ജനങ്ങൾക്ക് വിവിധ മേഖലകളിൽ ധാരാളം സേവനം നൽകിയിട്ടുള്ള, അവർക്ക് ഉപകാരമുള്ള കാര്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മദർ തെരേസ, മഹാത്മാ ഗാന്ധി പോലെയുള്ള മനുഷ്യർ സ്വർഗത്തിലാണോ എന്നുള്ള ചോദ്യം വിവിധ കോണുകളിൽ നിന്നും കേൾക്കാറുണ്ട്. അവരാകട്ടെ ദൈവ വിശ്വാസികളുമായിരുന്നു. അതേപോലെ ഇത്തരം മനുഷ്യർ സ്വർഗ്ഗത്തിൽ ആണെന്ന് വിശ്വസിക്കുന്നുവെന്ന് പറയുന്ന മുസ്ലിം നാമധാരികളും ഉണ്ട്. അതോടൊപ്പം ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ പ്രവർത്തിക്കുകയും, എന്നാൽ നിരീശ്വര – നിർമത വാദിയായി ജീവിച്ചു മരിക്കുകയും ചെയ്തിട്ടുള്ള പലരെയും ചിലര്‍ സ്വർഗ്ഗവാസിയാക്കുന്നുണ്ട്. ഈ വിഷയത്തിൽ ഓരോരുത്തർക്കും അവരവർക്ക് ശരിയായി തോന്നുന്നതിനപ്പുറം ഇസ്ലാമിക പ്രമാണങ്ങൾ എന്താണ് പഠിപ്പിച്ചിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഇസ്ലാമിക പ്രമാണങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, ‘ഇന്നയാൾ നരകത്തിലാണ് ഇന്നയാൾ സ്വർഗ്ഗത്തിലാണ്’ എന്ന് ഒരു വ്യക്തിയെ ചൂണ്ടി അയാൾ മുസ്ലിമായാലും അമുസ്ലിമായാലും പറയാൻ പാടുള്ളതല്ല. ഓരോരുത്തരുടെയും വിശ്വാസവും അന്ത്യവും എന്തായിരുന്നു, എങ്ങനെയായിരുന്നുവൊക്കെ കൃത്യമായി സൂക്ഷ്മമായി അറിയാൻ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. ഖുർആനിലും നബി ﷺ യുടെ വാക്കുകളിലും ചിലരുടെ കാര്യത്തിൽ ‘ഇന്നയാൾ നരകത്തിലാണ് ഇന്നയാൾ സ്വർഗ്ഗത്തിലാണ്’ എന്ന് വന്നിട്ടുണ്ട്. അബൂജഹൽ നരകത്തിലാണ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി رضي الله عنهم തുടങ്ങിയ സഹാബിമാർ സ്വർഗ്ഗത്തിലാണ് എന്ന പരാമർശം പോലെ . ആ പരാമർശങ്ങളൊക്കെ വഹ്‌യന്റെ അടിസ്ഥാനത്തിലുളളതാണ്. അതല്ലാതെ അതിനുശേഷം ജീവിച്ചു മരിച്ചു പോയ ആളുകളെക്കുറിച്ച് നമുക്ക് അപ്രകാരം പറയാൻ പാടുള്ളതല്ല.
ഉസ്മാനു ബ്നു മള്ഊൻ رضي الله عنه മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തെ സന്ദര്‍ശിച്ച വേളയിൽ ഉമ്മുല്‍ അലാഉ് رضي الله عنها ഉസ്മാനു ബ്നു മള്ഊനെ ഉദ്ദേശിച്ച് പറയുന്ന ഒരു രംഗം ഹദീസുകളിൽ കാണാം. ഉമ്മുല്‍ അലാഉ് رضي الله عنها യില്‍നിന്നു നിവേദനം ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ഇപ്രകാരമാണുള്ളത്.
