തൌഹീദിന്റെ മൂന്ന് ഇനങ്ങളില്‍ ഒന്നാണ് ‘തൗഹീദുല്‍ അസ്മാഇ വസ്സിഫാത്’ അഥവാ അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലുമുള്ള ഏകത്വം. അല്ലാഹുവിന് ധാരാളം അസ്മാഉകളും (നാമങ്ങളും) സ്വിഫാതുകളും (വിശേഷണങ്ങളും) ഉണ്ട്. അവയിൽ അല്ലാഹു ഏകനാണെന്ന് ഒരാൾ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യണം. ഇതിൽ അല്ലാഹുവിന്റെ സ്വിഫാതുകളെ (വിശേഷണങ്ങളെ)കുുറിച്ചാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
അല്ലാഹുവിന് ധാരാളം വിശേഷണങ്ങളുണ്ട്. صِفَاتٌ ذَاتِيَّةٌ – ദാത്തിയായ സ്വിഫാത്ത് (അസ്തിത്വപരമായ വിശേഷണങ്ങൾ) അക്കൂട്ടത്തിലുണ്ട്. അല്ലാഹുവിന്റെ മുഖം, കൈകൾ, കണ്ണുകൾ എന്നിവ ഉദാഹരണം.
صِفَاتٌ فِعْلِيَّةٌ – ഫിഅ്’ലിയായ സ്വിഫാത്ത് (പ്രവൃത്തിപരമായ വിശേഷണങ്ങൾ) അല്ലാഹുവിനുണ്ട്. സൃഷ്ടിപ്പ്, നിയന്ത്രണം, സംസാരം, സിംഹാസനാരോഹണം പോലുള്ളവ ഉദാഹരണം.
അല്ലാഹുവിനെ പോലെ യാതൊന്നുമില്ലെന്നും, അവന്റെ ഒരു വിശേഷണത്തിലും അവന് തുല്ല്യനോ, അവനോട് സമാനതയോ സാദൃശ്യമോ ഉള്ള ഒരാളുമില്ലെന്നും വിശ്വസിച്ചുകൊണ്ടാണ് വിശേഷണങ്ങളിൽ അല്ലാഹുവിനെ ഏകനാക്കേണ്ടത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അവന്റെ പൂർണ്ണതക്കും മഹത്വത്തിനും ഭംഗിക്കും യോജിച്ച രൂപത്തിൽ സ്ഥിരീകരിക്കുന്നതിനൊപ്പം, സൃഷ്ടികളുടെ വിശേഷണങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തവും, അങ്ങേയറ്റം മഹത്തരവും ഔന്നത്യമുള്ളതുമാണ് അല്ലാഹുവിന്റെ വിശേഷണങ്ങൾ എന്ന് മനസ്സിൽ ഉറപ്പിക്കുകയും വേണം.
لَيْسَ كَمِثْلِهِۦ شَىْءٌ
അവന് (അല്ലാഹുവിന്) തുല്യമായി യാതൊന്നുമില്ല. (ഖുർആൻ:42/11)
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവന് തുല്യനായി ആരും ഇല്ല. (ഖുർആൻ:112/4)
അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനിനിച്ചൊപ്പിക്കാനോ (തഅ്വീല്‍) അ൪ത്ഥത്തില്‍ നിന്ന് തെറ്റിക്കാനോ (തഹ്‌രീഫ്) യഥാ൪ത്ഥ അ൪ത്ഥം നല്‍കാതിരിക്കാനോ അവയെ നിഷേധിക്കാനോ (തഅ്ത്വീല്‍) അവയെ മറ്റ് ഏതെങ്കിലുമായി ഉപമിക്കാനോ (തംസീല്‍) അവയെ മറ്റ് ഏതെങ്കിലുമായി സാദൃശ്യപ്പെടുത്താനോ (തശ്ബീഹ്) നിശ്ചിതമായ രൂപം നല്‍കുവാനോ (തക്’യിഫ്) ഒന്നും തന്നെ പാടില്ലാത്തതാണ്.
അല്ലാഹുവിനു ശരീരം ഉണ്ടെന്നോ അവനു അവയവങ്ങൾ ഉണ്ടെന്നോ വിശ്വസിക്കാനോ പറയാനോ പാടില്ല. കാരണം അതെല്ലാം അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലോ അവനെ കുറിച്ച് അറിവില്ലാത്തത് പറയലോ ആകും. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു വിശ്വാസവും അല്ലാഹുവിനെ കുറിച്ച് നമുക്ക് പറയാന്‍ പാടുള്ളതല്ല. മേൽ ആയത്തുകൾതന്നെ അതിന് തെളിവാണ്.
