മുഹമ്മദ് നബി ﷺ അന്ത്യ പ്രവാചകനല്ലെന്നും അദ്ദേഹത്തിന് ശേഷവും പ്രവാചകൻമാരുടെ നിയോഗമുണ്ടെന്നും വാദിക്കുന്നവരാണ് ഖാദിയാനികള്‍. മിര്‍സാ ഗുലാം അഹ്മദ് എന്ന വ്യക്തി മുഹമ്മദ് നബി ﷺ ക്ക് ശേഷം അല്ലാഹു നിയോഗിച്ചയച്ച പ്രവാചകനാണെന്നും അവര്‍ വിശ്വസിക്കുന്നു. മിര്‍സാ ഗുലാം അഹ്മദ് ജനിച്ച പഞ്ചാബിലെ ഗ്രാമമായ ‘ഖാദിയാന്‍’ നോട് ബന്ധപ്പെടുത്തിയാണ് ഇവര്‍ക്ക് ഖാദിയാനികള്‍ എന്ന പേര് വന്നത്. മിര്‍സാ ഗുലാമിന്റെ പേരിനോട് ബന്ധപ്പെടുത്തി അഹ്മദിയാക്കള്‍ എന്നും ഇവരെ പറയാറുണ്ട്. ഈ വിശ്വാസമാകട്ടെ വഴിപിഴച്ചതും ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്നതുമാണ്.
അല്ലാഹുവിന്‍റെ ഏകത്വം, മരണാനന്തരജീവിതം എന്നീ അടിസ്ഥാന വിശ്വാസങ്ങളെപ്പോലെയുള്ള ഇസ്ലാമിലെ പ്രധാന വിശ്വാസമാണ് മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ നബിയും റസൂലുമാണെന്നും അദ്ദേഹത്തിന് ശേഷം ഒരു നബിയും റസൂലും ഇല്ലായെന്നുമുള്ളത്. അല്ലാഹു പറയുന്നു:
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർആൻ:33/40)
ഇനി ഒരു നബിയോ റസൂലോ വരാനില്ലെന്നും മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണെന്നും ഈ ആയത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു. ഇക്കാര്യം മുഹമ്മദ് നബി ﷺ യും അറിയിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്. “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു. അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു. ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യ പ്രവാചകൻ. (ബുഖാരി: 61)
عَنْ سَعْدِ بْنِ أَبِي وَقَّاصٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِعَلِيٍّ : أَنْتَ مِنِّي بِمَنْزِلَةِ هَارُونَ مِنْ مُوسَى إِلاَّ أَنَّهُ لاَ نَبِيَّ بَعْدِي
സഅ്ദ് ബ്നു അബീബഖാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ അലി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാ നബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെ ശേഷം ഒരു നബിയും ഇല്ല. (തി൪മിദി:49/4095)
മുഹമ്മദ് നബി ﷺ ക്ക് ശേഷം ഇനിയൊരു നബിയോ റസൂലോ ഉണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.
ഖാദിയാനികളുടെ വാദങ്ങൾ പരിശോധിച്ചാൽ ഇസ്ലാമികപരമായി യാതൊരു അടിസ്ഥാനവുമില്ലെന്ന് കാണാം. മുഹമ്മദ് നബി ﷺ നബിമാരിൽ അന്തിമനാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിൽ നിന്നുതന്നെ ഖാദിയാനികളുടെ വാദത്തിന്റെ നിരർത്ഥകത വ്യക്തമാണ്. മുഹമ്മദ് നബി خَاتَمَ ٱلنَّبِيِّـۧنَ ആണന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നബിമാരില്‍ അവസാനത്തേവന്‍’ അഥവാ അന്ത്യപ്രവാചകന്‍ എന്നുതന്നെയാണ് അതിന്‍റെ അര്‍ത്ഥം. മുഹമ്മദ് നബി ﷺ നബിമാരിൽ അന്തിമനാണെങ്കിൽ പിന്നെ മറ്റൊരു പ്രവാചകൻ എന്ന വാദത്തിന് ഇസ്ലമിൽ യാതൊരു അടിസ്ഥാനവുമില്ലല്ലോ. അതുകൊണ്ടുതന്നെ خَاتَمَ ٱلنَّبِيِّـۧنَ എന്ന ഖുർആനിന്റെ പ്രഖ്യാപനത്തെ ഖാദിയാനികൾ ദുർവ്യാഖ്യാനിച്ചു.
