സലഫി ദഅ്‌വത്ത് : ഒരു താത്വിക വിശകലനം

THADHKIRAH

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി رحمه الله

അല്ലാഹുവിന്റെ വചനംകൊണ്ടു തന്നെ നമ്മുടെസംസാരം തുടങ്ങട്ടെ:

وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍ :9/100)

ദഅ്‌വത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും അറിയേണ്ടതും അനുധാവനം ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ഇതില്‍ സൂചിപ്പിക്കുന്നത്. സലഫുകളുടെ മാര്‍ഗമെന്തെന്നറിഞ്ഞാണ് പ്രബോധനം ചെയ്യേണ്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സലഫീപ്രബോധന കൂട്ടായ്മകളുണ്ട്. ഈ ആശയത്തെ സംബന്ധിച്ച് ദീര്‍ഘ കാലമായി മുസ്‌ലിംകള്‍ അശ്രദ്ധയിലാണ്. അതല്ലെങ്കില്‍ അതിന് അര്‍ഹിക്കുന്ന പരിഗണന അവര്‍ നല്‍കിയില്ല.

എന്തുകൊണ്ടെന്നാല്‍ കാലങ്ങളായി അന്ധമായ മദ്ഹബീപക്ഷപാതിത്വത്തിലും അനുകരണത്തിലുമായി അവരുടെ ഹൃദയങ്ങള്‍ക്ക് നിര്‍ജീവതയുടെ കറപുരണ്ടിരുന്നു. ഉത്തമരായ മൂന്ന് തലമുറകള്‍ക്ക് ശേഷം അഹ്‌ലുസ്സുന്നയുടെ ഇടയില്‍ തന്നെ ഇത്തരത്തിലുള്ള നിര്‍ജീവതയും അന്ധമായ അനുകരണവും കാണാമായിരുന്നു എന്നിരിക്കെ ശേഷക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. നബി ﷺ പറയുന്നു:

تَفَرَّقَتْ الْيَهُودُ عَلَى إِحْدَى وَسَبْعِينَ فِرْقَةً وَتَفْتَرِقُ النَّصَارَى عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً وَسَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إلَّا وَاحِدَةً . قالوا: من هی یا رسول الله: قال: هِيَ الْجَمَاعَةُ

”ജൂതന്‍മാര്‍ 71 കക്ഷികളായി പിരിഞ്ഞു. ക്രസ്ത്യാനികള്‍ 72 വിഭാഗങ്ങളായി പിരിയും. എന്റെ സമുദായമാകട്ടെ 73 വിഭാഗമായി വേര്‍പിരിയുന്നതാണ്. ഒന്നൊഴികെയുള്ള സകലതും നരക പാതയിലാണ്”. സ്വഹാബികള്‍ ചോദിച്ചു:”’അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ വിഭാഗം?”’ നബി ﷺ പറഞ്ഞു:”’അതാണ് അല്‍-ജമാഅഃ.”

മറ്റൊരു നിവേദനത്തില്‍ ആ വിഭാഗത്തെ കുറിച്ച് ഇപ്രകാരം വിശദമാക്കപ്പെട്ടിരിക്കുന്നു:

هِيَ التی تَكُونُ عَلَى مَا أَنَا عَلَيْهِ وَأَصْحَابِي

‘ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തിലായിരിക്കുമവര്‍.’

നബി ﷺ അറിയിച്ചതുപോലെ ഈ സമുദായത്തില്‍ ഭിന്നതകളുണ്ടാകുമെന്നും നബി ﷺ യും സ്വഹാബത്തും നിലകൊണ്ട പാത പിന്‍പറ്റുന്ന ഒരു വിഭാഗം ആ 73 കക്ഷികളില്‍ നിന്നും ഒന്നായി ഉണ്ടാകുമെന്നും ഈ ഹദീഥ് വളരെ വ്യകതമായി നമ്മെ അറിയിക്കുന്നു. നബി ﷺ യുടെ അറിയിപ്പ് സത്യമാണ്. കാരണം അല്ലാഹു പറഞ്ഞതുപോലെ അവ വഹ്‌യാണ്.’

ഈ വിഭാഗം (അല്‍ ഫിര്‍ക്വത്തുന്നാജിയഃ അഥവാ രക്ഷപ്പെടുന്ന കക്ഷി) ഇക്കാലത്ത് മറ്റ് കക്ഷികള്‍ അവകാശപ്പെടുന്നതു പോലെ ക്വുര്‍ആനും സുന്നത്തുമനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന കേവല അവകാശവാദക്കാരല്ല. ആധുനികവും പൗരാണികവുമായ ഒരു വിഭാഗത്തിനും ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ചേര്‍ത്തു പറയുന്നതില്‍ നിന്നൊഴിവാക്കാന്‍ സധിക്കുകയില്ല; ബിദ്അത്തിന്റെ കക്ഷികളാണ് അവരെങ്കില്‍ പോലും. എന്തുകൊണ്ടെന്നാല്‍ ഈ അവകാശവാദം അവര്‍ സ്വയം നിരാകരിച്ചാല്‍ തങ്ങള്‍ ഇസ്‌ലാമിന്റെ ശരിയായ പാതയില്‍ നിന്ന് പുറത്തുപോയ ഭിന്നതയുടെ വക്താക്കളാണെന്ന് മാലോകരെ അറിയിക്കലാകുമത്. അതുകൊണ്ടുതന്നെ ഉപരിസൂചിത ഹദീഥിലൂടെ നബി ﷺ ഉണര്‍ത്തിയ ആ 72 കക്ഷികളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളാണ് തങ്ങളെന്ന് ഒരേ സ്വരത്തില്‍ അവകാശവാദം ഉന്നയിക്കുന്നവരാണ്.

എന്നാല്‍ സലഫികളാകട്ടെ ഈ വിഭാഗങ്ങളില്‍ നിന്നൊക്കെയും വ്യത്യസ്തമാണ്. അതായത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളെന്ന കേവലമായ അവകാശവാദത്തിനപ്പുറം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാന്‍ ഒരു കാര്യം കൂടി അവര്‍ കണിശമായി ശ്രദ്ധിക്കുന്നവരാണ്. അഥവാ നബി ﷺ യുടെ സ്വഹാബത്തിന്റെ മാര്‍ഗം മുറുകെ പിടിക്കുന്നവരാണവര്‍. സ്വഹാബികളെ മാത്രമല്ല അവരുടെ നന്മയില്‍ അവരെ അനുധാവനം ചെയ്ത താബിഈങ്ങളെയും തബഉത്തബാഇനെയും പിന്‍പറ്റുന്നവരാണവര്‍. അതായത്, ഉത്തമ തലമുറകളെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയ സച്ചരിതരെ അനുധാവനം ചെയ്യുന്നവരത്രെ അവര്‍.

പ്രബലം മാത്രമല്ല, മുതവാതിറായി തന്നെ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീഥിലൂടെ നബി ﷺ പറയുന്നു:

خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ

ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അതിനോടടുത്തുള്ളവര്‍. (അഹ്മദ്, ബുഖാരി).

ഈ ഒന്നാം തലമുറക്കാരുടെ അഥവാ വിശുദ്ധരായ സ്വഹാബികളുടെ അനുയായികളും പിന്നീട് അവര്‍ക്ക് ശേഷം വരുന്നവരും ഇപ്രകാരം പ്രാര്‍ഥിക്കും:

رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :59/10)

രക്ഷപ്പെടുന്ന കക്ഷിയില്‍ (അല്‍ഫിര്‍ഖത്തുന്നാജിയഃ) ഉള്‍പ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരും സ്വഹാബികളും താബിഈങ്ങളുമടങ്ങുന്ന പൂര്‍വികരായ സച്ചരിതരെ അനുധാവനം ചെയ്യുകയും മാതൃകയാക്കുകയും വേണം. സലഫുസ്സ്വാലിഹുകളെ പിന്‍പറ്റണമെന്ന ഇക്കാര്യം ഒരു പുത്തന്‍വാദമൊന്നുമല്ല. പ്രത്യുത അല്ലാഹുവിന്റെ വചനത്തിലൂടെ വ്യത്മാക്കപ്പെട്ട നിര്‍ബന്ധ കല്‍പനയാണ്:

‏ وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞവഴിക്ക്തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍ :4/115)

നബി ﷺ ക്ക് എതിരാകുന്നതിനെ ശക്തമായ ‘ഭാഷയില്‍ തക്കീത് ചെയ്യുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ, എന്നിട്ട് അതിനോട് ചേര്‍ത്ത് പറഞ്ഞതിപ്രകാരമാണ് -”സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍.”നിസ്സംശയം എതിരാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് ചെയ്ത ഈ സത്യവിശ്വാസികള്‍ മുമ്പ് സൂചിപ്പിച്ച ആയത്തില്‍ പറഞ്ഞവര്‍ തന്നെയാണ്. അതായത് മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ടവരും നന്മയില്‍ അവരെ പിന്‍പറ്റിയവരും:

وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം. (ഖു൪ആന്‍ :9/100)

അവരാകട്ടെ തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തിനേടിയവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടവരുമാണ്. വാസ്തവത്തില്‍ അതാണ് നാവുകൊണ്ട് പറയലിലൂടെ മാത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകളാവുകയും എന്നിട്ട് സ്വഹാബത്തിന്റെ മാര്‍ഗമവലംബിച്ച് അതിന്റെ ശരിയായ പാത പിന്‍പറ്റേണ്ടതിനു പകരം ക്വുര്‍ആനിനും സുന്നത്തിനും എതിരായി മാറുകയും ചെയ്യുന്നവരെ വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം.

നമുക്കു മുമ്പില്‍ ഈ വിഷയത്തില്‍ അല്ലാഹുവിന്റെ ആയത്തും നബി ﷺ യുടെ സ്വഹീഹായ ഹദീഥും ഉണ്ട്. ആയത്ത് ‘സത്യവിശ്വാസികളുടെ മാര്‍ഗ’മെന്ന് പറഞ്ഞു. നബി ﷺ യാകട്ടെ അത് തന്റെ അനുചരന്മാരാണെന്ന് (സ്വഹാബത്ത്) വിശദമാക്കി; അബൂദാവൂദ്, തിര്‍മുദി, അഹ്മദ് തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ മറ്റൊരു ഹദീഥില്‍ ഖുലഫാഉര്‍റാശിദുകളുടെ ചര്യയാണതെന്നും വ്യക്തമാക്കിയതു പോലെ.

عَنْ الْعِرْبَاضِ بْنِ سَارِيَةَ رَضِيَ اللهُ عَنْهُ قَالَ: وَعَظَنَا رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم مَوْعِظَةً بليغةً وَجِلَتْ مِنْهَا الْقُلُوبُ وَذَرَفَتْ مِنْهَا الْعُيُون، فقُلْنَا: يا رَسولَ اللَّه كَأَنَهَا موْعِظَةُ مُوَدِّعٍ فَأَوْصِنَا. قال: «أُوصِيكُمْ بِتَقْوى اللَّه، وَالسَّمْعِ وَالطَّاعَةِ وإِنْ تَأَمَّر عَلَيْكُمْ عَبْدٌ حبشي، وَأَنَّهُ مَنْ يَعِشْ مِنْكُمْ فَسَيرى اخْتِلافاً كثِيرا. فَعَلَيْكُمْ بسُنَّتي وَسُنَّةِ الْخُلُفَاءِ الرَّاشِدِينَ الْمَهْدِيِّين، عضُّوا عَلَيْهَا بالنَّواجِذ، وإِيَّاكُمْ ومُحْدثَاتِ الأُمُورِ فَإِنَّ كُلَّ بِدْعَةٍ ضلالَةٌ

ഇര്‍ബാദ് ബിന്‍ സാരിയ്യ്യ പറയുന്നു: നബി ﷺ ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: ”പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും”. നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താ(പുത്തനാചാരം)കുന്നു). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു.

മറ്റൊരു ഹദീഥില്‍ ഇങ്ങനെയും വന്നിട്ടുണ്ട്:

وَكُلَّ ضَلاَلَةٍ فِي النَّارِ

എല്ലാ വഴികേടും നരകത്തിലുമാണ്.

അതെ, ഈ ഹദീഥില്‍ നബി ﷺ തന്റെ സുന്നത്തിനോട് ഖുലഫാഉര്‍റാശിദുകളുടെ ചര്യയെ ചേര്‍ത്തുപറഞ്ഞു. ഈ ഹദീഥ് മുമ്പ് സൂചിപ്പിച്ച രക്ഷപ്പെടുന്ന കക്ഷിയുടെ (ഫിര്‍ക്കത്തുന്നാജിയഃ) ഹദീഥുമായി സംയോജിക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഈ സൂക്തവുമായും (4/115) അത് സംഗമിക്കുന്നു.

ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുകയാണെന്ന പേരില്‍ പൂര്‍വികരായ സച്ചരിതര്‍ക്കെതിരായ അഭിപ്രായങ്ങളും ആദര്‍ശങ്ങളും പിന്‍പറ്റാന്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. കാരണം, സലഫുസ്സ്വാലിഹുകളുടെ ആദര്‍ശം ക്വുര്‍ആനും സുന്നത്തും തന്നെയാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണമാണെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി ﷺ യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)

നബി ﷺ ക്വുര്‍ആനിന്റെ വിവരണം അവിടുത്തെ സുന്നത്തിലൂടെയാണ് നിര്‍വഹിച്ചത്. പ്രസ്തുത സുന്നത്ത് മൂന്ന് രൂപത്തിലാണ്. അഥവാ നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിങ്ങനെ. ഈ സുന്നത്തിലേക്ക് നമുക്കുമെത്തിച്ചേരുവാനും അത് മനസ്സിലാക്കുവാനും സ്വഹാബികളിലൂടെയല്ലാതെ സാധിക്കുകയില്ല. അത്‌കൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ഫിര്‍ക്വത്തുന്നാജിയയില്‍ (രക്ഷപ്പെടുന്ന കക്ഷി) ഉള്‍പ്പെടുവാന്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം അനുസരിച്ച് ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുന്നത്തിലൂടെമാത്രമെ സാധിക്കുകയുള്ളൂ. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നതിനു പുറമെ അത് സലഫുസ്സ്വാലിഹുകളുടെ രീതിയനുസരിച്ചാവുക എന്ന കാര്യം പ്രത്യേകം മനസ്സിരുത്തേണ്ട സംഗതിയാണ്. ക്വിയാമത്തു നാളില്‍ രക്ഷപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടണമെന്ന ആത്മാര്‍ഥവും സത്യസന്ധവുമായ വിചാരമുണ്ടെങ്കില്‍ അത് അനിവാര്യമാണ്.

നമ്മളിന്ന് കാണുന്ന മിക്ക ഇസ്‌ലാമിക സംഘടനകളും വിശ്വസിക്കുന്നത് ഇസ്‌ലാം എന്നാല്‍ ക്വുര്‍ആനും സുന്നത്തും മാത്രമാണെന്നാണ.് അവയില്‍ ഭൂരിഭാഗവും മൂന്നാമത്തെ സംഗതിയായി വിവരിച്ച സലഫുകളുടെ മാര്‍ഗം അവലംബിക്കുവാനോ അംഗീകരിക്കുവാനോ സന്നദ്ധരല്ല. ആ വിശുദ്ധ മാര്‍ഗത്തെ സംബന്ധിച്ച് ക്വുര്‍ആനും സുന്നത്തും തെര്യപ്പെടുത്തിയ കാര്യം മുമ്പ് പറഞ്ഞുവല്ലോ.

വാസ്തവത്തില്‍ അഭിപ്രായങ്ങളിലും വീക്ഷണഗതികളിലും പൂര്‍വികരായ സച്ചരിതരുടെ (സലഫുസ്സ്വാലിഹ്) മാര്‍ഗം പിന്തുടരാത്തതാണ് മുസ്‌ലിംകളെ വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമാക്കി സമുദായ ഐക്യം തകര്‍ത്തു കളഞ്ഞതിന്റെ മുഖ്യ ഹേതു.

സത്യസന്ധമായി ക്വുർആനും സുന്നത്തും പിൻപറ്റുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നബി ﷺ യുടെ അനുചരന്മാരും താബിഉകളും അവരുടെ അനുയായികളുമടങ്ങുന്ന സലഫുകൾ സഞ്ചരിച്ച മാർഗത്തെ ആശ്രയിക്കൽ അനിവാര്യമാണ്‌.

പണ്ഡിതന്മാരെന്ന്‌ പറയപ്പെടുന്ന ചിലർ പലപ്പോഴായി ഇതിനെതിരായി പറയാറുള്ള വാക്കുകൾ നിങ്ങൾ കേട്ടിരിക്കും. പക്ഷേ, അത്‌ നേരത്തെ നാം വിശദീരിച്ച ശരിയായ വിജ്ഞാനത്തിന്റെ-അഥവ ക്വുർആനും സുന്നത്തും സലഫുകളുടെ മാർഗവും അവലംബിച്ചുള്ള-മാർഗമല്ല. മറിച്ച്‌ അറിവ്‌, വിജ്ഞാനം എന്നത്‌ കൊണ്ട്‌ അവൻ ഉദ്ദേശിക്കുന്നത്‌ ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവർ നേരിട്ട്‌ ഗ്രഹിക്കുന്നവയെ മാത്രമാണ്‌. അതിനപ്പുറം പിഴച്ച കക്ഷികളിൽ നിന്ന്‌ അവരെ സംരക്ഷിക്കുന്ന സലഫിന്റെ മാർഗത്തിലേക്ക്‌ അവർ തിരിഞ്ഞ്‌ നോക്കുന്നു പോലുമില്ല.

അതുകൊണ്ട്‌ തന്നെ ഇക്കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കാസറ്റുകളിലും പുസ്തകങ്ങളിലുമൊക്കെ നാമുദ്ധരിച്ച ഈ തെളിവുകൾക്കെതിരിൽ പണ്ഡിതന്മാർ എന്ന്‌ പറയപ്പെടുകയും അതിന്റെ വക്താക്കളായി ചമയുകയും ചെയ്യുന്നവരുടെ വാക്കുകളായി പലതും കാണുകയും കേൾക്കുകയും ചെയ്യാം. ഇങ്ങനെയാണവർ പറയാറുള്ളത്‌; സലഫുകളുടെ (പൂർവികരുടെ)മാർഗമാണ്‌ ഏറ്റവും സുരക്ഷിതം, എന്നാൽ പിൽക്കാലക്കാരു(ഖലഫുകളു)ടെ മാർഗമാണ്‌ ഏറ്റവും സുദൃഢവും വൈജ്ഞാനികവും!?

വഷളത്തം ഏറ്റുപറഞ്ഞുകൊണ്ടുള്ള വ്യക്തമയ പരസ്യപ്പെടുത്തലാണിത്‌. വാസ്തവത്തിൽ സന്മാർഗ ചാരികളായ പ്രവാചകനുചരന്മാരുടെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്ന്‌ തെളിവുദ്ധരിച്ച്‌ നാം പറഞ്ഞതിനെ അംഗീകരിക്കുന്നു എന്ന കുറ്റ സമ്മതം കൂടിയാണിതിലുള്ളത്‌.

അതായത്‌ സലഫുകളുടെ വിജ്ഞാനം സുരക്ഷിതവും ഖലഫുകൾ ചെയ്തത്‌ സുദൃഢവും ആണെന്ന്‌ പറയുമ്പോൾ നബി ﷺ യെ പിൻതുടരാൻ നിർദേശിച്ച സലഫുകളുടെ മാർഗത്തെയും ഇവർ കയ്യൊഴിച്ചു എന്നാണർഥം.

സലഫുകളുടെ മാർഗം പിൻപറ്റുന്നവരും നൂതന വാദം മുഖേന ആ മാർഗം കയ്യൊഴിച്ചവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഏതാനം ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം.

സലഫുസ്സ്വാലിഹുകൾ എന്താണ്‌ പറഞ്ഞതെന്ന്‌ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാത്ത ഇക്കൂട്ടർ കൊണ്ടുവരുന്ന പുതിയ വാദങ്ങളും ചിന്തകളും ക്വുർആനിനും സുന്നത്തിനും വിരുദ്ധമായ നിരർഥക വാദങ്ങളാണെന്ന്‌ നമുക്ക്‌ ഖണ്ഡിതമായിപ്പറയാൻ കഴിയും. കാരണം, നബി ﷺ യും അവിടുത്തെ സ്വഹാബത്തും താബിഉകളുമൊക്കെ നിലകൊണ്ട മാർഗത്തിനെതിരാണത്‌.

