മനുഷ്യരെയും പ്രപഞ്ചം ഉൾപ്പടെയുള്ള സകലതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിന്റ നിയമനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഒരാള്‍ക്ക് കഴിയുക എന്നത് മഹാഭാഗ്യമാണ്. മുസ്ലിം സമുദായത്തിൽ ജനിച്ചിട്ടും സത്യം ഉൾക്കൊള്ളാൻ കഴിയാതെയും തൗഹീദ് സ്വീകരിക്കാൻ കഴിയാതെയും ജീവിക്കുന്നവരുണ്ട്. ചിലരോടൊക്കെ എത്ര പറഞ്ഞുകൊടുത്താലും അവരത് പരിഗണിക്കുക പോലുമില്ല. എന്താണതിന് കാരണം? അതിനുള്ള മറുപടി കൃത്യമാണ്: “ഹിദായത്ത് ലഭിക്കണം”. അതെ, തൗഹീദ് സ്വീകരിക്കുന്നതിനും സത്യം ഉൾക്കൊള്ളാനുമൊക്കെ അല്ലാഹുവിന്റെ തൗഫീഖ് അനിവാര്യമാണ്.
ഹിദായത്ത് നൽകുന്നവൻ അല്ലാഹു മാത്രമാണ്. ഇക്കാര്യത്തിൽ മറ്റാർക്കും യാതൊരു കഴിവും തീരുമാനവുമില്ല. നബി ﷺ യോടായി അല്ലാഹു പറയുന്നു:
لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ
അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:2/272)
പ്രബോധനം ചെയ്യുക, ഉപദേശിക്കുക, സന്‍മാര്‍ഗം കാണിച്ചുകൊടുക്കുക ഇതൊക്കെയാണ് നബി ﷺ യുടെ ചുമതല. എന്നല്ലാതെ, അത് അംഗീകരിപ്പിച്ചു നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കുക നബി ﷺ യുടെ ബാധ്യതയല്ല. അത് അല്ലാഹുവിന്റെ പ്രവൃത്തിയാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന വരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കും. ആരെയാണ് നേര്‍മാര്‍ഗത്തിലാക്കേണ്ടത്, ആരാണതിന് അര്‍ഹന്‍ എന്നൊക്കെ അല്ലാഹു മാത്രമാണ് തീരുമാനിക്കുന്നത്.
നബി ﷺ ഇസ്ലാമിക പ്രബോധനം ആരംഭിച്ച വേളയിൽ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും അവിടുത്തേക്ക് താങ്ങും തണലുമായി നിന്നത് പിതൃവ്യനായ അബൂത്വാലിബ് ആയിരുന്നു. അദ്ധഹത്തിന്റെ ഇസ്ലാം ആശ്ലേഷണം നബി ﷺ ഏറെ ആഗ്രഹിച്ചിരുന്നു. മരണമാസന്നമായപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നുച്ചരിപ്പിക്കാനും അങ്ങനെ അദ്ദേഹത്തിന്റെ അന്ത്യം നന്മയിലാകാനും നബി ﷺ അങ്ങേയറ്റം പരിശ്രമിച്ചു നോക്കുകയുണ്ടായി. പക്ഷേ, അബ്ദുല്‍ മുത്വലിബിന്റെ മതത്തില്‍ത്തന്നെ മരിച്ചുപോകുന്നതിനാണ് അബൂത്വാലിബ് മുന്‍ഗണന നല്‍കിയത്. അതിനെ കുറിച്ച് അല്ലാഹു പറയുന്നു:
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَمِّهِ ” قُلْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ ” . قَالَ لَوْلاَ أَنْ تُعَيِّرَنِي قُرَيْشٌ يَقُولُونَ إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لأَقْرَرْتُ بِهَا عَيْنَكَ فَأَنْزَلَ اللَّهُ { إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ പിതൃവ്യനോട് (അദ്ദേഹത്തിന്റെ മരണസമയത്ത്) പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം പറയൂ, അന്ത്യ നാളിൽ ഞാൻ (നിങ്ങൾക്ക് വേണ്ടി) സാക്ഷ്യം വഹിക്കും. അദ്ദേഹം (അബൂത്വാലിബ്) പറഞ്ഞു: ഖുറൈശികൾ എന്നെ കുറ്റപ്പെടുത്തുന്നതിലുള്ള ഭയം ഇല്ലായിരുന്നുവെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങളുടെ കണ്ണുകളെ ആനന്ദിപ്പിക്കുമായിരുന്നു. അപ്പോഴാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത്: {തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.28/56} (മുസ്ലിം:25)