അല്ലാഹുവിന്റെ മുഖം, കൈകൾ, വിരലുകൾ എന്നുള്ളതൊക്ക അലാഹുവിന്റെ സിഫാത്തുകളാണ് (വിശേഷണങ്ങളാണ്). അല്ലാഹുവിന്റെ സിഫാതുകള്‍ എപ്രകാരമാണോ പ്രമാണങ്ങളില്‍ വന്നിട്ടുളളത് അപ്രകാരം തന്നെ വിശ്വസിക്കുക എന്നതാണ് ഏറ്റവും ശരിയായ നിലപാട്.
അല്ലാഹുവിന്റെ സ്വിഫാതുകളിൽ അല്ലാഹുവോ റസൂലോ വിശദീകരിച്ചുതരാത്ത കാര്യങ്ങൾ (യദ്, വജ്ഹ്, ഇസ്തിവാഅ്, അസ്വാബിഅ് പോലുള്ളവ) അപ്രകാരം തന്നെ വ്യാഖ്യാനങ്ങളോ നിഷേധങ്ങളോ രൂപം പറയലോ ഇല്ലാതെ വിശ്വസിക്കുക എന്നതാണ് ഏറ്റവും ശരിയായ നിലപാട്.
ഈ വിഷയത്തിൽ പ്രധാനമായും നാലുതരം നിലപാടാണ് സമൂഹത്തിലുള്ളത്.
(1) നിഷേധം
ക്വുർആനിലും ഹദീസിലും വന്നിട്ടുള്ള, അല്ലാഹുവിന്റെ സ്വിഫാതുകളെ നിഷേധിക്കൽ. ജഹ്‌മികൾ ഇത്തരക്കാരാണ്
(2) തഫ്‌വീദ്
അർത്ഥം അല്ലാഹുവിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പദത്തെ സ്ഥിരപ്പെടുത്തലാണ് തഫ്‍വീദ്. ഉദാ: അല്ലാഹുവിന്റെ യദ് എന്ന് ക്വുർആനിലുണ്ട്. ‘യദ്’ എന്ന വാക്ക് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ അതിന്റെ അർഥം നമുക്കറിയില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ‘അലിഫ് ലാം മീം’, ‘യാസീൻ’ തുടങ്ങി ക്വുർആനിൽ വന്ന പദങ്ങൾ പോലെയാണ് അല്ലാഹുവിന്റെ സിഫതുകൾ. അതിനാൽ അർത്ഥം പറയാൻ പാടില്ല എന്നാണ് ഇവരുടെ വാദം. ഈ വിശ്വാസവും അഹ്‌ലുസ്സുന്നയുടെ വിശ്വാസമല്ല. അശ്അരികളിലെ ഒരു വിഭാഗം ഈ വിശ്വാസക്കാരാണ്
(3) തഅ്‌വീൽ
അല്ലാഹുവിന്റെ സ്വിഫതുകളെ മറ്റൊരു അർഥം നൽകി വ്യാഖ്യാനിക്കലാണ് തഅ്‌വീൽ. ഉദാ: ‘യദ്’ എന്നാൽ ഉദ്ദേശ്യം അല്ലാഹുവിന്റെ ക്വുദ്‌റത്താണ് (കഴിവ്). ‘അല്ലാഹുവിന്റെ നുസൂൽ’ എന്നാൽ അല്ലാഹു ഇറങ്ങുക എന്നല്ല, അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങുക എന്നാണ്, ‘ഇസ്തിവാഅ് ‘ എന്നാൽ അവൻ അധികാരം കൈവശപ്പെടുത്തി എന്നാണ്. ഇങ്ങനെയാണ് ഇവരുടെ വ്യാഖ്യാനങ്ങൾ. അശ്അരികളാണ് പ്രധാനമായും ഈ വിശ്വാസക്കാർ.
(4) സ്വിഫതുകളെ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ രൂപം പറയുകയോ ചെയ്യാതെ സ്ഥിരപ്പെടുത്തുക
ഇതാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅ:യുടെ വിശ്വാസം.
