ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് പരലോക വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ
നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യനാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
പരലോക വിശ്വാസം എന്നതിന്റെ വിവക്ഷ; മരണശേഷമുള്ള ക്വബ്‌റിലെ രക്ഷാശിക്ഷകള്‍, പുനരുത്ഥാനം, അതിന് ശേഷമുള്ള വിചാരണ, തുലാസ്, രക്ഷ, ശിക്ഷ, സ്വര്‍ഗം, നരകം തുടങ്ങി അന്ത്യദിനത്തെക്കുറിച്ച് അല്ലാഹു വിശേഷിപ്പിച്ച മുഴുവന്‍ കാര്യങ്ങളിലും വിശ്വസിക്കുക എന്നതാണ്.
ഈമാനിന്റെ റുക്നുകളില്‍ അഞ്ചാമത്തേതാണ് യൗമുൽ ആഖിറത്തിലുള്ള വിശ്വാസം. ഖുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവിനോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പരലോക വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.
مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ
ആര് അല്ലാഹുവിലും, അന്ത്യനാളിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും … (ഖു൪ആന്‍:2/177)
وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ
എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുന്നവർക്കാകുന്നു പുണ്യം. (ഖു൪ആന്‍:2/177)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ
സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. (ഖു൪ആന്‍:2/264)
إِنِّى تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ
(യൂസുഫ് നബി പറഞ്ഞു) അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. (ഖു൪ആന്‍:12/37)
ഇസ്‌ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം. അഥവാ മനുഷ്യന്‍റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, താന്‍ എവിടെ നിന്നു വന്നു, എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്‍റെ വിശദാംശങ്ങളോ അനിവാര്യ വശങ്ങളോ ആയിരിക്കും. അതു കൊണ്ടാണ് വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ഖുര്‍ആനില്‍, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയാറുള്ളതും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/4 ന്റെ വിശദീകരണം)
തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം), രിസാലത്ത് (പ്രവാചക ദൗത്യം), ആഖിറത്ത് (പരലോക വിശ്വാസം) എന്നീ മൂല്യത്രയങ്ങളിലാണ് പ്രവാചകന്മാരുടെ പ്രബോധനം ഊന്നിനിന്നിരുന്നത്. വിശുദ്ധ ഖുർആനിലെ പ്രതിപാദ്യ വിഷയങ്ങളും ഈ മൂന്ന് മൗലിക വിഷയങ്ങളിലൂന്നിയുള്ളതാണ്.
പരലോക വിശ്വാസിക്കാത്തവര്‍ അവിശ്വാസികളാണെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുന്നത് കാണുക:
وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا
അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും, അന്ത്യനാളിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)
പരലോകവിശ്വസമില്ലാത്തവരെ കുറിച്ച് വിശുദ്ധ ഖുർആൻ അക്രമികള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
فَأَذَّنَ مُؤَذِّنُۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ﴿٤٤﴾ ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ كَٰفِرُونَ ﴿٤٥﴾
അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലാകുന്നു. അതായത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അത് വക്രമാക്കാന്‍ ആഗ്രഹിക്കുകയും, പരലോകത്തില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേല്‍. (ഖുർആൻ :7/44-45)
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ﴿١٨﴾ ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ﴿١٩﴾
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അതിന് വക്രത വരുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവരാകട്ടെ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമാണ്. (ഖുർആൻ :11/18-19)
പരലോകത്തില്‍ വിശ്വാസമില്ലാതിരിക്കുക എന്നത് മുശ്രിക്കുകളുടെ വിശേഷണമാണ്.
وَوَيْلٌ لِّلْمُشْرِكِينَ ﴿٦﴾ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ﴿٧﴾
ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ. (ഖുർആൻ :41/6-7)
പരലോക വിശ്വാസമുള്ളവർക്ക് മാത്രമേ തൗഹീദ് ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളൂ. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുന്നവരായിരിക്കും.
إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ
നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു. (ഖുർആൻ :16/22)
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (ഖുർആൻ :39/45)
പരലോകത്തില്‍ വിശ്വാസമില്ലാത്തവർക്ക് ഇസ്ലാമിന്റെ സത്യപാതയിലൂടെ സഞ്ചരിക്കുവാൻ കഴിയുകയില്ല.