فَقُلْتُ رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ. قَالَ ” وَمَا يُدْرِيكِ ”. قُلْتُ لاَ أَدْرِي وَاللَّهِ. قَالَ ” أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ، إِنِّي لأَرْجُو لَهُ الْخَيْرَ مِنَ اللَّهِ، وَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلاَ بِكُمْ ”. قَالَتْ أُمُّ الْعَلاَءِ فَوَاللَّهِ لاَ أُزَكِّي أَحَدًا بَعْدَهُ.
ഞാൻ പറഞ്ഞു : ‘അബൂ സാഇബ്, അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. അല്ലാഹു നിങ്ങളെ ആദരിച്ചിരിക്കുന്നു എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: (അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നുവെന്ന്) നിങ്ങൾക്ക് എന്തറിയാം? ഞാൻ പറഞ്ഞു :അല്ലാഹുവാണെ, എനിക്കറിയില്ല. നബി ﷺ പറഞ്ഞു:അദ്ദേഹത്തിനു മരണം വന്നുകഴിഞ്ഞു; അദ്ദേഹത്തിനു അല്ലാഹുവിൽ നിന്നും നന്മയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹുവാണെ, ഞാന്‍ അവന്റെ റസൂലായിരിക്കെ, എനിക്കോ നിനക്കോ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഉമ്മുല്‍ അലാഉ് رضي الله عنها പറഞ്ഞു:അല്ലാഹുവാണെ, ഇനി ഒരിക്കലും, ഒരാളെക്കുറിച്ചും, ഞാന്‍ പരിശുദ്ധപ്പെടുത്തി പറയുകയില്ല. (ബുഖാരി:7018)
عَنْ أَبِي هُرَيْرَةَ، قَالَ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ خَيْبَرَ فَلَمْ نَغْنَمْ ذَهَبًا وَلاَ فِضَّةً إِلاَّ الأَمْوَالَ وَالثِّيَابَ وَالْمَتَاعَ، فَأَهْدَى رَجُلٌ مِنْ بَنِي الضُّبَيْبِ يُقَالُ لَهُ رِفَاعَةُ بْنُ زَيْدٍ لِرَسُولِ اللَّهِ صلى الله عليه وسلم غُلاَمًا يُقَالُ لَهُ مِدْعَمٌ، فَوَجَّهَ رَسُولُ اللَّهِ صلى الله عليه وسلم إِلَى وَادِي الْقُرَى حَتَّى إِذَا كَانَ بِوَادِي الْقُرَى بَيْنَمَا مِدْعَمٌ يَحُطُّ رَحْلاً لِرَسُولِ اللَّهِ صلى الله عليه وسلم إِذَا سَهْمٌ عَائِرٌ فَقَتَلَهُ، فَقَالَ النَّاسُ هَنِيئًا لَهُ الْجَنَّةُ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” كَلاَّ وَالَّذِي نَفْسِي بِيَدِهِ إِنَّ الشَّمْلَةَ الَّتِي أَخَذَهَا يَوْمَ خَيْبَرَ مِنَ الْمَغَانِمِ، لَمْ تُصِبْهَا الْمَقَاسِمُ، لَتَشْتَعِلُ عَلَيْهِ نَارًا ”. فَلَمَّا سَمِعَ ذَلِكَ النَّاسُ جَاءَ رَجُلٌ بِشِرَاكٍ أَوْ شِرَاكَيْنِ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ ” شِرَاكٌ مِنْ نَارٍ ـ أَوْ ـ شِرَاكَانِ مِنْ نَارٍ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഖൈബർ യുദ്ധ ദിവസം ഞങ്ങൾ നബി ﷺ യുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ യുദ്ധാർജിത സ്വത്തായിട്ട് പണവും വസ്ത്രവും ഭക്ഷണവുമാണ് നേടിയത്. സ്വർണ്ണവും വെള്ളിയും നേടിയില്ല. അങ്ങനെ ബനു ദുബൈബ് ഗോത്രത്തിൽപ്പെട്ട രിഫാഅത്ത് ഇബ്നു സെയ്ദ് എന്ന മനുഷ്യൻ നബി ﷺ ക്ക് മിദ്അം എന്ന് വിളിക്കപ്പെടുന്ന ഒരു അടിമയെ നൽകി. അങ്ങനെ നബി ﷺ വാദി ഖുറായിലേക്ക് തിരിച്ചു. മിദ്അം നബി ﷺ യുടെ ഒട്ടകകട്ടിൽ ഇറക്കി വയ്ക്കുന്നതിനിടയിൽ ഒരു അമ്പ് മിദ്അം തറയ്ക്കുകയും കൊന്നുകളയുകയും ചെയ്തു. അപ്പോൾ ജനങ്ങൾ പറഞ്ഞു: ‘അവനു മംഗളം, അവന് സ്വർഗ്ഗമുണ്ട്’. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെയൊന്നുമല്ല കാര്യം, എൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം. അവൻ ഖൈബർ ദിവസം ഗനീമത്ത് സ്വത്തുക്കൾ വീതിക്കുന്നതിന് മുമ്പ് എടുത്ത മേലാട അവൻറെ മേൽ കത്തിയാളുകയാണ്. ഇത് ജനങ്ങൾ കേട്ടപ്പോൾ ഒരാൾ ഒരു ചെരുപ്പിന്റെ വാറുമായി അല്ലെങ്കിൽ രണ്ടു വാറുമായി നബി ﷺ യുടെ അടുത്തേക്ക് വന്നു. അപ്പോൾ നബി ﷺ പറഞ്ഞു:തീയിന്റെ ചെരിപ്പ് വാര്‍ അല്ലെങ്കിൽ തീയിന്റെ രണ്ട് ചെരിപ്പ് വാറുകൾ. (ബുഖാരി:6707)