പ്രമാണങ്ങളില്‍ വന്നിട്ടുള്ള സിഫാത്തുകളെ അതിന്റെ ളാഹിറിൽ തന്നെ സ്ഥിരപ്പെടുത്തുകയും, യാതൊരുവിധ മാറ്റവും വരുത്താതെയും നിഷേധിക്കാതെയും രൂപപ്പെടുത്താതെയും ചിത്രീകരിക്കാതെയും നാം അതെല്ലാം വിശ്വസിക്കുകയും ചെയ്യുക. അഥവാ يد الله എന്ന് ഖുർആനിൽ ഉണ്ട്. യദ് എന്ന വാക്കിന്റെ ളാഹിറായ അർത്ഥം കൈ ആണെന്ന് നമുക്കറിയാം. എന്നാല്‍ ഈ കൈ എങ്ങിനെ ആണെന്നോ ഇതിന്റെ രൂപമോ നമുക്കറിയില്ല. കാരണം അല്ലാഹു സൃഷ്ടികളെ പോലെ അല്ല, മാത്രമല്ല അല്ലാഹുവിനെ പോലെ ആരുമില്ല. അത് കൊണ്ടുതന്നെ അവന്റെ വിശേഷണങ്ങളെ ഒന്നിലേക്കും ഉദാഹരണം പറയാതെ, സാദൃശ്യപ്പെടുത്താതെ, നിഷേധിക്കാതെ, വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാതെ നമ്മള്‍ വിശ്വസിക്കണം.
‘യദ്’ എന്നതിന്റെ അർത്ഥമായ ‘കൈ’ എന്ന് കാണുമ്പോൾ ഉടനെ കൈകളുള്ള ഒരു രൂപം നമ്മുടെ മനസ്സിലേക്ക് വരുന്നുവെങ്കിൽ അല്ലാഹുവിനെ നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള, സങ്കൽപത്തിലുള്ള ഏതെങ്കിലും ഒരു സൃഷ്ടിയോട് ഉപമിക്കുന്നുണ്ട് എന്ന് സാരം, എന്നാൽ അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണ്.
ഇതിനു തെളിവാണ് അല്ലാഹുവിന്റെ ഇസ്തിവാഅ് എങ്ങനെ എന്ന് ചോദിച്ച ആളോട് ഇമാം മാലിക് رحمه الله പറഞ്ഞ മറുപടി. ഇമാം മാലിക് ബ്നു അനസ് رَحِمَهُ اللَّهُ യോട് ഒരാള്‍ ചോദിച്ചു: അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:
ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ
“റഹ്മാനായ (അല്ലാഹു) അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു” എങ്ങനെയാണ് അല്ലാഹു ഇസ്തിവാഅ് ചെയ്തത്? ഇമാം മാലിക് رحمه الله പറഞ്ഞു:
الإِسْتِوَاءُ مَعْلُومٌ، وَالكَيْفُ مَجْهُولٌ، وَالإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ
ഇസ്തിവാഅ് അറിയപ്പെട്ടതാണ്. അതിന്റെ രൂപം അജ്ഞമാണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതിനെ കുറിച്ചുള്ള (ഇത്തരം) ചോദ്യം ബിദ്അത്തുമാണ്.
വേറൊരു റിപ്പോർട്ടിൽ ‘ഇസ്തിവാഅ്’ എന്നത് الاستواء غير مجهول (നമുക്ക് അറിയാത്ത കാര്യമല്ല) എന്നും കാണാം. ഇവിടെ ഇമാം മാലിക് رحمه الله പറഞ്ഞത് ഇസ്തിവാഅ് എന്നത് അറബികൾക്ക് മനസ്സിലാവുന്ന വാക്കാണ്; പക്ഷേ, അതിന്റെ രൂപമോ അതെങ്ങനെ എന്നോ നമുക്കറിയില്ല എന്നാണ്. ഇവിടെ ചില ആളുകൾ പറയുന്നത് പോലെ ‘അലിഫ് ലാം മീം’ എന്നത് പോലെയാണെന്നല്ല ഇമാം മാലിക് رحمه الله വിശദീകരിച്ചത്. ‘അലിഫ് ലാം മീം’ എന്നത് എന്താണെന്ന് ചോദിച്ചാൽ അതറിയില്ല (الله اعلم) എന്നു മാത്രമായിരിക്കും പണ്ഡിതന്മാരുടെ മറുപടി. അല്ലാതെ ‘അലിഫ് ലാം മീം’ എന്നതിന്റെ അർഥം അറിയാം എന്നാരും പറയില്ല.
