فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (ഖുർആൻ:30/30)
മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് പരിശുദ്ധമായ ഒരു പ്രകൃതിയോട് കൂടിയാണ്. ചുറ്റുപാടിന്റെ സമ്മര്‍ദ്ദവും, പരിതസ്ഥിതികളുടെ പ്രേരണയും വിഘാതമല്ലെങ്കില്‍ അഥവാ മനുഷ്യന്‍ അവന്റെ സാക്ഷാല്‍ പ്രകൃതിയില്‍തന്നെ വളരുകയാണെങ്കില്‍ ലോകസൃഷ്ടാവിനെ കുറിച്ചുള്ള ബോധത്തിലും, അവന്റെ തൗഹീദിലും അധിഷ്ഠിതമായ സത്യവിശ്വാസം അവനുണ്ടാകാതിരിക്കുകയില്ല. മാനുഷികമായ ധാര്‍മ്മികമൂല്യങ്ങളോട് ഇണങ്ങുന്ന പ്രേരണകളായിരിക്കും അവനില്‍ ഉല്‍ഭൂതമാകുന്നതും, അവന്റെ ബുദ്ധി തേടുന്നതും, അവന്റെ നന്മയായി അവന്‍ കാണുന്നതും അതായിരിക്കും. സൃഷ്ടാവിന്റെ നിഷേധത്തിനോ, പരദൈവ സങ്കല്പത്തിനോ അവന്‍ മുതിരുകയില്ല. ഇതേ പ്രകൃതിമതമത്രെ ഇസ്‌ലാം. യാതൊരു വക്രതയും കൂടാതെ, ശുദ്ധമനസ്സോടെ ആ മതത്തിലേക്കു നേര്‍ക്കുനേരെ തിരിഞ്ഞുവരണമെന്നാണ് നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്തിക്കാട്ടിയതിന് ശേഷം സൂറ:റൂമിലെ ഈ വചനത്തിലൂടെ അല്ലാഹു മനുഷ്യനെ ആഹ്വാനം ചെയ്യുന്നത്.
ഈ പരിശുദ്ധമായ പ്രകൃതി വിട്ട് മനുഷ്യനെ ഇടവും വലവും തിരിച്ചുവിടുന്നതും, അവരെ വ്യത്യസ്ത മതക്കാരും ജാതികളുമായി തരം തിരിക്കുന്നതും പ്രതികൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ” ثُمَّ يَقُولُ {فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി (ഇസ്‌ലാമിക പ്രകൃതി) യോട് കൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ പാരായണം ചെയ്തു : “അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം” (ബുഖാരി:4775)
മൃഗകുട്ടികള്‍ ജനിക്കുമ്പോള്‍ അവ അവയവം പൂര്‍ണ്ണമായ നിലയിലാണ് ജനിക്കുന്നതെന്നപോലെ മനുഷ്യമക്കള്‍ ജനിക്കുന്നതും അവരുടേതായ ശുദ്ധ പ്രകൃതിയോടെയാണെന്നും, പിന്നീട് മൃഗങ്ങളുടെ കാതുകള്‍ മനുഷ്യരാല്‍ മുറിക്കപ്പെടുന്നതു പോലെ മനുഷ്യന്‍ വഴിപിഴച്ചുപോകുന്നതും പുറത്തുനിന്നുള്ള ഇടപെടല്‍ കൊണ്ടാണെന്നുമാണ് ഹദീസിന്റെ താല്‍പര്യം. ഹദീസില്‍ മാതാപിതാക്കള്‍ എന്നും യഹൂദി – നസ്രാണി – മജൂസി എന്നും പ്രസ്താവിച്ചതു കേവലം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്.
ഇസ്‌ലാമിലെ വിശ്വാസങ്ങള്‍ മാത്രമല്ല, അതിലെ നിയമങ്ങളും അനുഷ്ഠാന മുറകളും എല്ലാംതന്നെ, പരിശോധിച്ചാല്‍ മനുഷ്യപ്രകൃതിക്ക് തികച്ചും യോജിച്ച ഏകമതം ഇസ്‌ലാമാണെന്നുള്ളതില്‍ സംശയമില്ല. പ്രപഞ്ചത്തെയും അതിലെ വസ്തുക്കളെയും സൃഷ്ടിച്ചവനില്‍ നിന്നുതന്നെ വന്നവയാണ് നിയമങ്ങളും തത്ത്വങ്ങളും എന്നതു തന്നെ കാരണം.
