ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

THADHKIRAH

ഇസ്ലാം ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നുള്ള മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന വിധിവിലക്കുകളെല്ലാം അന്യൂനവും സമ്പൂര്‍ണവുമാണ്. ഇസ്ലാമിനെയും അതിന്‍റെ വിധിവിലക്കുകളെയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും കടന്നുവന്നവരെല്ലാം അതിന്‍റെ ദൈവികതയുടെ മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് എക്കാലത്തും കണ്ടിട്ടുള്ളത്. വിമര്‍ശകരുടെ ജല്‍പനങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാം എന്നും പ്രശോഭിതമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അപ്രകാരം ഇനിയും തുടരുകയും ചെയ്യും.

يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ

അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണുദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖുർആൻ:61/8)

അത്തരം വിമര്‍ശനങ്ങളിലുള്‍പെടുന്ന ഒന്നാണ് ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളുമായി ബന്ധപ്പെട്ടത്; പ്രത്യേകിച്ചും സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍. ഇസ്ലാമിനെതിരില്‍ ഉന്നയിക്കപ്പെടാറുള്ള മറ്റു വിമര്‍ശനങ്ങളെ പോലെത്തന്നെ കഴമ്പില്ലാത്ത വിമര്‍ശനം മാത്രമാണിതെന്ന് പ്രസ്തുത വിഷയം വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.

എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിച്ച്, ഇസ്ലാമിനെ തെറ്റുധരിച്ച പലരെയും നമുക്ക് കാണാന്‍ സാധിക്കും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പരിഗണനയെ മനസ്സിലാക്കാതെ തെറ്റുധാരണകളില്‍ അകപ്പെട്ടവരും ബോധപൂര്‍വം ആശയക്കുഴപ്പങ്ങള്‍ പടച്ചുവിടുന്നവരും സമൂഹത്തിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യവുമാണ്.

സ്ത്രീക്ക് പുരുഷന്‍റെ പകുതി അനന്തരസ്വത്ത് മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. അനന്തരാവകാശത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്‍റെയും ഓഹരികള്‍ക്കിടയില്‍ വരുന്ന ഏറ്റവ്യത്യാസത്തെ സ്ത്രീകള്‍ക്കുള്ള പരിഗണനക്കുറവായി കാണുകയാണ് ചിലര്‍ ചെയ്യുന്നത്. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ആത്മാര്‍ഥമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അനന്തരവകാശത്തിലെ വേര്‍തിരിവിന്‍റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്. അവ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

(ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.

(രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.

(മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.

ഇനി ഇവ ഓരോന്നും സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കാം:

(ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം:

ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തരവകാശികള്‍ക്കിടയിലുള്ള ബന്ധത്തിന്‍റെ അടുപ്പം വര്‍ധിക്കുന്നതിനനുസരിച്ച് അവര്‍ക്കിടയിലെ ഓഹരിയിലും വര്‍ധനവുണ്ടാവും. അപ്രകാരം ബന്ധം അകലുന്നതിനനുസൃതമായി ഓഹരിയില്‍ കുറവും സംഭവിക്കും. അനന്തരാവകാശികള്‍ക്കിടയിലെ ലിംഗവ്യത്യാസം ഇവിടെ പരിഗണിക്കപ്പെടുകയില്ല. അതിനൊരു ഉദാഹരണം കാണുക: ഒരാള്‍ മരണപ്പെട്ടു. ഉമ്മയും ഉപ്പയുമൊത്ത രണ്ട് സഹോദരികളും ഉപ്പയൊത്ത രണ്ട് സഹോദരന്മാരുമാണ് അയാള്‍ക്കുള്ള അനന്തരവകാശികള്‍. അദ്ദേഹത്തിന്‍റെ സ്വത്ത് മൊത്തം ആറായി ഭാഗിച്ച് രണ്ട് ഓഹരികള്‍ വീതം സഹോദരിമാര്‍ക്കും ഓരോ ഓഹരി വീതം സഹോദരന്മാര്‍ക്കും നല്‍കപ്പെടും. ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരിമാര്‍ക്കും രണ്ട് ഓഹരി സഹോദരന്മാര്‍ക്കുമെന്ന് ചുരുക്കം.

ഇവിടെ സ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി മാത്രമാണ് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനുള്ള കാരണം മരണപ്പെട്ട വ്യക്തിയിലേക്ക് ഉമ്മയിലൂടെയും ഉപ്പയിലൂടെയും സഹോദരിമാരുടെ ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ ഉപ്പയിലൂടെ മാത്രമാണ് സഹോദരന്‍മാരുടെ ബന്ധം സ്ഥാപിക്കപ്പെടുന്നത്. വിമര്‍കര്‍ ഉന്നയിക്കുന്നതുപോലെയാണ് കാര്യമെങ്കില്‍ ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരന്മാര്‍ക്കും രണ്ട് ഓഹരി മാത്രം സഹോദരിമാര്‍ക്കും നല്‍കപ്പെടുമായിരുന്നു. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

(രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം അടിസ്ഥാനപ്പെടുത്തി:

സ്വാഭാവികമായും ജീവിതത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള, ജീവിതഭാരങ്ങള്‍ വഹിക്കേണ്ടതായി വരുന്ന പുതുതലമുറയുടെ ഓഹരികള്‍ മുതിര്‍ന്ന തലമുറയുടേതിനെക്കാള്‍ കൂടുതലായിരിക്കും. ഇവിടെയും അനന്തരാവകാശികള്‍ക്കിടയിലെ സ്ത്രീപുരുഷ വ്യത്യാസമല്ല പരിഗണിക്കുന്നത്. ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും ഒരു മകനുമാണെന്ന് കരുതുക. അയാളുടെ സ്വത്ത് മൊത്തം ആറ് ഓഹരിയായി തിരിച്ച് അതില്‍ ഒരു ഓഹരി പിതാവിനും ബാക്കിയുള്ള അഞ്ച് ഓഹരി ആ മകനുമാണ്.

പിതാവും മകനും പുരുഷന്മാരാണെന്നത് അവര്‍ക്കിടയില്‍ സ്വത്ത് തുല്യമായി വീതിക്കപ്പെടാന്‍ കാരണമായില്ല. ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഇതിന്‍റെ പിന്നിലെ, അല്ലാഹുവിന്‍റെ ഉന്നതമായ യുക്തി കണ്ടത്താന്‍ സാധിക്കും.

ഒരു ഉദാഹരണം കൂടി കാണുക: ഒരാളുടെ സ്വത്തിന് അവകാശികളായുള്ളത് ഭര്‍ത്താവും ഒരു മകളും മാത്രമാണെന്ന് കരുതുക. സ്വത്ത് നാല് ഓഹരിയായി ഭാഗിച്ച് ഒരു ഓഹരി ഭര്‍ത്താവിനും മൂന്ന് ഓഹരി മകള്‍ക്കും നല്‍കപ്പെടും.

ഇവിടെയും സ്ത്രീപുരുഷ വേര്‍തിരിവെന്നത് മാനദണ്ഡമല്ലെന്ന് സുവ്യക്തമാണ്. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സ്വത്ത് മൂന്ന് ഓഹരിയാക്കി രണ്ട് ഓഹരി ഭര്‍ത്താവിനും ഒരു ഓഹരി മകള്‍ക്കുമാണ് നല്‍കപ്പെടേണ്ടത്.

(മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തി:

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ സ്ത്രീപുരുഷ വേര്‍തിരിവ് തോന്നിയേക്കാവുന്ന ഒരേയൊരു മാനദണ്ഡം ഇതുമാത്രമാണ്. എന്നാല്‍ ഇതില്‍പോലും സ്ത്രീകളോട് അതിക്രമം കാണിക്കുകയോ അവരുടെ അവകാശങ്ങളില്‍ കുറവുവരുത്തുകയോ ചെയ്യുന്നില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും പോലെ അനന്തരാവകാശികള്‍ ബന്ധത്തിന്‍റെ കാര്യത്തില്‍ തുല്യരാവുകയും അവര്‍ ഒരേ തലമുറയില്‍ പെട്ടവരാകുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനന്തരസ്വത്ത് വീതിക്കുന്നതിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് അനന്തരസ്വത്ത് വീതിക്കുന്നതിലെ പൊതുഅടിസ്ഥാനമായി സ്ത്രീപുരുഷ വ്യത്യാസം ക്വുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

കുടുംബത്തെ പോറ്റേണ്ട ബാധ്യതയും ഉത്തരവാദിത്തവും പുരുഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാധ്യതയും ഇസ്ലാം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന ഏതുതരം സമ്പത്തും തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. കാരണം സഹോദരി എന്ന നിലയ്ക്ക് അവളുടെ സംരക്ഷണോത്തരവദിത്തവും ബാധ്യതയും അവളുടെ സഹോദരനും, ഭാര്യ എന്ന നിലയ്ക്ക് അവളുടെയും അവളുടെ മക്കളുടെയും സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ ഭര്‍ത്താവിനുമാണുള്ളത്. തദടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തന്‍റെ ഇരട്ടി അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സഹോദരനെക്കാള്‍ വലിയ പരിഗണനയാണ് ഇസ്ലാം അവള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാണ്. സാമ്പത്തിക ഉത്തരവാദിത്തം അവളില്‍ ഏല്‍പിക്കപ്പെടാതിരുന്നിട്ടും സ്ത്രീയെന്ന നിലയിലുള്ള അവളുടെ ദൗര്‍ബല്യം അംഗീകരിച്ചുകൊണ്ടും പ്രയാസഘട്ടങ്ങളില്‍ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് അല്ലാഹു അവള്‍ക്ക് ഈ ഓഹരി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ഇത് പലര്‍ക്കും ബോധ്യപ്പെടാതിരിക്കുന്നതാണ് പ്രശ്നം. ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വം ദുഷ്പ്രചാരണം നടത്തുന്നവരെ തിരുത്താനാവില്ല.

അനന്തരസ്വത്തിന്‍റെ വിതരണത്തിലെ ഭാഗികമായ ഈ ഏറ്റവ്യത്യാസത്തെ സ്ത്രീകളോടുള്ള അവഗണനയായി കാണുന്ന, മതമുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ ഇസ്ലാമിലെ അനന്തരാവകാശത്തിലെ വ്യത്യസ്ത അവസ്ഥകളെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശനിയമത്തെ നാലായി വേര്‍തിരിക്കാം:

(1) പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ (നാല് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).

(2) പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ. (ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).

(3) സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ (ഇത് പത്തിലേറെ സന്ദര്‍ഭങ്ങളിലുണ്ട്).

(4) സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനെക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനെക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഉദാഹരണസഹിതം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍

ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയാണ് പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ ഉള്ളത് എന്നും അവ നാല് അവസരങ്ങളില്‍ മാത്രമാണുള്ളതെന്നും നമ്മള്‍ മുമ്പ് മനസ്സിലാക്കി. പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരാവുക എന്ന ഗണത്തിലാണ് ഇവയിലെ രണ്ട് അവസ്ഥകള്‍ ഉള്‍പ്പെടുക. ഇവിടെ മാത്രമാണ് ഒരു പുരുഷന് രണ്ട്സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്.

എന്നാല്‍ ബാക്കി രണ്ട് അവസ്ഥകള്‍ ഈ പൊതുതത്ത്വത്തിനുള്ളില്‍ വരുന്നതല്ല. ഓരോന്നും ഉദാഹരണങ്ങളിലൂടെ നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരിയാകുന്ന അവസ്ഥ. (ഒരുപുരുഷന് രണ്ട് സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്).

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായുള്ള മകനും മകളുമാകുക. മക്കളെന്ന ഗണത്തില്‍ മകന്‍റെ മകളും മകന്‍റെ മകനും ഉള്‍പ്പെടും.

അല്ലാഹുപറയുന്നു:

يُوصِيكُمُ ٱللَّهُ فِىٓ أَوْلَٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്. (ഖുർആൻ:4/11)

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന തത്ത്വത്തെ പൊതുവല്‍കരിച്ചു കാണിക്കാനാണ് വിമര്‍ശകര്‍ സാധാരണയായി ശ്രമിക്കാറുള്ളത്. ഒന്നാമതായി നാം അറിയേണ്ടത് ഈ തത്ത്വം പുരുഷനെക്കൊണ്ട് സ്ത്രീ ‘അസ്വബ’യായി മാറുന്ന അവസരത്തില്‍ മാത്രമാണ് ബാധകം എന്നാണ്.