രണ്ടാമതായി, ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ സൽകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിൽ ആരും സ്വര്‍ഗത്തിൽ കടക്കുമെന്ന് പറഞ്ഞിട്ടില്ല. സൽകര്‍മ്മങ്ങളെ കുറിച്ച് വിശുദ്ധ ഖുർആനിൽ 80 ൽ അധികം സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ 73 തവണ സത്യവിശ്വാസത്തോട് ചേർത്താണ് വന്നിട്ടുള്ളത്. സത്യവിശ്വാസം സ്വീകരിക്കുകയും അതോടൊപ്പെ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്കാണ് സ്വര്‍ഗം ഉൾപ്പടെയുള്ള പ്രതിഫലം ലഭിക്കുന്നത്.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/82)
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. (ഖു൪ആന്‍:18/107)
وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا
വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു. (ഖു൪ആന്‍:65/11)
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ ﴿٧﴾ جَزَآؤُهُمْ عِندَ رَبِّهِمْ جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ ﴿٨﴾
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്. (ഖു൪ആന്‍:98/7-8)
സൽകർമ്മങ്ങളുടെ സ്വീകാര്യതക്ക് സത്യവിശ്വാസം നിബന്ധനയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇതിലേക്കുള്ള ചില തെളിവുകൾ കാണുക.
فَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَٰتِبُونَ
വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം അവന്‍റെ പ്രയത്നത്തിന്‍റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും നാം അത് എഴുതിവെക്കുന്നതാണ്. (ഖു൪ആന്‍:21/94)
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)
وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّٰلِحَٰتِ فَأُو۟لَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلْعُلَىٰ
സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. (ഖു൪ആന്‍:20/75)
മൂന്നാമതായി, ‘വിശ്വസിക്കുകയും’ എന്ന് പറഞ്ഞതിൽ നിന്നും ‘അല്ലാഹു വിശ്വസിക്കാന്‍ കല്‍പിച്ചതിലെല്ലാം വിശ്വസിക്കുക’ എന്ന് മനസ്സിലാക്കാം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ
നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യനാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
ഇതിൽ തന്നെയും ഏറെ പ്രധാനപ്പെട്ടതാണ് അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം. അതുകൊണ്ടാണ് ഖുര്‍ആനിലും ഹദീസുകളിലും പലതവണ ﻣَﻦ ﻛَﺎﻥَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ الآخر (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ) എന്ന പ്രയോഗം വന്നിട്ടുള്ളത്. ഒരു സൽകര്‍മ്മം പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ ആ കര്‍മ്മം ചെയ്യുക വഴി അല്ലാഹുവിന്റെ വജ്ഹും പരലോകത്തെ പ്രതിഫലം മാത്രവും ഉദ്ദേശിക്കുന്നതായിരിക്കണം.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ أَرَأَيْتَ رَجُلاً غَزَا يَلْتَمِسُ الأَجْرَ وَالذِّكْرَ مَا لَهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ شَىْءَ لَهُ ” . فَأَعَادَهَا ثَلاَثَ مَرَّاتٍ يَقُولُ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” لاَ شَىْءَ لَهُ ” . ثُمَّ قَالَ ” إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ ” .
