അല്ലാഹുവിന്റെ അറിവ്

THADHKIRAH

ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അല്ലാഹുവിന് മൊത്തത്തിലുള്ള അറിവേ ഉള്ളു, അതല്ലാതെ ഓരോന്നും വിശദമായി വേർതിരിച്ചുള്ള അറിവില്ല എന്നത് ഖദ്രിയ്യാക്കളുടെ വാദമാണ്. എന്നാൽ ഇത് വിശുദ്ധ ഖുർആനിന് എതിരായ വാദമാണ്.

അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തില്‍ മാത്രമല്ല, ഓരോ കാര്യത്തിന്‍റെയും വിശദവിവരം അവന്‍ അറിയുകയും ചെയ്യുന്നുവന്നതിന്റെ ചില തെളിവുകൾ കാണുക:

وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. (ഖുർആൻ:35/11)

ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. (ഖുർആൻ:13/8)

അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തില്‍ മാത്രമേ അറിയുന്നുള്ളുവെന്നും, ഓരോ കാര്യത്തിന്‍റെയും വിശദവിവരം അവന്‍ അറിയുകയില്ലെന്നും പറയുന്ന ധിക്കാരികളും, അതു ശരിയാണെന്നു ധരിച്ചുവശായ പാമരന്മാരും, മനസ്സിരുത്തി വായിക്കേണ്ടുന്ന ഖുര്‍ആന്‍വചനങ്ങളാണ് ഇതും, സൂറത്തു സബഇലെ 2 ഉം 3 ഉം പോലുള്ള മറ്റുചില വചനങ്ങളും. ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഓരോരുത്തന്‍റെ ആയുഷ്കാലത്തിന്‍റെ ഏറ്റക്കുറവുമെല്ലാം കൃത്യമായും സൂക്ഷമമായും അറിയുകയും, രേഖപെടുത്തുകയും ചെയ്യുന്നവനത്രെ അല്ലാഹു. ഓരോ കാര്യവും അവന്‍റെ അടുക്കല്‍ ഒരു തോതനുസരുച്ചാണുള്ളത്. (وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ) മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കും ആഹാരംകൊടുക്കുന്നകാര്യം അവന്‍ ഏല്‍ക്കുകയും ചെയ്തിരിക്കുന്നു. ( وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا) മനുഷ്യന്‍ അതു ആരാഞ്ഞു തിരഞ്ഞുപിടിക്കുകയേ വേണ്ടൂ. എന്നിരിക്കെ, കുറച്ചുകാലം കഴിയുമ്പോഴേക്കു ഈ ലോകത്തു ജനപ്പെരുപ്പംമൂലം ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാതെ പട്ടിണികിടന്നു മനുഷ്യന്‍ നശിച്ചുപോകുമെന്നു ഭയപ്പെട്ടുകൊണ്ടിരിക്കുവാന്‍ സത്യവിശ്വാസമുള്ള ഒരാള്‍ക്കും അവകാശമില്ല. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ (അതൊക്കെ അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമാണ്) എന്നുള്ള ഒടുവിലത്തെ വാക്യം ബുദ്ധിയും, വിശ്വാസവും ഉള്ളവര്‍ ചിന്തിച്ചു നോക്കട്ടെ!

അല്ലാഹുവിന്റെ അറിവിനെ വിശദമായി പരാമർശിക്കുന്നു.

يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ ‎﴿٢﴾‏ وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ ‎﴿٣﴾

ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്ത് വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായ വസ്തുക്കളെ പറ്റി അവന്‍ അറിയുന്നു. അവന്‍ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ.  ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. നീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്‌). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല. (ഖുർആൻ:34/1-2)

{ يَعْلَمُ مَا يَلِجُ فِي الْأَرْضِ } أي: من مطر, وبذر, وحيوان { وَمَا يَخْرُجُ مِنْهَا } من أنواع النباتات, وأصناف الحيوانات { وَمَا يَنْزِلُ مِنَ السَّمَاءِ } من الأملاك والأرزاق والأقدار { وَمَا يَعْرُجُ فِيهَا } من الملائكة والأرواح وغير ذلك.