ഇതിന്‍റെ ക്രിയാരൂപമായ ‘ഖത്തമ’ എന്ന വാക്ക് ‘അവസാനിപ്പിച്ചു’ എന്നും ‘മുദ്രവെച്ചു’ – അഥവാ ‘സീല്‍വെച്ചു’ എന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചു ‘ഖാത്തമ്’ എന്ന പദത്തിന്നു; ‘മുദ്ര’ – അഥവാ ‘സീല്‍’ എന്നും അര്‍ത്ഥം വരും. ‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിനു ‘നബിമാരുടെ മുദ്ര’ എന്നു വിവര്‍ത്തനം ചെയ്യാമെങ്കില്‍തന്നെ, അതിന്‍റെ വിവക്ഷ ‘നബിമാരില്‍ അവസാനത്തെ ആള്‍’ എന്നു മാത്രമാകുന്നു. ഏതെങ്കിലും ഒന്നില്‍ സീല്‍വെച്ചു എന്നു പറഞ്ഞാല്‍ അതില്‍ എനി ഒന്നും ഏറ്റുവാനോ, കുറക്കുവാനോ നിവൃത്തിയില്ലാതാക്കി എന്നാണ് ഉദ്ദേശ്യം. خَاتَم എന്ന പദത്തിന്‍റെ ‘സീല്‍ – അല്ലെങ്കില്‍ – മുദ്ര’ എന്ന അര്‍ത്ഥത്തെ ചൂഷണം ചെയ്തും, ദുര്‍വ്യാഖ്യാനിച്ചും അവർ خَاتَمَ النَّبِيِّينَ എന്ന വാക്കിനു ‘നബിമാരുടെ സീല്‍’ എന്നു വാക്കര്‍ത്ഥം കൊടുക്കുകയും, നബിമാരില്‍വെച്ച് ശ്രേഷ്ഠന്‍ എന്നു അതിനു വിവക്ഷ നല്‍കുകയും ചെയ്തു. മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണെന്ന് സമ്മതിച്ചാല്‍, അവരുടെ നേതാവും പ്രവാചകത്വവാദിയുമായ മീര്‍സാഗുലാം അഹ്മദ്ഖാദിയാനിക്ക് പ്രവാചകത്വം കല്പിക്കുവാന്‍ നിര്‍വ്വാഹമില്ലല്ലോ എന്നതാണതിന് കാരണം.
മിര്‍സാ ഗുലാം അഹ്മദിന് അല്ലാഹുവിൽ നിന്ന് വഹ്‌യ് (ബോധനം) ലഭിച്ചിട്ടുണ്ടെന്ന് ഖാദിയാനികൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി ﷺ ക്ക് ശേഷം വഹ്‌യ് ഇല്ല. സ്വഹാബികളും ഇപ്രകാരമാണ് മനസ്സിലാക്കിയിട്ടുള്ളത്.
عَنْ أَنَسٍ، قَالَ قَالَ أَبُو بَكْرٍ رضى الله عنه بَعْدَ وَفَاةِ رَسُولِ اللَّهِ صلى الله عليه وسلم لِعُمَرَ انْطَلِقْ بِنَا إِلَى أُمِّ أَيْمَنَ نَزُورُهَا كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَزُورُهَا . فَلَمَّا انْتَهَيْنَا إِلَيْهَا بَكَتْ فَقَالاَ لَهَا مَا يُبْكِيكِ مَا عِنْدَ اللَّهِ خَيْرٌ لِرَسُولِهِ صلى الله عليه وسلم . فَقَالَتْ مَا أَبْكِي أَنْ لاَ أَكُونَ أَعْلَمُ أَنَّ مَا عِنْدَ اللَّهِ خَيْرٌ لِرَسُولِهِ صلى الله عليه وسلم وَلَكِنْ أَبْكِي أَنَّ الْوَحْىَ قَدِ انْقَطَعَ مِنَ السَّمَاءِ . فَهَيَّجَتْهُمَا عَلَى الْبُكَاءِ فَجَعَلاَ يَبْكِيَانِ مَعَهَا .