ഉദാഹരണം കാണുക:

മേല്‍വിവരിച്ച രണ്ട് അവസ്ഥകളിലും സഹോദരിമാര്‍ എന്ന നിലയ്ക്ക് അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അവരുടെ സഹോദരന്മാരിലാണ് ഇസ്ലാം ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് സഹോദരിമാരെക്കാള്‍ ഒരു ഓഹരി കൂടുതലായി സഹോദരനു നല്‍കാനുള്ള കാരണം.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരാവകാശികളായുള്ളത് ഉപ്പയും ഉമ്മയും ഒത്ത സഹോദരനും സഹോദരിയുമാവുക. അല്ലെങ്കില്‍ ഉപ്പയൊത്ത സഹോദരനും സഹോദരിയുമാവുക.

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന പൊതുതത്ത്വമല്ലെങ്കിലും സ്ത്രീകള്‍ക്കുള്ളതിന്‍റെ ഇരട്ടി പുരുഷന് എന്ന് തോന്നാവുന്ന രണ്ട് അവസ്ഥകള്‍:

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായി അയാള്‍ക്കുള്ളത് മാതാവും പിതാവും മാത്രമാകുക.

ഈ ഘട്ടത്തില്‍ മാതാവ് നിശ്ചിത ഓഹരിക്കാരിയും പിതാവ് ശിഷ്ടം ഓഹരിക്കാരനുമാണ്. അല്ലാഹു പറയുന്നത് കാണുക:

فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ

ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അയാളുടെ അനന്തരവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിനു മൂന്നിലൊരുഭാഗമുണ്ടായിരിക്കും. (ഖുർആൻ:4/11)

നിശ്ചിത ഓഹരിക്കാരിയായ ഉമ്മ മൂന്നിലൊന്നെടുത്താല്‍ ബാക്കിവരുന്ന രണ്ട് ഓഹരി ശിഷ്ടമോഹരിക്കാരനായ പിതാവിനായിരിക്കും ലഭിക്കുക.

ഇവിടെ അനന്തരാവകാശികള്‍ തമ്മിലുള്ള ബന്ധം നോക്കൂ. അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. സ്വാഭാവികമായും ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അവളുടെ ഭര്‍ത്താവിനു തന്നെയാണുള്ളത്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിനാല്‍ അതിനുള്ള സഹായം എന്ന നിലയ്ക്ക് തന്നെയാണ് തന്‍റെ ഭാര്യയെക്കാള്‍ ഇരട്ടി ഓഹരി ഭര്‍ത്താവിന് അഥവാ പരേതന്‍റെ പിതാവിന് ഇസ്ലാം വകവച്ചുനല്‍കിയത് എന്ന് വ്യക്തമാണ്.

2. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ഓഹരികള്‍ തമ്മിലുള്ള അനുപാതത്തിലും സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ച് അനന്തരവകാശികളാകുന്ന അവസ്ഥയുണ്ടാവുകയില്ല.

وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ

നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചുപോയതിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ചുപോയതില്‍നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും. എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. (ഖുർആൻ:4/12)

സ്തീപുരുഷ വ്യത്യാസമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥകള്‍

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥയുണ്ടെന്ന് നാം മനസ്സിലാക്കി. അത് അല്‍പം വിശദമായി മനസ്സിലാക്കാം. അവയില്‍ പ്രഥമവിഭാഗം മാതാവും പിതാവുമാണ്.

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും ആണ്‍മക്കളുമാകുക: പിതാവും മാതാവും തുല്യമായാണ് അനന്തരമെടുക്കുക. ആണ്‍, പെണ്‍ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും രണ്ടോ അതിലധികമോ പെണ്‍മക്കളുമാവുക:

3. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാവും ഭാര്യയും മകളും ഉണ്ടാവുക:

ഈ ഗണത്തില്‍ വരുന്ന മറ്റൊന്ന് കാണുക:

4. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാമഹിയും

(മാതാവിന്‍റെ മാതാവ്) ആണ്‍മക്കളോ, രണ്ടില്‍കൂടുതല്‍ പെണ്‍മക്കളോ ഉണ്ടാവുക. പിതാവുണ്ടായിരിക്കെതന്നെ പരേതനിലേക്ക് ബന്ധംകൊണ്ട് അകന്നുനില്‍ ക്കുന്ന മാതാവിന്‍റ മാതാവിന് പിതാവിന്‍റെ അതേ അവകാശമാണ് ഇസ്ലാം നല്‍കുന്നത്.

2. ഉമ്മയൊത്ത സഹോദരി സഹോദരന്‍മാര്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് അനന്തരസ്വത്ത് ഓഹരിവെക്കേണ്ടത്. അല്ലാഹു പറയുന്നത്കാണുക:

وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ

അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരുസഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര-സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികംപേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. (ഖുർആൻ:4/12)

ഇതിന്‍റെ രൂപം ചാര്‍ട്ടിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

ഇവിടെനോക്കൂ; സഹോദരനും സഹോദരിയും ഒരുപോലെയാണ് അനന്തരമെടുത്തത്. അവരുടെ അവകാശം തുല്യമാണ്. യാതൊരു വ്യത്യാസവുമില്ല.

മാതാവൊത്ത സഹോദര സഹോദരിമാര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി അനന്തരമെടുക്കുന്ന രൂപം നാം മനസ്സിലാക്കി. ഇനി രണ്ടാമത്തെ രൂപം പരിചയപ്പെടാം:

                                                       

നോക്കൂ, സഹോദരിയും സഹോദരനും ഒന്നിച്ചുവന്നപ്പോഴും അവര്‍ക്കിടയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അനന്തരസ്വത്ത് ഭാഗംവെക്കപ്പെടും.

മാതാവൊത്ത സഹോദര, സഹോദരിമാരുടെ അവകാശത്തില്‍ മാതാവും പിതാവുമൊത്ത സഹോദരങ്ങള്‍ യാതൊരു വ്യത്യാസവുമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥയും ഉണ്ട്. നമുക്ക് പരിചയപ്പെടാം:

മരിച്ച വ്യക്തിക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മാതാവും മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരും മാതാവും പിതാവുമൊത്ത ഒരു സഹോദരനുമാണെന്ന് കരുതുക. എങ്കില്‍ ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതി, മാതാവിന് ആറില്‍ ഒന്ന്, മാതാവൊത്ത സഹോദരിമാര്‍ക്ക് മൂന്നിലൊന്ന്, മാതാവും പിതാവുമൊത്ത സഹോദരന് ബാക്കിയുള്ളത് എന്നിങ്ങനെയാണ് നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി ഭര്‍ത്താവിന് മൂന്ന് ഓഹരിയും മാതാവിന് ഒരു ഓഹരിയും മാതാവൊത്ത സഹോദരിമാര്‍ക്ക് രണ്ട് ഓഹരിയും നല്‍കും. ഇവിടെ മാതാവും പിതാവുമൊത്ത സഹോദരന് അവകാശമായി ഒന്നും ലഭിക്കാതെ വരുന്നു. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സഹോദരന്‍മാര്‍ക്ക് ഇരട്ടിയും സഹോദരിമാര്‍ക്ക് പകുതിയുമാണ് നല്‍കേണ്ടിയിരുന്നത്.

മൊത്തത്തില്‍ സഹോദരന്മാരുടെ ഗണത്തില്‍ പെടുത്തി നല്‍കുന്ന രൂപംകൂടി മനസ്സിലാക്കാം:

വിമര്‍ശകര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

അനന്തരാവകാശിയായി ഒരാള്‍ മാത്രമാകുന്ന അവസ്ഥ:

അവിടെയും ആണ്‍, പെണ്‍ വ്യത്യാസമില്ല. സ്വത്ത് മുഴുവന്‍ ആ അനന്തരാവകാശിക്കായിരിക്കും.

അതിന് ഏതാനും ചില ഉദാഹരണങ്ങള്‍ കാണുക:

1. പരേതന് പിതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

2. പരേതന് മാതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് നിശ്ചിതോഹരിക്കാരിയായും ബാക്കി മൂന്നിലൊന്ന് മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) മാതാവിന് ലഭിക്കും.

3. പരേതന് ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ അവന് ശിഷ്ടമോഹരിയായി ലഭിക്കും.

4. പരേതന് ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) അവള്‍ക്ക് ലഭിക്കും.

5. പരേതന് ഒരു സഹോദരന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി സഹോദരന് ലഭിക്കും.

6. പരേതന് ഒരു സഹോദരി (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) സഹോദരിക്ക് ലഭിക്കും.

7. പരേതന് ഒരു പിതൃവ്യന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

8. പരേതന് ഒരു പിതൃവ്യ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ‘ബന്ധുക്കള്‍’ (ദവുല്‍അര്‍ഹാം) എന്ന നിലയ്ക്ക് അവര്‍ക്ക് ലഭിക്കും.

ഇത്തരത്തിലുള്ള ധാരാളം അവസ്ഥകള്‍ ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ കാണാന്‍ സാധിക്കും. മേല്‍പറഞ്ഞതില്‍ പരിമിതപ്പെടുന്നില്ല എന്നതാണ് വാസ്തവം.

ഇതേ ഇനത്തില്‍ പെടുന്ന മറ്റു ചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

ഒരാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും ആണ്‍മക്കളുമാണെങ്കില്‍ ഭാര്യക്ക് എട്ടിലൊന്നും ബാക്കി ആണ്‍മക്കള്‍ക്കുമായിരിക്കും. ആണ്‍മക്കള്‍ക്ക് പകരം പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ രണ്ടും ബാക്കി മടക്കസ്വത്തായും (റദ്ദ്) ലഭിക്കും.

ഭാര്യക്ക് പകരം ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്നും ബാക്കി മുകളില്‍ പറഞ്ഞതുപോലെയും ആയിരിക്കും.

ഇവിടെയും സ്വത്തിന്‍റെ ലഭ്യതയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഒരു ഉദാഹരണം കൂടി കാണാം:

മുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ ഇത്തരം അവസ്ഥകളും ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുന്നതല്ല. ഇനി സഹോദര, സഹോദരിമാര്‍ക്കിടയില്‍ ഒരുപോലെ സ്വത്ത് ലഭിക്കുന്ന മറ്റുചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

മറ്റൊരു ഉദാഹരണം:

മാതാവൊത്ത സഹോദരിയും മാതാവും പിതാവുമൊത്ത സഹോദരനും സ്വത്ത് തുല്യമായെടുക്കുന്ന സന്ദര്‍ഭം കാണുക:

സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ അനന്തരമെടുക്കുന്ന അവസ്ഥ

ഇസ്ലാമിലെ അനന്തരാവകാശ ഓഹരികളെ പ്രധാനമായും രണ്ടായി തരംതിരിക്കാം:

1. നിശ്ചിതോഹരി

വിശുദ്ധക്വുര്‍ആനില്‍ സ്ഥിരപ്പെട്ടുവന്ന ഓഹരികളാണ് 1/2, 1/4, 1/8, 1/6, 1/3, 2/3 എന്നിവ. ഈ ഓഹരികള്‍ ആര് അനന്തരമെടുക്കുമെന്നും ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അത്തരത്തില്‍ അനന്തരമെടുക്കുന്നവര്‍ നിശ്ചിതോഹരിക്കാര്‍ (അഹ്ലുല്‍ ഫുറൂള്) എന്നു വിളിക്കപ്പെടുന്നു. ഇവരുടെ പ്രത്യേകത, ഇവര്‍ക്ക് അവകാശപ്പെട്ട സ്വത്ത് ലഭിക്കാതിരിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല എന്നതാണ്.

2. ശിഷ്ടമോഹരിക്കാര്‍

നിശ്ചിതോഹരിക്കാരുടെ അവകാശങ്ങള്‍ വീതിച്ചതിനുശേഷം അവശേഷിക്കുന്ന ഓഹരികള്‍ അനന്തരമെടുക്കുന്നവരാണ് ഈ വിഭാഗക്കാര്‍. നിശ്ചിതോഹരിക്കാര്‍ക്ക് സ്വത്ത് നല്‍കിയതിനുശേഷം ഒന്നും അവശേഷിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് ആ സ്വത്തില്‍നിന്നും ഒന്നും ലഭിക്കുകയുമില്ല.

