മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരും അല്ലാഹുവിന് ഇബാദത്തുകൾ സമര്‍പ്പിച്ചിരുന്നവരും ആയിരുന്നു. എന്നാൽ അവരുടെ വിശ്വാസം ന്യൂനതയുള്ളതും വികലവുമായിരുന്നു. കാരണം അവര്‍ അല്ലാഹുവിൽ വിശ്വസിച്ചിരുന്നത് അവനിൽ പങ്ക് ചേര്‍ത്തുകൊണ്ടായിരുന്നു. അല്ലാഹുവോടൊപ്പം അവര്‍ മറ്റ് പലരെയും ആരാധിച്ചു. അവരുടെ ആരാധ്യർ അല്ലാഹുവിന്റെ കീഴിലും അധീനത്തിലുമുള്ള പങ്കുകാരാണെന്ന് അവർ വിശ്വസിച്ചു. അതിനാൽ അവര്‍ക്കിടയിലേക്ക് നിയോഗിതനായ അല്ലാഹു റസൂലായ മുഹമ്മദ് ﷺ അവരെ തൗഹീദിലേക്ക് പ്രബോധനം ചെയ്തു. എന്നാൽ ഇന്ന് നമ്മുടെ നാടുകളിലെ ചില പുരോഹിതര്‍ മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നില്ലെന്ന് പ്രചരിപ്പിക്കുന്നത് കാണാം. അതിനാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നുവെന്നതിനുള്ള ചില തെളിവുകൾ കാണുക:
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്? (ഖു൪ആന്‍ : 29/61)
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? (ഖു൪ആന്‍ : 43/87)
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍ : 10/31)
അവരെയും ഈ ലോകത്തെയും സൃഷ്ടിച്ചതും ലോകം നിയന്ത്രിക്കുന്നതും, മഴ വർഷിപ്പിക്കുന്നതും, ഭക്ഷണം തരുന്നതുമൊക്കെ അല്ലാഹുവാണെന്ന് മക്കയിലെ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നുവെന്ന് ഈ ആയത്തുകളിൽ നിന്ന് വ്യക്തം. അഥവാ സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം (توحيد الربوبية) അവർ അംഗീകരിച്ചിരുന്നു. എന്നാൽ അതോടൊപ്പം ആരാധനയിലുള്ള ഏകത്വത്തെ (توحيد الألوهية) അവര്‍ നിഷേധിക്കുകയും ചെയ്തു. എന്നാൽ അവർ ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഉദാഹരണത്തിന് അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെ വിളിച്ചു പ്രാര്‍ത്ഥിക്കാതെ, നിഷ്കളങ്കമായ ഭയഭക്തിയോടുകൂടി അവർ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആപത്ത് നീങ്ങി കരയിലേക്കു രക്ഷപ്പെട്ട് കഴിയുന്നതോടെ, അതെല്ലാം മറന്ന് വീണ്ടും പഴയ ശിര്‍ക്ക് തന്നെ ആവര്‍ത്തിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടാണ് തങ്ങള്‍ക്കു അഭയം തേടുവാനുള്ളതെന്നോ അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവംപോലും അവരില്‍ പ്രകടമാകുകയില്ല.
فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ﴿٦٥﴾ لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ﴿٦٦﴾
എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു. അങ്ങനെ നാം അവര്‍ക്ക് നല്‍കിയതില്‍ അവര്‍ നന്ദികേട് കാണിക്കുകയും, അവര്‍ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നു. എന്നാല്‍ വഴിയെ അവര്‍ (കാര്യം) മനസ്സിലാക്കികൊള്ളും. (ഖുർആൻ:29/65-66)
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ജരീർ അത്ത്വബരി رحمه الله പറഞ്ഞു:
يقول أخلصوا لله عند الشدّة التي نـزلت بهم التوحيد، وأفردوا له الطاعة، وأذعنوا له بالعبودية، ولم يستغيثوا بآلهتهم وأندادهم، ولكن بالله الذي خلقهم
അവർക്ക് പ്രയാസമുണ്ടാകുന്ന സന്ദർഭത്തിൽ അല്ലാഹുവിനെ അവർ ഏകനാക്കും, ഇബാദത്ത് അവന് മാത്രമാക്കും, അടിമത്തം അവന് മാത്രം അവർ അർപ്പിക്കും, (അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന) അവരുടെ ആരാധ്യന്മാരോടും സമന്മാരോടും അവർ ഇസ്തിഗാസ ചെയ്യുകയില്ല. മറിച്ച് അവരെ സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം വിളിച്ച് സഹായം തേടും എന്നാണ് അല്ലാഹു പറയുന്നത്. (تفسير الطبري)
ചുരുക്കത്തിൽ മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നുവെന്ന് വ്യക്തം. മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ തൽബിയത്തും ഇതിലേക്ക് തെളിവാണ്.
