتِيمٍ
അബൂദര്‍റ്! താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ ആളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്. (മുസ്‌ലിം:1826)
അനാഥകളുടെ ധനം അവരുടെ കുട്ടിപ്രായത്തില്‍ സംരക്ഷിച്ചുപോരുകയും അവരുടെ താല്‍പര്യത്തിനുവേണ്ടി മാത്രം ചെലവഴിക്കുകയും ചെയ്യേണ്ടതാണ്. കാര്യശേഷിയെത്തുമ്പോള്‍ അവരുടെ അവകാശം ഒരു വീഴ്ചയും കൂടാതെ അവരെ ഏല്‍പിക്കുകയും വേണം.
وَءَاتُوا۟ ٱلْيَتَٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا
അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു.(ഖുർആൻ: 4/2)
അനാഥകളുടെ വക ഉയര്‍ന്നതരം വസ്തുക്കളെ ഇങ്ങോട്ടെടുത്ത് അതിന്‍റെ സ്ഥാനത്ത് അതിനെക്കാള്‍ താഴേക്കിടയിലുള്ളതോ മോശപ്പെട്ടതോ അങ്ങോട്ട് വെക്കുക, അവരുടെ നന്മക്കും അഭിവൃദ്ധിക്കും ഉതകുന്ന വിധത്തിലല്ലാതെ സ്വന്തം താല്‍പര്യത്തിനു യോജിച്ച വിധം കൈകാര്യം നടത്തുക, അവര്‍ക്കു നഷ്ടമായി പരിണമിക്കുന്ന ക്രയവിക്രയങ്ങള്‍ നടത്തുക മുതലായവ പാടില്ല. അവരുടെ സ്വത്തും സ്വന്തം സ്വത്തുക്കളും ഇടകലര്‍ത്തി – സൂക്ഷ്മതയും കൃത്യവും നോക്കാതെ – ഉപയോഗിക്കരുത്. അവരുടെ ധനം ദുര്‍വ്യയം ചെയ്യലും വകമാറി ചിലവഴിക്കലുമാണത്. എന്നാല്‍, നീതിയും മര്യാദയും തെറ്റാതെ അനാഥകളുമായി കൂട്ടു ജീവിതം നയിക്കുന്നതിന് വിരോധമില്ല.
وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? (ഖുർആൻ: 2/220)
അനാഥകൾക്ക് പ്രായ പൂര്‍ത്തിയും തന്റേടവും എത്തുമ്പോള്‍ അതുവരെ കൈകാര്യം നടത്തിയിരുന്നവര്‍ അവരുടെ സ്വത്തുക്കള്‍ അവര്‍ക്കു വിട്ടുകൊടുക്കണം. ഒരു മിതമായ തോതില്‍, കൈകാര്യകര്‍ത്താവിന് ആ സ്വത്തില്‍ നിന്ന് ഉപയോഗിക്കുവാന്‍ അനുവാദമുണ്ട് എന്നല്ലാതെ, അമിതമായി വല്ലതും എടുത്തുപറ്റുകയോ ഉപയോഗിക്കുകയോ ചെയ്‌വാനും, അനാഥന്‍ വലുതായി പ്രായപൂര്‍ത്തി വരുമ്പോള്‍ തിരിച്ചേല്‍പിക്കേണ്ടിവരുമല്ലോ എന്നു കരുതി നേരത്തെത്തന്നെ വല്ലതും പാട്ടിലമര്‍ത്തിവെക്കുവാനോ പാടില്ലാത്തതാകുന്നു.
وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖുർആൻ: 4/6)
എന്നാൽ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുകയോ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുകയോ ചെയ്യാതെ, ദുൻയാവ് മാത്രം ലക്ഷ്യമായി കണ്ട് ഹൃദയകാഠിന്യം മൂലം കരുണയില്ലാതെ അനാഥകളുടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നവരുണ്ട്. അനാഥകളുടെ ധനം ന്യായമല്ലാത്ത രൂപത്തില്‍ എടുത്തു തിന്നുന്നവന്‍ തല്‍ക്കാലം അതുകൊണ്ട് വയറു നിറക്കുന്നുവെങ്കിലും നരകത്തില്‍ കടന്ന് അഗ്നികൊണ്ട് വയറു നിറക്കേണ്ടി വരുന്ന ശിക്ഷ അനുഭവിക്കലായിരിക്കും അതിന്‍റെ ഫലം.
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا
തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്. (ഖുർആൻ: 4/10)
ഏഴ് മഹാപാപങ്ങളെ വിവരിച്ചകൂട്ടത്തില്‍ നബി ﷺ ഒന്ന് എണ്ണിയിരിക്കുന്നത് അനാഥകളുടെ സ്വത്ത് തിന്നലാണെന്ന് ഓര്‍ക്കുമ്പോള്‍ ആ പാതകം എത്ര ഭയങ്കരമാണെന്ന് ഊഹിക്കാമല്ലോ.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” اجْتَنِبُوا السَّبْعَ الْمُوبِقَاتِ ”. قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ” الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച് (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)
അനാഥകളോടു നന്മ ചെയ്യുന്ന അവരുടെ സാമൂഹ്യ സാമ്പത്തിക അവകാശങ്ങളെ പരിഗണിച്ച് അവര്‍ക്ക് സംരക്ഷണം നൽകുന്നവര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായ പ്രതിഫലമുണ്ട്.
عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ”. وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا.
സഹ്ൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)
ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് ഇബ്നു ബത്താൽ رحمه الله പറഞ്ഞു:👇🏻
قال الإمام ابن بَطَّال – رحمه الله- :حَقٌ عَلَى كُلِّ مُؤْمِنٍ يَسْمَعُ هذا الحَدِيثَ أنْ يَرْغَبَ فِي العَمَلِ بِهِ لِيَكُونَ فِي الجَنَّةِ رَفِيقًا لِلنَّبِيِّ عليهِ السَّلام وَلِجَمَاعَةِ النَّبِيِّينَ والمُرْسَلِينَ – صلواتُ اللهِ عليهم أجمعين -، وَلَا مَنْزِلَةَ عِنْدَ ﷲِ فِي الآخِرَةِ أَفْضَلُ مِنْ مُرَافَقَةِ الأنْبِيَاءِ
ഈ ഹദീസ് കേൾക്കുന്ന ഓരോ സത്യവിശ്വാസിയുടേയും മേൽ ബാധ്യതയാകുന്നു ഇത് പ്രാവർത്തികമാക്കാൻ അതീവ താൽപര്യം കാണിക്കുക എന്നുള്ളത്. സ്വർഗത്തിൽ നബിﷺ യുടെ കൂടെയും സർവ അമ്പിയാ-മുർസലുകളുടെയും കൂടെയും സഹവസിക്കാൻ വേണ്ടിയത്രേ അത്. നബിമാരുമായുള്ള സഹവാസത്തേക്കാൾ ഉത്തമമായ ഒരു പദവിയും പരലോകത്ത് അല്ലാഹുവിന്റെ അടുക്കലില്ല.
شرح صحيح البخاري لابن بطال ( 9/ 217)
عن عدي بن حاتم الطائي: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن ضمَّ يتيمًا له أو لغيرِه حتّى يُغنِيَه اللهُ عنه وجَبَتْ له الجنَّةُ
നബി ﷺ പറഞ്ഞു: ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്ത് വളർത്തിയാൽ അയാൾക്ക് സ്വർഗം നിർബന്ധമായി. (ത്വബ്റാനി)