{ഭൂമിയിൽ പ്രവേശിക്കുന്നത് അവനറിയുന്നു} അതായത് മഴ, വിത്തുകൾ, മൃഗങ്ങൾ. {അതിൽ നിന്ന് പുറത്തുവരുന്നതും} എല്ലാതരം സസ്യങ്ങൾ, മൃഗങ്ങൾ. {ആകാശത്ത് നിന്ന് ഇറങ്ങുന്നതും} മലക്കുകൾ, ഭക്ഷണം, അല്ലാഹുവിന്റെ വിധികൾ {അതിൽ കയറുന്നതുമായ} അവരെയും അവരുടെ കാര്യങ്ങളെക്കുറിച്ചുള്ള അവന്റെ അറിവും. (തഫ്സീറുസ്സഅ്ദി)

നിക്ഷേപങ്ങള്‍, ധാതുവസ്തുക്കള്‍, മരിച്ചുമണ്ണടിഞ്ഞവര്‍, ദ്രവിച്ചു നശിച്ചുപോയവ, വറ്റിപോയ ജലാംശങ്ങള്‍ പുരാണാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഭൂമിക്കുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞ സകലവും അല്ലാഹു അറിയുന്നു. സസ്യങ്ങള്‍, ജീവികള്‍, ഉറവുകള്‍ ആദിയായി ഭൂമിക്കുള്ളില്‍ നിന്നു വെളിക്കുവരുന്ന വസ്തുക്കളെയും അവന്‍ അറിയുന്നു. മഴ, മഞ്ഞു, കാറ്റ്, ഇടി, മലക്കുകള്‍, ദൈവീക കല്‍പനകള്‍ എന്നിത്യാദി ആകാശത്തുനിന്നു ഭൂമിയിലേക്കു വരുന്നവയെയും, മനുഷ്യകര്‍മ്മങ്ങള്‍, ആത്മാക്കള്‍, മലക്കുകള്‍. ആവി, വാതകം, റോക്കറ്റു മുതലായി ഭൂമിയില്‍ നിന്ന് മേല്‍പോട്ടുയര്‍ന്നുപോകുന്ന സര്‍വ്വത്തെയും അല്ലാഹു അറിയുന്നു. അല്‍പജ്ഞാനികള്‍ ധരിക്കുന്നതുപോലെ – അല്ലെങ്കില്‍ വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുള്ളതുപോലെ – അവന്‍ കാര്യങ്ങളെ മൊത്തത്തില്‍മാത്രം അറിയുകയല്ല ചെയ്യുന്നത്. എല്ലാ ഓരോ കാര്യവും ശരിക്കുശരിയായി സവിസ്തരം അറിയുന്ന അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമത്രെ അവന്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍:34/2ന്റെ വിശദീകരണത്തിൽ നിന്നും)

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَٰبٍ مُّبِينٍ

ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്‌. (ഖുർആൻ:11/6)

ഓരോ ജീവിയുടെയും സ്ഥിരമായ സ്ഥാനം, താല്‍ക്കാലികമായ സ്ഥാനം ഏതൊക്കെയാണെന്നു അവന്നറിയാം. അതെ, എവിടെനിന്നു വന്നു, എങ്ങോട്ടു പോകുന്നു, നാട്ടിലോ, കാട്ടിലോ, കരയിലോ, വെള്ളത്തിലോ, മണ്ണിനു മീതെയോ, താഴെയോ എന്നൊക്കെ അവനറിയാവുന്നതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍:11/6ന്റെ വിശദീകരണത്തിൽ നിന്നും)

قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَٰبٌ حَفِيظُۢ

അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്‌; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌. (ഖുർആൻ:50/4)

{ഭൂമി ചുരുക്കിക്കൊണ്ടിരിക്കുന്നത്} ക്വബ്‌റില്‍ കഴിച്ചുകൂടുന്ന സമയത്ത്. അവരുടെ ശരീരങ്ങളില്‍ അവന്റെ അടുക്കലുള്ള റിക്കാര്‍ഡില്‍ അവന്‍ തിട്ടപ്പെടുത്തി – മാറ്റമില്ലാതെ സംരക്ഷിക്കപ്പെടുന്ന – അവര്‍ക്ക് ജീവിതത്തിലും മരണത്തിലും സംഭവിക്കുന്നതെല്ലാം. ഇതെല്ലാം അവന്റെ വിശാലവും സമ്പൂര്‍ണവുമായ അറിവിനെ കുറിക്കുന്നു. ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയുന്ന അവനല്ലാതെ ആ അറിവ് മറ്റാരും അറിയുകയില്ല. (തഫ്സീറുസ്സഅ്ദി)

അല്ലാഹു എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നു. ചെറുപ്പ-വലിപ്പമോ, സ്ഥല-കാലമോ വ്യത്യാസമില്ലാതെ സകലകാര്യങ്ങളും, സകലവസ്തുക്കളും അവൻ വേ൪തിരിച്ച് അറിയുന്നു. കഴിഞ്ഞുപോയതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും അവയെങ്ങനെയാണെന്നും അവൻ അറിയുന്നു. അവന്റെ അറിവിൽ പെടാത്തതോ, അറിവിൽനിന്ന് അൽപ്പമെങ്കിലും മാറിയുള്ളതോ ഒന്നും തന്നെയില്ല. അവന് അജ്ഞതക്ക് ശേഷം പുതുതായി ജ്ഞാനമോ അറിവിനെ തുടര്‍ന്ന് മറവിയോ ഉണ്ടാവുകയില്ല. അവന്റെ ഇതരഗുണങ്ങളെപ്പോലെ അവന്റെ അറിവും അനാദിയും അനന്തവുമാകുന്നു അഥവാ തുടക്കമില്ലാത്തതും ഒടുക്കമില്ലാത്തതുമാകുന്നു.

إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرُۢ بِمَا تَعْمَلُونَ

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു. (ഖു൪ആന്‍: 49/18)

{തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു} അവ രണ്ടിലും അവ്യക്തമായ കാര്യങ്ങള്‍, സൃഷ്ടികള്‍ക്ക് വ്യക്തതയില്ലാത്തത്. കടലിലെ തിരമാലകള്‍, വിജനമായ വിശാല സ്ഥലങ്ങള്‍, രാത്രി മറയ്ക്കുന്നത്, പകലില്‍ മൂടിക്കളയുന്നത്, മഴത്തുള്ളികളുടെ എണ്ണം, മണല്‍ത്തരികള്‍, ഹൃദയങ്ങള്‍ മറച്ചുവെക്കുന്നത്, നിഗൂഢകാര്യങ്ങള്‍….

ﻭَﻋِﻨﺪَﻩُۥ ﻣَﻔَﺎﺗِﺢُ ٱﻟْﻐَﻴْﺐِ ﻻَ ﻳَﻌْﻠَﻤُﻬَﺎٓ ﺇِﻻَّ ﻫُﻮَ ۚ ﻭَﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰ ٱﻟْﺒَﺮِّ ﻭَٱﻟْﺒَﺤْﺮِ ۚ ﻭَﻣَﺎ ﺗَﺴْﻘُﻂُ ﻣِﻦ ﻭَﺭَﻗَﺔٍ ﺇِﻻَّ ﻳَﻌْﻠَﻤُﻬَﺎ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. (ഖു൪ആന്‍: 6/59) (തഫ്സീറുസ്സഅ്ദി)

وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ ‎﴿٧٤﴾‏ وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَٰبٍ مُّبِينٍ ‎﴿٧٥﴾

അവരുടെ ഹൃദയങ്ങള്‍ ഒളിച്ച് വെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും എല്ലാം നിന്‍റെ രക്ഷിതാവ് അറിയുന്നു.  ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല. (ഖു൪ആന്‍: 27/74-75)

വലുത്, ചെറുത്, പ്രധാനം, അപ്രധാനം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും കൂടാതെ, ആകാശഭൂമികളുടെ സൃഷ്ടിയുടെ ആരംഭംതൊട്ട് എന്നെന്നേക്കും ഉണ്ടാകുന്ന സകല കാര്യങ്ങളും, സവിസ്തരമായും, സസൂക്ഷ്മമായും അല്ലാഹു അറിയുന്നു; അതെല്ലാം അവന്‍റെ അടുക്കല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ‎﴿٥٢﴾‏ وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ‎﴿٥٣﴾

അവര്‍ പ്രവര്‍ത്തിച്ച ഏത് കാര്യവും രേഖകളിലുണ്ട്‌.  ഏത് ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌. (ഖു൪ആന്‍: 54/52-53)

മനുഷ്യന്റെ പ്രവർത്തികളടക്കം ലോകത്തു നടക്കുന്ന സർവ്വകാര്യങ്ങളും, മൊത്തമായും വിശദമായും അല്ലാഹു അറിയുന്നു; ഇന്നിന്ന സംഭവം ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന നിർണ്ണയവും വ്യവസ്ഥയും അവന്റെ പക്കലുണ്ട്. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല; എന്ത് – എങ്ങനെ – എപ്പോൾ വേണമെന്ന് അവൻ ഉദ്ദേശിക്കുന്നുവോ അത് അങ്ങനെ അപ്പോൾ സംഭവിക്കുന്നു; അവൻ അറിയാതെയോ ഉദ്ദേശിക്കാതെയോ യാതൊന്നും സംഭവിക്കുകയില്ല. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

സകല കാര്യങ്ങളും അല്ലാഹുവിന്റെ അറിവും, നിശ്ചയവും, പരിപാടിയും അനുസരിച്ചു മാത്രമേ സംഭവിക്കുകയുള്ളുവെന്നുള്ളതിനു മതിയായ തെളിവത്രെ ഈ വചനങ്ങള്‍.

 

Leave a Reply

Your email address will not be published.

Similar Posts