പത്ത് ദൃഷ്ടാന്തങ്ങൾ

THADHKIRAH

മനുഷ്യന്‍ നിത്യേന കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന 10 പ്രത്യക്ഷ ദൃഷ്ടാന്തങ്ങൾ – അതേ അവസരത്തില്‍ മഹത്തായ അനുഗ്രഹങ്ങളുമാണവ – വിശുദ്ധ ഖുർആൻ സൂറ: നബഅ് 6-16 വചനങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്നും, അനന്തരം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെവെച്ച് ഓരോരുത്തനും ഇഹത്തില്‍വെച്ചു ചെയ്ത കര്‍മ്മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന സത്യനിഷേധികളെ താക്കീത് ചെയ്ത ശേഷം അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഏതൊരു മനുഷ്യനും ഉറപ്പിക്കുന്നതിനുള്ള തെളിവുകളായിട്ടാണ് ഇവ വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നത്. അല്ലാഹു ഉണ്ടെന്നുള്ളതിനും മരണാനന്തര ജീവിതത്തിന്റെ സാധ്യതയും, സംഭവ്യതയും സ്ഥാപിക്കുന്നതിനുമുള്ള ഈ തെളിവുകൾ ഏത് കാലത്തെ മനുഷ്യനും ഉൾക്കൊള്ളാവുന്നവയാണ്. പ്രസ്തുത തെളിവുകളെ കുറിച്ച് സൂചിപ്പിക്കുന്നു.

(ഒന്ന്) ഭൂമിയെ വിരിച്ചു വിതാനപ്പെടുത്തിയത്.

أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًا

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? (ഖുർആൻ:78/6)

ഭൂമിയില്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതസന്ധാരണത്തിന് ഉപയുക്തമായ വിധത്തിലും അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ അല്ലാഹു ഭൂമിയെ വിരിച്ചു വിതാനപ്പെടുത്തിയിരിക്കുന്നു.

ممهدة مهيأة لكم ولمصالحكم، من الحروث والمساكن والسبل.

വഴികളും താമസസ്ഥലങ്ങളും കൃഷിഭൂമികളുമായി നിങ്ങളുടെ നന്മകള്‍ക്ക് ഉപകരിക്കുന്നവിധത്തില്‍ ഭൂമിയെ സൗകര്യപ്രദവും കീഴ്‌പെടുത്തപ്പെട്ടതുമാക്കി. (തഫ്സീറുസ്സഅ്ദി)

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയാക്കിയവനാണവൻ. (ഖുർആൻ:2/22)

(രണ്ട്) ഭൂമിയെ  ഉറപ്പിച്ചു നിറുത്തുന്നതിനായി അതിന്  പർവ്വതങ്ങളെ നിശ്ചയിച്ചത്

وَٱلْجِبَالَ أَوْتَادًا

പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?) (ഖുർആൻ:78/7)

ഭൂമിക്കു ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിറുത്തുന്നതിനായി അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ അല്ലാഹു നിശ്ചയിച്ചു.

تمسك الأرض لئلا تضطرب بكم وتميد.

നിങ്ങളെക്കൊണ്ട് ഭൂമി ഇളകുകയോ ചാഞ്ഞുപോവുകയോ ചെയ്യാതെ ഭൂമിയെ പിടിച്ചുനിര്‍ത്തുന്നു. (തഫ്സീറുസ്സഅ്ദി)

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ

ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. (ഖുർആൻ:16/15)

(മൂന്ന്) മനുഷ്യനെ ആണും പെണ്ണുമായി ഇണവര്‍ഗ്ഗങ്ങളാക്കിയത്

وَخَلَقْنَٰكُمْ أَزْوَٰجًا

നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/8)

ذكرا وأنثى ، يستمتع كل منهما بالآخر ، ويحصل التناسل بذلك ، كقوله : ( وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً) [ الروم : 21 ] .