പ്രത്യക്ഷമായ അർഥം സ്ഥിരപ്പെടുത്തണമെന്നത് സ്വഹാബികളും താബിഉകളും അടക്കമുള്ള മുൻഗാമികളുടെ നിലപാടാണ്. മേൽ വിവരിച്ച 1-3 നിലപാടുകാരും പിന്നീട് വന്നവരാണ്. തെളിവായി മുൻഗാമികളായ ചില ഇമാമുകളുടെ ഉദ്ധരണികൾ കാണുക:
ഇമാം ത്വബ്‌രി رحمه الله (ഹിജ്‌റ 224-310)
فإنْ قال لنا قائِلٌ: فما الصَّوابُ من القَولِ في معاني هذه الصِّفاتِ التي ذُكِرَت، وجاء ببَعْضِها كتابُ اللهِ عزَّ وجَلَّ ووَحْيُه، وجاء ببعضِها رَسولُ الله صلَّى اللهُ عليه وسلَّم؟ قيل: الصوابُ من هذا القَولِ عندنا أن نُثبِتَ حقائِقَها على ما نَعرِفُ من جهةِ الإثباتِ ونَفيِ التشبيهِ، كما نفى ذلك عن نَفْسِه -جلَّ ثناؤه- فقال: لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ഈ സ്വിഫാത്തുകളുടെ അര്‍ത്ഥങ്ങളെ കുറിച്ചുളള ശരിയായ വീക്ഷണമെന്താണ് എന്ന് നമ്മളോട് ഒരു വ്യക്തി ഇങ്ങനെ ചോദിച്ചാല്‍ (എന്താണ് മറുപടി പറയുക),. അന്നേരം ഇപ്രകാരം പറയാം: അതില്‍ ചിലതിനെ കുറിച്ച് അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വന്നിട്ടുണ്ട്, മറ്റുചിലതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂലും കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ അടുത്ത് ഇതിന്റെ ശരിയായ വീക്ഷണം; തശ്ബീഹ് (സാദൃശ്യപ്പെടുത്തല്‍) നിരാകരിച്ചുകൊണ്ടും അതിന്റെ യാഥാര്‍ത്ഥ്യങ്ങളെ സ്ഥിരപ്പെടുത്തികൊണ്ടും നമ്മള്‍ മനസ്സിലാക്കിയ (സ്വിഫാത്തുകളുടെ അര്‍ത്ഥങ്ങളുടെ) യാഥാര്‍ത്ഥ്യങ്ങളെ (ഹക്വീക്വത്തുകളെ) നാം സ്ഥിരപ്പെടുത്തണം. സാദൃശ്യ പ്പെടുത്തൽ നിരാകരിക്കണം അവന്‍ സ്വന്തത്തിന് നിഷേധിച്ചതുപോലെ, لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (അവനെപോലെ യാതൊരു വസ്തുവുമില്ല, അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്). (التبصير في معالم الدين إبن جرير الطبري – الصفحة 140)
അല്ലാഹുവിന്റെ ഇറക്കം (നുസൂല്‍), അല്ലാഹുവിന്റെ വരവ് (മജീഹ്) എന്നിങ്ങനെയുളള സ്വിഫാത്തുകളൊക്കെ പഠിപ്പിച്ചുകൊണ്ട്, കുറച്ചു കൂടി വ്യക്തമായി അതേ ഗ്രന്ഥത്തിന്റെ 146 മത്തെ പേജിൽ അദ്ദേഹം പറയുന്നു:
فإن قال لنا منهم قائلٌ: فما أنت قائلٌ في معنى ذلك؟
قيل له: معنى ذلك ما دل عليه ظاهر الخبر، وليس عندنا للخبر إلا التسليم والإيمان به، فنقول: يجيء ربنا –جل جلاله- يوم القيامة والملك صفاً صفاً، ويهبط إلى السماء الدنيا وينزل إليها في كل ليلةٍ، ولا نقول: معنى ذلك ينزل أمره؛ بل نقول: أمره نازلٌ إليها كل لحظةٍ وساعةٍ وإلى غيرها من جميع خلقه الموجودين