ഇനി നിശ്ചിതോഹരി അനന്തരമെടുക്കുന്നവരെ നമുക്ക് പരിചയപ്പെടാം:

സ്വത്തിന്‍റെ പകുതി (1/2) അനന്തരമെടുക്കുന്നവര്‍. ഇവര്‍അഞ്ചു വിഭാഗമാണ്:

1. മക്കളില്‍നിന്നും അവകാശിയായി ഒരു മകള്‍ മാത്രമാവുക.

2. മക്കളില്‍നിന്നും അവകാശിയായി മകന്‍റെ ഒരു മകള്‍ മാത്രമാവുക.

3. അവകാശികളില്‍ പിതാവും മാതാവുമൊത്ത ഏക സഹോദരി മാത്രമാവുക.

4. അവകാശികളില്‍ പിതാവൊത്ത ഏകസഹോദരി മാത്രമാവുക.

5. പരേതക്ക് മക്കളില്ലാത്ത അവസ്ഥയിലുള്ള ഭര്‍ത്താവ്.

പകുതി അവകാശമായി എടുക്കുന്ന അഞ്ചുവിഭാഗത്തില്‍ നാലും സ്ത്രീകളാണ്. പുരുഷന്മാരില്‍നിന്നും ഭര്‍ത്താവ് മാത്രമാണുള്ളത്.

സ്വത്തില്‍നിന്നും നാലിലൊന്ന് (1/4) അനന്തരമെടുക്കുന്നവര്‍: ഈ ഓഹരി ഭാര്യാഭര്‍ത്താക്കളില്‍ മാത്രം പരിമിതമാണ്.

1. പരേതന് മക്കളില്ലാത്ത അവസ്ഥയില്‍ ഭാര്യ.

2. പരേതക്ക് മക്കളുള്ള അവസ്ഥയില്‍ ഭര്‍ത്താവ്.

സ്വത്തില്‍നിന്നും എട്ടിലൊന്ന് (1/8) അനന്തരമെടുക്കുന്നവര്‍: ഈ ഓഹരി ഭാര്യയില്‍മാത്രം പരിമിതമാണ്.

1. പരേതന് മക്കളുള്ള അവസ്ഥയില്‍ ഭാര്യ.

സ്വത്തില്‍നിന്നും ആറിലൊന്ന് (1/6) അനന്തരമെടുക്കുന്നവര്‍: ഇവര്‍ എട്ടു വിഭാഗമാണ്.

1. മാതാവ്

2. മാതാമഹി

3. മകന്‍റെ മകള്‍

4. പിതാവൊത്ത സഹോദരി

5. മാതാവൊത്ത സഹോദരി

6. മാതാവൊത്ത സഹോദരന്‍

7. പിതാവ്

8. പിതാമഹന്‍

മേല്‍പറഞ്ഞ എട്ടു വിഭാഗത്തില്‍ അഞ്ചും സ്ത്രീകളാണ്. മൂന്നുവിഭാഗം മാത്രമാണ് പുരുഷന്മാരില്‍ നിന്നുമുള്ളത്.

സ്വത്തില്‍നിന്നും മൂന്നിലൊന്ന് (1/3) അനന്തരമെടുക്കുന്നവര്‍: ഇവര്‍ മൂന്നുവിഭാഗമാണ്.

1. മാതാവ്. (പരേതന് മക്കളോ രണ്ടോ അതിലധികമോ സഹോദരങ്ങളോ ഇല്ലാത്ത അവസ്ഥയില്‍).

2. മാതാവൊത്ത സഹോദരികള്‍. (പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍).

3. മാതാവൊത്ത സഹോദരന്മാര്‍. (പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍).

മേല്‍പറഞ്ഞ മൂന്നുവിഭാഗത്തില്‍ മൂന്നില്‍രണ്ടും സ്ത്രീകളാണ്. മൂന്നില്‍ ഒന്നു മാത്രമാണ് പുരുഷവിഭാഗം.

പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍ മാതാവൊത്ത സഹോദരി, സഹോദരന്മാര്‍ ഒന്നിച്ചാണുള്ളതെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ തുല്യ പങ്കാളികളായിരിക്കുമെന്നും അവര്‍ക്കിടയില്‍ ആണ്‍,പെണ്‍ വ്യത്യാസം പരിഗണിക്കുകയില്ല എന്നും നാം മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടല്ലോ.

സ്വത്തില്‍നിന്നും മൂന്നില്‍രണ്ട് അനന്തരമെടുക്കുന്നവര്‍: ഇവര്‍ നാലു വിഭാഗമാണ്.

1. മക്കളില്‍നിന്നും അവകാശികളായി രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ മാത്രമാവുക.

2. മക്കളില്‍നിന്നും അവകാശികളായി മകന്‍റെ രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ മാത്രമാവുക.

3. അവകാശികളില്‍ പിതാവും മാതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരിമാരാവുക.

4. അവകാശികളില്‍ പിതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരാവുക.

ഈ ഇനത്തിലെ നാലുവിഭാഗവും സ്ത്രീകള്‍ മാത്രമാണ്. പുരുഷന്‍മാരില്‍നിന്നും ആരും ഈ ഇനത്തില്‍ വരുന്നില്ല.

മേല്‍സൂചിപ്പിച്ച നിശ്ചിതോഹരിക്കാരില്‍ ഏതെങ്കിലും ഒരുവിഭാഗം മാത്രമാണ് അനന്തരാവകാശിയായി വരുന്നതെങ്കില്‍ സ്വത്ത് മുഴുവനും ആ വിഭാഗത്തിനായിരിക്കും ലഭിക്കുക.

മേല്‍സൂചിപ്പിച്ച കണക്കുകളും അതിന്‍റെ അവകാശികളുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ ഒരു പഠനം നടത്തുന്ന ഏതൊരാള്‍ക്കും ചില വസ്തുതകള്‍ ബോധ്യപ്പെടും. അവയില്‍ പ്രധാനപ്പെട്ടവ താഴെ സൂചിപ്പിക്കുന്നു:

1. നിശ്ചിതോഹരിക്കാര്‍ മൊത്തത്തില്‍ 26 വിഭാഗമാണ്. അതില്‍ 17 വിഭാഗവും സ്ത്രീകളാണ്. 6 വിഭാഗം മാത്രമാണ് പുരുഷന്മാരുള്ളത്.

2. നിശ്ചിതോഹരിയിലെ ഏറ്റവുംവലിയ ഓഹരിയായ മൂന്നില്‍രണ്ട് (2/3) സ്ത്രീകളില്‍ മാത്രമായി ഇസ്ലാം പരിമിതപ്പെടുത്തിയിരിക്കുന്നു.

3. അടുത്ത വലിയ ഓഹരിയായ പകുതിയില്‍ (മ്മ) അഞ്ചില്‍ ഒരുവിഭാഗം മാത്രമാണ് പുരുഷനുള്ളത്. അവശേഷിക്കുന്ന ബാക്കി നാലുവിഭാഗവും സ്ത്രീകളാണ്. മേല്‍പറഞ്ഞ പുരുഷവിഭാഗത്തില്‍പെട്ടയാളുടെ ഭാര്യയുടെ സ്വത്തില്‍നിന്നും വേണം പകുതി ലഭിക്കാന്‍. അത് ലഭിക്കണമെങ്കില്‍ ആ ഭാര്യക്ക് അയാളിലോ അയാളുടെ മുമ്പ് അവളെ വിവാഹംചെയ്ത ഭര്‍ത്താക്കന്മാരിലോ മക്കള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിബന്ധനയും നിലവിലുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ പകുതി ലഭിക്കുന്ന അവസ്ഥ വളരെ വിരളമായിരിക്കും.

4. പകുതിയുടെ തൊട്ടുതാഴെവരുന്ന വലിയ ഓഹരിയാണല്ലോ മൂന്നിലൊന്ന്. അതിലെ മൂന്നു വിഭാഗത്തിലെ രണ്ടും സ്ത്രീകള്‍ക്കേുവേണ്ടി മാറ്റിവെച്ചു. ആ വിഭാഗത്തില്‍വരുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ഓഹരി ഏറ്റവ്യത്യാസമില്ലാത്ത തുല്യമായ ഓഹരി ആക്കുകയും ചെയ്തു.

5. ഇനി ആറിലൊന്നിന്‍റെ അവസ്ഥ എടുത്താലും മറിച്ചല്ല സ്ഥിതി. അതിലെ എട്ടുവിഭാഗത്തിലെ അഞ്ചും സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. മൂന്നു വഭാഗത്തിലായി പുരുഷന്മാര്‍ ചുരുങ്ങുകയും ചെയ്തു.

6. നാലിലൊന്നും എട്ടിലൊന്നും ഭാര്യാഭര്‍ത്താക്കന്മാരുടെ ഓഹരിയാണ്. അതിന്‍റെ വിശദാംശങ്ങള്‍ മുമ്പ് നമ്മള്‍ സൂചിപ്പിച്ചതാണ്.

ഇതാണ് സത്യാവസ്ഥ. എന്നിട്ടും വിമര്‍ശകര്‍ ഇസ്ലാം സ്ത്രീകളെ അനന്തരാവകാശത്തില്‍ അവഗണിച്ചേ എന്ന് നിലവിളിക്കുകയാണ് ചെയ്യുന്നത്! അനന്തരാവകാശത്തില്‍ ഇസ്ലാം സ്ത്രീകളെ പരിഗണിച്ചതുപോലെ ലോകത്ത് ഏത് പ്രത്യയശാസ്ത്രമാണ് പരിഗണിച്ചിച്ചിട്ടുള്ളത്? പ്രാമാണികമായി ആര്‍ക്കാണ് അത് തെളിയിക്കാന്‍ സാധിക്കുക?

നിശ്ചിതോഹരിക്കാരുടെ ഗണത്തില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ ഓഹരികള്‍ ഉള്ളത്. എന്നാല്‍ ശിഷ്ടമോഹരിക്കാരില്‍ കൂടുതലും പുരുഷന്‍മാരാണ്. അവിടെ സ്ത്രീകളെ ഇസ്ലാം അവഗണിച്ചില്ലേ എന്ന് ചോദിച്ചാല്‍, നിശ്ചിതോഹരിക്കാരായതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന സാഹചര്യമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് പറയാനുള്ളത്. അതിലേക്ക് സൂചന നല്‍കുന്ന ചില ഉദാഹരണങ്ങള്‍കൂടി നമുക്ക് പരിചയപ്പെടാം. നിഷ്പക്ഷമായി പഠിക്കുന്ന ആളുകള്‍ക്ക് കാര്യം എളുപ്പത്തില്‍ മനസ്സിലാകും.

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തു വരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന മൂന്നില്‍രണ്ട് (2/3) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, പിതാവ്, രണ്ടോ അതിലധികമോ പെണ്‍മക്കള്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്ന രൂപം കാണുക:

ഇവിടെ പെണ്‍മക്കള്‍ക്ക് ലഭിച്ചത് 5333.33 രൂപയാണ്.

ഇനി മേല്‍പറഞ്ഞ കണക്കില്‍ പെണ്‍മക്കള്‍ക്ക് പകരം പരേതക്കുള്ളത് ആണ്‍മക്കളാണെങ്കില്‍ അതിന്‍റെ രൂപം എങ്ങനെയായിരിക്കുമെന്ന് കാണുക:

ആണ്‍മക്കള്‍ക്ക് ലഭിച്ചത് 4166.66 രൂപ മാത്രം. പെണ്‍മക്കള്‍ക്ക് ലഭിച്ച ഓഹരിയെക്കാള്‍ കുറവ്!

ഇതേഗണത്തില്‍ വരുന്ന മറ്റൊരു കണക്ക് കാണുക:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, രണ്ടോ അതിലധികമോ (മാതാവും പിതാവുമൊത്ത) സഹോദരിമാര്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുമ്പോളുള്ള രൂപം കാണുക:

ഇവിടെ മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്ക് ലഭിച്ചത് പതിനായിരത്തില്‍ 5000 രൂപയാണ്.

ഇനി മേല്‍പറഞ്ഞ കണക്കില്‍ മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്കു പകരം പരേതക്കുള്ളത് മാതാവും പിതാവുമൊത്ത സഹോദരന്‍മാരാണെങ്കില്‍ എങ്ങനെയായിരിക്കും ഓഹരിവെക്കുക എന്നു കാണുക:

പതിനായിരത്തില്‍ 3333.33 രൂപ മാത്രമാണ് പുരുഷന്മാര്‍ക്ക് ലഭിച്ചത്. അതേസ്ഥാനത്ത് സ്ത്രീ ആയിരുന്നപ്പോള്‍ ലഭിച്ചതാകട്ടെ 5000 രൂപയും!