ആണും പെണ്ണും പരസ്പരം പ്രയോജനമെടുക്കുന്നു, അങ്ങനെ പരമ്പര നിലനിൽക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ: നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (സൂറ :റൂം:21)(ഇബ്നുകസീർ)

ذكورا وإناثا من جنس واحد، ليسكن كل منهما إلى الآخر، فتكون المودة والرحمة، وتنشأ عنهما الذرية، وفي ضمن هذا الامتنان، بلذة المنكح.

ഒരേ വര്‍ഗത്തില്‍ പെട്ട ആണും പെണ്ണുമായി. പരസ്പരം സമാധാനം കണ്ടെത്തുന്നതിനായി; അങ്ങനെ സ്‌നേഹവും കാരുണ്യവുമുണ്ടാകന്‍. അവര്‍ രണ്ടു പേരില്‍ നിന്നും സന്താനങ്ങളുണ്ടാകാനും. വിവാഹിതന് ലഭിക്കുന്ന ആസ്വാദനങ്ങളും ഈ അനുഗ്രഹത്തില്‍ ഉള്‍പ്പെടുത്താം. (തഫ്സീറുസ്സഅ്ദി)

(നാല്) മനുഷ്യന് ഉറക്കത്തെ ഏര്‍പ്പെടുത്തിയത്

وَجَعَلْنَا نَوْمَكُمْ سُبَاتًا

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/9)

راحة لكم، وقطعا لأشغالكم، التي متى تمادت بكم أضرت بأبدانكم،

നിങ്ങള്‍ക്ക് വിശ്രമമായി നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്ക് ഒരു ഇടവേള. ജോലികള്‍ അതിരുവിടുമ്പോള്‍, അത് നിങ്ങളുടെ ശരീരങ്ങള്‍ക്ക് ദോഷം ചെയ്യും. (തഫ്സീറുസ്സഅ്ദി)

ദേഹാദ്ധ്വാനം, രോഗം മുതലായവകൊണ്ടോ, വ്യസനം, ഭയം മുതലായവ നിമിത്തമോ ഉണ്ടാകുന്ന ക്ഷീണങ്ങളില്‍ നിന്നും, പകലത്തെ വിവിധ ജോലിത്തിരക്കുകളില്‍നിന്നും വിശ്രമവും, ശാന്തതയും നല്‍കുന്നവിധം മനുഷ്യന് അല്ലാഹു ഉറക്കത്തെ ഏര്‍പ്പെടുത്തി.

ഉറക്കം ക്ഷീണത്തെ ഇല്ലാതെയാക്കുന്നു. ഉന്മേഷമുള്ളവനായി മുന്നോട്ടു പോകാൻ അതവനെ സഹായിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ട, അവൻ്റെ മഹത്തരമായ ഒരു ദൃഷ്ടാന്തം തന്നെയാണ് ഉറക്കം. അല്ലാഹു പറഞ്ഞതു പോലെ:

وَمِنْ ءَايَٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَسْمَعُونَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:31/23)

(അഞ്ച്) രാത്രിയെ  വസ്ത്രം പോലെയാക്കിയത്

وَجَعَلْنَا ٱلَّيْلَ لِبَاسًا

രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും (ചെയ്തിരിക്കുന്നു). (ഖുർആൻ:78/10)

രാത്രിയെ കേവലം വസ്ത്രം കൊണ്ടെന്നോണം ദേഹം മൂടി മറഞ്ഞു സ്വസ്ഥമായിരിക്കുവാന്‍ പര്യാപ്തമാക്കി.