عن الزهري قال: ثني سعيد بن المسيب, عن أبيه, قال: لما حضرت أبا طالب الوفاة, جاءه رسول الله صلى الله عليه وسلم , فوجد عنده أبا جهل بن هشام, وعبد الله بن أبي أُمَيَّة بن المغيرة, فقال رسول الله صلى الله عليه وسلم: ” يا عَمّ، قُلْ لا إلَهَ إلا اللهُ كَلِمَةً أَشْهَدُ لَكَ بِها عِنْدَ اللهِ” فقال أبو جهل وعبد الله بن أبي أُمَيَّه: يا أبا طالب: أترغب عن ملَّة عبد المطَّلب؟ فلم يزل رسول الله صلى الله عليه وسلم يعرضها عليه, ويعيد له تلك المقالة, حتى قال أبو طالب آخر ما كلمهم: هو على ملة عبد المطلب, وأبى أن يقول: لا إله إلا الله, فقال رسول الله صلى الله عليه وسلم: ” أَمَا وَاللهِ لأسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ” , فأنـزل الله {مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى} وأنـزل الله في أبي طالب, فقال لرسول الله صلى الله عليه وسلم: { إِنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي } … الآية.
സുഹ്‌രി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”എന്നോട് സഈദുബ്‌നുല്‍മുസ്വയ്യിബ് തന്റെ പിതാവില്‍നിന്ന് ഉദ്ധരിച്ച് പറഞ്ഞു: ‘അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന്റെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നബി ﷺ അബൂജഹ്‌ലിനെയും അബ്ദുല്ലാഹിബ്‌നു അബീ ഉമയ്യതുബ്‌നുല്‍ മുഗീറയെയും കാണുകയുണ്ടായി. അന്നേരം അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘പിതൃവ്യാ, ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം പറയൂ. എന്നാല്‍ അല്ലാഹുവിങ്കല്‍ അതു മുഖേന എനിക്ക് നിങ്ങള്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കാമല്ലോ.’ അബൂജഹ്‌ലും അബ്ദുല്ലയും (അപ്പോള്‍) പറഞ്ഞു: ‘ഓ, അബൂത്വാലിബ്, അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തോട് താങ്കള്‍ വിമുഖത കാണിക്കുകയാണോ?’ അങ്ങനെ അബൂത്വാലിബ് അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തില്‍തന്നെയാണെന്ന് അവസാനമായി അവരോട് പറയുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് അത് (ശഹാദത്ത് കലിമ) ചൊല്ലിക്കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹം ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നു പറയാന്‍ വിസമ്മതം കാണിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ താങ്കളെത്തൊട്ട് വിലക്കപ്പെടുന്നതുവരെ അല്ലാഹുവിനോട് താങ്കള്‍ക്കു വേണ്ടി പാപമോചനം തേടുന്നതാണ്.’ അപ്പോള്‍ അല്ലാഹു (ഈ ക്വുര്‍ആന്‍ വചനം) ഇറക്കി: ‘പ്രവാചകനോ വിശ്വസിച്ചവര്‍ക്കോ ബഹുദൈവ വിശ്വാസികള്‍ക്കായി പാപമോചനം തേടാവതല്ല’ (9:113). അബൂത്വാലിബിന്റെ കാര്യത്തിലാണ് അല്ലാഹു (ഇത്) ഇറക്കിയത്. എന്നിട്ട് റസൂലിനോട് (അല്ലാഹു) പറഞ്ഞു: ‘തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു’ (28:56) (തഫ്‌സീറുത്ത്വബ്‌രി).
അതുകൊണ്ടുതന്നെ എത്തിച്ചു കൊടുക്കലാണ് പ്രബോധകരുടെ ദൗത്യം. ജനങ്ങളില്‍ ആദര്‍ശം അടിച്ചേല്‍പിക്കുവാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല.