അബൂ ഉമാമ അൽബാഹിലീ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രതിഫലവും ജനങ്ങളുടെ പ്രശംസയും ഉദ്ദേശിച്ചുകൊണ്ട് യുദ്ധം ചെയ്യുന്നവ ഒരാളുടെ കാര്യം എന്താണ്? അവന് എന്താണുള്ളത്? നബി ﷺ പറഞ്ഞു: അവന് യാതൊന്നുമില്ല. അയാൾ അത് മൂന്നു തവണ ആവര്‍ത്തിച്ചു. (അപ്പോഴെല്ലാം) നബി ﷺ പറഞ്ഞു: അവന് യാതൊന്നുമില്ല. ശേഷം നബി ﷺ പറഞ്ഞു: അല്ലാഹുവിന് വേണ്ടി മാത്രമുള്ളതും അവന്റെ വജ്ഹ് മാത്രം തേടുന്നതുമല്ലാത്ത ഒരു പ്രവൃത്തിയും അല്ലാഹു സ്വീകരിക്കുകയില്ല. (നസാഇ:3140)
وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)
ചുരുക്കത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും അടിയുറച്ച് വിശ്വസിക്കുന്ന സൽകർമ്മകാരികൾക്ക് മാത്രമാണ് സ്വർഗ്ഗം ലഭിക്കുക. നിരീശ്വര – നിർമത വാദിയായി ജീവിച്ചു മരിച്ചിട്ടുള്ളവരെ സ്വര്‍ഗവാസികളാക്കുന്ന വാദത്തിന്റെ നിരര്‍ത്ഥകത ഇവിടെ വ്യക്തം. മാത്രമല്ല, നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം അവർ ജീവിച്ചിരിക്കെ അല്ലാഹുവിനെയും അന്ത്യദിനത്തെയും സ്വർഗ്ഗ നരകങ്ങളെയും നിഷേധിച്ചവരാണ്, പുച്ഛിച്ചവരാണ്. മരണത്തോടു കൂടി എല്ലാം അവസാനിക്കുമെന്ന് ജൽപ്പിച്ചവരാണ്. അവരുടെ അനുയായികളാകട്ടെ ഇന്ന് പറയുന്നു : ഞങ്ങളുടെ നേതാക്കളൊക്കെ സ്വർഗത്തിലാണ്. എത്ര വൈരുദ്ധ്യമായ വാദം.
നാലാമതായി, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെയുളള കര്‍മ്മങ്ങൾ പരലോകത്ത് പാഴായിപ്പോകുന്നതാണ്. അവര്‍ നരകത്തിൽ ശാശ്വതരുമായിരിക്കും.