وجعلنا الليل ساترا لكم بظلمته مثل اللباس الذي تسترون به عوراتكم

രാത്രിയെ അതിൻ്റെ ഇരുട്ട് കൊണ്ട് നിങ്ങൾക്കൊരു മറയായി നാം നിശ്ചയിച്ചിരിക്കുന്നു; ന്യൂനതകൾ മറക്കുന്ന നിങ്ങളുടെ വസ്ത്രം പോലെയാണത്. (തഫ്സീർ മുഖ്തസ്വർ)

فجعل الله الليل والنوم يغشى الناس لتنقطع حركاتهم الضارة، وتحصل راحتهم النافعة

അങ്ങനെ അല്ലാഹു രാത്രിയും ഉറക്കവും കൊണ്ട് മനുഷ്യരെ മൂടും, അങ്ങനെ ദോഷകരമായ ചലനങ്ങള്‍ ശാന്തമാവുകയും പ്രയോജനകരമായ വിശ്രമം ലഭിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

(ആറ്) പകലിനെ ജീവിതസന്ധാരണത്തിനുളള അവസരമാക്കിയത്

وَجَعَلْنَا ٱلنَّهَارَ مَعَاشًا

പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/11)

جعلناه مشرقا نيرا مضيئا ليتمكن الناس من التصرف فيه والذهاب والمجيء للمعاش والتكسب والتجارات وغير ذلك.

ആളുകൾക്ക് അതിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ഉപജീവനത്തിനും സമ്പാദ്യത്തിനും കച്ചവടത്തിനും മറ്റ് കാര്യങ്ങൾക്കുമായി പോകാനും വരാനും കഴിയുന്ന തരത്തിൽ നാം അതിനെ തെളിച്ചമുള്ളതും തിളക്കമുള്ളതുമാക്കി. (ഇബ്നു കസീർ)

മുഴുവന്‍ സമയവും രാത്രിയെപ്പോലെ ഇരുട്ടിയതാക്കാതെ പകലിനെ അതില്‍നിന്നും വേര്‍തിരിച്ച് ജീവിതസന്ധാരണത്തിനു പക്വമായ അവസരമാക്കി.

(ഏഴ്) ആകാശങ്ങളെ ഭൂമിക്കുമീതെ സ്ഥാപിച്ചു വെച്ചിരിക്കുന്നത്.

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (ചെയ്തിരിക്കുന്നു) (ഖുർആൻ:78/12)

 سبع سموات، في غاية القوة، والصلابة والشدة، وقد أمسكها الله بقدرته، وجعلها سقفا للأرض، فيها عدة منافع لهم، ولهذا ذكر من منافعها الشمس

അങ്ങേയറ്റം ശക്തവും ബലിഷ്ടവുമായ ഏഴ് ആകാശങ്ങള്‍. അല്ലാഹു അവന്റെ കഴിവിനാല്‍ അതിനെ പിടിച്ചുനിര്‍ത്തുകയും ഭൂമിക്ക് ഒരു മേല്‍ക്കൂരയാക്കുകയും ചെയ്തു. അതില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അതിലൊന്നായ സൂര്യനെക്കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്. (തഫ്സീറുസ്സഅ്ദി)

(എട്ട്) സൂര്യനെ ഏർപ്പെടുത്തിയത്

وَجَعَلْنَا سِرَاجًا وَهَّاجًا

കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/13)

കത്തിജ്വലിച്ചും തിളങ്ങി പ്രകാശിച്ചും കൊണ്ടിരിക്കുന്ന ലോകവിളക്കാകുന്ന സൂര്യനെ അല്ലാഹു ഏര്‍പ്പെടുത്തി.

يعني الشمس المنيرة على جميع العالم التي يتوهج ضوءها لأهل الأرض كلهم

ലോകമെമ്പാടും പ്രകാശിക്കുന്ന സൂര്യൻ എന്നാണ് ഇതിനർത്ഥം, അതിന്റെ വെളിച്ചം ഭൂമിയിലെ എല്ലാ ആളുകൾക്കും ലഭിക്കുന്നു. (ഇബ്നു കസീർ)

نبه بالسراج على النعمة بنورها، الذي صار كالضرورة للخلق، وبالوهاج الذي فيه الحرارة على حرارتها وما فيها من المصالح