ഈ രൂപത്തിലുള്ള സിഫാത്തുകളുടെ അർത്ഥം എന്താണെന്ന് നമ്മോടൊരാള്‍ ചോദിച്ചാൽ (എന്താണ് മറുപടി പറയുക)?. അവരോട് നമ്മൾ പറയും: അതിന്റെയൊക്കെ അര്‍ത്ഥം, ആ വാക്കിന്റെ പ്രത്യക്ഷ അർത്ഥം എന്താണോ അതിന്റെ മേൽ അതിനെ സ്ഥിരപ്പെടുത്തുക, (വാക്കിന്റെ അർത്ഥം പറയുക). ഹദീസിൽ വന്നത് അതേ പോലെ വിശ്വസിക്കുക സ്വീകരിക്കുക എന്നതിൽ കവിഞ്ഞു നമുക്ക് വേറെ ഒരു മാർഗവും ഇല്ല. ആയതിനാൽ നമ്മൾ പറയും അള്ളാഹു ഖിയാമത്ത് നാളിൽ വരും, മലക്കുകൾ അണിയണിയായി നിൽക്കും, ഒന്നാം ആകാശത്തിലേക്ക് അള്ളാഹു ഇറങ്ങി വരും, ഇതല്ലാതെ അള്ളാഹു രാവിന്റെ മൂന്നിലൊന്നിൽ ഇറങ്ങി വരും എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ കല്പന ഇറങ്ങുമെന്ന് നാമൊരിക്കലും പറയില്ല, കല്പന എല്ലായ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്
ഇമാം സ്വാബൂനി رحمه الله (ഹിജ്‌റ 373-449)
وكذلك يقولون في جميع الصفات التي نزل بذكرها القرآن، ووردت بها الأخبار الصحاح من السمع، والبصر، والعين، والوجه، والعلم، والقوة، والقدرة، والعزة، والعظمة، والإرادة، والمشيئة، والقول، والكلام، والرضا، والسخط، والحب والبغض، والفرح، والضحك وغيرها، من غير تشبيه لشيء من ذلك بصفات المربوبين المخلوقين، بل ينتهون فيها إلى ما قاله الله تعالى، وقاله رسوله صلى الله عليه وسلم من غير زيادة عليه، ولا إضافة إليه، ولا تكييف له، ولا تشبيه، ولا تحريف، ولا تبديل، ولا تغيير، ولا إزالة للفظ الخبر عما تعرفه العرب وتضعه عليه بتأويل منكر يستنكر، ويجرونه على الظاهر، ويكلون علمه إلى الله تعالى، ويقرون بأن تأويله لا يعلمه إلا الله.
അതുപോലെ അവർ (സലഫുകൾ) അല്ലാഹുവിന്റെ ക്വുർആനിലും റസൂലിന്റെ ഹദീസിലും വന്നിട്ടുള്ള അല്ലാഹുവിന്റെ കാഴ്ച, കേൾവി, കണ്ണ്, മുഖം, അറിവ്, ശക്തി, കഴിവ്, പ്രതാപം, മഹത്ത്വം, ഉദ്ദേശ്യം, വാക്ക്, സംസാരം, തൃപ്തി, കോപം, സ്‌നേഹം, ദേഷ്യം, സന്തോഷം, ചിരി മുതലായവ ഒരു സൃഷ്ടിയോടും താരതമ്യപ്പെടുത്താതെ, ഒന്നും കൂട്ടിച്ചേർക്കാതെ അല്ലാഹുവും റസൂലും പറഞ്ഞതുപോലെ സത്യപ്പെടുത്തും. ഒന്നിലേക്കും ചേർക്കുകയോ, അതെങ്ങനെ എന്ന് പറയുകയോ, വിശദീകരിക്കുകയോ, സാദൃശ്യപ്പെടുത്തുകയോ, മാറ്റിമറിക്കുകയോ, പര്യായം പറയുകയോ ചെയ്യില്ല, അറബികൾക്കിടയിൽ അറിയപ്പെട്ട അർഥത്തിൽനിന്ന് പ്രമാണത്തിൽ വന്ന വാക്കിനെ തെറ്റിച്ച് മോശമായ വ്യാഖ്യാനത്തിലേക്കു പോകുകയുമില്ല, അവർ (സലഫുകൾ) അതിന്റെ പ്രത്യക്ഷമായ അർഥം സ്ഥിരപ്പെടുത്തിയവരും അതിന്റെ അറിവ് അല്ലാഹുവിലേക്ക് വിട്ടുകൊടുത്തവരുമാണ്. (عقيدة السلف وأصحاب الحديث – الصفحة ١٦٥ )
ഇമാം ബഗ്‌വി رحمه الله (ഹിജ്‌റ 436-516)
