പാപപരിഹാര സിദ്ധാന്തം : ഇസ്ലാമിന്റെ നിലപാട്

THADHKIRAH

‘ആദം വിലക്കപ്പെട്ട ആപ്പിള്‍ സ്ത്രീയുടെ പ്രലോഭനത്തിന് വഴങ്ങി തിന്നുപോയി. അങ്ങനെ ആദം പാപിയായി. ആദിപാപം കാരണമായി മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളായി. അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപത്തില്‍ അവതരിച്ച് കുരിശിലേറി പാപങ്ങളില്‍ നിന്ന് സകല മനുഷ്യര്‍ക്കും മോചനം നല്‍കി’. ഇത് ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്. ഈ വിശ്വാസം ഇസ്ലാം അംഗീകരിക്കുന്നില്ല. ഈ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാടാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒന്നാമതായി, ആദം عليه السلام സ്വര്‍ഗത്തില്‍ വെച്ച് ആ പഴം കഴിച്ചത് ഹവ്വാ عليه السلام യുടെ പ്രലോഭനത്താല്‍ ആയിരുന്നു എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അങ്ങനെ ആദം عليه السلام  പാപിയായെന്നും അതു കാരണത്താല്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ പാപിയാണ് എന്നതും ഇസ്ലാം അംഗീകരിച്ചിട്ടില്ലാത്ത വാദമാണ്.

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (ഖുർആൻ:30/30)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏”‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതിയോട് കൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ പാരായണം ചെയ്തു : “അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം” (ബുഖാരി:4775)

ശരിയായ രൂപത്തില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവനെ സംബന്ധിച്ച് നബി ﷺ പറഞ്ഞത് അവന്‍ നവജാത ശിശുവിനെ പോലെയാണ് എന്നാണ്.

عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്. (ബുഖാരി: 1521)

ജനിച്ചു വീഴുന്ന കുഞ്ഞ് പാപിയായിട്ടല്ല വരുന്നതെന്നും പരിശുദ്ധനായിക്കൊണ്ടാണെന്നും ഈ ഹദീസ് അറിയിക്കുന്നു. എന്നാല്‍ ഓരോരുത്തരും പാപികളാകുന്നത് തങ്ങളുടെ കര്‍മങ്ങളുടെ ഫലമായി മാത്രമാകുന്നു.

മനുഷ്യപിതാവായ ആദം عليه السلام അല്ലാഹുവിന്റെ കൽപ്പനക്ക് എതിര് പ്രവർത്തിക്കുകയും, അദ്ദേഹവും ഇണയായ ഹവ്വാഉം വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തതിന് ശേഷം അദ്ദേഹം അതിൽ ഖേദിക്കുകയും, അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.

പശ്ചാത്താപത്തിന്റെ വിശിഷ്ടമായ വാക്കുകൾ അല്ലാഹു അവർക്ക് ബോധനം നൽകുകയും, അവരത് പറഞ്ഞപ്പോൾ അവൻ അവർക്ക് പൊറുത്തു നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ‎﴿٣٥﴾‏ فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ ‎﴿٣٦﴾‏ فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ‎﴿٣٧﴾‏ قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿٣٨﴾

ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖുർആൻ:2/35-38)

ആദം عليه السلام ന് അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു എന്നതിനാൽ അദ്ദേഹത്തെ ഒരു പാപവാഹകനായി കണക്കാക്കുക എന്നത് ശരിയല്ല. അതിനാൽ തന്നെ – പശ്ചാത്താപത്താൽ നീങ്ങിപ്പോയ ഒരു തിന്മ – അദ്ദേഹത്തിന്റെ സന്താനങ്ങൾ അനന്തരമായി വഹിക്കുന്നു എന്നും പറയുക സാധ്യമല്ല.

രണ്ടാമതായി.  ഒരാളും മറ്റൊരാളുടെ തിന്മ വഹിക്കേണ്ടതില്ല എന്നതാകട്ടെ ഇസ്ലാമിലെ അടിസ്ഥാനവുമാണ്. ആരും ആരുടെയും പാപഭാരം വഹിക്കില്ലെന്നും ഓരോരുത്തര്‍ക്കും അവനവന്റെ ചെയ്തിക്കുള്ള പ്രതിഫലമാണ് ലഭിക്കുക എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ

പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌. (ഖുർആൻ:6/164)

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ‎﴿٣٦﴾‏ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ‎﴿٣٧﴾‏ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ‎﴿٣٨﴾‏ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ‎﴿٣٩﴾‏ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ‎﴿٤٠﴾‏ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ‎﴿٤١﴾

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?  (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)  അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,  മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.  പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, (ഖുർആൻ:53/36-41)

മൂന്നാമതായി, പാപഭാരം ഏറ്റുവാങ്ങി ഈസാ عليه السلام കുരിശിലേറി എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ഈസാ عليه السلام യെ  തങ്ങള്‍ ക്രൂശിച്ച് കൊന്നു എന്നത് യഹൂദികളുടെ കേവലം അവകാശവാദം മാത്രമായിട്ടാണ് വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത്.

وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينَۢا ‎﴿١٥٧﴾‏ بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ‎﴿١٥٨﴾

അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ലഎന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ:4/157-158)

ക്രൂശീകരണം സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ അതിന്റെ ഭാഗമായിട്ടുള്ള പാപപരിഹാര സിദ്ധാന്തത്തിന് ഇസ്ലാമിൽ യാതൊരു സ്ഥാനവുമില്ല. പാപമോചനം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഇസ്ലാമിൽ, അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസവും അതനുസരിച്ചുള്ള സല്‍ക്കര്‍മ്മങ്ങളും മാത്രമാണ്.

Leave a Reply

Your email address will not be published.

Similar Posts