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തു വരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന (പകുതി) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, പിതാവ്, ഒരു മകള്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്നത് താഴെ കാണും പ്രകാരമായിരിക്കും:

അനന്തരസ്വത്തായ 10,000 രൂപയില്‍നിന്നും മകള്‍ക്ക് ലഭിച്ചത് 4615.39 രൂപയാണ്. എന്നാല്‍ മകളുടെ സ്ഥാനത്ത് മകനായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവനു ലഭിക്കുന്ന ഓഹരികൂടി നമുക്കൊന്നു പരിശോധിക്കാം:

മകനു ലഭിച്ചത് 10,000 രൂപയില്‍നിന്നും 4166.66 രൂപമാത്രം. ഇനി പറയൂ; മകനാണോ മകള്‍ക്കാണോ കൂടുതല്‍ ഓഹരി ലഭിച്ചത്?

ഈ ഇനത്തില്‍ ഒരു ഉദാഹരണം കൂടി നമുക്ക് പരിശോധിക്കാം:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, മതാവും പിതാവുമൊത്ത ഒരു സഹോദരി എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയും. അതിന്‍റെ ഓഹരി വെക്കല്‍ കാണുക:

ഈ കണക്കു പ്രകാരം സഹോദരിക്ക് 10,000 രൂപയില്‍ 3750 ലഭിച്ചു. ഇവിടെ സഹോദരിക്ക് പകരം സഹോദരനാണങ്കിലോ? അത്കൂടി കാണുക:

ഇതില്‍ സഹോദരന് 10,000 രൂപയില്‍ 1666.67 മാത്രമാണ് ലഭിച്ചത്. സഹോദരിക്ക് ലഭിച്ച ഓഹരിയെക്കാള്‍ കുറവ്!

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തുവരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന 1/3 (മൂന്നിലൊന്ന്) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരാള്‍ മരണപ്പെട്ടു. പരേതന് അനന്തരാവകാശികളായുള്ളത് ഭാര്യ, മാതാവ്, മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരികള്‍, മാതാവും പിതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരന്മാര്‍ എന്നിവരും, അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്നത് താഴെകാണും പ്രകാരമായിരിക്കും:

പരേതനിലേക്ക് ബന്ധംകൊണ്ട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മാതാവും പിതാവുമൊത്ത സഹോദരന്മാര്‍ക്ക് ഓഹരിയായി ലഭിച്ചത് 10,000 രൂപയില്‍ 2500 മാത്രം! എന്നാല്‍ മാതാവിലൂടെ മാത്രം പരേതനിലേക്ക് ബന്ധമുള്ള സഹോദരിമാര്‍ക്ക് ലഭിച്ചത് 10,000 രൂപയില്‍ 3333.33 രൂപയും. ആര്‍ക്കാണ് കൂടുതല്‍ ഓഹരി ലഭിച്ചത്? സ്ത്രീകള്‍ക്കോ, പുരുഷന്‍മാര്‍ക്കോ?

വിരളമായിട്ടാണെങ്കിലും വരുന്ന ഒരു ഉദാഹരണംകൂടി കാണുക:

പരേതനുള്ളത് മാതാവും മാതാവിന്‍റെ മാതാവും പിതാവിന്‍റെ മാതാവുമാണ്. 10,000 രൂപ അനന്തരസ്വത്തും. അതിന്‍റെ വിഭജനം ഇങ്ങനെയാണ്.

പരേതനുള്ളത് മാതാവിനു പകരം പിതാവും മേല്‍സൂചിപ്പിച്ച മറ്റു വ്യക്തികളുമാണെങ്കില്‍ ആ അവസ്ഥകൂടി പരിശോധിക്കാം:

1/3ന്‍റെ നിശ്ചിതോഹരിക്കാരിയായ മാതാവിന് സ്വത്തുമുഴുവന്‍ അനന്തരമായി ലഭിച്ചപ്പോള്‍ അതേസ്ഥാനത്തുവന്ന ശിഷ്ടമോഹരിക്കാരനായ പിതാവിന് ലഭിച്ചത് 8333.33 രൂപമാത്രം.

ഇതേ ഗണത്തില്‍ അഥവാ സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിശ്ചിതോഹരിയായ മൂന്നിലൊന്ന് അവരുടെ അതേസ്ഥാനത്തുവരുന്ന പുരുഷന്‍മാരുടെ ശിഷ്ടമോഹരിയെക്കാള്‍ ഗുണകരമാകുന്ന സന്ദര്‍ഭങ്ങള്‍ ഇനിയും കാണാവുന്നതാണ്. തല്‍ക്കാലം ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുത്തുന്നു.

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തുവരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന 1/6 (ആറിലൊന്ന്) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, മാതാവൊത്ത ഒരു സഹോദരി, മാതാവും പിതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരന്മാര്‍ എന്നിവരും, അനന്ത രസ്വത്തായുള്ളത് 10,000 രൂപയാണെന്നും കരുതുക. അത് ഓഹരിവെക്കുന്നത് താഴെ കാണും പ്രകാരമായിരിക്കും.

മേല്‍ സൂചിപ്പിച്ചതുപോലെ പരേതനിലേക്ക ്ബന്ധംകൊണ്ട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മാതാവും പിതാവുമൊത്ത സഹോദരന്മാര്‍ക്ക് ഓഹരിയായി ലഭിച്ചത് 10,000 രൂപയില്‍ 1666.67 മാത്രം. എന്നാല്‍ മാതാവിലൂടെ മാത്രം പരേതയിലേക്ക് ബന്ധമുള്ള ഒരു സഹോദരിക്ക് ലഭിച്ചത് 10,000 രൂപയില്‍ 1666.67 രൂപയും. നോക്കൂ! ഒരു സഹോദരിക്ക ്ലഭിച്ച അതേ സംഖ്യയാണ് കുറെ സഹോദരന്മാര്‍ക്ക് കൂട്ടുമുതലായി ലഭിച്ചത്! സഹോദരിക്ക് ലഭിച്ച നിശ്ചിതോഹരിയായ 1/6 സഹോദരന്മാര്‍ക്ക് ലഭിച്ച ശിഷ്ടമോഹരിയെക്കാള്‍ ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ.

മറ്റൊരു ഉദാഹരണം നോക്കൂ:

മരണപ്പെട്ട വ്യക്തിക്കുള്ളത് ഭാര്യ, പിതാവ്, മാതാവ്, മകള്‍, മകന്‍റെ മകള്‍ എന്നിവരാണ്. അനന്തരവകാശമായി 10,000 രൂപയും.

മേല്‍ കണക്കില്‍ മകന്‍റെ മകളുടെ സ്ഥാനത്ത് മകന്‍റെ മകനായിരുന്നുവെങ്കില്‍ അതിന്‍റെ രൂപംകൂടി നമുക്ക് പരിചയപ്പെടാം:

രണ്ടുകാര്യങ്ങള്‍ ഈ ഉദാഹരണത്തിലൂടെ ബോധ്യപ്പെടും:

ഒന്ന്) മകന്‍റെ മകള്‍ക്ക് ലഭിക്കുന്ന നിശ്ചിതോഹരിയായ 1/6 തന്നെയാണ് മകന്‍റെ മകന് ലഭിച്ച ശിഷ്ടമോഹരിയെക്കാള്‍ ഗുണകരം.

രണ്ട്) പിതാമഹനില്‍നിന്നും ഒരിക്കലും പേരമക്കള്‍ക്ക് സ്വത്ത്ലഭിക്കില്ല എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. (ആ വിഷയം മറ്റൊരു അധ്യായത്തില്‍ സൂചിപ്പിക്കുന്നതായിരിക്കും ഇന്‍ശാ അല്ലാഹ്).

4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ:

സ്ത്രീ-പുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലെ അവസാനത്തെ ഇനമാണ് ഇത്. കൂടുതല്‍ ആമുഖമില്ലാതെ വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, പിതാവ്, മാതാവ്, മകള്‍, മകന്‍റെ മകള്‍ എന്നിവരും സ്വത്തായിട്ടുള്ളത് 10,000 രൂപയുമാണ്. അത് വീതിക്കുന്ന രൂപം കാണാം:

ഇവിടെ മകന്‍റെ മകളുടെ സ്ഥാനത്ത് മകന്‍റെ മകനാണെന്ന് സങ്കല്‍പിച്ചാല്‍ ആ കണക്കുകൂടി പരിചയപ്പെടാം:

പരേതയുടെ മകന്‍റെ മകള്‍ക്ക് 10,000 രൂപയില്‍ 1333.33 രൂപ ലഭിച്ചപ്പോള്‍, അവളുടെ സഹോദരനായ മകന്‍റെ മകന് ഒന്നും ലഭിച്ചില്ല!

മറ്റൊരു കണക്കുകൂടി പരിശോധിച്ച് ഈ ചര്‍ച്ച അവസാനിപ്പിക്കാം:

പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവും പിതാവുമൊത്ത ഒരു സഹോദരി, പിതാവൊത്ത ഒന്നോ അതിലധികമോ സഹോദരിമാര്‍ എന്നിവരും അനന്തരസ്വത്തായി 10,000 രൂപയുമാണ്.

ഈ കണക്കില്‍ പിതാവൊത്ത സഹോദരിമാര്‍ക്ക് പകരം പിതാവൊത്ത സഹോദരന്മാരാണ് അവകാശികളായുള്ളതെങ്കില്‍ അവര്‍ക്ക് സ്വത്തില്‍നിന്നും ഒന്നും ലഭിക്കുമായിരുന്നില്ല. ആ രൂപംകൂടി കാണുക:

സ്ത്രീയെ ഏതൊരു രംഗത്തും ഇസ്ലാം പരിഗണിച്ചത് ഏറ്റവും മാന്യമായ രൂപത്തിലാണ്. അനന്തരാവകാശത്തിന്‍റെ രംഗത്ത് അവള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണനയാണ് നാം ഈ ലേഖനപരമ്പരിയുടെ മനസ്സിലാക്കിയത്. മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം അവള്‍ അനന്തരവകാശിയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ ഇസ്ലാമിനെ അന്ധമായി വിമര്‍ശിക്കുന്നത്.

പേരമക്കളുടെ അനന്തരാവകാശം

ഇസ്ലാമിക അനന്തരാവകാശനിയമവുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണമാണ് പേരമക്കള്‍ക്ക് അനന്തരാവകാശം നല്‍കുന്നില്ല എന്നത്. പിതാവോ മാതാവോ ജീവിച്ചിരിക്കെ അവരുടെ മക്കളില്‍നിന്നും ആരെങ്കിലും മരിച്ചാല്‍ മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ക്ക് പരേതന്‍റെ ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തില്‍നിന്നും യാതൊരു അവകാശവും ലഭിക്കുന്നില്ല, അവരെ ഇസ്ലാം വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്, ഇത് അനീതിയാണ്, മാനുഷികമൂല്യങ്ങള്‍ക്ക് എതിരാണ് മുതലായ കുപ്രചാരണങ്ങള്‍ കാലങ്ങളായി സമൂഹത്തില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിഷയത്തെ മൗലികമായി സമീപിക്കുന്ന ഏതൊരാള്‍ക്കും വിമര്‍ശകര്‍ ഉന്നയിക്കുന്നത് പൊള്ളവാദമാണന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമിക അനന്തരാവകാശനിയമത്തില്‍ പേരമക്കള്‍ പരേതന്‍റെ മാതാപിതാക്കളുടെ സ്വത്തില്‍നിന്നും നേരിട്ട് അനന്തരമെടുക്കുന്ന സാഹചര്യങ്ങളും നേരിട്ട് അനന്തരമെടുക്കാത്ത സാഹചര്യങ്ങളും ഉണ്ട് എന്ന് നാം ആദ്യം അറിയണം. നേരിട്ട് അനന്തരം ലഭിക്കാത്ത അവസരങ്ങളില്‍ അവര്‍ക്ക് സ്വത്ത് ലഭിക്കാനാവശ്യമായ വഴിയും ഇസ്ലാം കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. സ്വത്ത് ലഭിക്കാതെ പേരമക്കള്‍ വഴിയാധാരമാകുന്ന അവസ്ഥക്ക് ഇസ്ലാം വഴിയൊരുക്കിയിട്ടില്ല; അത്തരം വഴികളെല്ലാം അടക്കുകകൂടി ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.