فهذه ونظائرها، صفات لله عز وجل، ورد بها السمع، يجب الإيمان بها، وإمرارها على ظاهرها، معرضا فيها عن التأويل، مجتنباً عن التشبيه، معتقداً أن الباري سبحانه وتعالى لا يشبه شيء من صفاته صفات الخلق، كما لا تشبه ذاته ذوات الخلق، قال الله سبحانه وتعالى: {لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ}
ഈ രൂപത്തിൽ പ്രമാണങ്ങളിൽ വന്നിട്ടുള്ള അല്ലാഹുവിന്റെ സ്വിഫതുകൾ വ്യാഖ്യാനിക്കാതെ, അതിന്റെ പ്രത്യക്ഷമായ അർഥത്തിൽ വിശ്വസിക്കൽ നിർബന്ധമാണ്, അവകളെ സാദൃശ്യപ്പെടുത്തൽ ഒഴിവാക്കണം. അല്ലാഹുവിന്റെ സ്വിഫതുകൾ ഒരു സൃഷ്ടിയോടും സാദൃശ്യപ്പെടുകയില്ല എന്ന് ഉറച്ചുവിശ്വസിക്കണം, അല്ലാഹുവിന്റെ ദാത്ത് എന്നാൽ സൃഷ്ടികളുടെ ദാത്ത് അല്ലാത്തതുപോലെ, അല്ലാഹു പറയുന്നു: അവന് (അല്ലാഹുവിന്) തുല്യമായി യാതൊന്നുമില്ല. (ശർഹുസ്സുന്ന)
ഇബ്‌നു ഖുദാമ അൽ മക്ദിസി رحمه الله (ഹിജ്‌റ 541-620)
أما الكلام في الصفات فإن ما روي منها في السنن الصحاح مذهب السلف رضي الله عنهم إثباتها وإجراؤها على ظاهرها ونفي الكيفية والتشبيه عنها.
പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട സ്വിഫതുകളുടെ കാര്യത്തിൽ സലഫുകളുടെ മദ്ഹബ് എന്താണെന്ന് വെച്ചാൽ, സ്വിഫതുകളുടെ ബാഹ്യാർഥത്തിൽ സ്ഥിരപ്പെടുത്തി സ്ഥിരീകരിക്കുകയും രൂപപ്പെടുത്തലും സാദൃശ്യപ്പെടുത്തലും ഒഴിവാക്കലുമാകുന്നു. (ذم التأويل – الصفحة ١٣ )
ഇമാം അബുൽ ഹസൻ അൽഅശ്അരി رحمه الله (ഹിജ്‌റ 260-360)
فإن قال قائل: ما أنكرتم أن يكون قوله تعالى: {مِمَّا عَمِلَتْ أَيْدِينَا} [يس: 71]، وقوله تعالى: {لِمَا خَلَقْتُ بِيَدَيَّ} [ص: 75] على المجاز؟ قيل له: حكمُ كلام الله تعالى أن يكون على ظاهرِه وحقيقته، ولا يخرج الشيء عن ظاهره إلى المجاز إلا بحجَّة
ക്വുർആനിൽ വന്നിട്ടുള്ള, അല്ലാഹു കൈ കൊണ്ടു സൃഷ്ടിച്ചു, നമ്മുടെ കരങ്ങൾ കൊണ്ടു പ്രവർത്തിച്ചു എന്നിങ്ങനെയുള്ളിടത്ത് കൈ എന്നതിന് ആലങ്കാരിക അർഥം നൽകുന്നതിനെ താങ്കൾ എന്തിന് എതിർക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ നാം അവരോട് പറയും; ക്വുർആനിന്റെ നിയമം എന്നത് അതിന്റെ യഥാർഥ്യത്തിലും ബാഹ്യാർഥത്തിലും സ്ഥിരപ്പെടുത്തുക എന്നതാണ്. അതിന്റെ വാക്കുകളിൽ ഒന്നിനെയും തെളിവില്ലാതെ മജാസിയായ അർഥത്തിലേക്ക് (ആലങ്കാരിക അർഥം) മാറ്റാൻ പാടില്ല. (അൽഇബാന)
അശ്അരി ഇമാമിന് ആദ്യമുണ്ടായിരുന്ന വാദമാണ് അശ്അരി മദ്ഹബ് എന്ന പേരിൽ അറിയപ്പെടുന്നത്. തന്റെ മുൻകാല വാദങ്ങൾ ഉപേക്ഷിച്ചു തൗബ ചെയ്ത് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിലേക്ക് മടങ്ങിയതിനു ശേഷം എഴുതിയ ഗ്രന്ഥമാണ് അൽഇബാന. ഇമാം തന്റെ ആദ്യവാദത്തിൽ നിന്ന് മടങ്ങിയെങ്കിലും അശ്അരി മദ്ഹബിന്റെ അനുയായികൾ അതിൽ നിന്നും മടങ്ങിയില്ല.