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബിﷺയുടെ മരണശേഷം അബൂബക്ക൪ رَضِيَ اللَّهُ عَنْهُ ഉമർ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: നമുക്ക് ഉമ്മു അയ്മനിന്റെ അടുക്കല്‍ വരെ ഒന്നുപോകാം. നബി ﷺ അവരെ സന്ദ൪ശിച്ചതുപോലെ നമുക്കും ഒന്ന് സന്ദ൪ശിക്കാം. അവ൪ അവിടെ എത്തിയപ്പോള്‍ ഉമ്മു അയ്മന്‍ رَضِيَ اللَّهُ عَنْها കരഞ്ഞു. നിങ്ങളെന്തിനാണ് കരയുന്നത്, അല്ലാഹുവിന്റെ അടുക്കലുള്ളതല്ലേ മുഹമ്മദ് നബിﷺക്ക് ഏറ്റവും നല്ലത്. ഉമ്മു അയ്മന്‍ رَضِيَ اللَّهُ عَنْهاപറഞ്ഞു: അല്ലാഹുവിന്റെ അടുക്കലാണ് മുഹമ്മദ് നബി ﷺ ക്ക് ഏറ്റവും നല്ലതെന്ന് അറിയാത്തത് കൊണ്ടല്ല ഞാന്‍ കരഞ്ഞത്. മറിച്ച് ആകാശത്ത് നിന്നുള്ള വഹ്‌യ് നിലച്ച് പോയല്ലോ എന്ന ചിന്തയാണ് ഞാന്‍ കരയാന്‍ കാരണം. ഈ വാക്ക് അബൂബക്ക൪ رَضِيَ اللَّهُ عَنْهُ ഉമർ رَضِيَ اللَّهُ عَنْهُ വിനെയും വികാരഭരിതരാക്കി. അവരും കൂടെ കരയാന്‍ തുടങ്ങി. (മുസ്ലിം:2454)
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻗَﺎﻝَ ﺃُﻭﺣِﻰَ ﺇِﻟَﻰَّ ﻭَﻟَﻢْ ﻳُﻮﺡَ ﺇِﻟَﻴْﻪِ ﺷَﻰْءٌ ﻭَﻣَﻦ ﻗَﺎﻝَ ﺳَﺄُﻧﺰِﻝُ ﻣِﺜْﻞَ ﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ۗ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു വഹ്‌യും നല്‍കപ്പെടാതെ എനിക്ക് വഹ്‌യ് ലഭിച്ചിരിക്കുന്നുവെന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? (ഖു൪ആന്‍:6/93)
എന്നിരിക്കെ മുഹമ്മദ് നബി ﷺ ക്ക് ശേഷം അല്ലാഹുവില്‍നിന്നു വഹ്‌യ് ലഭിക്കുന്ന ഒരാളും ഈ ലോകത്ത് ഇനി വരാനില്ല. ഉണ്ടെന്ന് എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവര്‍ക്കു സിദ്ധിക്കുന്ന വഹ്‌യ് പിശാചില്‍ നിന്നുള്ളതായിരിക്കും.
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ﴿٢٢١﴾ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ ﴿٢٢٢﴾ يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ ﴿٢٢٣﴾
(നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. (ഖു൪ആന്‍:26/221-223)
ഖാദിയാനികളുടെ പ്രവാചകത്വവാദം അടിസ്ഥാന രഹിതവും ഇസ്‌ലാമിക വിരുദ്ധവുമാകുന്നുവെന്നതിന്റെ മറ്റൊരു തെളിവ് അദ്ദേഹത്തിന്റെ വഹ്‌യിന്റെ ഭാഷയാണ്. അദ്ദേഹത്തിന്റെ ഭാഷ പഞ്ചാബിയാണ്. അദ്ദേഹത്തിന്റെ വഹ്‌യ് ഇംഗ്ലീഷിലുമാണ്. അല്ലാഹു പറയുന്നത് കാണുക:
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ
യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. (ഖുർആൻ:14/3)
കെ.ഉമർ മൗലവി رحمه الله എഴുതുന്നു: മീർസാ ഗുലാം അഹ്‌മദ്, ശപിക്കപ്പെട്ട കള്ളപ്രവാചകനാണെന്ന് മനസ്സിലാക്കാൻ ഒരുപാട് തെളിവുകൾ തേടിപ്പോകേണ്ടതില്ല. {തന്റെ ജനതയുടെ ഭാഷയിൽ വഹ്‌യ് നൽകിക്കൊണ്ടല്ലാതെ ഒരു പ്രവാചകനേയും നാം അയച്ചിട്ടില്ല.