പേരമക്കള്‍ക്കുള്ള അവകാശങ്ങള്‍

ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം പേരമക്കള്‍ അഹ്ലുല്‍ഫുറൂദ്വ് (നിശ്ചിതോഹരിക്കാര്‍) ആയും നിശ്ചിതോഹരിയുടെ കൂടെ മടക്കസ്വത്തിന്‍റെ (റദ്ദ്) അവകാശികളായും അസ്വബക്കാര്‍ (ശിഷ്ടമോഹരിക്കാര്‍) ആയും ദവില്‍അര്‍ഹാം (കുടുംബബന്ധമുള്ളവര്‍) ആയും അനന്തരമെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്. അവയോരോന്നും സോദാഹരണം മനസ്സിലാക്കാന്‍ ശ്രമിക്കാം.

പേരമക്കള്‍ അഹ്ലുല്‍ഫുറൂദ്വ് (നിശ്ചിതോഹരിക്കാര്‍) ആയി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ പരേതന്‍റെ ആണ്‍മക്കളുടെ പെണ്‍മക്കളാണ് ഉള്‍പ്പെടുന്നത്. മകന്‍റെ മകള്‍, മകന്‍റെ മകന്‍റെ മകള്‍ എന്നിങ്ങനെ പെണ്‍കുട്ടികളുടെ പിതാക്കളുടെ തലമുറ ആണ്‍മക്കളിലൂടെ എത്ര താഴേക്ക് പോയാലും ആ പെണ്‍മക്കള്‍ താഴെ പറയുന്ന അവസ്ഥകളില്‍ നിശ്ചിതോഹരിക്കാരായി സ്വത്ത് അനന്തരമെടുക്കും:

മരിച്ചയാളുടെ സ്വത്തിന്‍റെ പകുതി ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ അനന്തരാവകാശിയായി മക്കളുടെ വിഭാഗത്തില്‍ മകന്‍റെ ഒരു മകള്‍ മാത്രമാണ് അവകാശിയായിട്ടുള്ളത് എങ്കില്‍ പരേതന്‍റെ സ്വത്തില്‍നിന്നും പകുതി മകന്‍റെ മകളുടെ അവകാശമാണ്. അത്തരത്തില്‍ അനന്തരമെടുക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ മകന്‍റെ മകള്‍ക്ക് ഉണ്ട്. അവയില്‍ ചിലത് നമുക്ക് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം:

1) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് മാതാവും പിതാവും മകന്‍റെ ഒരു മകളുമാണ് എന്ന് കരുതുക. പരേതന്‍റെ സ്വത്തിനെ ആറായി വിഭജിച്ച് അതില്‍ ഒരോഹരി മാതാവിനും ഒരോഹരി പിതാവിനും മൂന്നോഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിക്കാര്‍ എന്ന നിലയില്‍ നല്‍കി ബാക്കിവന്ന ഒരു ഓഹരി ശിഷടമോഹരിക്കാരന്‍ എന്ന നിലയില്‍ പിതാവിനു തന്നെ നല്‍കുകയും ചെയ്യും.

2) ഒരു സ്ത്രീ മരണമടഞ്ഞു. അവര്‍ക്ക് അവകാശികളായുള്ളത് ഭര്‍ത്താവ്, മകന്‍റെ മകള്‍, സഹോദരി എന്നിവരാണ്. എങ്കില്‍ പരേതന്‍റെ സ്വത്തിനെ നാലായി വിഭജിച്ച് ഒരോഹരി ഭര്‍ത്താവിനും രണ്ടോഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിയായി നല്‍കി ബാക്കിവന്ന ഒരു ഓഹരി ശിഷ്ടമോഹരിക്കാരി എന്ന നിലയില്‍ സഹോദരനും നല്‍കപ്പെടും.

ഇത്തരത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തല്‍ക്കാലം രണ്ട് ഉദാഹരണങ്ങളില്‍ പരിമിതപ്പെടുത്തുന്നു.

പരേതന്‍റെ സ്വത്തിന്‍റെ മൂന്നില്‍രണ്ട് ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ അനന്തരാവകാശിയായി മക്കളുടെ വിഭാഗത്തില്‍ മകന്‍റെ രണ്ടോ അതിലധികമോ പെണ്‍മക്കള്‍ മാത്രമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ടിന് അവകാശികളാണ് അവര്‍. ഉദാഹരണങ്ങള്‍ കാണുക:

1) പരേതന് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് മാതാവും പിതാവും മകന്‍റെ രണ്ട് പെണ്‍മക്കളുമാണെങ്കില്‍ സ്വത്ത് ആറായി ഭാഗിച്ച് ഒരു ഓഹരി മാതാവിനും ഒരു ഓഹരി പിതാവിനും നാല് ഓഹരി മകന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും നല്‍കപ്പെടും.

2) ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് ഭര്‍ത്താവും മകന്‍റെ രണ്ട് പെണ്‍മക്കളും ഒരു സഹോദരിയുമാണ്. എങ്കില്‍ പരേതയുടെ അനന്തരസ്വത്തിനെ പന്ത്രണ്ട് ഓഹരിയാക്കി അതില്‍ മൂന്ന് ഓഹരി ഭര്‍ത്താവിനും എട്ട് ഓഹരി മകന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും നിശ്ചിതോഹരിയായും ബാക്കി ഒരു ഓഹരി ശിഷ്ടമോഹരിയായി സഹോദരിക്കും നല്‍കപ്പെടും.

മുമ്പ് സൂചിപ്പിച്ചതുപോലെ മുകളില്‍ കൊടുത്ത രണ്ട് അവസ്ഥകളില്‍ പരിമിതപ്പെടുന്നതല്ല മകന്‍റെ പെണ്‍മക്കള്‍ക്ക് പരേതന്‍റെ സ്വത്തില്‍നിന്നും മുന്നില്‍രണ്ട് ഓഹരി ലഭിക്കന്ന അവസ്ഥ. ഉദാഹരണത്തിനായി രണ്ട് അവസ്ഥകള്‍ മാത്രം നല്‍കി എന്നു മാത്രം.

മയ്യിത്തിന്‍റെ സ്വത്തിന്‍റെ ആറിലൊന്ന് ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ മക്കളുടെ ഗണത്തില്‍നിന്നും പകുതിസ്വത്തിന് അവകാശിയായ മകളോടൊപ്പം മകന്‍റെ പെണ്‍മക്കള്‍ സ്വത്തിന്‍റെ ആറിലൊന്നിന് അവകാശികളാണ്. സ്ത്രീകളുടെ നിശ്ചിതോഹരിയായ മൂന്നില്‍രണ്ട് അവകാശം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഹരി നല്‍കപ്പെടുന്നത്. അവ രണ്ട് ഉദാഹരണങ്ങളിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

1) പരേതന് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് പിതാവും മാതാവും ഒരു മകളും മകന്‍റെ പെണ്‍മക്കളുമാണെന്ന് കരുതുക. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്തിനെ ആറായി വിഭജിച്ച് ഒരു ഓഹരി പിതാവിനും ഒരു ഓഹരി മാതാവിനും മൂന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ പെണ്‍മക്കള്‍ക്കും വിഹിതംവെച്ച് നല്‍കുന്നതാണ്.

2) പരേതക്ക് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് ഭര്‍ത്താവും പിതാവിന്‍റെ സഹോദരനും ഒരു മകളും മകന്‍റെ പെണ്‍മക്കളുമാണെന്ന് കരുതുക. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്തിനെ പന്ത്രണ്ട് ഓഹരിയായി വിഭജിക്കുന്നു. അതില്‍ ഭര്‍ത്താവിന് മൂന്ന് ഓഹരിയും മകള്‍ക്ക് ആറ് ഓഹരിയും മകന്‍റെ പെണ്‍മക്കള്‍ക്ക് രണ്ട് ഓഹരിയും നിശ്ചിതോഹരിക്കാര്‍ എന്ന നിലയിലും ബാക്കി ഒരു ഓഹരി പിതൃവ്യന് ശിഷ്ടമോഹരിക്കാരന്‍ എന്ന നിലക്കുമാണ് വിഹിതം നല്‍കുക.

ചുരുക്കത്തില്‍ പരേതന്‍റെ മകന്‍റെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ട്, പകുതി, ആറില്‍ഒന്ന് എന്നീമൂന്നു രൂപങ്ങളില്‍ നിശ്ചിതോഹരിക്കാരായി അനന്തരമെടുക്കുന്നതാണ്.

മകന്‍റെ പെണ്‍മകള്‍ നിശ്ചിതോഹരിയുടെകൂടെ മടക്കസ്വത്തിന്‍റെ (റദ്ദ്) അവകാശികളായി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

പരേതന്‍റെ മകന്‍റെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ട്, പകുതി, ആറില്‍ഒന്ന് എന്നീമൂന്നു രൂപങ്ങളില്‍ നിശ്ചിതോഹരിക്കാരായി അനന്തരമെടുക്കുന്നതാണന്ന് നാം മനസ്സിലാക്കി. മേല്‍വിവരിച്ച അവസ്ഥകളോടൊപ്പം പരേതന്‍റെ അനന്തരാവകാശികളില്‍ നിശ്ചിതോഹരിക്കാരോ ശിഷ്ടമോഹരിക്കാരോ ആയി മറ്റു അവകാശികള്‍ ഇല്ലെങ്കില്‍ ആണ്‍മക്കളുടെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും അവരുടെ നിശ്ചിതോഹരിക്ക് പുറമെ മരിച്ചയാളുടെ ബാക്കി വരുന്ന സ്വത്തുമുഴുവന്‍ മടക്കസ്വത്ത് (റദ്ദ്) ആയി അനന്തരമെടുക്കുന്നതാണ്.

അവ ചില ഉദാഹരണങ്ങളിലൂടെ പരിചയപ്പെടാം:

1) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് ആണ്‍മക്കളുടെ പെണ്‍മക്കള്‍ മാത്രമാണെന്ന് കരുതുക. എങ്കില്‍ പരേതന്‍റെ അനന്തരസ്വത്തിനെ മൂന്നായി ഭാഗിച്ച് അതില്‍ രണ്ട് ഓഹരി നിശ്ചിതോഹരിയായും ബാക്കിവന്ന ഒരു ഓഹരി മടക്കസ്വത്തായും അവര്‍ക്കിടയില്‍ തുല്യമായി വിഹിതം വെച്ച് നല്‍കുകയാണ് ചെയ്യുക.

2) പരേതന് അനന്തരാവകാശിയായി മകന്‍റെ ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിനെ രണ്ടായി ഭാഗിച്ച് ഒരു ഭാഗം നിശ്ചിതോഹരിയായും ബാക്കിയുള്ള ഒരു ഓഹരി മടക്കസ്വത്തായും അവള്‍ക്ക് നല്‍കപ്പെടും.

3) ഒരാള്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് ജീവിച്ചിരിപ്പുള്ളത് ഒരു മകളും മകന്‍റെ മകളും മാത്ര മാണെങ്കില്‍ പരേതന്‍റെ സ്വത്തിനെ ആറ് ഓഹരിയാക്കി അതില്‍ മുന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിയായി കണക്കാക്കപ്പെടും. ആറില്‍ നാല്ഓഹരി കഴിഞ്ഞ് ബാക്കി രണ്ടോഹരി അവശേഷിക്കുന്ന സാഹചര്യത്തില്‍ സ്വത്തിനെ മൊത്തം നാലോഹരിയാക്കി അതില്‍ മൂന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും നല്‍കപ്പെടും. ഓരോ അവകാശിക്കും അവര്‍ക്കുള്ള നിശ്ചിതോഹരിയുടെ തോതനുസരിച്ച് മടക്കസ്വത്തില്‍നിന്നും അവകാശവും ലഭിക്കും.

നോക്കൂ, കൃത്യവും നീതിപൂര്‍വവുമായ നിപാടുകളാണ് ഇസ്ലാം ഏത് വിഷയത്തിലും കൈകൊണ്ടിട്ടുള്ളത്. അനന്തരാവകാശ വിഷയത്തില്‍ കൃത്യമായ ഒരു കാഴ്ച്ചപ്പാടുമില്ലാത്ത, വിമര്‍ശനം ജീവിതവ്രതമാക്കിയ ആളുകളാണ് അന്യൂനവും സമ്പൂര്‍ണവുമായ ഇസ്ലാമിക അനന്തരാവകാശനിയമത്തെ ചോദ്യംചെയ്യാന്‍ മുന്നോട്ടുവരുന്നത്. അതുമുഖേന അവര്‍ സ്വയം അപഹാസ്യരാവുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നാണ് വിഷയത്തെ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുക.