മേൽ ഉദ്ധരിച്ച ഗ്രന്ഥങ്ങളിൽനിന്ന് അല്ലാഹുവിന്റെ ദാത്തിയായ സ്വിഫതുകൾക്ക് പ്രത്യക്ഷമായ അർഥം നൽകാമെന്നും അത് സലഫുകളുടെ രീതിയാണെന്നും നാം മനസ്സിലാക്കി. ക്വുർആൻ ആയത്തുകളുടെയും ഹദീസുകളുടെ അർഥം എഴുതുമ്പോൾ ഈ രൂപത്തിലുള്ള വാക്കുകൾക്ക് അതിന്റെ പ്രകടമായ അർഥം എഴുതും; യദ് എന്നാൽ കൈ, ഐൻ എന്നാൽ കണ്ണ്, വജ്ഹ് എന്നാൽ മുഖം, നുസൂൽ എന്നാൽ ഇറക്കം പോലെ. എന്നാൽ അല്ലാഹുവിന്റെ ദാത്തിയായ സ്വിഫാതുകളെ എങ്ങനെ എന്ന് പറയാനോ, നിഷേധിക്കാനോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്താനോ, ഉദാഹരണം പറയാനോ, അർഥം മാറ്റാനോ, വിശദീകരിക്കാനോ നിൽക്കാതെ അതിന്റെ ബാഹ്യമായ അർഥത്തിൽ സ്ഥിരപ്പെടുത്തി വിശ്വസിക്കുക, ഇതാണ് സ്വഹാബികളും താബിഉകളും അടങ്ങുന്ന സലഫുകളുടെ മാർഗം. അല്ലാഹുവിന്റെ സ്വിഫതുകളെ അർഥം മാറ്റി വ്യാഖ്യാനിച്ചത് പിൽക്കാലത്ത് വന്ന അശ്അരി വിഭാഗമാണ്.
‘അല്ലാഹുവിന്റെ ഇടതുകൈ,’ ‘അല്ലാഹുവിന്റെ രണ്ട് കൈയും വലത്ത് ‘ തുടങ്ങിയ പരാമർശങ്ങളിൽ വൈരുധ്യമുണ്ടോ?
കേരളത്തിലെ ബിദ്അത്തിന്റെ കക്ഷികൾ സലഫികളെ ആക്ഷേപിക്കാനായി എല്ലാ കാലത്തും ഉപയോഗിക്കുന്ന ഒരു കളവാണ്, “മുമ്പ് സലഫികൾ അല്ലാഹുവിന് ഇടതുകൈയും വലതുകൈയും ഉണ്ടെന്നെഴുതി, കുറെ കഴിഞ്ഞപ്പോൾ അവർ അല്ലാഹുവിന്റെ രണ്ട് കൈയും വലതാണെന്ന് എഴുതി” എന്ന്. അങ്ങനെ അല്ലാഹുവിന്റെ ഇടതു കൈയിനെ മാറ്റിക്കളഞ്ഞു എന്നെല്ലാം പരിഹാസ്യ രൂപേണ പല സ്‌റ്റേജുകളിലും അവര്‍ ആളുകളെ കബളിപ്പിക്കാറുണ്ട്.