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴿٧٣﴾ وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ ﴿٧٤﴾
തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു. (ഖുർആൻ :23/73-74)
പരലോകവിശ്വാസമുള്ളവർക്ക് മാത്രമേ, മനുഷ്യർക്ക് നേർവഴി കാണിക്കാനായി അല്ലാഹു അവതരിപ്പിച്ചിട്ടുള്ള വിശുദ്ധ ഖുർആൻ ഉൾക്കൊളളാൻ കഴിയുകയുള്ളൂ.
وَهَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്. (ഖുർആൻ :6/92)
وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًا مَّسْتُورًا ﴿٤٥﴾ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَٰرِهِمْ نُفُورًا ﴿٤٦﴾
നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്. (ഖുർആൻ :17/45-46)
അല്ലാഹുവിന്റെ കല്പനാ നിര്‍ദ്ദേശങ്ങൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ പരലോക വിശ്വാസം അനിവാര്യമാണ്. ത്വലാഖിന്റെ വിധിവിലക്കുകൾ വിവരിക്കുന്നതിനിടെ അല്ലാഹു പറയുന്നു:
ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. (ഖു൪ആന്‍:65/2)
فَإِنَّ الْإِيمَانَ بِاللَّهِ وَالْيَوْمِ الْآخِرِ، يُوجِبُ لِصَاحِبِهِ أَنْ يَتَّعِظَ بِمَوَاعِظِ اللَّهِ، وَأَنْ يُقَدِّمَ لِآخِرَتِهِ مِنَ الْأَعْمَالِ الصَّالِحَةِ،
തീര്‍ച്ചയായും അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം അല്ലാഹുവിന്റെ ഉപദേശങ്ങളെ സ്വീകരിക്കാന്‍ വിശ്വാസിയെ നിര്‍ബന്ധതിനാക്കും. കഴിയുന്നത്ര സല്‍പ്രവര്‍ത്തനങ്ങള്‍ തന്റെ പരലോക ജീവത്തിന് വേണ്ടി ചെയ്തുവെക്കുവാനും. (തഫ്സീറുസ്സഅ്ദി)
പരലോകത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ അല്ലാഹുവിനും അവന്റെ റസൂലിനും എതിരായ വാക്കിലും പ്രവൃത്തിയിലും ധൈര്യം കാണിക്കുന്നു.
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ﴿٢٧﴾ وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ﴿٢٨﴾
തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു. അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (ഖു൪ആന്‍:53/27-28)
മുഅ്മിനുകളുടെ (സത്യവിശ്വാസികളുടെ) ലക്ഷണമാണ് പരലോക വിശ്വാസം.
طسٓ ۚ تِلْكَ ءَايَٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ﴿١﴾ هُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴿٢﴾ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴿٣﴾
ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. സത്യവിശ്വാസികള്‍ക്ക്മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്. നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരാണവർ. (ഖുർആൻ :27/1-3)
മുത്തഖികളുടെയും (സൂക്ഷ്മത പാലിക്കുന്നവരുടെ) ലക്ഷണമാണ് പരലോക വിശ്വാസം.
الٓمٓ ﴿١﴾ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٣﴾ وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥﴾
അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍. (ഖുർആൻ :2/5)
മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾക്ക് പരലോകത്തില്‍ വിശ്വാസമില്ലാത്തവരെ സ്വാധീനിക്കാൻ കഴിയും.
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴿١١٢﴾ وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ ﴿١١٣﴾
അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക. പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്. (ഖുർആൻ :6/112-113)
പരലോക വിശ്വാസമില്ലാത്തവരുടെ സകല സൽകർമ്മങ്ങളും പൊളിഞ്ഞുപോയിരിക്കുന്നു. ആഖിറത്തിൽ അവർക്ക് അവരുടെ സൽകർമ്മങ്ങളുട പ്രതിഫലം ലഭിക്കുകയില്ല.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَلِقَآءِ ٱلْـَٔاخِرَةِ حَبِطَتْ أَعْمَٰلُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ
നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ? (ഖുർആൻ :7/147)
പരലോകത്ത് ഒരു ക൪മ്മം ഒരുവന് സ്വീകരിക്കപ്പെടണമെങ്കില്‍ അഥവാ ഇവിടെ ചെയ്ത ഒരു നന്‍മക്ക് അവിടെ പ്രതിഫലം ലഭിക്കണമെങ്കില്‍ അവൻ പരലോക വിശ്വാസമുള്ളവനായിരിക്കണം.
وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)
പരലോക വിശ്വാസമില്ലാത്തവർക്ക്, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെ നല്ല കാര്യങ്ങളാണെന്ന മിഥ്യാധാരണ ഉണ്ടായിരിക്കും.
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَٰلَهُمْ فَهُمْ يَعْمَهُونَ ﴿٤﴾ أُو۟لَٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ﴿٥﴾
പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു. അവരത്രെ കഠിനശിക്ഷയുള്ളവര്‍. പരലോകത്താകട്ടെ അവര്‍ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവര്‍. (ഖുർആൻ :27/4-5)
പരലോകത്തില്‍ വിശ്വസിക്കാത്തവർക്ക് പരലോകത്തിൽ വേദനയേറിയ ശിക്ഷ വരാനിരിക്കുന്നു.
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു). (ഖുർആൻ :17/10)
بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَٰلِ ٱلْبَعِيدِ
അല്ല, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും വിദൂരമായ വഴികേടിലുമാകുന്നു. (ഖുർആൻ :34/8)
പരലോകവിശ്വാസം ദൃഢമാകുമ്പോള്‍ മാത്രമെ ഈ ഭൗതിക ജീവിതത്തിന് ശേഷം വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ വിശ്വാസമുണ്ടാവുകയുള്ളൂ. അനശ്വരമായതും എല്ലാ നന്മ തിന്മകള്‍ക്കും കൃത്യവും കണിശവുമായി പ്രതിഫലം നല്‍കപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെവെച്ചു സര്‍വ്വ നിയന്താവായ അല്ലാഹുവിന്‍റെ മുമ്പില്‍ സകല ചെയ്തികളും കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നുമുള്ള പരിപൂര്‍ണ വിശ്വാസവും ഉറപ്പുമാണ് മനുഷ്യന്‍റെ സന്മാര്‍ഗബോധത്തിനുള്ള ഏകനിദാനം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/4 ന്റെ വിശദീകരണം)
لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:16/58-60)
പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ സ്ഥിതിഗതികള്‍ വിവരിക്കുമ്പോള്‍, ദുഷിച്ചതും മോശകരവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും വിവരിക്കുവാന്‍ ഉണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുല്‍കൃഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക എന്നു സാരം. ഉദാഹരണമായി: അവരെക്കുറിച്ചു പറയുമ്പോള്‍, യാതൊരു ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയാത്ത വസ്തുക്കളെ ദൈവങ്ങളാക്കിവെച്ചവര്‍, മക്കളില്ലാത്ത പക്ഷം വിഷമം അനുഭവപ്പെടുന്നവര്‍, പെണ്‍മക്കളെ വെറുക്കുന്നവര്‍, സ്വന്തം മക്കളെ കുഴിച്ചുമൂടുന്നവര്‍ എന്നിങ്ങനെയുള്ള വര്‍ണ്ണനകളായിരിക്കും പറയുവാനുണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴോ? സര്‍വ്വലോക സൃഷ്ടാവ്, ലോകനിയന്താവ്,മക്കളുടെയോ മറ്റോ ആവശ്യവും ആശ്രയവുമില്ലാത്തവന്‍, ഇണയും തുണയുമില്ലാത്തവന്‍, തുല്യനും, സമനുമില്ലാത്തവന്‍ എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുവാനുണ്ടാവുക. അഥവാ അവന്റെ ഏതൊരു ഗുണത്തെക്കുറിച്ച് പ്രസ്താവിച്ചാലും അതു അത്യുന്നതനിലവാരത്തിലുള്ളതും, മറ്റാര്‍ക്കും അതില്‍ പങ്കില്ലാത്തതുമായിരിക്കും. (അമാനി തഫ്സീര്‍)