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ﴿٢١﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾ إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾ فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ ﴿٢٤﴾ إِنَّ إِلَيْنَآ إِيَابَهُمْ ﴿٢٥﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ. (ഖുർആൻ:88/21-26)
അതിനാൽ സന്മാർഗ്ഗത്തിലാക്കാനും അതിലുറപ്പിച്ച് നിർത്താനും നാം തേടേണ്ടത് അല്ലാഹുവിനോടാണ്. സൂറത്തുൽ ഫാതിഹയിൽ പറഞ്ഞതുപോലെ:
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (ഖുർആൻ:1/6)
قال الشيخ ابن باز – رحمه الله – : فأنت بحاجة إلى الهداية لو كنت أتقى الناس، و لو كنت أعلم الناس، أنت بحاجة إلى الهداية حتى تموت
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : നീ ഹിദായത്തിന് ഏറെ ആവശ്യക്കാരനാണ്. നീ ആളുകളിൽ വെച്ച് ഏറ്റവും തഖ്’വയുള്ളവനോ അറിവുള്ളവനോ ആണെങ്കിലും ശരി. നീ മരിക്കുന്നത് വരേക്കും ഹിദായത്തിന് ആവശ്യക്കാരനാണ്. (മജുമൂഉൽ ഫതാവാ 7/163)
മറ്റുള്ളവർക്ക് സത്യം എത്തിച്ചുനൽകുന്നതോടൊപ്പം അവർക്ക് ഹിദായത്ത് ലഭിക്കുന്നതിനും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. നബി ﷺ പ്രാർത്ഥിച്ചതുപോല.
اللَّهُمَّ أَعِزَّ الإِسْلاَمَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الْخَطَّابِ
അല്ലാഹുവേ, അബൂജഹ്ൽ, ഉമർ ബ്നു ഖത്വാബ് ഈ രണ്ട് പേരിൽ നിനക്കിഷ്ടപ്പെട്ട ഒരാളെ കൊണ്ട് നീ ഇസ്ലാമിന് പ്രതാപം നൽകേണമേ. (തിർമിദി:49/4045)
اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ
അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സൻമാർഗ്ഗത്തിൽ ചേർക്കേണമേ. (മുസ്‌ലിം: 2491)
فَمِنْ لُطْفِهِ بِعَبْدِهِ الْمُؤْمِنِ، أَنْ هَدَاهُ إِلَى الْخَيْرِ هِدَايَةً لَا تَخْطُرُ بِبَالِهِ، بِمَا يَسَّرَ لَهُ مِنَ الْأَسْبَابِ الدَّاعِيَةِ إِلَى ذَلِكَ، مِنْ فِطْرَتِهِ عَلَى مَحَبَّةِ الْحَقِّ وَالِانْقِيَادِ لَهُ وَإِيزَاعِهِ تَعَالَى لِمَلَائِكَتِهِ الْكِرَامِ، أَنْ يَثْبُتُوا عِبَادَهُ الْمُؤْمِنِينَ، وَيُحِثُّوهُمْ عَلَى الْخَيْرِ، وَيُلْقُوا فِي قُلُوبِهِمْ مِنْ تَزْيِينِ الْحَقِّ مَا يَكُونُ دَاعِيًا لِاتِّبَاعِهِ.
തന്റെ വിശ്വാസിയായ ദാസന് അല്ലാഹു നൽകിയ ഗുണത്തിൽ ഉൾപ്പെടുന്നതാണ് അവനെ സന്മാർഗത്തിലാക്കി എന്നത്. നാം വിചാരിക്കാതെതന്നെ ആ സന്മാർഗത്തിലേക്കുള്ള വഴികളെയും കാരണങ്ങളെയും അവൻ സൗകര്യപ്പെടുത്തിത്തന്നു. സത്യത്തെ ഇഷ്ടപ്പടാനും കീഴ്‌പ്പെടാനുമുള്ള മനുഷ്യപ്രകൃതിയും മലക്കുകളിൽനിന്നുണ്ടാകുന്ന പ്രേരണകളും സന്മാർഗത്തിലെത്താൻ കാരണമാണ്. അവർ വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുകയും നന്മയ്ക്ക് പ്രചോദനം നൽകുകയും ശരിയായ വിശ്വാസികളുടെ ഹൃദയങ്ങളിൽ അത് അലങ്കാരമായി കാണിക്കുകയും ചെയ്യുന്നു. അത് സത്യത്തെ പിൻപറ്റാൻ പ്രചോദനമായിത്തീരുന്നു. (തഫ്സീറുസ്സഅ്ദി – സൂറ ശൂറാ ആയത്ത് 19)