പേരമക്കള്‍ അസ്വബക്കാര്‍ (ശിഷ്ടമോഹരിക്കാര്‍) ആയി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ പരേതന്‍റെ ആണ്‍മക്കളുടെ ആണ്‍മക്കളും പെണ്‍മക്കളും അവരുടെ സ്ഥാനത്തുള്ളവരുമാണ് ഉള്‍പ്പെടുന്നത്. മകന്‍റെ മക്കള്‍, മകന്‍റെ മകന്‍റെ മക്കള്‍ എന്നിങ്ങനെ പേരമക്കളുടെ പിതാക്കളുടെ തലമുറ ആണ്‍മക്കളിലൂടെ എത്ര താഴേക്ക് പോയാലും ആ പേരമക്കള്‍ താഴെ പറയുന്ന അവസ്ഥകളില്‍ ശിഷ്ടമോഹരിക്കാരായി സ്വത്ത് അനന്തരമെടുക്കും.

മകന്‍റെ മക്കളും അവരുടെസ്ഥാനത്ത് വരുന്നവരും ശിഷ്ടമോഹരിക്കാരായി പരേതന്‍റെ സ്വത്ത് പൂര്‍ണമായും അനന്തരമെടുക്കുന്ന അവസ്ഥകള്‍:

1) പരേതന് അനന്തരാവകാശിയായി മകന്‍റെ ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാരന്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍ സ്വത്തിനും അവന്‍ അവകാശിയാണ്.

2) പരേതന് അനന്തരാവകാശിയായി ആണ്‍മക്കളുടെ ആണ്‍മക്കള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാര്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍സ്വത്തിനും അവര്‍ അവകാശികളാണ്. സ്വത്തിനെ അവരുടെ എണ്ണത്തിന് അനുസൃതമായി വിഹിതംവെച്ച് തുല്യ ഓഹരിയായി അവര്‍ക്കിടയില്‍ വിഹിതം വെക്കപ്പെടും.

3) പരേതന് അനന്തരാവകാശിയായി ആണ്‍മക്കളുടെ ആണ്‍ മക്കളും പെണ്‍മക്കളും മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാര്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍സ്വത്തിനും അവര്‍ അവകാശികളാണ്. സ്വത്ത് വിഹിതംവെക്കുന്നതിനായി അനന്തരാവകാശികളിലെ പുരുഷന്‍മാരിലെ ഓരോരുത്തരെയും രണ്ടാളായി പരിഗണിച്ച് മൊത്തം അവകാശികളുടെ എണ്ണംകണക്കാക്കി എണ്ണത്തിന് അനുസൃതമായി വിഹിതംവെച്ച് ആണൊന്നിന് രണ്ട് പെണ്ണോഹരി എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അവകാശികള്‍ക്കിടയില്‍ സ്വത്ത് വിഹിതം വെക്കപ്പെടും

മകന്‍റെ മക്കളും അവരുടെ സ്ഥാനത്ത്വരുന്നവരും മറ്റുനിശ്ചിതോഹരിക്കാരുടെ കൂടെ ശിഷ്ടമോഹരിക്കാരായി പരേതന്‍റെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പഠനത്തിന് സഹായകമാകുന്നതും കുപ്രചരണങ്ങള്‍ക്ക് വിരാമംകുറിക്കാന്‍ ഉതകുന്നതുമായ ഏതാനും ചിലത് മാത്രം ഇവിടെ പരിചയപ്പെടാം. മകന്‍റെ ആണ്‍മക്കള്‍ പരേതന് ആണ്‍മക്കളില്ലാത്ത സാഹചര്യ ത്തില്‍ പരേതന്‍റെ മകന്‍റെ സ്ഥാനത്തായിരിക്കും ഉണ്ടാവുക എന്നത് നാം അറിയാതെപോകരുത്.

നിശ്ചിതോഹരിക്കാരുടെകൂടെ മകന്‍റെ ആണ്‍മക്കള്‍ ശിഷ്ടമോഹരിക്കാരാകുന്ന രണ്ട് ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു:

1) പരേതന് അനന്തരാവകാശികളായുള്ളത് മാതാവും പിതാവും മകന്‍റെ മകനോ അവന്‍റെ സ്ഥാനത്തുള്ളവനോ ആണെങ്കില്‍ പരരേതനില്‍നിന്നുള്ള അനന്തരസ്വത്തിനെ ആറ് ഓഹരിയാക്കി അതില്‍ ഒരു ഓഹരി പിതാവിനും ഒരു ഓഹരി മാതാവിനും നിശ്ചിതോഹരി നല്‍കി ബാക്കിവരുന്ന നാല് ഓഹരി ശിഷടമോഹരിയായി മകന്‍റെ മകന് പൂര്‍ണമായും നല്‍കപ്പെടും.

ഒന്നില്‍കൂടുതല്‍ ആണ്‍മക്കളാണ് അവരെങ്കില്‍ ശിഷ്ടമോഹരിയെ തുല്യമായി വീതിച്ച് അവര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടും.

നാലോഹരി മൂന്നുപേര്‍ക്കിടയില്‍ തുല്യമായി ഭാഗിക്കാനായി മൊത്തം ഓഹരിയായ ആറിനെ മൂന്ന്കൊണ്ട് ഗുണിച്ച് 18 ഓഹരിയാക്കി അതില്‍ മൂന്നോഹരി പിതാവിനും മൂന്നോഹരി മാതാവിനും നാല് ഓഹരികള്‍ വീതം മകന്‍റെ ആണ്‍മക്കള്‍ക്കിടയിലും വിതരണം ചെയ്യപ്പെടും.

2) ഒരു സ്ത്രീ മരണപ്പെട്ടു. അവര്‍ക്ക് അനന്താരാവകാശികളായുള്ള് ഭര്‍ത്താവ്, പിതാവ്, മാതാവ്, മകന്‍റെ ആണ്‍മക്കള്‍ എന്നിവരാണെങ്കില്‍ പരേതയുടെ അനന്തരസ്വത്തിനെ പന്ത്രണ്ടായി വിഭജിച്ച് നിശ്ചിതോഹരിക്കാര്‍ എന്ന നിലക്ക് ഭര്‍ത്താവ്, പിതാവ്, മാതാവ് എന്നിവര്‍ക്ക് മൂന്ന്, രണ്ട്, രണ്ടുവീതം ഓഹരികള്‍ യഥാക്രമം നല്‍കപ്പെടും. അവശേഷിക്കുന്ന അഞ്ചോഹരി മകന്‍റെ ആണ്‍മക്കള്‍ക്ക് ശിഷ്ടമോഹരിയായും നല്‍കപ്പെടും.

ഇനി നിശ്ചിതോഹരിക്കാരുടെ കൂടെ മകന്‍റെ ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ച് ശിഷ്ടമോഹരിക്കാരാകുന്ന രണ്ട് ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കാം.

1) ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും രണ്ട് പെണ്‍മക്കളും മകന്‍റെ രണ്ട് ആണ്‍മക്കളും ഒരു മകളുമാണെന്ന് കരുതുക. പരേതന്‍റെ സ്വത്തിനെ 24 ഓഹരിയായി ഭാഗിച്ച് അതില്‍ ഭാര്യക്ക് മൂന്ന് ഓഹരിയും പതിനാറ് ഓഹരി രണ്ട് പെണ്‍മക്കള്‍ക്കും നിശ്ചിതോഹരിയായി നല്‍കുന്നു. ശേഷം അവശേഷിച്ച അഞ്ച് ഓഹരിയില്‍ രണ്ട് ഓഹരികള്‍ വീതം പരേതന്‍റെ മകന്‍റെ രണ്ട് ആണ്‍മക്കള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും ശിഷ്ടമോഹരിയായി നല്‍കപ്പെടും.

2) പരേതന്‍റെ അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് മാതാവും പിതാവും മകന്‍റെ മകനും മകന്‍റെ രണ്ട് പെണ്‍മക്കളുമാണ്. എങ്കില്‍ പരേതന്‍റെ സ്വത്ത് ആറായിഭാഗിച്ച് ഒരു ഓഹരി മാതാവിനും ഒരു ഓഹരി പിതാവിനും നിശ്ചിതോഹരിയായി നല്‍കപ്പെടും. അവശേഷിക്കുന്ന നാല് ഓഹരികളില്‍ രണ്ട് ഓഹരി പരേതന്‍റെ മകന്‍റെ മകനും ഓരോ ഓഹരിവീതം മകന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും ശിഷ്ടമോഹരിയായി നല്‍കപ്പെടും.

പരേതന്‍റെ പെണ്‍മക്കളും മകന്‍റെ പെണ്‍മക്കളും മകന്‍റെ മകന്‍റെ ആണ്‍മക്കളും ഒന്നിച്ച് അനന്തരമെടുക്കുന്ന അവസ്ഥകളും ഇസ്ലാമിക അനന്തരാവകാശനിയമത്തില്‍ കാണാന്‍ സാധിക്കും. അത്തരം അവസ്ഥകള്‍ വിരളമായിട്ടെങ്കിലും സംഭവിക്കാറുണ്ട്. ആ അവസ്ഥകൂടി വിഷയത്തിന്‍റെ പരിപൂര്‍ണതക്കു വേണ്ടി നമുക്ക് പരിചയപ്പെടാം.

പരേതന് അനന്തരാവകാശികളായുള്ളത് രണ്ടോ അതിലധികമോ പെണ്‍മക്കളും മകന്‍റെ പെണ്‍മക്കളും മകന്‍റെ മകന്‍റെ ആണ്‍മക്കളോ, ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ചാണെന്നോ വിചാരിക്കുക. അത്തരം ഘട്ടത്തില്‍ സ്വത്തിനെ മൂന്നായി ഭാഗിച്ച് അതില്‍ രണ്ട് ഓഹരി പരേതന്‍റെ പെണ്‍മക്കള്‍ക്ക് നിശ്ചിതോഹരിയായി നല്‍കപ്പെടും.

നിശ്ചിതോഹരിയില്‍ സ്ത്രീകളുടെ ഓഹരിയായ മൂന്നില്‍രണ്ടും പരേതന്‍റെ പെണ്‍മക്കള്‍ക്കുതന്നെ ലഭിച്ച സ്ഥിതിക്ക് അവരുടെ സ്ഥാനത്ത് വരുന്ന നിശ്ചിതോഹരിക്കാരായ മകന്‍റെ പെണ്‍മക്കള്‍ക്ക് ഓഹരി ലഭിക്കാത്ത അവസ്ഥവരും. അത്തരം ഘട്ടത്തില്‍ അവരെക്കാളും താഴെ തലമുറയും ശിഷ്ടമോഹരിക്കാരുമായ മകന്‍റെ മകന്‍റെ ആണ്‍മക്കളുടെ കൂടെ അവരുടെ സഹോദരിയുടെ സ്ഥാനത്ത് കണക്കാക്കി ഒരുപുരുഷന് രണ്ട് സ്ത്രീകളുടെ അവകാശം എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന ഒരു ഓഹരി വിഹിതംവെച്ച് വിതരണം ചെയ്യപ്പെടും.

വസ്തുതകള്‍ ഇങ്ങനെയായിട്ടും സ്ത്രീകളോടും പേരമക്കളോടും അനന്തരസ്വത്തിന്‍റെ വിഷയത്തില്‍ നീതികേട് കാണിക്കുന്ന മതമാണ് ഇസ്ലാം എന്ന് വിമര്‍ശകര്‍ വിടുവായത്തം വിളമ്പുമ്പോള്‍, വസ്തുത എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അത് ഏറ്റുപാടി നടക്കുന്നവര്‍ അവരുടെ അല്‍പത്വം ആഘോഷമാക്കുന്നു എന്ന് മാത്രമാണ് വിഷയത്തെ മാന്യമായി നോക്കിക്കാണുന്നവര്‍ക്ക് പറയാന്‍ സാധിക്കുക.

പേരമക്കള്‍ രക്തബന്ധുക്കളായി അനന്തരമെടുക്കുന്ന അവസ്ഥ:

ഈ വിഭാഗത്തില്‍ പരേതന്‍റെ പേരമക്കളുടെ കൂട്ടത്തില്‍നിന്നും പെണ്‍മക്കളുടെ മക്കള്‍, പെണ്‍ മക്കളുടെ ആണ്‍മക്കളുടെ മക്കള്‍, ആണ്‍മക്കളുടെ പെണ്‍മക്കളുടെ മക്കള്‍, അവരുടെ സ്ഥാനത്ത് വരുന്നവര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

പരേതന് ഭാര്യ / ഭര്‍ത്താവ് എന്നിവര്‍ക്ക് പുറമെ നിശ്ചിതോഹരിക്കാരായോ ശിഷ്ടമോഹരിക്കാരായോ അനന്തരാവകാശികള്‍ ഇല്ലാത്ത ഘട്ടത്തിലാണ് ദവുല്‍അര്‍ഹാമായി (രക്തബന്ധുക്കളായി) അനന്തരം എടുക്കുന്ന അവസ്ഥ പരിഗണിക്കപ്പെടുന്നത്. അത്തരം ഘട്ടത്തില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് പരേതന്‍റെ പെണ്‍കുട്ടികളുടെ മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരുമാണ്. ഈ ഘട്ടത്തില്‍ ഭാര്യക്ക് സ്വത്തിന്‍റെ നാലിലൊന്നും ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതിയുമാണ് നല്‍കേണ്ടത്.

ദവുല്‍അര്‍ഹാമിലൂടെ സ്വത്ത് വിഹിതംവെച്ച് നല്‍ക്കുന്ന സാഹചര്യത്തില്‍ ആണ്‍ ഒന്നിന്ന് രണ്ട് പെണ്‍ ഓഹരി എന്ന തത്ത്വം പരിഗണിക്കപ്പെടേണ്ടതില്ല എന്ന ഹംബലി കര്‍മശാത്ര വീക്ഷണമാണ് ഈ വിഷയത്തിലെ ഏറ്റവും ശരിയായ നിലപാടായി വിലയിരുത്തപ്പെടുന്നത്.

ഇനി ഹനഫീ, ശാഫിഈ കര്‍മശാസ്ത്രവീക്ഷണമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ആണ്‍ ഒന്നിന്ന് രണ്ട് പെണ്‍ ഓഹരി എന്ന തത്ത്വം ഈ ഘട്ടത്തിലും പരിഗണിക്കപ്പെടുമെന്ന് മാത്രം. അനന്തരാവകാശമായി സ്വത്ത് തടയപ്പെടുന്ന അവസ്ഥ വരുന്നില്ല.

ഒരു ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് അനന്തരാവകാശികളായുള്ളത് അദ്ദേഹത്തിന്‍റെ പെണ്‍മക്കളുടെ രണ്ട് അണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണെന്ന് കരുതുക. ഒന്നാമത്തെ വീക്ഷണപ്രകാരമാണ് സ്വത്ത് വിഹിതം വെക്കപ്പെടുന്നതെങ്കില്‍ ആകെ സ്വത്തിനെ നാല് ഓഹരിയാക്കി പെണ്‍മക്കളുടെ ആണ്‍, പെണ്‍ മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

രണ്ടാം വീക്ഷണമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി രണ്ട് ഓഹരികള്‍ വീതം പുരുഷന്‍മാര്‍ക്കും ഓരോ ഓഹരി വീതം സ്ത്രീകള്‍ക്കും നല്‍കപ്പെടും.

ഇനി വ്യത്യസ്ത ഗണത്തില്‍ പെടുന്ന രക്തബന്ധുക്കളാണ് ഒന്നിച്ച് അവകാശികളായി വരുന്നതെങ്കില്‍ അവരുടെ ബന്ധം പരേതനിലേക്ക് ആരിലൂടെയാണോ സ്ഥിരപ്പെടുന്നത് അയാള്‍ക്കുള്ള ഓഹരി പരിഗണിച്ച് അതിനനുസൃതമായി അവകാശികള്‍ക്കിടയില്‍ ഓഹരി വിഹിതംവെക്കുകയാണ് ചെയ്യുക. അത് പരിഗണിക്കുമ്പോള്‍ മൂന്നുരൂപത്തില്‍ പെണ്‍മക്കളുടെ മക്കള്‍ പരേതനില്‍നിന്നും സ്വത്ത് അനന്തരമെടുക്കും. ഒന്നാമത്തെ രൂപം മുമ്പ് നാം മനസ്സിലാക്കിയതുപോലെ സ്വത്ത് മുഴുവനായും അനന്തരമെടുക്കുന്ന അവസ്ഥയും രണ്ടാമത്തെത് പരേതന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അനന്തരമെടുക്കുന്ന അവസ്ഥയുമാണ്. മൂന്നാമത്തെ അവസ്ഥ പരേതന്‍റെ സ്വത്തിന്‍റെ പകുതി അനന്തരമെടുക്കലാണ്. ശേഷിക്കുന്ന ഭാഗം മറ്റു ബന്ധുക്കള്‍ക്ക് അവരുടെ അവകാശ പ്രകാരവും നല്‍കപ്പെടും.

സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അനന്തരമെടുക്കുന്ന ഒരു ഉദാഹരണം കാണുക:

ഒരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന് അവകാശികളായുള്ളത് രണ്ടോ അതിലധികമോ പെണ്‍മക്കളുടെ മക്കള്‍, മാതൃസഹോദരി, സഹോദരിയുടെ പുത്രന്‍ എന്നിവരാണ്. എങ്കില്‍ സ്വത്തിനെ ആറായി ഭാഗിച്ച് രണ്ടോ അതിലധികമോ പെണ്‍മക്കളിലൂടെ പരേതനിലേക്ക് ബന്ധം സ്ഥാപിക്കുന്ന പെണ്‍മക്കളുടെ മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍രണ്ട് അഥവാ നാല് ഓഹരിയും പരേതനിലേക്ക് മാതാവിലൂടെ ബന്ധം സ്ഥാപിക്കുന്ന മാതൃസഹോദരിക്ക് മാതാവിന്‍റെ അവകാശമായ ആറിലൊന്ന് എന്ന അടിസ്ഥാനത്തില്‍ ഒരു ഓഹരിയും അവശേഷിക്കുന്ന ഒരു ഓഹരി പരേതനിലേക്ക് സഹോദരിയുടെ ശിഷ്ടമോഹരിയിലൂടെ ബന്ധം സ്ഥാപിക്കുന്ന സഹോദരി പുത്രനും വിഹിതമായി നല്‍കപ്പെടും.

സ്വത്തിന്‍റെ പകുതി അനന്തരമെടുക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ കാണുക:

1) ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മകളുടെ മക്കളുമാണ്. പരേതയുടെ സ്വത്ത് രണ്ടായി ഭാഗിച്ച് പകുതി ഭര്‍ത്താവിനും പകുതി പെണ്‍മക്കളുടെ മക്കള്‍ക്കും നല്‍കപ്പെടും.

2) ഒരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന് അവകാശികളായുള്ളത് മകളുടെ മക്കള്‍, മകന്‍റെ മകളുടെ മക്കള്‍, മാതൃസഹോദരി, സഹോദരിയുടെ പുത്രന്‍ എന്നിവരാണ്. എങ്കില്‍ സ്വത്തിനെ ആറായി ഭാഗിച്ച് മകളിലൂടെ പരേതനിലേക്ക് ബന്ധം സ്ഥാപിക്കുന്ന മകളുടെ മക്കള്‍ക്ക് സ്വത്തിന്‍റെ പകുതിയായ മൂന്ന് ഓഹരിയും മകന്‍റെ മകളിലൂടെ ബന്ധം സ്ഥാപിക്കുന്ന മകന്‍റെ മകളുടെ മകന് സ്വത്തിന്‍റെ ആറിലൊന്നായ ഒരു ഓഹരിയും പരേതനിലേക്ക് മാതാവിലൂടെ ബന്ധം സ്ഥാപിക്കുന്ന മാതൃസഹോദരിക്ക് മാതാവിന്‍റെ അവകാശമായ ആറിലൊന്ന് എന്ന അടിസ്ഥാനത്തില്‍ ഒരു ഓഹരിയും അവശേഷിക്കുന്ന ഒരു ഓഹരി പരേതനിലേക്ക് സഹോദരിയുടെ ശിഷ്ടമോഹരിയിലൂടെ ബന്ധം സ്ഥാപിക്കുന്ന സഹോദരി പുത്രനും വിഹിതമായി നല്‍കപ്പെടും. (അടുത്ത പേജിലെ ചാര്‍ട്ട് കാണുക)

മേല്‍ ഉദ്ധരിച്ചതുപ്രകാരം കൃത്യവും വ്യക്തവുമായി കാര്യങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടും അതൊന്ന് പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറാകാതെ ആരോപണങ്ങള്‍ പടച്ചുവിടുക മാത്രമാണ് വിമര്‍ശകര്‍ ചെയ്യാറുള്ളത്. ഇസ്ലാം എന്ന് കേള്‍ക്കുമ്പോഴേക്കും വിമര്‍ശനബോധം ഉണരുന്നതിനെ ഒരു രോഗമായി മാത്രമെ കാണാന്‍ കഴിയൂ.

പരേതനില്‍നിന്നും പേരമക്കള്‍ നേരിട്ട് അനന്തരമെടുക്കാത്ത സന്ദര്‍ഭങ്ങള്‍:

പിതാവോ മാതാവോ ജീവിച്ചിരിക്കെ അവരുടെ മക്കള്‍ മരിച്ചാല്‍ ആ മക്കളുടെ മക്കള്‍ക്ക് ജീവിച്ചിരിക്കുന്ന പിതാവിന്‍റെയും മാതാവിന്‍റെയും സ്വത്തില്‍ അവകാശമില്ല എന്നത് വിമര്‍ശകര്‍ സാധാരണ ഉന്നയിക്കാറുള്ള ഒരു ആരോപണമാണ്. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കാത്ത കാര്യമാണെന്ന് മുമ്പ് ഉദ്ധരിച്ച ഉദാഹരണങ്ങളില്‍നിന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അവയിലൊന്നും അനന്തരാവകാശികളുടെ പിതാക്കള്‍ ജീവിച്ചിരിക്കുന്നില്ല എന്നത് അവരുട പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരം എടുക്കുന്നതിന് തടസ്സമായി വന്നില്ല എന്നും നമുക്ക് കാണാന്‍ സാധിച്ചു.

എന്നാല്‍ പേരമക്കള്‍ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരം എടുക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടെന്ന് തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ പേരമക്കളുടെ പിതാവ് മരിച്ചു എന്നതല്ല അവരുടെ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരമെടുക്കാതിരിക്കാനുള്ള കാരണം. അങ്ങനെയായിരുന്നെങ്കില്‍ ജീവിച്ചിരിക്കുന്ന മക്കളുടെ മക്കള്‍ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് സ്വത്ത് അനന്തരമായി എടുക്കണമായിരുന്നു. അതും ഉണ്ടായിട്ടില്ല. യുക്തിവാദികളും വിമര്‍ശകരും ഉന്നയിക്കുന്നത് പോലെയല്ല കാര്യമെന്ന് ചുരുക്കം.

ഇനി പിതാവ് മരിച്ച മക്കള്‍ക്ക് പിതാവിന്‍റെ മാതാപിതാക്കളില്‍നിന്നും അനന്തരസ്വത്ത് നേരിട്ട് ലഭിക്കുന്ന അവസ്ഥ വന്നാല്‍, പിതാവ് ജീവിച്ചിരിക്കുന്ന പേരമക്കളോട് ചെയ്യുന്ന അനീതിയായിരിക്കും അത് എന്നത് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും. അവരുടെ പിതാക്കളുടെ കാലശേഷം ആ സ്വത്ത് അവര്‍ക്ക് തന്നെ ലഭിക്കാനുള്ളതല്ലേ എന്നതാണ് ന്യായമയി പറയുന്നതെങ്കില്‍ അവിടെ ഉയരുന്ന മറ്റൊരു ചോദ്യം ആ സ്വത്ത് പിതാവിന്‍റെ കാലശേഷം ഈ മക്കള്‍ക്ക് അനുഭവിക്കാന്‍ ലഭിക്കും എന്നതിന് ആരാണ് ഉറപ്പ് നല്‍കുക എന്നതാണ്. മാത്രവുമല്ല അത് ഒരുപക്ഷേ, ആ പിതാവിന്‍റെ ജീവനുപോലും ഭീഷണിയായി മാറുന്ന അവസ്ഥക്കും കാരണമാകാം.

പിതാവ് മരിച്ച മക്കളോടുള്ള അനുകമ്പയുടെ ഭാഗമായി അവകാശം നല്‍കുന്ന അവസ്ഥ വന്നാല്‍ ഓരോ വ്യക്തിക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ടാക്കേണ്ടിവരും. അത് അസാധ്യവും യുക്തിബോധത്തിനും നീതിക്കും നിരക്കാത്തതുമാണ്. ഇവിടെയാണ് അല്ലാഹുവിന്‍റെ തീരുമാനം കൃത്യവും നീതിയുക്തവുമാണെന്ന് ഏതൊരു മനുഷ്യനും ബോധ്യപ്പെടുക.

പേരമക്കള്‍ നിശ്ചിതോഹരിക്കാരായും ശിഷ്ടമോഹരിക്കാരായും രക്തബന്ധുക്കളായും അനന്തരമെടുക്കുന്ന അവസ്ഥകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയല്ലോ. ഈ ഓരോ വിഭാഗവും പരേതനില്‍ നിന്നും സ്വത്ത് നേരിട്ട് അനന്തരമെടുക്കാതെ വരുമ്പോള്‍ അതിനുള്ള കാരണവും വ്യത്യസ്തമാണ്. അത് കൂടി നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

രക്തബന്ധുക്കളായി അനന്തരമെടുക്കുന്നവര്‍ അനന്തരാവകാശത്തില്‍നിന്നും തടയപ്പെടുന്നത് അവരെക്കാള്‍ പരേതനിലേക്ക് ബന്ധംകൊണ്ട് ശക്തിയുള്ള നിശ്ചിതോഹരിക്കാരോ ശിഷ്ടമോഹരിക്കാരോ ജീവിച്ചിരിക്കുന്നത് കാരണത്താലാണ്. എന്നാല്‍ നിശ്ചിതോഹരിക്കാരായ പേരമക്കള്‍ക്ക് സ്വത്ത് തടയപ്പെടുന്നത് ഒന്നുകില്‍ സ്ത്രീകളുടെ മുന്തിയ ഓഹരിയായ മൂന്നില്‍ രണ്ട് പൂര്‍ണമായും പരേതന്‍റെ പെണ്‍മക്കള്‍തന്നെ അനന്തരമെടുക്കുന്ന സാഹചര്യത്തിലോ മക്കള്‍ തന്നെ ശിഷ്ടമോഹരിക്കാരായി സ്വത്ത് പൂര്‍ണമായോ നിശ്ചിതോഹരിക്കാരുടെ ഓഹരിക്ക് ശേഷം അവശേഷിക്കുന്ന ഓഹരികള്‍ മുഴുവനായി അനന്തരമെടുക്കുന്ന സാഹചര്യത്തിലോ ആണ്.

ശിഷ്ടമോഹരിക്കാരായ പേരമക്കള്‍ക്ക് അനന്തരം തടയപ്പെടുന്നുവെങ്കില്‍ അതിനുള്ള കാരണം തലമുറകള്‍കൊണ്ട് അവരെക്കാള്‍ പരേതനിലേക്ക് അടുത്ത ശിഷ്ടമോഹരിക്കാര്‍ അവകാശികളായി ഉണ്ട് എന്നതുമാണ്. ഇത് പേരമക്കളുടെ വിഷയത്തില്‍ മാത്രം പരിമിതവുമല്ല.

ഇസ്ലാം പേരമക്കളെ വഴിയാധാരമാക്കിയോ?

പേരമക്കളെ എന്നല്ല, ഒരാളെയും ഇസ്ലാം വഴിയാധാരമാക്കിയിട്ടില്ല. മാത്രമല്ല എല്ലാവര്‍ക്കും യഥാര്‍ഥ വഴികാണിച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അനന്തരാവകാശമായി പരേതനില്‍നിന്നും സ്വത്ത് ലഭിക്കാത്ത, എന്നാല്‍ അദ്ദേഹത്തിനാല്‍ സംരക്ഷിക്കപ്പെടേണ്ട വ്യക്തികള്‍ക്കും അല്ലാത്തവര്‍ക്കും സ്വത്ത് ലഭിക്കാനുള്ള മാര്‍ഗവും ഇസ്ലാം വ്യക്തമാക്കിതന്നിട്ടുണ്ട്. അതാണ് വസ്വിയ്യത്ത്. അല്ലാഹു പറയുന്നത് കാണുക:

كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ

നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്. ( ഖുർആൻ: 2/180)

ഇതിലെ ‘മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്’ എന്ന ഭാഗം അടിവരയിട്ട് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ വചനത്തിന്‍റെ വിശദീകരണത്തില്‍ അല്ലാമ മുഹമ്മദ്ബിന്‍ സ്വാലിഹ്ബിന്‍ അല്‍ഉഥൈമീന്‍ رحمه الله പറയുന്നു: “(തന്‍റെപക്കല്‍) കൂടുതല്‍ സമ്പത്തുള്ളവര്‍ മാതാപിതാക്കള്‍ക്കും അടുത്തബന്ധുക്കള്‍ക്കും വേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ് എന്നത് ഈ ആയത്തിന്‍റെ ഗുണപാഠങ്ങളില്‍ പെട്ടതാണ്. ഈ ആയത്തിന്‍റെ വിധി അനന്തരാവകാശത്തിന്‍റെ വിധികള്‍ വിവരക്കുന്ന ആയത്തിനാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടോ, പ്രത്യുത വിധി ദുര്‍ബലപ്പെടുത്തപ്പെടാത്ത ആയത്താണോ, മറിച്ച് അനന്തരാവകാശ വിധിവിലക്കുകള്‍ വന്ന ആയത്ത് (അനന്തരാവകാശികള്‍ക്ക് മാത്രമായി) പ്രത്യേകമാക്കപ്പെട്ട ആയത്താണോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായക്കാരാണ്. ഭൂരിഭാഗം പേരും ഇതിന്‍റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ശരിയായ അഭിപ്രായം അതിന്‍റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതല്ല” (തഫ്സീറുല്‍ ക്വുര്‍ആനില്‍കരീം 2/308).

ശൈഖ് ഉഥൈമീന്‍ رحمه الله  പറഞ്ഞതുപോലെ അനന്തരാവകാശ വിഷയവുമായി ബന്ധപ്പെട്ട് അവ തരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനം അനന്തരാവകാശികളുമായി ബന്ധപ്പെട്ട വിധിവിലക്കുകളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. അത് അതിന്‍റെ മുമ്പ് അവതരിപ്പിക്കപ്പെട്ട മറ്റു ആയത്തുകളുടെ വിധി ദുര്‍ബലപ്പെടുത്തുന്ന (നാസിഖ്) ആയത്തല്ല. അതിനാല്‍ മേല്‍സൂചിപ്പിച്ച സൂറത്തുല്‍ ബക്വറയിലെ 180ാമത് വചനം പരേതനില്‍നിന്നും അന്തരമെടുക്കാത്ത ആളുകളില്‍മാത്രം പരിമിതപ്പെടുന്നതാണന്നും മനസ്സിലാക്കുകയാണ് വേണ്ടത്. അതുകൊണ്ട് ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടത് പരേതനില്‍ അനന്തരമെടുക്കാത്ത മാതാപിതാക്കള്‍, മറ്റു അടുത്തബന്ധുക്കള്‍ എന്നിവരുടെ വിഷയത്തിലാണ് എന്നാണ് പരിഗണിക്കപ്പെടുക.

അങ്ങനെവരുമ്പോള്‍ അത്തരക്കാര്‍ക്കായി തന്‍റെ സ്വത്തില്‍നിന്നും അനന്തരാവകാശികള്‍ക്ക് മാന്യമായരൂപത്തില്‍ സ്വത്ത് ലഭിക്കുംവിധം, തന്നെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ള ബന്ധുക്കള്‍ക്കായി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമായിത്തീരും. കാരണം നിര്‍ബന്ധ ബാധ്യതയെ അറിയിക്കുന്ന ‘കുതിബ അലൈക്കും’ (നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു) എന്ന പ്രയോഗവും, അതിനെ ശക്തിപ്പെടുത്തുന്ന ‘ഹക്ക്വന്‍ അലല്‍മുത്തക്വീന്‍’ (സൂക്ഷ്മതപുലര്‍ത്തുന്നവര്‍ക്ക് ഒരുകടമയത്രെ അത്) എന്ന പ്രയോഗവും ഈ ആയത്തില്‍ പ്രയോഗിക്കപ്പെട്ടു എന്നതാണ്.

ഇനി മാതാപിതാക്കള്‍ പരേതനില്‍നിന്നും അനന്തരമെടുക്കാത്ത അവസ്ഥയുണ്ടാകുമോ എന്ന് ചോദിക്കപ്പെട്ടേക്കാം. അത്തരം അവസരവും ഉണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. മുസ്ലിംകളായ മക്കളുടെ അമുസ്ലിമായ മാതാപിതാക്കള്‍ ആ മക്കളുടെ സ്വത്തില്‍നിന്നും അനന്തരമെടുക്കുകയില്ല എന്നതാണ് മതത്തിലെ പൊതുനിയമം.

عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ لاَ يَرِثُ الْمُسْلِمُ الْكَافِرَ، وَلاَ الْكَافِرُ الْمُسْلِمَ

ഉസാമത്തു ബ്നു സൈദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിമായ ആള്‍ സത്യനിഷേധിയെയും സത്യനിഷേധി മുസ്ലിമിനെയും അനന്തരമെടുക്കുകയില്ല. (ബുഖാരി, മുസ്ലിം)

എന്നാല്‍ മക്കള്‍ മുസ്ലിംകളായി എന്നതുകൊണ്ട് അമുസ്ലിംകളായ മാതാപിതാക്കളെ വ ഴിയാധാരമാക്കാനോ അവര്‍ക്ക് ചെയ്തുകൊടുക്കേണ്ട ഭൗതിക ഉത്തരവാദിത്തങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനോ മക്കള്‍ക്ക് പാടില്ല. അതിനാല്‍തന്നെ തങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ കാലശേഷം ജീവിക്കാനും മറ്റും പ്രയാസപ്പെടും എന്ന് ബോധ്യമുള്ള മുസ്ലിംകളായ മക്കള്‍ തങ്ങളുടെ സ്വത്തില്‍നിന്നും ഒരു ഓഹരി അത്തരം ഘട്ടങ്ങളില്‍ ആ മാതാപിതാക്കള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമായിമാറും. അല്ലാത്തപക്ഷം അവര്‍ ശിക്ഷാര്‍ഹമായ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവരായാണ് അല്ലാഹുവിന്‍റെ പക്കല്‍ പരിഗണിക്കപ്പെടുക.

അമുസ്ലിംകളായ മാതാപിതാക്കളുടെ വിഷയത്തില്‍ ഇത്രമാത്രം ഗൗരവത്തില്‍ കാര്യങ്ങള്‍ കല്‍പിക്കപ്പെടുമ്പോള്‍, തന്നില്‍നിന്നും അനന്തരമെടുക്കാത്ത പേരമക്കളടക്കമുള്ള, തന്‍റെ ഉത്തരവാദിത്തത്തില്‍വരുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി മാന്യമായ രൂപത്തില്‍ ജീവിക്കാനാവശ്യമായ വിഹിതം തന്‍റെ സ്വത്തില്‍നിന്നും വസ്വിയത്ത് ചെയ്യണം എന്നതിനെ മനസ്സാക്ഷിയുള്ള ആരാണ്നിഷേധിക്കുക? ക്വുര്‍ആനിന്‍റെ അധ്യാപനങ്ങളെ മറികടന്ന് ഒരുയഥാര്‍ഥ മുസ്ലിം ഒരിക്കലും ജീവിക്കുകയില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും വ്യക്തികളില്‍നിന്നുമുണ്ടാകുന്ന അപരാധങ്ങളെ ഇസ്ലാമികവല്‍ക്കരിച്ച് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത് നിങ്ങള്‍ പ്രചരിപ്പിക്കുന്ന കളവുകള്‍ സ്വന്തം വിലകളയുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. കൂടുതല്‍ ആളുകള്‍ക്ക് ഇസ്ലാം മനസ്സിലാക്കാന്‍ വഴിയൊരുക്കുമെന്ന ആശ്വാസവുമുണ്ട്.

ഇസ്ലാമിക നിയമങ്ങള്‍ നീതിയുക്തവും കൃത്യവുമാണ്. മതത്തെ അതിന്‍റെ പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കുക. മുന്‍വിധികള്‍ ഒഴിവാക്കുക.

 

ശബീബ് സ്വലാഹി എഴുതി നേർപഥം വാരിക പ്രസിദ്ധീകരിച്ചത്

 

Leave a Reply

Your email address will not be published.

Similar Posts