عَنِ ابْنِ عَبَّاسٍ، – رضى الله عنهما – قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ – قَالَ – فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم “ وَيْلَكُمْ قَدْ قَدْ ” . فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മുശ്‌രിക്കുകൾ (ഹജ്ജിനായി വന്നാൽ) ഇപ്രകാരം (തൽബിയത്ത്) പറയുമായിരുന്നു: ‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല’. അപ്പോൾ നബി ﷺ പറയും: നിങ്ങൾക്ക് നാശം, നിർത്തു നിർത്തു. അപ്പോൾ മുശ്‌രിക്കുകൾ (തുടർന്ന്) പറയും: ‘ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു. കഅബയെ ത്വവാഫ് ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്. (മുസ്ലിം:1185)
ബദ്റിന്റെ ദിവസം മുശ്‌രിക്കുകൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കുന്നുണ്ട്.
وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.) (ഖുർആൻ:8/32)
അപ്പോഴാണ് അല്ലാഹു അടുത്ത ആയത്ത് (8/33) അവതരിപ്പിച്ചത്. (ബുഖാരി:4648)
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖുർആൻ:8/33)
ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് അലി رضي الله عنه വും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം باسمك اللهم (അല്ലാഹുവേ, നിന്റെനാമത്തിൽ) എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.
നബി ﷺ യുടെ പിതാവിന്റെ പേര് തന്നെ അബ്ദുല്ലാ (അല്ലാഹുവിന്റ അടിമ) എന്നായിരുന്നല്ലോ. നബി ﷺ ജനിക്കുന്നതിന് മുമ്പുതന്നെ ആ സമൂഹത്തിന് അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് വ്യക്തം.
നബി ﷺ പ്രവാചകനായി നിയോഗിക്കപ്പെട്ട് ആദ്യമായി വഹ്‌യ് ലഭിച്ച സന്ദര്‍ഭത്തിൽ അവിടുന്ന് പേടിച്ച് ഭാര്യ ഖദീജ رَضِيَ اللَّهُ عَنْها യുടെ അടുക്കല്‍ എത്തിയപ്പോൾ അവര്‍ നബി ﷺ യെ ആശ്വസിപ്പിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു:
فَقَالَتْ خَدِيجَةُ كَلاَّ وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ.
ഖദീജ رَضِيَ اللَّهُ عَنْها പറഞ്ഞു: ‘അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’ (ബുഖാരി:3)
നബി ﷺക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുതന്നെ ഖദീജ رَضِيَ اللَّهُ عَنْها ക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തം.
ഇനി അവര്‍ അല്ലാഹുവിന് ഇബാദത്തുകൾ നിര്‍വ്വഹിച്ചിരുന്നുവെന്നതിന്റെ തെളിവ് കാണുക: ഉമർ رَضِيَ اللَّهُ عَنْهُ ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം ഇഅ്തികാഫ് ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ്ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ അല്ലാഹുവിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ عُمَرَ، سَأَلَ النَّبِيَّ صلى الله عليه وسلم قَالَ : كُنْتُ نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً فِي الْمَسْجِدِ الْحَرَامِ، قَالَ “ فَأَوْفِ بِنَذْرِكَ ”.
ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ധേഹം നബി ﷺ യോട് ചോദിച്ചു: ഞാൻ മസ്ജിദുൽ ഹറമിൽ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാമെന്ന് ജാഹിലിയ്യാ കാലത്ത് നേർച്ച നേർന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: താങ്കളുടെ നേർച്ച പൂർത്തിയാക്കുക. (ബുഖാരി: 2032)
മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ അല്ലാഹു പറയുന്നതും അല്ലാഹുവിനായുള്ള അവരുടെ നേർച്ചക്ക് തെളിവാണ്.