(ഇബ്റാഹീം: 4)} എന്ന ഖുർആനിലെ വചനമാണ് അടിസ്ഥാനപരമായ തെളിവ്. മീർസയുടെയും അദ്ദേഹത്തിന്റെ ജനതയുടെയും ഭാഷ പഞ്ചാബിയാണ്. എന്നാൽ, തനിക്ക് ‘വഹ്‌യ്’ വന്നതായി മീർസ ജൽപിക്കുന്ന ഭാഷകൾ ഉറുദുവും ഇംഗ്ലീഷുമാണ്. ഒരൊറ്റ വാക്യം പോലും ‘വഹ്‌യ്’ എന്ന നിലയിൽ പഞ്ചാബിഭാഷയിൽ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. (ഓർമകളുടെ തീരത്ത്- പേജ്: 541)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ഒരു സംശയവുമില്ല; ഖാദിയാനികൾ കാഫിറുകളാണ്. കാരണം, ‘ഞാൻ നബിയാണെന്ന്’ വാദിക്കുന്ന കള്ളപ്രവാചകന്മാരെ സത്യപ്പെടുത്തുന്നവരെല്ലാം കാഫിറുകളാണ്. അതുകൊണ്ട്തന്നെ, ‘താൻ നബിയാണെ’ന്ന് വാദിച്ച അഹ്‌മദ് അൽ ഖാദിയാനിയും അയാളെ പിൻപറ്റിയവരും കാഫിറുകളാണ് എന്നതിൽ മുസ്‌ലിംകൾക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. ‘മുഹമ്മദ് നബിﷺക്ക് ശേഷമുള്ള നബിയാണ് ഖാദിയാനി’ എന്ന വാദത്തിലൂടെ അവർ ഖുർആനിനോടും സുന്നത്തിനോടും ഇജ്മാഇനോടും എതിരായവരാണ്. മുഹമ്മദ് നബിﷺ അവസാനത്തെ നബിയാണെന്ന് അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്.(ഖുർആൻ. 33:40) മാത്രമല്ല, നബിﷺ പറഞ്ഞു: “ഞാനാണ് അവസാനത്തെ നബി. എനിക്കുശേഷം ഒരു നബി വരാനില്ല. എനിക്കുശേഷം പ്രവാചകത്വം വാദിച്ച് മുപ്പതോളം ആളുകൾ വരും. അവർ എല്ലാവരും കള്ളന്മാരാണ്.” (തിർമിദി: 2219) ചുരുക്കത്തിൽ, മുഹമ്മദ് നബിﷺക്ക് ശേഷം ഒരു നബി വരാനുണ്ടെന്ന് വിശ്വസിക്കുന്നവൻ കാഫിറാണ്. (https://youtu.be/w800pL5UWZ4, https://youtu.be/lYOp6XCRyWI)
മുഹമ്മദ് മുസ്തഫാ ﷺ തിരുമേനിക്കുശേഷം ഒരു പുതിയ നബി വരികയില്ലെന്നും, വിശുദ്ധ ഖുര്‍ആനും നബിവാക്യങ്ങളും അക്കാര്യം തുറന്നു പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതില്‍ ഇസ്‌ലാമികവൃത്തത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും പക്ഷാന്തരമില്ല. ഇതു ഇസ്‌ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്‌ലിംകള്‍ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്‌ലാമികവും, ഇതിനെതിരായ വാദം ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനവുമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. സഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്രമല്ല, നബി ﷺ തിരുമേനിയുടെ കാലത്തും, ചില പ്രവാചകത്വവാദികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ വാദത്തെക്കുറിച്ചു പരിശോധിക്കുകയോ, തെളിവുകള്‍ അന്വേഷിക്കുകയോ ചെയ്‌വാന്‍ നബി ﷺ യോ ഉത്തരവാദപ്പെട്ട മുസ്‌ലിംഭരണകര്‍ത്താക്കളില്‍ ആരെങ്കിലുമോ മുതിര്‍ന്നിട്ടില്ല. നേരെമറിച്ച് ഇസ്‌ലാമിക ഭരണകൂടം അവര്‍ കള്ളവാദികളാണെന്നു വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുള്ളത്. ഇസ്‌ലാംചരിത്രം വായിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. നബി ﷺ ക്കു ശേഷം ഒരാള്‍ ‘താന്‍ പ്രവാചകനാണെന്നു വാദിക്കുമ്പോള്‍ അതിനു തെളിവുണ്ടോ എന്നു പരിശോധിക്കുന്നതുപോലും സത്യവിശ്വാസത്തില്‍നിന്നുള്ള വ്യതിയാനമായിട്ടാണു ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 33/40 ന്റെ വിശദീകരണം)