സൃഷ്ടികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത വെളിച്ചമാകുന്ന അനുഗ്രഹത്തെ വിളക്കായിട്ടാണ് പറഞ്ഞത്.  وَهَّاجًا  എന്ന് പറഞ്ഞത് പ്രയോജനങ്ങളും ഫലങ്ങളും നല്‍കുന്ന അതിന്റെ ചൂടിനെ ഉദ്ദേശിച്ചാണ്. (തഫ്സീറുസ്സഅ്ദി)

(ഒമ്പത്) മഴ വര്‍ഷിപ്പിക്കുന്നത്

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. (ഖുർആൻ:78/14)

മഴ പെയ്യാറായ കാർമേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം ധാരാളമായി അല്ലാഹു ഇറക്കിത്തന്നിരിക്കുന്നു.

(പത്ത്) മഴ മുഖേനെ  സസ്യവര്‍ഗ്ഗങ്ങളും,  തോട്ടങ്ങളും  ഉല്‍പാദിപ്പിക്കുന്നത്.

‎لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا ‎﴿١٥﴾‏ وَجَنَّٰتٍ أَلْفَافًا ‎﴿١٦﴾

അതു (മഴ) മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.  ഇടതൂര്‍ന്ന തോട്ടങ്ങളും. (ഖുർആൻ:78/15-16)

അങ്ങിനെ, മഴമൂലം ധാന്യം തുടങ്ങിയ എല്ലാ സസ്യവര്‍ഗ്ഗങ്ങളും, വൃക്ഷങ്ങളാലും, ചെടികളാലും തിങ്ങിത്തൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും മനുഷ്യര്‍ക്കുവേണ്ടി ഉല്‍പാദിപ്പിക്കുന്നു. ഗോതമ്പ്, ബാര്‍ളി, ചോളം, നെല്ല് തുടങ്ങി മനുഷ്യന്‍ ഭക്ഷിക്കുന്ന സസ്യങ്ങളും നാല്‍ക്കാലികള്‍ക്ക് ഭക്ഷണമായ മറ്റു ചെടികളുമെല്ലാം മഴ മുഖേനെ അല്ലാഹു പുറത്തു കൊണ്ടുവരുന്നു. അതേപോലെ വഴ മുഖേന ശാഖകൾ ഇടകലർന്നു നിൽക്കുന്ന, തിങ്ങിയ പൂന്തോട്ടങ്ങളും അല്ലാഹു പുറത്തു കൊണ്ടുവരുന്നു.

ഈ കാര്യങ്ങളെ കുറിച്ചെല്ലാം ചിന്തിക്കുന്ന ഒരാൾക്കെങ്ങനെ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയും?  മരണാനന്തര ജീവിതത്തെ ഏർപ്പെടുത്താനുള്ള അല്ലാഹുവിന്റെ കഴിവിനെ എങ്ങനെ നിഷേധിക്കാൻ കഴിയും?

فالذي أنعم عليكم بهذه النعم العظيمة ، التي لا يقدر قدرها، ولا يحصى عددها، كيف [تكفرون به و] تكذبون ما أخبركم به من البعث والنشور؟! أم كيف تستعينون بنعمه على معاصيه وتجحدونها؟”

എണ്ണിക്കണക്കാക്കാന്‍ പറ്റാത്ത ഈ മഹത്തായ അനുഗ്രഹങ്ങള്‍ തന്നവനെ (വിശ്വസിക്കാതെ)  നിങ്ങള്‍ നിഷേധിക്കുന്നത് എങ്ങനെയാണ്? ഉയിര്‍ത്തെഴുന്നേല്‍പ്, പുനരുത്ഥാനം തുടങ്ങി അവന്‍ അറിയിച്ചു തന്ന കാര്യങ്ങള്‍ നിങ്ങളെങ്ങനെ കളവാക്കും? അവന്റെ അനുഗ്രഹങ്ങളെങ്ങനെ നിങ്ങള്‍ തെറ്റുകള്‍ക്കും നിഷേധത്തിനും ഉപയോഗിക്കും? (തഫ്സീറുസ്സഅ്ദി)

Leave a Reply

Your email address will not be published.

Similar Posts