ബൈബിൾ : ഇസ്ലാമിന്റെ നിലപാട്

THADHKIRAH

نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ

അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. (ഖുർആൻ:3/3)

തൗറാത്തും ഇന്‍ജീലും കൊണ്ട്- ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലും തന്നെ – വിവക്ഷിക്കപ്പെടുന്നത്; ഇന്ന് നിലവിലുള്ള ബൈബിളും, അതിലെ പഴയ നിയമങ്ങളും പുതിയ നിയമങ്ങളാകുന്ന വിഭാഗങ്ങളുമല്ല. മൂസാ നബി  عليه السلام ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ തൗറാത്തും, ഈസാ നബി  عليه السلام ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ ഇന്‍ജീലുമാകുന്നു. ഇതു രണ്ടിന്‍റെയും ശരിയായ പകര്‍പ്പ് – ഏറ്റക്കുറവില്ലാത്ത സാക്ഷാല്‍ പകര്‍പ്പ് – ജൂതന്മാരുടെയോ ക്രിസ്ത്യാനികളുടെയോ മറ്റോ കൈവശം ഇല്ല തന്നെ. പക്ഷേ – പല കൂട്ടിച്ചേര്‍ക്കലുകളുടെയും മാറ്റത്തിരുത്തലുകളുടെയും ഇടയില്‍ കൂടി – പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ തൗറാത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളും, പുതിയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ ഇന്‍ജീലിന്‍റെ ഏതെങ്കിലും ഭാഗങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുക സാധ്യമല്ല. അവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍, മൂസാ  عليه السلام ന്‍റെയും ഈസാ  عليه السلام ന്‍റെയും ശേഷം മതഗ്രന്ഥങ്ങളെന്നോ, ചരിത്രഗ്രന്ഥങ്ങളെന്നോ, ഓര്‍മക്കുറിപ്പുകളെന്നോ, സന്ദേശങ്ങളെന്നോ ഉള്ള നിലക്ക് പലരാല്‍ എഴുതപ്പെട്ടവയാണെന്ന് കാണാവുന്നതാകുന്നു. ചുരുക്കം ചിലതില്‍ അവ എഴുതിയ കര്‍ത്താക്കളുടെ പേരുപോലും കാണാം. മൂസാ നബി  عليه السلام യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പഴയ നിയമത്തിലും, ഈസാ നബി  عليه السلام യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പുതിയ നിയമത്തിലും കാണാവുന്നതുമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചില തൽപരകക്ഷികള്‍ പറഞ്ഞുവരുന്നത് പോലെ, ക്വുര്‍ആന്‍ ശരിവെക്കുന്നത് നിലവിലുള്ള ബൈബ്‌ളിലെ പഴയ നിയമങ്ങളാകുന്ന തൗറാത്തിനെയോ പുതിയ നിയമങ്ങളാകുന്ന ഇന്‍ജീലിനെയോ അല്ല. അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ തൗറാത്തിനെയും ഇന്‍ജീലിനെയും മാത്രമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/3 ന്റെ വിശദീകരണം)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ أَهْلُ الْكِتَابِ يَقْرَءُونَ التَّوْرَاةَ بِالْعِبْرَانِيَّةِ، وَيُفَسِّرُونَهَا بِالْعَرَبِيَّةِ لأَهْلِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تُصَدِّقُوا أَهْلَ الْكِتَابِ وَلاَ تُكَذِّبُوهُمْ، وَقُولُوا ‏{‏آمَنَّا بِاللَّهِ وَمَا أُنْزِلَ‏}‏ الآيَةَ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇസ്‌ലാമിന്‍റെ ആള്‍ക്കാര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) വേദക്കാര്‍ അബ്റാനീ (ഹിബ്രു) ഭാഷയില്‍ തൗറാത്ത് വായിച്ച് അറബിയില്‍ വിവരിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ വേദക്കാരെ (അവരുടെ പ്രസ്താവനകളെ) സത്യമാക്കുകയോ കളവാക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഈ വചനം പാരായണം ചെയ്യുക:

قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ

നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. (ഖുർആൻ:2/136) (ബുഖാരി:4485)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: മുന്‍ വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും.

(ഒന്ന്) അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രസ്താവനകളോട് യോജിക്കുന്നത്. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിര്‍ബന്ധമാകുന്നു.
(രണ്ട്) അവ രണ്ടിനോടും എതിരായത്. ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കാതിരിക്കലും നിര്‍ബന്ധമാണ്.
(മൂന്ന്) രണ്ടുമല്ലാത്തത്. ഈ വിഭാഗത്തെക്കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: ‘വേദക്കാര്‍ നിങ്ങളോട് വര്‍ത്തമാനം പറഞ്ഞാല്‍ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. എങ്കിലും ഇങ്ങിനെ പറഞ്ഞുകൊള്ളുക: ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; (ബുഖാരി). (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/4 ന്റെ വിശദീകരണം)

Leave a Reply

Your email address will not be published.

Similar Posts