വിശ്വാസ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഹദീഥുകളെ തള്ളാനായി ഹദീഥുകളെ മുതവാത്വിറാണെന്നും ആഹാദാണെന്നും വേർതിരിച്ച്‌ കൊണ്ട്‌ ഇക്കാലഘട്ടത്തിൽ ചിലർ നടത്തുന്ന അധരവ്യായാമങ്ങൾ ഇതിലൊന്നാണ്‌. കാരണം ഇങ്ങനെയൊരു വേർതിരിവ്‌ സലഫുസ്സ്വാലിഹുകൾക്ക്‌ പരിചയമില്ല. ഈ നൂതനവാദം പടച്ചുണ്ടാക്കിയ പിൻതലമുറക്കാർ അതിന്റെ അടിസ്ഥാനത്തിൽ മറ്റ്‌ പല പുതിയ വിധികളും ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ ആഹാദായ ഹദീഥുകൾ സ്വഹീഹായി വന്നാലും വിശ്വാസ കാര്യങ്ങളുൾകൊള്ളുന്നതാണെങ്കിൽ അവ സ്വീകരിക്കാവതല്ലെന്നും അവർ പറഞ്ഞു. ഈ വിഭജനവും അതിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവും അഥവാ വിശ്വാസകാര്യങ്ങളുൾകൊള്ളുന്ന ഹദീഥുകൾ മുതവാത്വിറല്ലെങ്കിൽ സ്വീകാര്യമല്ലെന്നും എന്നാൽ അഹ്കാമുകളിൽ (മതവിധികൾ പറയുന്നവ) അവ സ്വീകാര്യമാണെന്നുമുള്ള ഈ വേർതിരിവ്‌, സലഫുസ്സ്വാലിഹുകളുടെ രീതി മനസ്സിലാക്കിയിട്ടുള്ള ആർക്കും ഇത്‌ ഇസ്ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ ഒരു പുത്തൻവാദമാണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയുന്നതാണ്‌. ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു ഫിലോസഫിയാണത്‌. ഇത്‌ നമുക്കും അവർക്കും അറിയാവുന്ന വസ്തുതയാണ.​‍്‌ പക്ഷേ, അവർ അറിഞ്ഞ്കൊണ്ട്‌ തന്നെ നിഷേധിക്കുകയാണ്‌. അല്ലാഹു വേറെ ചിലരെക്കുറിച്ച്‌ പറഞ്ഞത്‌ പോലെ:

وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُفْسِدِينَ

അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക. (ഖു൪ആന്‍:27/14)

എല്ലാവർക്കും അറിയുന്ന സംഗതിയാണ്‌, നബി ﷺ മദീനയക്ക്‌ പുറത്തുള്ള വിദൂരവാസികളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുവാൻ സ്വഹാബികളെ പറഞ്ഞയച്ചിരുന്നു എന്ന കാര്യം. നബി ﷺ കൊണ്ടുവന്ന വിശ്വാസവും കർമവും എല്ലാം അടങ്ങിയതാണ്‌ ഇസ്ലാം എന്നത്‌ ആർക്കാണ്‌ അറിഞ്ഞ്‌ കൂടാത്തത്‌?

സുന്നത്തിൽ സ്ഥിരപ്പെട്ട സുപ്രസിദ്ധ സംഭവങ്ങളാണ്‌ നബി ﷺ യമനിലേക്ക്‌ ചില സന്ദർഭങ്ങളിൽ മുആദ്‌  رضى الله عنه വിനെയും മറ്റ്‌ ചില സന്ദർഭങ്ങളിൽ അബൂമുസൽ അശ്അരി رضى الله عنه വിനെയും വേറെ ചിലപ്പോൾ അലി رضى الله عنه വിനെയുമൊക്കെ പറഞ്ഞയച്ചത്‌. ഇത്‌ ഇവർക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. എന്നിട്ടും അജ്ഞത നടിക്കുന്നുവെന്നു മാത്രം!

നബി ﷺ ഇവരെയോക്കെ അവിടേക്ക്‌ പറഞ്ഞയച്ചപ്പോൾ ഈ സ്വഹാബിമാർ അവിടെ ചെന്നിട്ട്‌ എന്താണ്‌ ചെയ്തിരുന്നത്‌? നിസ്സംശയം, അവർ ജനങ്ങളെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. അതാണ്‌ വാസ്തവത്തിൽ എല്ലാ വിശ്വാസകാര്യങ്ങളുടെയും അടിത്തറ. ശേഷം നബി ﷺ കൊണ്ടുവന്ന ഇസ്ലാമിക അധ്യാപനങ്ങളിലേക്ക്‌ അവർ ക്ഷണിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും അനസ്‌ رضى الله عنه ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്‌: നബി ﷺ മുആദ്‌ رضى الله عنه നെ യമനിലേക്ക്‌ അയക്കുമ്പോൾ അദ്ദേഹത്തോട്‌ പറഞ്ഞു: `നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്‌ അല്ലാഹുവല്ലാതെ ആരാധനക്ക്‌ അർഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനത്തിലേക്കായിരിക്കണം. അതിലവർ നിന്നെ അനുസരിച്ചാൽ നമസ്കാരത്തെക്കുറിച്ച്‌ അവരോട്‌ കൽപിക്കുക…”