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം! (ഖുർആൻ:6/136)
രണ്ടാമതായി, മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരും അവന് ഇബാദത്തുകൾ സമര്‍പ്പിച്ചിരുന്നവരുമായിരുന്നുവെന്നതിനുള്ള ഈ തെളിവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, അത് മുഹമ്മദ് നബി ﷺ പഠിപ്പിച്ച അല്ലാഹു അല്ലെന്നും വേറെയാരോ ആണെന്നും മുശ്‌രിക്കുകളുടെ സങ്കല്പത്തിലെ അല്ലാഹുവാണെന്നുമൊക്കെയാണ് മേൽ സൂചിപ്പിച്ച പുരോഹിതൻമാര്‍ പറയുന്നത്. അതിനുള്ള നമ്മുടെ മറുപടി, മേൽ തെളിവുകൾ ശ്രദ്ധയോടെ വായിച്ചാൽ മതിയെന്നാണ്. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും അവരെ സൃഷ്ടിക്കുകയും അവര്‍ക്ക് ജീവിതം നൽകുകയും അവര്‍ക്ക് അന്നം നൽകുകയും ചെയ്യുന്നത് അല്ലാഹുവാണന്ന് മുശ്‌രിക്കുകൾ മറുപടി പറഞ്ഞപ്പോൾ, എങ്കിൽ പിന്നെ നിങ്ങളെന്താ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാത്തതെന്നാണല്ലോ അല്ലാഹു ചോദിക്കുന്നത്. മുശ്‌രിക്കുകളുടെ മറുപടിയിലെ അല്ലാഹു വേറെ ഏതോ അല്ലാഹുവാണെങ്കിൽ യഥാര്‍ത്ഥ അല്ലാഹു അതിനെന്തിന് മറുപടി പറയണം? ബദ്റിന്റെ ദിവസം മുശ്‌രിക്കുകൾ പ്രാര്‍ത്ഥിച്ചത് വേറെ ഏതോ അല്ലാഹുവിനോടാണെങ്കിൽ, അതിന് മറുപടിയായി യഥാര്‍ത്ഥ അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ എന്തിന് ആയത്ത് അവതരിപ്പിക്കണം? ഉമർ رَضِيَ اللَّهُ عَنْهُ ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം ഇഅ്തികാഫ് ഇരിക്കാൻ നേർച്ചയാക്കിയത് വേറെ ഏതോ അല്ലാഹുവിനാണെങ്കിൽ ആ നേര്‍ച്ച പൂര്‍ത്തിയാക്കാൻ യഥാര്‍ത്ഥ അല്ലാഹു എന്തിന് അനുവദിക്കണം? മക്കയിലെ മുശ്‌രിക്കുകൾ തൽബിയത്ത് ചൊല്ലിയത് വേറെ ഏതോ അല്ലാഹുവിനാണെങ്കിൽ, മുഹമ്മദ് നബി ﷺ അതിലെന്തിന് പരിധി നിശ്ചയിക്കണം? ഇവിടെ കാര്യം വ്യക്തമാണ്. മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവെന്ന് വിളിച്ചിട്ടുള്ളത് മുഹമ്മദ് നബി ﷺ പഠിപ്പിച്ച അല്ലാഹുവിനെ തന്നയാണ്. ഇസ്മാഈല്‍ നബി عليه السلام യുടെ സന്തതികളാണല്ലോ അറബികൾ. ഇബ്‌റാഹീം നബി عليه السلام യും ഇസ്മാഈല്‍ നബി عليه السلام യും കൂടി നര്‍മ്മിച്ച കഅ്ബയുടെ നടത്തിപ്പുകാരുമായിരുന്നു അറബികൾ. പിന്നീട് ഒരു പ്രവാചകൻ അവരിലേക്ക് വന്നിട്ടില്ലാത്തതുകൊണ്ടുതന്നെ അവരിൽ കാലക്രമേണ വിശ്വാസ വൈകല്യങ്ങൾ അവരിൽ സംജാതമായി. എന്നിരുന്നാലും ആ ജനത അല്ലാഹുവിനെ മനസ്സിലാക്കിയിരുന്നു.
മൂന്നാമതായി, മക്കയിലെ മുശ്‌രിക്കുകളുടെ അല്ലാഹു വേറെ ഏതോ അല്ലാഹുവാണെന്ന് പുരോഹിതൻമാര്‍ പറയുന്നതിന് ചില താല്പര്യങ്ങളുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. ‘അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല’ എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. സൃഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്ന് വിശ്വസിച്ചിട്ടും ആ വിശ്വാസം കൊണ്ട് മാത്രം മക്കയിലെ മുശ്രിക്കുകൾ ഇസ്ലാമിൽ പ്രവേശിച്ചില്ല. കാരണം ആരാധനയിലുള്ള ഏകത്വത്തെ (توحيد الألوهية) അവര്‍ നിഷേധിച്ചു. അഥവാ ഇബാദത്തുകൾ (ആരാധന) അല്ലാഹുന് മാത്രമേ സമര്‍പ്പിക്കാവൂ എന്നത് അവര്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ അല്ലാഹു അല്ലാത്ത പലതിനും ഇബാദത്തുകൾ ചെയ്യുന്നവരായിരുന്നു.
ഇന്ന് നമ്മുടെ നാടുകളിൽ അല്ലാഹുവല്ലാത്ത, മരണപ്പെട്ടുപോയ മഹാൻമാരോട് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും പുരോഹിതൻമാര്‍ സാധാരണക്കാരായ ആളുകളെ പ്രേരിപ്പിക്കുന്നു. അതിനായി ജാറങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നു. ഇതാകട്ടെ മക്കയിലെ മുശ്‌രിക്കുകളുടെ പ്രവര്‍ത്തനങ്ങൾക്ക് സമാനമാണ്. സൃഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്ന് വിശ്വസിച്ചിട്ടും ആ വിശ്വാസം കൊണ്ട് മാത്രം മക്കയിലെ മുശ്രിക്കുകൾ ഇസ്ലാമിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്ന അവര്‍ക്ക് ഇബാദത്തിന്റെ ഇനങ്ങൾ അര്‍പ്പിക്കുന്ന ഇന്നത്തെ മുസ്ലിംകളിലെ ചിലരും ഇസ്ലാമിക വൃത്തത്തിന് പുറത്താണ്. അതുകൊണ്ടാണ് മക്കയിലെ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്ന അല്ലാഹു വേറെ ഏതോ അല്ലാഹുവാണെന്ന് പുരോഹിതൻമാര്‍ പറയുന്നത്.
നാലാമതായി, മക്കയിലെ മുശ്‌രിക്കുകളുടെ അല്ലാഹു വേറെ ഏതോ അല്ലാഹുവാണെന്ന് പുരോഹിതൻമാര്‍ തെളിവാക്കുന്ന തെളിവ് പരിശോധിക്കാം. അതിലൊന്ന് സൂറ: കാഫിറൂനാണ്.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿١﴾ لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٣﴾ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾
(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. (സൂറ:അൽ കാഫിറൂൻ)
സത്യനിഷേധികളോട് താങ്കൾ ഇപ്രകാരം പ്രഖ്യാപിക്കുക എന്ന് നബി ﷺ യെ അറിയിച്ചുകൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. “ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല”എന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം. മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനെ ആരാധിച്ചിരുന്നില്ലെന്നാണ് ഇതിലൂടെ പുരോഹിതൻമാര്‍ സമര്‍ത്ഥിക്കുന്നത്. എന്നാൽ കാര്യം അങ്ങനെയല്ല. മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനെ അംഗീകരിച്ചവരും അല്ലാഹുവിന് ആരാധ്യതാവകാശം വകവെച്ചു നൽകിയിരുന്നവരുമായിരുന്നു. എന്നാൽ അവര്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാതെ അല്ലാഹുവിൽ പങ്ക് ചേര്‍ത്തവരായിരുന്നതിനാൽ അവരുടെ ആരാധന സ്വീകാര്യമല്ല. അല്ലാഹുവിനുള്ള ആരാധന സ്വീകാര്യ യോഗ്യമാകണമെങ്കിൽ അതിൽ ഈമാനും ഇഖ്‌ലാസും ഇത്തിബാഉം ഉണ്ടാകണം. അതുകൊണ്ടാണ് “ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല” എന്ന് പ്രഖ്യാപിക്കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)
وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ لِعَدَمِ إِخْلَاصِكُمْ فِي عِبَادَتِكُمْ لِلَّهِ ، فَعِبَادَتُكُمْ لَهُ الْمُقْتَرِنَةُ بِالشِّرْكِ لَا تُسَمَّى عِبَادَةً
”ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.” കാരണം അല്ലാഹുവിനുള്ള നിങ്ങളുടെ ആരാധന നിഷ്‌കളങ്കമല്ല. അവനുള്ള നിങ്ങളുടെ ആരാധന ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) ചേര്‍ന്നതായതിനാല്‍ അതിനെ (അല്ലാഹുവിനുള്ള ഇബാദത്ത്) ആരാധന എന്ന് പറയാവതല്ല. (തഫ്സീറുസ്സഅ്ദി)
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُهُ أَنَا؛ وَهُوَ اللَّهُ وَحْدَهُ.
ഞാൻ ആരാധിക്കുന്ന പോലെ – അല്ലാഹുവിനെ മാത്രം – ആരാധിക്കുന്നവരല്ല നിങ്ങളും. (തഫ്സീർ മുഖ്തസ്വർ)