وَمَن يَكْفُرْ بِٱلْإِيمَٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ
സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. (ഖുര്‍ആൻ:5/5)
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുര്‍ആൻ:2/39)
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا
അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും. (ഖുര്‍ആൻ:25/23)
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ : لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
ആയിശ رضي الله عنهاയില്‍ നിന്ന് നിവേദനം: അവ൪ പറഞ്ഞു: ‘ഞാന്‍ (നബിയോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്തു ഇബ്നു ജദ്ആന്‍ കുടുംബ ബന്ധം പാലിക്കുകയും, സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അതു അയാള്‍ക്ക് ഉപയോഗപ്പെടുമോ? നബിﷺ പറഞ്ഞു: അത് അയാള്‍ക്കു ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം:رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ (എന്റെ റബ്ബേ, പ്രതിഫലത്തിന്റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ) എന്ന് പറഞ്ഞിട്ടില്ല’. (അഥവാ അയാള്‍ പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ല) (മുസ്ലിം:214)
عن أمِّ سلمةَ قالتْ قلتُ للنبيِّ ﷺ هشامُ بنُ المغيرةَ كان يَصلُ الرَّحِمَ ويَقري الضيفَ ويَفُكُّ العُناةَ ويُطعِمُ الطعامَ ولو أدرك أسلَمَ هل ذلك نافعُه قال لا إنه كان يُعطي للدنيا وذِكرِها وحمدِها ولم يقُلْ يومًا قطُّ ربِّ اغفرْ لي خطيئَتي يومَ الدِّينِ.
ഉമ്മുസലമ رضي الله عنهاയില്‍ നിന്ന് നിവേദനം: അവ൪ പറഞ്ഞു:ഞാൻ നബി ﷺ യോട് ചോാദിച്ചു: നിശ്ചയം ഹിഷാം ഇബ്നുൽ മുഗീറ കുടുംബബന്ധം ചേർക്കുന്നവനും അതിഥികളെ സൽക്കരിക്കുന്നവനും പ്രയാസം സഹിക്കുന്നവർക്ക് ആയാസം നൽകുന്നവനും ഭക്ഷണം നൽകുന്നവനും ആയിരുന്നു. അയാൾ താങ്കളെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ ഇസ്ലാം സ്വീകരിച്ചേനെ അത് (അദ്ദേഹത്തിൻറെ പ്രവർത്തികൾ) അദ്ദേഹത്തിന് ഉപകാരപ്പെടുമോ? നബി ﷺ പറഞ്ഞു: ഇല്ല, നിശ്ചയം അയാൾ ഇതൊക്കെ നൽകിയത് ദുനിയാവിനും ദുനിയാവിലെ പ്രശസ്തിക്കും പ്രശംസക്കും വേണ്ടിയായിരുന്നു. ഒരു ദിവസമെങ്കിലും ഒരിക്കൽ പോലും അയാൾ رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ (എന്റെ റബ്ബേ, പ്രതിഫലത്തിന്റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ) എന്ന് പറഞ്ഞിട്ടില്ല. (സിൽസിലത്തു സ്വഹീഹ)
അഞ്ചാമതായി, ഒരു സൽകര്‍മ്മങ്ങളെയും അല്ലാഹു പാഴാക്കി കളയുന്നതല്ല. പരലോക വിശ്വാസമില്ലാതെ സൽകര്‍മ്മങ്ങൾ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു ഈ ലോകത്ത് തന്നെ നൽകും. പ്രശസ്തിയായും മറ്റുമൊക്കെ.
مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ
വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍:42/20)
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്. (ഖു൪ആന്‍:17/18)
عن عدي بن حاتم قال : قلت : ” يا رسول الله إن أبي كان يصل الرحم ، وكان يفعل ويفعل ، قال : إن أباك أراد أمراً فأدركه – يعني : الذِّكر – .
അദിയ്യ് ബ്നു ഹാതിം رَضِيَ اللَّهُ عَنْهُ പറയുന്നു:ഞാൻ (നബി ﷺ യോട്) ചോദിച്ചു:അല്ലാഹുവിൻറെ റസൂലേ, നിശ്ചയം എൻറെ പിതാവ് കുടുംബബന്ധം ചേർക്കുന്നവനായിരുന്നു. പലവിധ (സൽപ്രവർത്തികൾ ) ചെയ്യുമായിരുന്നു. നബി ﷺ പറഞ്ഞു: നിൻറെ പിതാവ് (അതിലൂടെ ) ഒരു കാര്യം (പ്രശസ്തി) ഉദ്ദേശിച്ചു. അത് അയാൾക്ക് ലഭിക്കുകയും ചെയ്തു. (അഹ്മദ്:30/200)