ഇവിടെ നബി ﷺ മുആദ് رضى الله عنه വിനോട്‌ കൽപിക്കുകയാണ്. അദ്ദേഹമാകട്ടെ ഒരു വ്യക്തിയും. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പിൽക്കാലക്കാരുടെ സാങ്കേതിക പ്രയോഗമനുസരിച്ച്‌ ആഹാദായ ഹദീഥാണ്‌. എന്നിട്ടും നബി ﷺ അദ്ദേഹത്തോട്‌ നിർദേശിക്കുന്നത്‌ ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാനും അവന്‌ യാതൊരു പങ്കുകാരില്ല എന്നതിലേക്കുമാണ്‌.

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സാക്ഷ്യപ്രഖ്യാപനത്തിലേക്കായിരിക്കണം ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌.)

സലഫുകളെ പിൻപറ്റുന്നവരും അവരോട്‌ എതിരാവുന്നവരുമൊക്കെ ഒന്നടങ്കം സ്വഹീഹാണെന്ന്‌ സമ്മതിക്കുന്ന ഈ ഹദീഥിനെ അപ്പോൾ നിങ്ങൾ നിരാകരിച്ചു. അതായത്‌, നബി ﷺ മുആദ്  رضى الله عنه വിനെ യമനിലേക്ക്‌ അയച്ചു. അദ്ദേഹത്തോട്‌ അവരെ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സത്യത്തിലേക്ക്‌ (തൗഹീദ്‌) ക്ഷണിക്കുവാൻ കൽപിക്കുകയും ചെയ്തു. അപ്പോൾ പിന്നെ എങ്ങനെയാണ്‌ ഈ ഹദീഥ്‌ സ്വഹീഹാണെന്നും അതൊടൊപ്പം ആഹാദായ ഹദീഥ്‌ വിശ്വാസ കാര്യത്തിൽ (അഖീദ) സ്വീകര്യമല്ലെന്നും പറയുക!

മുതവാതിർ, ആഹാദ്‌ എന്നിങ്ങനെയുള്ള വേർതിരിവ്‌ കൂടാതെ ജനങ്ങളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നബി ﷺ യുടെ സ്വഹാബത്തിന്റെ മാർഗത്തിൽ നിന്നുള്ള വ്യതിചലനം ഇതിൽ നിന്നും നിങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ടാകും. വാസ്തവത്തിൽ ക്വുർആനും സുന്നത്തും സലഫുകളുടെ മൻഹജും പിൻപറ്റുന്നതിൽ നിന്നുള്ള വ്യതിയാനത്തിന്റെ അപകടവും ഗൗരവവും ബോധ്യപ്പെടാൻ ബുദ്ധിയുള്ള ഏതൊരു വിശ്വാസിക്കും ഈ ഒരൊറ്റ വിഷയം തന്നെ മതിയാകുന്നതാണ്‌.

അത്കൊണ്ടുതന്നെ ഈ സച്ചരിതരുടെ പാത പിൻപറ്റാൻ ആഗ്രഹിക്കുന്ന ഏതൊരാളും ക്വുർആനും സുന്നത്തും പഠിക്കുന്നത്‌ പോലെ തന്നെ സ്വഹാബത്തും താബിഉകളും അവരുടെ അനുചരന്മാരും ഒക്കെ അടങ്ങുന്ന പൂർവികരായ സച്ചരിതരുടെ നിലപാടുകളും നടപടിക്രമങ്ങളും തിരിച്ചറിയൽ അനിവാര്യമാണ്‌. എന്തുകൊണ്ടെന്നാൽ, അവരാണ്‌ ഈ ആദർശം ശരിയായ രൂപത്തിൽ നമുക്ക്‌ എത്തിച്ച്‌ തന്നവർ.

ഹദീഥുകളെ മുതവാതിറെന്നും ആഹാദെന്നും വേർതിരിച്ച്‌ ആഹാദ്‌ വിശ്വാസ കാര്യങ്ങല്ക്ക്‌ രേഖയാക്കാൻ പറ്റില്ലെന്നുള്ള പുത്തൻവാദത്തിലൂടെ അത്ഭുതാവഹമായ ചില വൈരുധ്യങ്ങളിലേക്കാണ്‌ ഇവർ ചെന്ന്‌ വീഴുന്നത്‌. കാരണം, ചില ഹദീഥുകൾ ഒരേ സമയം അഖീദയും(വിശ്വാസം) കർമവും(ഹുകുമ്‌ അഥവ മതവിധി) ഉൾകൊള്ളുന്നതായിരിക്കും; ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന, അബുഹുറയ്‌റ رضى الله عنه വിന്റെ ഹദീഥ്‌ പോലെ: നബി ﷺ പറഞ്ഞു:

إذا جلس أحدُكُم في التَّشَهُّدِ الأخيرِ، فليستعذ بالله من أربع

നിങ്ങളിലാരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവോട്‌ രക്ഷതേടുക.