സത്യത്തിൽ ഈ രണ്ട് പരാമർശങ്ങളും ഹദീസുകളിൽ വന്നതാണ്. അത് അർത്ഥ സഹിതം പുസ്തകങ്ങളിൽ കൊടുത്തു എന്ന് മാത്രം. എന്നാൽ ഇത് ഹദീസിൽ വന്നതാണെന്ന് മറച്ചുവച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സലഫികളെ പരിഹസിക്കുകയുമാണ് അവര്‍ ചെയ്യാറുള്ളത്. സത്യത്തിൽ ഇവരുടെ പരിഹാസം ചെന്ന് കൊള്ളുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ യിലേക്ക് തന്നെയാണെന്നും അതിന്റെ ഗൗരവം എത്രയാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. പ്രസ്തുത രണ്ട് ഹദീസുകളും താഴെ കൊടുക്കുന്നു:
عَنْ عَبْدُ اللَّهِ بْنُ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَطْوِي اللَّهُ عَزَّ وَجَلَّ السَّمَوَاتِ يَوْمَ الْقِيَامَةِ ثُمَّ يَأْخُذُهُنَّ بِيَدِهِ الْيُمْنَى ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ ثُمَّ يَطْوِي الأَرَضِينَ بِشِمَالِهِ ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ.
അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. ശേഷം തന്റെ വലതുകൈ കൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? ശേഷം ഏഴ് ഭൂമികളെയും ചുരുട്ടും. ശേഷം അവയെ തന്റെ ഇടത് കൈയിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്, സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? (മുസ്ലിം:2788)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
അംറ് ബ്നു ആസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും നീതി പാലിക്കുന്നവർ റഹ്‌മാനായ അല്ലാഹുവിന്റെ വലതു കൈക്കരികിൽ പ്രകാശത്താലുള്ള ഒരു മിമ്പറിൽ ആയിരിക്കും. അല്ലാഹുവിന്റെ ഇരു കരങ്ങളും വലത്താണ്, തന്റെ കുടുംബത്തിലുള്ളവരോടും ത ന്റെ അധീനതയിലുള്ളവരോടും നീതിയോടെ പെരുമാറുന്നവരാണ വർ. (മുസ്ലിം: 1827)
ഈ രണ്ട് ഹദീസും സ്വഹീഹാണ്. ആദ്യം കൊടുത്ത ഹദീസിൽ അല്ലാഹുവിന്റെ ‘വലതുകൈ’ എന്നും ‘ഇടതുകൈ’ എന്നും വന്നിരിക്കുന്നു. ഈ ഹദീസ് പ്രകാരം അല്ലാഹുവിനു രണ്ട് കൈകൾ ഉണ്ടെന്നും ഒന്ന് ഇടതും ഒന്ന് വലതുമാണെന്നും അതിന്റെ രൂപം നമുക്കറിയില്ലെന്നും ഹദീസിൽ വന്നതുപ്രകാരം നമ്മൾ വിശ്വസിക്കുന്നു, മാത്രമല്ല അല്ലാഹുവിന്റെ സ്വിഫതാകയാൽ സൃഷ്ടികൾക്കുള്ള യാതൊരു സാദൃശ്യവും ഇവകൾക്കില്ല.
രണ്ടാമത്തെ ഹദീസും ആദ്യത്തെ ഹദീസിന് എതിരാകുന്നില്ല. അല്ലാഹുവിന്റെ ഇരുകൈകളും വലത്താണ് എന്ന് ഹദീസിൽ വന്നത് വായിക്കുമ്പോൾ അല്ലാഹുവിനെ കൈകളുള്ള ഒരു മനുഷ്യനായി സങ്കൽപിക്കുകയും എന്നിട്ട് വലതു ഭാഗത്ത് രണ്ട് കൈകളുള്ള, ഇടതുഭാഗം ശൂന്യമായ ഒരു വ്യക്തിയെ മനസ്സിൽ സങ്കൽപിക്കുകയും ചെയ്യുന്നവർക്കാണ് സത്യത്തിൽ പ്രശ്‌നം. അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, അതെങ്ങനെ എന്ന് നമുക്കറിയില്ല, ഞാൻ അത് വിശ്വസിക്കുന്നു എന്ന് തീരുമാനിച്ചാൽ പ്രശ്‌നം തീർന്നു. അല്ലാഹുവിന് ഇടതുകൈയുണ്ട് എന്ന് പറഞ്ഞ റസൂൽ ﷺ തന്നെയാണ് അല്ലാഹുവിന്റെ രണ്ട് കൈകളും വലതാണെന്ന് പറഞ്ഞത്. സൃഷ്ടികൾക്കുള്ള ഇടതിന്റെ യാതൊരു ന്യൂനതകളും ഇല്ലാത്ത, കൈകൾ രണ്ടും കുറവുകളിൽനിന്ന് മുക്തമാണ് എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം.