യു ട്യൂബ് വരുമാനം : ഇസ്ലാമിക വിധി

THADHKIRAH

ഒരു കാര്യം നിഷിദ്ധമാണെങ്കിൽ അതിന്റെ വിലയും നിഷിദ്ധമാണ്  എന്നത് അല്ലാഹുവിന്റെ റസൂൽ ﷺ യിലൂടെ പഠിപ്പിക്കപ്പെട്ട ഇസ്ലാമിലെ ഒരു പൊതു തത്വമാണ്.

ഉദാഹരണത്തിന് മദ്യം നിഷിദ്ധമാണ്. അതേപോലെ മദ്യം വിൽക്കലും നിഷിദ്ധമാണ്. നബി ﷺ ഇത് പറയാനുണ്ടായ സാഹചര്യം കൂടി കാണുക:

عن عبدالله بن عباس: أنَّ النَّبيَّ صلّى اللهُ عليه وسلَّم نظَر إلى السَّماءِ وقال: قاتَل اللهُ اليهودَ حُرِّمت عليهم الشُّحومُ فباعوها وأكَلوا أثمانَها وإنَّ اللهَ إذا حرَّم شيئًا حرَّم ثمنَه

അബ്ദില്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ആകാശത്തേക്ക് നോക്കി, എന്നിട്ട് പറഞ്ഞു:അല്ലാഹു ജൂതന്മാരെ ശപിച്ചിരിക്കുന്നു. (മൃഗങ്ങളുടെ) കൊഴുപ്പ് അവർക്ക് നിഷിദ്ധമായിരുന്നു, എന്നാൽ അവരത് വിറ്റ് അതിന്റെ വില തിന്നു. തീർച്ചയായും അല്ലാഹു എന്തെങ്കിലും ഒരു കാര്യം നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും അവൻ നിഷിദ്ധമാക്കിയരിക്കുന്നു. (ഇബ്നുഹിബ്ബാൻ)

ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ യു ട്യൂബ് വരുമാനം നിഷിദ്ധമാണെന്നാണ് പണ്ഢിതൻമാർ വിധി പറഞ്ഞിട്ടുള്ളത്.

ഇവിടെ സ്വാഭാവിയുമായും ഒരു സംശയം വരാം. യൂട്യൂബിൽ ചാനലുകൾ സൃഷ്ടിക്കുകയും വീഡിയോകൾ  അപ്‌ലോഡ് ചെയ്യുകയും അത് കാണുകയും ചെയ്യൽ അനുവദനീയമാണെങ്കിൽ പിന്നെങ്ങനെയാണ് അതിന്റെ വില നിഷിദ്ധമാകുന്നത്.

യൂട്യൂബിൽ വീഡിയോ  അപ്‌ലോഡ് ചെയ്തതുകൊണ്ടല്ല പണം ലഭിക്കുന്നത്. അങ്ങനെയായിരുന്നുവങ്കിൽ ചിലപ്പോളത് അനുവദനീയമാകുമായിരുന്നു. പിന്നെങ്ങനെയാണ് യൂട്യൂബിൽ നിന്നും പണം ലഭിക്കുന്നത്? ഏതെങ്കിലും കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളോ സർവ്വീസോ പരസ്യപ്പെടുത്താൻ യൂട്യൂബിനോട് ആവശ്യപ്പെടുകയും അതിന് യൂട്യൂബിന് അവർ നിശ്ചിത തുക നൽകുകയും ചെയ്യുന്നു. യൂട്യൂബിൽ ആളുകൾ ചാനലുകൾ സൃഷ്ടിച്ച് ഈ ചാനലുകൾ വഴി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പ്രോഗ്രാമുകളിലൂടെയാണ് യൂട്യൂബ് ഈ പരസ്യം ആളുകളിൽ എത്തിക്കുന്നത്. ഈ പരസ്യം ആളുകളിലേക്ക് എത്തിക്കുന്നതിന് യൂട്യൂബിന് കമ്പനികൾ നൽകുന്ന തുകയുടെ ഒരു ഓഹരി യൂട്യൂബ് ഈ ചാനലിന്റെ ഉടമസ്ഥർക്കും നൽകുന്നു. അങ്ങനെയാണ് ആളുകൾക്ക് യു ട്യൂബ് വരുമാനം ലഭിക്കുന്നത്.

അവിടെയും ചാനലിന് option ഉണ്ട്. അവരുടെ പ്രോഗ്രാമിൽ പരസ്യം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. പരസ്യം കൊടുക്കുമ്പോഴാണ് ചാനലിന്റെ ഉടമസ്ഥർക്ക് യൂട്യൂബ് പണം നൽകുന്നത്. ഇവിടെയാണ് അത് നിഷിദ്ധമാണെന്ന വിധി വരുന്നത്.

പരസ്യങ്ങൾ തന്നെയും പലവിധത്തിലുള്ളതാണ്.

(ഒന്ന്) ചിലത് സ്വയമേ നിഷിദ്ധമായതാണ്. ഉദാഹരണം മദ്യം, പുകയില ഉൽപ്പന്നങ്ങൾ, ചൂതാട്ടം, പലിശ പോലുള്ളത്.

(രണ്ട്) മറ്റ് ചിലത് ഇസ്ലാമിൽ നിഷിദ്ധമായതായിരിക്കില്ല. എന്നാൽ പരസ്യത്തിൽ നിഷിദ്ധമായത് വരുന്നു. ഉദാഹരണത്തിന് സ്ത്രീകളുടെ ശരീരം പ്രദർശിപ്പിക്കൽ, ഉപകരണ സംഗീതത്തിന്റെ അകമ്പടി നൽകൽ, ലൈംഗികത ഇതിവൃത്തമാകൽ  പോല.

(മൂന്ന്) മറ്റ് ചിലത് ഇസ്ലാമിൽ നിഷിദ്ധമായതായിരിക്കില്ല. പരസ്യത്തിലും നിഷിദ്ധമായത് കടന്നു വരുന്നില്ല.

യൂട്യൂബിലെ പരസ്യങ്ങളിൽ ഭൂരിഭാഗവും ഒന്നാമത്തെയും രണ്ടാമത്തെയും തരത്തിലുള്ളതായിരിക്കുമെന്ന് അതിൽ ഇടപെടുന്നവർക്കെല്ലാം അറിയാം. അവ തങ്ങളുടെ ചാനലിൽ പരസ്യം കൊടുക്കാൻ സത്യവിശ്വാസികൾക്ക് പാടുള്ളതല്ല. അതിനുള്ള തെളിവ് കാണുക:

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. (ഖു൪ആന്‍ :5/2)

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവ് കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)

മൂന്നാമത്തെ തരത്തിലുള്ള പരസ്യം ചാനലിൽ കൊടുക്കുന്നതുകൊണ്ട് കുഴപ്പവുമില്ല. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ തെരഞ്ഞെടുത്ത് കൊടുക്കാനുള്ള സൗകര്യം  നിലവിൽ യൂട്യൂബിൽ ഇല്ല. അഥവാ ഏതെങ്കിലും പരസ്യം നിയന്ത്രിക്കാൻ ചാലനിന് കഴിയില്ല.

മേൽ പറഞ്ഞ മൂന്ന് തരത്തിലുള്ള പരസ്യങ്ങളും തങ്ങളുടെ ചാനലിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകിയാൽ മാത്രമേ യൂട്യൂബ് പണം നൽകുകയുള്ളൂ. അതാകട്ടെ സത്യവിശ്വാസികൾക്ക് പാടുള്ളതല്ല. അതുകൊണ്ടാണ് യൂട്യൂബ് വരുമാനം നിഷിദ്ധമെന്ന് പണ്ഢിതൻമാർ വിധി പറഞ്ഞിട്ടുള്ളത്.

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ :‏ الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ، وَبَيْنَهُمَا مُشَبَّهَاتٌ لاَ يَعْلَمُهَا كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِيِنِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يُوَاقِعَهُ‏.‏ أَلاَ وَإِنَّ لِكُلِّ مَلِكٍ حِمًى، أَلاَ إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ، أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നുഅ്മാനുബ്‌നു ബശീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്‌. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌. അറിയുക!(ബുഖാരി:52)

عَنْ الْحَسَنِ بْنِ عَلِيٍّ قَالَ حَفِظْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏ : دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ ‏

ഹസൻ ബിൻ അലി رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് : “സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് മാത്രം സ്വീകരിക്കുക. എന്തുകൊണ്ടെന്നാൽ സത്യം മനഃസമാധാനവും അസത്യം അസ്വസ്ഥതയും ആകുന്നു.” (തിർമിദി : 2518)

ഒരു കാര്യം ഹലാലാണോ ഹറാമാണോ എന്നതിൽ സംശയമുണ്ടെങ്കിൽ അതിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് മതത്തിന്റെ അദ്ധ്യാപാനം എന്നിരിക്കെ നിഷിദ്ധമാണെന്ന് വ്യക്തമായിട്ടുള്ള യൂട്യൂബ് വരുമാനം അനുവദനീയമാണെന്ന് പറയുന്നത് ഗൗരവതരമാണ്.

യൂട്യൂബ് വരുമാനത്തിൽ അനുവദനീയവയുമുണ്ട്. പരസ്യത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ നിഷിദ്ധം കടന്നുവരുന്നതുകൊണ്ടാണല്ലോ അതുവഴി ലഭിക്കുന്ന പണവും നിഷിദ്ധമാകുന്നത്. പരസ്യത്തിലൂടെയല്ലാതെ ലഭിക്കുന്ന വരുമാനം അനുവദനീയവുമാണ്. ഉദാഹരണത്തിൽ ഒരാൾ ഒരു വ്യക്തിക്ക് വേണ്ടിയോ ഒരു കമ്പനിക്ക് വേണ്ടിയോ അവരുടെ ഉൽപ്പന്നങ്ങളോ സർവ്വീസോ പരസ്യപ്പെടുത്തിക്കൊണ്ട് ഒരു പ്രോഗ്രാം ചെയ്തു. പ്രസ്തുത ഉൽപ്പന്നങ്ങളോ സർവ്വീസോ ഇസ്ലാമിൽ പ്രത്യക്ഷമായോ പരോക്ഷമായോ നിഷിദ്ധമല്ലാത്തതാണെങ്കിൽ അതിന് വ്യക്തിയോ കമ്പനിയോ നൽകുന്ന തുക അനുവദനീയവുമാണ്. അതേപോലെ പരസ്യം നിയന്ത്രിക്കാൻ ചാലനിന് കഴിയുമെങ്കിൽ, അങ്ങനെ പ്രത്യക്ഷമായോ പരോക്ഷമായോ നിഷിദ്ധം കടന്നുവരാത്ത പരസ്യം ചാനലിൽ കൊടുക്കുക വഴി ലഭിക്കുന്ന തുകയും അനുവദനീയമാണ്. നിലവിൽ അങ്ങനെയൊരു സാഹചര്യം യുട്യൂബിലില്ലെന്നതാണ് സത്യം.

യൂട്യൂബ് ചാനലുകളുള്ള സത്യവിശ്വാസികളെ, ഈ സത്യം ഉൾകൊള്ളുക. അറിവില്ലായ്മയിൽ അബദ്ധം സംഭവിച്ചിട്ടുള്ളവർ അത് തിരുത്തുക. അല്ലാഹുവിനോട് പശ്ചാത്തപിക്കുക. അവൻ എല്ലാം പൊറുക്കുന്നവനാണ്. നിലവിലെ സാഹചര്യത്തിൽ പരസ്യങ്ങൾ ഒഴിവാക്കി യൂട്യൂബ് ചാനലുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്യുക. ദീനിന്റെ അറിവുകൾ ഷെയർ ചെയ്യുന്നവർ അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് മാത്രം ചെയ്യുക. അതിന് നാളെ പരലോകത്ത് നാം വിചാരിക്കാത്തത്ര പ്രതിഫലം ലഭിക്കുന്നതാണ്.

നമ്മുടെ സമ്പാദ്യം ഹലാലിൽ നിന്ന് മാത്രം സമ്പാദിക്കുന്നതാകട്ടെ. അല്ലാഹുവും അവന്റെ റസൂൽ ﷺ യും പറഞ്ഞിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. 1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. 2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. 3) തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. 4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ

ജാബി൪ ബിന്‍ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്. (അഹ്‌മദ്‌:14032 – സില്‍സിലത്തു സ്വഹീഹ:2609)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ ‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹലാലില്‍ നിന്നാണോ ഹറാമില്‍ നിന്നാണോ താന്‍ എടുത്തത് എന്ന് നോക്കാതെ മനുഷ്യന്‍ ധനം വാരിക്കൂട്ടുന്ന കാലം വരാനിരിക്കുന്നു. (ബുഖാരി:2059)

Leave a Reply

Your email address will not be published.

Similar Posts