അവിടുന്ന്‌ പറയുന്നു:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

“അല്ലാഹുവേ, നരകത്തിന്റെ കഠിന ശിക്ഷയിൽ നിന്നും ക്വബ്‌റിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും ജീവിതത്തിലും മരണസമയത്തുള്ള ഫിത്നകളിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷതേടുന്നു.”

ഈ ഹദീഥിൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ രക്ഷതേടുവാനുള്ള നിർദേശമുണ്ട്‌. അത്‌ ശരീഅത്തിന്റെ നിയമങ്ങളിൽ പേട്ട ഒന്നാണ്‌. കർമപരമായ കാര്യങ്ങൾ ആഹാദായ ഹദീഥുകൾ (മുതവാത്വിർ അല്ലാത്ത ഹദീഥുകൾ) കൊണ്ടും സ്ഥിരപ്പെടുമെന്ന്‌ നമ്മെപോലെ അവരും പറയുന്നതാണല്ലോ. അതിനാൽ ഈ ഹദീഥ്‌ അനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കാൻ അവർക്ക്‌ നിവൃത്തിയുണ്ടാവുകയില്ല. പക്ഷേ, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും ജീവീതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നുമൊക്കെയുള്ള രക്ഷതേടലുകളാണല്ലോ അതിലുള്ളത്‌. ക്വബ്ര് ശിക്ഷയിൽ ഇവർക്ക്‌ വിശ്വാസമുണ്ടോ?

ഇവിടെ വല്ലാത്തൊരു കുടുക്കിലാണീ കൂട്ടർ ചെന്ന്‌ പെടുന്നത്‌. ക്വബ്‌റിലെ ശിക്ഷ എന്നത്‌ വിശ്വാസ കാര്യമാണ.​‍്‌ ഇവരുടെ വാദമനുസരിച്ച്‌ ക്വബ്ര് ശിക്ഷ മുതവാതിറായ ഹദീഥ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുമില്ല. അതിനാൽ ക്വബ്ര് ശിക്ഷയിൽ അവർക്കൊട്ട്‌ വിശ്വാസവുമില്ല! ഫിർഔന്റെ കാര്യത്തിൽ കബ്ര്ശിക്ഷയുണ്ടെന്ന്‌ ക്വുർആനിൽ വന്നിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റാരുടെ കാര്യത്തിലും അങ്ങനെയൊന്നുറപ്പിക്കുക സാധ്യമല്ല:

ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ

നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന്‌ കൽപിക്കപ്പെടും). (ഖു൪ആന്‍:40/46)

ഈ നരകത്തെ (അഗ്നി)ക്കുറിച്ച്‌ ഇക്കൂട്ടർ പറയുന്നത്‌ അത്‌ ഫിർഔനിനും കൂട്ടർക്കുമുള്ള ശിക്ഷയാണെന്നാണ്‌. എന്നാൽ മറ്റ്‌ അവിശ്വാസികളുടെ കാര്യത്തിലും, ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന്‌ സ്ഥിരപ്പെട്ട മുസ്ലിംകളിലെ ചിലരുടെ വിഷയത്തിലും ഇവർ അങ്ങനെ വിശ്വസിക്കുന്നില്ല. അത്‌ എന്ത്‌ കൊണ്ടെന്നാൽ അവരുടെ, മേൽപറഞ്ഞ പിഴച്ച വാദത്താലാണ്‌. അതായത്‌, ഹദീഥ്‌ സ്വഹീഹാണെങ്കിലും മുതവാതിറിന്റ പരിധി എത്തിയിട്ടില്ലെങ്കിൽ അത്കൊണ്ട്‌ അഖീദ സ്ഥിരപ്പെടുകയില്ല എന്ന വാദം! അക്കാരണത്താൽ ധാരാളക്കണക്കിന്‌ ഹദീഥുകളെ ഇക്കൂട്ടർ നിഷേധിക്കുന്നു. അവരുടെ വാദമനുസരിച്ച്‌ അവയൊന്നും മുതവാതിറിന്റെ പരിധി എത്തിയിട്ടില്ലയെന്ന ഒറ്റക്കാരണം കൊണ്ടാണത്‌.

ഇബ്നു അബ്ബാസ്‌  رضى الله عنه വിൽ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥ്‌ ഒരു പക്ഷേ, നിങ്ങളറിയുന്നതായിരിക്കും. അതായത്‌, ഒരിക്കൽ നബി ﷺ മുസ്ലിംകളുടെ രണ്ട്‌ ക്വബ്‌റുകൾക്കരികിലൂടെ നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു:

أَنَّهُ مَرَّ بِقَبْرَيْنِ يُعَذَّبَانِ فَقَالَ إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لَا يَسْتَتِرُ مِنْ الْبَوْلِ وَأَمَّا الْآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ ثُمَّ أَخَذَ جَرِيدَةً رَطْبَةً فَشَقَّهَا بِنِصْفَيْنِ ثُمَّ غَرَزَ فِي كُلِّ قَبْرٍ وَاحِدَةً فَقَالُوا يَا رَسُولَ اللَّهِ لِمَ صَنَعْتَ هَذَا فَقَالَ لَعَلَّهُ أَنْ يُخَفَّفَ عَنْهُمَا مَا لَمْ يَيْبَسَا

ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. വലിയ കാര്യത്തിനൊന്നുമല്ല അവർ ശിക്ഷിക്കപ്പെടുന്നത്‌. അവരിലൊരാൾ ഏഷണിയുമായി നടക്കുമായിരുന്നു. മറ്റെയാൾ മൂത്രത്തിൽ നിന്ന്‌ പൂർണമായും ശുദ്ധിവരുത്തിയിരുന്നില്ല.”എന്നിട്ട്‌ നബി ﷺ ഒരു ഈന്തപ്പനമടൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു, ശേഷം അതിനെ രണ്ടായി പിളർത്തി ഓരോ ക്വബ്‌റിന്റെയും തലഭാഗത്ത്‌ കുത്തി. സ്വഹാബികൾ അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: “ഈ മടൽ പച്ചയായി ഇരിക്കുന്നത്ര സമയം അല്ലാഹു അവർക്ക്‌ ശിക്ഷ ലഘൂകരിച്ച്‌ കൊടുത്തേക്കും. (ബുഖാരി, നസാഈ)

ഈ ഹദീഥ്‌ സ്വഹീഹുൽ ബുഖാരിയിലുള്ളതാണ്‌. ഈ രണ്ട്‌ വ്യക്തികളും മുസ്ലിംകളാണെന്ന്‌ നബി ﷺ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും അവർ ശിക്ഷിക്കപ്പെടുകയാണ്‌, ആ രണ്ട്‌ കമ്പുകൾ പച്ചയായി നിൽക്കുന്നത്ര കാലം അവർക്ക്‌ ശിക്ഷയിൽ ലഘൂകരണത്തിനായി അവിടുന്ന്‌ അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്തു.

ഇത്‌ പോലെയുള്ള വേറെയും ഹദീഥുകളുണ്ട്‌. നബി ﷺ പറയുന്നു: നിങ്ങൾ മൂത്രത്തിൽ നിന്ന്‌ ശുദ്ധിവരുത്തുവിൻ, നിശ്ചയം ക്വബ്ര് ശിക്ഷയിൽ ഭൂരിഭാഗവും ശുദ്ധി വരുത്താത്തതിന്റെ പേരിലാണ്‌” (ഇബ്നുമാജ, ദാറക്വുത്വ്നി).

ഇങ്ങനെ ധാരാളക്കണക്കിന്‌ ഹദീഥുകളുണ്ട്‌. ഞാൻ ദീർഘിപ്പിക്കുന്നില്ല. അതിൽ പെട്ട ഒന്നുകൂടി പറയട്ടെ: ജാഹിലിയ്യത്തിൽ മരണപ്പെട്ട രണ്ട്‌ മുശ്‌രിക്കുകളുടെ ക്വബ്‌റുകൾക്കരികിലൂടെ നബി ﷺ നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു:

فَلَوْلَا أَنْ لَا تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ

നിങ്ങൾ ക്വബ്‌റടക്കുന്നത്‌ അവസാനിപ്പിച്ച്‌ ഭയചകിതരായി പിൻമാറി പോകുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ക്വബ്ര് ശിക്ഷയുടെ ശബ്ദം നിങ്ങളെയും കേൾപിക്കുവാനായി ഞാൻ അല്ലാഹുവോട്‌ ആവശ്യപ്പെടുമായിരുന്നു” (ബുഖാരി, മുസ്ലിം).

إِنَّ هَذِهِ الْأُمَّةَ تُبْتَلَى فِي قُبُورِهَا فَلَوْلَا أَنْ لَا تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ

മുശ്‌രികുകൾക്കും മുസ്ലിംകളിൽ പെട്ട ചിലർക്കും ക്വബ്‌റിൽ വെച്ച്‌ ശിക്ഷയുണ്ടാകുമെന്ന്‌ ഇത്‌ പോലുള്ള ഹദീഥുകളിലൂടെ വ്യക്തമായിട്ടും അവ സ്വീകരിക്കുവാനോ അവയുടെ ആശയം അംഗീകരിക്കുവാനോ തയാറാകാതെ അവയെല്ലാം പാടെ നിഷേധിക്കുവാനാണ്‌ ഇത്തരക്കാർ ധൃഷ്ടരായത്‌. അവയെല്ലാം ആഹാദായ ഹദീഥുകളാണ്‌; മുതവാതിറുകളല്ലായെന്ന തങ്ങളുടെ തത്ത്വശാസ്ത്രം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ അവർ അപ്രകാരം ചെയ്യുന്നത്‌.

അപ്പോൾ പിന്നെ മേൽ സൂചിപ്പിച്ച, അബുഹുറയ്‌റ رضى الله عنه വിന്റെ ഹദീഥിന്റെ കാര്യത്തിൽ അവർ എന്ത്‌ നിലപാട്‌ സ്വീകരിക്കും? അതായത്‌, ‘നിങ്ങളിൽ ആരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവിനോട്‌ രക്ഷതേടിക്കൊള്ളട്ടെ’ എന്ന ഹദീഥ്‌!

(أصول الدعوة السلفية എന്ന ഗ്രന്ഥത്തിൽ നിന്നും)

വിവര്‍ത്തനം: ശമീര്‍ മദീനി

Leave a Reply

Your email address will not be published.

Similar Posts