മനുഷ്യപ്രകൃതിക്ക് ഉപയുക്തമല്ലാത്ത ഏതു മതത്തിനും സ്ഥിരതയും നിലനില്‍പ്പും ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ഒന്നുകില്‍ കാലാനുസൃതമായ ഭേദഗതികള്‍ക്കു വിധേയമാകുക, അല്ലെങ്കില്‍ ഭാഗികമായോ പൂര്‍ണ്ണമായോ പുറംതള്ളപ്പെട്ടു കാലാഹരണപ്പെടുക, രണ്ടിലൊന്ന് ആവശ്യമായിരിക്കും. മനുഷ്യ പ്രകൃതിക്കനുസരിച്ചതും, കാലദേശ വ്യത്യാസമെന്യെ മനുഷ്യ വര്‍ഗ്ഗത്തിനാകമാനം പ്രായോഗികമായതുമായ മതം, മനുഷ്യ സൃഷ്ടാവിനാല്‍ അവതരിപ്പിക്കപ്പെട്ട മതമായിരിക്കുവാനേ നിര്‍വ്വാഹമുള്ളു. അതത്രെ ഇസ്‌ലാം. അതുകൊണ്ടാണ് അതിനെക്കുറിച്ച് ‘അല്ലാഹു നല്‍കിയ പ്രകൃതി’ (فِطْرَتَ اللَّـهِ) എന്നും, ‘പ്രകൃതിമതം’ (دين الفطرة) എന്നുമൊക്കെ പറയുന്നത്. അതിനുമാത്രമേ യാതൊരു ന്യൂനതയും ബാധിക്കാത്തവണ്ണം സ്വയം പര്യാപ്തതയുമുള്ളു. (ذَٰلِكَ الدِّينُ الْقَيِّمُ). പക്ഷേ, ക്ഷണികങ്ങളായ താല്പര്യങ്ങളോ, ചിന്താ ശൂന്യതയോ കാരണമായി മിക്ക മനുഷ്യരും ഈ പരമാര്‍ത്ഥം മനസ്സിക്കാതിരിക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത ആയത്തിന്റെ അവസാനം അല്ലാഹു പറഞ്ഞതുപോലെ:
وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.
അല്ലാഹു ഓരോ വസ്തുവിന്നും അതതിന്റെ സൃഷ്ടിയില്‍ നിശ്ചയിച്ചിട്ടുള്ള പ്രകൃതിക്കു മാറ്റം വരുന്നതല്ല. അഥവാ ഓരോന്നും അവന്‍ ഉദ്ദേശിച്ചതും നിര്‍ണ്ണയിച്ചതുമായ സ്വഭാവത്തോടുകൂടിത്തന്നെ നിലകൊള്ളും. അതില്‍ മാറ്റത്തിരുത്തങ്ങള്‍ ചെയ്‌വാന്‍ ആര്‍ക്കും സാധ്യമല്ല. അതു മാറ്റം ചെയ്യപ്പെടുവാന്‍ പറ്റുകയുമില്ല. അല്ലാഹു പറഞ്ഞതുപോലെ:
لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ
അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല.
മനുഷ്യ പ്രകൃതിക്കനുയോജ്യമായ ഏക മതമാണ് അല്ലാഹു അവന് നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് ആ മതം വിട്ടുള്ള മറ്റൊരു ദർശനവും ആ പ്രകൃതിക്കു യോജിച്ചതായിരിക്കയില്ല. അതേപ്രകൃതി നിലനില്‍ക്കുന്നേടത്തോളം കാലം – അതിനു ആരാലും മാറ്റം വരുത്തപ്പെടുന്നതല്ലതാനും – ആ മതം മനുഷ്യരില്‍ പ്രായോഗികമല്ലാതിരിക്കയുമില്ല. ഇതാണതിന്റെ ചുരുക്കം. അതുകൊണ്ടാണ്, ഈ വാക്യത്തിന് ‘അല്ലാഹുവിന്റെ മതത്തിനു മാറ്റമില്ല’ (لا تبديل لدين الله) എന്ന് പല മഹാന്‍മാരും വ്യാഖ്യാനം നല്‍കിക്കാണുന്നതും, ഇമാം ബുഖാരി رحمه الله അതിനെ സ്ഥിരീകരിച്ചതും.
ഇസ്ലാം പ്രകൃതി മതമാണെന്ന പ്രഖ്യാപനത്തെ തുടർന്ന് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രദ്ധയമാണ്:
مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ
(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. (ഖുർആൻ:30/31)
പ്രകൃതി മതത്തിലേക്ക് വക്രതയില്ലാത്ത ശുദ്ധമനസ്സോടുകൂടി വരുവാന്‍ ആഹ്വാനം ചെയ്തതോടൊപ്പം ആ വരവിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്നാണ് ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതെ, ഭക്തിപൂര്‍വ്വം അല്ലാഹുവിലേക്കു മനസ്സു മടങ്ങിക്കൊണ്ട് (مُنِيبِينَ إِلَيْهِ) ആയിരിക്കണം അത്. ഇല്ലാത്തപക്ഷം അതു കേവലം നാമമാത്രമായിരിക്കും. മതം സ്വീകരിക്കുന്നതോടുകൂടി എല്ലാ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ചുപോരേണ്ടതും (وَاتَّقُوهُ) അതിന്റെ അംഗീകരണത്താല്‍ അനിവാര്യമായിത്തീരുന്ന കടമകളില്‍ പ്രധാനമായ നമസ്കാരം നിലനിറുത്തേണ്ടതും (وَأَقِيمُوا الصَّلَاةَ) ഉണ്ട്. ഇലാത്തപക്ഷം അതു കേവലം കാപട്യവുമായിരിക്കും. ക്രിയാത്മകമായ ഈ നിര്‍ബ്ബന്ധങ്ങള്‍ക്കു പുറമെ, നിഷേധാത്മകമായ ചില നിര്‍ബ്ബന്ധങ്ങളും കൂടിയുണ്ട്. അതില്‍വെച്ച് അതിപ്രധാനമായതാണ് ആരാധനകളില്‍ മറ്റാരെയും പങ്കുചേര്‍ക്കുവാന്‍ പാടില്ല (وَلَا تَكُونُوا مِنَ الْمُشْرِكِينَ) എന്നുള്ളത്. പരദൈവങ്ങളെ സ്വീകരിക്കുന്നവരാകട്ടെ, ഒരേ വിഭാഗക്കാരോ ഏകീകൃത സ്വഭാവക്കാരോ അല്ല. അവരില്‍ എത്രയോ കക്ഷികളും വിഭാഗക്കാരുമുണ്ട്. ചിലര്‍ക്കു ഒരു വിഗ്രഹം, ചിലര്‍ക്കു മറ്റൊരു വിഗ്രഹം. വേറെ ചിലര്‍ക്കു മൂന്നു ദൈവം. ഇനിയുമൊരുകൂട്ടര്‍ക്കു മുപ്പത്തിമുക്കോടി ദൈവങ്ങള്‍, അതുപോലെത്തന്നെ ചിലര്‍ പ്രതിമയെയും, മറ്റു ചിലര്‍ ദേവന്മാരെയും, വേറെ ചിലര്‍ ജീവിച്ചിരിക്കുന്നവരെയും ആരാധിക്കുന്നു. നടപടിക്രമങ്ങളിലുള്ള വ്യത്യാസങ്ങള്‍ വേറെയും. ഓരോ കക്ഷിയും താന്താങ്ങളുടെ വിശ്വാസവും പ്രവൃത്തിയുമാണ് കൂടുതല്‍ നല്ലതെന്നു തൃപ്തിയടയുകയും അതിലഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പരദൈവവിശ്വാസത്തിന്റെ (ശിര്‍ക്കിന്റെ) ഒരു വകുപ്പിലും ഉള്‍പ്പെടാതെ സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാണ്.
അവലംബം : അമാനിതഫ്സീര്‍